Pages

Thursday, June 20, 2019

മറുപിറവി




തിരക്കഥ :
മറുപിറവി




എന്റെ 'മറുപിറവി' എന്ന ചെറുകഥയെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന തിരക്കഥയുടെ രൂപരേഖ.
കഥയെ അതേ പടി പിൻതുടർന്നുകൊണ്ടല്ല സ്വതന്ത്രമായ മറ്റൊരാഖ്യാനം എന്ന നിലയ്ക്കാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

1
രാത്രി.ഒരു തണ്ണീർപന്തലിന്റെ കമാനത്തിലൂടെ അകത്തേക്ക് വീഴുന്ന നിലാവിൽ ദൃശ്യമാവുന്ന രൂപങ്ങൾ വെറും തറയിൽ ഉറങ്ങിക്കിടക്കുന്ന മെലിഞ്ഞുണങ്ങിയ മധ്യവയസ്‌കൻ (ഒതേനൻ).ലുങ്കിയും ബനിയനുമാണ് വേഷം.വളർന്ന താടിമീശകൾ.നീണ്ടുവളർന്ന മുടി. തൊട്ടപ്പുറത്ത് മറ്റൊരാൾ കിടപ്പുണ്ട് (കരുണൻ).അയാളുടെയും വേഷവും രൂപവും ഏറെക്കുറെ ഇമ്മട്ടിൽ തന്നെ.ഇരുവരുടെയും തലയുടെ ഭാഗത്തായി പൊക്കണം കാണാം.
നിലാവ് മങ്ങുന്നു.
പേടിപ്പെടുത്തുന്ന ഏതോ ഭൂവിഭാഗത്തിലെ വളഞ്ഞുപുളഞ്ഞ വഴിയിലൂടെ എത്രയോ വിചിത്രരൂപങ്ങൾ ദ്രുതഗതിയിൽ നീങ്ങുന്നു. ഈ ദൃശ്യം പൊടുന്നനെ മുറിയുന്നു.രൂപങ്ങളെല്ലാം അപ്രത്യക്ഷമാവുകയും വഴി ഒരു പെരുമ്പാമ്പിന്റെ ആകൃതി കൈക്കൊള്ളുകയും ചെയ്യുന്നു.ആ പെരുമ്പാമ്പ് നിവർന്നു നിൽക്കുന്നു.പാമ്പിനു പകരം ഇപ്പോൾ ഒരു തൂക്കുമരം.അതിനു പിന്നിൽ രണ്ട് പോലീസുകാരും ഒതേനനും.പോലീസുകാരിലൊരാൾ ഒതേനന്റെ തലയിലൂടെ കറുത്ത മുഖാവരണം ഇടുന്നു.
താൻ തൂക്കിക്കൊല്ലപ്പെടുന്നത് സ്വപ്‌നം കണ്ട് ഒതേനൻ ഞെട്ടിയുണരുന്നു. കനത്ത ഞരക്കത്തിനൊടുവിലെ അയാളുടെ ഹോ എന്ന് ഒച്ചവെച്ചുള്ള ഞെട്ടിയുണരലിന്റെ ബഹളത്തിൽ കരുണനും ഉണരുന്നു.എന്താ,എന്താ പറ്റിയത് എന്ന അയാളുടെ ചോദ്യത്തിന് മറുപടിയായി ഒതേനൻ താൻ കണ്ട സ്വപ്‌നം വിവരിക്കുന്നു.ഹേയ്,ഒന്നും പേടിക്കാനില്ല.വൈന്നേരം കുടിച്ച വിഷക്കള്ളുണ്ടാക്കിയ ഗുലുമാണെന്നും താനും ഭയങ്കരമായ എന്തൊക്കെയോ സ്പ്‌നം കണ്ടു എന്നു പറഞ്ഞ് കരുണൻ അയാളെ ആശ്വസിപ്പിക്കുന്നു.സംഗതി അത്ര നിസ്സാരമായ ഒന്നല്ലെന്നും തന്റെ പോയ ജന്മത്തിന്റെ അവസാനരംഗം തന്നെയാണ് താൻ കണ്ട സ്വപ്‌നമെന്നും ഒതേനൻ പറയുന്നു.അയാളുടെ വലിഞ്ഞുമുറുകിയ മുഖത്തെ വിചിത്രഭാവവും  ശബ്ദത്തിന്റെ ഗാംഭീര്യവും കാരണവും കരുണന് മറുത്തൊന്നും പറയാനാവുന്നില്ല.കരുണന്റെ സമ്മതത്തിന് കാത്തുനിൽക്കാതെ ഒതേനൻ തന്റെ പോയ ജന്മത്തിന്റെ കഥ പറഞ്ഞു തുടങ്ങുന്നു.

2.

വയലോരത്തെ ചെറിയ ചാള.കോലായയുടെ അറ്റത്ത് താഴേക്ക് കാലും നീട്ടി ഇരിക്കുന്ന കാഞ്ഞിരൻ (ഒതേനന്റെ മുഖച്ഛായയുള്ള ആൾ).നിറയെ വസൂരിക്കലകളുള്ള മുഖം.അന്ധനാണെന്ന് നോട്ടത്തിൽ നിന്നും ചലനങ്ങളിൽ നിന്നും തിരിച്ചറിയാം.പോയ ജന്മത്തിൽ തന്റെ പേര് കാഞ്ഞിരൻ എന്നായിരുന്നെന്നും പതിനാറാം വയസ്സിൽ തന്റെ കല്യാണം കഴിഞ്ഞെന്നും പെണ്ണിന്റെ പേര് കൊച്ച എന്നായിരുന്നെന്നും അവൾക്ക് അന്ന് പന്ത്രണ്ട് വയസ്സായിരുന്നു എന്നും ഒതേനൻ പറയുന്നു.

3

കല്യാണം കഴിഞ്ഞ് വന്നതിന്റെ പിറ്റേന്നു തൊട്ട് കാഞ്ഞിരനും കൊച്ചയും വയൽപ്പണിക്കും എളമ്പക്കവാരാനും തെയ്യം കാണാനും ഒക്കെ പോകുന്നതിന്റെ ദൃശ്യങ്ങൾ.പഴയ കാല ഗ്രാമീണ ദളിത്ജീവിതത്തിലെ സാധാരണ മുഹൂർത്തങ്ങൾ.

4

തനിക്ക് പത്തിരുപത്തഞ്ച് വയസ്സായപ്പോൾ നാട്ടിലാകെ വസൂരി വന്നെന്ന് കാഞ്ഞിരൻ പറയുന്നു.വസൂരിയുമായി ബന്ധപ്പെട്ട വിവിധ ദൃശ്യങ്ങൾ.മറ്റാരുമില്ലാത്ത ചാളയ്ക്കുള്ളിൽ ഉപേക്ഷിക്കപ്പെട്ട് മരണം കാത്ത് കിടക്കുന്ന രോഗികൾ.കുടിലിനകത്ത് കുഴിയുണ്ടാക്കി ശവം മറവുചെയ്യുന്നവർ.വിജനഭീകരമായ കുന്നിൻപള്ളകളിൽ എരിയുന്ന ചിതകൾ.പേടിച്ച് കരയുന്ന കറുത്തു മെലിഞ്ഞ കുട്ടികൾ,പടുവൃദ്ധരുടെ നിർവികാരത കല്ലിച്ച മുഖങ്ങൾ.

5

തന്റെ വീട്ടിലും വസൂരി വന്നെന്ന് കാഞ്ഞിരൻ പറയുന്നു.കൊച്ചയും താനും ഒഴിച്ച് വീട്ടിലുള്ള എല്ലാവരും ചത്തു.ജീവനോടെ ബാക്കിയായെങ്കിലും തനിക്ക് കണ്ണിന് കാഴ്ച പോയിരുന്നു.പക്ഷേ,കൊച്ചയ്ക്ക് കാര്യമായി ഒന്നും പറ്റിയില്ല.അതോടെയാണ് എല്ലാം കീഴ്‌മേൽ മറിഞ്ഞത് - ഇത്രയും കാര്യങ്ങൾ അയാൾ വിശദീകരിക്കുന്നു.

6

സന്ധ്യാസമയത്ത് ചാളയുടെ ഇറയത്തിരിക്കുന്ന കാഞ്ഞിരൻ.അയാൾ ഒച്ചയുണ്ടാക്കാതെ കരയുകയാണെന്ന് മനസ്സിലാക്കുന്ന കൊച്ച.കേളപ്പേട്ടൻ കള്ളും കൊണ്ട് വരാത്തതുകൊണ്ടാണ് അയാൾ കരയുന്നതെന്ന് കൊച്ച തെറ്റിദ്ധരിക്കുന്നു.താൻ കള്ളുകുടിയേ നിർത്തുന്ന കാര്യം ആലോചിക്കുകയാണെന്ന് കാഞ്ഞിരൻ അവളോട് പറയുന്നു.കള്ള് നിർത്ത്വൊന്നും വേണ്ട,നാളെത്തൊട്ട് കൊറച്ച് നേരത്തേ വരണമെന്ന് കേളപ്പേട്ടനോട് പറയാമെന്ന് കൊച്ച് പറയുന്നു.അടുത്ത ദിവസം തൊട്ട് കാഞ്ഞിരൻ താൻ പണിക്ക് പോകുന്നിടത്തെല്ലാം തന്നോടൊപ്പം വന്ന് വയൽക്കരയിലോ പുഴക്കരയിലോ ഒക്കെ ഇരിക്കണമെന്ന് അവൾ കൂട്ടിച്ചേർക്കുന്നു.കണ്ണ് കാണാത്ത തന്നെ അവൾ കൈ പിടിച്ച് നടത്തിക്കുന്നതിലെ നാണക്കേടിനെപ്പറ്റി കാഞ്ഞിരൻ പറയുന്നു.അതൊന്നും നിരീക്ക്വേവേണ്ടപ്പാ എന്നു പറഞ്ഞ് കൊച്ച അയാളെ ആശ്വസിപ്പിക്കുന്നു.


7

വീണ്ടും തണ്ണീർപ്പന്തൽ.
ഒതേനനും കരുണനും.
കണ്ണുണ്ടായിരുന്ന കാലത്തേക്കാളും താൻ സന്തോഷിച്ചത് ആ ദിവസങ്ങളിലായിരുന്നുവെന്നും പക്ഷേ കുറച്ചു നാളേ ആ സന്തോഷം നിലനിന്നുള്ളുവെന്നും പിന്നെ എല്ലാം കീഴ്‌മേൽ മറിഞ്ഞെന്നും ഒതേനൻ  പറയുന്നു.

