Pages

Friday, July 13, 2012

പുതിയ ഇടം

കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയഭൂചലനങ്ങളുടെ ഫലമായി ഉയര്‍ന്ന ജനാധി പത്യബോധത്തിന്റെ പുതിയ ഒരു ഇടം ജനമനസ്സില്‍ രൂപംകൊണ്ടു കഴിഞ്ഞിട്ടുണ്ട്.പരസ്പരം പൊരുത്തപ്പെടാത്ത പല ആശയങ്ങള്‍ കൂടിക്കലര്‍ന്ന് ഇളകിമറിയുന്ന ദ്രവാവസ്ഥയിലുള്ള ആ ഇടം എപ്പോഴാണ് ഉറച്ചുകിട്ടുക എന്ന് ആകാംക്ഷയോടെ ഉറ്റുനോക്കുന്നവരായി ലക്ഷക്കണക്കിനാളുകളുണ്ട് ഈ സംസ്ഥാനത്ത്.
കേരളത്തിലെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും സ്വന്തമായി അന്ധവിശ്വാസികളുടെ ഓരോ സൈന്യവ്യൂഹമുണ്ട്.അവരാണ് ഈ സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്ട്രീയ കുറ്റവാളികള്‍.ഏതവസ്ഥയിലും ഇളക്കം തട്ടാത്ത പിന്തുണയുമായി പാര്‍ട്ടിക്കു പിന്നില്‍ അവര്‍ ഉറച്ചു നിന്നുകൊള്ളും എന്ന വിശ്വാസമാണ് സാമ്പത്തിക അഴിമതി മുതല്‍ കൊലപാതകം വരെയുള്ള സകല തിന്മകള്‍ക്കുമുള്ള ആത്മബലം പാര്‍ട്ടികള്‍ക്ക് നല്‍കുന്നത്.ഈ സ്ഥിതിക്ക് പെട്ടെന്നൊന്നും വലിയ തോതിലുള്ള മാറ്റം സംഭവിക്കാന്‍ ഇടയില്ലെങ്കിലും കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ പോരാ എന്ന് ചിന്തിച്ചുതുടങ്ങിയിട്ടുണ്ട് ഗണ്യമായ ഒരു വിഭാഗം ജനങ്ങള്‍.
കക്ഷിരാഷ്ട്രീയത്തിന് അതീതമായി പ്രശ്നങ്ങളെ സമീപിക്കാനും അഭിപ്രായ രൂപീകരണം നടത്താനും തയ്യാറുള്ള ആ ജനവിഭാഗം സൃഷ്ടിക്കുന്ന സ്വതന്ത്രചിന്തയുടെ വെളിച്ചത്തില്‍ വേണം രാഷ്ട്രീയ യാഥാസ്ഥികത്വത്തില്‍ നിന്ന് ജനാധിപത്യബോധത്തിലേക്ക് നമ്മുടെ ജനത ഒന്നടങ്കം നടന്നുകയറാന്‍.തീര്‍ച്ചയായും അത് പെട്ടെന്ന് സംഭവിക്കാന്‍ പോവുന്ന സംഗതിയല്ല.എങ്കിലും അങ്ങനെയൊരു ഭാവി അല്പം വിദൂരതയിലാണെങ്കിലും നമ്മുടെ മുന്നില്‍തന്നെ  ഉണ്ട് എന്ന് വെളിപ്പെട്ടു കഴിഞ്ഞു.
                                              രാഷ്ട്രീയ കക്ഷികളുടെ സ്ഥാനം
കക്ഷിരാഷ്ട്രീയത്തിന് അതീതമായ സ്വതന്ത്രചിന്ത എന്നൊക്കെ പറയുമ്പോള്‍ രാഷ്ട്രീ യകക്ഷികളിലുള്ള ജനങ്ങളുടെ താല്പര്യം ഇപ്പോഴും വളരെ സജീവമാണെന്ന വസ്തുത നാം മറന്നുകളയരുത്.ഒറ്റയ്ക്ക് നിന്നാലോ ചെറുസംഘങ്ങളായി പ്രവര്‍ത്തിച്ചാലോ തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാനാവില്ല എന്ന് ജനങ്ങള്‍ക്ക് കൃത്യമായി അറിയാം.ഹര്‍ത്താലുകളും വലിയ സമരങ്ങള്‍ തന്നെയും മിക്കവാറും ഉപചാരങ്ങള്‍ മാത്രമാണെന്ന് അവര്‍  പഠിച്ചുകഴിഞ്ഞു.