Pages

Friday, October 30, 2015

വിടില്ല ഞാൻ

അഹങ്കാരം എഴുത്തുകാരന് അവശ്യം വേണ്ട ഒരു ഗുണമാണെന്നു കരുതുതുന്നവരുടെ എണ്ണം കൂടിക്കൂടി വരികയാണെന്നു തോന്നുന്നു.വലിയ അഹങ്കാരികളും തീരെ അഹങ്കാരമില്ലാത്തവരും  എഴുത്തുകാർ ക്കിടയിലുണ്ട്.എഴുത്തിന്റെ ഗുണനിലവാരത്തിൽ എഴുതുന്നയാളുടെ അഹങ്കാരം അനുകൂലഫലമുണ്ടാക്കുമെന്ന ധാരണ എന്തായാലും ഞാൻ പങ്കുവെക്കാൻ ഉദ്ദേശിക്കുന്നില്ല. സ്വയം അവഗണിക്കാനുള്ള, അല്ലെങ്കിൽ എഴുത്തിനുമേൽ തന്നെത്തന്നെ അവരോധിക്കാനുള്ള ആഗ്രഹത്തെ നിരാ കരിക്കാനുള്ള, ശേഷി കൂടി എഴുത്തിനു പിന്നിൽ പ്രവർത്തിക്കണം എന്ന് എന്നോടുതന്നെ ഞാൻ നിർദ്ദേശിക്കാറുണ്ട്.പൂർണമായ അനുസരണശീലം ഇല്ലാ ത്തതിനാൽ ആ നിർദ്ദേശം ഉദ്ദേശിച്ച അളവിൽ ഫലം ചെയ്യാറില്ലെന്നറി യാം.എങ്കിലും എന്നിലെ എന്നെ അങ്ങനെ ഞാൻ വിടാൻ പോവുന്നില്ല.
                                                                                                              30/10/2015

Thursday, October 29, 2015

ശരി

പേരെടുത്ത കള്ളന്മാരുണ്ടായിരുന്നു പണ്ടിവിടെ
കള്ളന്മാർ ഇപ്പോഴുമുണ്ടെങ്കിലും 
ഒരുത്തനും പേരെടുക്കാൻ പറ്റുന്നില്ല
പെറ്റു പെരുകി വംശം വലുതായതു കാരണം
ആർക്കും ആരോടും മതിപ്പ് തോന്നുന്നില്ല
ആരും ആരെയും അംഗീകരിക്കുന്നില്ല
അല്ലെങ്കിൽ,
അന്യോന്യം ആദരിച്ച്
എല്ലാവരും സമാധാനമായി കഴിയുന്നുവെന്നു പറയാം
അതാവാം കൂടുതൽ ശരി
കള്ളന്മാരെ കുറിച്ചായാലും
കൂടിയ ശരി പറയുന്നതല്ലേ ശരി.
                                                                                             29/10/2015


Tuesday, October 27, 2015

ഒരു വിചിത്രയുക്തിയുടെ രാഷ്ട്രീയം

എഴുത്തുകാർ അവാർഡുകൾ തിരിച്ചു നൽകിയതിനെയും അക്കാദമി അംഗത്വം രാജിവെച്ചതിനെയുമൊക്കെ പരിഹസിച്ചുകൊണ്ട് താൻ ഒരു കവിത എഴുതാൻ പോവുകയാണെന്ന് പറഞ്ഞ സുഹൃത്തിനോട് ഞാൻ ചോദിച്ചു : 'എന്താണതിന്റെ യുക്തി?'
' മറ്റൊന്നുമല്ല,ഇതൊക്കെ പേരെടുക്കാനുള്ള വിദ്യ മാത്രമാണ്.അവാർഡ് തിരിച്ചുകൊടുത്താൽ കിട്ടുന്ന പ്രശസ്തിയിൽത്തന്നെയാണ് അവരുടെ നോട്ടം.'
രാജ്യത്ത് എന്ത് നടക്കുന്നു എന്നതിനെ കുറിച്ച്  ആ സുഹൃത്ത് ഒരു നിമിഷം പോലും ഗൗരവമായി ആലോചിച്ചിട്ടില്ലെന്നും ചുറ്റിലും മുഴങ്ങിക്കേൾക്കുന്ന ഫാസിസത്തിന്റെ കനത്ത കാലൊച്ചകൾ അദ്ദേഹത്തിന്റെ കാതിൽ വന്നു വീണിട്ടില്ലെന്നും അക്കാര്യത്തിൽ അദ്ദേഹത്തിന് പൂർണമായ ബാധിര്യമുണ്ടെന്നും  വ്യക്തമായി തിരിച്ചറിഞ്ഞുകൊണ്ടു തന്നെ  അക്കാദമിക്കെതിരെയുള്ള എഴുത്തുകാരുടെ പ്രതികരണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താൻ ഞാൻ ശ്രമിക്കാതിരുന്നില്ല.ഇന്നത്തെ ഇന്ത്യൻ അവസ്ഥയിലും കേന്ദ്രസാഹിത്യ അക്കാദമിയുടെയും ഭരണകൂടത്തിന്റെയും പക്ഷത്തുനിലയുറപ്പിച്ച് എഴുത്തുകാർക്കെതിരെ തിരിയുന്നവരുടെ രാഷ്ട്രീയധാരണയുടെയും സാഹിത്യസങ്കൽപത്തിന്റെയും സ്വഭാവത്തെ കുറിച്ച് ഒന്നും സംശയിക്കാനില്ല.ഏറ്റവും പുതിയ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ 'ഗ്യാലറിയിലെ സിനിക്കുകളോട് 'എന്ന ലേഖനം (സച്ചിദാനന്ദൻ) വായിച്ചപ്പോഴാണ് ഈ കുറിപ്പ് എഴുതേണ്ടതുണ്ടെന്ന് തോന്നിയത് .
27/10/2015

