ദേശസ്വത്വത്തിന്റ നാനാവിധമായ അടയാളങ്ങൾ സൃഷ്ടിക്കുന്ന വൈകാരികവും വൈചാരികവുമായ അനുഭവങ്ങൾ വായനയിലൂടെ കൈവരുന്ന സൗന്ദര്യാനുഭവത്തിലെ മുഖ്യഘടകങ്ങളായി മാറുന്ന സാഹിത്യരൂപം നോവലാണ്. ചെറുകഥയിലോ കവിതയിലോ നാടകത്തിലോ ഇങ്ങനെ സംഭവിക്കുന്നത് വല്ലപ്പോഴും മാത്രമാണ്.ഇതിവൃത്തത്തിന് പശ്ചാത്തലമായി നിലകൊള്ളുന്ന ദേശം ഇതിവൃത്തത്തെ തന്നെ രൂപപ്പെടുത്തുന്ന പ്രധാന ഘടകമായി തീരുന്ന നോവലുകൾ ഏറെയുണ്ട്.ഇത്തരത്തിലുള്ള നോവലുകളിലെ ദേശം യഥാർത്ഥത്തിൽ നിലവിലുള്ളതോ സങ്കല്പസൃഷ്ടിയോ ആകാം.രണ്ടായാലും കൃതിക്കുള്ളിൽ ദേശസ്വത്വം നിർവഹിക്കുന്ന പങ്ക് ഒന്നു തന്നെയായിരിക്കും.
ഭൂപടത്തിൽ ഇല്ലാത്തതും ഭാവന കൊണ്ട് എഴുത്തുകാരൻ/എഴുത്തുകാരി നിർമിച്ചെടുത്തതുമായ ഭൂവിഭാഗത്തിലൂടെ ഒരിക്കലെങ്കിലും സഞ്ചരിച്ചിട്ടുണ്ടാവും ലോകത്തെവിടെയുമുള്ള വായനക്കാർ.പക്ഷേ,സഞ്ചാരം തുടങ്ങി അല്പം കഴിയുമ്പോഴേക്കു തന്നെ തങ്ങൾക്ക് ചിരപരിചയമുള്ള ഏതെങ്കിലുമൊരു പ്രദേശത്ത് അവർ എത്തിച്ചേർന്നിരിക്കും.ഒരു പ്രത്യേക പ്രദേശത്തിന്റെയും അടയാളം വഹിക്കാത്ത ഭാഷയെയോ കഥാപാത്രങ്ങളെയോ ഉപയോഗിച്ച് നോവലെഴുതുക എളുപ്പമല്ലെന്നതു കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്.ഇതിൽ കവിഞ്ഞ് ഒരു പ്രദേശത്തിന്റ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ,ഭാഷാഭേദപരവും സാംസ്‌കാരികവുമായ സവിശേഷതകൾ,പ്രദേശിക ചരിത്രം ഇവയൊക്കെ രചനയുടെ ഏറ്റവും കാതലായ അംശങ്ങളായി പരിണമിക്കുമ്പോൾ,അല്ലെങ്കിൽ അത്തരം ഘടകങ്ങൾ കൃതിയുടെ ഇതിവൃത്തം,പ്രമേയം തുടങ്ങിയ ഘടകങ്ങൾക്കു മേൽ അധീശത്വം നേടുമ്പോൾ ആണ് ആ കൃതി വിനിമയം ചെയ്യുന്ന അനുഭവങ്ങളിൽ ഏറ്റവും മുന്നിട്ടു നിൽക്കുന്നത് ദേശസ്വത്വത്തിന്റെതു തന്നെയായി വായനാസമൂഹത്തിന് അനുഭവപ്പെടുന്നത്.
