വിപ്ളവവും ഞങ്ങളും തമ്മില്‍
നെടുനാളായി ഒളിച്ചുകളിക്കയായിരുന്നു
വന്നുവന്ന് കളി കാര്യമായിരിക്കുന്നു
ഞങ്ങള്‍ നൂറെണ്ണിക്കഴിഞ്ഞപ്പോള്‍
ആയില്ല,ആയില്ല എന്ന് വിപ്ളവം വിളിച്ചു പറഞ്ഞു
ആയോ ,ആയോ എന്നു ചോദിച്ചായി പിന്നത്തെ എണ്ണല്‍
ആയില്ല,ആയില്ല എന്ന പറച്ചില്‍ പല വട്ടം കേട്ടിരുന്നു
ഇപ്പോള്‍ കണ്ണ് തുറന്ന് നാലുചുറ്റിലും തിരയുന്നു
കാണാനില്ല,ഏത് മുക്കിലും മറവിലും കാണാനില്ല
ഒരു സംശയം ബാക്കിയാവുന്നു
ഞങ്ങള്‍ വിപ്ളവത്തെ കാണാഞ്ഞ് വേവലാതിപ്പെടുമ്പോലെ
വിപ്ളവം ഞങ്ങളെ കാണാഞ്ഞും
വെപ്രാളപ്പെടുന്നുണ്ടാവുമോ?
(വിശകലനം മാസിക,ഡിസംബര്‍ 2012)