Pages

Monday, October 13, 2014

എം.എന്‍.വിജയന്‍

പ്രിയ സുഹൃത്തുക്കളേ,
എം.എന്‍.വിജയന്റെ ഓര്‍മയെ ആദരിക്കുന്നതിന്നായുള്ള നിങ്ങളുടെ ഈ കൂടിച്ചേരല്‍ മലയാളി ജനസമൂഹത്തിന്റെ ധൈഷണിക ജീവിതത്തില്‍ നിങ്ങള്‍ക്കുള്ള അദമ്യമായ താല്‍പര്യത്തിന്റെ തിളങ്ങുന്ന അടയാളമാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു.ഇവിടെ ഒത്തുചേര്‍ന്നിരിക്കുന്ന എല്ലാ സുഹൃത്തുക്കളെയും ആദരപൂര്‍വം ഞാന്‍ അഭിവാദ്യം ചെയ്യുന്നു.
വിജയന്‍ മാഷുടെ ബൗദ്ധികജീവിതം അല്ലെങ്കില്‍ ജീവിതങ്ങള്‍ സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ കേരളജനതയുടെ ധൈഷണികജീവചരിത്രത്തിലെ ഏറ്റവും കനപ്പെട്ട അധ്യായമാണ്.ശ്രീനാരായണ ഗുരുവും കുമാരനാശാനും മറ്റും നേതൃത്വം നല്‍കിയ കേരളീയ നവോത്ഥാനത്തിന്റെയും ദേശീയ പ്രസ്ഥാനത്തിന്റെയും ബ്രിട്ടീഷ് ലിബറലിസത്തിന്റെയും മാനവികതാവാദത്തിന്റെയുമെല്ലാം ആശയലോകങ്ങളുടെ സ്വാധീനത്തിലാണ് എം.എന്‍.വിജയന്റെ ചിന്താജീവിതം രൂപപ്പെടുന്നത്.1945 ല്‍ അതായത് തന്റെ പതിനഞ്ചാമത്തെ വയസ്സില്‍  എഴുതിയ 'അധ്യാത്മവിപ്ലവം' എന്ന ആദ്യലേഖനവും തുടര്‍ന്നുള്ള അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ അച്ചടിമഷി പുരണ്ട 'ലക്ഷ്യവും മാര്‍ഗവും',ഓ,നിങ്ങളുടെ സദാചാരം, 'ഉദയവും അസ്തമനവും', 'യുഗത്തിന്റെ പ്രവാചകന്‍',ഓജസ്സിന്റെ കൊടുങ്കാറ്റ്',നാം സ്വപ്നം കാണുന്ന ലോകം',ഹ്യൂമനിസം തുടങ്ങിയ ലേഖനങ്ങളും എം.എന്‍.വിജയന്റെ ജീവിതം ചെറുപ്രായം മുതല്‍ക്കേ ഉത്തരവാദിത്വപൂര്‍ണമായ ധൈഷണികതയുടെ അത്യുന്നതങ്ങളിലാണ് വ്യാപരിച്ചിരുന്നത് എന്ന് വ്യക്തമാക്കുന്നുണ്ട്.മഹാകവി വൈലോപ്പിള്ളി തന്റെ 'ഓണപ്പാട്ടുകാര്‍' എന്ന സമാഹാരത്തിന് അവതാരിക എഴുതിക്കുമ്പോള്‍ വിജയന്‍മാഷ് 22കാരനായ നവയുവാവായിരുന്നു.
1948 ല്‍ സിഗ്മണ്ട് ഫ്രോയിഡിനെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ലഘുലേഖനവും 'ഭ്രാന്തന്മാര്‍'എന്ന ശീര്‍ഷകത്തില്‍ ഒരു ദീര്‍ഘ ലേഖനവും എഴുതിയിരുന്നെങ്കിലും 57ലെ  'മാമ്പഴം' നിരൂപണം മുതല്‍ക്കാണ്  എം.എന്‍.വിജയന്‍ ഫ്രോയിഡിയന്‍മന:ശാസ്ത്രത്തെ സാഹിത്യനിരൂപണത്തില്‍ പ്രയോഗിച്ചു തുടങ്ങിയത്.നിരൂപണത്തിനു പുറത്ത് സംസ്‌കാരപഠനത്തിന്റെയും സാമൂഹ്യരാഷ്ട്രീയവിമര്‍ശങ്ങളുടെയും മണ്ഡലങ്ങളിലേക്കു കൂടി മനോവിശ്ലേഷണത്തെ അദ്ദേഹം വ്യാപിപ്പിച്ചു.ഇന്ത്യന്‍ ജീവിതവീക്ഷണത്തെ നിയന്ത്രിക്കുന്ന മാനസിക തന്ത്രങ്ങളെ കുറിച്ചും ഭക്തിയുടെ മനശാസ്ത്രത്തെ കുറിച്ചും ഹിന്ദുവര്‍ഗീയ ഫാസിസത്തിന്റെ മനശാസ്ത്രപരമായ അടിസ്ഥാനങ്ങളെ കുറിച്ചുമെല്ലാം അദ്ദേഹം നടത്തിയ പ്രസംഗങ്ങളുടെ ആഴവും പരപ്പും അസാധാരണം തന്നെയാണ്.ഇന്ത്യയില്‍ മുതിര്‍ന്ന മക്കള്‍ അധികം പേരുടെയും ലിംഗച്ഛേദം സംഭവിച്ചു കഴിഞ്ഞുവെന്നും നിഗൂഢഭീതികളോടെ ഭാരതീയര്‍ വീക്ഷിച്ചുപോന്നിട്ടുള്ള മാതൃദേവതയുടെ അനാദിരൂപം പുതിയ ഭാരതത്തില്‍ കൂടുതല്‍ ശക്തവും സര്‍വംഗ്രാഹകവും ആയിത്തീരാന്‍ സാധ്യതകളുണ്ട് എന്നും 'പഴയ സത്യവും പുതിയ മിഥ്യയും' എന്ന ലേഖനത്തില്‍ എം.എന്‍ വിജയന്‍ പ്രസ്താവിച്ച് രണ്ട് വര്‍ഷം കഴിഞ്ഞപ്പോഴാണ് ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്.
 1983 മാര്‍ച്ചില്‍ തലശ്ശേരിയില്‍ നടത്തിയ 'മാര്‍ക്‌സും ഫ്രോയിഡും' എന്ന പ്രസംഗം മുതല്‍ 2000ജൂണ്‍ 1ന് പുരോഗമന കലാസാഹിത്യസംഘത്തിന്റെ പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നതുവരെയുള്ള കാലത്ത് എം.എന്‍.വിജയന്‍ മുഖ്യധാരാ ഇടതുപക്ഷത്തിന്റെ ഏറ്റവും ശക്തനായ സാംസ്‌കാരിക വക്താവും വ്യഖ്യാതാവുമായിരുന്നു.പുരോഗമന സാഹിത്യത്തിന്റെ ആശയപരമായ അടിത്തറയുടെ ശാക്തീകരണവും വിപുലനവുമായിരുന്നു ഈ ഘട്ടത്തില്‍ അദ്ദേഹം ഏറ്റെടുത്ത പ്രധാനദൗത്യം.കവിതയുടെ രാഷ്ട്രീയത്തെ കുറിച്ചും ഭാവനയുടെ ജനാധിപത്യത്തെ കുറിച്ചുമെല്ലാം കേരളത്തില്‍ അങ്ങോളമിങ്ങോളമായി ഉള്ളുണര്‍ത്തുന്ന എത്രയോ പ്രഭാഷണങ്ങള്‍ ഇക്കാലത്ത് അദ്ദേഹം നടത്തുകയുണ്ടായി.പിന്നീട് മാര്ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രപരമായ വ്യതിയാനങ്ങളുടെയും കേരളീയജീവിതത്തെ കീഴടക്കാന്‍ തുടങ്ങിയ നവകൊളോണിയല്‍ ആശയലോകത്തിന്റെയും രൂക്ഷവിമര്‍ശകനായിത്തീര്‍ന്നു അദ്ദേഹം.ഫണ്ടിംഗിന്റെ രാഷ്ട്രീയത്തിനെതിരെയും ആഗോളമുതലാളിത്തത്തിന്റെ പ്രത്യയശാസ്ത്ര ഉല്പാദന/വിതരണ കേന്ദ്രങ്ങളില്‍ നിന്നുള്ള ആശയങ്ങളുടെയും പരിപാടികളുടെയും ഇറക്കുമതികള്‍ക്കെതിരെയും അദ്ദേഹം നീക്കുപോക്കില്ലാത്ത നിലപാടുകള്‍ കൈക്കൊണ്ടു.ഈ ഘട്ടത്തിലാണ് കേരളശാസ്ത്രസാഹിത്യ പരിഷത്ത് അദ്ദേഹത്തിനെതിരെ നിയമയുദ്ധത്തിനിറങ്ങിയത്.പരിഷത്ത് തനിക്കെതിരെ നല്‍കിയ അപകീര്‍ത്തി കേസ് തള്ളിക്കൊണ്ടുള്ള കോടതിവിധിയെ തുടര്‍ന്ന് 2007 ഒക്‌ടോബര്‍ 3ന് തൃശൂര്‍ പ്രസ്‌ക്ലബ്ബില്‍ പത്രസമ്മേളനം നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് എം.എന്‍.വിജയന്‍ അന്തരിച്ചത്.
സര്‍വസമ്മതമായ അഭിപ്രായങ്ങള്‍ മാത്രം പറഞ്ഞുകൊണ്ടിരിക്കുക  ഒരു ജൈവബുദ്ധിജീവിയുടെ ലക്ഷണമല്ല.എം.എന്‍.വിജയന്റെ സാഹിത്യസാംസ്‌കാരികരാഷ്ട്രീയ നിരീക്ഷണങ്ങളില്‍ പലതിനോടും പലര്‍ക്കും പല വിയോജിപ്പുകളുമുണ്ടാകാം.അദ്ദേഹത്തിന്റെ നിലപാടുകളില്‍ ചിലത് തെറ്റാണെന്നു തന്നെയും സ്ഥാപിക്കാന്‍ പ്രയാസമുണ്ടാവില്ല.പക്ഷേ,പത്ത് വീഴ്ചകള്‍ ചൂണ്ടിക്കാണിച്ചല്ല ജീവിതത്തില്‍ ശരിയുടെ വഴിയില്‍ അദ്ദേഹം സാധിച്ച നൂറുനൂറ് മുന്നേറ്റങ്ങളെ മുന്‍നിര്‍ത്തിയാണ് മഹാത്മജിയെ മനസ്സിലാക്കേണ്ടത്.എം.എന്‍.വിജയനെ മാത്രമല്ല ഏതൊരു മനുഷ്യനെയും ഒരു ജനത ഉള്‍ക്കൊള്ളേണ്ടത് ഇതേ മാനദണ്ഡം വെച്ചു തന്നെ.
എം.എന്‍.വിജയന്‍ എന്ന ഉന്നതശീര്‍ഷനായ മലയാളിബുദ്ധിജീവിയുടെ ധീരവും മൗലികവുമായ ചിന്താലോകങ്ങളെ മറവിക്ക് കൈമാറരുതെന്ന ദൃഢനിശ്ചയത്തോടെ ഇവിടെ ഒത്തുചേര്‍ന്നിരിക്കുന്ന എല്ലാവരോടുമുള്ള ആദരം ഒരിക്കല്‍ കൂടി അറിയിക്കുന്നു.
എന്‍.പ്രഭാകരന്‍
ഒക്‌ടോബര്‍ 10,2014

(2014 ഒക്‌ടോബര്‍ 10ന് ദുബായിയില്‍ എം.എന്‍ ,വിജയന്‍ അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന സമ്മേളനത്തിലേക്ക് അയച്ചുകൊടുത്തത്.)

Friday, June 13, 2014

വിചാരം

കാഴ്ചകളെല്ലാം നിശ്ചല ദൃശ്യങ്ങളായി മാറിത്തുടങ്ങുകയാണോ?ശബ്ദങ്ങളെല്ലാംതണുത്ത നിശ്ശബ്ദതയില്‍ താഴ്ന്നമര്‍ന്നുപോവുകയാണോ?വികസനം എന്നത് ഭയത്തിന്റെ പര്യായമായി എല്ലാ നിഘണ്ടുക്കളിലും എഴുതിച്ചേര്‍ക്കപ്പെടുകയാണോ?
മുറ്റത്തെ വാഴക്കയ്യില്‍ മൂകനായി ഇരിപ്പുണ്ട് ഒരു കരിങ്കാക്ക.

Saturday, June 7, 2014

സ്‌നേഹപൂര്‍വം

സുഹൃത്തുക്കളേ,
ഇറ്റിറ്റിപ്പുള്ള് താമസിയാതെ വീണ്ടും പറന്നു തുടങ്ങും.മിക്കവാറും മൂന്നോ നാലോ ദിവസത്തിനകം.

Friday, April 4, 2014

ഈ തിരഞ്ഞെടുപ്പ്‌ ഒരു തയ്യാറെടുപ്പ്‌ മാത്രം

ബി.ജെ.പിയെ മാറ്റി നിര്‍ത്തിയാല്‍,തിരഞ്ഞെടുപ്പിനു ശേഷംഅധികാരത്തിലേറാന്‍ പോവുന്ന രാഷ്ട്രീയ കക്ഷികളുടെ/ മുന്നണികളുടെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി വന്‍കിട മൂലധന ശക്തികളുടെ(അവയില്‍ പലതും ബഹുരാഷ്ട്ര കുത്തകകള്‍ തന്നെ) നിയന്ത്രണത്തെ എത്രത്തോളം ചെറുക്കാനാവും എന്നതാണ്‌.രാജ്യത്ത്‌ നിലവിലുള്ള നിയമങ്ങളെ പല വിധ തന്ത്രങ്ങളിലൂടെ മറികടന്ന്‌ സ്വന്തം തീരുമാനങ്ങള്‍ നടത്തി മുന്നേറുന്നതില്‍ ദശകങ്ങളുടെ അനുഭവ പരിചയമുള്ള വമ്പന്മാരെ നിലക്കു നിര്‍ത്താന്‍ അസാധാരണമായ നിശ്ചയദാര്‍ഢ്യമുള്ള ഒരു സര്‍ക്കാറിനു മാത്രമേ സാധ്യമാവൂ.പല സമ്പന്നവിദേശരാജ്യങ്ങളിലെയും ഭരണകൂടങ്ങള്‍ക്കു മേല്‍ പോലും സ്വാധീനം ചെലുത്താന്‍ ശേഷിയുള്ള വന്‍കിട സ്വകാര്യമൂലധന
 ശക്തികള്‍ക്ക്‌ രാജ്യത്തിന്റെ ആഭ്യന്തര സാമ്പത്തിക സ്ഥിതിയില്‍ സ്വേച്ഛയനുസരിച്ച്‌ പല കീഴ്‌മേല്‍ മറിച്ചിലുകളും സൃഷ്ടിക്കാന്‍ സാധിക്കും.അവയെയെല്ലാം എങ്ങനെ നേരിടാനാവുമെന്ന്‌ നിശ്ചയിക്കാന്‍ സാമ്പത്തിക കാര്യങ്ങളില്‍ അഗാധവും യാഥാര്‍ത്ഥ്യനിഷ്‌ഠവുമായ അറിവും ഒപ്പം സത്യസന്ധമായ കാഴ്‌ചപ്പാടും സമര്‍പ്പണ ബുദ്ധിയും ഉള്ളവരെ നേതൃത്വത്തിലെ താക്കോല്‍ സ്ഥാനങ്ങളില്‍ ഇരുത്താന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തയ്യാറാവണം.
ഇന്നത്തെ ലോകസാഹചര്യത്തില്‍ സമ്പൂര്‍ണമായ സാമ്പത്തിക സ്വാതന്ത്ര്യമെന്നത്‌ ലോകത്തിലെ ഏത്‌ രാജ്യത്തെ സംബന്ധിച്ചിടത്തോളവും ഒരസാധ്യതയാണ്‌.മറിച്ചുള്ള അവസ്ഥ ഇനിയങ്ങോട്ട്‌ പെട്ടെന്നൊന്നും പ്രതീക്ഷിക്കാനാവില്ല. ദേശീയ ഭരണകൂടങ്ങളുടെ പ്രാഥമികമായ ഉത്തരവാദിത്വം രാജ്യത്തിന്റെ വിഭവശേഷി കൊള്ളയടിക്കപ്പെടുന്നതിനെ പരമാവധി പ്രതിരോധിക്കുക എന്നതാണ്‌.ജലം,ധാതുനിക്ഷേപങ്ങള്‍,മണ്ണ്‌,മരങ്ങള്‍,കാര്‍ഷികോല്‌പന്നങ്ങള്‍ ഇവയില്‍ ഒന്നു പോലും കബളിപ്പിച്ച്‌ കടത്തിക്കൊണ്ടു പോവുകയോ രാജ്യത്തിനകത്തു തന്നെ ജനങ്ങളുടെ സമ്പത്ത്‌ മുഴുവന്‍ ഊറ്റിയെടുക്കും വിധം വിപണനം ചെയ്യപ്പെടുകയോ ചെയ്യുന്ന സ്ഥിതിവിശേഷത്തെ ഒരു തരത്തിലും അനുവദിച്ചു കൊടുക്കരുത്‌.ഭരണം കയ്യാളുന്നവര്‍ ധീരരും സത്യസന്ധരുമാണെങ്കില്‍ വലിയൊരു പരിധി വരെ ഇത്‌ സാധ്യമാവും.
സാംസ്‌കാരിക സ്വാശ്രയത്വം എന്നത്‌ സാമ്പത്തിക സ്വാശ്രയത്വത്തെക്കാള്‍ പല മടങ്ങ്‌ ശ്രമകരമാണ്‌ എന്ന്‌ 
കരുതുന്നവരാണെന്നു
 തോന്നുന്നു നമ്മുടെ യുവജനങ്ങളില്‍ ബഹുഭൂരിപക്ഷവും.ആഹാരശീലങ്ങള്‍,വസ്‌ത്രധാരണരീതികള്‍,കലയും സാഹിത്യവുമായി ബന്ധപ്പെട്ട സൗന്ദര്യസങ്കല്‌പങ്ങള്‍ ഇവയുടെയൊക്കെ കാര്യത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടത്‌ ആവശ്യമോ പ്രായോഗികമോ അല്ല.വിദേശ യാത്രകളും വിദേശത്തുള്ള തൊഴിലും ചെറുതോ വലുതോ ആയ കാലയളവിലുള്ള വിദേശവാസവുമെല്ലാം നാള്‍ക്കുനാള്‍ കൂടുതല്‍ കൂടുതല്‍ സാധാരണമായിക്കൊണ്ടിരിക്കുകയും രാജ്യാതിര്‍ത്തികള്‍ ഭേദിച്ച്‌ സമ്പത്തും വിവരങ്ങളും അനായാസമായി വിനിമയം ചെയ്യപ്പെടുകയും ചെയ്യുന്ന അവസ്ഥ യാഥാര്‍ത്ഥ്യമായി തീര്‍ന്നിരിക്കെ ഭാവുകത്വത്തിന്റെയും അഭിരുചികളുടെയും
കാര്യത്തിലുള്ള കൊള്ളക്കൊടുക്കലുകള്‍ വലിയ തോതില്‍
  സംഭവിച്ചുകൊണ്ടിരിക്കുക തന്നെ ചെയ്യും.അതിനിടയില്‍ നമ്മുടെ ശീലങ്ങളും താല്‌പര്യങ്ങളും കലാസൃഷ്ടികളും അടിച്ചമര്‍ത്തപ്പെടുകയോ ഓരങ്ങളിലേക്ക്‌ തള്ളിമാറ്റപ്പെടുകയോ ചെയ്യുന്നുവെന്നും നമ്മുടെ സാംസ്‌കാരികസ്വാതന്ത്ര്യം കവര്‍ന്നെടുക്കപ്പെടുന്നുവെന്നും ബോധ്യപ്പെടുമ്പോഴാണ്‌ നാം ന്യായമായും അസ്വസ്ഥരാവുകയും പ്രതിരോധത്തെ കുറിച്ച്‌ ആലോചിച്ച്‌ തുടങ്ങുകയും ചെയ്യുന്നത്‌.ഈ മേഖലയിലെ പ്രശ്‌നങ്ങള്‍ വളരെ ആഴത്തില്‍ പഠിക്കപ്പെടേണ്ടവയാണ്‌.പ്രശ്‌നങ്ങള്‍ വളരെ സങ്കീര്‍ണമായതുകൊണ്ടു തന്നെ പരിഹാരനിര്‍ദ്ദേശങ്ങളും എളുപ്പമല്ല.രാജ്യത്ത്‌ സാമ്പത്തികമായി ഏറ്റവും പിന്നോക്കം നില്‍ക്കുന്നവര്‍ക്കും സ്വതന്ത്രമായ ആവിഷ്‌ക്കാരങ്ങള്‍ സാധ്യമാവുകയും അവരുടെ സംസ്‌കാരത്തിലെ പാരമ്പര്യഘടകങ്ങള്‍ അവര്‍ക്ക്‌ ആവശ്യമായി തോന്നുന്ന കാലം വരെ അഭിമാനകരമായ വിധത്തില്‍ നിലനിര്‍ത്താനാവുകയും ചെയ്യുന്ന സാംസ്‌കാരിക പരിതോവസ്ഥ വലിയൊരളവോളം തകര്‍ക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്‌.ഫ്യൂഡലിസത്തില്‍ നിന്ന്‌ ആധുനിക കാലഘട്ടത്തിലേക്കുള്ള വളര്‍ച്ചയുടെ ഭാഗമായും പിന്നീട്‌ ആഗോളവല്‍ക്കരണഘട്ടത്തിലെ സാംസ്‌കാരികാധിനിവേശത്തിന്റെ ഭാഗമായും സംഭവിച്ച മാറ്റങ്ങള്‍ അടിത്തട്ടിലുള്ളവരുടെ തനതായ സാംസ്‌കാരിക ഘടകങ്ങളില്‍ പലതിനെയും ഇല്ലായ്‌മ ചെയ്യുകയും ചിലതിനെ തികച്ചും നിര്‍വീര്യമാക്കുകയും മറ്റ്‌ ചിലതിനെ വിപണിയെ ലക്ഷ്യം വെക്കുന്ന ഉല്‌പന്നങ്ങളാക്കി മാറ്റുകയും ചെയ്‌തിട്ടുണ്ട്‌.ഈ മാറ്റത്തില്‍ നിന്ന്‌ അവയെ പഴയ അവസ്ഥയിലേക്ക്‌ തിരിയെ കൊണ്ടുപോവുക അസാധ്യമാണ്‌.ബാഹ്യസമ്മര്‍ദ്ദങ്ങളോട്‌ പ്രതികരിക്കുന്നതിലും സ്വന്തം സാംസ്‌കാരിക വ്യക്തിത്വത്തിന്റെ ഘടകങ്ങളെ പരിവര്‍ത്തിപ്പിക്കുന്നതിലും പരിവര്‍ത്തിപ്പിക്കാതിരിക്കുന്നതിലുമെല്ലാം സ്വയം തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനുള്ള സാമ്പത്തികശേഷിയും ആത്മബലവും ഉണ്ടാക്കിക്കൊടുക്കുന്നതിലാണ്‌ ഭരണകൂടം സാധാരണജനങ്ങളെ സഹായിക്കേണ്ടത്‌.ഇത്‌ വളരെ ഗൗരവവാഹമായ വലിയ ഉത്തരവാദിത്വമാണ്‌.സാംസ്‌കാരികതലത്തില്‍ ആത്മവിശ്വാസം കൈവരിച്ചു കഴിഞ്ഞ ഒരു ജനതയെ ഒരു അധിനവേശശക്തിക്കും എളുപ്പത്തില്‍ കബളിപ്പിക്കാനോ കീഴടക്കാനോ ആവില്ല.
സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ വിവിധ മേഖലകളില്‍ നമ്മുടെ ജനത ഗണ്യമായ പുരോഗതി കൈവരിച്ചു കഴിഞ്ഞിട്ടുണ്ട്‌.കേരളത്തിലാണെങ്കില്‍ ഉയര്‍ന്നതോ ഭേദപ്പെട്ടതോ ആയ ജീവിതനിലവാരം കൈവരിച്ചു കഴിഞ്ഞവരാണ്‌ പാതിയോളം പേരെങ്കിലും.ഉദ്യോഗസ്ഥന്മാര്‍ക്ക്‌ ചെറുതല്ലാത്ത ശമ്പളവും മറ്റ്‌ ആനുകൂല്യങ്ങളുമുണ്ട്‌.കച്ചവടക്കാരില്‍ വലിയൊരു വിഭാഗം മെച്ചപ്പെട്ട വരുമാനമുണ്ടാക്കുന്നുണ്ട്‌.കൂലിപ്പണിക്കാര്‍ക്ക്‌ ഭേദപ്പെട്ട കൂലി കിട്ടുന്നുണ്ട്‌.എല്ലാവരും സാക്ഷരരാണ്‌.ടി.വിയും കംപ്യൂട്ടറും വലിയൊരു വിഭാഗം ജനങ്ങള്‍ക്കും പരിചിതമാണ്‌.വിനോദവ്യവസായം വളര്‍ന്നുകൊണ്ടിരിക്കുന്നുണ്ട്‌.ഒരു പാടാളുകള്‍ രാജ്യത്തിനകത്തും പുറത്തുമൊക്കെയായി സഞ്ചരിക്കുന്നുണ്ട്‌.പുതിയ 
ഷോപ്പിംഗ്‌ മാളുകളും
 അപ്പാര്‍ട്ടുമെന്റുകളും സംസ്ഥാനത്തുടനീളം ഉയര്‍ന്നു വരുന്നുണ്ട്‌.ഓരോ ദിവസവും ഈ സംസ്ഥാനം കോടിക്കണക്കിന്‌ രൂപയുടെ മദ്യം കഴിച്ച്‌ രസിക്കുകയും നശിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്‌. എല്ലാം ശരി തന്നെ.പക്ഷേ,ഏറ്റവും സാധാരണക്കാരായ മനുഷ്യര്‍ അവരുടെ ഏറ്റവും ചെറുതും ന്യായവുമായ ആവശ്യങ്ങള്‍ക്കു വേണ്ടി പോലും ഭരണകൂട സ്ഥാപനങ്ങളെ സമീപിച്ചാല്‍ യാതൊരു സഹായവും കിട്ടാതെ വരിക എന്നത്‌ ഇപ്പോഴും ഇവിടെ സര്‍വസാധാരണമാണ്‌.നിര്‍ധനരായ മനുഷ്യര്‍ ഏതെങ്കിലും കേസിലോ കോടതി വ്യവഹാരങ്ങളിലോ ചെന്നു പെട്ടാല്‍ അവര്‍ക്ക്‌ സഹായം നല്‍കാനുള്ള സംവിധാനങ്ങള്‍ ഇന്നും നാമമാത്രമാണ്‌.ജനങ്ങള്‍ക്ക്‌ സൗജന്യവൈദ്യസഹായം നല്‍കാന്‍ ഉദ്ദേശിച്ചുള്ള സര്‍ക്കാര്‍ ആശുപത്രികളുടെ സ്ഥിതി ഇപ്പോഴും ദയനീയമാണ്‌.ജില്ലാ ആശുപത്രികളില്‍ പോലും പല വകുപ്പുകളിലും ചികിത്സാസൗകര്യങ്ങള്‍ പോയിട്ട്‌ ഡോക്ടര്‍മാര്‍ പോലും ഇല്ല.പാവപ്പെട്ടവരില്‍ പലരും വലിയ രോഗങ്ങള്‍ വന്നാല്‍ ചികിത്സാസഹായം തേടാന്‍ നിവൃത്തിയില്ലാതെ അറിഞ്ഞുകൊണ്ട്‌ മരണത്തിലേക്ക്‌ നടന്നു നീങ്ങുന്നുവെന്നത്‌ ദു:ഖകരമായ ഒരു വാസ്‌തവമാണ്‌.
വന്‍കിടക്കാരുടെ കോടിക്കണക്കിനുള്ള വായ്‌പ എഴുതിത്തള്ളുമ്പോള്‍ പാവപ്പെട്ട ഒരാള്‍ സ്വന്തം കുട്ടിയുടെ വിദ്യാഭ്യാസത്തിനു വേണ്ടി എടുത്ത വായ്‌പ തിരിച്ചടക്കാനാവാതെ ജയിലില്‍ പോവേണ്ടി വരുന്നതിനെ നിര്‍വികാരമായി കണ്ടു നില്‍ക്കാന്‍ കഴിയുന്ന സമൂഹമാണ്‌ നമ്മുടേത്‌.വി.സിയും റജിസ്‌ട്രാറും അധ്യാപകരും ജീവനക്കാരുമെല്ലാം നല്ല ശമ്പളം വാങ്ങി ഇരിക്കുന്ന യൂനിവേഴ്‌സിറ്റിയില്‍ നിന്ന്‌ റിസല്‍ട്ട്‌ വന്ന്‌ രണ്ട്‌ വര്‍ഷം കഴിഞ്ഞിട്ടും ഒരു   വിദ്യാര്‍ത്ഥിക്ക്‌ മാര്‍ക്‌ ലിസ്റ്റ്‌ കിട്ടുന്നില്ലെന്നതിലോ,ഗവേഷണത്തിനുള്ള അപേക്ഷ അംഗീകരിക്കപ്പെട്ടതിനു ശേഷം ഒരു വര്‍ഷം കഴിഞ്ഞിട്ടും ഗവേഷണാര്‍ത്ഥിക്ക്‌ റജിസ്‌ട്രേഷന്‍ കിട്ടുന്നില്ലെന്നതിലോ ബന്ധപ്പെട്ടവരാരും ഒരപാകതയും കാണുന്നില്ല.ഒരു വിദ്യാര്‍ത്ഥി സംഘടനയും ഇത്തരം പ്രശ്‌നങ്ങളുടെ പേരില്‍ സമരം ചെയ്യുന്നില്ല.
പീഡിതയായ ഒരു പാവപ്പെട്ട പെണ്‍കുട്ടിക്ക്‌ എത്രയും വേഗം നീതി ലഭ്യമാക്കുക എന്നത്‌ വലിയൊരു സാമൂഹ്യാവശ്യമായി നീതിപീഠങ്ങള്‍ക്കു മുന്നില്‍ ഉന്നയിക്കപ്പെടുന്നത്‌ ദല്‍ഹി പെണ്‍കുട്ടിയുടെ കാര്യത്തിലെന്നതു പോലെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ സന്ദര്‍ഭങ്ങളില്‍ മാത്രമേ നാം കാണുന്നുള്ളൂ.ഉയര്‍ന്ന അധികാരങ്ങള്‍ കയ്യാളുന്നവരും സമ്പന്നരും സമൂഹത്തില്‍ വലിയ സ്വാധീനശക്തിയുള്ളവരും പ്രതിസ്ഥാനത്തു വരുമ്പോള്‍  കാര്യങ്ങള്‍ കുഴഞ്ഞുമറിയുന്നതും നീതിയുടെ നിര്‍വഹണം അനന്തമായിട്ടെന്ന പോലെ നീട്ടിവെക്കപ്പെടുന്നതും നാം കാണുന്നു.പീഡിതര്‍ നിന്ദിക്കപ്പെടുകയും വഞ്ചിക്കപ്പെടുകയും ചെയ്യുന്ന സമാനസന്ദര്‍ഭങ്ങളിലെല്ലാം രാഷ്ട്രീയ പാര്‍ട്ടികള്‍ ഫലപ്രദമായി ഒന്നും ചെയ്യാനാവാതെ രംഗം വിടുകയോ ചിലപ്പോള്‍ തികച്ചും ഉദാസീനരായി അങ്ങോട്ട്‌ തിരിഞ്ഞു നോക്കാതിരിക്കുയോ ചെയ്യുന്നു.സര്‍വമാന രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തുള്ളപ്പോള്‍ തന്നെയാണ്‌ കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ രോഗികളുടെ പ്രശ്‌നം അവിടത്തെ സന്നദ്ധസംഘടനകളും കക്ഷിരാഷ്ട്രീയബന്ധമില്ലാത്ത മനുഷ്യസ്‌നേഹികളും ലോകശ്രദ്ധയിലേക്ക്‌ കൊണ്ടു വന്നത്‌.
മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും അവയുടെ പോഷകസംഘടനകളുമെല്ലാം സ്വന്തം ആസ്‌തിയും ആള്‍ബലവും വര്‍ധിപ്പിക്കാന്‍ സഹായകമാവുന്ന സ്ഥാപനങ്ങള്‍ വളര്‍ത്തിയെടുക്കുന്നതില്‍ മാത്രം ദത്തശ്രദ്ധരായിരിക്കുന്നവരാണ്‌.അവരുടെ കണ്ണില്‍ പെടാത്ത അനുഭവമേഖലകളിലെ മനുഷ്യരാണ്‌ യഥാര്‍ത്ഥ രാഷ്ട്രീയത്തിനു വേണ്ടി നിലവിളിക്കുന്നത്‌.സൈദ്ധാന്തിക സമ്പന്നതയോ
  പാണ്ഡിത്യമോ ഒന്നുമല്ല,ആ നിലവിളി കേള്‍ക്കുന്നതിലുള്ള ജാഗ്രതയും അവരുടെ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണുന്നതിനുള്ള ഇടപെടലുകള്‍ക്കുള്ള സന്നദ്ധതയുമാണ്‌ ജനങ്ങള്‍ 'ആം ആദ്‌മി പാര്‍ട്ടി'യില്‍ നിന്ന്‌ പ്രതീക്ഷിക്കുന്നത്‌.ആ പ്രതീക്ഷക്കൊത്ത്‌ വളരാനുള്ള തയ്യാറെടുപ്പ്‌ മാത്രമായിരിക്കണം കേരളത്തെ സംബന്ധിച്ചിടത്തോളമെങ്കിലും തിരഞ്ഞെടുപ്പിലെ 'ആം ആദ്‌മി' സാന്നിധ്യം.