8

അതിരാവിലെ പുഴയിൽ ചെമ്മീൻ തപ്പുന്ന സ്ത്രീകൾ.പുഴക്കരയിൽ ഇരിക്കുന്ന കാഞ്ഞിരൻ.ചെമ്മീൻ തപ്പുന്ന സ്ത്രീകൾ കാഞ്ഞിരന്റെ അന്ധതയെപ്പറ്റി അശ്ലീലം കലർത്തി പലതും പറഞ്ഞ് ചിരിക്കുന്നത് കൊച്ചയെ തളർത്തുന്നു.അവൾ വേഗം പുഴയിൽ നിന്ന് കയറി കാഞ്ഞിരനെയും കൊണ്ട് മടങ്ങുന്നു.എന്താ,ഇത്രേം പെട്ടെന്ന് മടങ്ങുന്നത് എന്ന കാഞ്ഞിരന്റെ ചോദ്യത്തിന് മറുപടിയായാ ആർക്കും ഒരു സ്‌നേഹവുമില്ലെന്നും സകലരും വളരെ മോശമാണെന്നും കാഞ്ഞിരേട്ടൻ ഇനിയങ്ങോട്ട് ചാളയിൽത്തന്നെ ഇരുന്നാൽ മതി പുറത്തിറങ്ങിയാൽ വേണ്ടാത്ത ഓരോന്നൊക്കെ കേൾക്കേണ്ടി വരുംഎന്നും കൊച്ച പറയുന്നു.
9

ഉച്ചനേരം.അടുപ്പ് ഊതിക്കൊണ്ടിരിക്കുന്ന കൊച്ച. മുറ്റത്തു നിന്ന് ഈടെയാരും ഇല്ലേ എന്ന് ആരോ വിളിച്ചു ചോദിക്കുന്നു. കൊച്ച പുറത്തേക്ക് വരുന്നു.

10

കോട്ടത്തിലെ പിരിവിന് വന്ന നാലഞ്ച് ചെറുപ്പക്കാരാണ് മുറ്റത്ത്. പൈസയില്ലെങ്കിൽ നെല്ലോ തേങ്ങയോ തരണമെന്ന് അവർ പറയുന്നു.

11

കൊച്ച അകത്തേക്ക് പോവുന്നു. അകത്ത് അസ്വസ്ഥനായി നിൽക്കുന്ന കാഞ്ഞിരൻ. ആരാ,എന്താ എന്ന് അയാൾ പരിഭ്രമത്തോടെ ചോദിക്കുന്നു.

12

കൊച്ച മുറത്തിൽ നെല്ലും തേങ്ങയുമായി വരുന്നു. രണ്ട് ദിവസം കഴിഞ്ഞ് തെയ്യം കാണാൻ വരേണ്ട കാര്യം ഓർമിപ്പിച്ച് ചെറുപ്പക്കാർ പോവുന്നു.

13

ഉച്ച.
കാഞ്ഞിരനും കൊച്ചയും കഞ്ഞി കുടിക്കുന്നു.കോട്ടത്തിൽ തെയ്യം കാണാൻ പോവേണ്ട കാര്യം കൊച്ച പറയുന്നു.കാഞ്ഞിരൻ താൽപര്യക്കേടോടെ മൂളുന്നു.

14

വൈകുന്നേരം
കാഞ്ഞിരന്റെ ചാളയ്ക്കു മുന്നിലെ പൊതുവഴിയിൽ ഓലപ്പന്ത് കളിക്കുന്ന കുട്ടികൾക്കിടയിലൂടെ വരുന്ന കേളപ്പൻ.ഒണ്ടയും കത്തിയും അയാൾ ഏറ്റുകാരനാണെന്ന് വ്യക്തമാക്കുന്നു. ശരീരം ബലിഷ്ഠമാണ്. കുട്ടികളോടുള്ള അയാളുടെ തമാശ പറച്ചിലിൽ നിന്ന് കേളപ്പന്റെ ഉന്മേഷം നിറഞ്ഞ പ്രകൃതം വ്യക്തമാവുന്നു.അയാൾ ചാളയുടെ ഇറയത്തിരുന്ന് കാഞ്ഞിരന് ചിരട്ടയിൽ കള്ളൊഴിച്ചു കൊടുക്കുന്നു. അവർ തമ്മിൽ അൽപനേരം സംസാരിക്കുന്നു.കേളപ്പന്റെ കൂസലില്ലായ്കയും കാഞ്ഞിരനോടും കൊച്ചയോടുമുള്ള അയാളുടെ അടുപ്പവും പ്രകടമാണ്.

15

പകൽ

ചാളയ്ക്കുള്ളിൽ അസ്വസ്ഥനായി നടക്കുന്ന കാഞ്ഞിരൻ. പുറത്ത് ബഹളം. കാഞ്ഞിരൻ ധൃതിപ്പെട്ട് കോലായിലേക്കിറങ്ങുന്നു. മുറ്റത്തൂടെ നാലഞ്ച് ചെറുപ്പക്കാർ ഓടിപ്പോവുന്നു.
ചളിയുടെ നിറമുള്ള തോർത്തുടുത്ത ഒരാൾ പിന്നാലെ എത്തുന്നു.
അയാൾ കോയീനെ പിടിക്കാനെന്നും പറഞ്ഞ് ആണുങ്ങളില്ലാത്ത നേരത്ത് ചെറുപ്പക്കാർ ചാളയിൽ കയറിയ കാര്യം പറയുന്നു. നമ്മള കാര്യം ഏത് കാലത്തും ഇങ്ങനെ തന്നെ എന്ന് അയാൾ സങ്കടപ്പെടുന്നു.എളങ്ങീലായാലും കോയിലായാലും എല്ലാം കളി നമ്മളോടന്നെ എന്ന് അയാൾ പറയുന്നു.
പോവുന്ന പോക്കിൽ അയാൾ കാഞ്ഞിരനോട് പറയുന്നു  നീയാ കോളപ്പനും ആയിറ്റ്ള്ള ചങ്ങായിത്തം നിർത്തണം.ഓൻ ആള് ബെടക്കാ
ഞെട്ടിത്തരിച്ചു നിൽക്കുന്ന കാഞ്ഞിരൻ
അയാൾ പെട്ടെന്ന് എന്തോ ഓർമ വന്നതു പോലെ അകത്തേക്കോടുന്നു.

16

ചാളയ്ക്കുള്ളിൽ ധൃതി പിടിച്ച് അതുമിതും തപ്പുന്ന കാഞ്ഞിരൻ. അയാൾ  ചെറിയ മൺഭരണിയിൽ നിന്ന് ഒരു കഷണം തേങ്ങാപ്പൂളെടുത്ത് ഭ്രാന്തമായി ചവയ്ക്കുന്നു.അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്.പെട്ടെന്ന് വല്ലാത്ത തളർച്ച വന്നതുപോലെ കാഞ്ഞിരൻ കിടക്കുന്നു.പിന്നെ കടുത്ത അസ്വാസ്ഥ്യത്തോടെ എഴുന്നേറ്റ് ഇറയത്തേക്ക് വരുന്നു.
വാഴച്ചോട്ടിൽ ചിക്കിച്ചിനക്കുന്ന കോഴികൾ.ചെറിയ ഒരു മാവിന്റെ ചുവട്ടിലിരുന്ന് മുഖം മിനുക്കുന്ന പൂച്ച. ഇറയത്തു വീഴുന്ന വെയിൽ കാഞ്ഞിരനെ അസ്വസ്ഥനാക്കുന്നു.അയാൾ അകത്തേക്ക് കയറുന്നു.

17

വൈകുന്നേരം
പണികഴിഞ്ഞ് തിരിച്ചെത്തുന്ന കൊച്ച.അവൾ അങ്ങാടിയിൽ നിന്നു വാങ്ങിയ കാരയപ്പം കാഞ്ഞിരന് കൊടുക്കുന്നു.കാഞ്ഞിരൻ തീരെ താൽപര്യമില്ലാത്തതു പോലെ അത് വാങ്ങി തിന്നുന്നു.അയാളുടെ നിരുന്മേഷം കൊച്ചയെ വല്ലാതെ അസ്വസ്ഥയാക്കുന്നു.

18

രാത്രി

കാഞ്ഞിരനും കൊച്ചയും മുട്ടവിളക്കിന്റെ വെളിച്ചത്തിലിരുന്ന് കഞ്ഞി കുടിക്കുന്നു.തെയ്യം കാണാൻ പോവേണ്ട കാര്യം കൊച്ച പറയുന്നു.അവൾ ഒരിക്കൽക്കൂടി പറഞ്ഞപ്പോൾ അയാൾ അലസമായി തലയാട്ടുന്നു.

19

കുന്നിൻ ചെരിവിലെ ചെറിയ കോട്ടം. പഴയകാലത്തെ നാട്ടിൻപുറത്തെ ഒരു ചെറിയ തെയ്യപ്പറമ്പിന്റെ വിവിധദൃശ്യങ്ങൾ.വലിയ മേലേരി.അകമ്പടിക്കാരോടൊപ്പം മേലേരിക്കരികിലേക്ക് വരുന്ന പൊട്ടൻ തെയ്യം.

20

വളഞ്ഞുപുളഞ്ഞ വഴിയിലൂടെ ചൂട്ടും കത്തിച്ച് തിരക്കിട്ട് കുന്നുകയറി വരുന്ന ആളുകൾ..കൂട്ടത്തിൽ കാഞ്ഞിരനെയും കൊച്ചയെയും കാണാം.

21

തെയ്യം മേലേരിയിൽ വീഴുന്നു.പിന്നെയും പിന്നെയും വീഴുന്നു.സ്ത്രീകൾ ഊയീ,ഊയീ എന്ന് ഒച്ച വെച്ച് കണ്ണ് പൊത്തുന്നു.മതി,മതി എന്നു പറഞ്ഞ് കരയുന്ന ഒരു കുട്ടിയെ അമ്മ ചേർത്തു പിടിക്കുന്നു.കുട്ടി അമ്മയുടെ മുണ്ടിൻതുമ്പിൽ മുഖമൊളിപ്പിക്കുന്നു.
തെയ്യം തീയിൽ വീഴുന്നത് നിർത്തുന്നു.സഹായികൾ തെയ്യത്തെ  കൂട്ടിക്കൊണ്ടുവന്ന് പീഠത്തിൽ ഇരുത്തുന്നു.

22

കാഞ്ഞിരനെയും കൊണ്ട് തെയ്യപ്പറമ്പിൽ ചുറ്റി നടക്കുന്ന കൊച്ച. അവർ കേളപ്പനെ കണ്ടുമുട്ടുന്നു.കേളപ്പനോട് കൊച്ച വളരെ അടുപ്പത്തിൽ ലോഹ്യം പറയുന്നതുകേട്ട് കാഞ്ഞിരൻ ഞെട്ടുന്നു.കേളപ്പനോട് സംസാരിക്കാൻ വാക്കുകൾ കിട്ടാതെ അയാൾ ഉഴറുന്നു.കേളപ്പൻ അത് മനസ്സിലാക്കി തിരക്ക് ഭാവിച്ച് നടന്നകലുന്നു.
തെയ്യപ്പറമ്പിലെ തിരക്കിന്റെ ദൃശ്യങ്ങൾ.

