Pages

Wednesday, December 5, 2012

കരിമ്പുലി

പണ്ടെന്നോ കണ്ട സര്‍ക്കസ്സില്‍
തമ്പിലെ ശ്വാസം പോലെ വലിഞ്ഞുമുറുകിയ കമ്പിയില്‍
ഒരു കരിമ്പുലി നടന്നുപോയിരുന്നു
'കാട്ടിലെ കരുത്തന്‍
ക്രൌര്യത്തിന്റെ കരാളമൂര്‍ത്തി
മെരുക്കാനാവാത്ത മൃഗഭീകരന്‍'
അവിദഗ്ധമായ സംഗീതത്തിനുമേല്‍
അനൌണ്‍സറുടെ ശബ്ദം ഭയത്തിന്റെ ചങ്ങല കിലുക്കി
പുലി അതിന്റെ കനല്‍ക്കണ്ണുകള്‍ നിറയെ അന്തമറ്റ പകപ്പുമായി
കമ്പിക്കുമേല്‍ ചെറുചുവടുകള്‍ വെച്ചു
പിന്നെ മെലിഞ്ഞുണങ്ങിയ മൃഗശിക്ഷകന്‍
വാള് വീശുംപൊലൊരു നോട്ടമെറിഞ്ഞപ്പോള്‍
റിംഗിലേക്ക് ചാടിയിറങ്ങി
അയാളുടെചാട്ടവാറിന്റെ പുളച്ചിലില്‍ അകം വിറച്ച്
അനുസരണയോടെ കൂട്ടില്‍ കയറി
കര്‍ട്ടന്‍ പിളര്‍ന്ന് അകത്തേക്ക് നീങ്ങിനീങ്ങിപ്പോയ കൂടിനെ
തമ്പിലെ ആശ്വാസനിശ്വാസങ്ങള്‍ അനുഗമിച്ചു
ആ കരിമ്പുലി ഇന്ന് ജീവിച്ചിരിപ്പുണ്ടാവില്ല
വലിച്ചുകെട്ടിയ തമ്പും റിംഗ് മാസ്ററും
ഭയത്തിനും കൌതുകത്തിനുമിടയില്‍
ഊയലാടിയ കാണികളുടെ
പൊരുളറിയാത്ത പെരും കാഴ്ചയും പരതിമാറ്റി
ഓര്‍മയിലൊരു കാട്ടുവഴി കണ്ടെത്തവേ
അത് ആയുസ്സിന്റെ ഒറ്റക്കമ്പിയില്‍ നിന്ന്
ഏതോ മഹാശൂന്യതയുടെ ആഴത്തില്‍ എന്നോ മൂക്കുകുത്തിവീണിരിക്കാം
പക്ഷേ,ജന്മവേദനയുടെ മഞ്ഞവെളിച്ചം മിന്നിയ അതിന്റെ കണ്ണുകളിലെ
പകയുടെയും പകപ്പിന്റെയും
കനലുകള്‍ വീണ എന്റെ ഉള്ളിന് ഇതാ ഇപ്പോള്‍
ഈ നിമിഷങ്ങളില്‍ തീ പിടിക്കുന്നു.

(തോര്‍ച്ച സമാന്തര മാസിക;ഒക്ടോബര്‍-നവംബര്‍ 2012)













1 comment:

  1. സ്വന്തശക്തിയറിയാതെ അടിമകളായിരിക്കുന്ന വന്‍പുലികള്‍

    ReplyDelete