Monday, March 24, 2014

സമയം

താന്‍ ഉള്‍പ്പെടുന്ന പാര്‍ട്ടിയുടെ നിലനില്‌പ്‌,തിരഞ്ഞെടുപ്പില്‍ അതിന്റെ സാധ്യതകള്‍,തല്‍ക്കാല പരിതസ്ഥിതിയില്‍ പാര്‍ട്ടിക്കുള്ളില്‍ ഒരു പോരാട്ടം മുന്നോട്ടു കൊണ്ടുപോകാവുന്നതിന്റെ അവസാനപരിധി  എന്നിവയൊക്കെ പരിഗണിച്ചാണ്‌ ടി.പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട്‌ പാര്‍ട്ടി നടത്തിയതായി അവകാശപ്പെടുന്ന അന്വേഷണത്തെ പറ്റി വി.എസ്‌ അഭിപ്രായം പറഞ്ഞത്‌.ആ പറച്ചില്‍ അതിര്‌ വിട്ടു എന്നതും അതില്‍ അദ്ദേഹത്തെ പോലുള്ള ഒരാളില്‍ നിന്ന്‌ ജനങ്ങള്‍ പ്രതീക്ഷിക്കുന്ന മിതത്വവും മാന്യതയും കാണാനായില്ല എന്നതും വേദനാജനകമായ ഒരു വസ്‌തുതയാണ്‌.എങ്കിലും അത്‌ വളരെ വലിയ ഒരു കുറ്റമായിപ്പോയി എന്നു ഞാന്‍ കരുതുന്നില്ല.ചില കടത്തിപ്പറച്ചിലുകള്‍ ചില സന്ദര്‍ഭങ്ങളില്‍ ആര്‍ക്കും സംഭവിച്ചുപോകാവുന്നതാണ്‌.പിന്നെ പ്രായോഗികതയുമായി ബന്ധപ്പെട്ട പരിഗണനകളാണ്‌ വി.എസ്‌ ഉള്‍പ്പെടെയുള്ള പല നേതാക്കളുടെയും അഭിപ്രായ രൂപീകരണത്തെ അന്തിമമായി സ്വാധീനിക്കുന്നത്‌.അവരില്‍ നിന്ന്‌ അതില്‍ കൂടുതലായി വലിയ അളവില്‍ ഒന്നും പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല.വി.എസ്സിന്റെ നിലപാടുകളെ ആശ്രയിച്ചല്ല ആര്‍.എം.പി അതിന്റെ രാഷ്ട്രീയഭാവിയെ കുറിച്ച്‌ സ്വപ്‌നങ്ങള്‍ കാണേണ്ടത്‌. സ്വന്തമായി ഒരു രാഷ്ട്രീയ ദര്‍ശനം കരുപ്പിടിപ്പിക്കാനാവുമോ എന്ന വലിയ വെല്ലുവിളിയാണ്‌ ആര്‍.എം.പിയുടെ മുന്നിലുള്ളത്‌.അത്‌ സാധ്യമാവുന്നതിന്റെ ലക്ഷണങ്ങളൊന്നും ആ പാര്‍ട്ടി പ്രകടിപ്പിക്കുന്നതായി കാണുന്നില്ല.ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ കമ്യൂണിസ്റ്റ്‌ ദര്‍ശനത്തിന്റെയും പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെയും പഴയ ചാലുകളില്‍ നിന്ന്‌ വഴി മാറി നടക്കാന്‍ തയ്യാറാവാത്ത ഒരു പാര്‍ട്ടിക്കും ഇപ്പോള്‍്‌ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിക്ക്‌ ഉള്ള അത്രയും പിന്തുണ നേടാനാവില്ല.ടി.പി യുടെ കൊലപാതകം കേരള രാഷ്ട്രീയത്തില്‍ ദീര്‍ഘകാലം ഓര്‍മിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യും.അതിന്റെ വേദനയില്‍ നിന്നും രോഷത്തില്‍ നിന്നും അദ്ദേഹത്തിന്റെ പഴയ സഖാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മോചനം സാധ്യമാവുകയുമില്ല.പക്ഷേ,അതില്‍ നിന്നു മാത്രം ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക്‌ ജനപിന്തുണ നേടി വളരാനാവില്ല.1964 ലെ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി പരിപാടിയില്‍ മുറുകെ പിടിച്ച്‌ ഇക്കാലത്ത്‌ ഒരു പ്രസ്ഥാനത്തിന്‌ അതിന്റെ പ്രസക്തി ബോധ്യപ്പെടുത്താനാവില്ല.
രൂപീകരണ ഘട്ടത്തിലെ എല്ലാ അവശതകളും അവ്യവസ്ഥിതത്വും പ്രകടിപ്പിക്കുന്ന ആം ആദ്‌മി പാര്‍ട്ടി അതിന്റെ ബാലാരിഷ്ടതകളില്‍ നിന്ന്‌ മോചനം നേടാന്‍ എടുക്കുന്ന സമയമായിരിക്കും പുതിയ സാഹചര്യത്തില്‍ രാജ്യത്തെ യഥാര്‍ത്ഥ ജനകീയ രാഷ്ട്രീയത്തിന്റെ രൂപീകരണത്തിനു വേണ്ടി വരുന്ന സമയം.സ്വയം നിര്‍ണയനത്തിന്റെയും വളര്‍ച്ചയുടെയും ഭാഗമായി ആം ആദ്‌മിയുടെ ദര്‍ശനത്തിലും ഘടനയിലുമെല്ലാം ഒരു പാട്‌ മാറ്റങ്ങള്‍ വരേണ്ടതുണ്ട്‌.തിരഞ്ഞെടുപ്പ്‌ രാഷ്ട്രീയത്തിലെ അനുഭവപാഠങ്ങള്‍ അത്തരം മാറ്റങ്ങളെ യാഥാര്‍ത്ഥ്യമാക്കിത്തീര്‍ക്കാന്‍ പാര്‍ട്ടിയെ സഹായിക്കുമെന്നാണ്‌ ഞാന്‍ കരുതുന്നത്‌.
23/3/2014 

Wednesday, March 12, 2014

ബുദ്ധിജീവികള്‍/വിഡ്ഡികള്‍

ചിലര്‍ ജന്മനാ വിഡ്ഡികളായിരിക്കും
ചിലര്‍ അതിബുദ്ധി കാരണം
വിഡ്ഡികളെ വെല്ലുന്ന വിഡ്ഡികളായിത്തീരും.
കേരളത്തിലെ ചില എം.എല്‍.എ മാരെയും ഭാസുരേന്ദ്രബാബു,മാധവന്‍കുട്ടി,രാഹുല്‍ ഈശ്വര്‍ തുടങ്ങിയ ചര്‍ച്ചാവിദഗ്‌ധരെയും ടെലിവിഷന്‍ ചാനലുകളില്‍ പലവുരു കണ്ടപ്പോള്‍ തോന്നിപ്പോയതാണ്‌ മുകളില്‍ കുറിച്ച വരികള്‍.കോടതിയില്‍ വാദിച്ച്‌ ജയിക്കേണ്ടതോ,അപ്രതീക്ഷിത യുക്തികള്‍ ഉപയോഗിച്ച്‌ എതിരാളികളെ പരാജയപ്പെടുത്തേണ്ടതോ,ചിരിച്ചു തോല്‌പിച്ചതായി ഭാവിച്ച്‌ സ്ഥാപിച്ചെടുക്കേണ്ടതോ അല്ല ഈ ലോകത്തിലെ പല സംഗതികളും.ഇന്ദ്രിയങ്ങള്‍ വഴി ലഭ്യമാവുന്നവയും സാമാന്യബുദ്ധിയാല്‍ ഗ്രഹിക്കുന്നവയും വിശ്വസനീയമെന്ന്‌ നമുക്ക്‌ ബോധ്യമുള്ള സ്രോതസ്സുകളില്‍ നിന്ന്‌ കൈവരുന്നവയും ഒക്കെയായ വിവരങ്ങളെ അടിസ്ഥാനമാക്കി നാളതുവരെയുള്ള ലോകപരിചയത്തിന്റെയും വിവേചനശേഷിയുടെയും അടിസ്ഥാനത്തില്‍ പരിശോധിച്ചും വിശകലനം ചെയ്‌തുമൊക്കെയാണ്‌ എല്ലാ മനുഷ്യരും ചുറ്റിലുമുള്ള ലോകത്ത്‌ സംഭവിക്കുന്ന കാര്യങ്ങളെ കുറിച്ച്‌ പ്രാഥമിക തലത്തില്‍ ചില ധാരണകള്‍ സ്വരൂപിക്കുന്നത്‌.പിന്നീട്‌ പ്രത്യയശാസ്‌ത്രത്തിന്റെ അല്ലെങ്കില്‍ സ്വന്തം ജീവിത ദര്‍ശനത്തിന്റെ സഹായത്തോടെ ഈ ധാരണകളെ കുറിച്ച്‌ കൂടുതല്‍ ഉയര്‍ന്ന ധാരണകളില്‍ ഒരാള്‍ എത്തിച്ചേര്‍ന്നേക്കാം.അത്രക്കൊന്നും ആവശ്യമില്ല എന്നു തോന്നുന്ന സംഗതികളെ കുറിച്ച്‌ പ്രാഥമിക ധാരണകള്‍ കൊണ്ടു തന്നെ ഒരാള്‍ക്ക്‌ തൃപ്‌തിപ്പെടുകയും ചെയ്യാം.ഏറ്റവും സാധാരണന്മാരായ മനുഷ്യര്‍ക്കുപോലും സാധ്യമാവുന്ന ഈ സത്യസന്ധതയുടെ നാലയലത്തുപോലും ബുദ്ധിജീവികളായ പലരും എത്തിച്ചേരുന്നില്ലെന്നത്‌ ദു:ഖകരമായ ഒരു വാസ്‌തവമാണ്‌.
സ്വന്തം പദവി,തൊഴില്‍,വരുമാനം,ഭൗതിക സുഖസൗകര്യങ്ങള്‍ ഇവയൊക്കെ സംരക്ഷിക്കുന്നതിനു വേണ്ടി ഒരാള്‍ ഏത്‌ വാസ്‌തവത്തിനു നേരെയും വിചിത്രമായ യുക്തികളെയും ആ യുക്തികളുടെ അവതരണം ആവശ്യപ്പെടുന്ന ശരീര ചലനങ്ങളെയും ആശ്രയിക്കുമ്പോള്‍ കേട്ടും കണ്ടും നില്‍ക്കുന്നവര്‍ക്ക്‌ സ്വയം അപമാനിതരാവുന്നതുപോലെ തോന്നും.സ്വര്‍ത്ഥ ലക്ഷ്യങ്ങളൊന്നുമില്ലാതെ ഒരു ചാനല്‍ ചര്‍ച്ച കേള്‍ക്കാനിരിക്കുന്നവരെ ഇത്തരത്തില്‍ അപമാനിക്കുന്ന ബുദ്ധിജീവികള്‍ മനുഷ്യന്റെ ചിന്താശേഷിയുടെ ഏറ്റവും സ്വാഭാവികമായ ചലനങ്ങളെ പ്രതിരോധിക്കാനും പരിഹസിക്കാനുമാണ്‌ ശ്രമിക്കുന്നത്‌.
പ്രത്യയശാസ്‌ത്രം തല കീഴ്‌മറിഞ്ഞ ലോകബോധ്യമായിത്തീരാനുള്ള സാധ്യത ബുദ്ധിശക്തിയെ വ്യവസ്ഥാവിരുദ്ധമായി പ്രവര്‍ത്തിപ്പിച്ച്‌ ശീലിച്ചിട്ടില്ലാത്ത സാധാരണക്കാരുടെ കാര്യത്തില്‍ കൂടുതലായിരിക്കാം.പക്ഷേ,വളരെ വിപ്ലവകരമായി ചിന്തിക്കുന്നതായി ഭാവിക്കുന്നവര്‍ തങ്ങളുടെ ലോകബോധ്യത്തെ തലകീഴാക്കി നിര്‍ത്തിയാണ്‌ സ്വന്തം പദവികളും സ്ഥാനമാനങ്ങളും വരുമാന സാധ്യതകളുമൊക്കെ പരിരക്ഷിച്ചുപോരുന്നത്‌ എന്നത്‌ അതിലും വലിയ വാസ്‌തവമാണ്‌.
സാധാരണ മനുഷ്യര്‍ അവരുടെ സഹജാവബോധം കൊണ്ടും സമകാലിക സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ചുള്ള അറിവിന്റെ അടിസ്ഥാനത്തിലും ആനുകാലിക സംഭവങ്ങളെ കുറിച്ച്‌ സ്വരൂപിക്കുന്ന ധാരണകളെ സ്വന്തം രാഷ്ട്രീയ ശാഠ്യങ്ങളും അതിലേറെ രാഷ്ട്രീയ അധികാരകേന്ദ്രങ്ങളോടുള്ള നിര്‍ലജ്ജമായ വിധേയത്വവും കാരണമായി നിരോധിച്ചു മുന്നേറുന്ന ബുദ്ധിജീവികളെയും ജനപ്രതിനിധികളെയും കാണുമ്പോള്‍ ഈ കോമാളിത്തം കണ്ടുനില്‍ക്കാന്‍ പിന്നെയും പിന്നെയും പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്ന തന്നിലെ ക്ഷുദ്രകൗതകത്തെ ഏതൊരു സാധാരണ മനുഷ്യനും ശപിച്ചുപോവുക തന്നെ ചെയ്യും. 

Tuesday, March 11, 2014

ഒരു കുട്ടിക്കഥ

ഇന്നലെ സന്ധ്യക്ക്‌ തന്ത്രമാണിക്യന്‍ എന്നു പേരായ കുറുക്കനെ കണ്ടു.നീണ്ട ഇടവേളക്കു ശേഷമുള്ള കൂടിക്കാഴ്‌ചയാണ്‌.
"ഹലോ ...എന്തൊക്കെയുണ്ട്‌?കണ്ടിട്ടൊരുപാട്‌ കാലമായല്ലോ?" ഞാന്‍ ചോദിച്ചു.
"ഇലക്‌ഷന്‍ കാലമല്ലേ?ഭയങ്കര തിരക്കാണ്‌" തന്ത്രമാണിക്യന്‍ പറഞ്ഞു.
"എന്താ ഇത്ര തിരക്ക്‌?"
" ഉപായങ്ങള്‍ പഠിക്കാന്‍ എല്ലാ പാര്‍ട്ടിക്കാരും തിക്കിത്തിരക്കിയെത്തുന്നു.മേലേടത്ത്‌ കാവിനപ്പുറത്തെ കുറ്റിക്കാട്ടില്‍ ഞാനൊരു പുതിയ ഓഫീസ്‌ തുറന്നിട്ടുണ്ട്‌" തന്ത്രമാണിക്യന്‍ പറഞ്ഞു തീര്‍ന്നില്ല, 
ഇടവഴിക്കപ്പുറത്ത്‌ അതിഭയങ്കരമായ സ്‌ഫോടനശബ്ദം കേട്ട്‌ ഞാന്‍ കിടുങ്ങിപ്പോയി.
"ബോംബ്‌ പൊട്ടിയതാണ്‌" യാതൊരു കൂസലുമില്ലാതെ തന്ത്രമാണിക്യന്‍ തുടര്‍ന്നു:"ഒരു മുഴുത്ത നാടന്‍ കോഴിയെ പ്രതിഫലമായി സ്വീകരിച്ച്‌ ഞാന്‍ പറഞ്ഞു കൊടുത്ത വിദ്യ പ്രയോഗിച്ചതാണ്‌.സംഗതി വര്‍ഗീയമാവും.ആളിപ്പടരും."ആഹ്ലാദ സൂചകമായി ചെറുതായൊന്നു കൂവി കക്ഷി വാലും കുലുക്കി സ്ഥലം വിട്ടു.
11/3/2014 

Saturday, March 8, 2014

വിദൂര നമസ്‌ക്കാരം!

രാഷ്ട്രീയ ചര്‍ച്ചകളിലെ ഭാസുരേന്ദ്രബാബുവിനെ മാതാ അമൃതാനന്ദമയീമഠ ചര്‍ച്ചയിലെ രാഹുല്‍ ഈശ്വര്‍ ബഹുദൂരം പിന്നിലാക്കിയിരിക്കുന്നു.ഇരുവര്‍ക്കും വിദൂര നമസ്‌ക്കാരം!ബുദ്ധിജീവികളായി ഭാവിക്കുന്ന ചതുരന്മാരെ(വിഡ്ഡികളെ?)നേരിടാന്‍ മാധ്യമ ചര്‍ച്ചകളിലെത്തുന്ന യഥാര്‍ത്ഥ ബുദ്ധിജീവികള്‍ക്കും ശുദ്ധഹൃദയര്‍ക്കും വല്ലാതെ സാഹസപ്പെടേണ്ടി വരും.
8/3/2014 

കേരളത്തില്‍ ആം ആദ്‌മി പാര്‍ട്ടിയുടെ ഭാവി

ആം ആദ്‌മി പാര്‍ട്ടി വി.എസ്സിനെ പാര്‍ട്ടിയിലേക്ക്‌ ക്ഷണിച്ചതും ആര്‍.എം.പി
  വി.എസ്‌ തങ്ങളുടെ നേതൃത്വം ഏറ്റെടുക്കുമെന്ന്‌ പ്രതീക്ഷിച്ചതും അനാവശ്യം എന്നതിലുപരി വിഡ്ഡിത്തം തന്നെയാണ്‌.ഏത്‌ പാര്‍ട്ടിയായാലും അത്‌ മറ്റൊരു പാര്‍ട്ടിയിലെ ഒരു നേതാവിനെ തങ്ങളുടെ നേതൃത്വത്തിലേക്ക്‌ ക്ഷണിക്കുന്നതിനെ തികച്ചും പരിഹാസ്യമായി മാത്രമേ ജനങ്ങള്‍ കാണുകയുള്ളൂ.ആം ആദ്‌മി പാര്‍ട്ടി രാജ്യത്തിന്റെ തലസ്ഥാന നഗരിയിലെ ജനങ്ങളുടെ വിശ്വാസം ഏറ്റുവാങ്ങി അധികാരത്തിലെത്തുകയും ഏതാനും നാളുകള്‍ക്കുള്ളില്‍ തന്നെ പാര്‍ട്ടി എത്രമേല്‍ സത്യസന്ധമായി ജനങ്ങളോടൊപ്പം നില്‍ക്കുമെന്ന്‌ തെളിയിക്കുകയും ചെയ്‌തതാണ്‌.അങ്ങനെയുള്ള ഒരു പാര്‍ട്ടി ഒരു നേതാവിനെയും അങ്ങോട്ടു സമീപിച്ച്‌ തങ്ങളുടെ നേതൃത്വത്തിലേക്ക്‌ ക്ഷണിക്കേണ്ട ആവശ്യമില്ല.ആം ആദ്‌മി പാര്‍ട്ടിക്ക്‌ നേതൃക്ഷാമം അനുഭവപ്പെടുന്നുവെങ്കില്‍ അത്‌ ആ പാര്‍ട്ടി സ്വന്തം നിലക്ക്‌ പരിഹരിക്കേണ്ടതാണ്‌.മറ്റൊരു പാര്‍ട്ടിയില്‍ ദീര്‍ഘകാലം പ്രവൃത്തിച്ച്‌ വിപുലമായ ജനപിന്തുണ നേടിയ ഒരാള്‍ സ്വമനസ്സാലേ ആം ആദമിയിലേക്ക്‌ വരുന്നെങ്കില്‍ തീര്‍ച്ചയായും അതിനെ സഹര്‍ഷം സ്വാഗതം ചെയ്യാം.അതില്‍ കവിഞ്ഞ്‌ ഏതെങ്കിലും നേതാവിനോട്‌ വിധേയത്വം പ്രകടിപ്പിക്കുന്നത്‌ പാര്‍ട്ടിയുടെ അന്തസ്സിന്‌ നിരക്കുന്ന നടപടിയല്ല.
ആര്‍.എം.പി ടി.പി.ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വി.എസ്‌ സ്വീകരിച്ചു പോന്ന നിലപാടിനെ സ്വാഗതം ചെയ്‌തുപോന്നതില്‍ അസ്വാഭാവികമായി ഒന്നുമില്ല.പക്ഷേ,സി.പി.എം വിട്ടുവരുന്ന വി.എസ്സിനെ കാത്തുള്ള ആര്‍.എം.പിയുടെ നില്‌പ്‌ യഥാര്‍ത്ഥത്തില്‍ വളരെ ദയനീയമായിരുന്നു.ഒരു പാര്‍ട്ടി എന്ന നിലയില്‍ നയപരിപാടികളില്‍ മാര്‍കിസ്റ്റ്‌ പാര്‍ട്ടിയില്‍ നിന്ന്‌ തങ്ങള്‍ അടിസ്ഥാനപരമായി എങ്ങനെ വേറിട്ടു നില്‍ക്കുന്നു എന്ന്‌ തെളിയിച്ചു കാണിക്കുന്ന പ്രവൃത്തികളിലേക്ക്‌ നീങ്ങാന്‍ ആര്‍.എം.പിക്ക്‌ നാളിതുവരെയായും സാധിച്ചിട്ടില്ല. .അതുകൊണ്ടു തന്നെയാണ്‌ ആ പാര്‍ട്ടി നിന്നിടത്തു തന്നെ നില്‍ക്കുന്ന പ്രതീതി സൃഷ്ടിക്കുന്നത്‌.കേരളത്തിലെ കക്ഷിരാഷ്ട്രീയ സാഹചര്യം ഉരുക്കുപോലെ ഉറച്ചതാണ്‌.സി.പി.ഐ(എം),സി.പി.ഐ,കോണ്‍ഗ്രസ്‌,കേരളാ കോണ്‍ഗ്രസ്‌,മുസ്ലീം ലീഗ്‌ എന്നീ പാര്‍ട്ടികള്‍ക്കെല്ലാം ഏത്‌ സാഹചര്യത്തിലും പാര്‍ട്ടിയുടെ പിന്നില്‍ അടിയുറച്ചു നില്‍ക്കുന്ന വിശ്വാസി സമൂഹം നിലനില്‍ക്കുന്ന നാടാണിത്‌.തമിഴ്‌നാട്ടിലൊഴിച്ച്‌ മറ്റെവിടെയും ജനങ്ങളുടെ കക്ഷിരാഷ്ട്രീയബന്ധം ഇത്രമേല്‍ ദൃഢവും യാഥാസ്ഥിതികവുമാണെന്നു തോന്നുന്നില്ല.ഈ സ്ഥിതി മാറ്റിയെടുക്കാന്‍ ഉതകുന്ന രാഷ്ട്രീയ വിദ്യാഭ്യാസം ജനങ്ങള്‍ക്ക്‌ നല്‍കുക എന്ന അത്യന്തം ശ്രമകരമായ ജോലി ഏറ്റെടുക്കുന്നതില്‍ എത്രത്തോളം മുന്നോട്ടുപോവാന്‍ കഴിയും എന്നതിനെ ആശ്രയിച്ചിരിക്കും കേരളത്തില്‍ ആം ആദ്‌മി പാര്‍ട്ടിയുടെ ഭാവി.രാഷ്ട്രീയം എന്നതിന്‌ അധികാരം ലഭിച്ചാലും ഇല്ലെങ്കിലും ഭരണത്തില്‍ പല വിധ ഇടപെടലുകള്‍ക്ക്‌ സാധ്യതയുള്ള കക്ഷിയുമായി ചേര്‍ന്നു നിന്ന്‌ എന്തെങ്കിലും സ്വകാര്യലാഭമുണ്ടാക്കുക എന്നു മാത്രം അര്‍ത്ഥം കല്‌പിക്കുന്നവരാണ്‌ കേരളജനതയിലെ മഹാഭൂരിപക്ഷവും.അവരുടെ രാഷ്ട്രീയസങ്കല്‌പത്തില്‍ അടിസ്ഥാനപരമായ മാറ്റം വരുത്തുക എളുപ്പമല്ല.എങ്കിലും ആ വഴിക്ക്‌ ശ്രമിക്കുകയല്ലാതെ പുതിയൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ മുന്നില്‍ മറ്റ്‌ വഴികള്‍ ഒന്നും തന്നെയില്ല.ആശയ രംഗത്തെ വിദ്യാഭ്യാസത്തിന്‌ കേരളരാഷ്ട്രീയത്തില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ പരിമിതമായ പ്രസക്തി മാത്രമേ ഉള്ളൂ.പ്രായോഗിക പ്രവര്‍ത്തനങ്ങളാണ്‌ ആവശ്യം.അവയും എളുപ്പമല്ല.നല്ല ബഹുജനാടിത്തറയുള്ള നാലഞ്ച്‌ രാഷ്ട്രീയ പാര്‍ട്ടികള്‍,അനേകം സന്നദ്ധ സംഘടനകള്‍ ഇവരൊക്കെ ഏതാണ്ട്‌ ഒരു വിധപ്പെട്ട പ്രശ്‌നങ്ങളിലെല്ലാം പെട്ടെന്ന്‌ ഇടപെട്ട്‌ ജനശ്രദ്ധയിലേക്ക്‌ വരും.ആ പ്രശനത്തിന്റെ പരിസരങ്ങളില്‍ പാര്‍ട്ടിയുടെ സാന്നിദ്ധ്യം ബോധ്യപ്പെടുത്തുക എന്നതിനപ്പുറം മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും പലപ്പോഴും കൃത്യമായ പ്രശ്‌നപരിഹാരത്തെ കുറിച്ച്‌ ആലോചിക്കുന്നുപോലുമുണ്ടാവില്ല.പക്ഷേ,രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഈ ശൈലിയുമായി പൊരുത്തപ്പെട്ടു കഴിഞ്ഞവരാണ്‌ കേരള ജനത.കബളിപ്പിക്കലിന്റെയോ കേവലനാട്യത്തിന്റെയോ രാഷ്ട്രീയത്തെ അംഗീകരിച്ചു കൊടുക്കുന്നതില്‍ അവര്‍ക്ക്‌ മന:പ്രയാസമൊന്നുമില്ല.ഇതിനു പുറമെ കേരളത്തിലെ ചെറുതല്ലാത്ത ഒരു വിഭാഗം ജനങ്ങള്‍ രാഷ്ട്രീയത്തെ നേരംപോക്കിന്‌ വര്‍ത്തമാനം പറയാനുള്ള ഒരു വിഷയം മാത്രമായി കണ്ട്‌ സ്വന്തം പ്രശ്‌നങ്ങള്‍ക്ക്‌ സ്വന്തം വഴിയില്‍ പരിഹാരം കണ്ടെത്തി മുന്നോട്ടുപോകുന്നവരാണ്‌.അവര്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന്‌ വലുതായൊന്നും പ്രതീക്ഷിക്കുന്നില്ല.ഇങ്ങനെയെല്ലാമുള്ള ഒരു ജനതയ്‌ക്കിടയില്‍ യഥാര്‍ത്ഥമായ ജനാധിപത്യബോധത്തില്‍ അധിഷ്‌ഠിതമായ പുതിയൊരു രാഷ്ടീയബോധം വളര്‍ത്തിക്കൊണ്ടുവരുന്നതിന്റെ ക്ലേശം വളരെ വലുതായിരിക്കുമെന്നതില്‍ സംശയമേ ഇല്ല.രാഷ്ട്രീയ പ്രവര്‍ത്തനത്തിന്‌ ഡല്‍ഹിയില്‍ അരവിന്ദ്‌ കെജ്‌രിവാളും സംഘവും പരീക്ഷിച്ചതില്‍ നിന്ന്‌ തികച്ചും വ്യത്യസ്‌തമായ ഒരു ശൈലിയിലിലൂടെയേ എഎപിക്ക്‌ കേരളത്തിലെ ജനങ്ങളെ വിജയകരമായി സമീപിക്കാനാവൂ.
7/3/2014 