23

കൊച്ച ഒരു മരത്തിനു ചുവട്ടിൽ കാഞ്ഞിരനെ ഇരുത്തി തെയ്യത്തിന്റെ അടുത്തേക്ക് കുറി വാങ്ങാൻ പോവുന്നു.കാഞ്ഞിരൻ അവളോട് തനിച്ചു പോവേണ്ട താനും കൂടി വരാം എന്ന് പറയുന്നുണ്ടെങ്കിലും ആൾത്തിരക്കിന്റെ കാര്യം പറഞ്ഞ് കൊച്ച അയാളെ കൂടെ കൂട്ടുന്നില്ല.

24

കാഞ്ഞിരൻ ഇരിക്കുന്ന തറയ്ക്കരികിലേക്ക് ഒരു തത്തശീട്ടുകാരൻ വരുന്നു.അയാൾ കാഞ്ഞിരനെ പലതും പറഞ്ഞ് പ്രലോഭിപ്പിച്ച് തത്തശീട്ടെടുപ്പിക്കുന്നു.അപ്പോഴേക്കും അയൽക്കാരായ രണ്ടുപേർ കൂടി വരുന്നു.കാഞ്ഞിരനു വേണ്ടി തത്ത എടുത്ത ശീട്ടിലെ ചിത്രം രാവണന്റെതാണ്.കെട്ടകാലം വരാ³ പോവുകയാണെന്നതിന്റെ ലക്ഷണമാണെന്നും രാവണനെപ്പോലൊരുത്തൻ ഭാര്യയെ ചുറ്റിപ്പറ്റി നടപ്പുണ്ടെന്നും സൂക്ഷിക്കണമെന്നും ഭാര്യ സീതാദേവിയെപ്പോലൊരുത്തിയാണെങ്കിലും രാവണൻ ചില്ലറക്കാരനല്ലെന്നും പറയുന്നു.കേട്ടുനിൽക്കുന്ന ഒന്നുരണ്ടുപേർ അർത്ഥം വെച്ചുമൂളിക്കൊണ്ട് ചിരിക്കുന്നു.കാഞ്ഞിരൻ ആകെ തകർന്നുപോവുന്നു.

25

ദു:ഖിതനായി ആകെ തകർന്നിരിക്കുന്ന കാഞ്ഞിരൻ.വീട്ടിൽ രണ്ട് ദിവസം മുമ്പ് ്‌തെയ്യത്തിന് പിരിവ് വാങ്ങാൻ വന്നവരിലൊരാൾ അയാളുടെ അരികിലെത്തുന്നു.അയാൾ കാഞ്ഞിരനോട് കൊച്ച എവിടെ എന്നന്വേഷിക്കുന്നു.കാഞ്ഞിരൻ കൂടുതൽ ബേജാറാവുന്നു.

26

തെയ്യത്തിന്റെ കയ്യിൽ നിന്ന് കുറിയും വാങ്ങി തിരിച്ചെത്തുന്ന കൊച്ച.അവളോട് 'നമ്മക്ക് വേം പോവാം' എന്ന് കാഞ്ഞിരൻ തിരക്ക് കൂട്ടുന്നു.അയാളുടെ തിരക്കിന്റെയും ബേജാറിന്റെയും കാരണം കൊച്ചയ്ക്ക് പിടി കിട്ടുന്നില്ല.

27

രാത്രി.
ചാളയിൽ പായയിൽ തൊട്ടുരുമ്മിക്കിടക്കുന്ന കൊച്ചയും കാഞ്ഞിരനും.കൊച്ച നല്ല ഉറക്കത്തിലാണ്.കാഞ്ഞിരൻ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നു.പിന്നെ കൊച്ചയെ തന്നോട് പിടിച്ചടുപ്പിക്കാ³ ശ്രമിക്കുന്നു.ഉറക്കത്തിൽ കൊച്ച അയാളുടെ കൈ തട്ടിമാറ്റുന്നു.കാഞ്ഞിരൻ കടുത്ത നിരാശയോടെ തിരിഞ്ഞുകിടക്കുന്നു.

28

രാത്രി.
നേർത്ത നിലാവിൽ ചാളയ്ക്ക് വെളിയിലെ കാഴ്ചകൾ.പ്രത്യേകമായ മനോവിഷമമുണ്ടാക്കുന്ന ദൃശ്യങ്ങൾ ഒന്നുമില്ലെങ്കിലും വാഴയും മാവും നാട്ടുവഴിയുമെല്ലാം അരണ്ട വെളിച്ചത്തിൽ വിഷാദജനകമായ ദൃശ്യങ്ങളായി മാറുന്നു.

29

ചാളയ്ക്കുള്ളിൽ ഉറക്കത്തിലമർന്ന കാഞ്ഞിരൻ കാണുന്ന സ്വ്പനം.
നിലാവ് വീണ പുഴയിൽ വിചിത്രരൂപമുള്ള ഒരു തോണി തുഴഞ്ഞു പോകുന്ന കാഞ്ഞിരനും കൊച്ചയും.കാഞ്ഞിരൻ അവളെ പിടിക്കാൻ ആയുമ്പോൾ തോണി ചെരിഞ്ഞ് പുഴയിലേക്ക് വീഴുന്നു.എഴുന്നേറ്റ് തലയുയർത്തി നോക്കുന്ന കാഞ്ഞിരൻ കരുത്തുറ്റ ശരീരമുള്ള ഒരാൾ (മുഖം വ്യക്തമല്ലെങ്കിലും ആകാരവടിവ് കേളപ്പന്റെതു തന്നെ)കൊച്ചയെയും മടിയിലിരുത്തി തുഴഞ്ഞു പോവുന്നത് കാണുന്നു.ആഞ്ഞുയർന്ന ഒരു തിരയിൽ കാഞ്ഞിരൻ മുങ്ങിപ്പോവുന്നു
.

30

ഞെട്ടിയുണരുന്ന കാഞ്ഞിരൻ.അയാളുടെ സംസാരത്തിൽ നിന്ന് കൊച്ചയ്ക്ക് ഒന്നും മനസ്സിലാവുന്നില്ല.കാഞ്ഞിരന്റെ കണ്ണിൽ നിന്ന് വലിയൊരു കണ്ണുനീർത്തുള്ളി അടർന്നുവീഴുമ്പോൾ കൊച്ച അയാളെ കെട്ടിപ്പിടിച്ചു കരയുന്നു.

31
രാത്രി.
അങ്ങിങ്ങ് ഒറ്റയൊറ്റ നക്ഷത്രങ്ങൾ മാത്രമുള്ള ആകാശത്തിനു ചുവടെ  വിശാലമായൊരു വയൽപ്പരപ്പിന്റെ ഇരുണ്ട ദൃശ്യം,
ഒഴുകിനീങ്ങുന്ന ഇരുൾ പോലെ പുഴ.പുഴക്കരയിലെ തെങ്ങുകൾ ശക്തിയായ കാറ്റിൽ ആടിയുലയുന്നു.


32.
ചാള
അതിരാവിലെ കുരിയയുമായി ചെമ്മീൻതപ്പാൻ പുറപ്പെടുന്ന കൊച്ച.'പോവേണ്ട' എന്ന് പറയാൻ തുടങ്ങുന്ന കാഞ്ഞിരന് അത് മുഴുമിപ്പിക്കാനാവുന്നില്ല.കൊച്ച പോയ്ക്കഴിഞ്ഞപ്പോൾ അയാൾ തലയ്ക്ക് കയ്യും കൊടുത്ത് ആകെ തകർന്നതുപോലെ ഇരിക്കുന്നു.

33

പകൽവെളിച്ചം പരന്നുതുടങ്ങുന്നു.പതുക്കെ  ചാളയുടെ മുറ്റത്തേക്കിറങ്ങുന്ന കാഞ്ഞിരൻ.
മുറ്റം കഴിഞ്ഞുള്ള വഴിയിലൂടെ തിരക്കിട്ട് താന്താങ്ങളുടെ പണിസ്ഥലത്തേക്ക് പോവുന്ന ആണുങ്ങളും പെണ്ണുങ്ങളും.
ഹോയ്,കാഞ്ഞിരേട്ടാ പണിക്ക് വരുന്നോ എന്ന് വഴിയിലൂടെ പോവുന്ന ഒരാൾ തമാശയായി വിളിച്ചു ചോദിക്കുന്നു.മറുപടിക്ക് കാത്തുനിൽക്കാതെ അയാളും കൂടെയുള്ള ആളും ചിരിച്ചകലുമ്പോൾ കാഞ്ഞിരൻ കണ്ണുകൾക്ക് ഇത്തിരി വെളിച്ചം കിട്ടാൻ അതിയായി വെപ്രാളപ്പെട്ടിട്ടെന്ന പോലെ തല ആകാശത്തിനു നേരെ ഉയർത്തിപ്പിടിച്ച് ഒരേ നിൽപ് നിൽക്കുന്നു.
34
നട്ടുച്ച
കൊപ്രക്കളത്തിൽ പണിയെടുക്കുന്ന കൊച്ച.അവൾ വലിയൊരു കൊട്ടയിൽ കൊപ്ര കൊണ്ടുവന്ന് കളത്തിലിട്ട് വട്ടത്തിൽ ചിക്കുന്നു.ആ വട്ടം അനിയന്ത്രിതമായെന്നോണം വലുതായിക്കൊണ്ടിരിക്കുന്നു.അതിനു നടുവിൽ കാണെക്കാണെ കൊച്ചയുടെ രൂപം തീരെ ചെറുതാവുന്നു.

35
കാഞ്ഞിരന്റെ ചാള
ചാളയ്ക്കുള്ളിൽ കാഞ്ഞിരൻ എന്തോ ഒക്കെ ആലോചിച്ച് ആധിപിടിച്ച് നടക്കുകയാണ്.അയാളുടെ ഉള്ളിലൂടെ മങ്ങിയ വെളിച്ചത്തിലൂടെ പലതും കടന്നുപോവുന്നു.തുടർച്ചയോ പരസ്പരബന്ധമോ ഇല്ലാത്ത അവ്യക്തമായ കാഴ്ചകൾ.അതിൽ വയലിൽ പണിയെടുക്കുന്ന ആണും പെണ്ണും പുഴക്കടവിലെ ചായപ്പീടികയും നാട്ടുവഴിയിലൂടെ പോകുന്ന 'ഏളത്തും' പെരുമഴയിലൂടെ പാഞ്ഞുവരുന്ന മാരിത്തെയ്യങ്ങളുമെല്ലാം ഉണ്ട്.പിന്നെ,വെട്ടിത്തിളങ്ങുന്ന വെയിലിൽ നാവിൽ ശൂലം തറച്ച് കയ്യിൽ ഭസ്മപ്പാത്രവുമായി വിജനമായ ഒരു വഴിയിലൂടെ വിയർത്തൊലിച്ച് നടന്നുപോവുന്ന തന്നെത്തന്നെ കാഞ്ഞിരൻ കാണുന്നു.അയാൾ കുന്ന് കയറുന്നു.ഇറങ്ങുന്നു.അങ്ങനെ പോവുമ്പോൾ ഒരു പറമ്പിൽ തെങ്ങേറുന്ന കേളപ്പനെയും തെങ്ങിനു ചുവട്ടിൽ സ്വയം മറന്നതുപോലെ ചിരിച്ച് നിൽക്കുന്ന കൊച്ചയെയും കാണുന്നു.കാഞ്ഞിരൻ ഞെട്ടിത്തരിച്ചു നിൽക്കുന്നു.അയാളുടെ നാവിലെ ശൂലവും കയ്യിലെ ഭസ്മപ്പാത്രവുമെല്ലാം അപ്രത്യക്ഷമാവുന്നു.അയാൾ വീണ്ടും നടക്കുന്നു.നടത്തം വൃത്തത്തിലാവുന്നു.ക്രമത്തിൽ അതിന് വേഗമേറുന്നു.അയാൾ ഭ്രാന്തമായ വേഗത്തിൽ വൃത്തത്തിൽ നടന്നുകൊണ്ടേയിരിക്കുന്നു.പതുക്കെപ്പതുക്കെ വൃത്തം ചെറുതാവുന്നു.തലചുറ്റൽ വന്നതുപോലെ കാഞ്ഞിരൻ നിലത്തിരിക്കുന്നു.പിന്നെ നിലത്തേയ്ക്ക് ചായുന്നു.
36