ഇത്തരം കൃതികളിൽ പ്രാദേശികമായ ചരിത്രവസ്തുതകളുടെ അതിശയോക്തി കലർന്ന അവതരണവും പ്രദേശത്തിന്റെ ഭൂപ്രകൃതിയുടെ പല അംശങ്ങളോടുമുള്ള ആരാധനാപൂർണമായ മനോഭാവത്തിന്റെ സജീവ സാന്നിധ്യവും സംഭാവ്യമാണ്. കഥാപാത്രങ്ങളുടെ സംഭാഷണത്തിലും ചിലപ്പോൾ ആഖ്യാനത്തിൽ പോലും ഭാഷാഭേദം ആധിപത്യം പുലർത്തുകയും ചെയ്യാം. ഈ കാര്യങ്ങളൊക്കെ കൃതി നൽകാനിടയുള്ള വായനാനുഭവത്തെ എത്തരത്തിൽ ബാധിക്കും എന്നത് ഗൗരവപൂർണമായ അന്വേഷണം അർഹിക്കുന്ന ഒരു സാഹിത്യവിഷയം തന്നെയാണ്.കൃതിയിൽ അവതരിപ്പിക്കപ്പെടുന്ന പ്രാദേശിക ചരിത്രവും ഇതിവൃത്തത്തിന് പശ്ചാത്തലമായി വർത്തിക്കുന്ന ഭൂപ്രകൃതിയുടെ വിശദാംശങ്ങളും വസ്തുതകളിൽ നിന്ന് എല്ലാ അർത്ഥത്തിലും അകന്നു പോവുകയാണെങ്കിൽപോലും വായനാസമൂഹം ഏതെങ്കിലും കാരണങ്ങളാൽ,ചിലപ്പോൾ കേവലമായ പലായനമനോഭാവം കൊണ്ടു പോലും, അത്തരം വ്യതിയാനങ്ങളെ ഇഷ്ടപ്പെട്ടെന്നു വരാം.അത് അവർക്ക് താൽക്കാലികമായ സമാശ്വാസവും ആത്മബലവും ജീവിതാസക്തിയുമൊക്കെ സമ്മാനിക്കുകയും ചെയ്യാം.ചങ്ങമ്പുഴയുടെ രമണന്റെ കാര്യത്തിൽ ഇതാണ് സംഭവിച്ചത്.'രമണ'നിലെ പ്രകൃതിയും ജീവിതവുമെല്ലാം കേരളത്തിലെ മഹാഭൂരിപക്ഷത്തിന്റെയും പ്രത്യക്ഷമായ അനുഭവലോകങ്ങളിൽ നിന്ന് വളരെ അകലെയായിട്ടും 30കളുടെ അന്ത്യം മുതൽ ഒന്നുരണ്ട് ദശകക്കാലം ഇന്നാട്ടിലെയും മറുനാടുകളിലെയും ദരിദ്രമലയാളികളിലെ വായനാസമൂഹം അതിനെ നെഞ്ചേറ്റി.തങ്ങളുടെ ആന്തരിക ജീവിതത്തിലെ ഏതൊക്കെയോ സ്പന്ദനങ്ങളുടെ ആവിഷ്‌ക്കാരം 'രമണ'നിൽ അനുഭവിച്ചറിയാൻ കഴിഞ്ഞതു തന്നെയാവാം അവർക്ക് അതിനോട് തോന്നിയ ആത്മബന്ധത്തിന്റെ കാരണം.