Wednesday, March 5, 2014

വികസനത്തിനും പുരോഗമത്തിനും വേറെയും അര്‍ത്ഥങ്ങളുണ്ട്‌

കഴിഞ്ഞ ദിവസം ഒരു സുഹൃത്തുമായി ദീര്‍ഘമായ തര്‍ക്കത്തില്‍ ഏര്‍പ്പെടേണ്ടി വന്നു.ഞാന്‍ വികസനവിരുദ്ധനും പിന്തിരിപ്പനുമാണ്‌ എന്നതായിരുന്നു സുഹൃത്തിന്റെ വാദം.അതിന്‌.മറുപടിയായി പറഞ്ഞ കാര്യങ്ങള്‍ സംഗ്രഹിച്ചെഴുതാം.
വികസനത്തെയും സാങ്കേതിക വിദ്യയുടെ ഏറ്റവും പുതിയ നേട്ടങ്ങളുടെ വ്യാപനത്തെയും പൊതുവേ അനുകൂലിക്കുന്ന ആളാണ്‌ ഞാന്‍.
പല കോണുകളിലും രൂക്ഷമായ പ്രശ്‌നങ്ങളും സംഘര്‍ഷങ്ങളും നിലനില്‍ക്കുന്നുവെങ്കിലും  ലോകജനത 
 ജീവിതപുരോഗതിയുടെ വഴിയില്‍ മുന്നോട്ടു തന്നെയാണ്‌ പോയ്‌ക്കൊണ്ടിരിക്കുന്നത്‌ എന്നു ഞാന്‍ വിശ്വസിക്കുന്നു.ഒരു പരിസ്ഥിതി മൗലികവാദിയോ പാരമ്പര്യപ്രണയിയോ ആകുന്നതില്‍ എനിക്ക്‌ താല്‌പര്യമില്ല.ജീവിതത്തിലേക്ക്‌ കടന്നു വരുന്ന പുതിയ സൗകര്യങ്ങളെയെല്ലാം വളരെ താലപര്യപൂര്‍വം നിരീക്ഷിക്കുകയും ആകാവുന്നവയെയൊക്കെ സ്വന്തമാക്കുകകയും ചെയ്യുന്നതില്‍ എനിക്ക്‌ യാതൊരു വൈമുഖ്യവുമില്ല.എന്റെ തലമുറയിലെ എന്നോളം സാമ്പത്തിക ശേഷിയുള്ള ആളുകളില്‍ മഹാഭൂരിപക്ഷവും ടി.വി,മൊബൈല്‍,വാഷിംഗ്‌ മെഷീന്‍,ലാപ്‌ടോപ്‌ തുടങ്ങിയ സംഗതികളുമായി പരിചയപ്പെടുന്നതിനു മുമ്പു തന്നെ അവയുടെ ലോകത്തേക്ക്‌ ഞാന്‍ പ്രവേശിച്ചിരുന്നു.ആധുനിക വൈദ്യശാസ്‌ത്രത്തിന്‌ എതിര്‍നില്‍ക്കുന്ന പ്രകൃതിചികിത്സാവാദികള്‍,പ്രകൃതിഭക്ഷണക്കാര്‍ തുടങ്ങിയവരുടെ നിലപാടുകളെ തുറന്ന മനസ്സോടെയാണ്‌ ഞാന്‍ സമീപിച്ചു പോന്നിട്ടുള്ളതെങ്കിലും അവയില്‍ ശരി വളരെ കുറച്ചും യാഥാസ്ഥിതികത്വവും അപ്രായോഗികതയും അനാവശ്യ വാശികളും വളരെ കൂടുതലുമാണെന്നേ എനിക്ക്‌ തോന്നിയിട്ടുള്ളൂ.
വികസനവും പുരോഗതിയും സംബന്ധിച്ചുള്ള എന്റെ നിലപാടുകള്‍ അടിസ്ഥാനപരമായി ഇങ്ങനെയൊക്കെയാണ്‌.പക്ഷേ, കാര്യങ്ങള്‍ കുറച്ചു കൂടി വ്യക്തമാക്കേണ്ടതുണ്ട്‌ എന്നു തന്നെ തോന്നുന്നു.
ഒരു രാജ്യത്തെ വികസിതം എന്നു വിശേഷിപ്പിക്കുന്നതിന്‌ ആ രാജ്യത്ത്‌ എത്ര ആളുകള്‍ ടി.വി കാണുന്നു,എത്ര പേര്‍ കാറുപയോഗിക്കുന്നു,എത്ര പേര്‍ വിമാനസഞ്ചാരം നടത്തുന്നു,എത്ര പേര്‍ വില കൂടിയ ഹോട്ടലുകളില്‍ മുറിയെടുക്കുന്നു എന്നിവ സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകളെ മാത്രം ആശ്രയിച്ചാല്‍ പോരാ.വാസ്‌തവത്തില്‍ ആ കണക്കുകളൊക്കെ മൂന്നാമതായേ പരിഗണിക്കേണ്ടതുള്ളു.ആദ്യം നോക്കേണ്ടത്‌ മാനവിക മൂല്യങ്ങളുടെ കാര്യത്തില്‍ അവര്‍ എത്ര മുന്നോട്ടു പോയിട്ടുണ്ട്‌ എന്നതു തന്നെയാണ്‌.അവനവന്റെ നേട്ടങ്ങള്‍ക്കായി ചെയ്യുന്ന ഏത്‌ കാര്യവും മറ്റൊരാള്‍ക്ക്‌ ദോഷമായി തീരരുത്‌,ആരോടും അപമര്യാദയായി പെരുമാറരുത്‌,ആരെയും വഞ്ചിക്കരുത്‌,ആരുടെയും അവസരങ്ങള്‍ നഷ്ടപ്പെടുത്തരുത്‌,അനര്‍ഹമായി ഒന്നും നേടാന്‍ ശ്രമിക്കരുത്‌ എന്നിങ്ങനെയുള്ള ബോധ്യങ്ങളിലേക്ക്‌ ജനങ്ങള്‍ ഏതളവ്‌ വരെ വളര്‍ന്നിട്ടുണ്ട്‌?അവര്‍ക്ക്‌ എത്രത്തോളം പരസ്‌പരം സ്‌നേഹിക്കാന്‍ കഴിയുന്നുണ്ട്‌?മറ്റുള്ളവരുടെ സ്‌നേഹിക്കാനുള്ള കഴിവിനെയും സ്വാതന്ത്ര്യത്തെയും അംഗീകരിക്കാനുള്ള ശേഷി അവര്‍ എത്രത്തോളം ആര്‍ജിച്ചു കഴിഞ്ഞിട്ടുണ്ട്‌?ഇത്രയും നിരീക്ഷിക്കുക.അതു കഴിഞ്ഞാല്‍ രാജ്യത്തെ എല്ലാ മനുഷ്യര്‍ക്കും തുല്യനീതി ഉറപ്പാക്കുന്നതില്‍ ഭരണകൂടം ഏതളവ്‌ വരെ മുന്നോട്ടു പോയിട്ടുണ്ട്‌?വരുമാനത്തിന്റെ കാര്യത്തില്‍ ജനങ്ങള്‍ക്കിടയിലുള്ള അന്തരം എത്ര മാത്രം കുറഞ്ഞിട്ടുണ്ട്‌?ലോകകാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കുന്നതിന്‌ സഹായിക്കുന്ന പ്രാഥമിക വിദ്യാഭ്യാസം എല്ലാവര്‍ക്കും ഉറപ്പാക്കിയിട്ടുണ്ടോ? എല്ലാ വിഭാഗം ജനങ്ങള്‍ക്കും സൗജന്യ ചികിത്സ ലഭിക്കുന്നതിനുള്ള സംവിധാനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടോ?സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും ഏത്‌ സമയത്തും നിര്‍ഭയരായി നടന്നു പോകാവുന്ന അവസ്ഥയുണ്ടോ?വാര്‍ധക്യത്തില്‍ എല്ലാ തരത്തിലുമുള്ള സംരക്ഷണം എല്ലാവര്‍ക്കും ലഭ്യമാവുന്നുണ്ടോ?എന്നിങ്ങനെ യഥാര്‍ത്ഥ മാനവിക വികസനത്തിന്റെ കാര്യത്തില്‍ രാജ്യം എത്ര മാത്രം മുന്നോട്ടു പോയിരിക്കുന്നു എന്നു പരിശോധിക്കണം.ഈ രണ്ട്‌ പരിശോധനകള്‍ക്കും ശേഷമേ ഭൗതികസുഖസൗകര്യങ്ങള്‍ സ്വന്തമാക്കുന്നതില്‍ ജനങ്ങള്‍ ഏത്‌ അളവ്‌ വരെ മുന്നോട്ടു പോയിരിക്കുന്നു എന്ന കണക്കെടുപ്പ്‌ പ്രസക്തമാവുന്നുള്ളൂ.
മൂല്യങ്ങളുടെയും മാനവികതയുടെയും വികസനകാര്യങ്ങളില്‍ ലോകത്തിലെ മറ്റ്‌ പല രാജ്യങ്ങളുമായി താരതമ്യം ചെയ്‌താല്‍ ഇന്ത്യ എത്രയോ പുറകിലാണ്‌.നമ്മുടെ വികസനം പ്രധാനമായും കേവലഭൗതികനേട്ടങ്ങളുടെ മണ്ഡലത്തെ കേന്ദ്രീകരിച്ചാണ്‌ സംഭവിച്ചിട്ടുള്ളത്‌.അതും രാജ്യത്തെ ഏറ്റവും സമ്പന്നവിഭാഗത്തിന്റെ താല്‌പര്യങ്ങള്‍ക്ക്‌ പൂര്‍ണസംരക്ഷണം ലഭിക്കും വിധത്തില്‍.എങ്കില്‍ തന്നെയും സ്വാതന്ത്ര്യം ലഭിക്കുന്ന കാലത്തെ അവസ്ഥയില്‍ നിന്ന്‌ രാജ്യത്തെ ജനജീവിതം മൊത്തത്തില്‍ ബഹുദൂരം മുന്നോട്ടുപോയിട്ടുണ്ട്‌.ആഹാരം,വസ്‌ത്രം,പാര്‍പ്പിടം,പ്രാഥമികമായ ആരോഗ്യസംരക്ഷണം എന്നീ കാര്യങ്ങളിലെല്ലാം ഗുണനിലവാരത്തില്‍ ഗണ്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്‌.പക്ഷേ,മനുഷ്യത്വം എന്ന വാക്കില്‍ നാം സംഗ്രഹിച്ചിരിക്കുന്ന ഗുണങ്ങളും ധാര്‍മികധീരതയുമൊന്നും അല്‌പമായിപ്പോലും വളര്‍ച്ച നേടിയതായി കാണുന്നില്ല.സ്‌ത്രീകള്‍,കുട്ടികള്‍,അസംഘടിത തൊഴിലാളികള്‍ എന്നിവരെല്ലാം വന്‍തോതിലുള്ള ചൂഷണത്തിനും നീതിനിഷേധത്തിനും ഇപ്പോഴും വിധേയരായിക്കൊണ്ടിരിക്കുന്നു.ഭരണത്തെ നിയന്ത്രിക്കുന്നവര്‍ വന്‍കിടക്കാരുമായി ചേര്‍ന്ന്‌ ഭീമമായ അളവില്‍ പൊതുമുതല്‍ കൊള്ളയടിക്കുന്നു.രാഷ്ട്രീയനേതാക്കള്‍ എല്ലാ തരത്തിലുള്ള മാഫിയകളുമായി ചേര്‍ന്ന്‌ സമ്പത്ത്‌ കൈക്കലാക്കുന്നു.അവരുടെ ചെയ്‌തികളെ ചോദ്യം ചെയ്യുന്നവരെയും അഴിമതിയുടെ വിവരങ്ങള്‍ പുറത്തുകൊണ്ടുവരുന്നവരെയും വാടകക്കൊലയാളികളെ ഉപയോഗിച്ച്‌ കൊല ചെയ്യുന്നു.മതസ്ഥാപനങ്ങളുടെ മറവില്‍ നടക്കുന്ന പീഡനങ്ങളും കൊള്ളകളും പെരുകുന്നു.ആള്‍ ദൈവങ്ങളുടെ സാമ്പത്തിക ശേഷിയും ഹിംസാശേഷിയും ആരെയും ഭയപ്പെടുത്തും വിധം വളരുന്നു.ആചാരങ്ങളും അന്ധവിശ്വാസങ്ങളും അല്‌പന്മാരുടെ അസൂയയിലും അഹങ്കാരത്തിലും കൊഴുക്കുന്ന സദാചാരനിയമങ്ങളും സമൂഹത്തെ ഭരിക്കുന്ന അവസ്ഥ നാള്‍ക്കുനാള്‍ കൂടുതല്‍ കൂടുതല്‍ ശക്തിപ്പെടുന്നു.ഇങ്ങനെയെല്ലാം സംഭവിക്കുമ്പോഴും സമ്പൂര്‍ണമായ നിശ്ശബ്ദത കൊണ്ടോ ചിലപ്പോള്‍ പരസ്യമായ പിന്തുണയിലൂടെയോ ഈ തിന്മകളെയെല്ലാം താങ്ങി നിര്‍ത്തുന്ന ഒരാള്‍ എല്ലാ ആധുനിക ജീവിതസൗകര്യങ്ങളും സ്വന്തമാക്കിയാലും ശാസ്‌ത്രപുരോഗതിക്ക്‌ അനുകൂലമായി എത്രയൊക്കെ പ്രസംഗിച്ചാലും ഏത്‌ രാഷ്ട്രീയ കക്ഷിയില്‍ അംഗത്വം സ്വീകരിച്ചാലും അയാള്‍ പുരോഗമനവാദിയോ വികസനത്തിന്റെ വക്താവോ ആവുകയില്ല.അങ്ങനെയുള്ള സകലരും കടുത്ത യാഥാസ്ഥിതികരും വികസന വിരോധികളും ആണ്‌.ഒരു മനുഷ്യനെ കേവലം രാഷ്ട്രീയമായ അഭിപ്രായവ്യത്യാസത്തിന്റെ പേരില്‍ വെട്ടിക്കൊന്നതിനെയും സമനില തെറ്റിയ യുവാവിനെ ആള്‍ദൈവഭക്തിയുടെ പേരില്‍ അടിച്ചുകൊന്നതിനെയുമൊക്കെ ന്യായീകരിക്കാന്‍ മടിക്കാത്തവരായി ഒട്ടു വളരെ പേരുള്ള ഒരു സമൂഹത്തെ പുരോഗമന പരമെന്നോ വികസനനോന്മുഖമെന്നോ വിശേഷിപ്പിക്കുന്നത്‌ തികഞ്ഞ അസംബന്ധമാണ്‌.
പ്രകൃതി സംരക്ഷണം,ആരോഗ്യരക്ഷ എന്നിവ എങ്ങനെ നടപ്പിലാക്കണം വിദ്യാഭ്യാസം,വിപണി തുടങ്ങിയവ ഏത്‌ ദിശയില്‍ എങ്ങനെ വളരണം,വികസിക്കണം എന്നൊക്കെ ഓരോ പ്രദേശത്തെയും ജനങ്ങള്‍ ജനാധിപത്യരീതിയില്‍ കൂട്ടായി തീരുമാനിക്കുന്ന അവസ്ഥ വരുമ്പോഴേ നാം യഥാര്‍ത്ഥമായ പുരോഗതിയുടെ വഴിയില്‍ എത്തിച്ചേരുകയുള്ളൂ.ഇത്തരം കാര്യങ്ങളില്‍ തീരുമാനം കൈക്കൊള്ളുമ്പോള്‍ ഇപ്പോഴും ഗോത്രപ്പകയുടെ ശൈലിയില്‍ ശക്തിപരീക്ഷണം നടത്തുന്ന രാഷ്ട്രീയ കക്ഷികള്‍ നിയന്ത്രണം ഏറ്റെടുക്കുന്നില്ല എന്ന്‌ ഉറപ്പ്‌ വരുത്താനുള്ള രാഷ്ട്രീയവളര്‍ച്ച കൂടി ജനങ്ങള്‍ നേടിയെടുക്കണം.ഒരു പ്രദേശത്ത്‌ പരമാവധി എത്ര വലുപ്പമുള്ള വീടുകളുടെ നിര്‍മാണം അനുവദിക്കണം,അവിടത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എന്തൊക്കെ പഠിപ്പിക്കണം,അവിടത്തെ ആശുപത്രികളില്‍ എന്തൊക്കെ സൗകര്യങ്ങള്‍ വേണം,അവിടത്തെ കാര്‍ഷിക മേഖലയില്‍ എന്തൊക്കെ പുതുമകള്‍ കൊണ്ടുവരണം,അവിടത്തെ ഏതൊക്കെ പുരാവസ്‌തുക്കളും സ്‌മാരകങ്ങളും എങ്ങനെയൊക്കെ സംരക്ഷിക്കണം, എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ആ പ്രദേശത്തെ ജനങ്ങള്‍ക്കു തന്നെ തീരുമാനിക്കാവുന്നതേയുള്ളൂ.ലോകം എവിടെ എത്തി നില്‍ക്കുന്നു,രാജ്യത്തിന്റെ പൊതുവായ ആവശ്യങ്ങള്‍ എന്തൊക്കെയാണ്‌,ഏത്‌ ദിശ സ്വീകരിച്ചാലാണ്‌ വികസനത്തിന്‌ മാനുഷിക മുഖം നല്‍കാനാവുക എന്നീ സംഗതികളെ കുറിച്ച്‌ അവര്‍ക്ക്‌ കൃത്യമായ ധാരണയുണ്ടാകണമെന്നു മാത്രം.
തങ്ങളുടെ താല്‌പര്യങ്ങളും നിശ്ചയങ്ങളും ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നതിനുള്ള സൗകര്യപ്രദമായ സംവിധാനം എന്ന നിലക്കാണ്‌ ഇവിടത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ ജനകീയാസൂത്രണത്തെ കണ്ടത്‌.അതിനപ്പുറത്ത്‌ ജനകീയാസൂത്രണത്തിന്റെ ജനാധിപത്യപരമായ ഉള്ളടക്കത്തിലേക്ക്‌ ജനങ്ങള്‍ വളരരുത്‌ എന്ന കാര്യത്തില്‍ അവര്‍ക്ക്‌ നിര്‍ബന്ധമുണ്ടായിരുന്നു.അതുകൊണ്ടു തന്നെയാണ്‌ ജനകീയാസൂത്രണം പരാജയപ്പെട്ടതും ഗ്രാമതലത്തില്‍ പോലും അഴിമതി വ്യാപിക്കുന്ന അവസ്ഥ ഉണ്ടായതും.ആം ആദ്‌മി പാര്‍ട്ടി ലക്ഷ്യം വെക്കുന്ന സ്വരാജ്‌ സാക്ഷാത്‌കരിക്കപ്പെടണമെങ്കിലും ജനങ്ങള്‍ അവര്‍ ശീലിച്ചുപോന്ന കക്ഷിരാഷ്ട്രീയ യാഥാസ്ഥിതികത്വത്തിനപ്പുറത്തേക്ക്‌ വളരാന്‍ തയ്യാറാവണം.അവരെ യഥാര്‍ത്ഥ പുരോഗമനവാദികളാക്കാനും അവരുടെ വികസന സങ്കല്‌പങ്ങളെ നൂതനവും ശാസ്‌ത്രീയവും മാനുഷികവുമാക്കാനും ആം ആദ്‌മി പാര്‍ട്ടി അവര്‍ക്ക്‌ പുതിയ രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കണം.അധികാരം കയ്യാളുന്ന രാഷ്ട്രീയ കക്ഷിയുടെ നീക്കുപോക്കില്ലാത്ത നിശ്ചയങ്ങളുടെ ഭാരിച്ച പുറന്തോടാണ്‌ നമ്മുടെ ഗ്രാമസഭകളുടെ ചലനശേഷി നഷ്ടമാക്കി അവയെ അകാലമരണത്തിലേക്ക്‌ എത്തിച്ചത്‌.അവയ്‌ക്ക്‌ പഴയ രൂപത്തിലുള്ള ഒരു പുനര്‍ജന്മം ആവശ്യമില്ല,രാഷ്ട്രീയ പാര്‍ട്ടികള്‍ ഉയര്‍ന്ന ജനാധിപത്യബോധം ആര്‍ജിക്കും വരെ ജനകീയാസൂത്രണത്തിന്‌ റോഡ്‌ നിര്‍മാണം, അന്യഥാ തന്നെ സാധ്യമാവുന്ന ചില വികസന പ്രവര്‍ത്തനങ്ങളുടെ രാഷ്ട്രീയ കക്ഷി മേധാവിത്വത്താല്‍ നിയന്ത്രിക്കപ്പെടുന്നതും മിക്കവാറും അഴിമതിക്ക്‌ വഴങ്ങുന്നതമായ നടത്തിപ്പ്‌ എന്നിങ്ങനെയുള്ള ചില അര്‍ത്ഥങ്ങള്‍ മാത്രമേ ഉണ്ടാവൂ. 

Thursday, February 27, 2014

വോട്ടും ധര്‍മവും

എഴുത്തുകാരന്‍ ഒരു പ്രത്യേക രാഷ്ട്രീയകക്ഷിക്ക്‌ വോട്ടുചെയ്യാന്‍ ആവശ്യപ്പെടുന്നത്‌ അധാര്‍മികമാണെന്ന്‌ സി.രാധാകൃഷ്‌ണന്‍ പ്രസംഗിച്ചതായി വായിച്ചു.രാധാകൃഷ്‌ണന്‍ ധര്‍മാധര്‍മവിവേചനത്തിന്‌ മാനദണ്ഡമായി സ്വീകരിച്ചത്‌ എന്തിനെയാണാവോ? ഒരു രാഷ്ട്രീയ കക്ഷിക്കും വോട്ടുചെയ്യരുത്‌ എന്നോ ഏത്‌ കക്ഷിക്ക്‌ വേണമെങ്കിലും വോട്ട്‌ ചെയ്‌തോളൂ എന്നോ പറഞ്ഞാല്‍ ധര്‍മമാവുമോ?അതല്ല വോട്ടിന്റെ കാര്യം മിണ്ടാനേ പാടില്ല എന്നാണോ അദ്ദേഹം ഉദ്ദേശിച്ചിരിക്കുക?ധര്‍മത്തിന്റെ സനാതനാടിസ്ഥാനങ്ങളെ കുറിച്ചൊന്നുമല്ല ഈ എഴുത്തുകാരന്‍ സംസാരിച്ചതെന്ന്‌ വ്യക്തം.ആ ഒരു മണ്ഡലത്തില്‍ എന്തായാലും വോട്ടിന്റെ പ്രശ്‌നമൊന്നും ചര്‍ച്ചക്കേ വരില്ലല്ലോ?
 
