Pages

Saturday, January 31, 2015

മലയാളത്തിൽ ഒന്നും ഇല്ലേ?

'മലയാളത്തിൽ എന്തു വായിക്കാൻ ?വെറുതെ സമയം മെനക്കെടുത്താനുള്ള സാഹിത്യല്ലേ ഇവിടെ ഓരോരുത്തരും എഴുതിക്കൂട്ടുന്നത്?'ഇങ്ങനെ പറയുന്ന പലരെയും എനിക്ക് പരിചയമുണ്ട്.ദശകങ്ങളായി റഷ്യൻ,ഫ്രഞ്ച്.ലാറ്റിനമേരിക്കൻ സാഹിത്യങ്ങളുമായി അടുത്ത ബന്ധം പുലർത്തിക്കൊണ്ടിരിക്കുന്നവർക്ക് ചിലപ്പോഴൊക്കെ അങ്ങനെ തോന്നിപ്പോകാവുന്നതാണ്.പക്ഷേ,ഈ നിലപാട് യഥാർത്ഥത്തിൽ അത്ര ലാഘവബുദ്ധിയോടെ നിരീക്ഷിക്കാവുന്ന ഒന്നല്ല.നമ്മുടെ സാഹിത്യം തീരെ നിലവാരം കുറഞ്ഞതാണെന്ന് പറയുന്നതിന് ഒന്നിലധികം കാരണങ്ങളുണ്ട്.അങ്ങനെ പറയുന്നവർ അവരുടെ ഭാവുകത്വത്തെ ഉറപ്പിച്ചു നിർത്തിയിരിക്കുന്നത് വൈദേശിക സാഹിത്യത്തിലാണെന്നതാണ് ഒന്നാമത്തെ സംഗതി.അതിന് ആരംഭത്തിൽ അവരെ പ്രേരിപ്പിച്ചിട്ടുണ്ടാവുക ഇംഗ്ലീഷ് വിദ്യാഭ്യാസം വഴി ഇന്ത്യയിലെ പ്രാദേശിക ഭാഷാസാഹിത്യങ്ങൾക്കു നേരെ നേരത്തെ ഇവിടെ രൂപപ്പെട്ടുപോയ പുച്ഛവും വെറുപ്പുമൊക്കെയാവാം.
മറ്റൊരു പ്രധാന കാര്യം ആധുനികതയുടെ വരവോടെ മലയാളസാഹിത്യത്തിൽ സംഭവിച്ച വലിയ കീഴ്‌മേൽ മറിച്ചിലാണ്.മലയാളികളെ അവരുടെ സാഹിത്യം, സാംസ്‌കാരം,രാഷ്ട്രീയം,ദർശനം എന്നിവയിൽ നിന്നൊക്കെ അപ്പാടെ അടർത്തി മാറ്റിയ ഒരേർപ്പാടായിരുന്നു ആധുനികത.അസ്തിത്വവാദമാണ് ഏറ്റവും വലിയ ദർശനം എന്നും ആ ദർശനത്തിന്റെ മുദ്രകൾ വഹിക്കുന്ന വൈദേശിക സാഹിത്യമാണ് യഥാർത്ഥ സാഹിത്യമെന്നും മറ്റും യുവജനങ്ങൾ മുഴുവൻ തെറ്റിദ്ധരിച്ചു പോവുന്ന ഒരു ഭാവുകത്വപരിസരം അക്കാലത്ത് ഇവിടെ രൂപപ്പെട്ടു.ആ പരിസരത്തിൽ തന്നെ ഇപ്പോഴും ജീവിച്ചുപോരുന്നവരാണ് മലയാളത്തിൽ ഗൗരവമായ വായന അർഹിക്കുന്ന കൃതികൾ ഒന്നും തന്നെയില്ല എന്നു പറയുന്നവരിൽ ബഹുഭൂരിപക്ഷവും. കുമാരനാശാനും വൈക്കം മുഹമ്മദ് ബഷീറും പോലും അവരുടെ കണ്ണിൽ ശരാശരി എഴുത്തുകാരാണ്.
ആധുനികത ആധിപത്യം സ്ഥാപിച്ചതോടെ സംഭവിച്ച മറ്റൊരു പ്രധാന കാര്യം കേരളീയ നവോത്ഥാനത്തിന്റെയും ദേശീയ പ്രസ്ഥാനത്തിന്റെയും പുരോഗമനപ്രസ്ഥാനങ്ങളുടെയുമെല്ലാം ചൈതന്യമുൾക്കൊണ്ട് ഇവിടെ പുഷ്ടിപ്പെട്ടു വന്ന ജീവിതഗന്ധിയായ സാഹിത്യത്തിന് തുടർച്ചയും കാലോചിതമായ വികാസപരിണാമങ്ങളും സാധ്യമായില്ല എന്നതാണ്.അങ്ങനെ യഥാർത്ഥ കേരളീയ ജീവിതം സാഹിത്യത്തിന് പുറത്തായി.അത് മലയാളസാഹിത്യത്തിന് വരുത്തിത്തീർത്ത മുരടിപ്പ് ഭയാനകം തന്നെയാണ്.വളരെ കുറച്ച് രചനകൾ മാത്രമേ പിന്നീടിങ്ങോട്ട് അഭിമാനകരമായ ഉയരങ്ങളിൽ എത്തിച്ചേർന്നുള്ളൂ.
സമകാലീന കേരളീയജീവിതമാണെങ്കിൽ ആഴത്തിലുള്ള സാഹിത്യവായനകൾക്കും ദാർശനിക ചർച്ചകൾക്കുമൊന്നും ഇടം നൽകാത്ത ഒന്നായിരിക്കുന്നു.ഇവിടെ പ്രശ്‌നങ്ങളില്ലാത്തതല്ല ഒരു പ്രശ്‌നവും അതിന്റ യഥാർത്ഥപരിസരങ്ങളിൽ വെച്ച് സത്യസന്ധമായി അഭിസംബോധന ചെയ്യപ്പെടുകയില്ല എന്ന അവസ്ഥ രൂപപ്പെട്ടതാണ് യഥാർത്ഥ പ്രശ്‌നം.ഒന്നുകിൽ രാഷ്ട്രീയലാഭം മാത്രം നോക്കുന്ന മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾ അല്ലെങ്കിൽ ഏതെങ്കിലുമൊക്കെ ഫണ്ടിംഗ് ഏജൻസികളുടെ സഹായത്തോടെ സാമൂഹ്യപ്രവർത്തന്തിന് ഇറങ്ങുന്നവർ ഇവരാണ് ഏത് പ്രശ്‌നത്തിലും ഇടപെടുക.പ്രശ്‌നം നേരിട്ട് അനുഭവിക്കുന്നവർക്കു പോലും കുറച്ചു കഴിഞ്ഞാൽ തങ്ങൾ ഉപകരണങ്ങളാക്കപ്പെട്ടുവോ എന്നു സംശയം തോന്നിപ്പോവുന്നിടത്തേക്ക് കാര്യങ്ങൾ എത്തിച്ചേരലാണ് മിക്കപ്പോഴും ഈ ഇടപെടലുകളുടെ ഫലം.
ജീവിതത്തിന്റെ പുറംമോടികളിൽ വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ടെങ്കിലും മലയാളിസമൂഹത്തിന്റെ ആന്തരികജീവിതം ഇപ്പോഴും പല നൂറ്റാണ്ടുകൾ പുറകിൽ നിൽക്കുകയാണ്.മനുഷ്യബന്ധങ്ങൾ ഇവിടെ അങ്ങേയറ്റം ഔപചാരികമായും യാഥാസ്ഥിതകമായും തുടരുകയാണ്.ചെറിയ ചോദ്യം ചെയ്യലുകൾ പോലും പതിന്മടങ്ങ് ശക്തിയിൽ അടിച്ചമർത്തപ്പെടും.അതേ കുറിച്ച് കൃത്യമായ ബോധ്യമുള്ളതുകൊണ്ടു തന്നെ ആളുകൾ തികഞ്ഞ ആത്മവഞ്ചകരായി,സുരക്ഷിതരായി,മൗലികമായി ഒന്നും ചിന്തിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യാതെ ജീവിച്ചുപോവും.
സംഗതികൾ ഇങ്ങനെയൊക്കെ ആയിരിക്കുന്ന ഒരു പ്രദേശത്ത് ജീവിക്കുന്ന എഴുത്തുകാർക്കും വായനക്കാർക്കുമെല്ലാം യഥാർത്ഥ ജീവിതവും രാഷ്ട്രീയവും സാഹിത്യവുമെല്ലാം പുറത്തെവിടെയൊക്കെയോ ആണെന്ന് തോന്നിപ്പോവുന്നതിൽ വലുതായി അത്ഭുതപ്പെടാനോ കുറ്റപ്പെടുത്താനോ ഒന്നുമില്ല.
                     31/1/2015

Friday, January 30, 2015

എന്തിന് രാഷ്ട്രീയം?

