Pages

Wednesday, May 31, 2017

ഓർമ

ഏഴോ എട്ടോ വയസ്സുള്ളപ്പോൾ ഞാൻ പറശ്ശിനിക്കടവിൽ നിന്ന് രണ്ടോ മൂന്നോ മാസത്തി ലൊരിക്കൽ പഴയങ്ങാടിയിലേക്ക് ബോട്ടിൽ വരുമായിരുന്നു. എന്റെ ബന്ധു കൂടിയായ ബോട്ട് ഡ്രൈവർ ബോട്ട് വളപട്ടണത്തെത്തിയാൽ  ജെട്ടിക്ക് വളരെ അടുത്തുള്ള ചെറിയൊരു ഹോട്ടലിൽ നിന്ന് എനിക്കൊരു വെള്ളയപ്പവും ചായയും വാങ്ങിത്തരുമായിരുന്നു.ആ വെള്ളയപ്പത്തിന്റെ രൂചി എന്റെ ഓർമയിൽ ഇല്ലെങ്കിലും ഉണ്ടെന്ന് സങ്കൽപിച്ചു പോവുകയാണ്.
വളപട്ടണം പുഴയുടെ പരപ്പിലൂടെ മുന്നോട്ടു പോവുന്ന ബോട്ട് ഒരേ ക്രമത്തിൽ വെള്ളത്തിൽ സൃഷ്ടിച്ചു കൊണ്ടിരുന്ന അലകൾ,ജെട്ടിയിൽ നിൽക്കാറാവുമ്പോൾ ബോട്ടിന്റെ ശബ്ദത്തിൽ വരുന്ന മാറ്റം, ബോട്ടിൽ മുഴങ്ങുന്ന മണിയടി, ജെട്ടിയിൽ അടുക്കുന്ന ബോട്ടിൽ നിന്ന് കയ്യിൽ കമ്പക്കയറുമായി ചാടിയിറങ്ങുന്ന ഒരാൾ ബോട്ടിനെ ജെട്ടിയിലെ മരക്കുറ്റികളിൽ കെട്ടിയിടുന്നത് എല്ലാം കുട്ടിക്കാലത്ത് കണ്ടതു പോലെ വീണ്ടും ഞാൻ കാണുന്നു.ഞാൻ എന്റെ ഓർമയെ നിർമിച്ചെടുക്കുക മാത്രമാണെന്ന് മറ്റൊരാൾക്ക് പറയാൻ കഴിഞ്ഞേക്കും.അയാൾ പറയുന്നത് തെറ്റോ ശരിയോ ആയിക്കൊള്ളട്ടെ.എന്റെ ഓർമകൾ എനിക്ക് തരുന്ന ആനന്ദത്തിന്റെ വിശുദ്ധിയെ സംശയിക്കാനുള്ള ബാധ്യത എന്തായാലും എനിക്കില്ല.

31/5/2017

Tuesday, May 30, 2017

സാഹിത്യപാഠശാല

കണ്ണൂർജില്ലയിലെ ഒരു മലയോരഗ്രാമമാണ് ആലക്കോട്. പഴയ മലബാർ കുടിയേറ്റത്തിന്റെ പ്രധാനകേന്ദ്രങ്ങളിലൊന്ന്.
ആലക്കോട്ടെ 'സർഗവേദി റീഡേഴ്‌സ് ഫോറം' എന്ന കൂട്ടായ്മയുടെ മുന്നിൽ  ഇന്നലെ ( 28/5/2017) സുപ്രധാനമായ ഒരു  തീരുമാനം പ്രഖ്യാപിക്കാനുള്ള അവസരം, അല്ലെങ്കിൽ ഭാഗ്യം എന്നു തന്നെ പറയാം,എനിക്ക്  കൈവന്നു.റീഡേഴ്‌സ് ഫോറത്തിന്റെ ചെയർമാൻ ശ്രീ.എ.ആർ.പ്രദീപ് ,കൺ വീനർ ശ്രീ.ബെന്നി സെബാസെബാസ്റ്റിയൻ,പ്രദീപിന്റെ സഹോദരനും ഈ പ്രദേശത്തെ സാംസ്‌കാരിക പ്രവർത്തനങ്ങളുടെ മുഖ്യസംഘാടകനുമായ പ്രസാദ് മാസ്റ്റർ എന്നിവരുമായി നേരത്തേ തന്നെ ആശയവിനിമയം നടത്തി രൂപപ്പെടുത്തിയതും  അവർ റീഡേഴ്‌സ് ഫോറം പ്രവർത്തകരുടെ പൊതുസമ്മതിയോടെ  കൈക്കൊണ്ടതുമായ  തീരുമാനമാണ് 28ാം തിയ്യതി ഫോറത്തിന്റെ സമ്മേളനത്തിൽ വെച്ച് പരസ്യപ്പെടുത്തിയത്. റീഡേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഒരു സാഹിത്യപാഠശാല ആരംഭിക്കുക എന്നതാണ് അത്. ഈ തീരുമാനത്തിലേ ക്ക് നയിച്ച സാഹചര്യങ്ങളും തീരുമാനം ലക്ഷ്യമാക്കുന്ന കാര്യങ്ങളുടെ പ്രാധാന്യവും വിശദീകരിച്ച് ഞാൻ സംസാരിക്കുമ്പോൾ  മികച്ച കവിയും ചിത്രകാരനും പ്രസംഗകനുമൊക്കെയായ സോമൻ കടലൂരും ആലക്കോട്ടുകാർക്ക് സുപരിചിതനായ ശ്രീ.ഗോപാലകൃഷ്ണൻ മാസ്‌റററും വേദിയിലുണ്ടാ യിരുന്നു.സാഹിത്യത്തിന്റെ പ്രാധാന്യം വിസ്തരിച്ചും   സമകാല മലയാളകവിതയുടെ ആശയലോകങ്ങളിലൂടെ സഞ്ചരിച്ചും തുടർന്ന്‌ സോമൻ നടത്തിയ പ്രഭാഷണത്തിന്  ഉയർന്ന നിലവാരമുണ്ടായിരുന്നു.
മലയാളസാഹിത്യവും മലയാളികൾ പരിചയപ്പെട്ടു വരുന്ന ലോകസാഹിത്യവും എവിടെ എത്തിയിരിക്കുന്നു,വിവിധ സാഹിത്യഗണങ്ങളിൽ എന്തൊക്കെ മുന്നേറ്റങ്ങൾ സംഭവിച്ചു കഴിഞ്ഞിരിക്കുന്നു,സാഹിത്യവായനയും നിരൂപണവും ഇന്ന് നേരിടുന്ന പ്രധാനപ്പെട്ട പ്രശ്‌നങ്ങൾ എന്തൊക്കെയാണ്,പുതിയ കാലത്ത് ഏതൊക്കെ അപഗ്രഥന സങ്കേതങ്ങളും സാമഗ്രികളും ഉപയോഗിച്ച് സാഹിത്യത്തെ സമീപിക്കാം എന്നിങ്ങനെയുള്ള കാര്യങ്ങളെ കുറിച്ച് സാഹിത്യപഠനത്തിൽ താൽപര്യമുള്ളവരിൽ കൃത്യമായ അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മികച്ച ഒരു പാഠ്യപദ്ധതിയുടെയും സിലബസ്സിന്റെയും അടിസ്ഥാനത്തിലാണ് പാഠശാല പ്രവർത്തിക്കുക.പാഠശാലയുടെ ആദ്യക്ലാസ് ജൂൺമാസത്തിൽ തന്നെ ആരംഭിക്കും.
                       സാഹിത്യപാഠശാല എന്ന ആശയത്തെ റീഡേഴ്‌സ് ഫോറം പ്രവർത്തകർ വളരെ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്.കുറച്ചു മുമ്പ് വരെ ഒരു സ്വപ്നം മാത്രമായിരുന്ന പാഠശാല  യാഥാർത്ഥ്യമായിത്തീരുകയാണ് എന്ന കാര്യം ഈ ഞായറാഴ്ചയോടെ എല്ലാവർക്കും ഉറപ്പായി. ഈ ആവേശത്തിനും  ആത്മവിശ്വാസത്തിനും  ഇടർച്ച വരുത്താതെ കാര്യങ്ങൾ  മുന്നോട്ടു കൊണ്ടുപോകാനാവുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
29/5/2017

