Pages

Saturday, October 1, 2016

പാഠങ്ങളാണോ കൃതി?


വായനക്കാരാണ് എഴുത്തുകാരല്ല കൃതികളുടെ യഥാർത്ഥ രചയിതാക്കളെന്നും വായനക്കാരിൽ ഓരോരുത്തരും താന്താങ്ങളുടെ സഞ്ചിത സംസ്‌കാരത്തിനും ഭാവുകത്വത്തിനും വ്യാഖ്യാനശേഷിക്കും അപ്പപ്പോഴത്തെ മാനസികാവശ്യങ്ങൾക്കും ഇണങ്ങും പടി കൃതികളിൽ നിന്ന് ഓരോരോ അർത്ഥങ്ങൾ ഉത്പാദിപ്പിക്കുകയാണെന്നുമെല്ലാം പുതിയ കാലത്തെ പല സാഹിത്യസൈദ്ധാന്തികരും നിരൂപകരും പല മട്ടിൽ പറഞ്ഞു വെച്ചിട്ടുണ്ട്.കൃതി എന്ന ഒന്നില്ല.അത് വായനയിൽ ഉൽപാദിപ്പിക്കപ്പെടുന്ന ഭിന്ന പാഠങ്ങൾക്കെല്ലാം കൂടി നൽകുന്ന പേര് മാത്രമാണ് എന്നിടം വരെ ഈ വാദം പോകും.ഒരു വശത്തു നിന്ന് നോക്കിയാൽ ഇത് നിഷ്‌കളങ്കവും അതീവ ദുർബലവുമായ ഒരതിവാദം മാത്രമാണ്.വായന പക്ഷേ തങ്ങൾ വാദിച്ചുറപ്പിതായി ഇവർ സങ്കൽപിക്കുന്ന സർവതന്ത്ര സ്വതന്ത്രമായ അർത്ഥോൽപാദന കേളിയല്ല.ആർക്കും എന്തും ഖനനം ചെയ്‌തെടുക്കാവുന്ന വിചിത്രഖനിയല്ല ഒരു പുസ്തകവും. 'സാഹിത്യകൃതികൾ വ്യാഖ്യാനത്തിനുള്ള സ്വാതന്ത്ര്യത്തെ പ്രോത്സാഹിപ്പിക്കുന്നത് വായനയുടെ പല അടരുകൾക്ക് ഇടമുള്ള  വ്യവഹാരം നമുക്ക് സമ്മാനിക്കുന്നതിലൂടെയും    ഭാഷയുടെയും യഥാർത്ഥജീവിത്തിന്റെയും സന്ദിഗ്ധതകളെ നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നതിലൂടെയുമാണ്.സാഹിത്യസൃഷ്ടികളെ വ്യത്യസ്തമായ രീതിയിൽ വായിക്കാൻ ഓരോ തലമുറയെയും അനുവദിക്കുന്ന കളിയിൽ നാം ഏർപ്പെടുന്നത്  കൃതിയുടെ ഉദ്ദേശ്യത്തോടുള്ള അഗാധമായ ബഹുമാനത്താൽ പ്രേരിതരായിട്ടു തന്നെയാവണം' എന്ന് ഉംബർട്ടോ എക്കോ പറയുന്നുണ്ട്.(On some functions of  Literature).അദ്ദേഹം എഴുതി: 'സാഹിത്യകൃതികളുടെ വായന വ്യാഖ്യാനത്തിനുള്ള സ്വാതന്ത്ര്യത്തിനകത്തു നിന്നുകൊണ്ടു തന്നെ ആത്മാർത്ഥമായ കൃത്യനിർവഹണത്തിന്റെയും അഭിമാനത്തിന്റെയും അഭ്യസനം നിർവഹിക്കാൻ  നമ്മെ നിർബന്ധിക്കുന്നുണ്ട.്'