എന്തിന് രാഷ്ട്രീയം പറയണം,എഴുതണം?എഴുത്തുകാരനായ നിങ്ങൾക്ക് എഴുതിയാൽ പോരെ,എഴുത്തിനെ കുറിച്ച് മാത്രം പ്രസംഗിച്ചാൽ പോരെ? മറ്റേത് നിങ്ങളുടെ വില കുറച്ചു കളയില്ലേ?അഭ്യുദയകാംക്ഷികളിൽ പലരും പലപ്പോഴായി ചോദിക്കാറുണ്ട്.അവരുടെ ചോദ്യത്തിൽ അടങ്ങിയ വിമർശനത്തിൽ കുറച്ചൊക്കെ ശരിയില്ലേ എന്ന് ചിലപ്പോഴൊക്കെ ഞാനും സംശയിച്ചുപോവാറുണ്ട്.പക്ഷേ,ഇടക്ക് പാടേ തളർന്നും പിന്നെ പുതിയ ഊർജത്തോടെ ഉണർന്നും പത്തുനാൽപത്തഞ്ചു കൊല്ലത്തിലധികമായി  തുടരുന്ന
 സാഹിത്യപ്രവർത്തനത്തിൽ നിന്ന് ഞാൻ സ്വയം തിരിച്ചറിഞ്ഞ ചില സംഗതികളുണ്ട്.അവ അക്കമിട്ടെഴുതാം:
1.ഞാൻ രാഷ്ട്രീയം പറയുന്നതും എഴുതുന്നതും എന്തെങ്കിലും ആയിക്കളയാമെന്ന് വ്യാമോഹിച്ചോ ഏതെങ്കിലും തരത്തിലുള്ള ലാഭചിന്ത കൊണ്ടോ അല്ല.രാഷ്ട്രീയത്തിലുള്ള സ്വതന്ത്രമായ ഇടപെടൽ വമ്പിച്ച നഷ്ടമുണ്ടാക്കും എന്ന് എന്നെ പോലെ തിരിച്ചറിഞ്ഞ മറ്റാളുകൾ അധികമൊന്നും ഉണ്ടാവില്ല.ഇടതുപക്ഷം മാത്രമല്ല വലതുപക്ഷവും നിങ്ങളെ വെറുക്കും.ഇക്കാര്യത്തിൽ പലപ്പോഴും വലതുപക്ഷം കൂടിയ അളവിലുള്ള വീറ് കാണിക്കുന്നതുകണ്ട് അത്ഭുതപ്പെട്ടുപോയിട്ടുണ്ട്.എന്നിട്ടും ഞാൻ എന്തിന് രാഷ്ട്രീയം എഴുതുന്നു,പറയുന്നു?ഉത്തരം ഒന്നേയുള്ളൂ:എനിക്ക് തോന്നുന്നത് പറഞ്ഞേ പറ്റൂ.എഴുത്തിലും പ്രസംഗത്തിലും ലാഭം നോക്കി നടക്കാൻ എനിക്കാവില്ല.
2.ഞാനൊരു ശുദ്ധസാഹിത്യകാരനല്ല.സാഹിത്യത്തിൽ രാഷ്ട്രീയത്തിന്റെ കറ പുരളരുത് എന്ന മുൻനിശ്ചയത്തോടെയല്ല ഞാൻ എഴുത്തുമേശക്കു മുന്നിൽ ഇരിക്കുന്നത്..ഒരു കഥാസന്ദർഭം,മിക്കപ്പോഴും അത് സമകാലീന പൊതുജീവിത സന്ദർഭം തന്നെ എന്നോട് എന്ത് ആവശ്യപ്പെടുന്നുവോ അത് ഞാനെഴുതും.രാഷ്ട്രീയമെങ്കിൽ രാഷ്ട്രീയം,മറ്റെന്തെങ്കിലും സാമൂഹ്യോത്കണ്ഠയെങ്കിൽ അത്.അത്രയേ ഉള്ളൂ.
രാഷ്ട്രീയ പ്രസംഗവേദികളിൽ നിന്ന് വേണമെങ്കിൽ ഒഴിഞ്ഞു നിൽക്കാം,പക്ഷേ അതിന്റെ ആവശ്യമെന്ത്?എഴുത്തുകാരുടെയോ കോളേജ/് /യൂനിവേഴ്‌സിറ്റി അധ്യാപകരുടെയോ മുന്നിൽ പ്രസംഗിക്കാമെങ്കിൽ ബാർബർമാരുടെയും മറ്റ് തൊഴിലാളികളുടെയും മുന്നിലും പ്രസംഗിക്കാം.അവർ ബൗദ്ധികമയോ സാമൂഹ്യാവബോധത്തിന്റെ തലത്തിലോ മറ്റുള്ളവർക്ക് താഴെയാണെന്ന് ഞാൻ കരുതുന്നില്ല.പൊതുസമൂഹത്തെയും വ്യക്തികളെയും നിരീക്ഷിക്കുന്ന കാര്യത്തിൽ പലപ്പോഴും അവർ എത്രയോ ഉയരെയാണ് താനും.
                                                     30/1/2015

ഒരു പ്രസംഗവും പ്രതികരണവും

കേരളാ സ്‌റ്റേറ്റ് ബാർബർ-ബ്യൂട്ടീഷൻസ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ ഈയടുത്ത ദിവസം ഞാൻ സംസാരിക്കുകയുണ്ടായി.2015 ജനുവരി 18ാന് മയ്യിൽ കാർത്തിക ഓഡിറ്റോറിയ(കെ.വി.കൃഷ്ണൻ നഗർ)ത്തിലാണ് പരിപാടി നടന്നത്.അസോസിയേഷന്റെ സംസ്ഥാന ട്രഷഷർ ശ്രീ കെ.ഇ.ബഷീർ വിഷയം അവതരിപ്പിച്ചുകൊണ്ട് ഗംഭീരമായി പ്രസംഗിച്ചു.അടുത്ത പ്രഭാഷകനായി ഞാൻ മാത്രമേ എത്തിച്ചേർന്നിരുന്നുള്ളൂ.അടുത്ത ദിവസം മാതൃഭൂമി ദിനപത്രം എന്റെ പ്രസംഗം ശ്രദ്ധേയമായ രീതിയിൽ റിപ്പോർട്ട് ചെയ്തു.ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ കടുത്ത ഇടതുപക്ഷക്കാരനായ ഒരധ്യാപകൻ മറ്റൊരധ്യാപകനെ വിളിച്ച് ചോദിച്ചു:'ഇയാൾക്ക് ഇതിന്റെ വല്ല ആവശ്യവുമുണ്ടോ.ഒന്നുമില്ലെങ്കിൽ ഒരു സാഹിത്യകാരനല്ലേ,ബാർബർമാരുടെ സമ്മേളനത്തിൽ പോയി സംസാരിക്കുന്നത് നാണക്കേടല്ലേ?'എന്റെ 'ക്ഷൗരം' എന്ന നോവൽ മാതൃഭൂമി ഓണപ്പതിപ്പിൽ അച്ചടിച്ചു വന്നപ്പോഴും സമാനമായ പ്രതികരണങ്ങളുണ്ടായി.'ബാർബർമാരെ പറ്റിയൊക്കെ നോവലെഴുതേണ്ട വല്ല ആവശ്യവുമുണ്ടോ,മറ്റെന്തൊക്കെ വിഷയങ്ങൾ കിടക്കുന്നു?' എന്ന് ചോദിച്ചവർ വരെ ഉണ്ട്.അങ്ങനെയൊക്കെ ചോദിക്കുന്നതിൽ യാതൊരു ലജ്ജയും തോന്നാത്ത വിധത്തിൽ തികഞ്ഞ അജ്ഞതയിൽ ആണ്ട് മുഴുകി കിടക്കുകയാണ് ഈ മനുഷ്യർ.
സാഹിത്യത്തെയും സാഹിത്യകാരനെയും കുറി്ച്ചുള്ള ബഹുഭൂരിപക്ഷത്തിന്റെയും ബോധം ഇപ്പോഴും അത്യന്തം പരിഹാസ്യമായ അവസ്ഥയിലാണ്.സവർണഭാവുകത്വം രൂപപ്പെടുത്തിയ ചില സാഹിത്യമര്യാദകൾക്കും സൗന്ദര്യസങ്കല്പങ്ങൾക്കും ഉള്ളിൽ ശ്വാസം മുട്ടാൻ പോലും അറിയാതെ കുടുങ്ങിക്കിടക്കുകയാണ് അത്.
                                                                                                         29/1/2015