Saturday, May 27, 2017

നല്ല ഭാവിക്കുവേണ്ടി

ആർ.എസ്.എസ്സിന്റെ താൽപര്യങ്ങൾക്കു കീഴ്‌പ്പെട്ടുകൊണ്ടാണ് കേന്ദസർക്കാർ പല കടുത്ത തീരുമാനങ്ങളും കൈക്കൊള്ളുന്നതെന്ന കാര്യം ഫലത്തിൽ ബീഫ് നിരോധനം തന്നെയായ കന്നുകാലിവിൽപന നിയന്ത്രണത്തിലൂടെ തീർത്തും വ്യക്തമായിക്കഴിഞ്ഞു.രാജ്യത്തിന്റെ രാഷ്ട്രീയഭാവി വളരെ അപകടകരമാവാനേ വഴിയുള്ളൂ എന്ന കാര്യത്തിൽ ഇനി സംശയത്തിന് ഇടമില്ല. ഈ ഘട്ടത്തിൽ ഇന്ത്യയിലെ ജനകോടികളെ രക്ഷിക്കാൻ ബി.ജെ.പി ഇതര കക്ഷികളുടെ മുന്നിൽ ഒരേയൊരു വഴിയേ ഉള്ളൂ.രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങൾ നിലനിർത്തിക്കൊ
ണ്ടു തന്നെ നിശ്ചിത കാലയളവിനുള്ളിൽ നടപ്പിലാക്കാനാവുന്ന ഒരു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ യോജിക്കുക.ദേശീയ തലത്തിൽ ഒരു പുതിയ മുന്നണിയുണ്ടാക്കുക. കോൺഗ്രസ്,സി.പി.ഐ(എം).സി.പി.ഐ എന്നീ പാർട്ടികളാണ് മുന്നണി രൂപീകരണത്തിന് മുൻകയ്യെടുക്കേണ്ടത്.ജനജീവിതത്തെ ബാധിക്കുന്ന എല്ലാ പ്രശ്‌നങ്ങളെക്കുറിച്ചും അവയുടെ പരിഹാരമാർഗങ്ങളെ കുറിച്ചും വ്യക്തമായ ധാരണ സ്വരൂപിച്ചു വേണം മുന്നണി അതിന്റെ നയപരിപാടികൾക്ക് അന്തിമ രൂപംനൽകാൻ.കഴിഞ്ഞ രണ്ടുമൂന്ന് പതിറ്റാണ്ടു കാലത്തിനിടയിലെ ലോകരാഷ്ട്രീയ സംഭവങ്ങളും ആഗോളവൽക്കരണം സൃഷ്ടിച്ച പുതിയ ലോകസാഹചര്യവും കൂടി കണക്കിലെടുത്തു വേണം ഭാവിയുടെ രൂപരേഖ തയ്യാറാക്കാൻ .ഇക്കാര്യങ്ങളിലെല്ലാം  രാജ്യത്തെമ്പാടുമുള്ള എഴുത്തുകാരിൽ നിന്നും കലാകാരന്മാരിൽ നിന്നും സാമ്പത്തിക വിദഗ് ധ
രിൽ നിന്നും സാമൂഹ്യപ്രവർത്തകരിൽ നിന്നും അവർ തുറന്ന മനസ്സോടെ സഹകരണം തേടണം.നേതക്കാൾക്കിടയിലെ  ഈഗോ പ്രശ്‌നങ്ങൾ ,പാർട്ടികൾ വർഷങ്ങളായി മുറുകെ പിടിച്ചു നിൽക്കുന്നതും തികച്ചും നിഷ്പ്രയോജകമെന്ന് ഇതിനകം തെളിഞ്ഞു കഴിഞ്ഞിട്ടുള്ളതുമായ ശാഠ്യങ്ങൾ,ഓരോ പാർട്ടിയുടെയും ചരിത്രത്തിലെ കറുത്ത ഏടുകൾ ഒന്നും തന്നെ രാജ്യത്തിന്റെ നല്ല ഭാവിക്കുവേണ്ടിയുള്ള മുന്നണിയുടെ രൂപീകരണത്തിന് തടസ്സമാവരുത്.

Thursday, May 25, 2017

രാഷ്ട്രീയമൗനം

ആനുകാലികരാഷ്ട്രീയത്തിലെ സംഭവങ്ങളെ കുറിച്ച് അഭിപ്രായമൊന്നും പറയാതെ ഒഴിഞ്ഞു മാറി നടക്കുന്നതെന്തെന്ന് ചിലപ്പോൾ ചിലർ ചോദിക്കാറുണ്ട്.ആ ചോദ്യം ഇന്നും ഒരാളിൽ നിന്ന് കേൾക്കേണ്ടി വന്നു.എല്ലാവരോടുമായി ഒരു മറുപടിയേ പറയാനുള്ളൂ:എന്റെ എഴുത്തും വായനയും ചിന്തയുമായി അൽപവും ബന്ധമില്ലാത്ത വ്യവഹാരങ്ങളുടെ ലോകമാണ് ദൈനംദിന രാഷ്ട്രീയം.അതേ കുറിച്ച് ഞാൻ ചാടിയിറങ്ങി അഭിപ്രായം പറയുന്നത് സമയം പാഴാക്കലിൽ കവിഞ്ഞ് ഒന്നും തന്നെ ആയിത്തീരില്ല എന്ന കൃത്യമായ ബോധ്യം ഇന്നെനിക്കുണ്ട്.അതുകൊണ്ട് ഞാൻ മാറിനിൽക്കുന്നു. അഭിപ്രായം പറയുക എന്നത് ഒഴിവാക്കാനാവാത്ത ധാർമിക ഉത്തരവാദിത്വമാണെന്നും ഞാനൊരാൾ അഭിപ്രായം പറയുന്നത് നന്നേ ചെറിയ അളവിലെങ്കിലും പ്രയോജനം ചെയ്യുമെന്നും ഉറപ്പായി തോന്നുന്ന ഘട്ടത്തിൽ തീർച്ചയായും ഞാൻ മൗനത്തിന്റെ മാളത്തിൽ ഒളിച്ചിരിക്കില്ല.

Wednesday, May 24, 2017

തീരം

എന്നോ വന്നു മടങ്ങിപ്പോയ
ഏതോ ഒരു തിരയെ കാത്തുനിൽക്കുന്ന
 തീരമാണ് ഞാൻ
കാലമൊരുപാട് കടന്നുപോയി
ഇപ്പോൾ ഞാനൊരു തീരവുമല്ല
നനവിന്റെ വിദൂരസ്മരണകൾ പോലും
വിട്ടകന്ന വ്യർത്ഥമായ മണൽ പരപ്പ്.

Tuesday, May 23, 2017

ഖേദകരം

ഭാവിയിലെ മനുഷ്യർക്ക് ഓർമയിൽ ഒന്നും സൂക്ഷിക്കേണ്ടി വരില്ല.മൊബൈൽ ഫോണിന്റെ മെമ്മറി,ലാപ്‌ടോപ്പിന്റെ മെമ്മറി തുടങ്ങിയവയും വിക്കിപ്പീഡിയയും എണ്ണമറ്റ ഓൺലൈൻ വിവരസംഭരണികളും അവരുടെ സഹായത്തിന് ഉണ്ടാകും. അതുകൊണ്ടു തന്നെ നമ്മുടെ കുട്ടികൾ അക്ഷരമാല ഓർത്തുവെക്കുന്നില്ല,ഗുണനപ്പട്ടിക പഠിച്ചു വെക്കുന്നില്ല,കവിതകൾ മന:പാഠ മാക്കുന്നില്ല എന്നീ കാര്യങ്ങളെച്ചൊല്ലി പിന്നെയും പിന്നെയും പരിതപിച്ചുകൊണ്ടിരിക്കുന്നതിൽ അർത്ഥമില്ല എന്നു വാദിക്കുന്ന പല വിദ്യാഭ്യാസവിദഗ് ധരെയും കണ്ടുമുട്ടിയിട്ടുണ്ട്.ഭാവിയിൽ ഭാഷ തന്നെ ഉണ്ടാവില്ല,ഒരു തരം കോഡ്‌ലാംഗ്വേജിലാണ് ആളുകൾ സംസാരിക്കുക,സൈനികാക്രമണം മുതൽ റോക്കറ്റ് വിക്ഷേപണം  വരെയുള്ള പലതിനും ഇപ്പോൾ തന്നെ കോഡ്‌ഭാഷയാണ് ഉപയോഗിക്കുന്നത്.ഭാവിയിൽ മനുഷ്യന്റെ എല്ലാ ആശയവിനിമയങ്ങളും കോഡ്‌ഭാഷയി ലിയിരിക്കും.അതുകൊണ്ട് ഭാഷാസംരക്ഷണത്തെപ്പറ്റിയും സാഹിത്യത്തിന്റെ ആവശ്യകതയെ പറ്റിയും ഇനി സംസാരിക്കുന്നതിലേ കാര്യമില്ല എന്ന് വാദിച്ച ഒരധ്യാപകനോട് തർക്കിച്ച് സമയം പാഴാക്കിയ ദുരനുഭവവും ഒരു തവണ ഉണ്ടായിട്ടുണ്ട്.വിദ്യാഭ്യാസ രംഗത്ത് നിലവിലുള്ള പ്രശ്‌നങ്ങളെപ്പറ്റി സംസ്ഥാനത്തുടനീളം വിശദമായ തുറന്ന ചർച്ചകൾക്ക് വേദിയൊരുക്കാൻ വിദ്യാർത്ഥി സംഘടനകളോ അധ്യാപകസംഘടനകളോ മുന്നോട്ടു വരാത്തത് അത്യന്തം ഖേദകരമാണ്.സംഘടനാസമ്മേളനങ്ങളുടെ ഭാഗമായി നടക്കുന്ന തികച്ചും ഔപചാരികമായ ചർച്ചകളോ തർക്കങ്ങളോ കൊണ്ട് യാതൊരു കാര്യവുമില്ല.അത്തരം ചടങ്ങുകൾ കൊണ്ട് മൂടിവെക്കേണ്ടവയല്ല വിദ്യാഭ്യാസമേഖലയിലെ പ്രശ്‌നങ്ങൾ.അടിയന്തിരമായ പരിഹാരം ആവശ്യപ്പെടുന്ന വലിയ പ്രശ്‌നങ്ങളാണ് അവിടെ നിലനിൽക്കുന്നത്.അവ പരിഹരിക്ക പ്പെടാത്തിടത്തോളം അതിന്റെ എല്ലാ ദുരനുഭവങ്ങളും പേറിനടക്കേണ്ടി വരുന്നത് പാവം വിദ്യാർത്ഥികളാണ്.