വൈകുന്നേരം.
പണി കഴിഞ്ഞെത്തുന്ന കൊച്ച.ചാള തുറന്നുകിടക്കുന്നതുകണ്ട് അവൾ പരിഭ്രാന്തിയോടെ അകത്തുചെല്ലുന്നു.തറയിൽ വീണുകിടന്ന് ഉറങ്ങുന്ന കാഞ്ഞിരനെ കാണുന്നു.അയാളെ പരിഭ്രാന്തിയോടെ വിളിച്ചെഴുന്നേൽപിക്കുന്നു.അയാൾ കഞ്ഞികുടിച്ചില്ലെന്നറിയുമ്പോൾ അവൾ ദ്വേഷ്യപ്പെടുന്നു.

37

സന്ധ്യ
കേളപ്പൻ കുന്നിറങ്ങി വരുന്നു.കുടിച്ചു പൂസ്സായ ഒരു കുടിയിൻ കൂടെയുണ്ട്.അയാൾ നാട്ടിലെ ഒരു സ്ത്രീയെപ്പറ്റി പരദൂഷണം പറയുന്നു.അത് മുഴുമിപ്പിക്കാനാവാതെ വീണ്ടും ആരംഭം മുതൽ പറഞ്ഞു തുടങ്ങുന്നു.പിന്നെ പറഞ്ഞുവന്നത് മറന്നുപോയതുപോലെ മറ്റെന്തോ ഒക്കെ പറയുന്നു.നേരം എത്രയായീ,വേം പോയി കുടിയടങ്ങ് എന്നു പറഞ്ഞ് കേളപ്പൻ വല്ലപാടും അയാളെ പറഞ്ഞയക്കുന്നു.

38

കാഞ്ഞിരന്റെ ചാളയിലെത്തുന്ന കേളപ്പൻ.കൊച്ച കോലായിലിരുന്ന് പായ മെടയുകയാണ്.കേളപ്പനെ കണ്ട് അവൾ എഴുന്നേൽക്കുന്നു.അകത്തേക്ക് പോയി കാഞ്ഞിരനെ വിളിക്കുന്നു.കാഞ്ഞിരൻ നിരുന്മേഷനായി ഇറയത്തേക്ക് വരുന്നു.കേളപ്പൻ അയാൾക്ക് പതിവുപോലെ കള്ളൊഴിച്ച് കൊടുക്കുന്നു.പിന്നെ അങ്ങാടിയിൽ നിന്ന് വാങ്ങിയ വിശിഷ്ടസാധനമെന്ന പോലെ രണ്ടുപേർക്കും ഓരോ ബിസ്‌കറ്റ് കൊടുക്കുന്നു.അൽപനേരം വർത്തമാനം പറഞ്ഞ് കേളപ്പൻ പോകുന്നു.കാഞ്ഞിരൻ ആകെ അസ്വസ്ഥനാണ്.

39

രാത്രി.
ഉറങ്ങിക്കിടക്കുന്ന കാഞ്ഞിരനും കൊച്ചയും.പുറത്ത് ആരോ ഒക്കെ പാഞ്ഞുപോവുന്ന ശബ്ദം കേട്ട് കാഞ്ഞിരൻ എഴുന്നേറ്റ് വാതിൽ തുറന്ന് പുറത്തേക്കിറങ്ങുന്നു.പിന്നെ അകത്തുവന്ന് കിടക്കുന്നു.എന്തോ ഒക്കെ ശബ്ദം കേട്ടെന്നു പറഞ്ഞ് ഉറക്കം കളഞ്ഞതിന് കൊച്ച അയാളോട് ദ്വേഷ്യപ്പെടുന്നു.

40

ഉറക്കം വരാതെ കിടക്കുന്ന കാഞ്ഞിരൻ.അയാളുടെ കാഴ്ചയിൽ ഒരു നിഴൽനാടകം.തിരശ്ശീലയിൽ രാവണൻ അലറുന്നു.രാമൻ അമ്പെയ്ത് അയാളുടെ പത്ത് തലകൾ ഒന്നൊന്നായി വീഴ്ത്തുന്നു.അബോധമായി കൈകൾ ചുരുട്ടി മുരണ്ടെണീക്കുന്ന കാഞ്ഞിരൻ.

41
നേരം വെളുത്തുതുടങ്ങുന്നതേ ഉള്ളൂ.
കാഞ്ഞിരന്റെ ചാള
മുറ്റത്ത് തലയുയർത്തി നടക്കുന്ന ഒരു പൂവൻകോഴി
മുന്നിലെ വഴിയിലൂടെ തലവഴി മുണ്ട് പുതച്ച രണ്ട് പുരുഷന്മാർ ബീഡിയും വലിച്ച് നടന്നുപോവുന്നു.

42

ചാളയുടെ അടുക്കളയിൽ കൊച്ച കഞ്ഞിക്ക് വെള്ളം വെക്കുന്നു.ഉറക്കച്ചടവോടെ എഴുന്നേറ്റ് വന്ന കാഞ്ഞിരൻ കേളപ്പനെ 'അവില് കൊഴക്കാൻ' ക്ഷണിക്കേണ്ട കാര്യം പറയുന്നു.കൊച്ച താൽപര്യത്തോടെ മൂളുന്നു.
കാഞ്ഞിരൻ ഇറയത്തേക്കും പിന്നെ മുറ്റത്തേക്കും ഇറങ്ങുന്നു.
വഴിയിലൂടെ പോകുന്ന ഒരാൾ അയാളോട് ലോഹ്യം പറയുന്നു.

43

പകൽ
'അടുപ്പില്‌ കത്തിക്കാൻ ഒന്നും ഇല്ല.ഞാൻ പോയി ലേശം ഇല്ലി പൊട്ടിച്ചിറ്റ് വെരാെ'ന്നു പറഞ്ഞ് ഒരു ചൂടിക്കയറും തെരിയയുമെടുത്ത് കൊച്ച പുറത്തേക്ക് പോവുന്നു.
ചാളയ്ക്കുള്ളിൽ അസ്വസ്ഥനായി നിൽക്കുന്ന കാഞ്ഞിരൻ.എന്തു ചെയ്യണമെന്നറിയാതെ അയാൾ അങ്ങുമിങ്ങും നടക്കുന്നു.പിന്നെ എന്തോ ഓർമ വന്നതുപോലെ അടുക്കളയിലേക്ക് ചെല്ലുന്നു.അടുപ്പിൻതിണ്ണയിലും താഴെയുമെല്ലാം എന്തോ തപ്പുന്നു.ഉദ്ദേശിച്ചത് കണ്ടെത്താതെ പരവശനാവുന്നു.വിയർത്തൊലിക്കുന്നു.പല്ല് കടിക്കുന്നു.

44

ഉച്ച.
കാഞ്ഞിരൻ കോലായിൽ.മുറ്റത്തെ മാവിന്റെ നിഴൽ കുറുകിയിരിക്കുന്നു.
'കോയീനെയോ ആടിനെയോ കൊടുക്കാനുണ്ടോ' എന്ന് ചോദിച്ച് ഒരാൾ വരുന്നു.കാഞ്ഞിരൻ ഇല്ല എന്നു പറഞ്ഞ് അയാളെ പെട്ടെന്ന് പറഞ്ഞയക്കുന്നു.
മുറ്റത്തിറങ്ങി വെയിൽ കൊള്ളുന്ന കാഞ്ഞിരൻ.അയാളുടെ ഓർമയിൽ പുലിമറഞ്ഞ തൊണ്ടച്ചന്റെ തോറ്റം പാട്ടിലെ ഏതാനും വരികൾ മുഴങ്ങുന്നു.
കാഞ്ഞിരൻ ഇറയത്തു കയറുന്നു.കൊച്ച വലിയൊരു വിറകിൻകെട്ടുമായി വരുന്നു.നീയേട്യാ പോയത്.'ഇല്ലീം പൊട്ടിച്ച് വെരാൻ ഇത്രയ്ക്ക് നേരം വേണോ എന്നു ചോദിച്ചും ' ഏയിനും ബേണം  ഒരു കണക്ക് 'എന്നും മറ്റും പറഞ്ഞും കാഞ്ഞിരൻ തട്ടിക്കയറുന്നു.'ഓരോ നേരോം ഇല്ലിക്ക് പായാൻ ഞാൻ തന്നെ ബേണ്ടേ.കൊറച്ചീസത്തേക്ക്ള്ളത് ഒന്നിച്ച് പൊട്ടിച്ചോണ്ടന്നാ എന്ത്ന്നാ കൊയപ്പം' എന്ന് കൊച്ച മറുപടി പറയുന്നു.കാഞ്ഞിരൻ മറുത്തൊന്നും പറയുന്നില്ലെങ്കിലും അയാളുടെ രോഷത്തിന് കുറവ് വന്നിട്ടില്ലെന്ന് മുഖഭാവത്തിലും അമർത്തിയുള്ള മൂളലിലും നിന്ന് വ്യക്തമാവുന്നു.
 ഉള്ളംകൈ കൊണ്ട് ഒന്നുരണ്ടു വട്ടം മുഖം തുടച്ച് സ്വയം ദ്വേഷ്യത്തിന് ശമനം വരുത്തിയതായി ഭാവിച്ച അയാൾ വൈകുന്നേരം കേളപ്പനു വേണ്ടി അവില് കൊഴക്കേണ്ട കാര്യം വീണ്ടും പറയുന്നു.'പറഞ്ഞതന്നെ പറഞ്ഞോണ്ട്ക്കല്ല' എന്നു പറഞ്ഞ് കൊച്ച ദ്വേഷ്യപ്പെടുന്നു.