Thursday, January 29, 2015

ദൈവവിളിക്ക് ക്ഷാമം

കേരളത്തിലെ കത്തോലിക്കാ സഭ വലിയ പ്രതിസന്ധിയിലാണെന്നും കന്യാസ്ത്രീമഠങ്ങൾ അടച്ചുപൂട്ടേണ്ട അവസ്ഥ തന്നെ ഉണ്ടായേക്കാമെന്നും മതമേധാവികൾ തന്നെ പറയുന്നത് ടി.വി യിൽ കേട്ടു.ഗ്രാമങ്ങളിൽ പോലും ജനങ്ങളുടെ സാമ്പത്തിക സ്ഥിതി  മെച്ചപ്പെട്ടതും ആളുകളുടെ ചിന്ത മെറ്റീരിയലിസ്റ്റിക് ആയതും ആണ് അതിന് കാരണങ്ങളായി അവർ പറഞ്ഞത്. ഈ സാഹചര്യത്തിൽ ഒരു കാമ്പയിൻ നടത്തി ദൈവവിളി ഉണ്ടാകുന്നവരുടെ  എണ്ണം വർദ്ധിപ്പിക്കാൻ സാധ്യമല്ലെന്നും അവർ കൂട്ടിച്ചേർത്തു.
താരതമ്യം വലിയൊരളവോളം തെറ്റാവുമെന്ന് അറിഞ്ഞുകൊണ്ടു തന്നെ പറയട്ടെ - ഈ മട്ടിലുള്ള ഒരു പ്രതിസന്ധി തന്നെയാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങളും നേരിടുന്നത്.സാമൂഹ്യസേവനത്തിനോ അനീതിക്കെതിരായ സമരങ്ങൾക്കു വേണ്ടിയോ മുന്നിട്ടിറങ്ങാനുള്ള മനസ്സ് ആർക്കും ഉണ്ടാവുന്നില്ല.ആഹാരത്തിനും വസ്ത്രത്തിനും പാർപ്പിടത്തിനും ബുദ്ധിമുട്ടനുഭവിക്കാത്തവരായി തീർന്നിരിക്കുന്നു ഇവിടുത്തെ വലിയൊരു ശതമാനം ജനങ്ങളും.അവശേഷിക്കുന്നവരിൽ തന്നെ ഗണ്യമായ ഒരു വിഭാഗം നഷ്ടപ്പെടാൻ വിലങ്ങുകൾ മാത്രമായ തൊഴിലാളിവർഗമൊന്നുമല്ല.ഭക്ഷണത്തിനും ചെറുമട്ടിൽ മിനുങ്ങാനുമൊക്കെയുള്ള വക അവരുടെ കയ്യിലുണ്ട്.അപ്പോൾ പിന്നെ രാഷ്ട്രീയബോധവും രാഷ്ട്രീയത്തിലുള്ള കേവല താല്പര്യം തന്നെയും അവരെ വിട്ടകലുന്നതിൽ അത്ഭുതമില്ല.പക്ഷേ,കാമ്പയിൻ നടത്തി ദൈവവിളി ഉണ്ടാകുന്നവരുടെ എണ്ണം വർധിപ്പിക്കാൻ കഴിയാത്ത വിധത്തിലല്ല ഇപ്പുറത്തെ കാര്യങ്ങൾ.നേതാക്കൾ സ്വന്തം നിലക്ക് ഉയർന്ന രാഷ്ട്രീയബോധവും അറിവും ആർജിക്കുകയും ജനങ്ങളെ രാഷ്ട്രീയമായി ബോധവൽക്കരിക്കാൻ ആത്മാർത്ഥമായി ശ്രമിക്കുകയും ചെയ്യുകയാണെങ്കിൽ കേരളത്തിന്റെ രാഷ്ട്രീയ മനസ്സ് അത്ഭുതകരമായ ഊർജത്തോടെ ഉണർന്നെണീക്കും.
                                                                   29/1/2015

Wednesday, January 28, 2015

ദുരവസ്ഥ

  ഇടതുപക്ഷത്തിന്റെ ബൗദ്ധികമായ ഔദാസീന്യമാണ് കേരളത്തിലെ രാഷ്ട്രീയബോധമുള്ള മുഴുവനാളുകളെയും അലട്ടിക്കൊണ്ടിരിക്കുന്ന പ്രധാന പ്രശ്‌നം.രാഷ്ട്രീയബോധം നിലനിർത്തുകയും നവീകരിക്കുകയും ചെയ്യുന്നതിൽ താല്പര്യമുള്ളവരുടെ എണ്ണം ഏതാനും ദശകങ്ങളായി കുറഞ്ഞുകുറഞ്ഞു വരുന്നതിനാൽ ഇപ്പോൾ അവരൊരു ചെറുന്യൂനപക്ഷം മാത്രമാണ് എന്നത് ഇടതുപക്ഷത്തിന് ആശ്വാസം നൽകുന്ന സംഗതിയാണെന്ന് നേതാക്കളിൽ ചിലർ കരുതുന്നുണ്ടാവും.പക്ഷേ,വസ്തുത അതല്ലല്ലോ.
കമ്യൂണിസ്റ്റുകാർ ഔപചാരികമായ പ്രതിഷേധ പ്രകടനങ്ങൾക്കും പ്രസ്താവനകൾക്കും അപ്പുറം ചെല്ലുന്ന ബൗദ്ധിക സത്യസന്ധതയും ജാഗ്രതയും സൂക്ഷിക്കുന്നില്ലെങ്കിൽ അത് നാട്ടിലെ ജനജീവിതത്തെ ആകമാനം വളരെ പ്രതികൂലമായി ബാധിക്കും.ഒന്നിനെ കുറിച്ചും ആളുകൾ ഗൗരവമായി ആലോചിക്കാതാവും.ഭരിക്കുന്നവരുടെ ഏത് ദുഷ്പ്രവർത്തികളെയും 'ഓ,അതെല്ലാം അങ്ങനെ തന്നെ' എന്ന മട്ടിൽ ഉദീസീനമായി അവർ നോക്കിക്കാണും.വർഗീയശക്തികളും ആത്മീയവ്യാപാരികളും ജനമനസ്സിനെ കീഴടക്കുന്നത് ഇത്തരം അവസ്ഥയിലാണ്.വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കം പ്രതിലോമപരമാവുന്നതുൾപ്പെടെയുള്ള അനേകം ദുരന്തങ്ങൾക്ക് ജനങ്ങൾ മൂകസാക്ഷികളാവുന്നതിനും ഇതു തന്നെ കാരണം.കേരളം ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്നത് അത്യന്തം ദു:ഖകരമായ ഈ ദുരവസ്ഥയിലാണ്.
  28/1/2015

Tuesday, January 27, 2015

പുസ്തകപ്രകാശനം

ഇന്ന് എന്റെ 'രാമേശ്വരം' എന്ന കഥാസമാഹാരത്തിന്റെയും ചെറുകഥ,നോവൽ,നാടകം,കവിത എന്നീ മാധ്യമങളിൽ ഞാൻ നടത്തിയ ഇടപെടലുകളെ കുറിച്ച് എൻ.പി.മുഹമ്മദ്,വി.പി.ശിവകുമാർ,സക്കറിയ,എൻ.ശശിധരൻ,വിസി.ശ്രീജൻ,,രഘുനാഥ് പറളി തുടങ്ങിയ മുപ്പത് പേർ എഴുതിയ ലേഖനങ്ങൾ സോമൻ കടലൂരും വി.ലതീഷ്ബാബുവും ചേര്ന്ന് സമാഹരിച്ച് എഡിറ്റ് ചെയ്ത് തയ്യാറാക്കിയ എൻ.പ്രഭാകരൻ കഥ,കാലം,ദർശനം എന്ന പുസ്തകത്തിന്റെയും പ്രകാശനം മാടായിപ്പാറയിലെ ഗവ.ഗസ്റ്റ് ഹൗസിൽ വെച്ച് നടന്നു.കൈരളി ബുക്‌സും എരിപുരം.കോമും ചേർന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്.എൻ.ശശിധരൻ ആധ്യക്ഷ്യം വഹിച്ച ചടങ്ങിൽ കഥാസമാഹാരത്തിന്റെ പ്രകാശനം സി.വി ബലകൃഷ്ണൻ ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് നൽകിക്കൊണ്ട് നിർവഹിച്ചു.രണ്ടാമത്തെ പുസ്തകം കവി പി.എൻ .ഗോപീകൃഷ്ണൻ പ്രകാശനം ചെയ്തു.ജി.ബി.വത്സൻ മാഷ് ഏറ്റുവാങ്ങി.താഹ മാടായി,ദാമോദരൻ കുളപ്പുറം,പി.കെ.ഭാഗ്യലക്ഷ്മി എന്നിവർ സംസാരിച്ചു.എ.വി.പവിത്രൻ സ്വാഗതവും പി.വി.ദിവാകരൻ നന്ദിയും പറഞ്ഞു.പവിത്രൻ ഏഴോം അവതരിപ്പിച്ച പുല്ലാങ്കുഴൽ കച്ചേരിയോടെയാണ് പരിപാടി സമാപിച്ചത്.നൂറ്റമ്പതോളം പേർ പങ്കെടുത്ത ചടങ്ങ് വളരെ ലളിതവും ഹൃദ്യവുമായിരുന്നു എന്ന് പല സുഹൃത്തുക്കളും ആഹ്ലാദപൂർവം അറിയിച്ചു.
ജനുവരി 26,2015