Sunday, May 21, 2017

കുട്ടികളുടെ സിനിമ

മാധ്യമം ഏതായാലും കുട്ടികളുടെ കലാപ്രവർത്തനങ്ങൾ ചുറ്റുപാടുമുള്ള സംഗതികളെയും അനുഭവങ്ങളെയും പല കോണുകളിൽ നിന്നു നിരീക്ഷിച്ച്‌ അവയുടെ യാഥാർത്ഥ്യത്തിലേക്ക് എത്തിച്ചേരുന്നതിനും അവയെ പൂർണമായി മനസ്സിലാക്കുന്നതിനും വേണ്ടി അവർ നടത്തുന്ന ബൗദ്ധികാധ്വാനവും അഭ്യാസവും കൂടിയാണ്.ശരീരത്തിന്റെ വളർച്ചയ്ക്ക് ശരീരഭാഗങ്ങളെ നാനാതരത്തിൽ ചലിപ്പിക്കുകയും പല തരം അഭ്യാസങ്ങളിലൂടെ വളർച്ചയെ ത്വരിപ്പിക്കുന്നതിന് ആവശ്യമായ അയവ് ശരീരത്തിന് ഉണ്ടാക്കുകയും വേണം.ബുദ്ധിയുടെയും വൈകാരിക ലോകത്തിന്റെയും വളർച്ച കലാനിർമാണത്തിലൂടെയും ആസ്വാദനത്തിലൂടെയുമാണ് സംഭവിക്കുക.ഇത് കുട്ടികൾ സ്വന്തമായിത്തന്നെ മനസ്സിലാക്കും.അതുകൊണ്ടാണ് ലോകമെമ്പാടുമുള്ള കുട്ടികൾ ഏതെങ്കിലുമൊരു മാധ്യമം സ്വീകരിച്ചുകൊണ്ട് കലാപ്രവർത്തനം നടത്തുന്നത്.മൂന്ന്- നാല് വയസ്സ് മുതൽ പതിനാറ്-പതിനേഴ് വയസ്സ് വരെയുള്ള കുട്ടികൾ അവരുടെ മസ്തിഷ്‌ക വളർച്ചയും അനുഭവങ്ങളിലുള്ള അന്തരവും സൃഷ്ടിക്കുന്ന വ്യത്യാസങ്ങളോടെ യാഥാർത്ഥ്യങ്ങളുമായി സംവാദത്തിലേർപ്പെടുന്നതിന് ചലച്ചിത്രം ഉൾപ്പെടെയുള്ള വിവിധ മാധ്യമങ്ങളെ ഉപയോഗിച്ചു വരുന്നുണ്ട്.തങ്ങൾ നിർമിക്കുന്ന ചലച്ചിത്രങ്ങളുടെ സാങ്കേതികവശങ്ങൾ  മികവുറ്റതാക്കുന്നതിന് കുട്ടികൾക്ക് തീർച്ചയായും മുതിർന്നവരുടെ സഹായം തേടാം.പക്ഷേ,അതിന്റെ ഉള്ളടക്കം കുട്ടികൾ തന്നെ നിർണയിക്കണം.ഓരോ അനുഭവത്തിന്റെയും ഏതേത് വശങ്ങളെ എങ്ങനെ ദൃശ്യവൽക്കരിക്കണം എന്ന തീരുമാനം പ്രാഥമികമായി കുട്ടികളുടേതു തന്നെയാവണം.മുതിർന്നവർ അതിൽ ഇടപെടരുത്. തങ്ങളുടെ ചുറ്റുപാടുകളെ , അനുഭവങ്ങളെ കുട്ടികൾ എങ്ങനെ കാണുന്നു,മനസ്സിലാക്കുന്നു,വിമർശിക്കുന്നു എന്ന്  അവർ നിർമിക്കുന്ന ചിത്രങ്ങളിലൂടെ മനസ്സിലാക്കുകയാണ് മുതിർന്നവർ ചെയ്യേണ്ടത്.അതല്ലാതെ മുതിർന്നവർ തങ്ങൾക്ക് പറയാനുള്ള കാര്യങ്ങൾ പറയാൻ വേണ്ടി കുട്ടികളുടെ ദൃശ്യഭാഷ എന്ന് അവർ സങ്കൽപിക്കുന്ന ഭാഷ ഉപയോഗിച്ച് ഉണ്ടാക്കുന്നതാകരുത് കുട്ടികളുടെ സിനിമ.തലം ഫിലിസൊസൈറ്റിയുടെയും കേരള ചലച്ചിത്ര അക്കാദമിയുടെയും സംയുക്താഭിമുഖ്യത്തിൽ തലശ്ശേരിയിലെ സ്‌പോർട്ടിംഗ് യൂത്ത്‌സ് ലൈബ്രറി(തിരുവങ്ങാട്)യിൽ 2017 മെയ് 21 മുതൽ 23 വരെ നടക്കുന്ന കുട്ടികളുടെ ചലച്ചിത്ര ആസ്വാദന കേമ്പ് ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കെ ശ്രോതാക്കളുമായി ഞാൻ പങ്കുവെച്ചത് ഇങ്ങനെ ചില ആശയങ്ങളാണ് 

Saturday, May 20, 2017

കവിത വായിക്കുമ്പോൾ

കവിതയിലെ വാക്കുകളുടെ അർത്ഥം,വാങ്മയ ചിത്രങ്ങൾ,വിരുദ്ധോക്തികൾ,ദ്വന്ദാത്മക വൈരുധ്യങ്ങൾ ഇവയൊക്കെയും കവിതയുടെ സത്തയിലേക്കുള്ള ഓരോരോ വഴികളാണ്.ഏറ്റവും പ്രധാനപ്പെട്ട വഴി കവിത എഴുതപ്പെട്ട കാലത്തെ കുറിച്ചുള്ള,ആ കാലത്തെ സാമൂഹ്യസാംസ്‌കാരികരാഷ്ട്രീയ യാഥാർത്ഥ്യങ്ങളെ കുറിച്ചുള്ള ബോധവും ഉള്ളടക്കം നൽകുന്ന ചരിത്രസൂചനകളെ കുറിച്ചുള്ള അറിവുമാണ്.ഈ വഴിയിലേക്ക് പ്രവേശിക്കാൻ തയ്യാറില്ലാത്ത ഒരാൾക്ക് ഒട്ടുമിക്ക കവിതകളും അന്യമായിരിക്കും.കുട്ടികൾക്ക് അക്ഷരം ഉറച്ചു കിട്ടുന്നില്ല,എട്ടാം ക്ലാസിലെത്തുമ്പോഴും അവരിൽ പലർക്കും കൂട്ടാനും കിഴിക്കാനും ഹരിക്കാനും ഗുണിക്കാനും അറിയാതെ പോവുന്നു,ഒരു വിഷയത്തെ കുറിച്ചും അവർക്ക് കൃത്യമായൊരു ധാരണ കൈവരുന്നില്ല എന്നിങ്ങനെയുള്ള പല പരാതികളും നാം കേട്ടുകേട്ട് പഴകിയിരിക്കുന്നു.മുഖ്യധാരാസമൂഹം എന്ന് കാലാകാലമായി പറഞ്ഞു വരുന്ന സമൂഹത്തിന്റെ ജീവിതബോധവും താൽപര്യങ്ങളും അറിവിനെ കുറിച്ചുള്ള ധാരണകളും ഗോത്രവർഗജനതയ്ക്ക് പങ്കുവെക്കാനാവുന്നില്ല,നിലവിലുള്ള വിദ്യാഭ്യാസ പദ്ധതി അവരുടെ കുട്ടികൾ നേരിടുന്ന പ്രത്യേകപ്രശ്‌നങ്ങളെ പരിഗണിക്കുന്നില്ല എന്നിങ്ങനെയുള്ള പരാതികളും ഒട്ടും പുതുതല്ല.ഇവയെയൊക്കെ പശ്ചാത്തലത്തിലേക്ക് കൊണ്ടുവരാതെയും എസ്.ജോസഫിന്റെ 'എണ്ണവും എഴുത്തും ' എന്ന കവിത (ഒരു ആദിവാസി പുരാവൃത്തത്തിന്റെ ഛായയാണ്‌ അതിനുള്ളത്) വായിക്കാൻ കഴിഞ്ഞേക്കാം.പക്ഷേ,ആ വായന അങ്ങേയറ്റം അപൂർണമായിരിക്കും.

Thursday, May 18, 2017

ബുദ്ധി

'ഞാനൊരു വിഡ്ഡിയാണെന്ന് പറയാൻ
താങ്കൾ ധൈര്യപ്പെടുമോ?'
തന്നെ വഴിയിൽ പിടിച്ചു നിർത്തി
വീര്യം കാട്ടിയ യുവാവിനോട്
അയാൾ പറഞ്ഞു:
"ഇല്ല,ഒരിക്കലുമില്ല
നീ നന്നായി പഠിച്ച്                                                                                                                                നല്ല ഉദ്യോഗം നേടിയിരിക്കുന്നു
ബുദ്ധിയുള്ളവനാണ് നീ
നിനക്ക് രാഷ്ട്രീയമില്ലെന്നതിൽ
സാമൂഹ്യബോധമില്ലെന്നതിൽ
സാഹിത്യമെന്തെന്നറിയില്ലെന്നതിൽ
മറ്റുള്ളവരുടെ ആവശ്യങ്ങളും അവകാശങ്ങളും
നിന്റെ പരിഗണനയിലേ വരാത്തതിൽ
നിന്നെ ഞാൻ കുറ്റപ്പെടുത്തുന്നില്ല
സമൂഹം അതൊന്നും നിന്നോടാവശ്യപ്പെടുന്നില്ല
നീയത് നേരത്തെ തിരിച്ചറിഞ്ഞു
അതിനുള്ള ബുദ്ധിയും വകതിരിവും നിനക്കുണ്ട്
പിന്നെ, നീ നേടിയ വിദ്യാഭ്യാസം
അതിന്റെ പാഠ്യപദ്ധതിയും ബോധനരീതിയും തീരുമാനിച്ചവർ
അവർ അതിബുദ്ധിമാന്മാരായ ആസൂത്രകരുടെ
ബുദ്ധിമാന്മാരായ നടത്തിപ്പുകാരാണ്
ബുദ്ധിയില്ലാത്തവരായി ഇപ്പോൾ ഈ നാട്ടിൽ
ആരും തന്നെയില്ല."Wednesday, May 17, 2017

ഒരു കവിത പഠിപ്പിക്കുമ്പോൾ

ഒരു കവിത പഠിപ്പിക്കുമ്പോൾ ഡിജിറ്റൽ വിഭവങ്ങളിൽ ഊന്നണം,ഉള്ളടക്കം പിന്നീട് പരിച യപ്പെടുത്തിയാൽ മതി എന്ന നിർദ്ദേശം ഹൈസ്‌കൂൾ അധ്യാപകർക്ക് നൽകിവരുന്നതായി കേട്ടു.കേട്ടത് എതളവ് വരെ ശരിയാണ് എന്ന കാര്യം ഉറപ്പിച്ചു പറയാനാവില്ല.എങ്കിലും ഇങ്ങനെ ഒരു സംഗതിയെപ്പറ്റി ഒന്നിലധികം അധ്യാപകരിൽ നിന്ന് കേൾക്കാനിടയായ നിലയ്ക്ക് അത് അപ്പാടെ തെറ്റാവാൻ സാധ്യതയില്ല.കേട്ടപ്പോൾ തോന്നിയ ഒരു സംഗതി കൂടി എഴുതാം:
പഴയ കാല നാടകങ്ങളിൽ 'മണവാളൻ' എന്ന് പശ്ചാത്തലത്തിൽ നിന്ന് പാടിക്കേൾക്കുമ്പോൾ വേദിയിൽ നിൽക്കുന്ന നടൻ 'മണ'ത്തെ സൂചിപ്പിക്കാനായി മൂക്ക് പിടിക്കുകയും 'വാളി'നെ സൂചിപ്പി ക്കാനായി അരയിൽ നിന്ന് വാൾ ഊരുന്നതായി അഭിനയിച്ചു കാണിക്കുകയും ചെയ്യുമായി രുന്നുവത്രെ.'സഹ്യന്റെ മകൻ' പഠിപ്പിക്കുമ്പോൾ ഉത്സവപ്പറമ്പിലെ ആനയുടെ ദൃശ്യവും ആവശ്യമായ മറ്റ് ദൃശ്യങ്ങളും ലാപ്‌ടോപ്പിൽ ഇഷ്ടം പോലെ കണ്ടുപരിചയിക്കാൻ കുട്ടികളെ അനുവദിച്ചതിനു ശേഷം കവിതയുടെ വാച്യാർത്ഥം പറഞ്ഞുകൊടുത്ത് അവസാനിപ്പിക്കുന്നത് അത്രത്തോളം പോവില്ലായിരിക്കും,അല്ലേ?