27/2/2014 

കവിതാഡയറി

ഹോമപ്പുകയാല്‍ മനുഷ്യക്കുരുതിക്ക്‌ മറയിടാം 
സങ്കീര്‍ത്തനങ്ങളാല്‍ നിലവിളികളെ നിശ്ശബ്ദമാക്കാം
ആശ്ലേഷങ്ങളുടെ അകമ്പടിയോടെ അനേകായിരങ്ങളെ
അന്ധകാരത്തിലേക്ക്‌ നടതള്ളാം
പക്ഷേ,ആത്മാവില്‍ നഗ്നയായി നരകകവാടത്തില്‍
നിലവിളിക്കുന്ന ഒരു സ്‌ത്രീയെ
ആര്‍ക്കും ഒന്നും ചെയ്യാനാവില്ല
സത്യത്തിന്റെ പരിച എല്ലാ വാളുകളുടെയും
വായ്‌ത്തലയൊടിക്കും.
23/2/2014

ആം ആദ്‌മി ആലോചനകള്‍

ഹിന്ദുത്വ വാദികള്‍,മുസ്ലീം തീവ്രവാദികള്‍,തീവ്ര ഇടതുപക്ഷക്കാര്‍ ഇവരൊക്കെ പാര്‍ട്ടിക്കെതിരെ കൈകോര്‍ക്കുന്നുവെന്ന സി.പി.ഐ(എം)ന്റെ വാദം നൂറ്‌ ശതമാനവും ശരിയാണ്‌.പക്ഷേ,ഇലക്‌ഷന്‍ വരുമ്പോള്‍ തീവ്ര വര്‍ഗീയവാദികളെയും മതമേധാവികളെയും അങ്ങോട്ടു ചെന്നു കണ്ട്‌ പിന്തുണ തേടുന്ന ഒരു പാര്‍ട്ടിയായിപ്പോയി മാര്‍ക്‌സിസ്‌റ്റ്‌ പാര്‍ട്ടി.അതുകൊണ്ടാണ്‌ സത്യമായിരുന്നിട്ടും അതിന്റെ ആക്ഷേപത്തെ ആരും ഗൗരവത്തില്‍ എടുക്കാത്തത്‌.
22/2/2014

രണ്ട്‌ കാഴ്‌ചകള്‍

1.
തീ വിഴുങ്ങുന്ന മനുഷ്യനെ
നിത്യവും ഫയര്‍‌സ്റ്റേഷന്‍ റോഡില്‍ കണ്ടു
ഓരോ തവണയും ഓരോ ചെറിയ തീപ്പന്തം വായ്‌ക്കുള്ളിലാക്കി
കരിമ്പുക ഇഴഞ്ഞകലുന്ന കരിക്കൊള്ളിയായി
അത്‌ പുറത്തെടുത്ത പാടെ
കാണികള്‍ക്കു നേരെ അയാള്‍ കൈനീട്ടും
ജീവിക്കാനുള്ള അവകാശത്തിന്‌
തീ വിഴുങ്ങിക്കാണിക്കണമെന്ന്‌ ശഠിക്കുന്ന ദൈവമല്ല
മുന്നില്‍ നില്‍ക്കുന്ന മനുഷ്യരാണ്‌
അന്നദാതാക്കളെന്ന അറിവില്‍
അപ്പോള്‍ അയാളുടെ മുഖം
വിനീതവും വ്യാകുലവും പ്രാര്‍ത്ഥനാ പൂര്‍ണവുമാകും.
2
കാട്‌ കാണാന്‍ പോയി
ഒരുപാട്‌ മൃഗങ്ങളെ കണ്ടു
മരങ്ങള്‍ കണ്ടു
ഒന്നിന്റെയും പേര്‌ ഓര്‍മയില്‍ വന്നില്ല
കാടിറങ്ങുന്ന വഴിക്ക്‌
കണ്ടുമുട്ടിയ കാട്ടുകള്ളന്‍
വനസംരക്ഷണത്തിനുള്ള
സന്നദ്ധസംഘടനകളിലൊന്നിന്റെ
നേതാവെന്നു സ്വയം പരിചയപ്പെടുത്തി
കൈപിടിച്ചും കാല്‍പിടിച്ചും
സഖ്യമറിയിച്ച്‌
മൊബൈല്‍ നമ്പറും വാങ്ങി
മുന്നോട്ടായുമ്പോള്‍
അറികെ നിന്നൊരു ചിറകടി കേട്ടു
അടുത്ത നിമിഷത്തില്‍
അടികൊള്ളും പോലൊരു കൊത്ത്‌കിട്ടി
തിരിഞ്ഞു നോക്കുമ്പോള്‍
പറന്നുപോകുന്ന പക്ഷിയെ കൃത്യമായി കണ്ടു
പേര്‌ ഓര്‍മവരികയും ചെയ്‌തു:
വേഴാമ്പല്‍,മലമുഴക്കി വേഴാമ്പല്‍
(മാതൃകാന്വേഷി,ജനവരി 2014)


Saturday, February 22, 2014

ആം ആദ്‌മി പാര്‍ട്ടിയും ഞാനും

താന്‍ ഏതെങ്കിലും രാഷ്ട്രീയകക്ഷിയുമായി ബന്ധപ്പെടണമോ വേണ്ടയോ എന്ന്‌ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഏത്‌ എഴുത്തുകാരനും എഴുത്തുകാരിക്കും ഉണ്ട്‌.ഒരു രാഷ്ട്രീയ കക്ഷിയുടെ നയങ്ങളോടും നിലപാടുകളോടുമുള്ള തന്റെ ആഭിമുഖ്യത്തിന്റെ പ്രഖ്യാപനമാണ്‌ ആ കക്ഷിക്ക്‌ അനുകൂലമായി സംസാരിക്കുന്നതിലൂടെ ഒരാള്‍ സാധിക്കുന്നത്‌.ഇത്‌ പാര്‍ട്ടിയില്‍ അംഗത്വം സ്വീകരിച്ചോ സ്വീകരിക്കാതെയോ ആവാം.അംഗത്വം കൈക്കൊള്ളുക എന്നതിന്‌ പാര്‍ട്ടിക്കു വേണ്ടി സംസാരിക്കാനും പാര്‍ട്ടി നിര്‍ദ്ദേശിക്കുന്ന ചുമതലകള്‍ നിര്‍വഹിക്കാനും ഉള്ള ഉത്തരാവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറാണ്‌ എന്ന്‌ പരസ്യമായി പ്രഖ്യ.ാപിക്കുക എന്ന അര്‍ത്ഥമാണ്‌ കല്‌പിക്കപ്പെട്ടു വരുന്നത്‌.നിലവിലുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പാര്‍ട്ടിനേതൃത്വം ചെയ്യുന്ന നല്ലതും ചീത്തയുമായ സകലതിനെയും അനുകൂലിച്ച്‌ സംസാരിക്കാനുള്ള ബാധ്യതയാണ്‌ അംഗങ്ങളില്‍ നിന്ന്‌ ആവശ്യപ്പെടുന്നത്‌.കൊലപാതകങ്ങള്‍,വലിയ സാമ്പത്തിക കുറ്റകൃത്യങ്ങള്‍,വ്യാജഭൂമി ഇടപാടുകള്‍ ഇവയൊക്കെ പാര്‍ട്ടിനേതാക്കള്‍ നേരിട്ടു നടത്തി എന്നോ അവരുടെ ഒത്താശയോേെട നടന്നു എന്നോ പൂര്‍ണമായും ബോധ്യപ്പെട്ടാലും അറിഞ്ഞതിനെയെല്ലാം നിരാകരിക്കുന്നതായി ഭാവിച്ച്‌ പാര്‍ട്ടിക്കു വേണ്ടി സംസാരിക്കുന്നയാളെയാണ്‌ നല്ല മെമ്പറായി പാര്‍ട്ടി അംഗീകരിക്കുന്നത്‌.നേതാക്കളുടെ ഏതെങ്കിലും നിലപാടിനെയോ നടപടിയെയോ വിമര്‍ശിക്കുന്നയാള്‍ പാര്‍ട്ടിക്ക്‌ അനഭിമതനാവും.ഇതാണ്‌ നാം സാധാരണ കണ്ടുവരുന്നത്‌.ഇതില്‍ നിന്ന്‌ വ്യത്യസ്‌തമായി ഏത്‌ സാഹചര്യത്തിലും അംഗത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കാന്‍ തയ്യാറാവുന്ന ഒരു കക്ഷിരാഷ്ട്രീയ സംസ്‌കാരം ഇന്നാട്ടില്‍ രൂപപ്പെട്ടുവരാന്‍ ഇനിയും ഒരുപാട്‌ കാത്തിരിക്കേണ്ടി വന്നേക്കും.കാരണം നമ്മുടെ ജനാധിപത്യബോധം അത്രയും താഴ്‌ന്ന പടിയാലാണുള്ളത്‌.
താന്‍ കൂറ്‌ പ്രഖ്യാപിക്കുന്ന പാര്‍ട്ടിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്‌ സാധാരണ ഗതിയില്‍ എഴുത്തുകാരനെ പ്രതികൂലമായി ബാധിക്കാനാണ്‌ കൂടുതല്‍ സാധ്യത.കമ്മിറ്റി മീറ്റിംഗുകള്‍,പ്രസംഗങ്ങള്‍,മെമ്മോറാണ്ടം തയ്യാറാക്കല്‍,മറ്റ്‌ കക്ഷികളുമായുള്ള വാദപ്രതിവാദങ്ങള്‍ തുടങ്ങിയവയൊക്കെ ഒരുപാട്‌ സമയം അപഹരിക്കും,എഴുത്തിന്‌ അവശ്യം വേണ്ട സാവകാശവും ഏകാഗ്രതയും ഇല്ലാതാക്കുകയും ചെയ്യും.എന്നാല്‍ ഈ വക കാര്യങ്ങളൊക്കെ ആലോചിച്ചുറച്ച്‌ തനിക്ക്‌ ഗുണകരമാവും എന്ന്‌ കണ്ടതില്‍പ്പിന്നെയല്ല ഒരു എഴുത്തുകാരന്‍/എഴുത്തുകാരി ഒരു പാര്‍ട്ടിയോട്‌ കൂറ്‌ പ്രഖ്യാപിക്കുന്നത്‌.പാര്‍ട്ടിയുടെ നിലപാടുകളോടും പ്രവര്‍ത്തന ശൈലിയോടും ഐക്യപ്പെടണം എന്ന സംശുദ്ധമായ തോന്നലാണ്‌ അല്ലാതെ ലാഭചിന്തയോ മറ്റ്‌ പ്രേരണകളോ അല്ല എഴുത്തുകാരെ രാഷ്ട്രീയകക്ഷി ബന്ധത്തിന്‌ പ്രേരിപ്പിക്കുന്നത്‌.എന്തും ഏതും വ്യക്തി എന്ന നിലക്ക്‌ തനിക്ക്‌ നേട്ടമുണ്ടാക്കും എന്ന്‌ ഉറപ്പ്‌ വരുത്തിയതിന്‌ ശേഷം മാത്രം ചെയ്യുന്നതില്‍ യാതൊരു രാഷ്ട്രീയവുമില്ല.അത്‌ കച്ചവടമാണ്‌.നമ്മുടെ ലബ്ധപ്രതിഷ്‌ഠരായ എഴുത്തുകാരില്‍ വളരെയേറെ പേര്‍ അതില്‍ അതിയായ വൈദഗ്‌ധ്യമുള്ളവരുമാണ്‌.
അഴിമതിക്കെതിരായ ഉറച്ച നിലപാടുകളും അധികാരഘടനയുടെ കാര്‍ക്കശ്യങ്ങള്‍ക്ക്‌ പുറത്തുകടക്കുന്ന സുതാര്യമായ പ്രവര്‍ത്തന ശൈലിയും ഉണര്‍ത്തിയ പ്രതീക്ഷകളാണ്‌ എഴുത്തുകാര്‍ ഉള്‍പ്പെടെയുള്ള ജനലക്ഷങ്ങളെ ആം ആദ്‌മിയിലേക്ക്‌ ആകര്‍ഷിച്ചത്‌.വലിയ അവകാശവാദങ്ങളും ചരിത്രം പറച്ചിലും പ്രഖ്യാപനങ്ങളുമൊന്നും സാമാന്യജനങ്ങള്‍ക്കെതിരെ വന്‍കിട കുത്തകകളോട്‌ചേര്‍ന്നു നില്‍ക്കുന്നതില്‍ മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക്‌ തടസ്സമാവുന്നില്ല എന്ന്‌ അനുഭവത്തില്‍ നിന്ന്‌ നാം തിരിച്ചറിഞ്ഞു കഴിഞ്ഞു.ഇടതുപക്ഷ പാര്‍ട്ടികളുടെ കൊണ്ടുപിടിച്ച പ്രത്യയശാസ്‌ത്ര ചര്‍ച്ചകള്‍ അവരുടെ പ്രവര്‍ത്തനങ്ങളെ കാര്യമായി സ്വാധീനിക്കുന്നില്ലെന്നും പാര്‍ട്ടി നേതാക്കളില്‍ ബഹുഭൂരിപക്ഷവും ഫ്യൂഡല്‍ പ്രഭുക്കന്മാരുടെയും ചിലപ്പോള്‍ കോര്‍പ്പറേറ്റ്‌ മുതലാളിമാരുടെയും മനോഭാവത്തോടെയാണ്‌ കാര്യങ്ങളെ സമീപിക്കുന്നത്‌ എന്നും എല്ലാവര്‍ക്കും ബോധ്യപ്പെടുകയും ചെയ്‌തു.എങ്കിലും അധികാരത്തോടും അതിന്റെ ഭാഗമായ തിന്മകളോടും ചേര്‍ന്നു നില്‍ക്കുന്നതില്‍ നിന്ന്‌ മഹാഭൂരിപക്ഷം ജനങ്ങളും പെട്ടെന്നൊന്നും പിന്തിരിയുമെന്നു തോന്നുന്നില്ല.ചെറിയ അളവില്‍ പോലും ത്യാഗവും സാഹസവും ആവശ്യപ്പെടുന്ന നിലപാടുകളില്‍ നിന്ന്‌ മാറിനില്‍ക്കുക എന്നതാണ്‌ പൊതുവില്‍ ബഹുജനം സ്വീകരിച്ചു വരുന്ന നയം.എഴുത്തുകാരിലും മഹാഭൂരിപക്ഷവും മറിച്ചൊന്നു ചിന്തിക്കില്ല.അതുകൊണ്ട്‌ കേരളത്തില്‍ അടുത്ത കാലത്തെങ്ങും ആംആദ്‌മി അധികാരത്തിന്റെ അയലത്തെങ്ങും എത്തുകയില്ല.ആം ആദ്‌മി പാര്‍ട്ടിയോട്‌ ചേര്‍ന്നു നില്‍ക്കുന്ന ആര്‍ക്കും തന്നെ ഇക്കാര്യത്തില്‍ യാതൊരു സംശയവും ഉണ്ടാകാന്‍ ഇടയില്ല.
രാഷ്ട്രീയപ്രവര്‍ത്തനം അധികാരം ലക്ഷ്യം വെച്ചുള്ളതാണ്‌.അധികാരത്തില്‍ എത്തിയാല്‍ മാത്രമേ ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക്‌ സ്വന്തം നയപരിപാടികള്‍ നടപ്പിലാക്കുന്ന ഘട്ടത്തിലേക്ക്‌ പ്രവേശിക്കാനാവൂ.അപ്പോള്‍ മാത്രമേ വാക്കിനെ പ്രവൃത്തിയാക്കി മാറ്റാന്‍ പാര്‍ട്ടിക്ക്‌ കഴിയുകയുള്ളൂ.സമീപകാലത്തെങ്ങും അത്‌ സാധ്യമാവില്ലെന്നറിഞ്ഞിട്ടും ആം ആദ്‌മിയോട്‌ കൂറ്‌ പ്രഖ്യാപിച്ചതെന്തിന്‌ എന്ന ചോദ്യത്തിന്‌ എനിക്കുള്ള ഉത്തരം ഇതാണ്‌: കോണ്‍ഗ്രസ്സിനെ പോലെ അധികാരം കൊണ്ട്‌ ജീര്‍ണിച്ച ഒരു രാഷ്ട്രീയ പാര്‍ട്ടി കുറേ കാലത്തേക്കെങ്കിലും അധികാരത്തില്‍ നിന്ന്‌ പൂര്‍ണമായും മാറ്റി നിര്‍ത്തപ്പെടേണ്ടതാണ്‌.ചെറുതും വലുതുമായ മറ്റ്‌ വലതുപക്ഷ പാര്‍ട്ടികളെല്ലാം അവയ്‌ക്ക്‌ നേതൃത്വം നല്‍കുന്ന ഏതാനും വ്യക്തികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള സംവിധാനങ്ങള്‍ മാത്രമാണ്‌.അവയില്‍ ഒന്നു പോലും ഉയര്‍ന്ന ജനാധിപത്യബോധം മുറുകെ പിടിക്കുന്നതല്ല.മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയാണെങ്കില്‍ പ്രത്യയശാസ്‌ത്രം,പാര്‍ട്ടി ഘടന തുടങ്ങിയ കാര്യങ്ങളെ ചൊല്ലി ഊറ്റം കൊള്ളുകയും ദര്‍ശന തലത്തില്‍ അപകടകരമായ യാഥാസ്ഥിതികത്വം പുലര്‍ത്തുകയും ഒപ്പം തന്നെ വലിയൊരു സാമ്പത്തികശക്തിയായി മാറുകയുമാണ്‌.സി.പി.ഐ ഉള്‍പ്പെടെയുള്ള മറ്റ്‌ ഇടതുപക്ഷ പാര്‍ട്ടികളുടെയും വഴി ഭിന്നമല്ല.
ആം ആദ്‌മി പാര്‍ട്ടി വര്‍ഗീയതക്കും അഴിമതിക്കും എതിരായി ഉയര്‍ന്നു വരുന്ന പുതിയൊരു രാഷ്ട്രീയ പ്രസ്ഥാനമാണ്‌.അതിന്റെ പ്രവര്‍ത്തനശൈലി ലളിതമാണ്‌.പാര്‍ട്ടിയുടെ പ്രത്യയശാസ്‌ത്രം,സാമ്പത്തികനയം എന്നിവയെല്ലാം ഇനിയും രൂപപ്പെട്ട്‌ വരാനിരിക്കുന്നതേ ഉള്ളൂ.'ആം ആദ്‌മി പാര്‍ട്ടി ഒരു പാര്‍ട്ടിയല്ല.സത്യസന്ധമായ രാഷ്ട്രീയത്തെ കുറിച്ചുള്ള ഒരാശയം മാത്രമാണ്‌.'എന്ന്‌ അരവിന്ദ്‌ കെജ്‌രിവാള്‍ തന്നെ പ്രസ്‌താവിച്ചിട്ടുണ്ട്‌.അങ്ങനെയുള്ള ഒരു പാര്‍ട്ടിയോട്‌ ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുന്നതാണ്‌ കൂടുതല്‍ അര്‍ത്ഥപൂര്‍ണമെന്ന്‌ ഞാന്‍ കരുതുന്നു.മരിച്ച ആശയങ്ങളും ദ്രവിച്ച പ്രവര്‍ത്തന പദ്ധതികളുമായി നിലനില്‍ക്കുന്ന ഏതെങ്കിലുമൊരു പാര്‍ട്ടിയുടെ അനുഭാവിയായി പോലും സ്വയം സങ്കല്‌പിക്കുന്നത്‌ അരോചകമായി തോന്നുന്നു.ആം ആദ്‌മി പാര്‍ട്ടി സ്വയം നിര്‍മിക്കുമ്പോള്‍ സ്വാഭാവികമായും എന്റെ ചിന്താലോകവും ആ നിര്‍മാണ പ്രക്രിയയുടെ ഭാഗമാവും.അതു വഴി അതിന്റെയും പുനര്‍നിര്‍മിതി സാധ്യമാവുമെന്നു ഞാന്‍ കരുതുന്നു.അങ്ങനെയൊരു സ്വാര്‍ത്ഥചിന്ത വാസ്‌തവത്തില്‍ പിന്നാലെ മാത്രം വരുന്നതാണ്‌. ഈ മഹാരാജ്യത്തെ സാധാരണ മനുഷ്യരില്‍ പുതിയൊരു പ്രതീക്ഷയുണര്‍ത്തി ഉയര്‍ന്നു വരുന്ന ഒരു ജനകീയപ്രസ്ഥാനത്തിന്റെ ഭാഗമാവാനുള്ള വെമ്പല്‍ തന്നെയാണ്‌ ആദ്യസംഗതി.
22/2/2014 

Saturday, February 15, 2014

ആം ആദ്‌മി ആലോചനകള്‍

അരവിന്ദ്‌ കേജ്‌രിവാള്‍ അധികാരമൊഴിഞ്ഞിരിക്കുന്നു.ഇനി തീരുമാനം കൈക്കൊള്ളേണ്ടത്‌ ജനങ്ങളാണ്‌.രാഷ്ട്രത്തെ അപ്പാടെ കോര്‍പ്പറേറ്റുകള്‍ക്കു വില്‍ക്കുന്നതില്‍ അല്‌പവും മന:സാക്ഷിക്കുത്തില്ലാത്തവര്‍,വര്‍ഗീയഭ്രാന്തും കുത്തുകകളെ പ്രീണിപ്പിക്കലും ഒന്നിച്ചുകൊണ്ടുപോകുന്നതില്‍ അതിവിദഗ്‌ധര്‍,പ്രത്യയശാസ്‌ത്രം പ്രസംഗിച്ചുകൊണ്ടു തന്നെ കള്ളക്കടത്തുക്കാരും വന്‍തോതിലുള്ള കളങ്കിത സമ്പത്തിന്റെ ഉടമകളുമായി കൈകോര്‍ക്കുന്നതില്‍ യാതൊരു മടിയുമില്ലാത്തവര്‍ ഇവരൊയൊക്കെ ഉപേക്ഷിച്ച്‌ ആം ആദ്‌മി പാര്‍ട്ടിയെ പിന്തുണക്കാനുള്ള ആര്‍ജ്ജവം കാണിക്കാന്‍ അവര്‍ക്ക്‌ കഴിയുമോ?ഈ ചോദ്യത്തിന്‌ ലഭിക്കുന്ന ഉത്തരത്തെ ആശ്രയിച്ചിരിക്കും ഈ മഹാരാജ്യത്തിന്റെ രാഷ്ട്രീയഭാവി.
15/2/2014 

Thursday, February 13, 2014

വിചിത്ര സ്ഥാപനങ്ങള്‍

വിവിധ വിജ്ഞാന മേഖലകളുമായി ബന്ധപ്പെട്ട പുതിയ ആശയങ്ങളുടെ ഉല്‌പാദനവും കണ്ടെത്തലുകളുമാണ്‌ സര്‍വകലാശാലകളുടെ പരമപ്രധാനമായ ഉത്തരവാദിത്വം.പക്ഷേ,രാഷ്ട്രീയ താല്‌പര്യങ്ങളും സാമുദായിക പരിഗണനകളും അതാത്‌ കാലത്ത്‌ ഭരണത്തിലിരിക്കുന്ന കക്ഷികളുടെ നാനാതരം അധികാരപ്രയോഗങ്ങളും സ്വാധീനങ്ങളുമെല്ലാം നമ്മുടെ യൂനിവേഴ്‌സിറ്റികളുടെ പ്രവര്‍ത്തനങ്ങളെ സകലതലങ്ങളിലും സാരമായി ബാധിക്കുകയും പരിമിതപ്പെടുത്തുകയും ചെയ്യുന്നുണ്ട്‌.ഈ സാഹചര്യം നിലനില്‍ക്കുന്നിടത്തോളം അവയുടെ സംഭാവനകള്‍ക്ക്‌ ശരാശരിയില്‍ താഴെയുള്ള നിലവാരമേ പ്രതീക്ഷിക്കാനാവൂ.ഈ സ്ഥിതിക്ക്‌ പൂര്‍ണമായ ഒരു മാറ്റം അടുത്ത കാലത്തെങ്ങും പ്രതീക്ഷിക്കാനാവില്ല.
എങ്കിലും,നിലവിലുള്ള അവസ്ഥയില്‍ നിന്ന്‌ കാര്യങ്ങള്‍ കുറച്ചൊന്നു ഭേദപ്പെടുത്തിയെടുക്കാന്‍ സഹായകമാവും എന്ന പ്രതീക്ഷയില്‍ ഒരു നിര്‍ദ്ദേശം മുന്നോട്ടുവെക്കാം.കേരളത്തിലെ എല്ലാ സര്‍വകലാശാലകളും അവിടങ്ങളില്‍ നടക്കുന്ന എല്ലാ അക്കാദമിക്‌ പ്രവര്‍ത്തനങ്ങളെയും ഡിഗ്രിസര്‍ട്ടിഫിക്കറ്റ്‌ വിതരണം ഉള്‍പ്പെടെയുള്ള സാധാരണ പ്രവര്‍ത്തനങ്ങളെയും സംബന്ധിച്ചുള്ള മുഴുവന്‍ വിവരങ്ങളും ഓരോ അര്‍ധവര്‍ഷത്തിലും മാധ്യമങ്ങള്‍ക്കും ബഹുജനങ്ങള്‍ക്കും ഓരോ സര്‍കലാശാലയുടെയും പരിധിക്ക്‌ പുറത്തുള്ള അഞ്ചോ ആറോ പേരടങ്ങുന്ന വിദഗ്‌ധ സമിതിക്കും മുന്നില്‍ അവതരിപ്പിക്കുക.വിശദമായ ചര്‍ച്ചകളും നിര്‍ദ്ദേശങ്ങളും ഉണ്ടാവട്ടെ.അവയെ അടിസ്ഥാനമാക്കി ആവശ്യമായ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുകയും പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയും ചെയ്യുക.അങ്ങനെ ആയാല്‍ സര്‍വകലാശാലകളുടെ സാമൂഹ്യ ഉത്തരവാദിത്വത്തെ കുറിച്ച്‌ അക്കാദമിക്‌ സമൂഹം നിരന്തരം ഓര്‍മിക്കുന്ന അവസ്ഥ വന്നുചേരും.യൂനിവേഴ്‌സിറ്റി നിര്‍മിക്കുന്ന പുതിയ അറിവുകള്‍ പൊതുസമൂഹത്തിന്‌ പരിമിതമായ അളവിലെങ്കിലും പ്രയോജനപ്പെടുകയും ചെയ്യും.
വിശേഷിച്ച്‌ ബുദ്ധിമുട്ടില്ലാതെയും രാഷ്ട്രീയമായ എതിര്‍പ്പുകള്‍ക്ക്‌ വക വെക്കാതെയും ചെയ്യാവുന്ന സംഗതിയാണ്‌ ഇത്‌.ഈയൊരു ചെറിയ കാര്യമെങ്കിലും ചെയ്യാന്‍ തയ്യാറാവുന്നില്ലെങ്കില്‍ 'സര്‍വകലാശാല' എന്നതിന്‌ ബഹുജനം മനസ്സിലാക്കുന്ന അര്‍ത്ഥം വൈസ്‌ചാന്‍സിലറും ജീവനക്കാരും ഇടതടവില്ലാതെ തല്ലുകൂടുന്നതും കുറേപ്പേര്‍ എന്തിനെന്നില്ലാതെ വലിയ തുക ശമ്പളം പറ്റുന്നതും വിദ്യാര്‍ത്ഥികള്‍ക്ക്‌ കൃത്യസമയത്ത്‌ ഡിഗ്രിസര്‍ട്ടിഫിക്കറ്റ്‌ വിതരണം ചെയ്യുന്നതിനു പോലും ശേഷിയില്ലാത്തതും ആയ വിചിത്രസ്ഥാപനം എന്നതു മാത്രമായിരിക്കും.