Sunday, January 25, 2015

എഴുത്തിന്റെ അധികാരികൾ

രാഷ്ട്രീയക്കാരോ ഭരണത്തിലിരിക്കുന്നവരോ മതാധികാരികളോ ഒന്നും എഴുത്തിന്റെ അധികാരികളല്ല.അതിനുള്ള അർഹത അവർക്കാർക്കുമില്ല.എഴുത്ത് എന്തായിരിക്കണം,എങ്ങനെയായിരിക്കണം എന്നൊക്കെ തീരുമാനിക്കാനുള്ള അധികാരം എഴുത്തുകാർക്കും വായനക്കാർക്കും മാത്രമാണ്.എഴുത്തുകാർ എഴുതും,വായനക്കാർ സ്വന്തം വായനയിലൂടെ അവർക്കാവശ്യമുള്ള പാഠങ്ങൾ സൃഷ്ടിച്ചെടുക്കും.ചില രചനകളെ അവർ  ഇഷ്ടപ്പെടും,ചിലതിനെ അവർ വെറുക്കും,ചിലതിനെ പുച്ഛിച്ചുതള്ളും.വായനക്കാരുടെ പ്രതികരണങ്ങളിൽ നിന്ന് ചിലപ്പോൾ സ്വയം നവീകരിക്കാനും സ്വന്തം ധാരണകളിൽ പലതും തിരുത്തിയെഴുതാനും ഉള്ള പ്രേരണകൾ എഴുത്തുകാർക്ക് ഉണ്ടായെന്നു വരും.എല്ലാം സ്വാഭാവികം.അതിനപ്പുറം മതമേധാവികളോ രാഷ്ട്രീയക്കാരോ ഭരണാധികാരം കയ്യാളുന്നവരോ ഇങ്ങനെ ചിന്തിക്കണം,ഇന്നതെഴുതണം,ഇന്നതൊക്കെ ചിന്തയിൽ നിന്നും എഴുത്തിൽ നിന്നും ഒഴിവാക്കണം എന്നൊക്ക പറയുന്നത് അധാർമികമാണ്;സൂക്ഷ്മമായി ആലോചിച്ചാൽ ദൈവനിന്ദയുമാണ്.
                                                                                                                   25/1/2015

വിദ്യാഭ്യാസനിലവാരം

വിദ്യാഭ്യാസനിലവാരത്തിന്റെ ഭയാനകമായ തകർച്ചയെ കുറിച്ച് ഔദ്യോഗിക ഏജൻസികൾ പോലും വിലപിച്ചു തുടങ്ങിയിട്ടുണ്ട്.അഞ്ചാം ക്ലാസ്സുകാരിക്ക് രണ്ടാം ക്ലാസ്ലിലെ പാഠപുസ്തകം എന്തുകൊണ്ട് വായിക്കാൻ പറ്റുന്നില്ല?,പത്താം ക്ലാസ്സുകാരിൽ ചിലർക്കെങ്കിലും സ്വന്തം പേര് പോലും തെറ്റ് കൂടാതെ എഴുതാനാവാതെ പോവുന്നതെന്തുകൊണ്ട?്,ബിരുദാന്തരബിരുദം നേടിയ പലർക്കും സ്വന്തം വിഷയത്തിന്റെ പ്രാഥമികപാഠങ്ങളെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾക്കുപോലും ഉത്തരം പറയാനാവാത്തതെന്തുകൊണ്ട്?എന്നിങ്ങനെയുള്ള അസ്വസ്ഥ്യജനകമായ അനേകം ചോദ്യങ്ങൾ പൊതുസമൂഹത്തിന്റെ മുന്നിലുണ്ട്.
പഴയ സിലബസ്സും പഴയ അധ്യയനരീതിയുമായി വിദ്യാഭ്യാസമേഖലക്ക് മുന്നോട്ടു പോവാനാവില്ലെന്ന കാര്യം തീർച്ചയാണ്.ജീവിതം വളരുകയും മാറുകയും ചെയ്തുകൊണ്ടേയിരിക്കുന്നുണ്ട്.പുതിയ തൊഴിൽ മേഖലകൾ,പുതിയ സാധ്യതകൾ,ആശയാവിഷ്‌ക്കാരത്തിനും വിനിമയത്തിനുമുള്ള നൂതനസങ്കേതങ്ങൾ,സഞ്ചാരത്തിനും വിനോദത്തിനുമുള്ള സൗകര്യങ്ങൾ ഇവയെ കുറിച്ചൊക്കെയുള്ള ധാരണകൾ യുവജനങ്ങൾക്കുണ്ട്.തങ്ങൾ നേടുന്ന വിദ്യാഭ്യാസം ഇവയുമായൊന്നും
 ബന്ധമില്ലാത്ത പഴയ മണിപ്രവാളവും പഴയ അശോകചക്രവർത്തിയും വേഡ്‌സ്‌വർത്തിന്റെ കവിതയും മാത്രമുള്ളതാണെന്നു വന്നാൽ സ്വാഭാവികമായും അവർ അതിനു നേരെ മുഖം തിരിക്കും.അതേ സമയം മനുഷ്യവംശം നാളിതുവരെ ആർജിച്ച സംസ്‌കാരത്തിന്റെ അതിബ്രഹത്തായ ഈടുവെപ്പുകളുമായി  കാര്യമായി ഒരു ബന്ധവും സ്ഥാപിച്ചെടുക്കാതെ കുറച്ച് മാനേജ്‌മെന്റ് തന്ത്രങ്ങളും വ്യാപാരത്തിനുള്ള അടവുകളും മാത്രം പഠിച്ച് പുറത്തിറങ്ങുന്ന യുവജനങ്ങൾ സാമൂഹ്യജീവിതത്തെ ആകമാനം വൈകാരികവും ബൗദ്ധികവുമായ വരൾച്ചയിലേക്കു മാത്രമേ നയിക്കുകയുള്ളൂ താനും.
ഈ പ്രശ്‌നത്തിന് എന്താണ് പരിഹാരം?സാഹിത്യം,കല,ചരിത്രം,ദർശനം,നരവംശശാസ്ത്രം,ശുദ്ധസശാസ്ത്രം തുടങ്ങിയ വിഷയങ്ങളെ അവ ഓരോന്നിലും സംഭവിച്ച വളർച്ചകൾക്ക് പ്രാമുഖ്യം നൽകി അവയുടെ സംസ്‌ക്കാരത്തിന് ഒരു പോറലുമേൽക്കാതെ സ്‌കൂളുകളിലും കോളേജുകളിലും  നിലനിർത്തുക,ഒപ്പം ദിവസവും ഒരു മണിക്കൂർ വിതമെങ്കിലും വിദ്യാർത്ഥിയുടെ താല്പര്യത്തിനനുസരിച്ച് ഏതെങ്കിലുമൊരു തൊഴിലുമായി ബന്ധപ്പെടുന്ന പ്രായോഗിക കാര്യങ്ങൾ പഠിപ്പിക്കുക,കൃഷി,വയറിംഗ്,പ്ലംബിംഗ് തുടങ്ങിയ വിഷയങ്ങൾ തൊട്ട് പുസ്തകപ്രസാധനം,പത്രപ്രവർത്തനം,ഹോട്ടൽ മാനേജ്‌മെന്റ്,ഹോസ്പിറ്റൽ മാനേജ്‌മെന്റ്,ബിസിനസ് അഡ്മിനിസ്‌ട്രേഷൻ,മൊബൈൽ -കംപ്യൂട്ടർ റിപ്പയറിംഗ്,സിനിമാട്ടോഗ്രാഫി എന്നിവ വരെയുള്ള അനേകം വിഷയങ്ങൾ ഈ വിധത്തിൽ പഠിപ്പിക്കാവുന്നതേയുള്ളൂ.വിദ്യാർത്ഥികളെ അവരുടെ പ്രായത്തിന് ഇണങ്ങുന്ന വിഷയങ്ങളേ തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കാവൂഎന്നു മാത്രം.
 സ്‌കൂളുകളിലും കോളേജുകളിലും ഇന്ന് നിലവിലുള്ള സൗകര്യങ്ങൾ മാത്രം ഉപയോഗിച്ച് ഇത് സാധ്യമാവില്ലെന്ന് പറയാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല.സൗകര്യങ്ങൾ വർധിപ്പിക്കുക അസാധ്യമായ കാര്യമല്ല.ഗവണ്മെന്റ് മറ്റ് പലതിനുമായി എത്രയോ പണം ദുർവിനിയോഗം ചെയ്യുന്നുണ്ട്, കുത്തകക്കമ്പനികൾക്ക് എത്രയോ കോടി രൂപ പൊതുമേഖലാബാങ്കുകളിൽ നിന്ന് വായ്പ അനുവദിക്കുന്നുണ്ട്.ആയി രക്കണക്കിന് കോടി രൂപയുടെ കടങ്ങൾ എഴുതിത്തള്ളുന്നുണ്ട്.
ഇങ്ങനെയുള്ള ധനം വിദ്യാഭ്യാസമേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാക്കുന്നതിനുവേണ്ടി വിനിയോഗിക്കാൻ തയ്യാറാണെങ്കിൽ
പ്രശ്‌നം അനായാസമായി പരിഹരിക്കാനാവും.
 തൊഴിലുമായി ബന്ധപ്പെട്ട പ്രായോഗികപരിജ്ഞാനം സംസ്‌കാരപഠനം,സൗന്ദര്യാസ്വാദനപരിശീലനം എന്നിവയെ ഞെരിച്ചു കളയുന്ന അവസ്ഥ ഒരു സാഹചര്യത്തിലും ഉണ്ടാവരുത്.ഏത് സംഗതിയെയും കേവലമായ യുക്തിബോധത്തോടും ലാഭചിന്തയോടും സാമർത്ഥ്യത്തോടും കൂടി മാത്രം സമീപിക്കുന്നവർ സാമൂഹ്യജീവിതത്തിലെ സമസ്ത വ്യവഹാരങ്ങളെയും നിയന്ത്രിക്കുന്ന ഒരു ഘട്ടം വന്നാൽ മനുഷ്യൻ എന്ന വാക്കിനു തന്നെ അർത്ഥമില്ലാതായത്തീരും.
                                                                                                          25/1/2015