45

സന്ധ്യ
കാഞ്ഞിരന്റെ ചാള.
ഈർക്കിലിൽ കോർത്ത വലിയ മീനുമായി കേളപ്പൻ വരുന്നു.കാഞ്ഞിരനെ വിളിച്ച് ' ദാ ,നോക്ക് ചെമ്പല്ലിയാ.പെടപെടക്ക്ന്ന്ണ്ട് 'എന്നു പറയുന്നു.കാഞ്ഞിരൻ മീനിനെ തൊട്ടു നോക്കുന്നു.കൊച്ച വന്ന് സന്തോഷം പ്രകടിപ്പിച്ച് കേളപ്പന്റെ കയ്യിൽ നിന്ന് മീനിനെ വാങ്ങി അകത്തേക്ക് പോവുന്നു
'നീയത് മുറിച്ച് ഉപ്പും മൊളകും പൊരട്ടി വെക്ക്.എന്നിറ്റ് വേണം നമ്മക്ക് അവില് കൊയക്കാൻ' എന്ന് കാഞ്ഞിരൻ  പറയുന്നു.
കേളപ്പൻ പതിവുപോലെ കാഞ്ഞിരന് കള്ളൊഴിച്ച് കൊടുക്കുന്നു.പിന്നെ അവരിരുവരും അൽപസ്ലപം നാട്ടിവർത്തമാനം പറയുന്നു..
വഴിയെ പോവുന്ന ഒരാൾ ' കേളപ്പേട്ടാ നിങ്ങയറഞ്ഞില്ലേ കുന്നുംപുറത്ത്ന്ന് ദാ,ഇപ്പം ഒരു പെരുമ്പാമ്പിനെ പിടിച്ചിറ്റ്ണ്ട്‌'
 എന്ന് വിളിച്ചു പറയുന്നു.പാമ്പിന്റെ ഭയങ്കരമായ വണ്ണം,നീളം എന്നീ സംഗതികളെപ്പറ്റിക്കൂടി വിസ്തരിച്ച ശേഷം അയാൾ നടന്നകലുന്നു.ബാ,'നമ്മക്ക് അവിലിന്റെ പണി നോക്കാം' എന്നു പറഞ്ഞ് കാഞ്ഞിരൻ എഴുന്നേൽക്കുന്നു.

46

ചാളയ്ക്കുള്ളിൽ കാഞ്ഞിരനും കേളപ്പനും രണ്ട് പലകയിട്ട് ഇരിക്കുന്നു.അവർക്കു മുന്നിൽ രണ്ട് ഇലച്ചീന്ത് കൊണ്ടുവന്നു വെച്ചിട്ടുണ്ട്.
കുറച്ച് മുന്നിലായി കത്തിച്ചുവെച്ച ഒരു മുട്ടവിളക്ക് .
കൊച്ച കിണ്ണത്തിൽ അവിലും പിഞ്ഞാണത്തിൽ തേങ്ങ ചിരവിയതും വെല്ലവും കൊണ്ടുവന്നു വെക്കുന്നു.
കാഞ്ഞിരൻ മറന്നുപോയതെന്തോ എടുക്കാൻ എന്ന പോലെ എഴുന്നേറ്റ് ഒരു മൂലയിലേക്ക് പോയി അവിടെ ചുരുട്ടിവെച്ച ഒരു പായക്കുള്ളിൽനിന്ന് കത്തിയാൾ പുറത്തെടുക്കുന്നു.എന്തു സംഭവിക്കുന്നു എന്ന് ആലോചിക്കാൻ ഇട കിട്ടാത്ത വേഗത്തിൽ അയാൾ കേളപ്പനെ ആക്രമിക്കുന്നു.തലങ്ങും വിലങ്ങും അയാളെ വെട്ടുന്നു. ഭയങ്കരമായി അലറിവിളിച്ച് എഴുന്നേറ്റ് നിൽക്കാൻ ശ്രമിക്കുന്ന കേളപ്പൻ ചോരയുടെ മരം പോലെ നിലത്തുവീഴുന്നു.

47

അകത്തുനിന്ന് നിലവിളിച്ചോടിയെത്തുന്ന കൊച്ച.ഒച്ച കേട്ട്  ഓടിയെത്തിയ
അയൽവക്കത്തെ രണ്ട് സ്ത്രീകൾ അവളെ പുറത്തേക്ക് വലിച്ചുകൊണ്ടുപോവുന്നു.കാഞ്ഞിരൻ ഒരു മൂലയ്ക്ക് ചോരയിറ്റുന്ന കത്തിയാളുമായി അടിമുടി വിറച്ചുകൊണ്ട് നിൽക്കുന്നു.പുറത്ത് ചെറിയ ഒരാൾക്കൂട്ടം രൂപപ്പെടുന്നു.ആരൊക്കെയോ എങ്ങോട്ടൊക്കെയോ ഓടുന്നു.ആൾക്കൂട്ടം വലുതായിത്തുടങ്ങുന്നു.


48

കുരച്ച് ഓടിയടുക്കുന്ന  നായ്ക്കൾ.
ആരൊക്കെയോ അവയെ കല്ലെറിഞ്ഞും ഒച്ചവെച്ചും ഓടിക്കുന്നു.
ആളുകളെ ലാത്തികൊണ്ട് തള്ളിമാറ്റി നാലഞ്ച് പോലീസുകാർ കാഞ്ഞിരന്റെ ചാളയിലേക്ക് കയറുന്നു.അവരിലൊരാൾ കാഞ്ഞിരനെ അടിച്ച് നിലത്തിടുന്നു.രണ്ടുപേർ അയാളെ വലിച്ചിഴച്ച് പുറത്തെത്തിക്കുന്നു.മറ്റ് രണ്ടുപേർ കേളപ്പന്റെ ജഡത്തിനരികെത്തന്നെ നിൽക്കുന്നു.
ചാളയ്ക്കുള്ളിൽ നിന്ന് പുറത്തേക്കൊഴുകിയിറങ്ങുന്ന ചോര
49

പുറത്ത്   ഉൽക്കണ്ഠാഭരിതരായി കാത്തു നിൽക്കുന്ന സ്ത്രീകൾ.പുരുഷന്മാർ,കുട്ടികൾ
ഇരുണ്ട ആകാശത്തിനു ചുവടെ ഒരു കാക്ക കരഞ്ഞുവിളിച്ച് പറന്നകലുന്നു.




II

1

രാത്രി
തണ്ണീർപന്തലിൽ ഒതേനനും കരുണനും.
താൻ ഒരു കൊല്ലം ജയിലിൽ കിടന്നെന്നും പിന്നെ തൂക്കിക്കൊല്ലപ്പെട്ടെന്നും ഒതേനൻ പറയുന്നു.സംസാരം മുന്നോട്ടുപോവാൻ തുടങ്ങുമ്പോൾ കരുണൻ കരയുന്നു.
ഇരുവരെയും കിടുക്കിക്കൊണ്ട് പറന്നുകയറിയ ഒരു കടവാതിൽ തണ്ണീർപന്തലിൽ ഒന്നുകറങ്ങിപ്പറന്ന് വന്ന വേഗത്തിൽത്തന്നെ മടങ്ങിപ്പോവുന്നു.
അല്പനേരം ഇരുവരും പരസ്പരം നോക്കിനിൽക്കുന്നു.
പുറത്ത് നിലാവ് മങ്ങുന്നു.
ഒതേനനും കരുണനും ഇരുണ്ട രൂപങ്ങളായി മാറുന്നു.കരുണന്റെ രൂപം ഇപ്പോൾ കുനിഞ്ഞിരിക്കുന്ന ഒരു സ്ത്രീയുടെ നിഴൽപോലെയാണ്.
കഴിഞ്ഞ ജന്മത്തിൽ താൻ കൊച്ചയായിരുന്നുവെന്ന് കരുണൻ കഥ പറയാൻ തുടങ്ങുന്നു.

2

കരുണൻ കഥ പറയുന്നു
കാഞ്ഞിരന്റെ വിവാഹജീവിതത്തിലെ ആദ്യനാളുകളിലെ ആനന്ദവും കൊച്ചയോടുള്ള അയാളുടെ അടുപ്പവും വ്യക്തമാക്കുന്ന ചെറിയ ചെറിയ ദൃശ്യങ്ങൾ.

3

പകൽ
മലമുകളിൽ പുനംകൃഷി നടക്കുന്ന ഒരിടത്ത് കൊച്ചയും കാഞ്ഞിരനും.കൃഷിപ്പണിയുടെ ദൃശ്യങ്ങൾ.പണി കഴിഞ്ഞുവന്ന് ചായ്പ്പിൽ കഴിയുമ്പോഴുള്ള ആനന്ദകരമായ നിമിഷങ്ങൾ.

4

വസൂരി വന്നതിൽപ്പിന്നെ എല്ലാം മാറിമറിഞ്ഞുവെന്നും നിങ്ങൾ ഏത് നേരത്തും സങ്കടത്തോടെ ഇരിക്കുന്ന അവസ്ഥ വന്നെന്നും കൊച്ച പറയുന്നു.കാഞ്ഞിരന് കുറച്ചെങ്കിലും സന്തോഷം ഉണ്ടാവട്ടെ എന്ന് കരുതിയാണ് കേളപ്പേട്ടനെ താൻ കള്ളിന് ഏൽപിച്ചതെന്നും ആദ്യമൊക്കെ കേളപ്പേട്ടനുമായി നല്ല ചങ്ങായിത്തമായിരുന്നുവെന്നും ഓറ് വെരുമ്പം മാത്രാണ് നിങ്ങക്ക് ഉശാറ് കണ്ടതെന്നും എന്തൊരു ചിരിയും വർത്താനം പറച്ചിലുമായിരുന്നെന്നും കൊച്ച കഥ തുടരുന്നു.

5

സന്ധ്യ
ചാളയുടെ ഇറയത്തിരുന്ന് കേളപ്പൻ കാഞ്ഞിരന് കള്ള് ഒഴിച്ചുകൊടുക്കുന്നു.താൻ അന്ന് ചെത്താൻ കയറിയപ്പോൾ തെങ്ങിന്റെ മണ്ടയക്ക് ഒരു തേളിനെ കണ്ട കാര്യം കേളപ്പൻ പറയുന്നു.അത് അവിടെ വെച്ചെങ്ങാനും തന്നെ കുത്തിയിരുന്നെങ്കിലത്തെ കഥ പറഞ്ഞ് അയാൾ ചിരിക്കുന്നു.കാഞ്ഞിരനും ചിരിയിൽ പങ്കുചേരുന്നു.


6
കൊച്ചയുടെ(കരുണന്റെ)സംസാരം തുടരുന്നു.പിന്നെപ്പിന്നെ കാഞ്ഞിരന്റെ സ്വഭാവം മാറിത്തുടങ്ങി എന്നും ഏത് നേരത്തും തന്നെ സംശയിക്കാനും ഉപദ്രവിക്കാനും തുടങ്ങി എന്നും അരങ്ങാറ്റിന് പോയി വന്നതിൽപ്പിന്നെയാണ് കാഞ്ഞിരന്റെ സ്വഭാവം തീരെ മോശമായതെന്നും അതിന്റെ കാരണം തനിക്കറിയില്ലെന്നും കൊച്ച പറയുന്നു.അന്നത്തെ ആ പോക്കും വരവും ഭയങ്കരമായിരുന്നുവെന്നും അവൾ ഓർക്കുന്നു.