തങ്ങള്‍ പിന്തുണക്കുന്ന കക്ഷിയെ കൊണ്ട് ഭരണകേന്ദ്രങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തി കാര്യങ്ങള്‍ നേടിയെടുക്കുക എന്നതാണ് ഇപ്പോള്‍ ജനങ്ങളുടെ രീതി.ഇത് തികച്ചും വ്യക്തിപരമായ നേട്ടം മുതല്‍ ഒരു പ്രത്യേക പ്രദേശത്തുള്ളവരുടെ പ്രത്യേക പ്രശ്നത്തിനുള്ള പരിഹാരമോ ഒരു ജാതി/മതവിഭാഗത്തിന്റെ ഏതെങ്കിലും ആവശ്യം നേടിയെടുക്കലോ വരെ എന്തും ആകാം.രാഷ്ട്രീയം എന്നതുകൊണ്ട് ജനങ്ങള്‍ ഇപ്പോള്‍ അര്‍ത്ഥമാക്കുന്നത് ഈ വക കാര്യസാധ്യങ്ങളെ മാത്രമാണ്.ഈ മനോഭാവത്തില്‍ അടങ്ങിയിരിക്കുന്ന അരാഷ്ട്രീയത അല്പമായിപ്പോലും ബോധ്യപ്പെടുത്താനാവാത്ത വിധം ജനങ്ങള്‍ രാഷ്ട്രീയ ദര്‍ശനങ്ങളില്‍ നിന്നെല്ലാം എത്രയോ അകലെ എത്തിക്കഴിഞ്ഞു.
പാര്‍ലിമെന്ററി ജനാധിപത്യത്തിന് നമ്മുടെ രാജ്യത്ത് നല്ല വേരോട്ടം ലഭിച്ചു  കഴിഞ്ഞിട്ടു ണ്ട്.അയ്യഞ്ച് വര്‍ഷം കൂടുമ്പോഴുള്ള തിരഞ്ഞെടുപ്പിലൂടെ ഏതെങ്കിലും രാഷ്ട്രീയ കക്ഷിയോ കക്ഷികള്‍ ചേര്‍ന്ന മുന്നണിയോ അധികാരത്തിലെത്തുക എന്നത് സ്വന്തം ഭരണാധികാരികളെ തിരഞ്ഞെടുക്കാനുള്ള ഏറ്റവും നീതിപൂര്‍വകമായ സംവിധാനമാണെന്നതില്‍ ജനങ്ങള്‍ക്കു സംശയമില്ല.  ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ തീവ്രവാദപ്രസ്ഥാനങ്ങള്‍ അധികാരം നടത്തുന്നുണ്ടെങ്കിലും രാജ്യത്ത് നിലവിലുള്ള പാര്‍ലിമെന്ററി ജനാധിപത്യത്തേക്കാള്‍ മെച്ചമാണ് ആ അധികാരപ്രയോഗം എന്ന ആശയത്തിന് ചെറിയ അളവില്‍ പോലും പൊതുസമ്മതിയില്ല.
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കുന്ന ഒരു പാര്‍ട്ടിയെയും ജനങ്ങള്‍ രാഷ്ട്രീയപ്പാര്‍ട്ടിയായി അംഗീകരിക്കുകയില്ല.തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച് ഗുണകരമായ എന്തെങ്കിലും ചെയ്തുതരിക എന്നതാണ് തങ്ങള്‍ പിന്തുണ നല്‍കുന്ന പാര്‍ട്ടിയില്‍ നിന്ന് അവര്‍ പ്രതീക്ഷിക്കുന്നത്.കേരളരാഷ്ട്രീയത്തില്‍ മുന്നണികള്‍ മാറിമാറി അധികാരത്തിലെത്തുന്ന അവസ്ഥ നിലവിലുള്ളതുകൊണ്ട് അടുത്ത വട്ടം തങ്ങളുടെ പാര്‍ട്ടി അധികാരത്തിലെത്തുമെന്ന് പരാജയപ്പെടുന്ന മുന്നണിയിലെ ഏത് കക്ഷിയുടെ പിന്നില്‍ അണിനിരന്നിരിക്കുന്നവര്‍ക്കും ന്യായമായും പ്രതീക്ഷിക്കാം.വസ്തുത ഇതായിരിക്കെ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയെയും ആര്‍ക്കും ആഗ്രഹിച്ചില്ലാതാക്കാനാവില്ല.