അതുകൊണ്ടു തന്നെ ആ വായനാനുഭവത്തിൽ നിഷേധാത്മകമായി ഒന്നുമില്ല. നേരെ മറിച്ച് ഭൂതകാലത്തിലെ സാമൂഹ്യസാംസ്‌കാരികസാമ്പത്തിക ബന്ധങ്ങളോടുള്ള ആരാധനയോട് കൂടിച്ചേർന്നാണ് ഒരു കൃതിയിലെ ദേശസ്വത്വമുദ്രകളോടുള്ള അഭിനിവേശം പ്രവർത്തിക്കുന്നതെങ്കിൽ മിക്കവാറും അതിന്റെ ഫലം പ്രതിലോമപരം തന്നെയായിരിക്കും. കൃതിയിലെ തറവാടിത്തഘോഷണത്തെയും മറ്റ് അയഥാർത്ഥ ഘടകങ്ങളെയും ചോദ്യം ചെയ്യലില്ലാതെ സ്വീകരിക്കുന്ന വായന തീർച്ചയായും നല്ല വായനയല്ല.അത്തരത്തിലുള്ള വായന സ്വതന്ത്രമായൊരു പ്രവൃത്തിയുമല്ല.കൃതിയിലെ പ്രധാന കഥാപാത്രത്തിന്റെ മനോവ്യാപാരങ്ങളുടെ ഘടനയെ തന്റേതാക്കിത്തീർത്തും(ഒ.വി.വിജയന്റെയും കാക്കനാടന്റെയും എം.മുകുന്ദന്റെയും നോവലുകളിലെ പല കഥാപാത്രങ്ങളും അമ്മട്ടിൽ സ്വീകരിക്കപ്പെട്ടിട്ടുണ്ട്) കൃതിയിലെ ഭൂപ്രകൃതിയുടെ ഏതെങ്കിലുമൊക്കെ ഘടകങ്ങളെ സങ്കല്പത്തിന്റെ തലത്തിൽ വൈകാരികാവേശത്തോടെ വീണ്ടും വീണ്ടും സൃഷ്ടിച്ചെടുത്തും വായനാനുഭവം കൊണ്ട് തനിക്കായി തടവറ തീർക്കുന്ന വായനക്കാരൻ/വായനക്കാരി തീർച്ചയായും സഹതാപം മാത്രമേ അർഹിക്കുന്നുള്ളൂ.
ദേശത്തിന്റെ സാംസ്‌കാരികസ്വത്വത്തെ നിർണയിക്കുന്ന ഏകകങ്ങളെ പ്രാദേശികചരിത്രത്തിൽ നിന്നോ പ്രകൃതിയിൽ നിന്നോ മാത്രമേ കണ്ടെടുക്കാനാവൂ എന്നില്ല. 'ഖസാക്കിന്റെ ഇതിഹാസ'ത്തിൽ നാഗരികതയുടെ നേർത്ത നിഴലുകളാൽ പോലും സ്പർശിക്കപ്പെടാത്ത ഒരു പാലക്കാടൻ അതിർത്തി ഗ്രാമത്തിന്റെ സ്വത്വം ഒ.വി.വിജയൻ നമ്മെ അനുഭവിപ്പിക്കുന്നത് അവിടത്തെ ഭാഷാഭേദം,പ്രകൃതി,ജനജീവിതത്തിൽ രൂഢമൂലമായ പ്രാക്തനവിശ്വാസങ്ങൾ, മനുഷ്യാകാരങ്ങൾ ഇവയുടെയൊക്കെ പ്രത്യേകതകളിൽ പരമാവധി ഊന്നിക്കൊണ്ടുള്ള ആഖ്യാനത്തിലൂടെയാണ്. നഗരം ഇതിവത്തത്തിന്റെ പശ്ചാത്തലമായി വരുന്ന ഒരു നോവലിന്റെ നിർമിതിയിൽ ഇത്തരം ഘടകങ്ങളൊന്നും എഴുത്തുകാരന്റെ സഹായത്തിനെത്തില്ല.ചില കഥാപാത്രങ്ങളുടെ ചില അനുഭവങ്ങളുടെ (ദീർഘമായ ദൈനംദിന ട്രെയിൻ യാത്രപോലുള്ളവ)യും അനുഭവ പരിസരങ്ങളുടെയും ലഘുവും ആനുഷംഗികവുമായ പരാമർശങ്ങളിലൂടെ ബോംബെ നഗരത്തിന്റെ സ്വത്വം അനുഭവിപ്പിക്കുന്ന ആനന്ദിന്റെ 'ആൾക്കൂട്ടം' തന്നെ ഉദാഹരണം.