Sunday, October 25, 2015

കാലഹരണം

വർഷങ്ങളായുള്ള വേർപിരയാ ചങ്ങാത്തം
വ്യാകുലതയെ ചിത്തത്തിന്റെ ഭാഗമാക്കി
അതിനാൽ വ്യാകുലചിത്തം എന്ന്
പ്രത്യേകം പറയേണ്ടതില്ലാതായി
വിശേഷണങ്ങൾ കാലഹരണപ്പെടുന്നത്
ഇങ്ങനെയും കൂടിയാണല്ലോ.


Monday, October 19, 2015

വരാന്ത

കണ്ണൂർ,കാസർകോട്,കോഴിക്കോട് ജില്ലകളിൽ പലേടത്തായി ഏഴ് വേദികളിൽ പ്രസംഗിച്ചു കടന്നുപോയ രണ്ട് മാസക്കലത്തിനിടയിൽ.ഒരു വേദിയും അസുഖകരമായി തോന്നിയില്ലെങ്കിലും ഏറ്റവും വ്യത്യസ്തമായി അനുഭവപ്പെട്ടത് പെടയങ്ങോട്ടെ (കണ്ണൂർ ജില്ലയിൽ ഇരിക്കൂറിനടുത്ത്)പീടിക വരാന്തയിൽ സപ്തംബർ 27ന് ഉച്ച തിരിഞ്ഞ് നടന്ന സാഹിത്യചർച്ചയാണ്.ഷുക്കൂർ പെടയങ്ങോടാണ് തന്റെ ചായപ്പീടികയുടെയും അടുത്തുള്ള രണ്ട് പീടികമുറികളുടെയും വരാന്തയിലായി ആ പരിപാടി സംഘടിപ്പിച്ചത്.പരിപാടിയുടെ പേര് 'വരാന്ത' എന്നു തന്നെ.വിനോയ് തോമസിന്റെ 'കരിക്കോട്ടക്കരി' എന്ന നോവലാണ് ചർച്ചക്കു വേണ്ടി തിരഞ്ഞെടുത്തുത്തത്.'കരിക്കോട്ടക്കരി'യെ അടിസ്ഥാനമാക്കി ഷൈജു മാലൂർ വരച്ച ചിത്രങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു.വടകരഭാഗത്തുനിന്ന് നന്ദൻമുള്ളമ്പത്തും  കോട്ടയത്തുനിന്ന് എൻ.ദിലീപും    ഉൾപ്പെടെ നാൽപതോളം പേർ വരാന്തയിൽ
എത്തിയിരുന്നു.ഞാൻ ചർച്ച ഉദ്ഘാടനം ചെയ്തു.രമേശൻ ബ്ലാത്തൂർ,മനോജ് കാട്ടാമ്പള്ളി ,ലതീഷ് കീഴല്ലൂർ തുടങ്ങിയവർ പ്രസംഗിച്ചു.വളരെ താൽപര്യത്തോടെയാണ് എല്ലാവരും പ്രസംഗങ്ങൾക്ക് കാതോർത്തത്.ശ്രോതാക്കൾക്കിടയിൽ മുമ്പ് ബ്രണ്ണൻ കോളേജിൽ എന്റെ വിദ്യാർത്ഥിയായിരുന്ന രാമകൃഷ്ണനും ഉണ്ടായിരുന്നു.
'വരാന്ത'യിൽ നടക്കാൻ പോവുന്ന അടുത്ത ചർച്ച പ്രകാശൻ മടിക്കൈയുടെ 'കൊരുവാനത്തിലെ പൂതങ്ങൾ 'എന്ന നോവലിനെ കുറിച്ചാണ്.ഇനിയങ്ങോട്ട് രണ്ട് മാസത്തിൽ ഒരിക്കലെങ്കിലും ഏറ്റവും പുതിയ സാഹിത്യരചനകളെ മുൻനിർത്തി ഇങ്ങനെ ചർച്ച സംഘടിപ്പിക്കണമെന്നാണ് ഷുക്കൂർ ആഗ്രഹിക്കുന്നത്.ആ ആഗ്രഹം സഫലമാവട്ടെ എന്ന് ആശിക്കുന്നു.വ്യത്യസ്തമായ ഈ ചർച്ചാവേദിയുടെ ആദ്യപരിപാടിക്ക് തുടക്കം കുറിക്കാൻ കഴിഞ്ഞതിൽ വളരെ വളരെ സന്തോഷമുണ്ട്.