13/2/2014 

Wednesday, February 12, 2014

രാഷ്ട്രീയബോധം

നിലമ്പൂരില്‍ കോണ്‍ഗ്രസ്‌ ഓഫീസില്‍ വെച്ചു നടന്ന കൊലപാതകത്തെ കുറിച്ചും വടകരയില്‍ പോലീസ്‌ ഒരാളുടെ ജനനേന്ദ്രിയം തകര്‍ത്ത സംഭവത്തെ കുറിച്ചും ആഭ്യന്തര വകുപ്പ്‌ സത്യസന്ധമായ അന്വേഷണം നടത്തുമെന്ന്‌ ഉറപ്പുവരുത്താനും അക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്താനും വി.എം.സുധീരനും വി.ഡി.സതീശനും സാധിക്കുമോ?അത്‌ സാധ്യമാവുന്നില്ലെങ്കില്‍ ജനങ്ങളെയും ജനാധിപത്യത്തെയും കുറിച്ചുള്ള അവരുടെ പ്രസംഗങ്ങളെല്ലാം ചിരിക്കു പോലും വകനല്‍കാത്ത വെറും വാചകമടിയായി മാത്രമേ കണക്കാക്കപ്പെടൂ.
നിലമ്പൂര്‍ സംഭവത്തെ കുറിച്ചുള്ള പോലീസ്‌ അന്വേഷണത്തിന്റെ പോക്ക്‌ ഒരു കൊലപാതകത്തില്‍ പോലും ഭരണനേതൃത്വവും അതിനെ നിയന്ത്രിക്കുന്ന രാഷ്ട്രീയ കക്ഷിയും ഇരയുടെ പക്ഷത്തല്ല വേട്ടക്കാരുടെ പക്ഷത്താണ്‌ ഉറച്ചു നില്‍ക്കുക എന്ന ധാരണ ഒന്നുകൂടി ബലപ്പെടുത്തുന്നു.വടകരയിലെ പോലീസ്‌ ക്രൂരത പൊതുജീവിതത്തിന്റെ സുരക്ഷ ഉറപ്പു വരുത്തേണ്ട പോലീസ്‌ ഇപ്പോഴും തങ്ങളുടെ തൊഴില്‍ എന്താണെന്നതിനെ കുറിച്ച്‌ കടുത്ത തെറ്റിദ്ധാരണയാണ്‌ വെച്ചുപുലര്‍ത്തുന്നതെന്ന്‌ വ്യക്തമാക്കുകയും ചെയ്യുന്നു.ഭരിക്കുന്ന കക്ഷികളില്‍ മുഖ്യസ്ഥാനത്തുള്ളത്‌ കോണ്‍ഗ്രസ്സാണെന്നതുകൊണ്ട്‌ ഈ അനീതികള്‍ക്കു മുന്നില്‍ 'ഞാനൊന്നുമറിഞ്ഞില്ലേ' എന്ന മട്ടില്‍ നില്‍ക്കാനാണ്‌ സാധാരണ കോണ്‍ഗ്രസ്സുകാരനും കോണ്‍ഗ്രസ്സുകാരിയും പുറപ്പെടുന്നതെങ്കില്‍ അവരുടെ 
രാഷ്ട്രീബോധം ക്ഷുദ്രവും പരിഹാസ്യവും അപലപനീയവും ഒപ്പം തന്നെ ഭയാനകവുമാണ്‌.രാഷ്ട്രീയബോധത്തിന്‌ താന്‍ കാലാകാലമായി വിശ്വസിച്ചുപോരുന്ന രാഷ്ട്രീയകക്ഷി ചെയ്യുന്ന പാതകങ്ങളെ മുഴുവന്‍ പിന്തുണക്കാനുള്ള സന്നദ്ധത എന്ന്‌ ആരും അര്‍ത്ഥം കല്‌പിക്കരുത്‌.
12/2/2014 

Tuesday, February 11, 2014

ആം ആദ്‌മി ഇഫക്ട്‌

രാഷ്ട്രീയത്തില്‍ വ്യക്തിപ്രഭാവത്തിന്‌ സ്ഥാനമൊന്നുമില്ലെന്നും ഒരു ചരിത്രഘട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന വൈരുദ്ധ്യങ്ങളുടെ സംഘര്‍ഷത്തിന്‌ ദിശാവ്യതിയാനവും പരിണാമവും ഉണ്ടാക്കുന്ന ശക്തികളുടെ ആകെത്തുകയാണ്‌ അതിനെ അടുത്ത ഘട്ടത്തിലേക്ക്‌ കൊണ്ടുപോവുന്നത്‌ എന്നും ആ ശക്തികളെ സമന്വയിപ്പിക്കുന്നതിന്‌ നേതൃത്വം നല്‍കുക എന്ന ചരിത്രദൗത്യം ഒരാളില്‍ വന്നുവീഴുകയാണ്‌ ,ആ ഒരു പ്രത്യേക വ്യക്തി ഇല്ലെങ്കില്‍ ചരിത്രം അയാളുടെ സ്ഥാനത്ത്‌ മറ്റൊരാളെ കണ്ടെത്തും എന്നുമൊക്കെയാണ്‌ മാര്‍ക്‌സിയന്‍ ചരിത്രദര്‍ശനത്തെ തികച്ചും യാന്ത്‌ികമായി ഉള്‍ക്കൊണ്ടിരുന്നവര്‍ പണ്ടൊക്കെ പറഞ്ഞിരുന്നത്‌.ഇന്നിപ്പോള്‍ ആരും അങ്ങനെ പറയുമെന്ന്‌ തോന്നുന്നില്ല.ഒരു ജനതയുടെയോ സമൂഹത്തിന്റെയോ പ്രസ്ഥാനത്തിന്റെയോ ഗതി നിര്‍ണയിക്കുന്നതില്‍ അതിന്‌ നേതൃത്വം നല്‍കുന്നവര്‍ക്ക്‌ വലിയ പങ്കുണ്ട്‌.നല്ല നേതാവ്‌ ,ചീത്ത നേതാവ്‌ എന്ന വകതിരിവ്‌ തീര്‍ച്ചയായും പ്രസക്തമാണ്‌.
കേരളത്തിലെ കോണ്‍ഗ്രസ്സിന്‌ ഇപ്പോള്‍ രണ്ട്‌ നല്ല നേതാക്കളെ കിട്ടിയിരിക്കുന്നു:വി.എം.സുധീരനും വി.ഡി.സതീശനും.പാര്‍ട്ടിയിലെ ഉന്നത നേതാക്കളില്‍ നിന്നുണ്ടായ എതിര്‍പ്പുകളെ അവഗണിച്ചും സാധാരണ കോണ്‍ഗ്രസ്സുകാരുടെയും ബഹുജനങ്ങളുടെയും താല്‌പര്യം മനസ്സിലാക്കിയുമാണ്‌ കോണ്‍ഗ്രസ്‌ ഹൈക്കമാന്റ്‌ ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്‌ എന്ന്‌ പറഞ്ഞു കേള്‍ക്കുന്നത്‌ ശരിയാവാനാണ്‌ സാധ്യത.ഇതിനെ കോണ്‍ഗ്രസ്സിനകത്തെ 'ആം ആദ്‌മി ഇഫക്ട്‌' എന്ന്‌ ഒരു ടി.വി ചാനല്‍ വിശേഷിപ്പിച്ചുകണ്ടു.അത്‌ തികച്ചും ശരിയാണ്‌.രാഷ്ടീയത്തിലെ ഏത്‌ തീരുമാനവും, ഒരു പാര്‍ട്ടിയുടെ നേതാക്കളുടെ തിരഞ്ഞെടുപ്പ്‌ പോലും, പാര്‍ട്ടിക്കുള്ളിലെ അധികാരകേന്ദ്രങ്ങള്‍ക്ക്‌ പുറത്തുനില്‍ക്കുന്ന ബഹുജനങ്ങളുടെ താല്‌പര്യം കണക്കിലെടുത്തുവേണം നിര്‍വഹിക്കാന്‍ എന്ന ബോധ്യം രാജ്യത്തെ ഏറ്റവും പഴയ പാര്‍ട്ടിയായ കോണ്‍ഗ്രസ്സിനു പോലും ഉണ്ടാക്കാന്‍ ഏറ്റവും പുതിയ പാര്‍ട്ടിയായ.ആം ആദ്‌മി പാര്‍ട്ടിക്ക്‌ കഴിഞ്ഞുവെന്നത്‌ ആ പാര്‍ട്ടിയുടെ കൂടെ നില്‍ക്കുന്നവര്‍ക്ക്‌ തീര്‍ച്ചയായും അഭിമാനകരം തന്നെയാണ്‌.
11/2/2014 

നിരൂപണം

ഖണ്ഡന നിരൂപണം സത്യത്തില്‍ ഒരു പാഴ്‌ വേലയാണെന്നു തോന്നുന്നു.എഴുത്തുകാരന്റെ സ്വാധീനബലത്തിന്റെ അളവും പരപ്പും കൃതിയുടെ ദൗര്‍ബല്യങ്ങള്‍ മറച്ചുവെക്കുന്നതിനും അതിനെ നാനാതരത്തിലുള്ള അംഗീകാരങ്ങള്‍ കൊണ്ട്‌ പൊതിയുന്നതിനും സഹായകമാകും.പക്ഷേ ,ഒരു ചീത്ത കൃതി എഴുതിയ ആളും സഹായികളും എത്രമേല്‍ പണിപ്പെട്ടാലും ജനമനസ്സില്‍ അധികകാലം നിലനില്‍ക്കില്ല.അതിനെ പൊക്കി നിര്‍ത്തുന്ന പൊയ്‌ക്കാലുകള്‍ ആരും വിശേഷിച്ചൊന്നും ചെയ്യാതെ തന്നെ ഒന്നൊന്നായി ദ്രവിച്ചുപോകും.ഏതെങ്കിലും തരത്തില്‍ ചരിത്രപരമായ പ്രാധാന്യമുള്ള കൃതികള്‍ മാത്രം അവയുടെ ആ ഒരു പ്രത്യേകത കാരണം പരിമിതമായ അര്‍ത്ഥത്തില്‍ കാലത്തെ അതിജീവിക്കും.മതത്തിന്റെ പിന്തുണ നേടുന്ന കൃതികളും പറയത്തക്ക സാഹിത്യഗുണമൊന്നുമില്ലെങ്കിലും ശാശ്വത മൂല്യം കൈവരിക്കും.
ഒരു കാലഘട്ടത്തിലെ വലിയ ആത്മസംഘര്‍ഷങ്ങളെ പ്രതിഫലിപ്പിക്കുന്ന കൃതികള്‍ പോലും ഭാവുകത്വത്തിനുമേല്‍ വളരെ ഉപരിപ്ലവമായ ധാരണകള്‍ മേല്‍ക്കൈ നേടുന്ന ചരിത്രഘട്ടങ്ങളില്‍ ആരാലും മനസ്സിലാക്കപ്പെടാതെ അവഗണനയുടെ ഇരുളിലേക്ക്‌ തള്ളിമാറ്റപ്പെട്ടെന്ന്‌ വരും.ഇത്തരം കൃതികളെ വായനയുടെ ലോകത്ത്‌ സജീവ ശ്രദ്ധയുടെ വെളിച്ചം വീഴുന്ന ഇടങ്ങളിലേക്ക്‌ കൊണ്ടുവരുന്നതിനാണ്‌ നിരൂപകന്മാര്‍ ശ്രദ്ധിക്കേണ്ടത്‌.സിദ്ധാന്തരൂപീകരണത്തിന്‌ 
അപ്പുറംസാഹിത്യത്തിന്‌ അവര്‍ നല്‍കേണ്ടുന്ന യഥാര്‍ത്ഥ സംഭാവന അതാണ്‌.ചീത്ത കൃതികളെ ഹനിക്കുന്നതിനോ ശരാശരി കൃതികളെ വ്യാഖ്യാനിച്ച്‌ വേണ്ടുന്നതും വേണ്ടാത്തതും കണ്ടെത്തുന്നതിനോ അവര്‍ സമയം കളയേണ്ട കാര്യമില്ല.
നിരൂപണം നിരൂപകര്‍ക്കു മാത്രമേ ചെയ്‌തുകൂടൂ എന്നില്ല.മാധ്യമത്തെ സ്‌നേഹിക്കുന്ന ഏത്‌ സര്‍ഗാത്മക സാഹിത്യകാരനും/സാഹിത്യകാരിക്കും ശ്രദ്ധേയം എന്ന്‌ തനിക്ക്‌ തോന്നുന്ന കൃതികളെ കുറിച്ച്‌ എഴുതാവുന്നതാണ്‌.അവര്‍ അങ്ങനെ എഴുതേണ്ടതാണ്‌.നമ്മുടെ എഴുത്തുകാരില്‍ ബഹുഭൂരിപക്ഷവും പക്ഷേ അവനവനില്‍ നിന്ന്‌ പുറത്തുകടക്കാറില്ല.തന്റെ സംഭാവനകളെ കുറിച്ച്‌ മറ്റാരും എഴുതിയില്ലെന്ന്‌ അവര്‍  പരാതിപ്പെടും.അതേ സമയം ഭാഷയില്‍ പുതുതായി ഉണ്ടായതും തന്നെ സ്‌പര്‍ശിച്ചതുമായ ഒരു കൃതിയ പറ്റി പ്രശംസാരൂപത്തില്‍ എന്തെങ്കിലും പറയുന്നതിലും എഴുതുന്നതിലും അവര്‍ അങ്ങേയറ്റം വിമുഖരായിരിക്കുകയും ചെയ്യും.നിരൂപണത്തെ കുറിച്ച്‌ നിരന്തരം പരാതിപ്പെട്ടുകൊണ്ടേ ഇരിക്കുന്ന എഴുത്തുകാര്‍ ഈയൊരു സംഗതിയെ കുറിച്ചു കൂടി തീര്‍ച്ചയായും ആലോചിക്കേണ്ടതാണ്‌.
10/2/2014


Saturday, February 8, 2014

ഗവേഷണം അടിമപ്പണിയല്ല

നമ്മുടെ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ സാഹിത്യവും മാനവിക വിഷയങ്ങളുമായി ബന്ധപ്പെട്ട്‌ ഒട്ടുവളരെ ഗവേഷണങ്ങള്‍ നടന്നുവരുന്നുണ്ട്‌.ഇവയുടെ ഫലങ്ങള്‍ അതാതുവിഷയങ്ങളിലെ സര്‍ഗാത്മക/നിര്‍മാണാത്മക പ്രവര്‍ത്തനങ്ങള്‍ക്ക്‌ പുതിയ ദിശാബോധങ്ങള്‍ നല്‍കുന്നതില്‍ എത്രത്തോളം ഫലപ്രദമാവുന്നുണ്ടെന്ന കൃത്യമായ യാതൊരു പരിശോധനയും നടന്നുവരുന്നതായി അറിവില്ല.അങ്ങനെ വല്ലതും ഉണ്ടെങ്കില്‍ അതില്‍ വെളിപ്പെടുന്ന വിവരങ്ങള്‍ അല്‌പവും അഭിമാനകരമാവാന്‍ ഇടയില്ല.ദത്തശേഖരണം.സമാഹരണം,എന്നീ സംഗതികള്‍ സാമാന്യം തൃപ്‌തികരമായി നടത്താന്‍ പല ഗവേഷകര്‍ക്കും                                         സാധ്യമാവാറുണ്ട്‌ . പക്ഷേ,വിവരണാത്മകത്തിന്‌ അപ്പുറം കടക്കുന്ന പഠനങ്ങളുടെ കാര്യം മിക്കവാറും കഷ്ടം തന്നെയാണ്‌.
ഗവേഷണത്തിന്റെ രീതിശാസ്‌ത്രം കരുപ്പിടിപ്പിക്കുന്നതില്‍ ഏറ്റവും പുതിയ വിദേശമാതൃകകളെ പിന്‍പറ്റണമെന്നതും ഏറ്റവും പുതിയ വൈദേശിക അപഗ്രഥനസങ്കേതങ്ങളെയും ദര്‍ശനങ്ങളെയും ആശ്രയിച്ചായിരിക്കണം പഠനം നടത്തേണ്ടത്‌ എന്നതും ഏറെക്കുറെ അലിഖിത നിയമം പോലെയാണ്‌ നമ്മുടെ സര്‍വകലാശാലകളില്‍.സ്വന്തം എന്ന്‌ അവകാശപ്പെടാനാവാത്ത രീതിശാസ്‌ത്രം അടിച്ചേല്‍പ്പിക്കുന്ന അസ്വാതന്ത്ര്യത്തിനകത്താണ്‌ ഇവിടെ ഗവേഷണം നടക്കുന്നത്‌ എന്നര്‍ത്ഥം.ഇതിനു പകരം പരതന്ത്രമല്ലാത്ത ഒരു രീതിശാസ്‌ത്രം സ്വരൂപിക്കുക എന്നത്‌ ഗവേഷണത്തിന്റെ ആദ്യപടിയായി അംഗീകരിക്കപ്പെടുകയാണെങ്കില്‍ അത്‌ തന്നെ നിലവാരത്തിന്റെ കാര്യത്തില്‍ വലിയൊരു കുതിപ്പിലേക്കുള്ള ആദ്യപടിയാവും.
വിഷയത്തെ വളരെ പ്രൊഫഷണലായും വ്യാപാരബുദ്ധിയോടും സമീപിക്കുന്നവരാണ്‌ മിക്ക ഗവേഷകരും.ഗവേഷണ ബിരുദം ജോലി ലഭിക്കുന്നതിനു തൊട്ട്‌ അധികശമ്പളം ഉറപ്പാക്കുന്നതിനു വരെയുള്ള ഉപാധി എന്ന നിലയിലാണ്‌ പരിഗണിക്കപ്പെടുന്നത്‌.ഈ സ്ഥിതി മാറണം.ഗവേഷണബിരുദം ജോലി ലഭിക്കുന്നതിനോ സ്ഥാനക്കയറ്റത്തിനോ ശമ്പള വര്‍ധനവിനോ ഒന്നും മാനദണ്ഡമായിത്തീരരുത്‌.വിശേഷിച്ച്‌ സാമ്പത്തിക നേട്ടമൊന്നും ഇല്ലെന്നു വന്നാല്‍ നല്ല താല്‌പര്യമുള്ളവര്‍ മാത്രമേ ഈ പണി ചെയ്യാന്‍ നില്‍ക്കൂ.അവര്‍ മാത്രമേ അത്‌ ചെയ്യേണ്ടതുള്ളൂ.ഒരാള്‍ സ്വന്തമായി കണ്ടെത്തുന്ന വിഷയം യൂനിവേഴ്‌സ്‌റ്റിയിലെ ബന്ധപ്പെട്ട വിഭാഗത്തിനു മുന്നില്‍ സമര്‍പ്പിച്ചാല്‍ അത്‌ ഗവേഷണയോഗ്യമാണോ എന്ന്‌ നിര്‍ണയിക്കുന്നത്‌ ഒരു വിദഗ്‌ധസമിതി ആയിരിക്കണം.ഗവേഷണത്തിന്‌ ഗൈഡിന്റെ സഹായം വേണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള അവകാശം ഗവേഷകന്‌ ലഭിക്കണം.പല മാനവിക വിഷയങ്ങളുടെയും കാര്യത്തില്‍  ഗൈഡ്‌ ഗവേഷകന്‌ 
ഉപകാരത്തേക്കാളേറെ
 ഉപദ്രവമാണ്‌ ചെയ്യുക.ഗവേഷണ പ്രബന്ധം യൂനിവേഴ്‌സിറ്റിക്ക്‌ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ അതിന്റെ പരിശോധനയും തീരുമാനവും അറിയിക്കുന്നതിന്‌ മൂന്നോ നാലോ മാസത്തില്‍ കവിയാത്ത ഒരു സമയപരിധി നിശ്ചയിക്കണം.ഉന്നത നിലവാരം പുലര്‍ത്തുന്ന ഗവേഷണ പ്രബന്ധത്തിനു മാത്രമേ ചി.എച്ച്‌.ഡി നല്‍കേണ്ടതുള്ളൂ.അത്തരം പ്രബന്ധങ്ങള്‍ യൂനിവേഴ്‌സിറ്റി സ്വന്തം ചെലവില്‍ പ്രസിദ്ധീകരിക്കുകയും വേണം.
ഔപചാരികമായി യൂനിവേഴ്‌സിറ്റികളില്‍ റജിസ്റ്റര്‍ ചെയ്യാതെയും ഒരാള്‍ക്ക്‌ ഗവേഷണം നടത്താം.അങ്ങനെയുള്ളവരില്‍ നിന്നും ചിലപ്പോള്‍ വളരെ മികച്ച സംഭാവനകള്‍ ഉണ്ടാവാറുണ്ട്‌.അത്തരത്തിലുള്ള സംഭാവനകള്‍ പരിശോധിച്ച്‌ ആ ഗവേഷകന്മാര്‍ക്ക്‌ അവരുടെ ബിരുദമോ മറ്റ്‌ യോഗ്യതകളോ പരിഗണിക്കാതെ തന്നെ ഡോക്ടറേറ്റ്‌ നല്‍കാനുള്ള ഉത്തരവാദിത്വം യൂനിവേഴ്‌സിറ്റികള്‍ ഏറ്റെടുക്കണം.
അനാവശ്യമായ അധികാര പ്രയോഗമാണ്‌ നമ്മുടെ യൂനിവേഴ്‌സിറ്റികളിലെ ഗവേഷണപ്രവര്‍ത്തനങ്ങളുടെ ജീവന്‍ കെടുത്തിക്കളയുന്ന പ്രധാന സംഗതി.ഗൈഡ്‌,ഡിപ്പാര്‍ട്‌മെന്റ്‌ ഹെഡ്‌ തുടങ്ങിയവര്‍ക്ക്‌ ഗവേഷകയ്‌ക്കു/ഗവേഷകനു മേല്‍ പറയത്തക്ക അധികാരമൊന്നുമില്ല എന്നു വരുന്നത്‌ തന്നെ ഗവേഷണത്തിന്റെ ഗുണനിലവാരം വര്‍ധിക്കുന്നതിന്‌ തീര്‍ച്ചയായും സഹായകമാവും.മറ്റൊരു പ്രധാനസംഗതി ഗവേഷണത്തില്‍ സര്‍ഗാത്മകത പരമ പ്രധാനമായി വരിക എന്നതാണ്‌.സാങ്കേതിക ഘടകങ്ങളിലെല്ലാം കൃത്യത കൈവരിച്ചു കഴിഞ്ഞാല്‍ ഗവേഷണ പ്രബന്ധം മുക്കാല്‍ പങ്കും പൂര്‍ത്തിയായി എന്നതാണ്‌ ഇപ്പോഴത്തെ അവസ്ഥ.ഇത്‌ മാറണം.ആര്‍ക്കെയ്‌വിസില്‍ നിന്നോ മാനുസ്‌ക്രിപ്‌റ്റ്‌ ലൈബ്രറികളില്‍ നിന്നോ പഴയ കൃതികളും രേഖകളും കണ്ടെത്തുന്നതും പൂര്‍വപഠനങ്ങളില്‍ നിന്ന്‌ പ്രാഥമികാശയങ്ങള്‍ സ്വരൂപിക്കുന്നതും ഫീല്‍ഡ്‌ വര്‍ക്കില്‍ നിന്ന്‌ വിവരങ്ങള്‍ ശേഖരിക്കുന്നതുമെല്ലാം ഗവേഷണപ്രവര്‍ത്തനത്തിന്റെ പ്രധാനഭാഗം തന്നെയാണ്‌.പക്ഷേ,ദത്തശേഖരണത്തിനു ശേഷം സ്വന്തം മനനങ്ങളില്‍ നിന്നും വിശകലനങ്ങളില്‍നിന്നും ഗവേഷകന്‍/ഗവേഷക എത്തിച്ചേരുന്ന മൗലികമായ കണ്ടെത്തലുകളും അവയുടെ ഫലപ്രദമായ അവതരണവും തന്നെയാണ്‌ ഏത്‌ ഗവേഷണ പ്രബന്ധത്തിന്റെയും കാതലായ അംശം.ഈയൊരു സംഗതി മിക്കവാറും മറന്നുപോകുന്നു എന്നതാണ്‌ നമ്മുടെ സര്‍വകലാശാലകളിലെ ഗവേഷണപ്രവര്‍ത്തനങ്ങളുടെ ഏറ്റവും വലിയ ദൗര്‍ബല്യം.തികഞ്ഞ കച്ചവടക്കണ്ണോടെ ഗവേഷണത്തെ സമീപിക്കുന്ന ഗവേഷകര്‍,തഴക്കം വന്ന ബ്യൂറോക്രാറ്റിന്റെ അധികാര ഗര്‍വ്വോടെ ഗവേഷകരെ നിലക്കു നിര്‍ത്താനുറച്ചിരിക്കുന്ന മേല്‍നോട്ടക്കാര്‍ ഇവര്‍ക്കൊന്നും ഗവേഷണത്തിലെ സര്‍ഗാത്മകത,സൗന്ദര്യാത്മകത എന്നിങ്ങനെയുള്ള കാര്യങ്ങള്‍ എന്താണെന്നു പോലും മനസ്സിലാവില്ല.എളുപ്പത്തില്‍ പണി തീര്‍ക്കാവുന്ന വിഷയം കണ്ടെത്തണം,വസ്‌തുതകള്‍ അടുക്കും ചിട്ടയുമായി അവതരിപ്പിക്കണം,അലങ്കാരപ്രയോഗങ്ങള്‍ പാടെ ഒഴിവാക്കണം,ഗ്രന്ഥസൂചി കൃത്യമായിരിക്കണം തുടങ്ങിയ ഏതാനും സംഗതികളില്‍ ഒതുങ്ങും തൊണ്ണൂറ്‌ ശതമാനം ഗൈഡുമാരുടെയും ഗവേഷണ സങ്കല്‌പം.ഇതൊക്കെ എത്രയോ മുമ്പേ തന്നെ മാറേണ്ടതായിരുന്നു.ഗവേഷണം കേവലം സൂത്രപ്പണിയോ,പണമിടപാട്‌ പോലുള്ള ഒന്നോ,അടിമപ്പണിയോ അല്ല.ഇങ്ങനെ വല്ലതുമൊക്കെ ആണെന്ന്‌ ഉറപ്പിച്ചെടുക്കും വിധത്തിലാണ്‌ ഇന്ന്‌ നമ്മുടെ സര്‍വകലാശാലകളില്‍ ഗവേഷണം നടന്നുവരുന്നത്‌.ജീവിതവിജയം ഉറപ്പാക്കാനുള്ള വിദ്യകള്‍ പഠിപ്പിച്ചു തരുന്ന ക്ലാസ്സുകളുണ്ട്‌.അത്തരം ക്ലാസ്സുകളില്‍ അധ്യാപകരായിരിക്കുന്നവരുടെ മനോഭാവത്തോടെ സമീപിക്കേണ്ടുന്ന ഒന്നല്ല ഗവേഷണം.ഒരു സര്‍ഗാത്മക വൃത്തിയുടെ സജീവതയും സൗന്ദര്യവും കൈവരിക്കാനാവുന്നില്ലെങ്കില്‍ ഗവേഷണം ഒരു പാഴ്‌ വേലയാണ്‌.
8/2/2014

ബാക്കിപത്രം

കെ.കെ രമയുടെ നിരാഹാരസമരം അവസാനിച്ചു കഴിഞ്ഞു.എന്താണ്‌ ഈ സമരത്തിന്റെ ബാക്കിപത്രം? സമരം യു.ഡി.എഫ്‌ തയ്യാറാക്കിയ തിരക്കഥയനുസരിച്ചുള്ളതാണ്‌,രമ മികച്ച നടിയാണ്‌ എന്നൊക്കെ പറഞ്ഞും തികച്ചും അനുചിതമായി നക്‌സലൈറ്റ്‌ നേതാവ്‌ വര്‍ഗീസിന്റെ പേര്‌ വലിച്ചിഴച്ചും ചാനല്‍ ചര്‍ച്ചകളില്‍ വികൃതവാദങ്ങള്‍ ഉന്നയിച്ച്‌ ചിരിച്ചുമൊക്കെ സി.പി.ഐ(എം) നേതാക്കള്‍ ഒരിക്കല്‍ കൂടി അവരുടെ ഭയാനകമായ ബൗദ്ധികത്തകര്‍ച്ച വെളിവാക്കി എന്നതാണ്‌ ഒന്നാമത്തെ കാര്യം.കാര്‍ട്ടൂണിസ്റ്റ്‌ ഗോപീകൃഷ്‌ണന്‍ ശിബി (ഐ). എന്ന കാര്‍ട്ടൂണിലൂടെ  (മാതൃഭൂമി ദിനപത്രം-7/2/2014)തന്റെ അസാധാരണമായ സര്‍ഗവൈഭവം വെളിപ്പെടുത്തി താന്‍ ഒന്നാംകിടയില്‍ ഒന്നാംകിടക്കാരനായ കലാകാരനാണ്‌ എന്നു തെളിയിച്ചു എന്നതാണ്‌ രണ്ടാമത്തെ കാര്യം.സി.ബി.ഐ അന്വേഷണം തത്ത്വത്തില്‍ അംഗീകരിച്ചതും   ഭരിക്കുന്നവര്‍ ഉരുണ്ടുകളിച്ച്‌ സംശയങ്ങള്‍ പലതും ജനിപ്പിച്ചതും വി.എസ്‌ പാര്‍ട്ടിയെ വെല്ലുവിളിച്ചതും മൂന്നും നാലും അഞ്ചും കാര്യങ്ങളായേ വരൂ.
8/2/2014  

Friday, February 7, 2014

ഇതൊക്കെ മാറ്റാറായില്ലേ?