ഒരു സാഹിത്യകൃതിക്കും സ്ഥിത്യാത്മകമായ അർത്ഥമില്ലെന്നും ഓരോ കാലത്തും അവയുടെ അർത്ഥം മാറിക്കൊണ്ടിരിക്കുമെന്നും വാദിക്കുമ്പോൾ ഓരോ വായനക്കാരനും/വായനക്കാരിക്കും താന്താങ്ങൾക്ക് തോന്നും പടി എന്ത് അർത്ഥവും കൃതിക്കുമേൽ ആരോപിക്കാമെന്നാണ് അർത്ഥമാക്കുന്നതെങ്കിൽ ആ വാദത്തിനു പിന്നിൽ ഒട്ടും അഭിലഷണീയമല്ലാത്ത ഉത്തരവാദിത്വരാഹിത്യമാണ് പ്രവർത്തിക്കുന്നത് എന്ന്  ഉറപ്പിച്ചു തന്നെ പറയാം.ഒരു പ്രാചീന നാടകത്തിന്റെ ഇതിവൃത്തത്തിലേക്ക് നൂറ്റാണ്ടുകളുടെ ഇടവേളകൾക്കു ശേഷം, ചിലപ്പോൾ അതിലും ചെറിയ കാലയളവിനുള്ളിൽ തന്നെ, വന്നു ചേരുന്ന പുതിയ അർത്ഥങ്ങൾ ആരുടെയെങ്കിലും ഭ്രമകല്പനകളിൽ നിന്നോ തികച്ചും അയുക്തികമായ ചിന്തകളിൽ നിന്നോ സൗന്ദര്യശാസ്ത്രത്തിന്റെയോ മന:ശാസ്ത്രത്തിന്റെയോ ദാർശനികാന്വേഷണങ്ങളുടെയോ ഒന്നും പിന്തുണയില്ലാത്ത വ്യാഖ്യാനകേളികളിൽ നിന്നോ ഒരുവം കൊള്ളുന്നവയല്ല.പ്രപഞ്ചത്തെ കുറിച്ചും ജീവിതമെന്ന പ്രതിഭാസത്തെ കുറിച്ചും മനസ്സിന്റെ വ്യാപാരങ്ങളെ കുറിച്ചുമെല്ലാം മനുഷ്യന് കൈവരുന്ന പുതിയ ബോധ്യങ്ങൾ പുതിയ അർത്ഥോൽപാദനത്തോടെയുള്ള പുതിയ പാരായണങ്ങളെ ആവശ്യമാക്കിത്തീർക്കുന്നു;അതാണ് സംഭവിക്കുന്നത്.
പഴയ പ്രയോഗങ്ങളുടെ സ്മരണയും അനുഭൂതികളുടെ ഇന്ന് നമുക്ക് അപരിചിതമായിത്തീർന്നിരിക്കുന്ന വഴികളും സംരക്ഷിക്കപ്പെട്ടിരിക്കുന്നതും ഭംഗിയായി മിതപ്പെടുത്തപ്പെട്ടതുമായ ഭാഷാപ്രയോഗങ്ങൾ, അതായത് വർത്തമാനത്തിലെ ഒന്നിനോടും സാദൃശ്യമില്ലാത്ത പഴയകാലത്തിന്റെതായ അടയാളങ്ങൾ, അവയാണ്  പല ക്ലാസിക് രചനകളിലും നമ്മെ കാത്തിരിക്കുന്നതെന്നും അവയുടെ വർണഭംഗികൾക്ക് കൂടുതൽ തെളിച്ചം കൈവരുന്നത് കാലം അവയ്ക്കു മുകളിലൂടെ കടന്നുപോയതിനു