Saturday, January 24, 2015

അവനവനിലേക്ക് ചുരുങ്ങുമ്പോൾ

അവനവനിലേക്ക് ചുരുങ്ങുന്ന എഴുത്ത് അതിന്റെ വൈകാരികോർജ്ജം കൊണ്ട് പ്രത്യേകമായ ഭാവതീവ്രത കൈവരിച്ചേക്കാം.ഞാനും ചിലപ്പോഴൊക്കെ അങ്ങനെ എഴുതിപ്പോയിട്ടുണ്ടെങ്കിലും അത് നല്ല എഴുത്തല്ല എന്ന തിരിച്ചറിവിലാണ് ഏറ്റവും ഒടുവിലായി  എത്തിച്ചേർന്നിട്ടുള്ളത്.എഴുത്തിന്റെ ഉള്ളടക്കത്തെ രൂപ്പെടുത്തുന്ന കഥാപാത്രങ്ങൾക്കും അവരുടെ ബഹുമുഖമായ പ്രശ്‌നങ്ങൾക്കും അനുഭവങ്ങൾക്കും എഴുത്ത് കീഴടങ്ങുന്ന അവസ്ഥ ഉണ്ടാവണം.ആ തരത്തിൽ കൃതി ആർജിക്കുന്ന അസാധാരണമായ ഊർജത്തോടും സൗന്ദര്യത്തോടും തോന്നുന്ന അടുപ്പത്തിന്റെ നിഴൽ മാത്രമായിരിക്കണം എഴുതിയ ആളോട് വായനക്കാർക്ക് തോന്നുന്ന മമത.ലോകസാഹിത്യത്തിലെ മഹത്തായ രചനകളെല്ലാം അത്തരത്തിലുള്ളവയാണ്.അതല്ലാതെ എഴുത്തുകാരന്റെ/എഴുത്തുകാരിയുടെ വേദനകളും നിരാശകളും വികാരമൂർച്ഛകളും മാത്രം ആവിഷ്‌ക്കരിക്കുന്ന രചനകളും എല്ലാ ഭാഷകളിലും എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്.വായനക്കാരിൽ പലരുടെയും പലവിധത്തിലുള്ള മന:സംഘർഷങ്ങൾക്ക് അവ താൽക്കാലികമായെങ്കിലും ശമനം വരുത്തിയിട്ടുമുണ്ടാവാം.അത്രയും നല്ലത് തന്നെ.എങ്കിലും ആ മട്ടിലുള്ള എഴുത്ത് ഏറെക്കുറെ അസഹ്യമായി അനുഭവപ്പെടുന്നു എന്നേ എന്നിലെ വായനക്കാരന് ഇപ്പോൾ പറയാനാവുകയുള്ളൂ.
24/1/2015

ക്ലാസ്സിക്കുകളിൽ നിന്ന് അകലുമ്പോൾ

ഏതാനും വർഷങ്ങൾക്ക് മുമ്പ് തലശ്ശേരിയിലെ ഒരു സഹകരണ വിദ്യാഭ്യാസസ്ഥാപനത്തിൽ ഒരു ചലച്ചിത്രമേള നടക്കുകയുണ്ടായി.മേളയിലെ ആദ്യചിത്രം 'പഥേർ പാഞ്ചാലി ' ആയിരുന്നു. സത്യജിത് റായിയുടെഈ വിശ്രുതചിത്രത്തിന്റെ പ്രദർശനം ആരംഭിച്ച് ഏതാനും മിനുട്ടുകൾക്കകം വിദ്യാർത്ഥികൾ അസ്വസ്ഥരായി.'ഇങ്ങനെയൊരു ബോറ്'കണ്ടു നിൽക്കാനാവില്ലെന്നു പറഞ്ഞ് അവർ ബഹളം വെച്ചു.സംഘാടകർക്ക്  ചിത്രത്തിന്റെ പ്രദർശനം നിർത്തേണ്ടി വരികയും ചെയ്തു.
ലോകജീവിതം നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാണ്.സാഹിത്യമായാലും സിനിമയായാലും  ക്ലാസ്സിക്കുകളിൽ ആവിഷ്‌ക്കരിക്കപ്പെട്ട പ്രശ്‌നങ്ങളല്ല പുതിയ കാല മനുഷ്യസമൂഹം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്.അതുകൊണ്ടു തന്നെ ക്ലാസ്സിക്കുകൾ മാത്രം വായിച്ചും കണ്ടും ആളുകൾക്ക് തൃപ്തിപ്പെടാൻ കഴിയില്ല.അവർ പുതിയ പുതിയ ആശയങ്ങൾക്കും അനുഭൂതികൾക്കും വേണ്ടി ദാഹിച്ചുകൊണ്ടേയിരിക്കും.അതിന്റെ അർത്ഥം ക്ലാസ്സിക്കുകളെ വെറുക്കുന്നതും നിന്ദിക്കുന്നതും അഭികാമ്യമാണെന്നല്ല.മനുഷ്യപ്രജ്ഞയിലും ഭാവനയിലും അവ സൃഷ്ടിച്ച വലിയ മുന്നേറ്റങ്ങൾ എക്കാലത്തും ആദരിക്കപ്പെടണം.അവയ്ക്കു പകരം പുതിയ കാലത്തിന്റെ സാഹിത്യം എന്നോ  സിനിമ എന്നോ പറഞ്ഞ് കോമാളിത്തങ്ങളെ എഴുന്നള്ളിക്കുന്നത് പരിഹാസ്യമേ ആവൂ.പുതിയ സാഹിത്യവും പുതിയ സിനിമയും യഥാർത്ഥത്തിൽ പുതുത് തന്നെ ആയിരിക്കണം.അത് ചരിത്രത്തിന്റെ ഏറ്റവും പുതിയ മുനമ്പിൽ നിന്നുകൊണ്ടു തന്നെ സമകാലീന ജീവിതത്തെ ആഴത്തിൽ പരിശോധിക്കണം.അപ്പോൾ അവ ക്ലാസ്സിക്കുകളുടെ നിഷേധമായിരിക്കില്ല; അവയുടെ കൂടി സംസ്‌കാരം ഉൾക്കൊണ്ടുകൊണ്ടുള്ള പുതിയ സർഗാത്മകാനുഭവങ്ങളായിരിക്കും.അത്തരം കൃതികളുടെ രചന ഇക്കാലത്ത് തീർച്ചയായും വളരെ വിഷമകരമാണ്.പുതിയ ജീവിതം അതിനുള്ള ഏകാഗ്രത ആർക്കും അനുവദിക്കുന്നില്ലെന്നതാണ് വാസ്തവം.വ്യക്തിപരവും സാമൂഹ്യവുമായ നാനാതരം ഉത്തരവാദിത്വങ്ങൾ,ഉപചാരങ്ങൾ,ഉത്കണ്ഠകള്‍,ആഘോഷങ്ങൾ ജീവിതം വല്ലാതെ  ഉപരിപ്ലവമായിരിക്കുന്നു.സ്വന്തം വേദനകളോടു പോലും സത്യസന്ധരായിരിക്കാൻ ആവാത്ത വിധം ലോകം ഓരോരുത്തരെയും മറ്റെന്തിലേക്കെങ്കിലുമൊക്കെ നിരന്തരം പിടിച്ചുവലിച്ചുകൊണ്ടേയിരിക്കുന്നു.