ഒരു സൗഹൃദസംഗമത്തിൽ പങ്കുവെച്ച ആലോചനകൾ

ഇന്നലെ നീലേശ്വരത്തായിരുന്നു.കണ്ണൂർ സർവകലാശാലയുടെ  ഡോ.പി.കെ.രാജൻ സ്മാരക കാമ്പസ്സിൽ  .ഇവിടെ 2017  ഫെബ്രുവരി 13 മുതൽ മാർച്ച് 6 വരെ കേരളത്തിലെ സർവകലാശാലകളിലെയും കോളേജുകളിലെയും  മലയാളം അധ്യാപകർക്കു വേണ്ടി നടത്തിയ റിഫ്രഷർ കോഴ്‌സിൽ പങ്കെടുത്തവരുടെ സൗഹൃദസംഗമവും  ഈ അധ്യാപകരുടെ പ്രബന്ധങ്ങളുടെ സമാഹാരമായ 'എഴുത്തടയാളങ്ങൾ' (സമാഹരണം:ഡോ.എ.എം.ശ്രീധരൻ) എന്ന പുസ്‌കത്തിന്റെ പ്രകാശനവും നടന്നു.ഉച്ച തിരിഞ്ഞ് സംവാദവും.
'എഴുത്തടയാളങ്ങൾ' പ്രകാശനം ചെയ്തുകൊണ്ട് ഞാൻ ഒരു മണിക്കൂറോളം സംസാരിച്ചു.വ്യക്തിപരമായ ഓർമകൾ മാറ്റി നിർത്തിയാൽ കോളേജ് ക്ലാസുകളിലെ മലയാളം അധ്യാപനം നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെപ്പറ്റിയുള്ള ചില വിചാരങ്ങളുടെയും പരിഹാരനിർദ്ദേശങ്ങളുടെയും അവതരണമായിരുന്നു എന്റെ പ്രസംഗം.മലയാളഭാഷയും സാഹിത്യവും ഐച്ഛികമായെടുത്ത് കോളേജിൽ പഠിക്കുന്നവർക്ക് പഴയ അളവിലുള്ള അധമബോധവും ആശങ്കകളും ഇന്നില്ല.പക്ഷേ,പാഠ്യപദ്ധതിയിൽ എന്തൊക്കെ ഉൾപ്പെടണം,ഏറ്റവും പുതിയ സാഹിത്യസിദ്ധാന്തങ്ങളെയും അപഗ്രഥന സങ്കേതങ്ങളെയും എങ്ങനെ നമ്മുടെ സാഹചര്യങ്ങൾക്കിണങ്ങും പടി മാറ്റിത്തീർക്കണം,ആശയങ്ങളുടെയും നിലപാടുകളുടെയും പെരുപ്പം സാഹിത്യപഠനത്തെ തീർത്തും അവ്യവസ്ഥിതമാക്കിത്തീർക്കു ന്നുവെങ്കിൽ അതിനെ എങ്ങനെ വിജയകരമായി നേരിടണം തുടങ്ങി ഒട്ടുവളരെ പ്രശ്‌നങ്ങൾ അധ്യാപകരുടെ മുന്നിലുണ്ട്. ബിരുദപഠനത്തിനെത്തുന്നവരുടെ ഭാഷാബോധത്തിലും സാഹിത്യബോധത്തിലും കഴിഞ്ഞ പത്തുപതിനഞ്ചു വർഷക്കാലത്തിനിടയിൽ വലിയ ഇടിവുണ്ടായിട്ടുണ്ട് എന്ന അസുഖകരമായ വാസ്തവത്തെയും അവർക്ക് അഭിമുഖീകരി ക്കേണ്ടതുണ്ട് . ഈ കാര്യങ്ങളെ കുറിച്ചെല്ലാമുള്ള ഗൗരവതരമായ ആലോചനകൾക്ക് തുടക്കം കുറിക്കാനും ആശാവഹമായ ചെറിയ ചില മുന്നേറ്റങ്ങളെങ്കിലും ഉണ്ടാക്കാനും നീലേശ്വരം കാമ്പസ്സിൽ നടന്ന സൗഹൃദസംഗമം സഹായിക്കുമെന്നാണ് ഞാൻ കരുതുന്നത്.
മലയാളത്തിലെ പഴയും പുതിയതുമായ മുഴുവൻ സാഹിത്യവും സാഹിത്യസിദ്ധാന്തങ്ങളും  പുതിയ കാലത്തെ പരസ്പരവിരുദ്ധമെന്നു പോലും പറയാവുന്ന അനേകം അപഗ്രഥനസങ്കേതങ്ങളും ബിരുദാനന്തര വിദ്യാർത്ഥികളുടെ മേൽ പോലും അടിച്ചേൽപ്പിക്കേണ്ട കാര്യമേയില്ല.പാഠ്യപദ്ധതി തയ്യാറാക്കുന്നവർ അവരുടെ അനുഭവപരിചയം നൽകുന്ന ധാരണകൾ പരമാവധി പ്രയോജനപ്പെടുത്തുകയും തികഞ്ഞ പ്രായോഗിക ബുദ്ധിയും യുക്തിബോധവും പ്രയോഗിക്കുകയും വേണം.കേരത്തിലെ വിദ്യാർത്ഥികൾക്ക്  അവരുടെ  ജീവിതസാഹചര്യങ്ങളിൽ
 തികച്ചും അപ്രസക്തവും അർത്ഥശൂന്യവുമായി തോന്നാനിടയുള്ള  ദർശനങ്ങളും സാഹിത്യസങ്കൽപങ്ങളും ക്ലാസ് മുറിയിൽ എങ്ങനെ അവതരിപ്പിക്കണമെന്നത് വളരെ ഉത്തരവാദിത്വപൂർണമായ വിചിന്തനം ആവശ്യമുള്ള സംഗതിയാണ്.കോളേജുകളിലെയും യൂനിവേഴ്‌സിറ്റികളിലെയും മലയാളസാഹിത്യപഠനം വലിയൊരു സാമൂഹ്യാവശ്യമാണെന്നും മലയാളികളുടെ ബോധനവീകരണത്തിനും പൊതുജീവിതത്തിന്റെ ആരോഗ്യകരമായ മുന്നോട്ടുപോക്കിനും  അത് ഒഴിച്ചു കൂടാൻ വയ്യാത്തതാണെന്നും എല്ലാവരെയും ബോധ്യപ്പെടുത്താൻ കഴിയണം.വിവിധ തലങ്ങളിൽ വിശദമായി ചർച്ച ചെയ്ത് എത്രയും പെട്ടെന്ന് പാഠ്യപദ്ധതിയിലും തുടർച്ചയായ മൂല്യനിർണയനത്തിന് അവലംബിക്കുന്ന രീതികളിലും പരീക്ഷകളിലുമെല്ലാം ആവശ്യമായ മാറ്റങ്ങൾ വരുത്തണം.

Monday, May 15, 2017

ഏത് വിപ്ലവകവിതയെക്കാളും

സമൂഹം സദാസമയവും തന്നെ സ്പർശിച്ചുകൊണ്ട് നിലനിൽക്കുന്ന വലിയ യാഥാർത്ഥ്യമാണെന്നും ജനകോടികൾക്കൊപ്പം വലിയ ചില സ്വപ്നങ്ങൾ മാത്രമല്ല ആശങ്കകളും താനും പങ്കുവെച്ചു കൊണ്ടിരിക്കുകയാണെന്നും  ഏതെങ്കിലും പുസ്തകം വായിച്ചിട്ടോ ചാനൽ ചർച്ച കേട്ടിട്ടോ അല്ലാതെ തന്നെ മനസ്സിലാക്കാൻ പറ്റുന്ന സാമൂഹ്യരാഷ്ട്രീയ പ്രബുദ്ധത നാട്ടിൽ നിലവിലില്ലെന്ന തോന്നലുണ്ടായാൽ വ്യക്തികൾക്കു പിന്നെ ഒറ്റപ്പെടുകയേ നിവൃത്തിയുള്ളൂ.കേരളത്തെ സംബന്ധിച്ചിടത്തോളം അതായിത്തീർന്നിരിക്കുന്നു ഏറ്റവും വലിയ രാഷ്ട്രീയ യാഥാർത്ഥ്യം.വസ്തുത ഇതായിരിക്കെ ഏത്  വിപ്ലവകവിതയെക്കാളും എത്രയോ സത്യസന്ധമാണ് ഇന്നത്തെ കേരളത്തിൽ ഒരു ഏകാകിയുടെ വിലാപമോ വിചിത്രവിചാരങ്ങളോ ആവിഷ്‌കരിക്കുന്ന കവിത.ഈയൊരു തോന്നൽ പരസ്യപ്പെടുത്തുന്നതിലൂടെ എന്നെപ്പറ്റി രൂപപ്പെട്ടേക്കാവുന്ന അസുന്ദരമായ ധാരണകളെക്കുറിച്ചോർത്ത് ഞാൻ അൽപം പോലും ആശങ്കപ്പെടുന്നതേയില്ല.