Saturday, October 17, 2015

എം.എൻ.വിജയനെ ആദരിക്കേണ്ടതെങ്ങനെ?

എം.എൻ.വിജയന്റെ ചരമവാർഷികം വികാരപൂർണമായ അനേകം ഓർമകളുടെ ആവർത്തനത്തിലും സ്തുതികളിലും മാത്രമായി ഒതുങ്ങിപ്പോവുകയാണെങ്കിൽ അത്  അദ്ദേഹത്തിന്റെ ധൈഷണിക ജീവിതത്തിന്റെ അന്തർധാരായി വർത്തിച്ച ദർശനത്തിന്റെയും നിലപാടുകളുടെയും നിരാകരണമേ ആവുകയുള്ളൂ.സാഹിത്യനിരൂപണം,സംസ്‌കാരപഠനം,വിദ്യാഭ്യാസവിശകലനം,ഫാസിസത്തിന്നെതിരായ ആശയസമരം,മാർക്‌സിസത്തിന്റെ സമകാലിക പ്രയോഗങ്ങളുടെ വിമർശം എന്നീ മേഖലകൾക്കെല്ലാം  എം.എൻ.വിജയൻ നൽകിയ സംഭാവനകൾക്ക് ഒരേ സമയം അത്ഭുതകരമായ ആഴവും ഔന്നത്യവുമുണ്ട്.പക്ഷേ, മലയാളിയുടെ ബൗദ്ധികജീവിതത്തിന്റെ ഭാവി തന്റെ ആശയങ്ങളുടെയും അപഗ്രഥനങ്ങളുടെയും പരിധിക്കുള്ളിൽ ഒതുങ്ങി നിൽക്കണമെന്ന് ആഗ്രഹിക്കുകയോ അങ്ങനെ സംഭവിക്കുമെന്ന് വ്യാമോഹിക്കുകയോ ചെയ്ത ചിന്തകനല്ല എം.എൻ.വിജയൻ.കേസരിബാലകൃഷ്ണപിള്ളയെപ്പോലെ അദ്ദേഹവും കേരളസമൂഹം ചിന്തയുടെ പുതിയ വേഗങ്ങളെ അപ്പപ്പോൾ സ്വന്തമാക്കണമെന്നും വൃദ്ധപൂജയെയും ഭൂതകാലാരാധനയെയും പാടെ ഉപേക്ഷിക്കണമെന്നുമുള്ള പക്ഷക്കാരനായിരുന്നു.
എം.എൻ.വിജയന്റെ ധൈഷണികജീവിതത്തിന്റെ ആദ്യഘട്ടം ബഹുമുഖമായ അന്വേഷണങ്ങളുടെതായിരുന്നു. 1944 മുതൽ ആരംഭിക്കുന്ന ഈ ഘട്ടത്തിന്റെ ആദ്യവർഷങ്ങളിൽ അദ്ദേഹം വിദ്യാർത്ഥി കോൺഗ്രസ്സിന്റെ പ്രവർത്തകനായിരുന്നു. വീറുള്ള പ്രസംഗകനായും സംഘാടകനായും സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിത്തീർന്ന വിജയൻമാഷ് ബ്രിട്ടീഷ് ലിബറലിസത്തോടും നെഹ്‌റുവിയൻ സോഷ്യലിസത്തോടുമെല്ലാം  വലുതായ ആഭിമുഖ്യം പുലർത്തിയിരുന്നു.മാർക്‌സിയൻ സിദ്ധാന്തത്തെയും അതിന്റെ പ്രയോഗത്തെയും കൃത്യമായി മനസ്സിലാക്കാനും ഈ ഘട്ടത്തിൽ തന്നെ അദ്ദേഹം ശ്രമിച്ചിരുന്നു.ഫ്രോയിഡിലുള്ള താൽപര്യവും പതിനെട്ട്-പത്തൊമ്പത് വയസ്സിൽത്തന്നെ ആരംഭിക്കുന്നുണ്ട്.ഈ താൽപര്യം രാഷ്ട്രീയത്തോടും സാമൂഹ്യപ്രശ്‌നങ്ങളോടുമുള്ള ആഭിമുഖ്യത്തെ പുറന്തള്ളി അദ്ദേഹത്തിന്റെ ചിന്താലോകത്തിന്റെ അച്ചുതണ്ടായിത്തീരുന്നതാണ് പിന്നീട് കണ്ടത്.1983 ൽ തലശ്ശേരിയിൽ വെച്ച് ചെയ്ത 'മാർക്‌സും ഫ്രോയ്ഡും' എന്ന പ്രസംഗം വരെ നീളുന്നതാണ് ഈ രണ്ടാം ഘട്ടം.