24/1/2015

Friday, January 23, 2015

വിനോദവ്യവസായം

ചലച്ചിത്രം കലയല്ല വിനോദവ്യവസായം മാത്രമാണെന്ന് പലരും പറഞ്ഞുവരുന്നുണ്ട്.ഇനിയത്തെ കാലത്ത് അതിന് അങ്ങനെയേ ആവാൻ പറ്റൂ എന്നും അവർ വാദിക്കാറുണ്ട്.
ഈ വ്യവസായത്തിന്റെ ഉല്പന്നങ്ങൾ പൊതുവേ പറഞ്ഞാൽ ആളുകളെ അന്തസ്സാരശൂന്യരാക്കാൻ ഉദ്ദേശിച്ചുള്ളവയാണ്.കുറേ ശബ്ദം,ബഹളം,വളിപ്പ് എന്നു തന്നെ പറയാവുന്ന തമാശകൾ,സ്ത്രീശരീരങ്ങളുടെ പ്രദർശനം പരമാവധി അളവിൽ ഉദ്ദേശിച്ചുള്ള ലൈംഗികോത്തേജകമായ നൃത്തങ്ങൾ,ക്യാമറ കൊണ്ടുള്ള അഭ്യാസങ്ങൾ ഇവയെയെല്ലാം കൂട്ടിയിണക്കാൻ പാകത്തിലുള്ള വളരെ ദുർബലമായ കഥാവസ്തു ഇത്രയുമൊക്കെയാണ് അവയിൽ കണ്ടുവരുന്നത്.മികച്ച നടീനടന്മാരുടെ സാന്നിധ്യം കൊണ്ടു മാത്രം ഈ നിസ്സാരതകൾ സൃഷ്ടിക്കുന്ന കലാശൂന്യതയെ മറികടക്കാനാവില്ല.
ഈ വിനോദവ്യവസായം കുറച്ചുപേർക്ക് പണമുണ്ടാക്കാനുള്ള ഏർപ്പാട് മാത്രമാണ്.അല്പമെങ്കിലും ആത്മബോധമുള്ള കാണികൾ അതിന്റെ ഇരകളാവാൻ നിന്നുകൊടുക്കേണ്ടതില്ല.
                                                                                                                                23/1/2015

Thursday, January 22, 2015

തിരക്കഥ

കഥയെഴുത്തിനേക്കാൾ വിഷമം പിടിച്ച പണിയാണ് തിരക്കഥയെഴുത്ത്.ഓരോ ദൃശ്യത്തെയും ആധികാരികമാക്കാൻ പോന്ന വിശദാംശങ്ങൾ കണ്ടെത്തണം.അവയിൽത്തന്നെ ഏറ്റവും അത്യാവശ്യമായിട്ടുള്ളവ മാത്രം തിരഞ്ഞെടുക്കണം,ദൃശ്യങ്ങളെ തമ്മിൽ അങ്ങേയറ്റം കലാപരമായി ബന്ധിപ്പിക്കണം,ചിത്രത്തിന്റെ കഥാവസ്തു ആവശ്യപ്പെടുന്നതും അതേ സമയം ചിത്രം നൽകാൻ ഉദ്ദേശിക്കുന്ന സൗന്ദര്യാനുഭവത്തെ പ്രതികൂലമായി ബാധിക്കാത്തതുമായ വേഗത്തെ കുറിച്ചുള്ള ബോധം അവസാനവരി എഴുതിക്കഴിയും വരെയും കൈവിടാതെ സൂക്ഷിക്കണം.പിന്നെ കഥാപാത്രങ്ങളുടെ രൂപം,വേഷം,ഭാവം ഓരോ സന്ദർഭത്തിലെയും സംഭാഷണഭാഷ.എല്ലാം ചേർന്നാൽ തികച്ചും ശ്രമകരം.നല്ല സാവകാശവും ക്ഷമയും ഉണ്ടെങ്കിലേ സംഗതി നടക്കൂ.എനിക്കാണെങ്കിൽ ഇവ രണ്ടും ഇല്ല.എന്നിട്ടും ഞാനിപ്പോൾ ഒരു തിരക്കഥയുടെ പണിയിലാണ്.നന്നാവുമെന്ന
 കാര്യത്തിൽ തരിമ്പും സംശയമില്ല.സിനിമയുടെ വിജയം സംവിധായകന്റെ കയ്യിലാണ്.അതും സംഭവിക്കുമെന്നു തന്നെ ഞാൻ പ്രതീക്ഷിക്കുന്നു.

Wednesday, January 21, 2015

വായനക്കാർ

ചിന്തയുടെ അംശത്തിന് പ്രാധാന്യം കൈവരുന്ന എഴുത്തിനെതിരെ മുഖം തിരിഞ്ഞുനിൽക്കുക എന്നതാണ് മലയാളത്തിലെ നോവൽ-കഥാവായനക്കാരുടെ പൊതുരീതി.അനുഭവങ്ങളെ ആവശ്യത്തിലധികം വികാരവൽക്കരിച്ച് അവതരിപ്പിച്ചു കാണാനാണ് അവർക്ക് താൽപര്യം.അത്തരം വായനക്കാർക്ക് മുന്തിയ പരിഗണന ലഭിക്കുന്ന ഒരു സാഹചര്യത്തിൽ ഭാഷയിലെ സർഗാത്മകസാഹിത്യത്തിന്റ പുരോഗതിക്ക് ഒച്ചിന്റെ വേഗമേ ഉണ്ടാവൂ.എന്നിട്ടുപോലും നമ്മുടെ കഥയിലും നോവലിലും കഴിഞ്ഞ പത്തുമുപ്പത് വർഷക്കാലത്തിനിടയിൽ വലിയ അളവിലുള്ള പരീക്ഷണങ്ങളും മുന്നേറ്റങ്ങളും ഉണ്ടായി എന്നത് മറ്റെന്തിലുമേറെ നമ്മുടെ എഴുത്തുകാരിൽ ചിലരുടെ
 അസാധാരണമായ ആത്മബലത്തെയാണ് തെളിയിച്ചുകാണിക്കുന്നത്.

