എന്‍ഡോസള്‍ഫാന്‍ പീഡിതജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ കാസര്‍കോട് ബസ് സ്റാന്റിനടുത്ത് നടത്തിവരുന്ന നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ ഇന്നലെ പയ്യന്നൂര്‍ ബസ് സ്റാന്റില്‍ നിന്ന് പുറപ്പെട്ട വാഹനപ്രചരണജാഥയില്‍ ഞാനും ഉണ്ടാ യിരുന്നു.രാവിലെ പത്തുമണി കഴിഞ്ഞാണ് ജാഥ പുറപ്പെട്ടത്.പയ്യന്നൂര്‍ ബസ് സ്റാന്‍ഡില്‍ നടന്ന ഉത്ഘാടനയോഗത്തില്‍ പത്മനാഭന്‍ മാസ്റര്‍ (സീക്ക്) സമരത്തിന്റെ പശ്ചാത്തലവും ജനകീയ മുന്നണി ഉന്നയിക്കുന്ന ആവശ്യങ്ങളും വിശദീകരിച്ചു.വഴിയില്‍ തൃക്കരിപ്പൂര്‍,കരിവെള്ളൂര്‍,ചെറുവത്തൂര്‍ എന്നിവിടങ്ങളില്‍ വാഹനം നിര്‍ത്തി ജാഥാംഗങ്ങളില്‍ ചിലര്‍ സമരത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പ്രസംഗിച്ചു.രാമചന്ദ്രന്‍,ഡോ.ഇ.ഉണ്ണി കൃഷ്ണന്‍,പപ്പന്‍ കുഞ്ഞിമംഗലം എന്നിവരാണ് സംസാരിച്ചത്.വാഹനം വൈകുന്നേരം മൂന്നര കഴിഞ്ഞപ്പോള്‍ കാസര്‍കോട്ടെത്തി.പന്തലില്‍ ചെന്ന് പതിനഞ്ചു ദിവസമായി നിരാഹാരസമരം നടത്തുന്ന എ.മോഹന്‍കുമാറിനെ കണ്ടു.അവശനെങ്കിലും അല്പവും ആത്മബലം ചോര്‍ന്നുപോകാത്ത അവസ്ഥയിലായിരുന്നു അദ്ദേഹം.
“ആവശ്യങ്ങള്‍ അംഗീകരിച്ചു കിട്ടും വരെ ഞാന്‍ സമരം തുടരും.എന്റെ ജീവന്‍ നഷ്ടമാകുന്നതിനെ ഞാന്‍ ഭയപ്പെടുന്നില്ല.തെരുവിലെ തമാശനാടകമായി ഇത് ഞാന്‍ അവസാനിപ്പിക്കില്ല.”മോഹന്‍ കുമാര്‍ പറഞ്ഞു.സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള മനുഷ്യമതിലില്‍ നല്ല ജനപങ്കാളിത്തമുണ്ടായിരുന്നു.
“ലോകത്തിലൊരിടത്തും സംഭവിക്കാന്‍ പാടില്ലാത്ത രാസകീടനാശിനി ദുരന്തമാണ് കാസര്‍കോട്ട് സംഭവിച്ചത്.എന്‍ഡോസള്‍ഫാന്‍ എന്ന കൊടുംവിഷം ഉണ്ടാക്കിയ ദുരന്തത്തില്‍ അകപ്പെട്ട പാവം ജനതയെ കരകയറ്റാനുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും കുറ്റവാളികളെ നിയമത്തിന്റെ മുമ്പിലെത്തിക്കാനുള്ള ജാഗ്രതയിലും ഞാന്‍ പങ്കുചേരും.ഇവര്‍ക്കു ലഭിക്കേണ്ടതായ എല്ലാ സഹായങ്ങളും സൌകര്യങ്ങളും ഇവരുടെ അവകാശമാണെന്ന് തിരിച്ചറിഞ്ഞ് അതിനു വേണ്ടി ധീരമായി പ്രവര്‍ത്തിക്കുമെന്നും ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു.പ്രതിജ്ഞ,പ്രതിജ്ഞ’’ എന്ന പ്രതിജ്ഞാ വാചകം മനുഷ്യമതിലില്‍ പങ്കെടുത്തവര്‍ ഏറ്റുചൊല്ലി.
കാസര്‍കോട്ടെ എന്റോസള്‍ഫാന്‍ പീഡിതര്‍ ഇപ്പോഴും കടുത്ത ദുരിത ത്തിലാണ്.മനുഷ്യാ വകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ച മുഴുവന്‍ സാമ്പത്തിക സഹായവും മറ്റ് ആനുകല്യങ്ങളും സര്‍ക്കാര്‍ അവര്‍ക്ക് നല്‍കേണ്ടതാണ്.ആ ഉത്തരവാദിത്വത്തില്‍ നിന്ന് പിന്മാറുന്നത് തികച്ചും തെറ്റാണ്.
മോഹന്‍കുമാറിനും എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിക്കും അഭിവാദ്യങ്ങള്‍.
No comments:
Post a Comment