ഖസാക്ക് ഒരു പ്രാകൃത ഗ്രാമവും ബോംബെ ഒരു മഹാനഗരവും ആണെന്നതുമാത്രമല്ല രണ്ട് നോവലുകളിലെയും ദേശസ്വത്വാവിഷ്‌ക്കാരത്തിന്റെ രീതിയിലും ഫലത്തിലും അന്തരമുണ്ടാക്കുന്നത്.ആധുനികത ജന്മം നൽകിയ കഥാപാത്രങ്ങളുടെ പൊതു അനുഭവങ്ങളിലൊന്നായ വ്യർത്ഥതാബോധം ഈ നോവലുകളിൽ ആവിഷ്‌ക്കാരം നേടിയിരിക്കുന്നത് ദർശന തലത്തിൽ വ്യത്യസ്തമായ ഊന്നലുകളോടെയാണ്.ഖസാക്കിൽ വിധി,ജന്മത്തിന്റെ ആവർത്തനം,അസ്തിത്വത്തിന്റെ ആത്യന്തിക നൈഷ്ഫല്യം എന്നിവയെ കുറിച്ചുള്ള ബോധ്യങ്ങളെ ബലിഷ്ഠമാക്കും വിധമാണ് പ്രകൃതി നിലകൊള്ളുന്നത്.ഖസാക്കിലെ മനുഷ്യർ അവിടത്തെ ഭൂപ്രകൃതിയുടെ കൂടി തടവുകാരാണ്.ആൾക്കൂട്ടത്തിലെ കഥാപാത്രങ്ങളാകട്ടെ സ്വന്തം പ്രകൃതത്താലോ ഭൂപ്രകൃതിയാലോ നിയന്ത്രിക്കപ്പെടുന്നവരല്ല.അവരുടെ ചിന്താലോകവും അതിന്റെ ദാർശനിക പരിസരവുമാണ് അവരെ സംബന്ധിച്ചിടത്തോളം പ്രധാനം.തങ്ങളെ വലയം ചെയ്യുന്ന വേദനകളെയും നിരാശകളെയും നൈഷ്ഫ്യലബോധത്തെയും അവർ ചിന്തകൊണ്ടും അപഗ്രഥന വൈഭവം കൊണ്ടും നേരിടുന്നുണ്ട്.ഖസാക്കിൽ ഇത്തരം പ്രതിരോധങ്ങളൊന്നുമില്ല.അവിടെ കഥാപാത്രങ്ങൾ വിധിക്ക് കീഴടങ്ങുന്നതിൽ ആനന്ദം കണ്ടെത്തുന്നവരാണ്.ജീവിതം ആന്തരികമായി നിശ്ചലമായതിനാൽ പ്രകൃതിക്ക് അവിടെ ഒരു നിയന്താവിന്റെ പദവിയുണ്ട്.കഥാപാത്രങ്ങൾ തങ്ങളുടെ അനുഭവങ്ങളെ അപഗ്രഥിക്കുകയും പുനർനിർമിക്കുകയും ചെയ്യുന്ന ജീവിത/ദാർശനിക പരിസരങ്ങളിൽ പ്രകൃതിക്ക് ഇങ്ങനെയൊരു പദവി കൈവരിക്കുക സാധ്യമല്ല.ചരിത്രമോ കഥാപാത്രങ്ങളുടെ അനുഭവലോകത്തിലെ ചലനാത്കമായ മറ്റേതെങ്കിലും ഘടകമോ ആയിരിക്കും അത്തരം നോവലുകളിൽ ദേശസ്വത്വത്തിന്റെ പ്രധാന മുദ്രകളായി പ്രവർത്തിക്കുക.