Monday, January 19, 2015

ദേശസ്വത്വവും സാഹിത്യവും


ദേശസ്വത്വത്തിന്റ നാനാവിധമായ അടയാളങ്ങൾ സൃഷ്ടിക്കുന്ന വൈകാരികവും വൈചാരികവുമായ അനുഭവങ്ങൾ വായനയിലൂടെ കൈവരുന്ന സൗന്ദര്യാനുഭവത്തിലെ മുഖ്യഘടകങ്ങളായി മാറുന്ന സാഹിത്യരൂപം നോവലാണ്. ചെറുകഥയിലോ കവിതയിലോ നാടകത്തിലോ ഇങ്ങനെ സംഭവിക്കുന്നത് വല്ലപ്പോഴും മാത്രമാണ്.ഇതിവൃത്തത്തിന് പശ്ചാത്തലമായി നിലകൊള്ളുന്ന ദേശം ഇതിവൃത്തത്തെ തന്നെ രൂപപ്പെടുത്തുന്ന പ്രധാന ഘടകമായി തീരുന്ന നോവലുകൾ ഏറെയുണ്ട്.ഇത്തരത്തിലുള്ള നോവലുകളിലെ ദേശം യഥാർത്ഥത്തിൽ നിലവിലുള്ളതോ സങ്കല്പസൃഷ്ടിയോ ആകാം.രണ്ടായാലും കൃതിക്കുള്ളിൽ ദേശസ്വത്വം നിർവഹിക്കുന്ന പങ്ക് ഒന്നു തന്നെയായിരിക്കും.
ഭൂപടത്തിൽ ഇല്ലാത്തതും ഭാവന കൊണ്ട് എഴുത്തുകാരൻ/എഴുത്തുകാരി നിർമിച്ചെടുത്തതുമായ ഭൂവിഭാഗത്തിലൂടെ ഒരിക്കലെങ്കിലും സഞ്ചരിച്ചിട്ടുണ്ടാവും ലോകത്തെവിടെയുമുള്ള വായനക്കാർ.പക്ഷേ,സഞ്ചാരം തുടങ്ങി അല്പം കഴിയുമ്പോഴേക്കു തന്നെ തങ്ങൾക്ക് ചിരപരിചയമുള്ള ഏതെങ്കിലുമൊരു പ്രദേശത്ത് അവർ എത്തിച്ചേർന്നിരിക്കും.ഒരു പ്രത്യേക പ്രദേശത്തിന്റെയും അടയാളം വഹിക്കാത്ത ഭാഷയെയോ കഥാപാത്രങ്ങളെയോ ഉപയോഗിച്ച് നോവലെഴുതുക എളുപ്പമല്ലെന്നതു കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്.ഇതിൽ കവിഞ്ഞ് ഒരു പ്രദേശത്തിന്റ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ,ഭാഷാഭേദപരവും സാംസ്‌കാരികവുമായ സവിശേഷതകൾ,പ്രദേശിക ചരിത്രം ഇവയൊക്കെ രചനയുടെ ഏറ്റവും കാതലായ അംശങ്ങളായി പരിണമിക്കുമ്പോൾ,അല്ലെങ്കിൽ അത്തരം ഘടകങ്ങൾ കൃതിയുടെ  ഇതിവൃത്തം,പ്രമേയം തുടങ്ങിയ ഘടകങ്ങൾക്കു മേൽ അധീശത്വം നേടുമ്പോൾ ആണ് ആ കൃതി  വിനിമയം ചെയ്യുന്ന അനുഭവങ്ങളിൽ ഏറ്റവും മുന്നിട്ടു നിൽക്കുന്നത് ദേശസ്വത്വത്തിന്റെതു തന്നെയായി വായനാസമൂഹത്തിന് അനുഭവപ്പെടുന്നത്.
ഇത്തരം കൃതികളിൽ പ്രാദേശികമായ ചരിത്രവസ്തുതകളുടെ അതിശയോക്തി കലർന്ന അവതരണവും  പ്രദേശത്തിന്റെ ഭൂപ്രകൃതിയുടെ പല അംശങ്ങളോടുമുള്ള ആരാധനാപൂർണമായ മനോഭാവത്തിന്റെ സജീവ സാന്നിധ്യവും സംഭാവ്യമാണ്. കഥാപാത്രങ്ങളുടെ സംഭാഷണത്തിലും ചിലപ്പോൾ ആഖ്യാനത്തിൽ പോലും ഭാഷാഭേദം ആധിപത്യം പുലർത്തുകയും ചെയ്യാം. ഈ കാര്യങ്ങളൊക്കെ കൃതി നൽകാനിടയുള്ള വായനാനുഭവത്തെ എത്തരത്തിൽ ബാധിക്കും എന്നത് ഗൗരവപൂർണമായ അന്വേഷണം അർഹിക്കുന്ന ഒരു സാഹിത്യവിഷയം തന്നെയാണ്.കൃതിയിൽ അവതരിപ്പിക്കപ്പെടുന്ന പ്രാദേശിക ചരിത്രവും ഇതിവൃത്തത്തിന് പശ്ചാത്തലമായി വർത്തിക്കുന്ന ഭൂപ്രകൃതിയുടെ വിശദാംശങ്ങളും വസ്തുതകളിൽ നിന്ന് എല്ലാ അർത്ഥത്തിലും അകന്നു പോവുകയാണെങ്കിൽപോലും വായനാസമൂഹം ഏതെങ്കിലും കാരണങ്ങളാൽ,ചിലപ്പോൾ കേവലമായ പലായനമനോഭാവം കൊണ്ടു പോലും, അത്തരം വ്യതിയാനങ്ങളെ ഇഷ്ടപ്പെട്ടെന്നു വരാം.അത് അവർക്ക് താൽക്കാലികമായ സമാശ്വാസവും ആത്മബലവും ജീവിതാസക്തിയുമൊക്കെ സമ്മാനിക്കുകയും ചെയ്യാം.ചങ്ങമ്പുഴയുടെ രമണന്റെ കാര്യത്തിൽ ഇതാണ് സംഭവിച്ചത്.'രമണ'നിലെ പ്രകൃതിയും ജീവിതവുമെല്ലാം കേരളത്തിലെ മഹാഭൂരിപക്ഷത്തിന്റെയും പ്രത്യക്ഷമായ അനുഭവലോകങ്ങളിൽ നിന്ന് വളരെ അകലെയായിട്ടും 30കളുടെ അന്ത്യം മുതൽ ഒന്നുരണ്ട് ദശകക്കാലം ഇന്നാട്ടിലെയും മറുനാടുകളിലെയും ദരിദ്രമലയാളികളിലെ വായനാസമൂഹം അതിനെ നെഞ്ചേറ്റി.തങ്ങളുടെ ആന്തരിക ജീവിതത്തിലെ ഏതൊക്കെയോ സ്പന്ദനങ്ങളുടെ ആവിഷ്‌ക്കാരം 'രമണ'നിൽ അനുഭവിച്ചറിയാൻ കഴിഞ്ഞതു തന്നെയാവാം അവർക്ക് അതിനോട് തോന്നിയ ആത്മബന്ധത്തിന്റെ കാരണം.അതുകൊണ്ടു തന്നെ ആ  വായനാനുഭവത്തിൽ നിഷേധാത്മകമായി ഒന്നുമില്ല. നേരെ  മറിച്ച് ഭൂതകാലത്തിലെ സാമൂഹ്യസാംസ്‌കാരികസാമ്പത്തിക ബന്ധങ്ങളോടുള്ള  ആരാധനയോട് കൂടിച്ചേർന്നാണ് ഒരു കൃതിയിലെ ദേശസ്വത്വമുദ്രകളോടുള്ള അഭിനിവേശം പ്രവർത്തിക്കുന്നതെങ്കിൽ മിക്കവാറും അതിന്റെ ഫലം പ്രതിലോമപരം തന്നെയായിരിക്കും. കൃതിയിലെ തറവാടിത്തഘോഷണത്തെയും  മറ്റ് അയഥാർത്ഥ ഘടകങ്ങളെയും ചോദ്യം ചെയ്യലില്ലാതെ സ്വീകരിക്കുന്ന വായന തീർച്ചയായും നല്ല വായനയല്ല.അത്തരത്തിലുള്ള വായന സ്വതന്ത്രമായൊരു പ്രവൃത്തിയുമല്ല.കൃതിയിലെ പ്രധാന കഥാപാത്രത്തിന്റെ മനോവ്യാപാരങ്ങളുടെ ഘടനയെ തന്റേതാക്കിത്തീർത്തും(ഒ.വി.വിജയന്റെയും കാക്കനാടന്റെയും എം.മുകുന്ദന്റെയും നോവലുകളിലെ പല കഥാപാത്രങ്ങളും അമ്മട്ടിൽ സ്വീകരിക്കപ്പെട്ടിട്ടുണ്ട്) കൃതിയിലെ ഭൂപ്രകൃതിയുടെ ഏതെങ്കിലുമൊക്കെ ഘടകങ്ങളെ സങ്കല്പത്തിന്റെ തലത്തിൽ വൈകാരികാവേശത്തോടെ വീണ്ടും വീണ്ടും സൃഷ്ടിച്ചെടുത്തും വായനാനുഭവം കൊണ്ട് തനിക്കായി തടവറ തീർക്കുന്ന വായനക്കാരൻ/വായനക്കാരി തീർച്ചയായും സഹതാപം മാത്രമേ അർഹിക്കുന്നുള്ളൂ.
ദേശത്തിന്റെ സാംസ്‌കാരികസ്വത്വത്തെ നിർണയിക്കുന്ന  ഏകകങ്ങളെ പ്രാദേശികചരിത്രത്തിൽ നിന്നോ പ്രകൃതിയിൽ നിന്നോ മാത്രമേ കണ്ടെടുക്കാനാവൂ എന്നില്ല. 'ഖസാക്കിന്റെ ഇതിഹാസ'ത്തിൽ നാഗരികതയുടെ നേർത്ത നിഴലുകളാൽ പോലും സ്പർശിക്കപ്പെടാത്ത ഒരു പാലക്കാടൻ അതിർത്തി ഗ്രാമത്തിന്റെ സ്വത്വം ഒ.വി.വിജയൻ നമ്മെ അനുഭവിപ്പിക്കുന്നത് അവിടത്തെ ഭാഷാഭേദം,പ്രകൃതി,ജനജീവിതത്തിൽ രൂഢമൂലമായ പ്രാക്തനവിശ്വാസങ്ങൾ, മനുഷ്യാകാരങ്ങൾ ഇവയുടെയൊക്കെ പ്രത്യേകതകളിൽ പരമാവധി ഊന്നിക്കൊണ്ടുള്ള ആഖ്യാനത്തിലൂടെയാണ്. നഗരം ഇതിവത്തത്തിന്റെ പശ്ചാത്തലമായി വരുന്ന ഒരു നോവലിന്റെ നിർമിതിയിൽ ഇത്തരം ഘടകങ്ങളൊന്നും എഴുത്തുകാരന്റെ സഹായത്തിനെത്തില്ല.ചില കഥാപാത്രങ്ങളുടെ ചില അനുഭവങ്ങളുടെ (ദീർഘമായ ദൈനംദിന ട്രെയിൻ യാത്രപോലുള്ളവ)യും അനുഭവ പരിസരങ്ങളുടെയും ലഘുവും  ആനുഷംഗികവുമായ പരാമർശങ്ങളിലൂടെ ബോംബെ നഗരത്തിന്റെ സ്വത്വം അനുഭവിപ്പിക്കുന്ന ആനന്ദിന്റെ 'ആൾക്കൂട്ടം' തന്നെ ഉദാഹരണം.ഖസാക്ക് ഒരു പ്രാകൃത ഗ്രാമവും ബോംബെ ഒരു മഹാനഗരവും ആണെന്നതുമാത്രമല്ല രണ്ട് നോവലുകളിലെയും ദേശസ്വത്വാവിഷ്‌ക്കാരത്തിന്റെ രീതിയിലും ഫലത്തിലും അന്തരമുണ്ടാക്കുന്നത്.ആധുനികത ജന്മം നൽകിയ കഥാപാത്രങ്ങളുടെ പൊതു അനുഭവങ്ങളിലൊന്നായ വ്യർത്ഥതാബോധം  ഈ നോവലുകളിൽ ആവിഷ്‌ക്കാരം നേടിയിരിക്കുന്നത് ദർശന തലത്തിൽ വ്യത്യസ്തമായ ഊന്നലുകളോടെയാണ്.ഖസാക്കിൽ വിധി,ജന്മത്തിന്റെ ആവർത്തനം,അസ്തിത്വത്തിന്റെ ആത്യന്തിക നൈഷ്ഫല്യം എന്നിവയെ കുറിച്ചുള്ള ബോധ്യങ്ങളെ ബലിഷ്ഠമാക്കും വിധമാണ് പ്രകൃതി നിലകൊള്ളുന്നത്.ഖസാക്കിലെ മനുഷ്യർ അവിടത്തെ ഭൂപ്രകൃതിയുടെ കൂടി തടവുകാരാണ്.ആൾക്കൂട്ടത്തിലെ കഥാപാത്രങ്ങളാകട്ടെ സ്വന്തം പ്രകൃതത്താലോ ഭൂപ്രകൃതിയാലോ നിയന്ത്രിക്കപ്പെടുന്നവരല്ല.അവരുടെ ചിന്താലോകവും അതിന്റെ ദാർശനിക പരിസരവുമാണ് അവരെ സംബന്ധിച്ചിടത്തോളം പ്രധാനം.തങ്ങളെ വലയം ചെയ്യുന്ന വേദനകളെയും നിരാശകളെയും നൈഷ്ഫ്യലബോധത്തെയും അവർ ചിന്തകൊണ്ടും അപഗ്രഥന വൈഭവം കൊണ്ടും നേരിടുന്നുണ്ട്.ഖസാക്കിൽ  ഇത്തരം പ്രതിരോധങ്ങളൊന്നുമില്ല.അവിടെ കഥാപാത്രങ്ങൾ വിധിക്ക് കീഴടങ്ങുന്നതിൽ ആനന്ദം കണ്ടെത്തുന്നവരാണ്.ജീവിതം ആന്തരികമായി നിശ്ചലമായതിനാൽ പ്രകൃതിക്ക് അവിടെ ഒരു നിയന്താവിന്റെ പദവിയുണ്ട്.കഥാപാത്രങ്ങൾ തങ്ങളുടെ അനുഭവങ്ങളെ അപഗ്രഥിക്കുകയും പുനർനിർമിക്കുകയും ചെയ്യുന്ന ജീവിത/ദാർശനിക പരിസരങ്ങളിൽ പ്രകൃതിക്ക് ഇങ്ങനെയൊരു പദവി കൈവരിക്കുക സാധ്യമല്ല.ചരിത്രമോ കഥാപാത്രങ്ങളുടെ അനുഭവലോകത്തിലെ ചലനാത്കമായ മറ്റേതെങ്കിലും ഘടകമോ ആയിരിക്കും അത്തരം നോവലുകളിൽ ദേശസ്വത്വത്തിന്റെ പ്രധാന മുദ്രകളായി പ്രവർത്തിക്കുക.
മിക്കവാറും ഒരു ദേശാതിർത്തിക്കുള്ളിൽ തന്നെ ജീവിക്കുകയും തങ്ങളുടെ മേൽ വന്നുവീഴുന്ന അനുഭവങ്ങളെ ദർശനത്തിന്റെയോ അപഗ്രഥനശേഷിയുടെയോ കൈത്താങ്ങില്ലാതെ അനുഭവതലത്തിൽ തന്നെ നേരിടുകയും ചെയ്യുന്ന കഥാപാത്രങ്ങളാൽ നിർമിക്കപ്പെടുന്ന നോവലുകളിലാണ് ദേശത്തെ നിയന്ത്രിക്കുന്ന വിശ്വാസങ്ങൾ,ആചാരങ്ങൾ,അനുഷ്ഠാനങ്ങൾ തുടങ്ങിയവ നിർണായക പ്രാധാന്യം നേടുന്നത്.സരിതാ മദ്ദണ്ണയുടെ ടൈഗർഹിൽസ് അത്തരമൊരു നോവലാണ്.പഴയ കാല കുടക് ജീവിതത്തിലെ ചില അനുഷ്ഠാനങ്ങളും വിശ്വാസങ്ങളുമൊക്കെയാണ് ആ നോവലിലെ കഥാഗതിയെ തന്നെ രൂപപ്പെടുത്തുന്നത്.
പ്രാദേശിക സ്വത്വത്തിന് നോവലിന്റെ കഥാവസ്തു ആവശ്യപ്പെടുന്ന അളവിലും പ്രകൃതത്തിലും ശരിയാം വിധം ഇടം നൽകുന്നതു വഴി ഒരു നോവലിന് കൈവരുന്നത് സൗന്ദര്യാത്മകമായ ആധികാരികതയാണ്.അങ്ങനെയൊരു ആധികാരികതയൊന്നും ആവശ്യമല്ലെന്ന നിശ്ചയത്തോടെയും ധാരാളം നോവലുകൾ എഴുതപ്പെടുന്നുണ്ട്.അവ വായിച്ച് ആനന്ദം കൊള്ളാനും തീർച്ചയായും ആളുകൾക്ക് അവകാശമുണ്ട്.
ദേശസ്വത്വത്തെ പറ്റി ഒരു കാര്യം കൂടി പറയാം.യാതൊരു മാറ്റവുമില്ലാതെ നൂറ്റാണ്ടുകളോളം നിലകൊള്ളുന്ന ഒന്ന് എന്ന മട്ടിൽ അതിനെ സങ്കല്പിക്കുന്നത ് തികച്ചും അയുക്തികമാണ്.ചില സ്ഥിത്യാത്മക ഘടകങ്ങൾ,അല്ലെങ്കിൽ ദീർഘകാലനിലനില്പ് സാധ്യമാവുന്ന അംശങ്ങൾ ദേശസ്വത്വത്തിൽ ഉണ്ടാകാം.പക്ഷേ,ഏത് ദേശവും ഒരു പാട് പുതുമകൾ ഉൾക്കൊണ്ടുകൊണ്ടേയിരിക്കുന്നുണ്ട്.അന്യസംസ്‌കാരത്തിന്റെ അനേകം അംശങ്ങളെ ഓരോ ദേശവും സ്വാംശീകരിച്ചുകൊണ്ടേയിരിക്കുന്നുണ്ട്.ആഗോളവൽക്കരണത്തിന്റെതായ ഇക്കാലത്ത് ആ പ്രക്രിയക്ക് ഗതിവേഗം ഏറിയിട്ടുമുണ്ട്.ദിനംപ്രതി ധാരാളം ആളുകൾ സ്വന്തം നാട്ടിൽ നിന്ന് പുറത്തേക്ക് പോയ്‌ക്കൊണ്ടിരിക്കുന്നു എന്നതു തന്നെ കാരണം.ഇന്നത്തെ ഏത് കേരളീയ ഗ്രാമത്തിലെ ജീവിതം ചിത്രീകരിക്കുമ്പോഴും അനേകം വിദേശവസ്തുക്കളെയും ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നായി സ്വീകരിക്കപ്പെട്ട സാംസ്‌കാരികാനുഭവങ്ങളുടെ കേരളീയ പുനരവതരണങ്ങളെയും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ സാന്നിധ്യത്തെയുമെല്ലാം  ഉൾച്ചേർത്തുകൊണ്ടു മാത്രമേ അത് സാധ്യമാവൂ.എങ്കിലേ അത് ആധികാരികമാവൂ.


