ഇന്ന്(7-3-13) 'പാപ്പിലിയോ ബുദ്ധ’കണ്ടു.ചെറിയൊരു ഹാളില്‍ വലിച്ചുകെട്ടിയ തിരശ്ശീലയിലായിരുന്നു സ്ക്രീനിംഗ്.സ്ക്രീനിംഗിലെ പിഴവ് കൊണ്ടാണോ എന്നറിയില്ല.ചിത്രത്തിലെ വെളിച്ചം,ശബ്ദം ഇവക്കൊക്കെ പ്രശ്നമുള്ളതായി തോന്നി.സംവിധാനത്തിന് മൊത്തത്തില്‍ തന്നെയുണ്ട് പല പരിമിതികളും.പുതിയൊരു വിഷയം,പുതിയ വിഷയപരിചരണരീതി എന്നിവയൊക്കെ അവകാശപ്പെടാവുന്ന ഒരു ചിത്രമെന്ന നിലക്ക് സാങ്കേതികമായ പിഴവുകളും പ്രശ്നങ്ങളുമൊക്കെ മാറ്റിവെച്ചു തന്നെ ചിത്രത്തെ സമീപിക്കാമെന്നു വെക്കാം.കേരളത്തിലെ ദളിത് വിഭാഗം അനുഭവിക്കുന്ന പീഡനങ്ങളും അവഗണനകളും പൊതുസമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും പക്ഷത്തു നിന്നുള്ള മറ്റ് ക്രൂരതകളും ദളിതരുടെ ചെറുത്തുനില്പുമാണ് ‘പാപ്പിലിയോ ബുദ്ധ’യുടെ വിഷയം.പുറത്തു നിന്ന് വന്ന ഒരാളുടെ കണ്ണില്‍ പെട്ടെന്ന് പെടുന്ന ദളിത് ആദിവാസിപ്രശ്നങ്ങളെ വലിയ വീണ്ടുവിചാരങ്ങളോ തയ്യാറെടുപ്പോ ഇല്ലാതെയും ബുദ്ധനും അയ്യങ്കാളിക്കും അംബേദ്കര്‍ക്കും മറ്റും പുതിയകാല ദളിത് സമരങ്ങളില്‍ നല്‍കപ്പെടുന്ന ഊന്നലിനെ അപ്പാടെ മുഖവിലക്കെടുത്തും മഹാത്മാഗാന്ധിക്ക് കേരളത്തിലെ കീഴാളജനതയുടെ രാഷ്ട്രീയത്തില്‍ കൊടിയ ശത്രുവിന്റെ സ്ഥാനമാണുള്ളത് എന്ന് തെറ്റിദ്ധരിച്ചും ആണ് 'പാപ്പിലിയോ ബുദ്ധ' നിര്‍മിച്ചിരിക്കുന്നത്.ആദിവാസി മേഖലകളിലെ ഫണ്ടഡ് സന്നദ്ധസേവന പ്രവര്‍ത്തനങ്ങളെ പരിഹസിക്കുന്നുണ്ടെങ്കിലും ഇവിടങ്ങളിലെ വൈദേശിക(വിശേഷിച്ചും അമേരിക്കന്‍) സാന്നിധ്യത്തെ സംശയദൃഷ്ടിയോടെ കാണേണ്ടതില്ല എന്ന് പറഞ്ഞുറപ്പിക്കുന്നുണ്ട് ചിത്രം.ഇങ്ങനെ ‘പാപ്പിലിയോ ബുദ്ധ’യുടെ രാഷ്ട്രീയത്തിനെതിരെ വിമര്‍ശനങ്ങള്‍ പലതും ഉന്നയിക്കാനുണ്ട്.