Sunday, May 14, 2017

ഒരു സ്വതന്ത്ര സാംസ്‌കാരികവേദി

ഒരു സ്വതന്ത്ര ഇടതുപക്ഷ സാംസ്‌കാരികവേദി അത്യാവശ്യമായിരിക്കയാണെന്ന് പലരും പറയാന്‍ തുടങ്ങിയിട്ട് ഏതാനും വര്‍ഷങ്ങളായി.കേരളത്തില്‍ എവിടെ ചെന്നാലും ഈ ആശയം പങ്കുവെക്കു ന്ന കുറച്ചു പേരെയെങ്കിലും കണ്ടുകിട്ടാതിരിക്കില്ല.കഴിഞ്ഞ മൂന്നു നാല് വര്‍ഷത്തിനിടയില്‍ ചിലേടത്ത് ചെറിയ ചില കൂട്ടായ്മകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുകയും ചെയ്തിരുന്നു.പക്ഷേ,അവയില്‍ ഒന്നു പോലും ഏറെക്കാലം നിലനിന്നില്ല.പിരിച്ചുവിടപ്പെടാത്ത അവസ്ഥയില്‍ ചിലതെല്ലാം ഇപ്പോഴും ഉണ്ടെന്നു പറയാം.രണ്ടോ മൂന്നോ മാസം കൂടുമ്പോഴെങ്കിലും കൂട്ടായ്മയിലെ അംഗങ്ങള്‍ തമ്മില്‍ കണ്ടുമുട്ടി ആശയവിനിമയത്തിന് തയ്യാറാവാത്ത നിലയ്ക്ക് അവ ഉണ്ടെന്നു പറയുന്നതില്‍ വിശേഷിച്ച് കാര്യമൊന്നുമില്ല.
സെക്രട്ടറിയും പ്രസിഡന്റും എക്‌സിക്യൂട്ടീവ് കമ്മറ്റിയുമൊക്കെയായി പ്രവര്‍ത്തിക്കുന്ന പുതിയ ഒരു സാംസ്‌കാരിക സംഘടനയെപ്പറ്റി ആലോചിക്കാതിരിക്കുന്നതാണ് നല്ലത് എന്ന അഭിപ്രായക്കാ രനാണ് ഞാന്‍.ഏതെങ്കിലും രാഷ്ട്രീയകക്ഷിയുടെ തണലില്‍ ചെന്നു പറ്റുന്ന സംഘടനയും ആവശ്യ മില്ല.ഇടതുപക്ഷ വീക്ഷണം ഉയര്‍ത്തിപ്പിടിച്ച് തികച്ചും അനൗപചാരികമായി പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്രസാംസ്‌കാരിക സംഘടന;അതേ ആവശ്യമുള്ളൂ.രണ്ട് മാസത്തില്‍ ഒരിക്കലെങ്കിലും സംഘടനയിലെ അംഗങ്ങള്‍ ഒന്നിച്ചിരുന്ന് അപ്പപ്പോഴത്തെ  സാംസ്‌കാരിക പ്രശ്‌നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യട്ടെ. സര്‍ഗാത്മകാവിഷ്‌കാരത്തിന്റെ പുതിയ സാധ്യതകള്‍ ആന്വേഷി ക്കട്ടെ.ഇത്രയും മുടക്കം വരുത്താതെ ചെയ്യാന്‍ പറ്റുന്ന കൂട്ടായ്മകള്‍ പലേടത്തായി ഉണ്ടായി വരികയാണെങ്കില്‍ പിന്നീടൊരു ഘട്ടത്തില്‍ അവയുടെ ഏകോപനത്തെ പറ്റി ആലോചിക്കാം.അത്രയേ വേണ്ടൂ.
കേരളത്തില്‍ ഇപ്പോള്‍ പുസ്തകപ്രസാധകര്‍ക്കോ ആനുകാലികങ്ങള്‍ക്കോ യാതൊരു ക്ഷാമ വുമില്ല.വായനയില്‍ താല്‍പര്യമുള്ളവരായി ലക്ഷക്കണക്കിനാളുകള്‍ ഇവിടെ ഉണ്ടെന്നും ന്യായ മായും കരുതാം.പലരും പല ഗണങ്ങളില്‍ പെട്ട പുസ്തകങ്ങളും ആനുകാലികങ്ങളുമായിരിക്കും വായനക്കായി തിരഞ്ഞെടുക്കുന്നത്.അത് അങ്ങനെയാവുന്നതാണ് സ്വാഭാവികം.നമ്മുടെ പത്രങ്ങളും ടെലിവിഷന്‍ ചാനലുകളും സാംസ്‌കാരിക വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ വലിയ താല്‍പ ര്യം കാണിക്കാറില്ലെങ്കിലും അപ്പാടെ അവഗണിക്കുന്നു എന്ന ആരോപണം സാധ്യമല്ല.നഗരങ്ങ ളിലും നാട്ടിന്‍പുറങ്ങളിലുമൊക്കെയായി സാഹിത്യചര്‍ച്ചകളും പുസ്തകപ്രകാശനച്ചടങ്ങുകളുമൊക്കെ നടന്നുവരുന്നുമുണ്ട്.ഇതെല്ലാം ഉണ്ടായിരിക്കെത്തന്നെയാണ് തങ്ങള്‍ അര്‍ത്ഥവത്തായ ഒരാശയവി നിമയവും സാധിക്കാത്ത ഒരിടത്താണ് ജീവിക്കുന്നത് എന്ന തോന്നല്‍ കേരളത്തിലെ അനേകാ യിരങ്ങളെ ബാധിച്ചിരിക്കുന്നത്.ആധുനികതയുടെ കാലത്ത് ദാര്‍ശനിക ശൂന്യത,സത്താപരമായ അരക്ഷിതത്വം എന്നൊക്കെ പലരും പറഞ്ഞിരുന്നു.അന്ന് ആ പറച്ചിലിനു പിന്നിലെ അനുഭവം കുറച്ചു പേര്‍ക്കിടയിലെങ്കിലും പങ്കുവെക്കപ്പെടുന്ന അവസ്ഥയുണ്ടായിരുന്നു.ഇപ്പോള്‍ ചിന്താലോകത്ത് നിലനില്‍ക്കുന്ന അങ്കലാപ്പും ആശങ്കകളും പങ്കുവെക്കപ്പെടുന്നില്ല.രാജ്യത്തിന്റെ രാഷ്ട്രീയ ഭാവി എന്ത്?,കേരളസമൂഹത്തിന് എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്?, ഇപ്പോഴത്തെ അവസ്ഥയില്‍ സാഹിത്യത്തിന് എന്തു ചെയ്യാനാവും?കല കലയ്ക്കു വേണ്ടി എന്ന് ഇടതുപക്ഷക്കാര്‍ തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞ ഒരു സ്ഥലത്ത് ഇനി സാഹിത്യത്തിന്റെ സാമൂഹ്യപ്രസക്തിയെപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്ക് എന്താണ് പ്രസക്തി?മലയാളിയുടെ സാഹിത്യഭാവുകത്വം എഴുത്തുകാരുടെ ചിഹ്നമൂല്യത്തിനു പുറകെ ആലോചനാരഹിതമായി പാഞ്ഞുനടക്കുകയാണോ?പുതിയ കവികളും കഥാകാരന്മാരും എന്തൊക്കെയാണ് പറയാന്‍ ശ്രമിക്കുന്നത്?അവരുടെ എഴുത്തിന് അത് അര്‍ഹിക്കുന്ന ശ്രദ്ധകിട്ടുന്നുണ്ടോ?കേരളത്തില്‍ സാക്ഷരരുടെ എണ്ണം നന്നേ കുറവായിരുന്ന കാലത്തുപോലും സാഹിത്യം ഒരു സാമൂഹ്യാനുഭവമായിരുന്നു.നാടകം കാണാനും കഥാപ്രസംഗം കേള്‍ക്കാനും അന്നൊക്കെ ആയിരങ്ങള്‍ തടിച്ചു കൂടിയിരുന്നു.ആ ആവേശം എങ്ങനെ ഇല്ലാതായി?ഇങ്ങനെ ഒട്ടധികം ചോദ്യങ്ങളും സംശയങ്ങളും നമ്മുടെ മുന്നിലുണ്ട്.അവയെ ആര്‍ജവത്തോടെ അഭിമുഖീകരിക്കാന്‍ നമുക്കു കഴിയുന്നില്ലെങ്കില്‍ ഈ സമൂഹം അവനവനെ മാത്രം സ്‌നഹിക്കാന്‍ കഴിയുന്ന അല്‍പന്മാരുടെ നാടായി മാറും.ആ അല്‍പന്മാര്‍ക്ക്,സെല്‍ഫികള്‍ക്കും സെല്‍ഫിച്ചിക ള്‍ക്കും യഥാര്‍ത്ഥമായ ആത്മഹര്‍ഷം തീര്‍ത്തും അപ്രാപ്യമായിത്തീരുകയും ചെയ്യും.

Saturday, May 13, 2017

സാഹിത്യവായന

രാഷ്ട്രീയത്തിലെയും പൊതുജീവിതത്തിന്റെ മറ്റ് മേഖലകളിലെയും സമകാലപ്രശ്‌നങ്ങളുമായും പ്രത്യക്ഷാനുഭവങ്ങളുമായും ബന്ധപ്പെടുത്തി പുതിയ കഥയും കവിതയും വായിക്കുന്നതിന് ശുദ്ധസൗന്ദര്യവാദികളായ നിരൂപകരും വായനക്കാരും പല അക്കാദമിക് പണ്ഡിതന്മാരും എതിരായിരിക്കും.പക്ഷേ,സാഹിത്യവായന ഇവരിൽ ആരുടെയും അനുശാസനങ്ങൾക്ക് വിധേയമായി സംഭവിക്കുന്ന ഒന്നല്ല. നിരൂപകരും എഴുത്തുകാർ തന്നെയും ഇഷ്ടപ്പെട്ടില്ലെങ്കിലും വായനക്കാർ ഒരു കൃതിയെ സമീപിക്കുന്നത് മിക്കപ്പോഴും അവരുടെ അറിവിലും അനുഭവങ്ങളിലും വരുന്ന സമകാലസംഗതികളെ പശ്ചാത്തലത്തിൽ നിർത്തിക്കൊണ്ടോ ചിലപ്പോൾ കൃതിയിലേക്ക് പ്രവേശിപ്പിച്ചുകൊണ്ടു തന്നെയോ ആയിരിക്കും.വളരെ കുറച്ചു കൃതികൾക്കു മാത്രമേ അത്തരം വായനയെ  പ്രതിരോധിക്കാനാവൂ;ആ പ്രതിരോധവും പൂർണമായിരിക്കില്ല.എന്തായാലും, സാഹിത്യത്തെയും ജീവിതത്തെയും സമകാല സമൂഹത്തെയും കുറിച്ച് താൻ ആർജിച്ചു കഴിഞ്ഞ അറിവിൽ നിന്ന് മോചനം നേടിക്കൊണ്ടേ ഒരാൾ വായിക്കാവൂ എന്ന് പറയുന്നത് നിരർത്ഥമാണ്.അത്തരമൊരു വായന ആർക്കും സാധ്യമല്ല.