ശേഷം മാത്രമാണെന്നും മാർസൽ പ്രൂസ്റ്റ് പറയുന്നുണ്ട് (Days of Reading- Marcel Proust). ഇതിഹാസങ്ങളെയും അതിപ്രാചീനമായ മറ്റ് കൃതികളെയും സമീപിക്കുമ്പോൾ  അവയോടുള്ള നമ്മുടെ ആദരവിനോട് മനുഷ്യസംസ്‌കാരത്തിന്റെ വിദൂരഭൂതകാലത്തോടുള്ള സ്‌നേഹവാത്സല്യങ്ങൾ കൂടിക്കലരും.അത്രയേറെ കാലപ്പഴക്കം അവകാശപ്പെടാനില്ലാത്ത കൃതികളോടും പലപ്പോഴും നമുക്ക് അതിയായ സ്‌നേഹം തോന്നാറുണ്ട്..അടുത്ത കാലത്തായി പലരും നിർമിച്ചു വരുന്ന നാട്ടുഭാഷാ നിഘണ്ടുക്കളിലെ പദങ്ങളിൽ പലതും ഇപ്പോൾ വാർധക്യത്തിലേക്ക് പ്രവേശിച്ചു തുടങ്ങുന്നവർ തന്നെ അവരുടെ കുട്ടിക്കാലത്ത് പ്രയോഗിച്ചവയാവും.എങ്കിലും ദശകങ്ങളോളം തങ്ങൾ ദൈനംദിന സംഭാഷണഭാഷയിൽ നിന്ന് മാറ്റി നിർത്തിയ വാക്കുകളെ വീണ്ടും കണ്ടുമുട്ടുമ്പോൾ അവർക്കുണ്ടാവുന്ന അത്ഭുതാഹ്ലാദങ്ങൾ വളരെ വലുതായിരിക്കും.ക്ലാസിക്കുകളിൽ നിന്ന് നമുക്ക് കൈവരുന്ന ആഹ്ലാദം തീർച്ചയായും സമാന സ്വഭാവമുള്ള ഒന്നല്ല.എങ്കിലും നമ്മുടെ ഭൂതകാലാഭിരതിയുടെ ഒരംശം കൂടി അതിൽ കലരുന്നുണ്ടെന്ന് ന്യായമായും കരുതാം.പക്ഷേ,സഹസ്രാബ്ദങ്ങൾ പിന്നിട്ടിട്ടും പുതുപുത്തൻ വായനാനുഭവങ്ങൾ നൽകിക്കൊണ്ടിരിക്കുന്ന ക്ലാസിക്കുകളെയും ഏതാനും ദശകങ്ങൾക്കുള്ളിൽ തന്നെ  അർത്ഥസാധ്യതകളുടെ   വിസ്മയകരമായ അനേകം പുതിയ വഴികളിലേക്ക് വായനക്കാരെ നയിച്ച ചില സമീപ ഭൂതകാല കൃതികളെയും നാം ആദരിക്കുന്നത് ഏതെങ്കിലും മൃദുവികാരത്തെ അടിസ്ഥാനമാക്കിയല്ല.മറിച്ച് അവ നമ്മുടെ പുതിയ ജ്ഞാനപരിസരങ്ങളോടും രാഷ്ട്രീയസമസ്യകളോടുമെല്ലാം ചേർന്നുനിൽക്കുന്നതുകൊണ്ടു തന്നെയാണ്.ഈ വാസ്തവത്തെ വലിച്ചു നീട്ടി കൃതിക്ക് സ്ഥിരമായ ഒരർത്ഥമോ ഉദ്ദേശ്യമോ ഇല്ലെന്ന് വാദിക്കുന്നതിനെ നൂതനവും ഉന്നതവുമായ സാഹിത്യദർശനത്തിന്റെ ഉൽപന്നമായി കണക്കാക്കാനാവില്ല.