പിന്നീട് രണ്ടുമൂന്ന് വർഷം കഴിയുമ്പോഴേക്കും  അദ്ദേഹം പുരോഗമനകലാസാഹിത്യസംഘത്തിന്റെ വേദികളിലെ പ്രധാനസാന്നിധ്യമായിക്കഴിഞ്ഞിരുന്നു.വളരെ വൈകാതെ അദ്ദേഹം അതിന്റെ അമരക്കാരനായി.1987 ജനുവരി 4ന് കോട്ടയത്തുവെച്ചു നടന്ന സമ്മേളനത്തിൽ വൈസ്പ്രസിഡന്റായതുമുതൽ 2000 ജൂൺ 1 ന് സംഘത്തിന്റെ പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നതുവരെയും പിന്നീടുമായി ഒരു ദശകത്തിലേറെക്കാലത്തോളം സാഹിത്യത്തിലെ പുരോഗമനപക്ഷത്തിന്റെ സൈദ്ധാന്തികനിലപാടുകൾ വിശദീകരിച്ചും മലയാളത്തിലെ ലബ്ധപ്രതിഷ്ഠരും അല്ലാത്തവരുമായ അനേകം എഴുത്തുകാർ  സാധിച്ച സാമൂഹ്യവിമർശനത്തിന്റെ സൂക്ഷ്മാപഗ്രഥനം  നിർവഹിച്ചും ഫാസിസത്തെ അറിയാനും പ്രതിരോധിക്കാനുമുള്ള വഴികൾ ചൂണ്ടിക്കാണിച്ചും ആഗോളവൽക്കരണത്തിന്റെ രാഷ്ട്രീയം  രാജ്യത്തെ പൊതുസമൂഹത്തെയും ഇടതുപക്ഷത്തെയും എങ്ങനെയൊക്കെ ബാധിക്കുന്നുവെന്ന് വ്യക്തമാക്കിയും എഴുത്തും പ്രഭാഷണങ്ങളും വഴി കേരളത്തിന്റെ സാംസ്‌കാരികജീവിതത്തിൽ വിജയൻമാഷ് നിറഞ്ഞു നിന്നു.ഇന്ത്യൻ മനസ്സ്, ഭാരതീയദർശനം,ഫോക്‌ലോറിന്റെ മന:ശാസ്ത്രം,ഫാസിസത്തിന്റെ സിദ്ധാന്തം,പ്രയോഗം,ഫണ്ടിംഗിന്റെ രാഷ്ട്രീയം,ആഗോളവൽക്കരണത്തിന്റെ സാംസ്‌കാരിക പ്രത്യാഘാതങ്ങൾ തുടങ്ങിയ വിഷയങ്ങളെ കുറിച്ചും കുമാരനാശാൻ,വൈലോപ്പിള്ളി,ബഷീർ എന്നിവരുടെ കൃതികളുടെ മന:ശാസ്ത്രപരവും സാമൂഹ്യവുമായ അർത്ഥങ്ങളെ കുറിച്ചും ഭാഷയിൽ ഉണ്ടായ ഏറ്റവും മികച്ച വിശദീകരണങ്ങൾ എം.എൻ.വിജയന്റെതാണ്.