Friday, May 12, 2017

മഹർഷിമേട് മാഹാത്മ്യം

റഷ്യൻ ഫോക് ലോറിസ്റ്റ് സൊക്കോളോവിന്റെ '  Folklore is an echo of the past,but at the same time it is also the vigourous voice of the present.' എന്ന വാക്യം ഫോക് ലോർ പഠിതാക്കൾക്ക് സുപരി ചിതമാണ്.ഈ വാക്യത്തിലെ ആശയം പ്രത്യക്ഷാനുഭവത്തിന്റെ തലത്തിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്നതിന്റെ ഹാസ്യാത്മക വിശദീകരണം പോലെ അനുഭവപ്പെടും അയ്മനം ജോണിന്റെ 'മഹർഷിമേട് മാഹാത്മ്യം' എന്ന കഥ. (മാതൃഭൂമി ആഴ്ചപ്പതിപ്പ്,2017മെയ് 14-20)
ഒരു കാലത്ത് മഹർഷിമേട് എന്നും പിന്നീട് കടുവാക്കുന്ന് എന്നും അറിയപ്പെട്ട കുന്നിൻ പ്രദേശത്ത് ആദ്യം ടൈഗർഹിൽ അപ്പാർട്‌മെന്റ് എന്ന പേരിൽ ഒരു പാർപ്പിടക്കൂട്ടം ഉയർന്നു വരുന്നതും പിന്നീട് നേരത്തേ മഹർഷിമാർ മൗനികളായി പാർത്തിരുന്ന പൂർവവിപിനം,ദക്ഷിണ വിപിനം,പശ്ചിമ വിപിനം,ഉത്തരവിപിനം എന്നീ കുട്ടി വനങ്ങളുടെ സ്ഥാനത്ത് യഥാക്രമം ഈസ്റ്റ് ഫോർട്ട്,സൗത്ത് ഫോർട്ട്,വെസ്റ്റ് ഫോർട്ട്,നോർത്ത് ഫോർട്ട് എന്നീ കൊട്ടാര സദൃശമായ വില്ലകൾ മഹർഷിമാരുടെ വംശത്തെ അതിജീവിച്ച് നിലനിന്ന കടുവകളുടെ പിൻതുടർച്ചക്കാർ എന്ന് പറയാവുന്ന ക്രിമിനൽ വക്കീലിനും  ഫൈനാൻസിയർക്കും ജുവലർക്കും സ്റ്റോക്‌ബ്രോക്കർക്കും വേണ്ടി പണിയിക്കപ്പെട്ടതുമാണ് കഥയുടെ കേന്ദ്രസ്ഥാ നത്ത് വരുന്ന സംഭവം.ഫോക് ലോറിന്‌വർത്തമാനകാലത്ത് സംഭവിക്കുന്ന അർത്ഥപരിണാമ ത്തെ കുറിച്ച് പറയുമ്പോൾ ആമുഖമായി പരാമർശിക്കാവുന്ന കഥയാണ് 'മഹർഷിമേട് മാഹാത്മ്യം'.അയ്മനം ജോണിന്റെ മറ്റ് പല കഥകളുടെയും ഒതുക്കവും ഭംഗിയും ഈ കഥയ്ക്ക് അവകാശപ്പെടാനാവില്ല.എങ്കിലും ശക്തമായ ഒരു പ്രമേയത്തിലൂടെ ഈ കഥയും ശ്രദ്ധേയമായിത്തീർന്നിരിക്കുന്നു.

Thursday, May 11, 2017

The Guest

അൽബേർകാമുവിന്റെ The Guest എന്ന ചെറുകഥ വായിച്ചു. കാമുവിന്റെ നോവലുകളും നാടകങ്ങളും നേരത്തേ വായിച്ചിരുന്നെങ്കിലും ഈ കഥ വിട്ടുപോയിരുന്നു.അദ്ദേഹത്തിന്റെ മറ്റ് രചനകളെപ്പോലെത്തന്നെ ഗംഭീരമാണ്  The Guest ഉം. ഏറെക്കുറെ നിശ്ചലമായ ജീവിതത്തെ പരപ്രേരണയാലല്ലാതെ കൈക്കൊള്ളുന്ന തീരുമാനം വഴി ആന്തരികമായി ചലനോ ന്മുഖമാക്കിത്തീർക്കുന്ന ഒരു സ്‌കൂൾ അധ്യാപകനാണ്  ഇതിലെ മുഖ്യകഥാപാത്രം.കടുത്ത ഏകാകിതയ്ക്കിടയിലും ആ മനുഷ്യൻ ഒന്നും ഭാവിക്കാതെ സ്‌നേഹത്തിന്റെയും നന്മയുടെയും വഴിയിലൂടെ ശാന്തചിത്തനായി, നിർമമനായി നടന്നുപോകുന്നതിന്റെ ചിത്രീകരണം എക്കാലത്തെയും വായനക്കാർക്ക് അത്യന്തം ഹൃദയസ്പർശിയായി അനുഭവപ്പെടുക തന്നെ ചെയ്യും.തന്റെ ഉണ്മയെ സ്വതന്ത്രമാക്കി നിലനിർത്തുന്ന ഏത് മനുഷ്യനും ഏകാകിയാകാതെ തരമില്ല എന്ന് എത്രമേൽ സ്വാഭാവികതയോടെയാണ് കാമു പറഞ്ഞു വെച്ചിരിക്കുന്നത് ! ഘടനയിലും ആഖ്യാനത്തിലും അങ്ങേയറ്റം ലളിതമായിരുന്നുക്കൊണ്ടു തന്നെ ഗഹനമാവുക എന്നത് എഴുത്തിന് എത്തിച്ചേരാവുന്ന അത്ഭുതകരമായ ഔന്നത്യം തന്നെയാണ്.

Wednesday, May 10, 2017

ഫോക്‌ലോർ എന്ന വിഷയത്തിന്റെ ഭാവി

ഇന്ന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി 'സ്‌കൂൾ ഓഫ് ഫോക്‌ലോർസ്റ്റഡീസി'ലെ ശിൽപശാലയിൽ പങ്കെ ടുത്ത് സംസാരിച്ചു.ഫോക്‌ലോർ എന്ന വിഷയത്തിന്റെ ഉള്ളടക്കത്തെ കുറിച്ച് നിലവിലുള്ള ആശയക്കുഴപ്പങ്ങൾ  പരിഹരിക്കാൻ എന്തൊക്കെ ചെയ്യണം,ഫോക്‌ലോറിന്റെ പാഠ്യപദ്ധതിയിൽ എന്തൊക്കെ മാറ്റങ്ങളാണ് ആവശ്യം,ഈ വിഷയത്തെ അർത്ഥവത്തായ രീതിയിൽ എങ്ങനെ യൊക്കെ മുന്നോട്ട് കൊണ്ടുപോകാം, കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഏറെ പ്രസക്തിയുള്ള ഒരു വിഷയമാണ് ഫോക്‌ലോർ എന്ന് പൊതുസമൂഹത്തെ സംശയരഹിതമായി എങ്ങനെ ബോധ്യപ്പെടുത്താം,ഫോക്‌ലോറിൽ ബിരുദാനന്തര ബിരുദം നേടുന്നവർക്ക് എങ്ങനെ പുതിയ തൊഴിൽ സാധ്യതകൾ ഉണ്ടാക്കാം എന്നിങ്ങനെയുള്ള ചോദ്യങ്ങളെ മുൻനിർത്തിയുള്ള ഗൗരവപൂർണമായ ആലോചനകൾക്കുള്ള വേദിയായിട്ടാണ് ഈ ശിൽപശാല വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത് എന്ന് ബോധ്യമായി.വകുപ്പ് മേധാവി ഡോ.കെ.എം.അനിലിന്റെ ഹ്രസ്വമായ ആമുഖഭാഷണം നല്ലൊരു തുടക്കമായി.
ഫോക്‌ലോറിനെ ചരിത്രവൽക്കരിക്കുക എന്ന ലക്ഷ്യം മുറുകെ പിടിച്ചും ഫോക് ലോർ എന്ന വിഷയത്തിന് ആകമാനവും ഓരോ ഫോക്‌ലോർ ഇനത്തിന് പ്രത്യേകമായും  നാളിതു വരെ സംഭവിച്ചതും ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ അർത്ഥപരിണാമങ്ങൾ സവിശേഷ പ്രാധാന്യം നൽകി പഠിക്കുന്നതിന് ഉന്നൽ നൽകിക്കൊണ്ടും ഫോക് ലോർ എം.എയുടെ സിലബസ് നവീകരിക്കണമെന്നാണ് ഞാൻ നിർദ്ദേശിച്ചത്.
ബിരുദനന്തരബിരുദം നേടി യൂനിവേഴ്‌സിറ്റിയിൽ നിന്ന് പുറത്തിറങ്ങുന്നവർക്ക് തൊഴിൽ ഉണ്ടാക്കുന്നതിന് എന്തൊക്കെ നിർദ്ദേശങ്ങൾ അധികാരികളുടെ മുന്നിൽ വെക്കാമെന്നതിനെ കുറിച്ചുള്ള ചില നിർദ്ദേശങ്ങളും മുന്നോട്ടു വെച്ചു.
ഫോക്‌ലോർ പാരമ്പര്യവുമായും പഴമയുമായും മാത്രം ബന്ധപ്പെടുന്ന ഒരു വിഷയമാണെന്നും കൂട്ടായ്മയുടെ എല്ലാ ധാരണകൾക്കും (അവ തെറ്റിദ്ധാരണകളാണെന്ന് വ്യക്തമായാലും) തീർപ്പുകൾക്കും ന്യായീകരണം ഉണ്ടാക്കലാണ് ഫോക്‌ലോറിസ്റ്റിന്റെ ജോലി എന്നും ഫോക് ലോറിസ്റ്റുകളിൽത്തന്നെ പലരും കരുതുന്നതായി തോന്നിയിട്ടുണ്ട്.അവർ അവരുടെ നിലപാട് മാറ്റാൻ തയ്യാറാവുക തന്നെ വേണം.ഫോക് ലോർ മനോഹരമായ ഒരു വിഷയമാണ്.അതിനെ അതിന്റെതായ ജൈവചൈതന്യത്തോടെ വളരാനനുവദിക്കണം.ചില ശാഠ്യങ്ങൾകൊണ്ട് തടവറ തീർത്ത് അതിനെ ശ്വാസം മുട്ടിക്കരുത്.