എങ്കിലും അരാഷ്ട്രീയവല്‍ക്കരണത്തിലൂടെ കേരളത്തിലെ തൊഴിലാളിവര്‍ഗത്തിന് മാനുഷികതയുടെ തലത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന വിനാശത്തിലേക്ക് ശക്തമായി വിരല്‍ചൂണ്ടുന്നു എന്നതുള്‍പ്പെടെ ചില സംഗതികള്‍ ‘പാപ്പിലിയോ ബുദ്ധ’ക്ക് അനുകൂലമായും പറയാനുണ്ട്.മലയാളചിത്രങ്ങളില്‍ തൊണ്ണൂറ്റൊമ്പതു ശതമാനവും വ്യര്‍ത്ഥമായ കേവല കോമാളിത്തങ്ങളായി മാറിയിരിക്കുന്ന സ്ഥിതിക്ക് ഗൌരവപൂര്‍ണമായ പല വിമര്‍ശനങ്ങള്‍ക്കും സാധ്യത നല്‍കുന്നു എന്ന ഒറ്റ കാരണം കൊണ്ടു തന്നെ ‘പാപ്പിലിയോ ബുദ്ധ’യുടെ സംവിധായകനെയും ഇതിലെ അഭിനേതാക്കളെയും അണിയറ പ്രവര്‍ത്തകരെയുമെല്ലാം അഭിനന്ദിക്കാം
ചിത്രത്തിലെ വെളിച്ചം-അത് തിയേറ്ററിലെ സ്ക്രീനിലും എന്തോ പ്രശ്നമുള്ളത് പോലെ തോന്നിയിരുന്നു.പുതിയ പ്രമേയം,അതിന്റെ പരിചരണരീതികള്‍ എവിടെയോ പിഴച്ചുപോയതായി തോന്നി.ചിലപ്പോഴൊക്കെ കൃത്രിമത്വവും അനുഭവപ്പെടുന്നുണ്ട്.ഈ സംവിധായകന്റെ തന്നെ Shape of the shapeless എന്ന ചിത്രത്ത്തിലെക്കാന് പെട്ടെന്ന് എന്റെ ആലോചന പോയത്.എത്ര നന്നായിട്ടാണ് അതിന്റെ ചിത്രണം!.എന്തോ കൂടുതലായി പ്രതീക്ഷിച്ചു പോയതിനാലാണോ ഇങ്ങനെ നിരാശപ്പെടേണ്ടി വന്നത് എന്നാണിപ്പോള്‍ സംശയം.ചിത്രത്തിലെ ആ അവസാന രംഗമുണ്ടല്ലോ, പലായന രംഗം ,അതുപോലുള്ള ദൃശ്യരംഗങ്ങ ളാണ് ഈ പടത്തിന്റെ കാതലാകേണ്ടിയിരുന്നത് എന്ന് ഒരു സാധാരണ പ്രക്ഷകന്‍ എന്ന നിലയില്‍ ഞാന്‍ ആഗ്രഹിച്ചുപോകുകയാണ്.എങ്കിലും മാഷ് അഭിപ്രായപ്പെട്ടത് പോലെ , മലയാളചിത്രങ്ങളില്‍ തൊണ്ണൂറ്റൊമ്പതു ശതമാനവും വ്യര്‍ത്ഥമായ കേവല കോമാളിത്തങ്ങളായി മാറിയിരിക്കുന്ന സ്ഥിതിക്ക് ഗൌരവപൂര്‍ണമായ പല വിമര്‍ശനങ്ങള്‍ക്കും സാധ്യത നല്‍കുന്നു എന്ന ഒറ്റ കാരണം കൊണ്ടു തന്നെ ‘പാപ്പിലിയോ ബുദ്ധ’യുടെ സംവിധായകനെയും ഇതിലെ അഭിനേതാക്കളെയും അണിയറ പ്രവര്‍ത്തകരെയുമെല്ലാം അഭിനന്ദിക്കാം....മൃണാള്‍ സെന്‍ മുമ്പ് അഭിപ്രായപ്പെട്ടത് പോലെ ചോദ്യങ്ങള്‍ ചോദിക്കുക എന്നതും വളരെ പ്രധാനമാണല്ലോ....
ReplyDelete-- ബഷീര്‍ മേച്ചേരി