മനുഷ്യജീവിതത്തിന് പൂർവനിശ്ചിതമായ യാതൊരു സത്തയുമില്ലെന്നും ജീവിക്കുന്നതിലൂടെ ഓരോ മനുഷ്യനും എന്തായിത്തീരുന്നുവോ അതാണ് അവന്റെ/അവളുടെ ജീവിത്തിന്റെ സത്ത എന്നും ജീവിതത്തിന്റെ സാമാന്യസത്തയെ കുറിച്ചുള്ള ധാരണകൾക്ക് പുറത്തുനിന്നുകൊണ്ടാണ് ഓരോ വ്യക്തിയും തന്റെ ജീവിതത്തിന്റെ അർത്ഥം നിർമിക്കുന്നതെന്നും അസ്തിത്വവാദികൾ പറഞ്ഞതിനെ ഓർമിപ്പിക്കുന്നതു തന്നെയാണ് കൃതി എന്ന ഒന്നില്ല പല പാഠങ്ങൾ മാത്രമേ ഉള്ളൂ,അവയാണെങ്കിൽ വായനക്കാരുടെ നിർമിതികൾ മാത്രവുമാണ് എന്ന് വാദിക്കുന്നതും.അസ്തിത്വവാദത്തോളം പുറകിലേക്കൊന്നും പോവേണ്ട ഘടനാവാദാനന്തര കാലഘട്ടത്തിലെ ദാർശനികാന്വേഷണങ്ങളും സാഹിത്യാപഗ്രഥനങ്ങളുമൊന്നും കൃതിക്കുള്ളിൽ എക്കാലത്തേക്കുമായി ഒരർത്ഥം സൂക്ഷിച്ചുവെക്കപ്പെട്ടിരിക്കുന്നു എന്ന ധാരണയെ അംഗീകരിക്കുന്നതേയില്ല എന്നും  കൃതിയുടെ സാർവകാലികമായ അർത്ഥവും സകലവായനക്കാർക്കും ഒന്നുപോലെ അനുഭവിക്കാനാവും വിധം കൃതി ഉൽപാദിപ്പിക്കുന്ന വികാരങ്ങളും അനുഭൂതികളുമൊക്കെ തേടിയുള്ള അന്വേഷണത്തിന് ഇനിയങ്ങോട്ട് യാതൊരു പ്രസക്തിയുമില്ലെന്നും ഉറപ്പിച്ചു പറയുന്നവരായി പലരുമുണ്ടാവും.ഈ വാദം ശരിയാണെന്നോ തെറ്റാണെന്നോ സ്ഥാപിക്കാൻ അധികമായി അധ്വാനിക്കുന്നതിൽ കഴമ്പില്ലെന്നു തോന്നുന്നു.കാരണം വായിക്കുന്ന ആൾ ആരായാലും അയാൾ ഒരു കൃതിയിലൂടെയാണ് കടന്നു പോവുന്നത്.ആ കൃതിക്ക്  എഴുത്തുകാരൻ/എഴുത്തുകാരി കൽപിക്കുന്നതായി കൃതിയുടെ കാലം, കൃതി അഭിസംബോധന ചെയ്ത സമൂഹം,കൃതിയുടെ അപ്പോഴത്തെ സാമൂഹ്യഫലം എന്നിവയെയൊക്കെ അടിസ്ഥാനമാക്കി മുൻകാലവ്യാഖ്യാതാക്കളും നിരൂപകരും കണ്ടെത്തിയതിൽ നിന്ന് വ്യത്യസ്തമായ അർത്ഥവും ഉദ്ദേശ്യവുമെല്ലാം പുതിയ കാലത്തെ വായനക്കാർക്ക് കണ്ടെത്താം.പക്ഷേ, 'പാവങ്ങളി'ൽ നിന്ന് കണ്ടെത്താൻ കഴിയുന്ന കാര്യങ്ങൾ അൽബേർ കമ്യുവിന്റെ 'അന്യനി'ൽ നിന്ന് കണ്ടെത്താനാവില്ല.ഈ ഒരു വസ്തുതയെങ്കിലും രണ്ട് കൃതികൾക്ക് രണ്ട് അസ്തിത്വമാണുള്ളതെന്ന് സംശയരഹിതമായി വ്യക്തമാക്കുന്നുണ്ട്.ഇത്രയെങ്കിലും ഉറപ്പിച്ചു വെക്കാതുള്ള  സാഹിത്യവായന അർത്ഥശൂന്യമായ ബൗദ്ധികാഭ്യാസങ്ങളിലും കുതർക്കങ്ങളിലുമൊക്കെയാണ് ചെന്നെത്തുക.ആ വഴിയിലൂടെ സഞ്ചരിക്കുന്നതിൽ എനിക്ക് അല്പമായിപ്പോലും താൽപര്യമില്ല.

(മാധ്യമം വാരികയിൽ എഴുതിവരുന്ന ജീവിച്ചു മതിവരാത്ത പുസ്തകങ്ങൾ എന്ന പംക്തിയുടെ ആമുഖലേഖനത്തിൽ നിന്ന് -ശീർഷകം പുതുതായി നൽകിയത്.)

No comments:

Post a Comment