അവയെയെല്ലാം നിസ്സാരീകരിച്ച് കാണിക്കാനുള്ള ഏത് ശ്രമവും തികച്ചും യാഥാസ്ഥിതകമായ രാഷ്ട്രീയസാമൂഹ്യസാഹിതീയ നിലപാടുകളിൽ നിന്ന് ഉണ്ടാവുന്നതാണ്. ശ്രദ്ധേയമായ ഒരു സംഭാവനയും ഒരു മണ്ഡലത്തിലും അവകാശപ്പെടാൻ ഇല്ലാത്തപ്പോഴും ഉയർന്ന സാഹിത്യസൈദ്ധാന്തികരെന്ന് ഭാവിക്കുന്നതിൽ യാതൊരു മന:സാക്ഷിക്കുത്തുമില്ലാത്തവരെയും എം.എൻ.വിജയന്റെ ഏതെങ്കിലുമൊരു ലേഖനത്തിന്റെയോ പ്രഭാഷണത്തിന്റെയോ അകത്തേക്ക് പ്രവേശിക്കാനുള്ള ധൈഷണിക ശേഷിയില്ലാത്തവരെയും അദ്ദേഹത്തിന്റെ വിമർശകർക്കിടയിൽ കാണാം.അവരുടെ വാക്കുകൾക്ക് നാം അൽപമായിപ്പോലും ഗൗരവം കൽപിക്കുന്നത്  സ്വയം നിന്ദിക്കുന്നതിൽ കവിഞ്ഞുള്ള എന്തെങ്കിലും ആവുകയില്ല.
വിജയൻമാഷുടെ ലേഖനങ്ങളും പ്രഭാഷണങ്ങളും വിമർശനാതീതമാണെന്ന് സ്ഥാപിക്കാനല്ല എന്റെ പുറപ്പാട്.അവയിൽ പലതിലും പൂരിപ്പിക്കപ്പെടേണ്ട ഇടങ്ങളും വിമർശിക്കപ്പെടേണ്ട വൈരുധ്യങ്ങളും ഉണ്ടെന്നതിൽ സംശയമില്ല.സാഹിത്യത്തിലെയും രാഷ്ട്രീയത്തിലെയും  ചില ചലനങ്ങളെ കുറിച്ച് അദ്ദേഹം വളരെ വൈകിമാത്രമേ പ്രതികരിച്ചുള്ളുവെന്നും ചിലതിനെ കുറിച്ച് അദ്ദേഹം മൗനം പാലിച്ചുവെന്നും ശരിയായിത്തന്നെ ചൂണ്ടിക്കാണിക്കാനാവും.ചിന്തയുടെ ലോകത്തിൽ ഭാവിതലമുറകൾക്ക് ചോദ്യം ചെയ്യാൻ പാടില്ലാത്തതായി യാതൊന്നും തന്നെയില്ല.
വിജയൻമാഷ്‌ക്കുമേൽ  ഭക്തിതുല്യമായ ആദരവ് ചാർത്തുന്നവർ തൊട്ട് അദ്ദേഹത്തെ മനസ്സിലാക്കാനുള്ള നേരിയ ശ്രമം പോലും തങ്ങളുടെ ഭാഗത്തു നിന്നുണ്ടാവില്ല എന്ന് തീരുമാനിച്ചുറച്ചവർവരെയുള്ളവർ ഓർക്കാതെ പോവുന്ന ഒരു കാര്യമുണ്ട്.വിഷയം സാഹിത്യമായാലും  രാഷ്ട്രീയമായലും സംസ്‌കാരപഠനമായാലും അദ്ദേഹത്തിന്റെ സമീപനം തീർത്തും ഗൗരവപൂർണമാണ്.ആഴമേറിയ പഠനമനനങ്ങളുടെ   സംസ്‌കാരമാണ് എം.എൻ.വിജയന്റെ ധൈഷണികജീവിതത്തിൽ നിന്ന് മലയാളികൾക്ക് സ്വാംശീകരിക്കാനുള്ളത്.അതിനു തയ്യാറുന്നവർ  വിജയൻമാഷുടെ രാഷ്ട്രീയ സാംസ്‌കാരിക നിലപാടുകൾക്കിടയിലെ വിടവുകളുടെ പൂരണവും അദ്ദേഹത്തിന്റെ ചിന്തകളുടെ വിമർശനാത്മകമായ തുടർച്ചയും സാധിക്കും.അതായിരിക്കും വിജയൻമാഷോട് കാണിക്കുന്ന ആദരവിന്റെ ശരിയായ സൂചകം.