Monday, May 8, 2017

വായനക്കാർ

     കഥയെഴുത്തുകാരും കവികളും മനുഷ്യരെന്ന നിലയിൽ മറ്റുള്ളവരേക്കാൾ വളരെ                          ഉയരെയായിരിക്കും എന്നതായിരുന്നു വായനയുടെ ലോകത്തേക്ക് പ്രവേശിച്ചു തുടങ്ങിയ കാലത്തെ എന്റെ ധാരണ.അനുഭവങ്ങളുടെയും ആശയങ്ങളുടെയും എല്ലാ ഉയരങ്ങളും ആഴങ്ങളും വളവുകളും തിരിവുകളും സാധാരണ മനുഷ്യരുടെ കാഴ്ചയിലേക്ക് വരില്ല.അങ്ങോട്ടെല്ലാം ചെന്നെത്തുന്ന കണ്ണും കാതും മൂക്കുമെല്ലാം എഴുത്തുകാർക്കുണ്ട്.ജീവിതത്തിന്റെ കാണാക്കാഴ്ചകളിലേക്കും മനുഷ്യ മനസ്സിന്റെ നാനാതരം ചലനങ്ങളിലേക്കും വായനക്കാരെ കൂട്ടിക്കൊണ്ടുപോവാൻ അവർക്ക് കഴിയുന്നുണ്ടെന്ന അറിവ് എല്ലാ വായനക്കാരുടെയും സാമാന്യജ്ഞാനത്തിന്റെ ഭാഗമാണ്.അതിൽ കവിഞ്ഞ് മനുഷ്യത്വം എന്നു നാം പറഞ്ഞു വരുന്ന ഗുണം  സ്വന്തം വ്യക്തിത്വത്തിൽ
ഏതളവ് വരെ വളർത്തിയെടുക്കാൻ അവർക്ക് കഴിയുന്നുണ്ട് എന്ന കാര്യത്തിൽ സംശയമുണ്ട്.മലയാളത്തിലെ എഴുത്തുകാരിൽ പലരുമായും സൗഹൃദമുണ്ടെങ്കിലും അവരിൽ ഒരു കൈവിരലിൽ എണ്ണാവുന്നവരോട് മാത്രമേ എനിക്ക് മതിപ്പ് തോന്നിയിട്ടുള്ളൂ.മറ്റുള്ളവരെല്ലാം വെറും ശരാശരി മനുഷ്യർ.പലരും ശരാശരിയിൽ താഴെ നിൽക്കുന്നവർ.വായനക്കാരുടെ കാര്യം അങ്ങനെയല്ല.വായിച്ച പല കൃതികളും അവരെ ഗാഢമായി സ്പർശിക്കുകയും അവരുടെ മനുഷ്യബന്ധങ്ങളുടെയും ലോകധാരണയുടെയും ആഴവും പരപ്പും വളരെയേറെ വർധിപ്പിക്കുകയും ചെയ്തതായി കണ്ടിട്ടുണ്ട്.പ്രകൃതത്തിൽ നേരത്തേ തന്നെ മാനുഷികതയുടെ അംശം കൂടുതലായി ഉള്ളവർ മാത്രമാണോ മികച്ച വായനക്കാരായിത്തീരുന്നത് എന്നും സംശയമുണ്ട്.

Sunday, May 7, 2017

ഒരു വെമ്പൽ

ഒരു ചെറിയ ചെടിയുടെ
ചെറിയ ഇല പോലെ
വിനീതനും വിശുദ്ധനുമാവാൻ
ഞാൻ ആഗ്രഹിക്കുന്നില്ല
ആയിരക്കണക്കിന് വർഷങ്ങളുടെ
ആയുസ്സുള്ള വന്മരമാവാൻ
തന്നെയാണ് മോഹം.
എങ്കിലും ചിലപ്പോൾ
ഒരു ചെറിയ ചെടിയുടെ
ചെറിയ ഇല
എന്നെ തരളിതനാക്കുന്നു
അതിന്റെ കുഞ്ഞു ഞരമ്പുകളിലേക്ക്
സംക്രമിക്കാൻ എന്റെ ജീവൻ വെമ്പൽ കൊള്ളുന്നു.

Friday, May 5, 2017

മരയ

ടി.പത്മനാഭന്റെ 'മരയ'(മാതൃഭൂമി- 2017 മെയ് 7-13)വായിച്ചു.പത്മനാഭൻ കഴിഞ്ഞ പത്തിരുപത് വർഷക്കാലത്തിനിടയിൽ എഴുതിയ ഭേദപ്പെട്ട കഥയാണിത്.പുതിയ തലമുറയിലെ കഥാകൃത്തുക്കളുടെ രചനകളുമായി താരതമ്യപ്പെടുത്തി ഈ കഥയുടെ നിലവാരക്കുറവിനെപ്പറ്റി പരിതപിക്കുന്നത് ശരിയല്ല.അനുഭവങ്ങളെ പുതിയ കാലത്തിനിണങ്ങുന്ന ഘടനയിൽ (വിമർശനാത്മകമായും അല്ലാതെയും)സ്വീകരിക്കാൻ അവർക്കുള്ള ശേഷി ടി.പത്മനാഭനിൽ നിന്ന് പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ല.
ആഖ്യാതാവിന്റെ അതിരുകളില്ലാത്ത ആത്മാനുരാഗം ഒഴിവാക്കി എഴുതാൻ പറ്റിയിരുന്നെ
ങ്കിൽ ഇതൊരു മികച്ച  കഥയായി മാറാനുള്ള സാധ്യതയുണ്ടായിരുന്നു.അത് പാഴാക്കിക്കളഞ്ഞതിൽ സങ്കടം തോന്നി.നഷ്ടപ്പെടുത്തിയ വലിയ സാധ്യതകൾ കൊണ്ട് പ്രലോഭിപ്പിക്കുന്ന കഥയാണ് 'മരയ.'

മെയ് 5 - 2017

ഒരുപാട് കാര്യങ്ങളെ കുറിച്ച് ഒരേ സമയം ആലോചിക്കേണ്ടി വരുന്നത് വളരെ വിഷമകരമായ അവസ്ഥയാണ്.ഒരു വർഷത്തിലേറെയായി ഞാൻ ഈ അവസ്ഥയിലാണ്.ഒരു പക്ഷേ അതിനു മുമ്പും ഞാൻ ഇങ്ങനെ തന്നെ ആയിരുന്നിരിക്കണം.ഇതൊരു നല്ല കാര്യമല്ല.ചീത്ത കാര്യവുമല്ല.എനിക്ക് എന്നെപ്പറ്റി ആലോചിക്കാൻ വളരെ കുറച്ചേ സമയം കിട്ടുന്നുള്ളൂ.അതിൽ ഞാൻ ആനന്ദിക്കുക തന്നെയാണ് വേണ്ടത്.
5/5/17

Thursday, May 4, 2017

തർക്കത്തിനിടയിൽ

വിദ്യാഭ്യാസത്തിന്റെ നിലവാരത്തകർച്ചയെ കുറിച്ചുള്ള തർക്കത്തിനിടയിൽ മറ്റൊരാളിൽ നിന്ന് കേൾക്കാനിടയായത്:
വിദ്യാഭ്യാസം കൊണ്ട് എല്ലാ കാലത്തെയും ആളുകൾ ലക്ഷ്യമാക്കിയിരുന്നത് നല്ല തൊഴിൽ നേടിയെടുക്കാനുള്ള പ്രാപ്തി ആർജിക്കലാണ്.വൈദ്യം,ജ്യോതിഷം,പൂജാരിപ്പണി,കൊട്ടാരത്തിൽ ഉപദേശകനോ വിദൂഷകനോ ആയുള്ള പണി ഇതൊക്കെയായിരുന്നു പണ്ട് കാലത്ത് ആളുകളെ മോഹിപ്പിച്ചിരുന്ന ജോലികൾ.ഇവയൊക്കെയും ഇപ്പോഴും നല്ല വരുമാനമുണ്ടാക്കാൻ പറ്റുന്നവ തന്നെ.ഇവയ്ക്കു പുറമെ ഐ.ടി.മേഖലയിലെ പണി,ബിസിനസ് മാനേജ്‌മെന്റ് പണി,ഹോട്ടൽ മാനേജ്‌മെന്റ് പണി തുടങ്ങിയ പുതിയ ചില പണികളും ഉണ്ടായി വന്നിരിക്കുന്നു.കുട്ടികൾ ഇവയിൽ ഏതെങ്കിലുമൊക്കെ പഠിച്ച്  സുഖമായി ജീവിക്കാനുള്ള യോഗ്യത നേടട്ടെ.ഇതിലപ്പുറം കടന്ന് വിദ്യാഭ്യാസത്തിന്റെ വിശാലവും ഗംഭീരവുമായ ലക്ഷ്യങ്ങളെ കുറിച്ചൊന്നും വാചകമടിക്കേണ്ട.അത്തരം ബൗദ്ധിക വ്യായാമങ്ങളൊക്കെ വ്യർത്ഥമാണ്.ഒരു ക്ലസ്റ്റർ മീറ്റിംഗിനോ റിഫ്‌റഷർ കോഴ്‌സിനോ പോകുന്ന അധ്യാപകൻ/അധ്യാപിക അതു വഴി തന്റെ കയ്യിൽ എത്ര രൂപാനോട്ടുകൾ വന്നുവീഴും എന്നതിനെപ്പറ്റിയേ ആലോചിക്കേണ്ടതുള്ളൂ.അല്ലാതെ എന്തെങ്കിലും പഠിച്ച് വിവരം നേടി അടുത്ത ദിവസം ക്ലാസിൽ പോയി കുട്ടികളെ നന്നാക്കിക്കളയാമെന്ന് വിചാരിക്കുകയേ വേണ്ട.ഒരു തവണ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് എക്‌സാമിനർ ആയി നിൽക്കുകയോ പേപ്പർവാല്വേഷന് പോവുകയോ ചെയ്തിട്ടുള്ള ആളുകൾക്ക് നമ്മുടെ വിദ്യാഭ്യാസവും വിദ്യാർത്ഥികളും എവിടെ എത്തിയിരിക്കുന്നുവെന്ന് കൃത്യമായി മനസ്സിലാകും.കാലം മാറിയിരിക്കുന്നു.അത് മനസ്സിലാക്കാതെ വിമർശനം വഴി വിദ്യാഭ്യാസരംഗം നന്നാക്കിക്കളയാൻ പുറപ്പെടുന്നവർ ഉള്ള നേരത്ത് നാല് കാശുണ്ടാക്കാനുള്ള വഴി കണ്ടു പിടിക്ക്.വീട്ടുകാരും നാട്ടുകാരുമൊക്കെ അവരിൽ നിന്ന് അതേ പ്രതീക്ഷിക്കുന്നുള്ളൂ.