എത്ര വലിയ തെറ്റ് ചെയ്താലും ശക്തമായ ഒരു ഘടനക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഏത് പാര്‍ട്ടിക്കും ചുരുങ്ങിയ കാലത്തിനുള്ളില്‍ തങ്ങളുടെ മുഖം മിനുക്കി യെടുത്ത് ജനങ്ങള്‍ക്കു മുന്നില്‍ അവരുടെ അഭ്യുദയകാംക്ഷിയായി ഭാവിച്ച് നിലകൊള്ളാം. നാളിതുവരെ ഇതായിരുന്നു സ്ഥിതി.ചന്ദ്രശേഖരന്‍ വധത്തോടെയാണ് കാര്യങ്ങള്‍ അത്ര എളുപ്പമല്ല എന്ന അവസ്ഥയില്‍ മാര്‍ക്സിസ്റ് പാര്‍ട്ടി എത്തിയത്.ഇടതുപക്ഷത്തെ ഏറ്റവും പ്രബലമായ പാര്‍ട്ടി മാഫിയാരാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ നടത്തിപ്പുകാരാണെന്ന് സംശയാതീതമായി ബോധ്യപ്പെട്ടതോടെയാണ് നേരത്തേ പറഞ്ഞ പുതിയ ഇടം രൂപപ്പെട്ടതും.പാര്‍ട്ടിയുടെ ഭാവി എന്തായിരിക്കുമെന്നത് തീര്‍ച്ചയായും ഈ പുതിയ ഇടത്തിന്റെ ഭാവിയെയും വലിയൊരളവോളം ബാധിക്കും.അതേ കുറിച്ചുള്ള ഊഹങ്ങളില്‍ നിന്ന് തല്‍ക്കാലം നമുക്ക് മാറി നില്‍ക്കാം.
                          പുതിയ ജനകീയപ്രസ്ഥാനത്തിന്റെ സാധ്യതകള്‍
കേരളത്തിന്റെ പൊതുബോധത്തില്‍ മാഫിയാ രാഷ്ട്രീയത്തിനെതിരായും തികച്ചും പരസ്പരബഹുമാനത്തില്‍ അധിഷ്ഠിതമായ രാഷ്ട്രീയ ബോധത്തിന് അനുകൂലമായും രൂപപ്പെട്ടിരിക്കുന്ന ജനവികാരം പുതിയൊരു രാഷ്ട്രീയകക്ഷിയുടെ രൂപീകരണത്തില്‍ ചെന്നെത്തണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല.അങ്ങനെ സംഭവിക്കാനുള്ള സാധ്യതയും വളരെ കുറവാണ്.പക്ഷേ,ഈ ജനവികാരത്തിന്റെ ഉല്പന്നമായി  വളരെ അയഞ്ഞ ഘടനയോടു കൂടിയ അനേകം സംഘടനകള്‍ അങ്ങിങ്ങായി രൂപം കൊള്ളാം.പരസ്പരമുള്ള ആശയവിനിമയത്തിലൂടെ അത്തരം സംഘടനകള്‍ ഇടയ്ക്കിടക്കെങ്കിലും  യോജിച്ച് പ്രവര്‍ത്തിക്കാനുള്ള വേദികള്‍ കണ്ടെത്താനുള്ള സാധ്യതയും ഉണ്ട്.ആ കൂട്ടായ്മ വളരെ ഉറപ്പുള്ള സംഘടനാസംവിധാനത്തോടു കൂടിയ ഒരു പ്രസ്ഥാനമായി  വളരുമെന്ന് വെറുതെ സങ്കല്പിക്കുന്നതുപോലും വിഡ്ഡിത്തമാവും.പക്ഷേ,കേരളത്തിലെ രാഷ്ട്രീയ കക്ഷികളുടെ ജനവിരുദ്ധമായ നിലപാടുകളെയും അവയുടെ നേതാക്കള്‍ നടത്തുന്ന അഴിമതികളെയും എല്ലാ തരത്തിലുള്ള അക്രമപ്രവര്‍ത്തനങ്ങളെയും അപ്പപ്പോള്‍ ഏറ്റവും ഫലപ്രദമായി ചോദ്യം ചെയ്യുന്ന വലിയൊരു തിരുത്തല്‍ ശക്തിയായി ഈ പ്രസ്ഥാനത്തിന് മാറാന്‍ കഴിയും.