Friday, October 16, 2015

ഇപ്പോഴും എന്തുകൊണ്ട് എം.എൻ.വിജയൻ?

തന്റെ ധൈഷണികജീവിതത്തെ  അസാധാരണമായ അപഗ്രഥന വൈഭവവും സർഗാത്മകതയും സാമൂഹ്യോന്മുഖതയും കൊണ്ട് പല ദശകക്കാലം  പ്രകാശപൂർണമാക്കി നിലനിർത്താൻ ഒരു ബുദ്ധിജീവിക്ക് കഴിയുന്നുവെങ്കിൽ കേവല സ്തുതിപാഠകർക്കും ബദ്ധശത്രുക്കൾക്കും സങ്കൽപത്തിൽപ്പോലും സ്പർശിക്കാനാവാത്ത  ഉയരത്തിലായിരിക്കും മരണശേഷവും അയാൾ നിലകൊള്ളുക.എം.എൻ.വിജയൻ അങ്ങനെയുള്ള ഒരു ബുദ്ധിജീവിയായിരുന്നു.അദ്ദേഹത്തിന്റെ   രാഷ്ട്രീയ നിരീക്ഷണങ്ങളിലും സാമൂഹ്യവിശകലനങ്ങളിലും സാഹിത്യദർശനത്തിലും പലർക്കും പല പരിമിതികളും പിഴവുകൾ തന്നെയും കണ്ടെത്താൻ കഴിഞ്ഞേക്കും.അതൊന്നും തന്റെ ബൗദ്ധിക ഇടപെലുകളുടെ സവിശേഷഗാംഭീര്യത്തെ കുറിച്ച് ജീവിതകാലത്ത് അദ്ദേഹം നമുക്ക് തന്ന ബോധ്യത്തെ തകിടം മറിച്ചു കളയില്ല. തന്റെ സംസ്‌കാരവിശകലനങ്ങളെയും രാഷ്ട്രീയാഭിപ്രായങ്ങളെയും  സാഹിത്യനിരൂപണങ്ങളെയും കവിഞ്ഞു നിൽക്കുന്ന ഗരിമയുണ്ട് സാധാരണ മനുഷ്യരുടെ അനുഭവങ്ങളോടും മനുഷ്യവംശം ആർജിച്ചു കഴിഞ്ഞ അറിവിനോടും മനുഷ്യന്റെ ബഹുവിധ സർഗവ്യാപാരങ്ങളോടും തനിക്കുള്ള മനോഭാവത്തിനെന്ന് സ്വന്തം എഴുത്തിലൂടെയും പ്രസംഗങ്ങളിലൂടെയും മറ്റ് വ്യവഹാരങ്ങളിലൂടെയും എം.എൻ.വിജയൻ സംശയാതീതമായി തെളിയിച്ചു കാണിച്ചിരുന്നു.അത് തന്നെയാണ് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ സന്ദേശം.പിൽക്കാലത്ത് പല കോണുകളിൽ നിന്ന് ഉയർന്നു വരുന്ന വിമർശനങ്ങൾക്കോ ഒരേ ആരാധകവൃന്ദത്തിൽ നിന്ന് ആവർത്തിച്ചുയരുന്ന ഒരേ ഈണത്തിലുള്ള സ്തുതിവചനങ്ങൾക്കോ  ആ സന്ദേശത്തെ ചെറുതാക്കാൻ ആവുകയില്ല.
എം.എൻ.വിജയൻ സ്വീകരിച്ച  രാഷ്ട്രീയ നിലപാടുകളെ കുറിച്ചോ  ഫ്രോയിഡിയൻ  മന:ശാസ്ത്രത്തെ അടിസ്ഥാനമാക്കി അദ്ദേഹം നടത്തിയ കവിതാവായനകളെ കുറിച്ചോ നേരിയ വിപരീതാഭിപ്രായം പ്രകടിപ്പിക്കപ്പെടുമ്പോൾ പോലും പ്രകോപിതരാവുന്ന ആരാധകരെ എനിക്കറിയാം. എം.എൻ.വിജയൻ കീഴടക്കിയതിന് അപ്പുറമുള്ള ഒരുയരം മലയാളിക്ക് അചിന്ത്യമാണെന്നോ അചിന്ത്യമായിരിക്കണമെന്നോ ഉള്ള മട്ടിലൊക്കെയാണ് അവർ സംസാരിക്കുക.മറുവശത്ത് എം.എൻ.വിജയൻ എന്ത് പറഞ്ഞു,ചെയ്തു എന്നൊന്നും ഞങ്ങൾക്കറിയേണ്ട, അദ്ദേഹം പരിമിതവിഭവനായ ഒരു സാഹിത്യനിരൂപകൻ മാത്രമായിരുന്നെന്നും അന്വേഷണത്തിനും അപഗ്രഥനത്തിനുമൊന്നും മുതിരാതെ ചില സൂക്തങ്ങൾ തട്ടിവിടുകയാണ് അദ്ദേഹം ചെയ്തതെന്നും അദ്ദേഹത്തിന് മാർക്‌സിസം അറിയില്ലായിരുന്നുവെന്നും തരക്കേടില്ലാത്ത ഒരു കലാലയാധ്യാപകൻ എന്നതിലപ്പുറം എം.