7.

രാത്രി.
ചാളയിൽ ഉറങ്ങാൻ കിടന്നിടത്തുനിന്ന് കൊച്ച ഇളയൊമ്മിയുടെ മകന്റെ അരങ്ങാറ്റിന് പോകേണ്ട കാര്യം പറയുന്നു.'അതിന് പോവേണ്ട,തനിക്ക് അത്രയും ദൂരം പോവാനാവില്ല' എന്ന് കാഞ്ഞിരൻ പറയുന്നു.കൊച്ച പിന്നെയും പി്‌ന്നെയും നിർബന്ധിച്ചതുകൊണ്ടു മാത്രം ഒടുവിൽ അയാൾ മനമില്ലാമനസ്സോടെ സമ്മതം മൂളുന്നു.

8

രാവിലെ
കൊച്ചയും കാഞ്ഞിരനും ഇളയൊമ്മിയുടെ അടുത്തേക്ക് യാത്ര പുറപ്പെടുന്നു.ഈ യാത്രയിൽ ഉടനീളം താൻ അപമാനിക്കപ്പെടുന്നതായാണ് കാഞ്ഞിരന് തോന്നുന്നത്.നിസ്സാരസംഗതികൾ പോലും അയാളെ തളർത്തുന്നു.

9

പകൽ.
കുന്നുകയറുന്ന കാഞ്ഞിരനും കൊച്ചയും.കുന്നിന്റെ പള്ളയിലെ ഒരു മരത്തിൽ നിന്ന് കോമാളിയെപ്പോലൊരു ചെറുപ്പക്കാരൻ ഒന്നു കൂവി വിളിച്ച് ഇറങ്ങിവരുന്നു.കുന്നിന്റെ അങ്ങേ ഭാഗത്തെ ഇറക്കത്തിൽ കഴിഞ്ഞ ദിവസം നരിയിറങ്ങിയിരുന്നുവെന്നും താൻ വേണമെങ്കിൽ ഇറക്കം കടത്തി അപ്പുറം വിടാമെന്നും അവൻ പറയുന്നു.കൊച്ചയോട് മാത്രമാണ് അവന്റെ സംസാരം.കാഞ്ഞിരനെ അത് പ്രകോപിപ്പിക്കുന്നു.  'നിന്റെ സഹായമൊന്നും വേണ്ടെ'ന്നു പറഞ്ഞ് അവനെ ഒഴിവാക്കി അവർ നടക്കുന്നു.

10.

വയലോരത്തെ സ്‌കൂളിനു മുന്നിലൂടെ കൊച്ചയും കാഞ്ഞിരനും പോവുന്നു.കുട്ടികൾ കളിക്കുന്നത് നോക്കിയും പാട്ട് പാടുന്നതുകേട്ടും കൊച്ച നിന്നുപോവുന്നു.കാഞ്ഞിരൻ അവളെ പിടിച്ചുവലിച്ച് നടക്കുന്നു.

11
സന്ധ്യ
നടത്തം തുടരുന്ന കാഞ്ഞിരനും കൊച്ചയും.കാലിമേച്ച് മടങ്ങുന്ന കുട്ടികൾ 'കുരുടനും ഓളും പോവുന്നു' എന്ന് പറഞ്ഞ് കൂവിവിളിക്കുന്നു.കാഞ്ഞിരൻ വ്ല്ലാതെ അസ്വസ്ഥനാവുന്നു.


12

അന്തിമിനുക്കം മാഞ്ഞുതുടങ്ങുമ്പോൾ കൊച്ചയും കാഞ്ഞിരനും ഇളയൊമ്മിയുടെ ചാളയ്ക്കരികിൽ എത്തുന്നു.അവിടത്തെ ഒരുക്കങ്ങളുടെ വിശദാംശങ്ങൾ.ഇളയൊമ്മി വന്ന് അവരെ കൂട്ടിക്കൊണ്ടു പോവുന്നു.ഇളയൊമ്മിയും കൊച്ചയുടെ ബന്ധുക്കളായ മറ്റു ചില സ്ത്രീകളും അവൾ വല്ലാതെ ക്ഷീണിച്ചുപോയെന്നും മറ്റും പറയുന്നു.ചിലരുടെ പറച്ചിലിൽ കാഞ്ഞിരനു നേരെയുള്ള കടുത്ത ചില കുത്തുവാക്കുകളും ഉണ്ട്.ഓരോ പറച്ചിലും കാഞ്ഞിരനെ കൂടുതൽ കൂടുതൽ തളർത്തുന്നു.

13

സന്ധ്യ.
പുലയൻ കുരിക്കൾ ദീപം വെച്ച് പൂജ നടത്തുന്നു.ഇളയൊമ്മിയുടെ മകൻ കാഞ്ഞനെ അയാൾ ഭസ്മം പൂശി പുറത്തേക്കയക്കുന്നു.അവൻ കുറച്ചു നേരം പ്രത്യേക താളത്തിൽ ചുവടുകൾ വെക്കുന്നു.പിന്നെ അച്ഛന്റെ കയ്യിൽ നിന്ന് ഒരു കിഴി വാങ്ങി പൂജാരിക്ക് കൊടുക്കുന്നു.
ചോറിനു സമയമായെന്നും എല്ലാവരും ഇരിക്കണമെന്നും അറിയിപ്പ് വരുന്നു.
ചോറ് വിളമ്പാനുള്ള ഒരുക്കങ്ങൾ

14

ചാളയുടെ വടക്കുവശത്ത് ഭക്ഷണമൊരുക്കുന്നിടത്തെ തിരക്കും ബഹളവും.

15

എളയൊമ്മി ചാളയുടെ മുന്നിൽ തന്നെയുള്ള സുബ്രഹ്മണ്യൻ കോവിലിലേക്ക് പോവുന്നു.അവർ അവിടെ വിളക്ക് വെച്ച് പ്രാർത്ഥിക്കുന്നു.പി്‌ന്നെ ചെറുതായി ഉറഞ്ഞു തുള്ളുന്നു.കാഞ്ഞൻ സ്വയം മറന്നെന്ന പോലെ നിൽക്കുന്നു.
16

നക്ഷത്രഭരിതമായ ആകാശത്തിനു ചുവടെ വയൽക്കരയിൽ ചാളയുടെ ദൃശ്യം

17

രാവിലെ.
കാഞ്ഞൻ പുതിയ മുണ്ടുടുത്ത് സഹായികളുടെയും മുതിർന്നവരുടെയും കൂടെ ആചാരപരമായി വയലിലേക്ക് പുറപ്പെടുന്നു.


18

കാഞ്ഞനും മറ്റുള്ളവരും പോവുന്നത് കൊച്ച നോക്കിനിൽക്കുന്നു.കാഞ്ഞിരൻ അടുത്തു തന്നെയുണ്ട്.
അവർ കാഴ്ചയിൽ നിന്ന് മറയുമ്പോൾ 'ബാ,നമ്മക്ക് പോവാം' എന്നു പറഞ്ഞ് കൊച്ച കാഞ്ഞിരന്റെ കൈ പിടിക്കുന്നു.
എളയൊമ്മിയോടും മറ്റുള്ളവരോടും യാത്ര പറഞ്ഞ് കൊച്ചയും കാഞ്ഞിരനും ഇറങ്ങുന്നു

19
കത്തുന്ന പകൽ
വിണ്ടുണങ്ങിയ വയൽ
കൊച്ചയും കാഞ്ഞിരനും വയൽവരമ്പത്തൂടെ ഓരോന്ന് പറഞ്ഞ് വിയർത്തൊലിച്ച് നടക്കുന്നു.

20

വയലിന്റെ അങ്ങേയറ്റത്ത് ഒരു കൂട്ടം ആളുകളെ കണ്ടുതുടങ്ങുന്നു.എല്ലാവരും തലയിൽ മുണ്ടിട്ടിട്ടുണ്ട്.അവർ അടുത്തെത്തും മുമ്പേ കാഞ്ഞിരനും കൊച്ചയും വരമ്പത്തു നിന്ന് ഇറങ്ങി നിൽക്കുന്നു.മുണ്ടിട്ട ആളുകൾ അവരെ കടന്നുപോവുന്നു.കൂട്ടത്തിലൊരാൾ (ഗോപാലൻ) കാഞ്ഞിരനെ തിരിച്ചറിഞ്ഞ് ലോഹ്യം പറയുന്നു.പിന്നെ അയാൾ തങ്ങൾ എങ്ങോട്ട് പോവുന്നു എന്ന് വിശദമാക്കുന്നു.അവർ  ജന്മിയുടെ അച്്ഛൻ മരിച്ചതുകൊണ്ട് ആ വീട്ടിൽ കാളാൻ പോവുകയാണ്.ചോറും നെല്ലും കൂലിയായിക്കിട്ടും.ഗോപാലൻ എല്ലാ കാര്യങ്ങളും കൊച്ചയോടായിട്ടാണ് പറയുന്നത്.കൂട്ടത്തിൽ, 'നീയങ്ങ് വലുതായിപ്പോയല്ലോ പെണ്ണേ' എന്നും അയാൾ പറയുന്നു.കാഞ്ഞിരൻ എരിപൊരികൊള്ളുന്നു.

21

കാഞ്ഞിരനും കൊച്ചയും വീണ്ടും വരമ്പിലേക്ക് കയറി നടത്തം തുടരുന്നു.
അവർ വയൽ കടന്ന് ഒരു തോടും കടന്ന് കുന്ന് കയറുന്നു

22
കാഞ്ഞിരനും കൊച്ചയും വിശാലമായ ഒരു പാറപ്പുറത്ത് എത്തുന്നു.അവർ വൈകുന്നേരം സ്്കൂൾ വിട്ട് മടങ്ങിപ്പോവുന്ന കുട്ടികളെ കാണുന്നു.കൊച്ച വലുതായ കൗതകത്തോടെ കുട്ടികളെ നോക്കുന്നു. 'ഹോയ്,ഹോയ്' എന്ന ശബ്ദം കേട്ട് ഇരുവരും ഞെട്ടുന്നു. നാലുപേർ ഒരു നമ്പൂതിരിയെ പല്ലക്കിൽ ചുമന്നുകൊണ്ട് കയറ്റം കയറി വരികയാണ്. കൊച്ച കാഞ്ഞിരന്റെ കയ്യും പിടിച്ച് ഓടി ഒരു മരത്തിന്റെ മറവിൽ പോയി നിൽക്കുന്നു.