Wednesday, May 3, 2017

നിലവാരത്തകർച്ച

വിദ്യാഭ്യാസരംഗത്തെ നിലവാരത്തകർച്ചയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെപ്പറ്റി ഇന്ന് പലരുമായും തർക്കത്തിലേർപ്പെടേണ്ടി വന്നു.തർക്കത്തിനിടയിൽ ഒരു സുഹൃത്ത് പറഞ്ഞ കാര്യം എന്റെ വകയായി കമന്റ്‌സ് ഒന്നുമില്ലാതെ താഴെ ചേർക്കാം:
നിലവാരത്തകർച്ചയെപ്പറ്റി നിങ്ങൾ പറയുന്നത് നിലവാരത്തെ കുറിച്ചുള്ള സ്റ്റാറ്റിക് ആയ ഒരു സങ്കൽപം ഉള്ളിൽ വെച്ചുകൊണ്ടാണ്.പോസ്റ്റ്‌മോഡേണിസത്തിന്റെ ദർശനം അംഗീകരിക്കു കയാണെങ്കിൽ നിലവാരം എന്നത് ഒരു മിഥ്യയാണെന്ന് ബോധ്യപ്പെടും.കേരളീയ നവോത്ഥാനം എന്നത് ഒരു കെട്ടുകഥയാണെന്നും കാൾമാർക്‌സ്  ഫിലോസഫറാണ് എന്നത് ഒരു തെറ്റിദ്ധാര ണയായിരുന്നുവെന്നും പലർക്കും ബോധ്യപ്പെട്ടു കഴിഞ്ഞ കാലമാണിത്.വിദ്യാഭ്യാസം എങ്ങനെയാവണമെന്ന്,അതിന്റെ ഉള്ളടക്കം എന്താവണമെന്ന്  മുമ്പെന്നോ
ചിലർ കൂടിയിരുന്ന് തീരുമാനിച്ചുവെച്ചതിനെ അംഗീകരിച്ചിട്ടാണ് നാം നിലവാരത്തകർച്ച യെക്കുറിച്ച്‌  ചർച്ച ചെയ്യുന്നത്.ഇത് എത്രത്തോളം പിന്തിരിപ്പനാണെന്ന കാര്യം ആലോചിക്കണം.ജനങ്ങളുടെ ക്ഷേമം ഇന്നതാണെന്ന് സ്റ്റേറ്റ് തീരുമാനിക്കുന്നത് എത്ര അപകടകരമാണെന്ന് ലോകത്തിലെ കോടിക്കണക്കിനാളുകൾ മനസ്സിലാക്കിക്കഴിഞ്ഞില്ലേ?വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ഇത്തരമൊരു തിരിച്ചറിവ് അത്യാവശ്യമല്ലേ?
3/5/17

കവിതയുടെ കാതൽ

എന്റെ ഏറ്റവും പുതിയ പുസ്തകം :കവിതയുടെ കാതൽ കണ്ണൂരിലെ കൈരളിബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്നു.ഞാൻ പലപ്പോഴായി കവിതയെക്കുറിച്ച് എഴുതിയ 18 ലേഖനങ്ങളുടെ സമാഹാരമാണിത്. വില :170 രൂപ.പുസ്തകം വാങ്ങണമെന്ന് ആഗ്രഹിക്കുന്നവർക്ക്‌
 കൈരളി ബുക്‌സുമായി ബന്ധപ്പെടാം.
.0497-2761200 ആണ് കൈരളി ബുക്‌സിന്റെനമ്പർ. ഇ.മെയിൽ:kairalibooksknr@gmail.com

Tuesday, May 2, 2017

മെയ് 2 -2017

ഡയറി എഴുതുന്നതിൽ കൃത്യനിഷ്ഠ പാലിക്കാൻ ഇന്നേ വരെ എനിക്ക് സാധിച്ചിട്ടില്ല.ഒരു ദിവസത്തെ കാര്യങ്ങൾ വളരെ താൽപര്യപൂർവം കുറിച്ചിടുന്ന ഞാൻ പിന്നെ ഡയറി തുറക്കുന്നത് മാസങ്ങൾ തന്നെ കഴിഞ്ഞായിരിക്കും.അങ്ങനെ ആയതുകൊണ്ടു തന്നെ ഡയറി ആ പേരിന് അർഹതയില്ലാത്ത,നല്ല പുറംചട്ടയുള്ള പുസ്തകം മാത്രമായി.
ഈ രീതിക്ക്  മാറ്റം വരണമെന്ന ആഗ്രഹം എന്നെ ബലമായി പിടികൂടിയിരിക്കുന്നു.അതിന്റെ അർത്ഥം ഇനിയങ്ങോട്ട് ഞാൻ ദിവസവും ഒരു നിശ്ചിത സമയത്ത് ഡയറി എഴുതും എന്നല്ല.വളരെ പ്രധാനപ്പെട്ടതായി എനിക്ക് അനുഭവപ്പെടുന്ന എന്തെങ്കിലുമൊരു കാര്യം ഉണ്ടാവുന്ന ദിവസം ഞാൻ ഡയറിയെഴുത്തിലേക്ക് തിരിയും.അത്രയേ ഉള്ളൂ.ഇന്ന് ഈ തീരുമാനമെടുക്കാനുള്ള പ്രേരണ ഉണ്ടായത് മലയാളത്തിലെ പുതുതലമുറയിലെ കഥയെഴുത്തുകാരിൽ ഏറ്റവും ശ്രദ്ധയനെന്ന് എനിക്ക് സംശയാതീതമായി ബോധ്യമുള്ള വിനോയ് തോമസ്സുമായി ഒരു മണിക്കൂറിലേറെ നേരം എഴുത്തും രാഷ്ട്രീയവുമൊക്കെയായി ബന്ധപ്പെട്ട പല കാര്യങ്ങളെ കുറിച്ചും ഉള്ള് തുറന്നുള്ള ആശയ വിനിമയം സാധ്യമായതിനെ തുടർന്നാണ്.അതിന്റെ വിശദാംശങ്ങളിലേക്ക് ഞാൻ കടക്കുന്നില്ല.
ഈ ഡയറിക്കുറിപ്പിൽ ഏതാനും ദിവസങ്ങൾക്കു മുമ്പ്,അതായത് ഏപ്രിൽ 27 ന് വ്യാഴാഴ്ച നടന്ന മറ്റൊരു കൂടിക്കാഴ്ചയെ കുറിച്ചു കൂടി എഴുതേണ്ടതുണ്ട്.അന്ന് കണ്ണൂർ നഗരത്തിലെ സിറ്റിസെന്ററിന്റെ ഒന്നാം നിലയിലെ ഒരു ബെഞ്ചിലിരുന്ന് ഞാനും ഒന്നാന്തരം വായനക്കാരനെന്ന് ഏതാനും വർഷങ്ങൾക്കു മുമ്പേ ഞാൻ തിരിച്ചറിഞ്ഞ ബെന്നിസെബാസ്റ്റ്യൻ എന്ന സുഹൃത്തും (മികച്ച കരാത്തേ അധ്യാപകനും നല്ല കർഷകനും കൂടിയാണ് ബെന്നി) സാഹിത്യ പ്രവർത്ത നവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളെ കുറിച്ച് വളരെ ഗൗരവസ്വഭാവമുള്ള ഒരാശയ വിനമയം നടത്തി.അതിന്റെ ഫലങ്ങളെ കുറിച്ച് എഴുതാൻ സമയമായിട്ടില്ല.ബെന്നിയെയും വിനോയിയെയും പോലുള്ള ചില സുഹൃത്തുക്കൾ പകർന്നു തരുന്ന ആർജവം ഒട്ടും ചെറുതല്ലെന്നും എഴുത്തിലും മറ്റ് സാഹിത്യപ്രവർത്തനങ്ങളിലും  ഇതേ വരെ പിന്നിട്ടതിൽ നിന്ന് വ്യത്യസ്തമായ ചില വഴികളിലേക്ക് ഞാൻ പ്രവേശിക്കാൻ പോവുകയാണെന്നും മാത്രം തൽക്കാലം പറയാം. എന്റെ തീരുമാനത്തിന് കൂടുതൽ കരുത്തേകുന്ന മറ്റൊരു പ്രധാനപ്പെട്ട കൂടിക്കാഴ്ചയും ഇന്നു തന്നെ ഉണ്ടായി.അതേപ്പറ്റിയും കുറച്ചു കാലം കഴിഞ്ഞേ എഴുതാൻ പറ്റൂ.എന്തായാലും  ഡയറിയുമായി എപ്പോഴെങ്കിലുമൊക്കെ ഞാൻ ഈ 'ബ്ലോഗിട'ത്തിൽ എത്തുമെന്ന കാര്യം ഉറപ്പ്.