അംഗബലം കൊണ്ടും സാമ്പത്തികശേഷി കൊണ്ടും ഏറ്റവും പിന്നില്‍ നില്‍ക്കുന്ന ഒരു രാഷ്ട്രീയ കക്ഷിയുടെ പോലും ജനാധിപത്യപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഇത്തരമൊരു പ്രസ്ഥാനത്തിന് വലിയ പങ്ക് വഹിക്കാന്‍ കഴിയും. സ്വന്തം അഭിപ്രായങ്ങളും കര്‍മപദ്ധതികളുമായി ജനാധിപത്യപരമായി നിലനില്‍ക്കാനുള്ള വ്യക്തികളുടെയും പ്രസ്ഥാനങ്ങളുടെയും അവകാശത്തിന്  കാവല്‍ നില്‍ക്കുന്ന പുതിയ പ്രസ്ഥാനത്തിനു പുറത്ത് രാഷ്ട്രീയപ്പാര്‍ട്ടികള്‍ അവയുടെ നയപരിപാടികളുമായി നിലകൊള്ളട്ടെ.പക്ഷേ,തങ്ങള്‍ നിരന്തരം നിരീക്ഷിക്കപ്പെടുന്നുണ്ടെന്നും തെറ്റായ ഒരു ചുവട് വെക്കുമ്പോള്‍ കടുത്ത വിമര്‍ശനത്തിനും എതിര്‍പ്പിനും സാധ്യതയുണ്ടെന്നും അവ എല്ലായ്പ്പോഴും ഓര്‍ത്തുകൊണ്ടിരിക്കട്ടെ.യഥാര്‍ത്ഥമായ ജനകീയ അഭിപ്രായ രൂപീകരണങ്ങള്‍ക്കു മുന്നില്‍ എത്ര വലിയ പ്രസ്ഥാനത്തിനും അടിപതറുമെന്ന് തെളിയിച്ച നാളുകളിലൂടെയാണ് കഴിഞ്ഞ രണ്ട് മാസക്കാലമായി നാം കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്.
വിശാലാര്‍ത്ഥത്തില്‍ നവസാമൂഹ്യപ്രസ്ഥാനങ്ങളുടെ അയഞ്ഞ ഘടന പിന്‍പറ്റുമ്പോള്‍ തന്നെ കേരളത്തിലെ പുതിയ പ്രസ്ഥാനത്തിന് അവയുടേതില്‍ നിന്ന് വ്യത്യസ്തമായി ഈ സംസ്ഥാനത്തെ രാഷ്ട്രീയത്തിന്റെ ആശയലോകത്തിലും ദൈനംദിന നടത്തിപ്പിലും ജാഗ്രതയോടെ ഇടപെടുക എന്ന ലക്ഷ്യം കൂടി വേണം.ആ ലക്ഷ്യത്തിന് തന്നെയായിരിക്കണം പ്രഥമ പരിഗണന. തികച്ചും നീതിയുക്തമായ ഒരു ജനകീയാവശ്യം ഉയര്‍ത്തിപ്പിടിച്ച് ഏത് പേര് വഹിക്കുന്ന പ്രസ്ഥാനം മുന്നോട്ട് വന്നാലും അതിനെ മറ്റ് പരിഗണകളില്ലാതെ പിന്തുണക്കാനും പുതിയ പ്രസ്ഥാനത്തിന് കഴിയണം.രാഷ്ട്രീയം എന്നതിന് രാഷ്ട്രീയ കക്ഷികള്‍ക്ക് വഴിപ്പെട്ടുള്ള അടിമജീവിതം എന്നല്ല അര്‍ത്ഥമെന്ന് അത് ജനങ്ങളെ ബോധ്യപ്പെടുത്തണം.
തികച്ചും സ്വതന്ത്രവും നിഷ്പക്ഷവുമായി ഇങ്ങനെയൊരു പ്രസ്ഥാനം നിലവില്‍ വരുന്നതില്‍  ഇവിടത്തെ ഒരു പ്രബലരാഷ്ട്രീയ കക്ഷിയും ആഹ്ളാദിക്കാനിടയില്ല.അവയുടെ സംഘടനാശേഷിക്ക് പ്രസ്ഥാനം ചെറിയ അളവില്‍ പോലും ഭീഷണിയാകില്ല എന്ന് ഉറപ്പുണ്ടായാല്‍ തന്നെ സമൂഹത്തിനുമേല്‍ തങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന തീര്‍ത്തും അന്യായമായ അധികാരപ്രയോഗത്തിന് തടസ്സം സൃഷ്ടിക്കുമെന്നതുകൊണ്ട് അവയുടെ ഭാഗത്തുനിന്ന് കടുത്ത എതിര്‍പ്പുണ്ടാകാന്‍ തന്നെയാണ് സാധ്യത.പക്ഷേ,ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വം കേരളജനതക്കു നല്‍കിയിരിക്കുന്ന സ്വാതന്ത്യ്രബോധവും നിര്‍ഭയത്വവും അത്തരം എതിര്‍പ്പുകളെയെല്ലാം മറികടന്ന് മുന്നോട്ടുപോവാനുള്ള അസാധാരണമായ ഊര്‍ജ്ജം തന്നെയായിരിക്കും.