സാഹിത്യം.ചിത്രകല,സംഗീതം,വൈദ്യശാസ്‌ത്രം,നിയമം,വാസ്‌തുവിദ്യ,ഫോക്‌ലോര്‍ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട്‌ ദേശീയതലത്തിലോ സംസ്ഥാനതലത്തിലോ പ്രാദേശിക തലത്തില്‍ തന്നെയോ നടത്തുന്ന സമ്മേളനങ്ങളുടെ ഉദ്‌ഘാടനത്തിന്‌ മന്ത്രിമാരെ തന്നെ ക്ഷണിച്ചുകൊണ്ടു വരുന്നതാണ്‌ നാട്ടുനടപ്പ്‌. അങ്ങനെ വേണമെന്ന്‌ നിയമം അനുശാസിക്കുന്നില്ലെന്നാണ്‌ എന്റെ അറിവ്‌.അപ്പോള്‍ പിന്നെ കാലാകാലമായി തുടര്‍ന്നുവരുന്ന ഈ നടപടിയുടെ യുക്തി എന്താണ്‌?സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞതില്‍പ്പിന്നെ ഒരു പുസ്‌തകം പോലും വായിച്ചിട്ടില്ലാത്തയാള്‍ ജീവിതം തന്നെ സാഹിത്യരചനക്കും പഠനത്തിനുമായി ഉഴിഞ്ഞുവെച്ച, അതിവിപുലമായ ജനസമ്മതിയുള്ള എഴുത്തുകാര്‍ പങ്കെടുക്കുന്ന സാഹിത്യസമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ സമകാലികസാഹിത്യത്തിലെ പ്രശ്‌നങ്ങളെ പറ്റി സെക്രട്ടറി എഴുതിക്കൊടുത്ത പ്രസംഗം പ്രയാസപ്പെട്ട്‌ വായിച്ച്‌ സ്ഥലം വിടുന്നത്‌ കണ്ടുംകേട്ടും ഇരിക്കേണ്ടി വരുന്നത്‌ മറ്റൊന്നുമല്ലെങ്കില്‍ അപമാനകരമെങ്കിലുമല്ലേ?നിയപണ്ഡിതന്‍ കൂടിയായ ഒരാളാണ്‌ നിയമമന്ത്രിയായി ഇരിക്കുന്നതെങ്കില്‍ നിയമജ്ഞന്മാരുടെ ഒരു സമ്മേളനം അദ്ദേഹം ഉദ്‌ഘാടനം ചെയ്യുന്നതില്‍ ആരും അപാകത കാണില്ല.നേരെ മറിച്ച്‌ നിയമങ്ങളെ കുറിച്ച്‌ കേട്ടറിവ്‌ മാത്രമുള്ള ഒരാള്‍ നിയമമന്ത്രിയുടെ കസേരയില്‍ ഇരിക്കാന്‍ അവസരം ലഭിച്ചു എന്നതുകൊണ്ടു മാത്രം ക്രിമിനല്‍ നിയമങ്ങളുടെ നടത്തിപ്പിനെ കുറിച്ചോ,സ്‌ത്രീപീഡനം സംബന്ധിച്ച നിയമങ്ങളില്‍ മാറ്റം വരുത്തേണ്ടതിനെ കുറിച്ചോ ചര്‍ച്ച ചെയ്യുന്ന ഒരു സമ്മേളനം ഉദ്‌ഘാടനം ചെയ്യുന്നതും വൈദ്യശാസ്‌ത്രത്തെ കുറിച്ച്‌ വളരെ സാമാന്യമായ ധാരണകള്‍ മാത്രമുള്ള ഒരു ആരോഗ്യമന്ത്രി ശിശുരോഗവിദഗ്‌ധന്മാരുടെയോ മൂത്രാശയ രോഗവിദഗ്‌ധന്മാരുടെയോ സമ്മേളനത്തിന്‌ പ്രസംഗം വഴി ആരംഭം കുറിക്കുന്നതും പരിഹാസ്യമല്ലെങ്കില്‍ പിന്നെ എന്താണ്‌?
മന്ത്രിപദവിയില്‍ ഇരിക്കുന്ന ഒരാള്‍ക്ക്‌ തന്റെ വകുപ്പിന്‌ കീഴില്‍ വരുന്ന സ്ഥാപനങ്ങള്‍ക്ക്‌ നല്‍കുന്ന ധനസഹായത്തില്‍ ഏറ്റക്കുറച്ചില്‍ വരുത്തുന്നതിനും വകുപ്പിലെ ഉദ്യോഗസ്ഥന്മാരുടെ സ്ഥലം മാറ്റം മുതല്‍ അവരുടെ വിദേശയാത്ര,അവര്‍ക്ക്‌ നല്‍കാനിടയുള്ള പ്രത്യേകസ്ഥാനമാനങ്ങള്‍ എന്നിവ വരെയുള്ള കാര്യങ്ങളിലൊക്കെ അനായായസമായി ഇടപെടാന്‍ കഴിയുമായിരിക്കും.പക്ഷേ,ആ വക സംഗതികള്‍ വകുപ്പിനു കീഴില്‍ വരുന്ന സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടോ അല്ലാതെയോ പ്രത്യേക പ്രാവീണ്യമുളളവര്‍ നടത്തുന്ന സമ്മേളനങ്ങളില്‍ പരമാധികാരിയായോ പ്രഥമഗണനീയനായോ പ്രത്യക്ഷപ്പെടുന്നതിനുള്ള യാതൊരവകാശവും അദ്ദേഹത്തിനു നല്‍കുന്നില്ല.അവനവന്‌ അറിവില്ലാത്ത കാര്യങ്ങളെ കുറിച്ച്‌ ആധികാരികത ഭാവിച്ച്‌ അഭിപ്രായം പറയാന്‍ മറ്റ്‌ ഏതൊരാള്‍ക്കുമെന്ന പോലെ മന്ത്രിക്കും അവകാശമില്ല.
ജനാധിപത്യസംവിധാനത്തില്‍ ജനങ്ങള്‍ നിയമസഭയിലേക്കും പാര്‍ലിമെന്റിലേക്കുമൊക്കെ തിരഞ്ഞെടുത്തയക്കുന്നവരില്‍ നിന്നാണ്‌ സാധാരണഗതിയില്‍ മന്ത്രിമാര്‍ തിരഞ്ഞെടുക്കപ്പെടുന്നത്‌.അവരെ സര്‍വജ്ഞരായി ആരും കണക്കാക്കുന്നില്ല.തങ്ങളുടെ മേല്‍നോട്ടത്തിനു കീഴില്‍ വരുന്ന വകുപ്പുകളില്‍ നീതിപൂര്‍വകവും ജനോപകാരപ്രദവുമായ രീതിയില്‍ കാര്യങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നതിന്‌ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയുമാണ്‌ അവരുടെ ജോലി.അതിനപ്പുറത്ത്‌ പൊതുജീവിതത്തില്‍ ഇടപെട്ട്‌ പ്രവര്‍ത്തിക്കാന്‍ ഏതൊരു പൗരനും ഉള്ളതില്‍ കവിഞ്ഞുള്ള വിശേഷാധികാരങ്ങളൊന്നും അവര്‍ക്കില്ല.സര്‍ക്കാര്‍ ഖജനാവില്‍ നിന്ന്‌ പണം ചെലവാക്കി നടത്തുന്ന സമ്മേളനങ്ങളില്‍ ജനപ്രതിനിധികളെന്ന നിലയില്‍ ആശംസാപ്രസംഗകരായോ ചില പ്രത്യേക സാഹചര്യങ്ങളില്‍ സാധാരണപ്രസംഗകരായോ മന്ത്രിമാരെയോ എം.എല്‍.എ മാരെയോ പങ്കെടുപ്പിക്കുന്നതില്‍ തെറ്റൊന്നുമില്ല.അതില്‍ കവിഞ്ഞ്‌ ഇന്ന്‌ അവര്‍ അനുഭവിച്ചുവരുന്ന സവിശേഷ പദവിക്ക്‌ ഔദ്യോഗികമായ ആചാര്യമര്യാദ(പ്രോട്ടോക്കോള്‍)യുടെ വല്ല പിന്‍ബലവുമുണ്ടെങ്കില്‍ അത്‌ എത്രയും വേഗം ഇല്ലായ്‌മ ചെയ്യേണ്ടതാണ്‌.
ഒരു മന്ത്രിയെയോ എം.എല്‍.എയെയോ നാളതുവരെ അദ്ദേഹം ഏതെങ്കിലും അളവില്‍ നിര്‍മാണാത്മകമായി ബന്ധപ്പെട്ടിട്ടില്ലാത്ത ഒരു വിഷയത്തെ ആധാരമാക്കിയുള്ള സമ്മേളനത്തില്‍ ഉദ്‌ഘാടകനായോ മുഖ്യാതിഥിയായോ ക്ഷണിച്ചിരിക്കുന്നുവെന്ന്‌ നോട്ടീസില്‍ കാണുന്ന നിമിഷത്തില്‍ തന്നെ ആ സമ്മേളനത്തിന്റെ ആ പ്രത്യേക സെഷനെങ്കിലും യാതൊരു ഗൗരവവും കല്‌പിക്കാതെ,തികച്ചും ഔപചാരികമായി സംഘടിപ്പിച്ചിരിക്കുന്നതാണെന്നും കേവലം ചടങ്ങ്‌ എന്നതില്‍ കവിഞ്ഞ്‌ അതിന്‌ പ്രാധാന്യമൊന്നുമില്ലെന്നും അതില്‍ ശ്രോതാവായി ഇരുന്നു കൊടുക്കുന്നത്‌ വെറും സമയനഷ്ടമാണെന്നും സാമാന്യബുദ്ധിയുള്ള എല്ലാവരും മനസ്സില്‍ ഉറപ്പിച്ചു കഴിയും.ജനങ്ങളുടെ ഈ ബോധ്യത്തെ കുറിച്ച്‌ അറിവുണ്ടായാല്‍ തന്നെ അധികാരത്തില്‍ ഇരിക്കുന്നവര്‍ അത്‌ തങ്ങളെ ബാധിക്കുകയില്ലെന്ന്‌ ഉറച്ച്‌ തീരുമാനിക്കും.കാരണം അവരെ സംബന്ധിച്ചിടത്തോളം മാധ്യമശ്രദ്ധ കിട്ടുന്ന ഒരു പരിപാടിയില്‍ പങ്കെടുത്ത്‌ ബഹുജനസമക്ഷം ഒരിക്കല്‍ കൂടി കേമനോ കേമിയോ ആയി പ്രത്യക്ഷപ്പെട്ട്‌ തന്റെ ജനസമ്മതിയ്‌ക്ക്‌ ഒരു നുള്ളെങ്കില്‍ ഒരു നുള്ള്‌ വര്‍ധനവുണ്ടാക്കുന്നതിലേ നോട്ടമുണ്ടാവുകയുള്ളൂ.സംഘാടകരാണെങ്കില്‍ അധികാരത്തില്‍ ഇരിക്കുന്നവരെ പ്രീണിപ്പിച്ചതിന്റെ സന്തോഷത്തില്‍ കൃതാര്‍ത്ഥരാവുകയും ചെയ്യും.സത്യത്തില്‍ ഇതൊക്കെ മാറ്റാനുള്ള സമയം എന്നോ അതിക്രമിച്ചില്ലേ?
7/2/2014 

Tuesday, February 4, 2014

മാറുവിന്‍,മാറുവിന്‍ അല്ലെങ്കില്‍...

ടി.പി.ചന്ദ്രശേഖരന്‍ വധത്തിനു പിന്നിലെ ഗൂഢാലോചനക്കാരെ സി.ബി.ഐ അന്വേഷണത്തിനു മുന്നില്‍ കൊണ്ടുവരണം എന്നാവശ്യപ്പെട്ട്‌ ശ്രീമതി കെ.കെ.രമ നടത്തുന്ന നിരാഹാര സമരം യു.ഡി.എഫ്‌ ഗൂഢാലോചനയുടെ ഫലമാണ്‌,യു.ഡി.എഫ്‌ തയ്യാറാക്കിയ തിരക്കഥ അനുസരിച്ച്‌ നടക്കുന്നതാണ്‌ എന്നിങ്ങനെയൊക്കെയുള്ള സി.പി.ഐ(എം) നേതാക്കളുടെ പ്രസ്‌താവനകള്‍ എല്ലാവരും കേട്ടുകഴിഞ്ഞു.ടി.പി. കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട്‌ ജയിലില്‍ കഴിയുന്നവരെ പോലീസ്‌ ക്രൂരമായി മര്‍ദ്ദിച്ചു എന്ന ആരോപണവുമായി സി.പി.ഐ(എം) നേതാക്കള്‍ രംഗത്ത്‌ വന്നതും മര്‍ദ്ദനം സംബന്ധിച്ച്‌ അന്വേഷണം ആവശ്യപ്പെട്ട്‌ തടവുകാരുടെ ബന്ധുക്കള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിനു മുന്നില്‍ സമരം ആരംഭിച്ചതും എല്ലാവര്‍ക്കും അറിയാം.
രമയെ സെക്രട്ടറിയേറ്റിനു മുന്നില്‍ എത്തിച്ചതിനു പിന്നില്‍ യു.ഡി.എഫിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ടാവാം.നേരത്തെ തന്നെ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചിരുന്നെങ്കില്‍ ഉണ്ടാവുന്നതിന്റെ പതിന്മടങ്ങ്‌ രാഷ്ട്രീയ ലാഭം യു.ഡി.എഫിന്‌ രമയുടെ സമരത്തിനു നേരെ ഉയര്‍ന്നുവരുന്ന ജനവികാരത്തിലൂടെ ലഭ്യമാവുമെന്ന്‌ ന്യായമായും കരുതാം.പക്ഷേ,രമയുടെ ആവശ്യത്തെ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി എതിര്‍ക്കുന്നതിന്‌ ഇത്‌ ന്യായീകരണമാവുന്നത്‌ എങ്ങനെയാണ്‌ ?ആരംഭം മുതല്‍ക്കേ മാര്‍ക്‌സിസറ്റ്‌ പാര്‍ട്ടി ഈ ആവശ്യത്തെ എതിര്‍ത്തു പോന്നതിന്റെ കാരണമെന്താണ്‌?പാര്‍ട്ടി യഥാര്‍ത്ഥത്തില്‍ ആരെയാണ്‌ ഭയക്കുന്നത്‌?ടി.പി,വധക്കേസില്‍ തങ്ങള്‍ക്ക്‌ യാതൊരു പങ്കുമില്ല എന്ന്‌ ആവര്‍ത്തിച്ചുകൊണ്ടിരുന്ന സി.പി.ഐ(എം) ഇപ്പോള്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്ന പ്രതികളുടെ കാര്യത്തില്‍ ഇത്രമേല്‍ താല്‌പര്യമെടുക്കുന്നത്‌ കേവലം മനുഷ്യാവകാശപരിഗണന കൊണ്ട്‌ മാത്രമാണോ?പാര്‍ട്ടി
യുടെ സ്വന്തം ആളുകളായ  മൂന്നു പേര്‍  ഈ കേസില്‍ ശിക്ഷിക്കപ്പെട്ടത്‌ കോടതിയുടെ പക്ഷപാതിത്വം കൊണ്ടാണെന്ന്‌ പാര്‍ട്ടി ഇതേ വരെ പറഞ്ഞിട്ടില്ല.കോടതിവിധിയെ കുറിച്ച്‌ പാര്‍ട്ടി വിപരീതാഭിപ്രായങ്ങളൊന്നും പ്രകടിപ്പിച്ചിട്ടുമില്ല.ആ നിലക്ക്‌ പാര്‍ട്ടിക്കാര്‍ ശിക്ഷിക്കപ്പെട്ടതിന്‌ വിശ്വസനീയമായ എന്ത്‌ ന്യായമാണ്‌ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുക?പി.മോഹനന്‍ ഒഴിവായി എന്നതുകൊണ്ടു മാത്രം ചന്ദ്രശേഖരന്‍ വധക്കേസില്‍ പാര്‍ട്ടി കുറ്റാരോപണ മുക്തമായി എന്നു പറഞ്ഞാല്‍ ആരാണ്‌ വിശ്വസിക്കുക?
കാര്യങ്ങളെല്ലാം വളരെ വ്യക്തമാണ്‌.ടി.പി വധത്തിന്റെ വാര്‍ത്ത അറിഞ്ഞ നിമിഷം മുതല്‍ കേരളത്തിലെ സാമാന്യബുദ്ധിയുള്ള മുഴുവന്‍ ആളുകളും സംശയിച്ചത്‌ ആ കൊലപാതകം മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി ആസൂത്രണം ചെയ്‌ത്‌ നടപ്പിലാക്കിയതാണ്‌ എന്നാണ്‌.കേരളസമൂഹത്തിന്റെ ഈ ധാരണയെ അപ്പാടെ തള്ളിക്കളഞ്ഞുകൊണ്ട്‌ സി.പി.ഐ(എം) അവതരിപ്പിച്ച മുഴുവന്‍ തെളിവുകളും വാദങ്ങളും തികച്ചും തെറ്റായിരുന്നുവെന്ന്‌ കോടതിവിധിയോടെ സമ്പൂര്‍ണമായും വ്യക്തമായി കഴിഞ്ഞു.
ഈ സാഹചര്യത്തിലും രമയുടെ നിരാഹാരം യു.ഡി.എഫ്‌ ഗൂഢാലോചനയുടെ ഫലമാണ്‌ എന്നൊക്കെ പറഞ്ഞാല്‍ അങ്ങേയറ്റത്തെ പാര്‍ട്ടി അനുകൂലികള്‍ക്കുപോലും അത്‌ അരോചകമായി തോന്നും.രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ഭാഗമായി പെട്ടെന്നുള്ള പ്രകോപനത്തിന്റെ ഫലമായും അതല്ലാതെ ആസൂത്രിതമായി തന്നെയും കേരളത്തില്‍ കഴഞ്ഞ മൂന്നുനാല്‌ ദശകക്കാലത്തിനിടയില്‍ നൂറ്‌ കണക്കിന്‌ കൊലപാതകങ്ങള്‍ നടന്നിട്ടുണ്ട്‌.മുറിവുകളുടെ എണ്ണത്തിലും കൊലയുടെ രീതിയിലും വ്യത്യാസമുണ്ടാകാമെന്നല്ലാതെ എല്ലാ കൊലപാതകങ്ങളും അതിക്രൂരവും പൈശാചികവും തന്നെയാണ്‌.ഓരോ കൊലപാതകവും കൊല്ലപ്പെട്ടവരുടെ ഉറ്റവരുടെയും ഉടയവരുടെയും ഉള്ളില്‍ തീരാവേദനയുടെ അണയാത്ത തീക്കനലുകള്‍ കോരിയിട്ടിട്ടുമുണ്ട്‌.പക്ഷേ,ആ കൊലപാതകങ്ങള്‍ സൃഷ്ടിച്ചതിന്റെ പതിന്മടങ്ങ്‌ ആഘാതമാണ്‌ ടി.പി വധം കേരളസമൂഹത്തില്‍ മൊത്തമായി ഉണ്ടാക്കിയത്‌.പാര്‍ട്ടിയുടെ നയങ്ങളെയും സമീപനങ്ങളെയും പ്രവര്‍ത്തനശൈലിയെയും വിമര്‍ശിച്ച്‌ സ്വന്തം രാഷ്ട്രീയാഭിപ്രായങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്‌ ഒരു പ്രദേശത്തെ ജനങ്ങള്‍ക്കിടയില്‍ അവരുടെ സ്‌നേഹവും വിശ്വാസവും ഏറ്റുവാങ്ങി ജീവിച്ചു എന്നത്‌ വധാര്‍ഹമായ കുറ്റമായി കണ്ട്‌ ആ മനുഷ്യനെ കൊല്ലാന്‍ വാടകക്കൊലയാളികളെ നിയോഗിച്ചതു വഴി കേരളത്തിലെ സി.പി.ഐ(എം) നേതൃത്വം ചെയ്‌തത്‌ മാപ്പ്‌ അര്‍ഹിക്കാത്ത കുറ്റമാണ്‌.പാര്‍ട്ടി പ്രവര്‍ത്തനം എന്നതുകൊണ്ട്‌ പാര്‍ട്ടിക്കുവേണ്ടി സ്വത്തും പണവും വാരിക്കൂട്ടുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ നിരന്തരം ഏര്‍പ്പെടുക,വന്‍കിട സാമ്പത്തിക ശക്തികളുമായി വ്യാപാരബന്ധങ്ങള്‍ സ്ഥാപിക്കുക,നയപരമായ എല്ലാ ആടിയുലച്ചിലുകള്‍ക്കിടയിലും പാര്‍ട്ടിയുടെ സംഘടനാസംവിധാനം ശക്തമാക്കുന്നതിനുള്ള കര്‍ശനനടപടികള്‍ സ്വീകരിക്കുക എന്നൊക്ക മാത്രം അര്‍ത്ഥമാക്കുന്ന അവസ്ഥയാണ്‌ പാര്‍ട്ടിയെ എല്ലാ മാനുഷിക പരിഗണനകളില്‍ നിന്നും അകലേക്കകലേക്ക്‌ കൊണ്ടുപോവുന്നത്‌.പാര്‍ട്ടി ആ വിധത്തില്‍ ബഹുദൂരം അകന്നു പോയ്‌ക്കഴിഞ്ഞതിന്റെ ഫലമാണ്‌ ചന്ദ്രശേഖരന്‍ വധം.ദീര്‍ഘകാലം പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിച്ച ഒരാളെ അയാള്‍ സംശുദ്ധനായ ഒരു പൊതുപ്രവര്‍ത്തകനാണെന്നും സ്വന്തം നാട്ടിലെ ജനങ്ങള്‍ക്ക്‌ അങ്ങേയറ്റം പ്രിയംകരനായ നേതാവാണെന്നും അറിഞ്ഞുകൊണ്ടു തന്നെ കൊലചെയ്യാന്‍ കയ്യറപ്പുണ്ടായില്ലെന്നത്‌ കടുത്ത പാര്‍ട്ടിഭക്തന്മാരല്ലാത്ത ആരെയും ഞെട്ടിക്കുന്നതാണ്‌.
തങ്ങള്‍ അകപ്പെട്ടിട്ടുള്ള കെണിയില്‍ നിന്ന്‌ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി എങ്ങനെ രക്ഷപ്പെടും എന്നെനിക്കറിയില്ല.എന്തായാലും കേവലമായ തര്‍ക്കബുദ്ധിയും കുയുക്തികളും പാര്‍ട്ടിയുടെ രക്ഷക്കെത്തില്ല;അക്കാര്യം തീര്‍ച്ചയാണ്‌.മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി വലിയ ഒരു സ്ഥാപനവും സാമ്പത്തികശക്തിയും ആയതുകൊണ്ട്‌ ഇനിയും കുറേ കാലം അതിനോട്‌ ഒട്ടിച്ചേര്‍ന്നു നില്‍ക്കാന്‍ ആളുകളുണ്ടാവും.തിരഞ്ഞെടുപ്പുകളില്‍(പാര്‍ലിമെന്റ്‌ തിരഞ്ഞെടുപ്പില്‍ അല്ല)പാര്‍ട്ടിക്ക്‌ തീരെ മോശമല്ലാത്ത പ്രകടനം സാധ്യമാവുകയും ചെയ്യും.പക്ഷേ,കമ്യൂണിസ്റ്റുപാര്‍ട്ടിക്ക്‌ പണവും പദവിയും അധികാരവും മാഫിയാ പിന്തുണയും കൊണ്ടുമാത്രം ഏറെ കാലം പിടിച്ചു നില്‍ക്കാനാവില്ല.മാനുഷികത ഉയര്‍ത്തിപ്പിടിച്ച ഘട്ടം വരെ മാത്രമേ ലോകത്തെവിടെയും കമ്യൂണിസ്‌റ്റുപാര്‍ട്ടി നിലനിന്നിട്ടുള്ളൂ.പിന്നെ സംഭവിച്ചതെല്ലാം പാര്‍ട്ടിനേതാക്കളുടെ തമ്മില്‍തമ്മിലുള്ള നശിപ്പിക്കലാണ്‌.അതിന്റെ ഫലം സാമാന്യജനങ്ങളും അനുഭവിക്കേണ്ടി വരും.ഒരു ഘട്ടം വരെ എല്ലാം കണ്ടും കേട്ടും അനുഭവിച്ചും സഹനശേഷി കൈവിടാതെ ജനം നില്‍ക്കും.അവരുടെ ക്ഷമ നശിച്ചാല്‍ സംഘടനാസംവിധാനത്തിന്റെ കെട്ടുറപ്പോ സമ്പത്തോ നേതാക്കളുട മുഷ്‌ക്കോ ഒന്നും പാര്‍ട്ടിയുടെ രക്ഷക്കെത്തില്ല.കമ്യൂണിസ്റ്റുകാരുടെ ആവര്‍ത്തിച്ചുള്ള പ്രയോഗത്തിലൂടെ ജനത്തിന്‌ ചിരപരിചിതമായി കഴിഞ്ഞ 'ചരിത്രത്തിന്റെ ചവറ്റുകൊട്ട'യുണ്ടല്ലോ,അവിടേക്കു തന്നെയാണ്‌ ലോകത്തിന്റെ പല ഭാഗങ്ങളിലെയും കമ്യൂണിസ്റ്റ്‌ ഭരണാധികാരികളെ ജനം വലിച്ചെറിഞ്ഞത്‌.
ചരിത്രത്തെ കുറിച്ച്‌ എക്കാലത്തും നൂറ്‌ നാവില്‍ സംസാരിച്ചുപോരുന്ന കമ്യൂണിസ്‌റ്റുകാര്‍ ആദ്യം പാഠം പഠിക്കേണ്ടത്‌ സ്വന്തം പാര്‍ട്ടിയുടെ ചരിത്രത്തില്‍ നിന്നു തന്നെയാണ്‌.മാര്‍ക്‌സിസ്‌റ്റ്‌ പാര്‍ട്ടി അതിനു തയ്യാറാവുമെങ്കില്‍ അത്‌ തീര്‍ച്ചയായും അഭികാമ്യമാണ്‌.നമ്മുടെ ജനാധിപത്യസംവിധാനത്തിന്‌ ആര്‍ജ്ജവം പകാരന്‍ കാലോചിതമായി നവീകരിച്ച മാര്‍ക്‌സിസത്തെ രാഷ്ട്രീയദര്‍ശനമായി സ്വീകരിക്കുന്ന ഒരു പാര്‍ട്ടി ഉണ്ടാവുന്നത്‌ വളരെ നല്ലതാണ്‌.അത്തരമൊരു പാര്‍ട്ടിയായി പരിണമിക്കാന്‍ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിക്ക്‌ കഴിയണമെങ്കില്‍ ജനങ്ങളില്‍ വലിയൊരു വിഭാഗം ഇപ്പോള്‍ തന്നെ കൈവരിച്ചു കഴിഞ്ഞിരിക്കുന്ന ജനാധിപത്യബോധത്തിന്റെയും രാഷ്ട്രീയ പക്വതയുടെയും നിലവാരത്തിലേക്ക്‌ സ്വയം ഉയര്‍ത്താനുള്ള കഠിനശ്രമം മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി ഉടന്‍ ആരംഭിക്കണം. 