23
സന്ധ്യ
കൊച്ചയും കാഞ്ഞിരനും ഇറക്കമിറങ്ങുന്നു.അവർ ഒരു പുഴക്കരയിൽ എത്തുന്നു.പരിചയക്കാരായ ചിലർ അവരെ കടന്നുപോവുന്നു.ചിലർ ലോഹ്യം ചോദിക്കുന്നു.കൊച്ച ഒന്നോ രണ്ടോ വാക്കിൽ മറുപടി പറയുന്നു.കേളപ്പൻ വരുന്നു.അയാളുടെ ലോഹ്യം പറച്ചിലിന് കാഞ്ഞിരനിൽ നിന്ന് കാര്യമായ പ്രതികരണമുണ്ടാവുന്നില്ല.കൊച്ച കേളപ്പനോട് അങ്ങോട്ട് ഓരോന്നു പറയുമ്പോൾ കാഞ്ഞിരനിൽ കടുത്ത രസക്കേട് പ്രകടമാവുന്നു.

24

കൊച്ചയും കാഞ്ഞിരനും ചാളയിലെത്തുന്നു.കൊച്ച മുട്ടവിളക്ക് കൊളുത്തുന്നു.കാഞ്ഞിരൻ കാലും മുഖവും കഴുകി വന്ന ഉടൻ 'പായി വിരിക്ക് ശീണാവ്ന്ന് കെടക്കണം' എന്ന് പറഞ്ഞ് ബഹളം കൂട്ടുന്നു.കൊച്ച മടുപ്പോടെ പായ വിരിക്കുന്നു.

25

രാത്രി
ശക്തിയായ കാറ്റ്.പുറത്ത് എന്തൊക്കെയോ വീഴുന്ന ഒച്ച കേട്ട് കാഞ്ഞിരൻ എഴുന്നേൽക്കുന്നു.കൊച്ച നല്ല ഉറക്കത്തിലാണ്.
കാഞ്ഞിരൻ ഇറയത്തേക്ക് വരുന്നു.
വീശിയടക്കുന്ന കാറ്റിൽ തെങ്ങുകൾ ആടിയുലയുന്നു.കരിയിലകൾ പറന്നുയരുന്നു. ഒരു വാഴ പൊരിഞ്ഞുവീഴുന്നു.കാറ്റ് യഥാർത്ഥത്തിൽ കാഞ്ഞിരന്റെ ഉള്ളിലാണ് വീശുന്നതെന്ന് അയാളുടെ മുഖഭാവം കണ്ടാലറിയാം.പേടിച്ചരണ്ട് അയാൾ ചാളയ്ക്കകത്തേക്ക് കയറുന്നു.

26
രാവിലെ
കൊച്ച പുറത്തേക്ക് പണിക്ക് പോവാൻ ഇറങ്ങുന്നു.മേലിൽ ഒരു സ്ഥലത്തും പണിക്ക് പോവേണ്ടെന്ന് പറഞ്ഞ് കാഞ്ഞിരൻ തട്ടിക്കയറുന്നു.അയാൾ അവളെ പിടിച്ചു തള്ളുന്നു.ഈ രോഷപ്രകടനത്തിന്റെ കാരണം പിടികിട്ടാതെ കൊച്ച കരയുന്നു.കാഞ്ഞിരന്റെ മനസ്സലിയുന്നു.പക്ഷേ,അയാൾ അവളെ ആശ്വസിപ്പിക്കാൻ തുനിയുന്നില്ല.ശരീരമാകെ തളർച്ച ബാധിച്ചതുപോലെ അയാൾ തലയ്ക്ക് കയ്യും കൊടുത്ത് ഇരിക്കുന്നു.

27

നേരം വളരെ വിരസമായി ഉച്ചയിലേക്കും വൈകുന്നേരത്തിലേക്കും നീളുന്നതിന്റെ ദൃശ്യങ്ങൾ.കേളപ്പൻ വരുന്നു.കാഞ്ഞിരന് കള്ളൊഴിച്ച് കൊടുക്കുന്നു.അതും ആവർത്തനവിരസമായ ഒരു ചടങ്ങ് പോലെ.ചോദ്യങ്ങൾക്കൊന്നിനും കാഞ്ഞിരനിൽ നിന്ന്  മുക്കലും മൂളലുമല്ലാതെ ഒരു മറുപടിയും കിട്ടുന്നില്ല.'ഇയാൾക്ക് ഇതെന്തുപറ്റി?' എന്നുള്ള അതിശയം കയ്യാംഗ്യവും മുഖഭാവവും കൊണ്ട് വ്യക്തമാക്കി കേളപ്പൻ പോവുന്നു

28

രാത്രി
ചാളയുടെ ഇറയത്തിരുന്ന് പരന്ന മൺപാത്രത്തിൽ കഞ്ഞി ഊതിയൂതി കുടിക്കുന്ന കാഞ്ഞിരൻ.താൻ കള്ളുകുടി നിർത്താൻ പോവ്വ്വാണെന്നും അതിനു മുമ്പ് കേളപ്പനെ അവയില് കൊയക്കാൻ വിളിക്കണമെന്നും കാഞ്ഞിരൻ പറയുന്നു.'നിങ്ങയെന്തിനാ കള്ളുകുടി നിർത്ത്ന്ന് ആ ഒരു തന്തോശം കൂടി ബേണ്ടാന്ന് ബെക്കണോ'ന്ന് കൊച്ച ചോദിക്കുന്നു.'കേളപ്പൻ വെരാണ്ടാവ്ന്നത് നിനിക്ക് പറ്റൂല്ല അല്ലെണേ' എന്നു പറഞ്ഞ് കാഞ്ഞിരൻ പൊട്ടിത്തെറിക്കുന്നു.അയാൾ പാത്രം മുറ്റത്തേക്ക് വലിച്ചെറിയുന്നു.
കൊച്ച ഞെട്ടിത്തരിച്ച് നിൽക്കുന്നു.
വഴിയിൽനിന്ന് ആരോ കയറി വരുന്നതുകണ്ട് കൊച്ച ധൃതിപ്പെട്ട് മുറ്റത്തിറങ്ങി പൊട്ടിപ്പോയ പാത്രത്തിന്റെ കഷണങ്ങൾ പെറുക്കിക്കൂട്ടി വാഴച്ചോട്ടിലേക്ക് വലിച്ചെറിഞ്ഞ് അകത്തേക്ക് കയറിപ്പോവുന്നു.
അയൽക്കാരനായ ഉറൂട്ടി എന്നൊരാൾ വരുന്നു.
താൻ അടുത്ത ദിവസം തന്നെ കുടകിൽ പണിക്ക് പോവാൻ പോവുകയാണെന്നും നാട്ടിലിരുന്ന് മടുത്തെന്നും അയാൾ പറയുന്നു.തനിക്ക് എവിടെയും പോവാൻ കഴിയില്ലല്ലോ എന്ന് കാഞ്ഞിരൻ പരിതപിക്കുന്നു.രാവിലെ ഉച്ചേരികുത്തലുണ്ടെന്നും അവിടത്തേക്ക് കാഞ്ഞിരനെ കൊണ്ടുപോവാമെന്നും ഉറൂട്ടി പറയുന്നു.

29

വെള്ളകീറിത്തുടങ്ങുന്നതേയുള്ളൂ.നേർത്ത മൂടൽമഞ്ഞിൽ പുഴയോരത്തൂടെ ഉറൂട്ടിക്ക് പിന്നാലെ നടന്നുപോവുന്ന കാഞ്ഞിരനും കൊച്ചയും മറ്റു ചിലരും.അവർ പുഴയോട് ചേർന്ന് കൈപ്പാടിന് കണ്ടി കെട്ടിയിരിക്കുന്നതിന് തൊട്ടടുത്തായി
ഉച്ചേരി കുത്തൽ നടക്കുന്ന സ്ഥലത്ത് എത്തുന്നു.പത്തുനൂറാളുകൾ അവിടെ നേരത്തേ എത്തിയിട്ടുണ്ട്. കുറിയ ബലിഷ്ഠമായ ശരീരമുള്ള ഒരു യുവാവ് എല്ലാവരുടെയും കണ്ണിൽപ്പെടുംവിധം താൽക്കാലികമായി ഉണ്ടാക്കിയ വൃത്താകൃതിയിലുള്ള ഒരു തറയ്ക്കുമേൽ നിൽക്കുന്നു. ഉടുത്ത തോർത്തുമുണ്ടിനു മുകളിൽ അയാളുടെ  ശരീരം നഗ്നമാണ്. കൈമുട്ടിനു മുളിലായി പാന്തം കൊണ്ട് വലിഞ്ഞുമുറുക്കിക്കെട്ടിയിരിക്കുന്നതിനാൽ ചുമലിന് താഴെ ആ കെട്ട് വരെയുള്ള ഭാഗം വീർത്തുയർന്നിരിക്കുന്നു.
ചെണ്ടകൊട്ട് തുടങ്ങുന്നു.അത് മുറുകുന്നു.പ്രായമായ ഒരാൾ അറ്റം നന്നായി കൂർപ്പിച്ച ഒരു മുളവടി യുവാവിന്റെ കയ്യിൽ ആചാരപൂർവം ഏൽപിക്കുന്നു.ചെണ്ടകൊട്ട് അത്യുച്ചത്തിലാവുന്നു.യുവാവ് തന്റെ കയ്യിലെ വീർത്തുയർന്ന ഭാഗത്ത് ആഞ്ഞുകുത്തുന്നു.ചീറിത്തെറിക്കുന്ന ചോര കാഞ്ഞിരന്റെ മുഖത്തും കൈത്തണ്ടയിലും വീഴുന്നു.അയാൾ ഞെട്ടി പുറകോട്ട് മാറുന്നു.
ഭയവും  വേദനകളുംകൊണ്ട് വലിഞ്ഞുമുറുകിയ കാഞ്ഞിരന്റെ മുഖത്തേക്ക് കൊച്ച സങ്കടത്തോടെ നോക്കുന്നു.

30
തുടുത്ത കിഴക്കനാകാശം
ഉച്ചേരി കുത്തൽ കഴിഞ്ഞ് മടങ്ങുന്ന ആളുകൾ
കൂട്ടത്തിൽ കാഞ്ഞിരനെയും കൊച്ചയെയും കാണാം
സൂര്യകിരണങ്ങൾ വീണ് തിളങ്ങാൻ തുടങ്ങുന്ന പുഴയിലൂടെ വേഗത്തിൽ നീങ്ങുന്ന ചെറിയ തോണിയിൽ നിന്ന് കാഞ്ഞിരേട്ടാ,ഹോയ് കാഞ്ഞിരേട്ടാ എന്ന് തോണിക്കാരൻ ഉത്സാഹപൂർവം വിളിക്കുന്നു.