Saturday, January 17, 2015

എഴുത്ത്‌

'വാനക്കാരെ നിരാശപ്പെടുത്തരുത് 'എന്നത് പണ്ടൊക്കെ എഴുത്തുകാർക്ക് പൊതുവായി നൽകപ്പെട്ട ഉപദേശമായിരുന്നു.വളരെയേറെ പേർക്ക് ഇഷ്ടപ്പെടുന്ന തരത്തിൽ എഴുതണമെന്ന് ഒരു കാലത്ത് ഞാനും ആഗ്രഹിച്ചിരുന്നിരിക്കാം.പക്ഷേ,ഇപ്പോൾ ആ ചിന്തയുടെ സ്ഥാനത്ത് ഒട്ടും കാപട്യം കലരാതെ എഴുതാനാവണം,മാർക്കറ്റിന് വഴങ്ങാതെ എഴുതാനാവണം,കൊണ്ടാടപ്പെടാൻ അല്പമായിപ്പോലും ആഗ്രഹിക്കാതെ എഴുതാനാവണം എന്നൊക്കെയുള്ള വിചാരങ്ങളേ ഉള്ളൂ.എല്ലാ വായനക്കാരെയും രസിപ്പിക്കുന്ന തരത്തിലുള്ള എഴുത്ത് യഥാർത്ഥത്തിൽ ഒരസാധ്യതയാണ്.കാരണം വളരെ ലളിതമാണ്.വായനക്കാർ പല തരക്കാരാണ്;ഭാവുകത്വത്തിന്റെ പല തലങ്ങളിൽ നിൽക്കുന്നവരാണ്.കാരൂർകഥകൾക്കപ്പുറത്ത് ഒന്നും വായിക്കാതരിക്കുകയും 'കാരൂർസാറിനെ പോലെ എഴുതുന്ന വല്ലവരും ഇന്നുണ്ടോ?' എന്ന് ചോദിക്കുകയും ചെയ്യുന്നവർ തൊട്ട് 'ഞാനിപ്പോൾ മലയാളത്തിലുള്ള ഒന്നും വായിക്കാറില്ല,എല്ലാം സബ്‌സ്റ്റാൻഡേർഡ്'എന്ന് പറയുന്നവർ വരെ വായനക്കാരുടെ കൂട്ടത്തിലുണ്ട്.അവരെ മുഴുവൻ തന്റെ സാഹിത്യസങ്കല്പങ്ങൾക്ക് വഴങ്ങുന്നവരാക്കി മാറ്റിക്കളയാം എന്ന്‌
ഒരെഴുത്തുകാരനും/എഴുത്തുകാരിയും ചിന്തിച്ചുപോകരുത്.അത്തരത്തിലുള്ള വ്യാമോഹങ്ങൾക്കെല്ലാം അപ്പുറത്തു വെച്ച് മാത്രമേ എഴുത്ത് സംഭവിക്കേണ്ടതുള്ളൂ.
17/1/2015