Sunday, February 2, 2014

തോന്നല്‍

പെട്ടെന്നൊരു ദിവസം എനിക്ക്‌ തോന്നി
ഞാന്‍ മാത്രമായിരിക്കാന്‍
എന്തുകൊണ്ടും എനിക്കവകാശമുണ്ട്‌
ആരെയും ആശ്രയിക്കാതെ
ആരെയും അനുസരിക്കാതെ
ആര്‍ക്കുമുന്നിലും നമിക്കാതെ
ആരെയും സ്‌നേഹിക്കാതെ
ആരുമായും തര്‍ക്കിക്കാതെ
ഒന്നിലും ഇടപെടാതെ
ഒരു കല്ലിനെപ്പോലെ
ദൈവത്തെപ്പോലെ.
(വിശകലനം മാസിക,2014 ജനുവരി)

ഏകാന്തത

ഏകാന്തത എരിതീയാണ്‌
ചിലപ്പോള്‍ അണഞ്ഞ കനലാണ്‌
അവശേഷിക്കുന്ന തീത്തരിയാണ്‌
അതിന്റെയും കെട്ടുപോകലാണ്‌
പരമ നിശ്ശബ്ദതയാണ്‌
നിശ്ശൂന്യതയാണ്‌
മരണം പോലുള്ള പ്രശാന്ത
തയാണ്‌ 
അനന്തമായ സ്വാതന്ത്ര്യമാണ്‌
അതിരുകളില്ലാത്ത അവഗണനയാണ്‌
അപാരമായ വേദനയാണ്‌
കൃതഘ്‌നതയുടെ കൊടുമുടിയാണ്‌
കടുത്ത നിസ്സഹായതയാണ്‌
ഒന്നിനെയും തടയാനാവാത്ത
ഒടിഞ്ഞ പരിചയാണ്‌
മറ്റെല്ലാ രൂപകങ്ങളെയും നിരര്‍ത്ഥമാക്കുന്ന
മഹാരൂപകമാണ്‌
ഇപ്പോള്‍ എന്റെ നെഞ്ചിലെ ഭാരമാണ്‌.
(വിശകലനം മാസിക,2014 ജനുവരി) 

Saturday, February 1, 2014

ആം ആദ്‌മി ആലോചനകള്‍

"ഇന്ത്യക്ക്‌ സ്വാതന്ത്യം ലഭിച്ചിട്ട്‌ 66 വര്‍ഷം കഴിഞ്ഞു.ഈ നീണ്ട കാലയളവില്‍ മിക്കവാറും രാജ്യം ഭരിച്ചത്‌ കോണ്‍ഗ്രസ്സാണ്‌.ഇന്നാട്ടിലെ ജനജീവിതത്തില്‍ ഒരു മാറ്റവും ഉണ്ടാക്കാന്‍ കോണ്‍ഗ്രസ്സിന്‌ കഴിഞ്ഞിട്ടില്ല.പാവപ്പെട്ടവര്‍ ഇന്നും പാവപ്പെട്ടവര്‍ തന്നെ.പട്ടിണിക്കാര്‍ ഇന്നും പട്ടിണിക്കാര്‍ തന്നെ.സമ്പന്നര്‍ കൂടുതല്‍ സമ്പന്നരായി.ദരിദ്രര്‍ കൂടുതല്‍ ദരിദ്രരായി.അതല്ലാതെ യാതൊന്നും ഇവിടെ സംഭവിച്ചിട്ടില്ല .ലോകത്ത്‌ ഏറ്റവും കൂടുതല്‍ തൊഴിലില്ലാത്തവരും പട്ടിണിക്കാരുമുള്ള രാജ്യങ്ങളില്‍   ഇന്ത്യയുടെ  സ്ഥാനം ഇപ്പോഴും മുന്‍പന്തിയില്‍ തന്നെയാണ്‌.മുതലാളിത്തമാണ്‌ കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയം.മുതലാളിത്തം മുതലാളിമാര്‍ക്ക്‌ വേണ്ടിയുള്ളതാണ്‌.തൊഴിലാളികളുടെ ദുരിതങ്ങള്‍ക്ക്‌ അത്‌ യാതൊരു വിധത്തിലും പരിഹാരവുമുണ്ടാക്കില്ല."
ഞാന്‍ കളവ്‌ പറയുകയാണെന്ന്‌ കരുതരുത്‌.ഈയിടെ കേട്ട ഒരു പ്രസംഗത്തിലെ വാചകങ്ങളാണിവ.പ്രസംഗിച്ച നേതാവ്‌ ആരെന്നോ അയാളുടെ പാര്‍ട്ടി ഏതെന്നോ പറയുന്നില്ല.ഇമ്മാതിരി വാചകമടികളില്‍ അടങ്ങിയിട്ടുള്ള ഉത്തരവാദിത്വമില്ലായ്‌കയും അരാഷ്ട്രീയതയും ചൂണ്ടിക്കാണിക്കുക മാത്രമാണ്‌ ഈ കുറിപ്പുകൊണ്ട്‌ ലക്ഷ്യമാക്കുന്നത്‌.
രാജ്യം സ്വതന്ത്രമായി അഞ്ച്‌ വര്‍ഷം കഴിഞ്ഞതില്‍ പിന്നെയാണ്‌ ഞാന്‍ ജനിച്ചത്‌.എന്റെ കുട്ടിക്കാലത്ത്‌ നാട്ടിലെ മനുഷ്യരില്‍ തൊണ്ണൂറ്‌ ശതമാനവും പരമ ദരിദ്രരായിരുന്നു.ഉടുമുണ്ടിന്‌ മറുമുണ്ടില്ലാത്തവര്‍,രണ്ട്‌ നേരം പോലും വയറ്‌ നിറച്ച്‌ ആഹാരം കഴിക്കാനില്ലാത്തവര്‍,മഴക്കാലത്ത്‌ പട്ടിണികൊണ്ട്‌ കരയേണ്ടി വരുന്ന കുഞ്ഞുങ്ങള്‍,എല്ല്‌ മുറിയെ പണിയെടുത്ത്‌ ചെറിയ കൂലിയും കൈപ്പറ്റി തളര്‍ന്നവശരായി മടങ്ങുന്ന പാവപ്പെട്ട നാടന്‍ പണിക്കാര്‍,കടം കൊണ്ട്‌ പൊറുതിമുട്ടി നാട്‌ വിടുന്നവര്‍,ഒരു ട്രൗസറും ഷര്‍ട്ടുമായി,ഒരു പാവാടയും ബ്ലൗസുമായി കൊല്ലം മുഴുവന്‍ സ്‌കൂളിലേക്ക്‌ പോവുന്ന കുട്ടികള്‍,ചികിത്സിക്കാന്‍ പണമില്ലാത്തതുകൊണ്ടു മാത്രം മരിച്ചു പോവുന്ന പാവപ്പെട്ട രോഗികള്‍ ഇവരെയൊക്കെയാണ്‌ ഞാന്‍ ചുറ്റിലും കണ്ടത്‌.
കടന്നുപോയ ദശകങ്ങള്‍ എന്തെന്തൊക്കെ മാറ്റങ്ങളാണ്‌ ജീവിതത്തില്‍ ഉണ്ടാക്കിയത്‌!കാറ്‌,ബൈക്ക്‌,സ്‌കൂട്ടര്‍,മൊബൈല്‍ ഫോണ്‍,കംപ്യൂട്ടര്‍ ഇവയൊക്കെ സര്‍വസാധാരണമായ,പാവപ്പെട്ട തൊഴിലാളിക്ക്‌ പോലും ഏറ്റവും ചുരുങ്ങിയത്‌ ആറും ഏഴും ഷര്‍ട്ടും മുണ്ടുമുള്ള,കുട്ടികള്‍ക്ക്‌ പ്രൈമറി ക്ലാസ്സുകളിലെ വിദ്യാഭ്യാസം നല്‍കുന്നതിന്‌ പോലും പ്രതിമാസം ആയിരം രൂപയോളം ചെലവഴിക്കാന്‍ മടിയില്ലാത്ത ലക്ഷക്കണക്കിന്‌ രക്ഷിതാക്കളുള്ള,മറുനാട്ടിലും വിദേശരാജ്യങ്ങളിലുമൊക്കെയായി മാസം തോറും ആറക്കശമ്പളം പറ്റുന്ന അനേകലക്ഷം ചെറുപ്പക്കാരുള്ള,നാട്ടിന്‍പുറങ്ങളില്‍ പോലും ഫാസ്റ്റ്‌ ഫുഡ്‌ കടകളുള്ള,രാജ്യത്തിനകത്തും പുറത്തുമായി വിനോദസഞ്ചാരം നടത്താന്‍ പ്രതിവര്‍ഷം ലക്ഷക്കണക്കിന്‌ രൂപ ചെലവഴിക്കാന്‍ യാതൊരു മടിയുമില്ലാത്ത പതിനായിരക്കണക്കിന്‌ കുടുംബങ്ങളുള്ള,വിവാഹച്ചടങ്ങുകള്‍ക്ക്‌ പണം വാരിക്കോരിയെറിയാന്‍ സമ്പന്നരും മേല്‍ത്തരം ഇടക്കാരും മത്സരിക്കുന്ന,പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള സ്‌ത്രീപുരുഷന്മാര്‍ക്കു പോലും അവനവന്റെ ആഹാരത്തിനും വസ്‌ത്രത്തിനും വക കണ്ടെത്താന്‍ പറയത്തക്ക ബുദ്ധിമുട്ടില്ലാത്ത,രാഷ്ട്രീയ പാര്‍ട്ടികള്‍ സമ്മേളനങ്ങള്‍ക്കു വേണ്ടി കോടികള്‍ തന്നെ വാരിയെറിയുന്ന ഒരു നാട്ടില്‍ നിന്നുകൊണ്ട്‌ ഇവിടെ കഴിഞ്ഞ ആറര പതിറ്റാണ്ട്‌ കാലത്തിനിടയില്‍ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല എന്ന്‌ പ്രസംഗിക്കുന്നത്‌ രാഷ്ട്രീയസ്‌ന്ധതയുടെ ലക്ഷണമല്ല.
ജനജീവിതത്തെ ബാധിക്കുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന്‌ പഠിച്ച്‌ അവയെ കുറിച്ച്‌ ജനങ്ങളെ ബോധവല്‍ക്കരിക്കലാണ്‌ രാഷ്ട്രീയക്കാരുടെ പ്രാഥമിക ജോലി.വികസനം സൃഷ്ടിച്ച പുതിയ പ്രശ്‌നങ്ങള്‍,കമ്യൂണിസ്റ്റുകാര്‍ ഉള്‍പ്പെടെ എല്ലാവരെയും ഗ്രസിച്ച അധികാരമോഹവും അഴിമതിയും,രാജ്യമെമ്പാടും അതിഭയാനകമായ രീതിയില്‍ വളര്‍ന്നു വരുന്ന വര്‍ഗീയത,വിദ്യാഭ്യാസമേഖലയിലെ ഞെട്ടിക്കുന്ന നിലവാരത്തകര്‍ച്ച,ഏറ്റവും സാധാരണക്കാരായ മനുഷ്യര്‍ക്ക്‌ ഇപ്പോഴും പല രംഗത്തും നേരിടേണ്ടി വരുന്ന കടുത്ത നീതിനിഷേധവും അവഗണനയും,പൊതുജീവിത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഹിംസാവാസന,രാഷ്ട്രീക്കാരും മാഫിയാസംഘങ്ങളുമായുള്ള കൂട്ടുകെട്ട്‌ ഇങ്ങനെ ഒരു പാട്‌ പ്രശ്‌നങ്ങളെ കുറിച്ച്‌ ആഴത്തില്‍ അന്വേഷിച്ച്‌ വസ്‌തുതകള്‍ ജനങ്ങളെ അറിയിക്കുക,അവരുടെ ഏറ്റവും ന്യായമായ അവകാശസമരങ്ങളില്‍ നേതൃത്വപരമായ പങ്ക്‌ വഹിക്കുക ഇവയൊക്കെയാണ്‌ രാഷ്ട്രീയപ്രവര്‍ത്തകരും നേതാക്കളും ചെയ്യേണ്ടത്‌.അതിനൊന്നും മിനക്കെടാതെ പത്തറുപതുകൊല്ലം മുമ്പേ പറഞ്ഞു വരുന്ന കാര്യങ്ങള്‍ വള്ളിപുള്ളി വിടാതെ ആവര്‍ത്തിക്കുന്നത്‌ ഉത്തരവാദിത്വമില്ലായ്‌കയുടെയും അരാഷ്ട്രീയതയുടെയും ലജ്ജാകരമായ തെളിവില്‍ കവിഞ്ഞ യാതൊന്നുമല്ല.
1/2/2014...  

മഹാബോറന്മാര്‍

കമ്യൂണിസ്‌റ്റുകാരുടെ ലെനിനിസ്‌റ്റ്‌ സംഘടനാതത്വത്തിന്റെ അത്രയും തന്നെയോ അതില്‍ കൂടുതലോ പഴക്കം അനുഭവപ്പെടുത്തുന്ന ഒന്നാണ്‌ പലരുടെയും കമ്യൂണിസ്റ്റ്‌ വിരോധം.ലോകമെമ്പാടും കമ്യൂണിസ്റ്റുകാര്‍ പല ഘട്ടങ്ങളിലായി ചെയ്‌തുകൂട്ടിയ അതിക്രമങ്ങള്‍ ഭയങ്കരം തന്നെയാണ്‌. എന്നുവെച്ച്‌ മാര്‍ക്‌സിസം മനുഷ്യവംശത്തിന്റെ ചിന്താലോകത്തിനു നല്‍കിയ സംഭാവനകളെ നിസ്സാരീകരിച്ചു കാണാനാവില്ല.മതങ്ങളുടെ പേരില്‍ കോടിക്കണക്കിന്‌ മനുഷ്യര്‍ ഭൂമുഖത്ത്‌ കൊല ചെയ്യപ്പെട്ടിട്ടുണ്ട്‌.ആ ഒരു കാര്യം പറഞ്ഞ്‌ മതങ്ങള്‍ നടത്തിയ ആത്മീയാന്വേഷണങ്ങളെ മുഴുവന്‍ തള്ളിപ്പറയാനാവില്ല.എന്തിനെയും ചരിത്രവല്‍ക്കകരിച്ച്‌ മനസ്സിലാക്കലാണ്‌ ശരിയായ രീതി.ഫ്യൂഡല്‍ പാരമ്പര്യത്തിന്റെ ബലം കൊണ്ടോ മറ്റെന്തെങ്കിലും വാശി കൊണ്ടോ കമ്യൂണിസ്‌റ്റ്‌ വിരോധം ശീലമാക്കിയിട്ടുള്ളവരെ മഹാബോറന്മാരായിട്ടേ എനിക്കനുഭവപ്പെട്ടിട്ടുള്ളൂ.
1/2/2014 

Friday, January 31, 2014

അറിവിന്‍ വെളിച്ചമേ ,ദൂരെപോ ദൂരെ പോ

ധര്‍മടം ബേസിക്‌ യു.പി.സ്‌കൂളിന്റെ 123ാം വാര്‍ഷികാഘോഷം ഉദ്‌ഘാടനം ചെയ്യാന്‍ പോയി.ധര്‍മടം പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രഭാകരന്‍ മാസ്റ്ററായിരുന്നു അധ്യക്ഷന്‍.നല്ല ഒതുക്കവും ഭംഗിയുമുള്ള പരിപാടിയായിരുന്നു.
നന്നായി അലങ്കരിച്ച സ്‌കൂളില്‍ ഉന്മേഷപൂര്‍വം ഇരിക്കുന്ന കൊച്ചുകുട്ടികളെ കണ്ടപ്പോള്‍ വലിയ സന്തോഷം തോന്നി.ചെറുപ്പം എന്തു മാത്രം കൗതുകങ്ങള്‍ നിറഞ്ഞതാണ്‌!.കുട്ടിക്കാലത്ത്‌ എത്രമേല്‍ താല്‌പര്യത്തോടും ജിജ്ഞാസയോടും സന്തോഷത്തോടും കൂടിയാണ്‌ ചുറ്റിലുമുള്ള പുല്ലിനെയും പുഴുക്കളെയും പക്ഷികളെയും മൃഗങ്ങളെയും മനുഷ്യരെയും ആകാശത്തെയുമെല്ലാം നാം നോക്കിക്കണ്ടിരുന്നത്‌.വളരും തോറും കൗതുകങ്ങള്‍ ഓരോന്നായി നഷ്ടപ്പെടുന്നു.പകരം പലപല സാമര്‍ത്ഥ്യങ്ങളും വാശികളും അന്തമറ്റ ആഗ്രഹങ്ങളും നിരാശകളും വേദനകളും വിദ്വേഷങ്ങളും മനസ്സില്‍ ഇടം നേടുന്നു.വളര്‍ച്ചയുടെ ഭാഗമായി അനുഭവങ്ങളുടെയും അനുഭൂതികളുടെയും ഒരു മഹാപ്രപഞ്ചം തന്നെയാണ്‌ നഷ്ടമാവുന്നത്‌.ഞാന്‍ മഹാകവി ജി.യുടെ വരികള്‍ ഓര്‍മിക്കുന്നു:
അറിവിന്‍ വെളിച്ചമേ ,ദൂരെപോ ദൂരെ പോ
വെറുതെ സൗന്ദര്യത്തെ കാണുന്ന കണ്‍പൊട്ടിച്ചു. 

31/1/2014

Thursday, January 30, 2014

കവിതാഡയറി

സഖാക്കളേ,സുഹൃത്തുക്കളേ
ഞാന്‍ പ്രേതങ്ങളില്‍ വിശ്വസിക്കുന്നു
ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള നേതാക്കളെ
പത്രത്തിലും ടി.വിയിലും
സമ്മേളനനഗരികളിലും
നിത്യവും ഞാനെന്റെ കണ്ണുകൊണ്ട്‌ കാണുന്നു
യുക്തിവാദികള്‍ എന്തൊക്കെ പറഞ്ഞാലും
ഇത്രയും തെളിവ്‌ കണ്മുന്നിലുള്ളപ്പോള്‍
'ഭൂതവും പ്രേതവുമില്ലെ'ന്ന്‌ പച്ചക്കള്ളം പറയാന്‍
നാവ്‌ വഴങ്ങുന്നില്ല കൂട്ടരേ.
30/1/2014

മാലിന്യമുക്ത രാഷ്ട്രീയത്തിലേക്കുള്ള ആദ്യചുവട്‌

ഹിന്ദു വര്‍ഗീയ ഭീകരത പോലെ തന്നെ വിനാശകരവും നിന്ദ്യവുമാണ്‌ മുസ്ലീം വര്‍ഗീയ ഭീകരതയും.മുസ്ലീങ്ങള്‍ ന്യൂനപക്ഷമാണ്‌ എന്നതുകൊണ്ട്‌ അവര്‍ക്കിടയില്‍ നിന്ന്‌ ഉയര്‍ന്നുവരുന്ന വര്‍ഗീയ ശക്തികളോട്‌ ഒരു തരത്തിലുള്ള മൃദുസമീപനവും ആവശ്യമില്ല.വര്‍ഗീയതക്കെതിരെ നമ്മുടെ പൊതുബോധത്തെ സദാസമയവും ജാഗ്രത്താക്കി നിര്‍ത്തേണ്ട ഉത്തരവാദിത്വം ജനാധിപത്യശക്തികള്‍ക്കുണ്ട്‌.
മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയും കോണ്‍ഗ്രസ്സും തിരഞ്ഞെടുപ്പ്‌ വിജയം മാത്രം ലാക്കാക്കി രണ്ട്‌ വര്‍ഗീയതയെയും മാറിമാറി പ്രീണിപ്പിച്ചുപോന്നിട്ടുണ്ട്‌.കേരളത്തില്‍ വര്‍ഗീയ ശക്തികളെ പോറ്റി വളര്‍ത്തുന്നതില്‍ ഇരുകൂട്ടര്‍ക്കും ഏറെക്കുറെ തുല്യപങ്കാണുള്ളത്‌.
വര്‍ഗീയതക്ക്‌ എതിരെ ശക്തമായ നിലപാട്‌ സ്വീകരിക്കാന്‍ താന്താങ്ങളുടെ പാര്‍ട്ടിയ നിര്‍ബന്ധിക്കാന്‍ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയിലെയും കോണ്‍ഗ്രസ്സിലെയും യുവജനങ്ങള്‍ മുന്നിട്ടിറങ്ങണം.ഈ ഒരു കാര്യമെങ്കിലും പാര്‍ട്ടി നേതാക്കളുടെ മുന്നില്‍ തലയുയര്‍ത്തി പറയാന്‍ അവര്‍ തയ്യാറാവണം.കേവലം സ്ഥാനമോഹികളായി പാര്‍ട്ടിക്കുള്ളിലെ അധികാരകേന്ദ്രങ്ങള്‍ക്കു മുന്നില്‍ തല കുനിച്ചു നില്‍ക്കുന്ന ഏര്‍പ്പാട്‌ അവര്‍ നിര്‍ത്തണം.
വര്‍ഗീയ പാര്‍ട്ടികളുമായി കൂട്ടുകൂടില്ല എന്ന ഉറച്ച നിലപാട്‌ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയും കോണ്‍ഗ്രസ്സും സ്വീകരിക്കുകയാണെങ്കില്‍ അത്‌ മാലിന്യമുക്ത രാഷ്ട്രീയത്തിലേക്കുള്ള ആദ്യ ചുവടായിരിക്കും.
30/1/2014 

Wednesday, January 29, 2014

ആം ആദ്‌മി ആലോചനകള്‍

രാഷ്ട്രീയമായാലും മതമായാലും വിശ്വാസികള്‍ വിശ്വാസികള്‍ തന്നെ.അവര്‍ യുക്തിബോധം കയ്യൊഴിയും.തങ്ങളെ നയിക്കാന്‍ അവകാശപ്പെട്ടവരായി സ്വയം വിശ്വസിച്ച്‌ മനസ്സിലേറ്റിയവരെ ചോദ്യം ചെയ്യാനുള്ള തോന്നല്‍ എപ്പോഴെങ്കിലും ഉണ്ടായാല്‍ അതിനെ വേരോടെ പിഴുതെറിയാനുള്ള യുക്തികളുടെ കത്തിമുനകളും കത്രികകളും അപ്പോള്‍ തന്നെ കണ്ടെത്തും.അനുസരണ ശീലമാക്കി പാര്‍ട്ടിയോ മതത്തിന്റെ മുദ്ര വഹിക്കുന്ന രാഷ്ട്രീയ ശക്തിയോ ആവശ്യപ്പെടുന്നതിനനുസരിച്ച്‌ ദിക്കും ദിശയും ആളും തരവും നോക്കി ആടോ ആനയോ പാമ്പോ പുലിയോ ഒക്കെയായി പെരുമാറും.നീതിബോധവും സത്യസന്ധതയും അവര്‍ക്കു പറഞ്ഞിട്ടുള്ളതല്ല.ഏത്‌ കൊടും ക്രൂരതയെയും അവര്‍ പിന്തുണക്കും.ഏത്‌ വഞ്ചനയെയും ന്യായീകരിക്കും.ഏത്‌ നീതിമാനെയും ആക്രമിക്കും.എല്ലാറ്റിനും മുകളില്‍ നിന്ന്‌ നിര്‍ദ്ദേശം ലഭിക്കണമെന്ന്‌ മാത്രം.കേരളം ഇങ്ങനെയുള്ള വിശ്വാസികളെ കൊണ്ട്‌ നിറഞ്ഞിരിക്കയാണ്‌.ഇന്ത്യയുടെ   മറ്റ്‌ ഭാഗങ്ങളില്‍ ജനം പൂര്‍ണമായ ജനാധിപത്യബോധം കൈവരിക്കാതിരിക്കുന്നതിന്‌ ഫ്യൂഡല്‍ പാരമ്പര്യത്തിലെ പല ഘടകങ്ങളും ഇപ്പോഴും സമൂഹത്തില്‍ മേധാവിത്വം വഹിക്കുന്നതു തൊട്ട്‌ കാരണങ്ങള്‍ പലതാണ്‌.ഇവിടെ പക്ഷേ രാഷ്ട്രീയം മതത്തിന്റെ സ്വഭാവം കൈവരിച്ചതു തന്നെയാണ്‌ പ്രശ്‌നം.ഈ അവസ്ഥ വളരെ പെട്ടെന്നൊന്നും മാറുമെന്ന്‌ പ്രതീക്ഷിക്കാനാവില്ല.അതുകൊണ്ട്‌ മന:സമാധാനത്തോടെ ജീവിച്ചുപോയാല്‍ മതി എന്ന്‌ ആഗ്രഹിക്കുന്നവര്‍ സകല രാഷ്ട്രീയക്കാര്‍ക്കും പുഞ്ചിരിയും നമസ്‌കാരവും നല്‍കി ഒഴിഞ്ഞുമാറി അവനവന്റെ പണിയും ചെയ്‌ത്‌ കഴിയും.അത്രയ്‌ക്ക്‌ 'വിവേക'മില്ലാത്തവര്‍ ഇടക്കിടെ രാഷ്ട്രീയം പറഞ്ഞ്‌ അവരുടെയും ഇവരുടെയുമെല്ലാം ആട്ടും തുപ്പും ചവിട്ടും ഏറ്റുവാങ്ങും. 
29/1/2014

Tuesday, January 28, 2014

ആം ആദ്‌മി ആലോചനകള്‍

മാര്‍ക്‌സിസ്‌റ്റ്‌ പാര്‍ട്ടി സോഷ്യല്‍ ഡമോക്രാറ്റിക്‌ പാര്‍ട്ടിയായി എന്ന്‌ വിമര്‍ശിച്ചു നടന്നവര്‍ അതിലും വലിയ സോഷ്യല്‍ ഡമോക്രാറ്റിക്‌ പാര്‍ട്ടിയായ ആം ആദ്‌മി പാര്‍ട്ടിയില്‍ ചേര്‍ന്നതെങ്ങനെ എന്ന വിമര്‍ശനം ഞങ്ങളില്‍ ചിലരെ പറ്റി ഉന്നയിച്ചു കേട്ടു.മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി സോഷ്യല്‍ ഡമോക്രാറ്റിക്‌ പാര്‍ട്ടിയായി എന്ന്‌ ഞാന്‍ ഏതായാലും വിമര്‍ശിച്ചിട്ടില്ല.പഴയ ഒരു ചരിത്രഘട്ടം ജന്മം നല്‍കിയ രാഷ്ട്രീയ പദപ്രയോഗം പുതിയ കാലത്തെ രാഷ്ട്രീയാനുഭവങ്ങളെ വിവരിക്കാനായി ഉപയോഗിക്കുന്നതിനു തന്നെ ഞാന്‍ എതിരാണ്‌.മാര്‍ക്‌സിസ്‌റ്റുപാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥയെ സോഷ്യല്‍ ഡമോക്രാറ്റുകളുടെതിനോട്‌ സമീകരിച്ചു കാണണമെന്ന്‌ കരുതുന്നവര്‍ അങ്ങനെ ചെയ്യട്ടെ.എനിക്ക്‌ അതില്‍ താലപര്യമേ ഇല്ല.
മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയുടെ പ്രഖ്യാപിത നയപരിപാടികള്‍ എന്തൊക്കെ ആയിരുന്നാലും പാര്‍ട്ടി നേതാക്കളില്‍ വലിയ ഒരു വിഭാഗം ചെറുതും വലുതുമായ പല സാമ്പത്തികശക്തികളുടെയും ഒത്താശക്കാരായി എന്നും 
വന്‍കിട വ്യാപാരികളും അവരുടെ   വ്യാപാരസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പലവിധ വ്യവഹാരങ്ങളും ധനമിടപാടുകളും പാര്‍ട്ടിയുടെ പരിഗണനകളില്‍ പ്രഥമ സ്ഥാനത്ത്‌ വന്നു കഴിഞ്ഞു എന്നും സാമ്പത്തിക താല്‌പര്യങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന അവസ്ഥ പാര്‍ട്ടിക്കുള്ളില്‍ തന്നെ സംഭാവ്യമാണെന്നും ഒക്കെയാണ്‌ ഞാന്‍ പറഞ്ഞത്‌.ഒരു ബഹുജന പ്രസ്ഥാനത്തില്‍ നിന്ന്‌ പ്രതീക്ഷിച്ചു പോവുന്ന മാനുഷികതയും ജനാധിപത്യബോധവും മാര്‍ക്‌സിസ്‌റ്റ്‌ പാര്‍ട്ടിക്ക്‌ തികച്ചും അന്യമായിക്കഴിഞ്ഞു എന്ന്‌ ടി.പി.ചന്ദ്രശേഖരന്‍ വധം തെളിയിച്ചു എന്നും ഞാന്‍ പറഞ്ഞിരുന്നു.ആം ആദ്‌മിയില്‍ ചേര്‍ന്നതിനു ശേഷവും ഈ അഭിപ്രായങ്ങളിലൊന്നും ഞാന്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല.
ആം ആദ്‌മി പാര്‍ട്ടി ഒരു സോഷ്യല്‍ഡമോക്രാറ്റിക്‌ പാര്‍ട്ടിയാണെന്നു പറയുന്നവരോട്‌ ഒന്നേ പറയാനുള്ളൂ.സമകാലിക ഇന്ത്യന്‍ സാഹചര്യങ്ങളില്‍ നിന്ന്‌ ഉണ്ടായതും പൂര്‍വമാതൃകകള്‍ കൃത്യമായി ചൂണ്ടിക്കാണിക്കാനില്ലാത്തതുമായ ഒരു പാര്‍ട്ടിയാണ്‌ ആം ആദ്‌മി പാര്‍ട്ടി.അതിനെ വിമര്‍ശിക്കണമെന്നുണ്ടെങ്കില്‍ അതിന്റെ ആദ്യപടിയായി പുതിയ പദങ്ങളും പ്രയോഗങ്ങളും കണ്ടെത്തുക.
28/1/2014 