31

ചാളയിൽ മടങ്ങിയെത്തുന്ന കൊച്ചയും കാഞ്ഞിരനും.വൈകുന്നേരം കേളപ്പൻ വന്നാൽ അവില് കൊയക്കാൻ വിളിക്കണമെന്ന് കാഞ്ഞിരൻ പറയുന്നു.കൊച്ച മൂളിക്കൊണ്ട് തലയാട്ടുന്നു.ഉച്ചയ്ക്ക് കഞ്ഞിവെക്കാൻ അരിയില്ലെന്ന് കൊച്ച പറയുന്നു.കയ്മ്മല് ഒറ്റ പൈസയും ബാക്കിയില്ലെന്ന കാര്യം അവൾ ഓർമിപ്പിക്കുന്നു.കൊപ്രക്കളത്തിലെ പണിക്ക് ഇപ്പോ വേറെ രണ്ടാള് വരുന്നുണ്ട്.വേറെയിപ്പോ ഒരു പണിക്ക് പോവാന്ന് വെച്ചാ രണ്ടുമൂന്ന് ദിവസം കൂടി കാത്തുനിൽക്കണം.വൈകുന്നേരം കേളപ്പേട്ടൻ വന്നാ ഓറോട് തൽക്കാലത്തേക്ക് എട്ടണ കടം മേടിച്ചാലോ എന്ന് കൊച്ച ചോദിക്കുന്നു. കേളപ്പേട്ടനോടോ എന്നു ചോദിച്ച് കാഞ്ഞിരൻ പൊട്ടിത്തെറിക്കുന്നു.അയാൾ അവളെ ഒറ്റത്തള്ളിന് താഴെയിടുന്നു.അരിശം തീരാഞ്ഞ് കണ്ടമാനം തെറിവിളിക്കുന്നു.നിലത്തുവീണ കൊച്ച എഴുന്നേൽക്കാൻ ശ്രമിക്കുന്നു.അവളുടെ കാല് ഉളുക്കിയിട്ടുണ്ട്.നെറ്റി പൊട്ടി ചോര വരുന്നുണ്ട്.നെറ്റിയിൽ നിന്ന് ഒഴുകി ഇറങ്ങുന്ന ചോരയിൽ തൊട്ടുനോക്കി കൊച്ച ഉച്ചത്തിൽ കരയുന്നു.അവളുടെ കരച്ചിൽ കേട്ട് അയൽവക്കത്തെ ഒരു സ്ത്രീയും ഭർത്താവും ചെറിയ ആൺകുട്ടിയും ഓടിവരുന്നു.

32

കൊച്ചയെ ഇങ്ങനെ ദ്രോഹിച്ചതിന് അയൽക്കാരൻ കാഞ്ഞിരനോട് കയർക്കുന്നു.ഏന്തിവലിച്ച് നടക്കുന്ന കൊച്ചയുടെ കാല് തടവിക്കാൻ കൊണ്ടുപോവാമെന്ന് അയാളുടെ ഭാര്യ പറയുന്നു.എത്ര നിർബന്ധിച്ചിട്ടും കൊച്ച അതിന് തയ്യാറാവുന്നില്ല.അവൾ ഒരു മൂലയ്ക്ക് കൂനിക്കൂടി ഇരിക്കുന്നു.

33

സന്ധ്യ
കാഞ്ഞിരന്റെ ചാളയ്ക്കു മുന്നിലെ വഴിയിൽ കീറിപ്പറിഞ്ഞ ട്രൗസർ മാത്രം ധരിച്ച രണ്ട് കുട്ടികൾ തല്ലുകൂടുന്നു.അവർ നിലത്തുവീണ് കെട്ടിമറിയുന്നു.കേളപ്പൻ വരുന്നു.അയാളെ കണ്ടതും കുട്ടികൾ എഴുന്നേറ്റോടി കൺവെട്ടത്തുനിന്ന് മറയുന്നു.കേളപ്പൻ ചിരിച്ചുകൊണ്ട് ചാളയുടെ മുറ്റത്തേക്ക് കയറുന്നു.


34

ചാളയുടെ ഇറയത്ത് കാഞ്ഞിരനും കേളപ്പനും.കേളപ്പൻ കള്ള് പകർന്നുകൊടുക്കുന്നു.കാഞ്ഞിരൻ പതിവിലും ആവേശത്തോടെ കുടിക്കുന്നു.വല്ലാതെ ലഹരി ബാധിച്ചതായി ഭാവിച്ച് വർത്തമാനം പറയുകയും ചിരിക്കുകയും ചെയ്യുന്നു.പിന്നെ കൃത്രിമമായ ഉത്സാഹത്തോടെ കേളപ്പനെ അവില് കൊയക്കാൻ അകത്തേക്ക് ക്ഷണിക്കുന്നു.

35

കേളപ്പനും കാഞ്ഞിരനും അകത്ത് ഇരിക്കുന്നു.അവില് കുഴക്കാനുള്ള സാധനങ്ങളൊക്കെ നേരത്തേ തയ്യാറാക്കി വെച്ചിട്ടുണ്ട്.അവർ അവില് കുഴക്കാൻ തുടങ്ങുമ്പോൾ കൊച്ച അടുക്കളയിലേക്ക് പോവുന്നു



36

അടുക്കളയിൽ പാത്രങ്ങൾ അടുക്കിവെക്കുന്ന കൊച്ച.ഒരു നിലവിളികേട്ട് ഞെട്ടി അവളുടെ കയ്യിലുള്ള ചെറിയ മൺകലം താഴെവീണ് ഉടയുന്നു.

37

കാഞ്ഞിരനും കേളപ്പനും അവില് കുഴച്ചുകൊണ്ടിരിക്കുകയായിരുന്നിടത്തേക്ക് ഓടിയെത്തുന്ന കൊച്ച. കാഞ്ഞിരൻ അതിഭയങ്കരമായ ഒര ശബ്ദമുണ്ടാക്കിക്കൊണ്ട് കത്തിയാള് കൊണ്ട് തന്നത്താൻ കൊത്തുകയാണ്.കേളപ്പൻ പേടിച്ചരണ്ട് ഒരു മൂലയ്ക്ക് നിൽക്കുന്നു. കൊച്ച ഓടിച്ചെന്ന് കാഞ്ഞിരന്റെ കയ്യിൽ നിന്ന് കത്തിയാൾ പിടിച്ചു വാങ്ങുന്നു. കാഞ്ഞിരൻ ചെരിഞ്ഞ് താഴേക്ക് വീഴുന്നു.
ചോരയൊലിക്കുന്ന കത്തിയാളുമായി വെറുങ്ങലിച്ചു നിൽക്കുന്ന കൊച്ച.


38

Cut to
തണ്ണീർ പന്തൽ

കരുണന്റെയും ഒതേനന്റെയും അവ്യക്തമായ രൂപങ്ങൾ.കരുണൻ സംസാരിക്കുന്നു.(അയാളുടെ ശബദ്ം കൊച്ചയുടേതു തന്നെ.രൂപം ഒരു സ്ത്രീയുടെതെന്ന പ്രതീതിയുണ്ടാക്കുന്നതും)
അപ്പറത്തും ഇപ്പറത്തും ഉള്ള ആളുകൾ ഓടി വന്നപ്പോ ചോരയിറ്റുന്ന കത്തിയും പിടിച്ച് കാഞ്ഞിരേട്ടന്റെ പെടെഞ്ഞോണ്ടിരുന്ന ദേകത്തിന്റട്ത്ത്‌
 നിക്കുന്ന എന്നെയാ കണ്ടത്.പിന്നെ പോലീസുകാറ് വന്ന് എന്നെ പിടിച്ചോണ്ടുപോയി.അഞ്ചെട്ടു മാസം ഞാൻ ജയിലില് കെടന്നു.ഒരീസം അതിരാവിലെ എന്നെ തൂക്കിക്കൊല്ല്വോം ചെയ്തു.ഒരു തെറ്റും ഞാൻ ചെയ്തി
റ്റില്ല.അയലക്കത്തുള്ളോര് ഓടിക്കൂടും മുമ്പ് ഏതു ബയിക്ക്ന്നില്ലാണ്ട്‌
 ഓടിക്കളഞ്ഞൂന്നുള്ളതൊയിച്ച് കേളപ്പേട്ടനും ഒരു തെറ്റും ചെയ്തിറ്റില്ല.പാവം.സ്വന്തം ജാതിക്കാറ് മുഴ്വൻ കളിയാക്ക്വോം ചീത്ത പറയ്വോം ചെയ്തപ്പളും ഒരു കൂസലും ഇല്ലാണ്ട്‌ ദെവസോം ഞാള ചാളേല് വന്ന് മൂപ്പര് കാഞ്ഞിരേട്ടന് കള്ള് കൊടുത്തു.എന്റെ നേർക്ക് മോശംന്ന് പറയാൻ പറ്റ്ന്ന ഒരു നോട്ടം പോലും ഒരിക്കലും ഇണ്ടായിറ്റില്ല.
അന്ന് രാത്രി ഓടിപ്പോയതാ.ഏട്‌ത്തേക്ക് പോയീന്ന് ആരിക്കും അറീല്ല.ജയിലില് പോയേപ്പിന്നെ ഒരു വിവരോം എനക്കറീല്ല.കാഞ്ഞിരേട്ടൻ അന്ന് രാത്രീല് എന്തിന് തന്നത്താൻ കൊത്തിമരിച്ചു.പാവം, എന്നെപ്പറ്റി ഇല്ലാത്തതെന്തല്ലോ ആരോ പറഞ്ഞു കൊടുത്തിറ്റിണ്ടാവും.ഇല്ലെങ്കില് സ്വന്തായിറ്റ് ഓരോന്നോരൊക്കെ വിചാരിച്ച് തല തെറ്റിപ്പോയിറ്റിണ്ടാവും. പാവം.....
കരുണൻ വിങ്ങിവിങ്ങിക്കരയുന്നു.ഒതേനൻ ഒന്നും മിണ്ടാനാവാതെ നോക്കിനിൽക്കുന്നു.പിന്നെ കരുണന്റെ ചുമലിൽ തട്ടി വിതുമ്പുന്നതു പോലെ പറയുന്നു. ' ബാ,പൊറത്തേക്ക് പൂവാം.നല്ല നിലാവെളിച്ചംണ്ട്'  ഒതേനൻ അയാളെ കൈപിടിച്ച് എഴുന്നേൽപ്പിക്കുന്നു.

39

തണ്ണീർപന്തലിനു ചുവട്ടിലെ തുറന്ന സ്ഥലത്ത് ഒതേനനും കരുണനും.കരുണന്റെ കയ്യിൽ ചിരട്ടയും നേർത്ത കമ്പികളും കൊണ്ടുണ്ടാക്കിയ ഒരു നാടൻ സംഗീതോപകരണമുണ്ട്.കരുണൻ അത് വായിക്കുന്നു.നിറഞ്ഞ നിലാവിൽ വിഷാദമധുരമായ സംഗീതത്തിൽ മുഴുകിനിൽക്കുന്ന കരുണനും ഒതേനനും.


( അവസാനിച്ചു.)















































2 comments:

  1. Mashe, ithu vayichappol oru sambhavam orkkunnu. Marupiraviyute copy enikku thannath Zacharia sir aanu. Njan vayichu kazhinju athu KP Kumaran mash vayikkanayi etuthu.. vayichu..adheham ennittu paranja vakkukal njan ippol orkkunnu. Rajasekharan.. ee Katha njan vayikkuka allayirunnu ente camera kannukalil kooti pakarthi anubhavikkuka aayirunnu..ennu.. thirakatha gambheeram mashe..

    ReplyDelete