മിക്കവാറും ഒരു ദേശാതിർത്തിക്കുള്ളിൽ തന്നെ ജീവിക്കുകയും തങ്ങളുടെ മേൽ വന്നുവീഴുന്ന അനുഭവങ്ങളെ ദർശനത്തിന്റെയോ അപഗ്രഥനശേഷിയുടെയോ കൈത്താങ്ങില്ലാതെ അനുഭവതലത്തിൽ തന്നെ നേരിടുകയും ചെയ്യുന്ന കഥാപാത്രങ്ങളാൽ നിർമിക്കപ്പെടുന്ന നോവലുകളിലാണ് ദേശത്തെ നിയന്ത്രിക്കുന്ന വിശ്വാസങ്ങൾ,ആചാരങ്ങൾ,അനുഷ്ഠാനങ്ങൾ തുടങ്ങിയവ നിർണായക പ്രാധാന്യം നേടുന്നത്.സരിതാ മദ്ദണ്ണയുടെ ടൈഗർഹിൽസ് അത്തരമൊരു നോവലാണ്.പഴയ കാല കുടക് ജീവിതത്തിലെ ചില അനുഷ്ഠാനങ്ങളും വിശ്വാസങ്ങളുമൊക്കെയാണ് ആ നോവലിലെ കഥാഗതിയെ തന്നെ രൂപപ്പെടുത്തുന്നത്.
പ്രാദേശിക സ്വത്വത്തിന് നോവലിന്റെ കഥാവസ്തു ആവശ്യപ്പെടുന്ന അളവിലും പ്രകൃതത്തിലും ശരിയാം വിധം ഇടം നൽകുന്നതു വഴി ഒരു നോവലിന് കൈവരുന്നത് സൗന്ദര്യാത്മകമായ ആധികാരികതയാണ്.അങ്ങനെയൊരു ആധികാരികതയൊന്നും ആവശ്യമല്ലെന്ന നിശ്ചയത്തോടെയും ധാരാളം നോവലുകൾ എഴുതപ്പെടുന്നുണ്ട്.അവ വായിച്ച് ആനന്ദം കൊള്ളാനും തീർച്ചയായും ആളുകൾക്ക് അവകാശമുണ്ട്.
ദേശസ്വത്വത്തെ പറ്റി ഒരു കാര്യം കൂടി പറയാം.യാതൊരു മാറ്റവുമില്ലാതെ നൂറ്റാണ്ടുകളോളം നിലകൊള്ളുന്ന ഒന്ന് എന്ന മട്ടിൽ അതിനെ സങ്കല്പിക്കുന്നത ് തികച്ചും അയുക്തികമാണ്.ചില സ്ഥിത്യാത്മക ഘടകങ്ങൾ,അല്ലെങ്കിൽ ദീർഘകാലനിലനില്പ് സാധ്യമാവുന്ന അംശങ്ങൾ ദേശസ്വത്വത്തിൽ ഉണ്ടാകാം.പക്ഷേ,ഏത് ദേശവും ഒരു പാട് പുതുമകൾ ഉൾക്കൊണ്ടുകൊണ്ടേയിരിക്കുന്നുണ്ട്.അന്യസംസ്‌കാരത്തിന്റെ അനേകം അംശങ്ങളെ ഓരോ ദേശവും സ്വാംശീകരിച്ചുകൊണ്ടേയിരിക്കുന്നുണ്ട്.ആഗോളവൽക്കരണത്തിന്റെതായ ഇക്കാലത്ത് ആ പ്രക്രിയക്ക് ഗതിവേഗം ഏറിയിട്ടുമുണ്ട്.ദിനംപ്രതി ധാരാളം ആളുകൾ സ്വന്തം നാട്ടിൽ നിന്ന് പുറത്തേക്ക് പോയ്‌ക്കൊണ്ടിരിക്കുന്നു എന്നതു തന്നെ കാരണം.ഇന്നത്തെ ഏത് കേരളീയ ഗ്രാമത്തിലെ ജീവിതം ചിത്രീകരിക്കുമ്പോഴും അനേകം വിദേശവസ്തുക്കളെയും ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നായി സ്വീകരിക്കപ്പെട്ട സാംസ്‌കാരികാനുഭവങ്ങളുടെ കേരളീയ പുനരവതരണങ്ങളെയും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ സാന്നിധ്യത്തെയുമെല്ലാം ഉൾച്ചേർത്തുകൊണ്ടു മാത്രമേ അത് സാധ്യമാവൂ.എങ്കിലേ അത് ആധികാരികമാവൂ.
No comments:
Post a Comment