ആം ആദ്‌മി പാര്‍ട്ടിയുടെ ഭാവി ശത്രുക്കള്‍

ഹിംസ രാഷ്ട്രീയത്തിന്റെ അനിവാര്യമായ ഭാഗമാണോ?ഒരു രാഷ്ട്രീയാഭിപ്രായവും അത്‌ ഒരു പാര്‍ട്ടിയുടെതോ കൂട്ടായ്‌മയുടെതോ ആണെങ്കില്‍ കേവലം അഭിപ്രായമായി അവസാനിക്കില്ല.അതിനെ പിന്‍പറ്റിചില പ്രവൃത്തികള്‍ കടന്നുവരും.ഏത്‌ പ്രവൃത്തിയും ചിലരുടെ താല്‌പര്യങ്ങള്‍ക്ക്‌ അനുകൂലവും മറ്റ്‌ ചിലരുടെതിന്‌ പ്രതികൂലവുമായിരിക്കും.സ്വാഭാവികമായും അത്‌ മിത്രങ്ങളെയും ശത്രുക്കളെയും സൃഷ്ടിക്കും. തങ്ങളുടെ നിലപാടുകള്‍ക്കും താല്‌പര്യങ്ങള്‍ക്കുമെതിരെയുള്ള പ്രവൃത്തികള്‍ ഒരു പാര്‍ട്ടിയില്‍ നിന്നോ കൂട്ടായ്‌മയില്‍ നിന്നോ തുടരെ തുടരെ ഉണ്ടാവുന്നുണ്ടെന്ന്‌ കണ്ടാല്‍ അതിന്‌ പാത്രമാവുന്നവര്‍ ആദ്യം പ്രതിരോധത്തിനും അത്‌ ഫലപ്രദമാവുന്നില്ലെന്ന്‌ കണ്ടാല്‍ പ്രത്യാക്രമണത്തിനും മുതിരും.ആശയ തലത്തില്‍ നിന്ന്‌ അത്‌ ആയുധത്തിന്റെ തലത്തിലേക്ക്‌ മാറും.രാഷ്ട്രീയ മേഖലയിലെ സംഭവങ്ങള്‍ക്ക്‌ ഇങ്ങനെയൊരു ക്രമമാണ്‌ കണ്ടുവരുന്നത്‌.
ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നിലപാട്‌ എത്ര സുതാര്യവും സത്യസന്ധവും നിര്‍മാണാത്മകവും ആയിരുന്നാലും അതിനെ എതിര്‍ക്കാന്‍ ആളുകളുണ്ടാവും.നന്മയേക്കാള്‍ മനുഷ്യന്റെ ആര്‍ത്തികളെയും ആസക്തികളെയും അഭിസംബോധന ചെയ്യാനുള്ള ശേഷി തിന്മക്കാണ്‌.ഇങ്ങനെ മതപ്രഭാഷണത്തിന്റെ ശൈലിയിലല്ല വാസ്‌തവത്തില്‍ ഇക്കാര്യം പറയേണ്ടുന്നത്‌.കാരണങ്ങളും ഉറവിടങ്ങളും ഗുണവിശേഷങ്ങളും പലതായിരിക്കാം,പക്ഷേ ഹിംസക്കും ആധിപത്യത്തിനുമുള്ള വാസന ഏറെക്കുറെ എല്ലാ മനുഷ്യരിലും പ്രവര്‍ത്തിക്കുന്നുണ്ടെന്നു വേണം കരുതാന്‍.പല മട്ടില്‍ ആ വാസനകള്‍ക്ക്‌ രൂപാന്തരണം വരുത്തിയും അവയുടെ അളവിലും തരത്തിലും മാറ്റങ്ങള്‍ വരുത്തിയും മുന്നോട്ടുപോകാന്‍ ബഹുഭൂരിപക്ഷത്തിനും കഴിയുന്നതുകൊണ്ടാണ്‌ ആളുകള്‍ തമ്മില്‍ തല്ലി ലോകം അപ്പാടെ നശിച്ചുപോവാതിരിക്കുന്നത്‌.പക്ഷേ,ഒരു ചെറുന്യൂനപക്ഷത്തെ സംബന്ധിച്ചിടത്തോളം പുറമെ സംഭവിക്കുന്ന മിനുക്കുപണികള്‍ക്കപ്പുറത്ത്‌ പ്രതികൂല വാസനകളുടെ സ്വഭാവത്തില്‍ കാതലായ മാറ്റമൊന്നും സംഭവിക്കുന്നില്ല..ചില ചരിത്രഘട്ടങ്ങളില്‍ ഇത്തരക്കാരാണ്‌ രാഷ്ടീയ കക്ഷികളുടെ നേതാക്കളായി വരുന്നത്‌.ആധിപത്യവാസനകളെയും ആഗ്രഹങ്ങളെയും സമൂഹസമ്മതവും ജനോപകാരപ്രദവുമായ രീതിയില്‍ പരിവര്‍ത്തിപ്പിച്ചവര്‍ പോലും ഈ നേതാക്കള്‍ നിയന്ത്രിക്കുന്ന പ്രസ്ഥാനങ്ങളുടെ സ്വാധീനത്താലും അതിലേറെ സ്വന്തം ജീവിതത്തില്‍ ബഹുവിധ കാരണങ്ങളാല്‍ വന്നു നിറയുന്ന അസംതൃപ്‌തികളാലും തങ്ങള്‍ രൂപാന്തരണം വരുത്തിയ ആഗ്രഹങ്ങളെ ഭാഗികമായെങ്കിലും പഴയ അവസ്ഥയിലേക്കു തന്നെ തിരിച്ചയിക്കുന്നു.ഇങ്ങനെ അനേകം പേര്‍ അവയുടെ പ്രാകൃതാവസ്ഥയിലേക്ക്‌ പ്രത്യാനയിക്കുന്ന ഹിംസാവാസനകള്‍ വെളിപ്പെടുന്നതാണ്‌ ചെറിയ സംഘര്‍ഷങ്ങള്‍ മുതല്‍ വലിയ നരഹത്യകള്‍ വരെ ആയി സമൂഹം അനുഭവിക്കുന്നത്‌.
കാലാകാലമായി ഇത്‌ തുടരുന്നു.ഹിംസയുടെയും ആധിപത്യവാസനയുടെയും വെളിപ്പെടലിന്‌ ഏറ്റവും അനുകൂലമായ സാഹചര്യമൊരുക്കുന്നത്‌ മതാത്മക സംഘടനകളാണ്‌.തങ്ങളിലെ ക്ഷുദ്രവാസനകള്‍ക്ക്‌ മതവിശ്വാസത്തിന്റെയും മതവികാരത്തിന്റെയും പിന്തുണ നല്‍കുന്നത്‌ വ്യക്തികളെ കുറ്റബോധത്തില്‍ നിന്നും ആത്മസംഘര്‍ഷത്തില്‍ നിന്നും രക്ഷപ്പെടാന്‍ വലിയ ഒരളവോളം സഹായിക്കും.ആം ആദ്‌മി പാര്‍ട്ടിക്ക്‌ ഭാവിയില്‍ ഏറ്റവും ആപല്‍ക്കരമായ രീതിയിലുള്ള ആക്രമണങ്ങള്‍ നേരിടേണ്ടി വരിക ഭൂരിപക്ഷന്യൂനപക്ഷ വര്‍ഗീയ ശക്തികളില്‍ നിന്നായിരിക്കും; തീര്‍ച്ച.
28/1/2014

Monday, January 27, 2014

കേരളരാഷ്ട്രീയത്തിലെ നാട്ടുനടപ്പുകള്‍

ഒരു മനുഷ്യനെ എങ്ങനെ തങ്ങളുടെ പാളയത്തിലെത്തിക്കാം,അവിടെ എത്തിക്കിട്ടിയാല്‍ പുറത്തുപോകാതിരിക്കാന്‍ ആളുടെ മട്ടും മാതിരിയും നോക്കി ഏത്‌ അടവെടുത്ത്‌ പയറ്റാം- മാര്‍ക്‌സിസ്‌്‌റ്റ്‌ രാഷ്ട്രീയപ്രയോഗം ശീലിച്ചിട്ടുള്ള വലുതും ചെറുതും പഴയതും പുതിയതുമായ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളിലെയും പ്രവര്‍ത്തകരുടെ ചിന്ത ഇമ്മട്ടിലാണ്‌ മുന്നോട്ടുപോവുക.തങ്ങളുടെ വരുതിയില്‍ കിട്ടിയ ആളെ പല വിധ ഉത്തരവാദിത്വങ്ങളില്‍ കുടുക്കി മറ്റൊന്നും ചെയ്യാന്‍ പറ്റാത്ത പരുവത്തിലാക്കുന്നതിനും അയാള്‍ ചെറുതായെങ്കിലും സ്വതന്ത്രബുദ്ധി പ്രയോഗിക്കുമ്പോള്‍ നിശ്ശബ്ദമോ അല്ലാത്തതോ ആയ ഭീഷണികള്‍ കൊണ്ട്‌ നിലക്കു നിര്‍ത്തുന്നതിനും കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടികള്‍ക്കും ഗ്രൂപ്പുകള്‍ക്കും അവരുടെതായ രീതികളുണ്ട്‌.ഏത്‌ ഘട്ടത്തിലും പൂര്‍ണമായും വഴിപ്പെട്ട്‌ നില്‍ക്കാനുള്ള സന്നദ്ധതയാണ്‌ പാര്‍ട്ടി അതിന്റെ അംഗങ്ങളില്‍ നിന്ന്‌ ആവശ്യപ്പെടുന്നത്‌.ഘടന തന്നെയാണ്‌,പ്രത്യയശാസ്‌ത്രസ്ഥൈര്യമോ പ്രശ്‌നങ്ങള്‍ സംബന്ധിച്ച നിലപാടുകളോ ഒന്നുമല്ല പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം പരമപ്രധാനം.അടവുകളുടെയും തന്ത്രങ്ങളുടെയും പേര്‌ പറഞ്ഞ്‌ നയപരമായ ഏത്‌ വ്യതിയാനത്തെയും ന്യായീകരിക്കാന്‍ കമ്യൂണിസ്റ്റ്‌ നേതാക്കള്‍ക്ക്‌ വിഷമമുണ്ടാവില്ല.നേതാവ്‌ എന്തു പറയുന്നോ അത്‌ ഏറ്റു പറയലാണ്‌ അനുയായികളുടെ പാര്‍ട്ടിക്കൂറിന്റെ അടയാളം.
മുഖ്യധാരാ കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ പ്രത്യയശാസ്‌ത്ര വിചാരങ്ങളെല്ലാം മാറ്റിവെച്ചിട്ട്‌ കാലം കുറച്ചായി.ഭരണാധികാരം കൈക്കലാക്കുന്നതിനും സ്ഥാപനങ്ങള്‍ കയ്യടക്കുന്നതിനും സ്വന്തമായി പുതിയ വ്യാപാരസംരഭങ്ങള്‍ ആരംഭിക്കുന്നതിനും നേരത്തെ കയ്യില്‍ വന്നവയുടെ ലാഭകരമായ നടത്തിപ്പിനും ആവശ്യമായ പ്രായോഗിക പ്രവര്‍ത്തനങ്ങളിലാണ്‌ അവരുടെ മുഴുവന്‍ ശ്രദ്ധയും.മിക്കവാറും നെടുകെ പിളര്‍ന്നു കഴിഞ്ഞ സി.എം.പി എന്ന ചെറു കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടിയിലെ പോലും ഇരു ഗ്രൂപ്പുകളുടെയും പ്രധാനപ്പെട്ട  ആലോചനാവിഷയം പാര്‍ട്ടി നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളും സഹകരണബാങ്കുകളും എങ്ങനെ അധീനതയിലാക്കാം എന്നതാണ്‌. ഇതൊരു രഹസ്യമായിരിക്കണമെന്ന്‌ ആവര്‍ തന്നെയും ആഗ്രഹിക്കുന്നതായി തോന്നുന്നില്ല.
അധികാരവും പണവുമായി ബന്ധപ്പെടാത്ത വായന,എഴുത്ത്‌,ബൗദ്ധിക ചര്‍ച്ച തുടങ്ങിയ പ്രവൃത്തികളോടെല്ലാം നേതാക്കള്‍ക്കു മാത്രമല്ല സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഇന്ന്‌ പൊതുവേ പുച്ഛമാണ്‌.അലങ്കാരത്തിനു വേണ്ടി മാത്രം ഇടക്ക്‌ കല,സൗന്ദര്യശാസ്‌ത്രം,ദര്‍ശനം എന്നൊക്കെ പറയുമെന്ന്‌ മാത്രം.ഇതില്‍ നിന്ന്‌ ഭിന്നമായി പ്രത്യയശാസ്‌ത്ര ചര്‍ച്ച തന്നെ മുഖ്യതൊഴിലാക്കിയിട്ടുള്ള ചില കമ്യൂണിസ്റ്റ്‌ ഗ്രൂപ്പുകളുണ്ട്‌.ചുറ്റിലുമുള്ള മനുഷ്യരുടെ യഥാര്‍ത്ഥ ജീവിതപ്രശ്‌നങ്ങളില്‍ എങ്ങനെ ഇടപെടാം,സാമൂഹ്യരാഷ്ട്രീയാനുഭവങ്ങളെ യാഥാര്‍ത്ഥ്യബോധത്തോടെ എങ്ങനെ സമീപിക്കാം എന്നിങ്ങനെയുള്ള കാര്യങ്ങളൊന്നും അവരുടെ പരിഗണനയില്‍ വരില്ല.പ്രത്യയശാസ്‌ത്ര ആയുധങ്ങള്‍ തലങ്ങും വിലങ്ങും പ്രയോഗിച്ച്‌ മറ്റുള്ളവരെ ബൗദ്ധികമായി കീഴ്‌പ്പെടുത്തുന്നതിലുള്ള ഹരം മാത്രമാണ്‌ രാഷ്ട്രീയ പ്രവര്‍ത്തനം കൊണ്ട്‌ അവര്‍ ലക്ഷ്യമാക്കുന്നത്‌ എന്ന്‌ ആരും ചിന്തിച്ചുപോകും.ആളുകളെ പാര്‍ട്ടിയിലേക്ക്‌ എത്തിക്കുന്നതിലും എത്തിപ്പെട്ടവരെ വരുതിയില്‍ നിര്‍ത്തുന്നതിലും മുഖ്യധാരാ കമ്യൂണിസ്റ്റ്‌ കക്ഷികള്‍ പ്രയോഗിച്ചു വരുന്ന അതേ അടവുകളും തന്ത്രങ്ങളും തന്നെയാണ്‌ ഇക്കൂട്ടരും പ്രയോഗിക്കുക.പാര്‍ട്ടി അംഗത്തിന്റെ ചിന്താസ്വാതന്ത്ര്യത്തെ വക വരുത്തിയേ പറ്റൂ എന്ന കാര്യത്തില്‍ അവര്‍ക്കും തികഞ്ഞ നിര്‍ബന്ധമുണ്ട്‌.
ഏറ്റവും പുതിയ കാലത്ത്‌ കേരളത്തിലെ കമ്യൂണിസ്‌റ്റ്‌ വിമതര്‍ ജന്മം നല്‍കിയ റവലൂഷണറി മാര്‍ക്‌സിസ്‌റ്റ്‌ പാര്‍ട്ടിയുടെ ആളുകള്‍ക്ക്‌ മുകളില്‍ പറഞ്ഞതില്‍ നിന്നൊക്കെ വ്യത്യസ്‌തമായി ഭേദപ്പെട്ട അളവില്‍ ജനാധിപത്യബോധമുണ്ടെന്നത്‌ വസ്‌തുതയാണ്‌.പക്ഷേ മാര്‍ക്‌സിയന്‍ ദര്‍ശനത്തിന്റെ കാലോചിതമായ നവീകരണത്തിന്റെ വഴിയില്‍ ഒരു ചുവടെങ്കിലും മുന്നോട്ടു വെക്കുന്നതോ,മാര്‍ക്‌സിസ്‌റ്റ്‌ പാര്‍ട്ടിയില്‍ നിന്ന്‌ പഠിച്ചെടുത്തില്‍ നിന്ന്‌ ഭിന്നമായ പുതിയൊരു 
ഘടന
രാഷ്ട്രീയ പ്രവര്‍ത്തന ശൈലിയിലേക്ക്‌ സന്നിവേശിപ്പിക്കുന്നതോ  , പാര്‍ട്ടി                                              അച്ചടക്കത്തിന്റെയും പ്രത്യയശാസ്‌ത്രപരമായ കൃത്യതയെ ചൊല്ലിയുള്ള തര്‍ക്കങ്ങളുടെയും പേരില്‍ ലോകത്തിന്റെ പല കോണുകളിലായി നടന്നിട്ടുള്ള ലക്ഷക്കണക്കിന്‌ നരഹത്യകളെ കുറിച്ച്‌ തുറന്ന്‌ സംസാരിക്കുന്നതോ ആവരുടെയും ആലോചനയില്‍ വരുന്നില്ല.
കമ്യൂണിസ്‌റ്റുകാരുടെ അവസ്ഥ ഇങ്ങനെയൊക്കയാണ്‌.കോണ്‍ഗ്രസ്സുകാര്‍ക്കാണെങ്കില്‍ പാര്‍ട്ടി നന്നാവണമെന്നോ വലുതാവണമെന്നോ ഉള്ള ചിന്ത തൊട്ടുതെറിപ്പിച്ചിട്ടു പോലുമില്ല.അതേ സമയം എങ്ങനെയും അധികാരം പിടിച്ചെടുക്കുക എന്നത്‌ അവര്‍ക്കൊരു ജീവന്മരണ പ്രശ്‌നമാണ്‌ താനും.പാര്‍ട്ടി ഭക്തന്മാര്‍ക്ക്‌ യാതൊരു പഞ്ഞവുമില്ലാത്ത പാര്‍ട്ടിയാണ്‌ കോണ്‍ഗ്രസ്‌.നേതാക്കള്‍ ഏതളവില്‍ അഴിമതി ചെയ്‌താലും എന്തൊക്കെ ക്രൂരതകള്‍ കാണിച്ചാലും ആരെയൊക്കെ വഞ്ചിച്ചാലും ഈ ഭക്തജനങ്ങള്‍ക്ക്‌ യാതൊരു കൂസലുമുണ്ടാവില്ല.കാലാകാലമായുള്ള ഈ അന്ധമായ പാര്‍ട്ടിക്കൂറിന്‌ പുറത്ത്‌ യാതൊരു ദര്‍ശനവുമില്ലാത്ത അവസ്ഥ കോണ്‍ഗ്രസ്സിലെ വലിയൊരു വിഭാഗം ആളുകളെ ഒരു തരം രാഷ്ട്രീയമന്ദബുദ്ധികളാക്കി മാറ്റിയിട്ടുണ്ട്‌.നേതാക്കന്മാരുടെ ആധിക്യവും മാധ്യമ പരിചരണം ആഗ്രഹിച്ചുള്ള മത്സരവും കോണ്‍ഗ്രസ്സിന്‌ എക്കാലത്തും വലിയ തലവേദന തന്നെയായിരുന്നു.നോട്ടീസില്‍ ഇല്ലാത്ത നേതാക്കള്‍ തള്ളിക്കയറി സ്ഥലം പിടിക്കുന്നതു കാരണം സ്റ്റേജ്‌ പൊട്ടി വീഴുന്നത്‌ തങ്ങളെ സംബന്ധിച്ചിടത്തോളം ഒട്ടും പുതുമയുള്ള കാര്യമല്ല എന്ന്‌ ഒരു കോണ്‍ഗ്രസ്സ്‌ സുഹൃത്ത്‌ ഒട്ടും തമാശയല്ലാതെ പറയുകയുണ്ടായി.
കേരള രാഷ്ട്രീയത്തില്‍ കമ്യൂണിസ്റ്റുകാര്‍ക്കും കോണ്‍ഗ്രസ്സുകാര്‍ക്കും പിന്നാലെ വരുന്ന മുസ്ലീം ലീഗ്‌,കേരളാ കോണ്‍ഗ്രസ്‌ തുടങ്ങിയ കക്ഷികള്‍ വളരെ ഇടുങ്ങിയ രാഷ്ട്രീയ താല്‌പര്യങ്ങളുള്ള പാര്‍ട്ടികളാണ്‌.ഇവരെ പ്രീണിപ്പിക്കുന്നതിനും അതിനുപറ്റാതെ വരുമ്പോള്‍ പിളര്‍ത്തുന്നതിനും അതുകൊണ്ടും ഗുണമില്ലെന്നു കാണുമ്പോള്‍ ഇവരുടേതിനേക്കാള്‍ മോശപ്പെട്ട രാഷ്ട്രീയ താല്‌പര്യങ്ങളുള്ള ഗ്രൂപ്പുകള്‍ ഏതെങ്കിലും ഉണ്ടോ എന്നു കണ്ടെത്തി അവരെ വശത്താക്കുന്നതിനും ഒക്കെ വേണ്ടി ഒരു പാട്‌ സമയം ചെലവഴിക്കുന്നവരാണ്‌ മാര്‍ക്‌സിസ്റ്റുകാരും കോണ്‍ഗ്രസ്സുകാരും.എല്ലാവരുടെയും പ്രഥമ പരിഗണന അധികാരം തന്നെ.
ഇനിയുള്ളത്‌ ബി.ജെപി. അന്യസംസ്ഥാനങ്ങളില്‍ എന്തൊക്കെ സംഭവിച്ചാലും കേരളത്തില്‍ ഭരണാധികാരം സംബന്ധിച്ച്‌ യാതൊരു പ്രതീക്ഷക്കും വകയില്ലാത്ത പാര്‍ട്ടിയാണ്‌ ബി.ജെപി.ഒരു കേവല വര്‍ഗീയ പാര്‍ട്ടി എന്ന നിലയില്‍ പോലും ഈ സംസ്ഥാനത്ത്‌ അതിന്‌ വളര്‍ച്ച സാധ്യമല്ല.അത്‌ പൂര്‍ണമായും ബോധ്യം വന്നതുകൊണ്ടാണ്‌ കണ്ണൂര്‍ ജില്ലയിലെ ബി.ജെ.പിക്കാരില്‍ വലിയൊരു വിഭാഗം മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയിലേക്ക്‌ ചേക്കേറിയിരിക്കുന്നത്‌.
രാഷ്ട്രീയം എന്നാല്‍ ഭരണാധികാരവുമായി ബന്ധപ്പെട്ടതും അധികാരത്തിലേറുന്ന കക്ഷികള്‍ക്കും ആ കക്ഷികളിലെ വ്യക്തികള്‍ക്കും സാമ്പത്തികം ഉള്‍പ്പെടെയുള്ള എല്ലാ നേട്ടങ്ങളും ഉണ്ടാക്കുന്നതുമായ വ്യവഹാരങ്ങള്‍ എന്നതാണ്‌ ജനങ്ങള്‍ക്ക്‌ പൊതുവേ ഉള്ള ധാരണ.പ്രതിപക്ഷത്ത്‌ ഇരിക്കുന്നവര്‍ക്കും ഇത്തരം നേട്ടങ്ങള്‍ ഭരണകക്ഷികള്‍ക്ക്‌ ലഭിക്കുന്ന അളവില്‍ അല്ലെങ്കില്‍ പോലും സാധ്യമാവുന്ന അവസ്ഥ കേരളത്തില്‍ ഉണ്ട്‌.സാമ്പത്തികമായ സത്യസന്ധതയും അച്ചടക്കവും ഇന്ന്‌ രാഷ്ട്രീയ കക്ഷികളുടെ ശീലമല്ല.ഏത്‌ സാമ്പത്തികമേധാവിക്കും ക്ഷുദ്രശക്തിക്കും സഹായവും സംരക്ഷണവും നല്‍കി അതിനുള്ള പ്രതിഫലമായി വന്‍തുക പറ്റുന്നതില്‍ അവര്‍ക്ക്‌ മന:സാക്ഷി
ക്കുത്തില്ല.പുതിയ സാഹചര്യത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടുപോവാന്‍ ഒരു പാട്‌ വേണം,പണമില്ലെങ്കില്‍ ഒരു സംഗതിയും നടക്കില്ല എന്ന്‌ എല്ലാ പാര്‍ട്ടികളും അവരുടെ അണികളെ  ബോധ്യപ്പെടുത്തിയിട്ടുണ്ട്‌.
 അതുകൊണ്ട്‌ ഒരു പാര്‍ട്ടി ചെയ്യുന്ന സാമ്പത്തിക കുറ്റകൃത്യം മറ്റുള്ളവര്‍ എങ്ങനെയൊക്കെ ബഹളം വെച്ചാലും ആ പാര്‍ട്ടിയില്‍ ഉള്ളവര്‍ക്ക്‌ പ്രശ്‌നമാവില്ല.അനേകം കേന്ദ്രങ്ങളില്‍ നിന്ന്‌ വന്നു ചേരുന്ന ശുദ്ധധനവും ഒരു പക്ഷേ അത്രയും തന്നെ കളങ്കിത ധനവും കേരളത്തിലെ പൊതുജീവിതത്തിന്റെ വിവിധ മേഖലകളില്‍ വ്യാപിക്കുന്നുണ്ട്‌.അതിന്റെ 'നേട്ടങ്ങള്‍' ചെറിയ അളവിലെങ്കിലും സാധാരണക്കാരില്‍ എത്തിച്ചേരാതിരിക്കില്ല.അതുകൊണ്ടാണ്‌ സാമ്പത്തിക മേഖലയിലെ അനീതികള്‍ക്കെതിരെ മുന്നിട്ടിറങ്ങാനുള്ള ധാര്‍മികബലം അവര്‍ക്ക്‌ കൈമോശം വരുന്നത്‌.നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റവും മറ്റും കൊണ്ട്‌
 വല്ലാതെ പൊറുതി മുട്ടുമ്പോള്‍ താല്‍ക്കാലികമായി അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതില്‍ ഒതുങ്ങും അവരുടെ രോഷം. 
കേരളത്തിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ ഇങ്ങനെയൊക്കയാണ്‌.ഇന്നാട്ടിലെ രാഷ്ട്രീയ കക്ഷികളില്‍ ഏതെങ്കിലും ഒന്നുമായി ബന്ധപ്പെട്ട്‌ പ്രായോഗിക രാഷ്ട്രീയം ശീലിച്ചിട്ടുള്ള ഏതൊരു വ്യക്തിക്കും ശീലങ്ങളുടെ ഭാരം വലിച്ചെറിഞ്ഞ്‌ നടുനിവര്‍ത്തി,കണ്ണുതുറന്ന്‌ കാര്യങ്ങള്‍ കാണാന്‍ വിഷമമായിരിക്കും.പഠിച്ച പാഠങ്ങള്‍ മുഴുവന്‍ ഓര്‍മയില്‍ നിന്നും സ്വഭാവത്തില്‍ നിന്നും അപ്പാടെ മായ്‌ചുകളഞ്ഞ്‌ പുതിയൊരു രാഷ്ട്രീയസംസ്‌ക്കാരത്തിലേക്ക്‌,ക്ഷുദ്രലക്ഷ്യങ്ങളില്ലാത്തതും പ്രത്യയശാസ്‌ത്ര പ്രസംഗം കൊണ്ട്‌ വസ്‌തുതകളെ മറച്ചുവെക്കാത്തതും സാധാരണജനജീവിതത്തില്‍ തടസ്സങ്ങളും പ്രയാസങ്ങളും ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെ നേര്‍ക്കുനേരെ നിര്‍ഭയം അഭിമുഖീകരിക്കുന്നതുമായ ഒരു രാഷ്ട്രീയസംസ്‌കാരത്തിലേക്ക്‌ മലയാളികള്‍ എത്തിച്ചേരേണ്ടതുണ്ട്‌.അത്‌ വളരെ പെട്ടെന്ന്‌ സംഭവിക്കുമെന്ന്‌ പ്രതീക്ഷിക്കാനാവില്ല.ഇന്നത്തെ നിലയില്‍ ആം ആദ്‌മി പാര്‍ട്ടിക്കു മാത്രമേ അത്തരമൊരു രാഷ്ട്രീയസംസ്‌കാരം രൂപപ്പെടുത്തുന്നതിനായി എന്തെങ്കിലും ചെയ്യാനാവൂ.
27/1/2014