എൻ.വിജയൻ എന്തെങ്കിലുമാണെന്ന് പറയുന്നത് തെറ്റാണെന്നുമൊക്കെ സ്വയം ലജ്ജ തോന്നാതെ പറഞ്ഞുകളയുന്നവരുണ്ട്.ഇക്കൂട്ടരുടെ പറച്ചിലുകൾ ഒരു ചെവിയിലൂടെ കേട്ട് മറുചെവിയിലൂടെ വിടുന്നതിനു പകരം അവയുടെ ശരിതെറ്റുകൾ ഒന്നു വിലയിരുത്തിക്കളയാമെന്ന സൗമനസ്യത്തിന് പുറപ്പെടുന്നത് പാഴ്‌വേലയായിരിക്കും.കാരണം ഈ 'കണ്ടെത്തലുകൾ'ക്കു പിന്നിൽ ഒന്നുകിൽ തികഞ്ഞ അലംഭാവം അല്ലെങ്കിൽ നീക്കുപോക്കില്ലാത്ത ക്ഷുദ്രവലതുപക്ഷരാഷ്ട്രീയം അല്ലെങ്കിൽ ധൈഷണികശേഷിയുടെ പരിതാപകരമായ പരിമിതി ഇവയിലൊന്നാണുള്ളതെന്ന് സാമാന്യബുദ്ധിയുള്ള ആർക്കും പെട്ടെന്ന് മനസ്സിലാവും.
വിജയൻമാഷുടെ സംഭാവനകളെ  തികഞ്ഞ ഗൗരവബുദ്ധിയോടെ തന്നെ വിമർശിക്കുന്ന ചിലരെയും എനിക്കറിയാം.അവരുടെ വിമർശനം ചിലപ്പോഴൊക്കെ വളരെ രൂക്ഷമാകാറുണ്ടെങ്കിലും അതിനു പിന്നിൽ യാതൊരു കാലുഷ്യവുമില്ല.മാത്രവുമല്ല ആ വിമർശനങ്ങളിൽ ചില ശരികളുണ്ടെന്ന്  അംഗീകരിക്കേണ്ടി വരികയും ചെയ്യും.പക്ഷേ,ആരംഭത്തിൽ വ്യക്തമാക്കിയതു പോലെ അത്തരം വിമർശനശരികൾക്കപ്പുറത്താണ് അദ്ദേഹം നിലകൊള്ളുന്നത്.
മുഖ്യധാരാ രാഷ്ട്രീയപ്പാർട്ടികളുടെ വ്യവഹാരങ്ങളിൽ നിന്നെല്ലാം അകന്നു നിന്ന് പല പ്രാദേശികപ്രശ്‌നങ്ങളിലും ജനങ്ങളുടെ കൂടെ നിന്ന് പൊരുതുന്ന സാഹസികരായ ഏതാനും സാമൂഹ്യപ്രവർത്തകർ കേരളത്തിലുണ്ട്. അവരുടെ സൂക്ഷ്മതല രാഷ്ട്രീയത്തെ സൈദ്ധാന്തികമായി എതിർക്കുക എളുപ്പമായിരിക്കാം.പക്ഷേ,അവർ ജനങ്ങൾക്കിടയിൽ ജനങ്ങളോടൊപ്പം നിന്നാണ് പ്രവർത്തിക്കുന്നതെന്ന വാസ്തവത്തെ ദുർബലപ്പെടുത്താൻ ഒരു സിദ്ധാന്തത്തിനും കഴിയില്ല.പൊതുസമൂഹത്തിലേക്ക് ആകമാനം വ്യാപിക്കാനുള്ള അവരുടെ ശേഷിയെ പരിമിതപ്പെടുത്തുന്നത് അവർ തന്നെയാണ്.സൂക്ഷ്മതലത്തിലുള്ള പ്രശ്‌നങ്ങളുടെ നേർക്കുള്ള അവരുടെ ജാഗ്രത രാജ്യത്തെ ആകമാനം ബാധിക്കുന്ന വലിയ പ്രശ്‌നങ്ങളുടെ കാര്യം വരുമ്പോൾ എവിടെയോ പോയ്മറയുന്നുണ്ട്.എന്തായാലും ചില പ്രശ്‌നങ്ങളിലെങ്കിലും അവരുടെ ഇടപെടലുകൾ മൂർത്തവും താൽക്കാലികമായെങ്കിലും ഫലപ്രദവുമാണെന്ന യാഥാർത്ഥ്യത്തെ അവഗണിക്കാനാവില്ല.അവരെ മാറ്റി നിർത്തിയാൽ, നമ്മുടെ ബുദ്ധിജീവികളിൽ  ഏറെപ്പേരും സത്യസന്ധതയുടെ ഊർജം കൊണ്ട് തങ്ങളുടെ ധിഷണയെ ബലപ്പെടുത്താത്തവരാണ്.രാഷ്ട്രീയ കാര്യങ്ങളെ കുറിച്ചും പാർട്ടികൾ,സംഘടനകൾ തുടങ്ങിയ സ്ഥാപനസ്വഭാവം പ്രകടിപ്പിക്കുന്ന സംവിധാനങ്ങളെ കുറിച്ചും  അവർ പറയുന്ന അഭിപ്രായങ്ങൾ വളരെ ധീരമാണെന്ന് തോന്നാം.ഭാഗികമായി അവ അങ്ങനെ ആയിരിക്കുകയും ചെയ്യും.