3 comments:

  1. കേരളത്തിലെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും സ്വന്തമായി അന്ധവിശ്വാസികളുടെ ഓരോ സൈന്യവ്യൂഹമുണ്ട്.അവരാണ് ഈ സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്ട്രീയ കുറ്റവാളികള്‍


    എത്ര ശരി....

    ReplyDelete
  2. കേരളം സാമുദായികമായ ഉച്ചനീച്ചത്വങ്ങളില്‍നിന്നു മുക്തമായിട്ടില്ല, രാഷ്രീയ പാര്‍ട്ടികള്‍ എന്നാ വരേണ്യ വര്‍ഗ്ഗത്തിന്റെ സാമന്ത്മരായി വര്‍ത്തിക്കുയാണ് ഇന്ന് സാമുദായിക ശക്തികളായ ജാതി മതം എന്നിവ. ജനങ്ങള്‍ താഴെ തട്ടിലുരുന്നു ഇവര്‍ക്ക് പല നികുതി എന്നാ പേരില്‍ "കാണിക്ക" വയ്ക്കുന്നു.. കേരളം ഭ്രാന്താലയം ആയി തുടരുന്നു..!!
    --------------
    സത്യജിത്ത് , പടിയില്‍, പരിയാരം, മട്ടന്നൂര്‍.

    ReplyDelete
  3. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നിന്നാണ് ഇത്തരമൊരു ബ്ലോഗ്‌ മാഷിന്റെതായി ഉണ്ട് എന്നരിഞ്ഞത്. പുതിയ സാങ്കേതിക രീതികള്‍, അത് ശൈശവം വിട്ടിട്ടിലെന്കിലും, മാഷിനെ പോലുള്ളവര്‍ അവലംബിക്കുന്നത് ഏറെ പ്രസംസനീയമാണ്. (sorry, i am new to blog and please forgive my akshrathettukal).
    മാധ്യമങ്ങള്‍ ആഘോഷിച്ച ഒരു സംഭവും ശരാശരി മലയാളിയുടെ ജീവിത രീതിയെ മാറ്റിയതായി കണ്ടിട്ടില്ല. ടി പി യുടെ വധം അതു കൊണ്ട് തന്നെ കേരള രാഷ്ട്രീയത്തില്‍ വലിയ ഓളം സ്രിഷ്ടിക്കുമെന്നു ഞാന്‍ കരുതുന്നില്ല. മരിച്, ഭലപ്രദമായി നടന്ന പോലീസ് അന്വേഷണത്തിന്റെ വെളിച്ചത്തില്‍ ഇനി ഒരു ആരും കൊല ചെയ്യാന്‍ അല്‍പ കാലത്തെക്ക് എങ്കിലും
    ചിലര്‍ മടിച്ച്ചെക്കാം. പുതിയ രാഷ്ട്രീയ പ്രസ്ഥാനമല്ല നമുക്ക് വേണ്ടത്. നമ്മെ നയിക്കാന്‍ പ്രാപ്തിയും, കഴിവും, ആത്മാര്തതയും, സ്നേഹവുമുള്ള നേതാക്കന്മാരെയാണ്. അത്തരക്കാര്‍ ഇവിടെ തന്നെയുണ്ട്. പക്ഷെ നമ്മള്‍ ക്നടില്ലെന്നു നടിക്കുന്നു. കാരണം, നമ്മള്‍ അടുത്ത ആഘോഷത്തിനു കാത്തിരിക്കുകയാണ്.

    ReplyDelete