പക്ഷേ,തങ്ങൾ പുറപ്പെടുവിക്കുന്ന അഭിപ്രായങ്ങൾ രാജ്യത്തെ ജനജീവിതത്തെ നിയന്ത്രിച്ചു പോരുന്ന അധികാരകേന്ദ്രങ്ങളെയും പൊതുജീവിതത്തെ കലുഷമാക്കാൻ ബോധപൂർവം ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന വിഭാഗീയശക്തികളെയും കാര്യമായി അലോസരപ്പെടുത്താത്ത വിധത്തിൽ സ്ഥൂലമാണെന്നോ,പല കോണുകളിലേക്ക് മുനകളുള്ളതിനാലും ഒരു മുനയും യഥാർത്ഥമുനയല്ലാത്തതിനാലും അവ കൗതുകം കൊള്ളിക്കുന്ന കളിപ്പാട്ടങ്ങൾ പോലെയായിപ്പോവുന്നുണ്ടെന്നോ അവർ ഓർക്കാറില്ല.സാധാരണ മനുഷ്യർ അവരുടെ സ്വാസ്ഥ്യം കെടുത്തുന്ന ശക്തികളെയും അവരുടെ അധ്വാനത്തിന്റെ ഫലത്തെ തികച്ചും നിസ്സാരമാക്കിക്കളയും വിധം പെരുകുന്ന ഭരണകൂടകേന്ദ്രിതമായ അഴിമതിയെയും  അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തെ വെറും കളിതമാശയാക്കി മാറ്റുന്ന വിദ്യാഭ്യാസ വിദഗ്ധരെയും എങ്ങനെ നേരിടണമെന്നതിനെ കുറിച്ച് ഈ ബുദ്ധിജീവികൾക്ക് കാര്യമായി ഒന്നും നിർദ്ദേശിക്കാനില്ല.വലിയ ധാർമികരോഷം ഭാവിക്കെത്തന്നെ സ്വയം രക്ഷിക്കാൻ ഉതകും വിധത്തിലുള്ള ചെരിഞ്ഞ ഒരു നിൽപാണ് ഇടതുപക്ഷത്തും വലതുപക്ഷത്തുമുള്ള ബുദ്ധിജീവികളിൽ മഹാഭൂരിപക്ഷത്തിന്റെതും. രാഷ്ട്രീയക്കാരിലെ തികഞ്ഞ അഭ്യാസികളിൽ നിന്ന് അധികമൊന്നും അകലെയല്ല അവർ.അതുകൊണ്ടു തന്നെ  രാഷ്ട്രീയസംഘർഷങ്ങൾ കൊണ്ടും അധികാരത്തിലിരിക്കുന്നവരുടെ ധാർഷ്ട്യം കൊണ്ടും വർഗീയശക്തികളുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള മനുഷ്യവിരുദ്ധ നടപടികൾ കൊണ്ടും കോർപ്പറേറ്റ് ഭീമന്മാരുടെ പല മേഖലകളിലേക്കുള്ള കടന്നുകയറ്റങ്ങൾ കൊണ്ടും  ആകെക്കൂടി അരക്ഷിതമായിത്തീരുന്നതിന്റെ ഭീതിയും അമ്പരപ്പും സമ്പത്തിന്റെയും അധികാരത്തിന്റെയും പിൻബലമില്ലാത്ത എല്ലാവരെയും  ബാധിക്കുമ്പോൾ  ധീരമായ ഒരഭിപ്രായം വഴിയെങ്കിലും ഒരു നുള്ള് വെളിച്ചം പകരാൻ കഴിയുന്ന ഒരു യഥാർത്ഥബുദ്ധിജീവിയ്ക്കുവേണ്ടി പൊതുസമൂഹം ആഗ്രഹിച്ചുപോവുന്നു.അപ്പോൾ നിലവിലുള്ള ബുദ്ധിജീവികളിൽ ആരുടെയും രൂപം പൂർണവിശ്വാസത്തോടെ അവരുടെ മനസ്സിലേക്ക് കടന്നുവരുന്നില്ല.അത്തരം സന്ദർഭങ്ങളിലാണ് വിജയൻമാഷുടെ അഭാവം കേരളത്തിലെ സാധാരണ മനുഷ്യരെ ഏറ്റവുമധികം വേദനിപ്പിക്കുന്നത്. 'മാഷുണ്ടായിരുന്നെങ്കിൽ' എന്ന് .അപ്പോഴെല്ലാം അവർ വേദനയോടെ ഓർത്തുപോവുന്നു.

(ശാന്തം മാസിക ഒക്‌ടോബർ 2015

കഥ

മരിച്ചയാൾ കഥയാണ്
ജീവിച്ചിരിക്കുന്നയാൾ
ഇനിയും പൂർത്തിയായിട്ടില്ലാത്ത മറ്റൊരു കഥയും
എങ്കിലും ദുഖിക്കാനില്ല
ജീവിതത്തിന് അങ്ങനെയൊരർത്ഥമെങ്കിലും ഉണ്ടല്ലോ