Pages

Tuesday, April 11, 2017

പ്രാദേശികചരിത്ര രചന എന്ന രാഷ്ട്രീയ ദൗത്യം

ചരിത്രം ഒരു  ജ്ഞാനരൂപമെന്ന നിലയിലും പഠനവിഷയമെന്ന നിലയിലും വലിയ വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന കാലമാണിത്. ചരിത്ര വസ്തുത എന്ന ഒന്നില്ല,വ്യാഖ്യാനങ്ങൾ മാത്രമേയുള്ളൂ,അതേ സാധ്യമാവൂ എന്നിടം വരെ എത്തുന്ന അനേകം വാദങ്ങൾ ചരിത്രത്തിനെതിരെ ഉയർന്നു വന്ന കാലമാണ് ഉത്തരാധുനിക കാലം.ജനങ്ങൾക്ക് ചരിത്രബോധം എന്ന ഒന്ന് ഇല്ലാതാവുക എന്നത് ബഹുരാഷ്ട്രമുതലാളിത്തത്തിന്റെ പല ആവശ്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്.ചരിത്രബോധമുള്ള ഒരു ജനത ഭൂതകാലാനുഭവങ്ങളുടെ ഓർമയെ ആധാരമാക്കി വർത്തമാനത്തിലെ എല്ലാ രാഷ്ട്രീയസാമ്പത്തികസാംസ്‌കാരിക നീക്കങ്ങളുടെയും പിന്നിലെ യഥാർത്ഥമായ ഉദ്ദേശ്യങ്ങൾ വളരെ പെട്ടെന്ന് തിരിച്ചറിയും.അവരെ കബളിപ്പിക്കുക അൽപം പോലും എളുപ്പമായിരിക്കുകയില്ല.വർത്തമാനത്തിൽ മാത്രം ജീവിക്കുന്നവരെ മാർക്കറ്റിന് വേഗത്തിൽ  കീഴടക്കാനാവും. രാഷ്ട്രീയമായ നിരക്ഷരതയും ചരിത്രബോധത്തിന്റെ അഭാവവുമായി ജീവിച്ചുപോവുന്ന ഒരാളെ വ്യാമോഹങ്ങൾ സൃഷ്ടിച്ചും പല വിധ പ്രലോഭനങ്ങൾക്ക് വശംവദനാക്കിയും വരുതിയിലേക്ക് കൊണ്ടുവരാൻ വിപണിയിൽ അധീശത്വം പുലർത്തുന്നവർക്ക് വലുതായൊന്നും അധ്വാനിക്കേണ്ടി വരില്ല.ഈ വസ്തുത തിരിച്ചറിഞ്ഞതുകൊണ്ടാണ് വിപണി സമ്പദ്ഘടനയുടെ സൂത്രധാരന്മാർ ചരിത്രബോധം ഇല്ലായ്മ ചെയ്യുന്നതിനുള്ള ആശയരൂപീകരണത്തിന് വലിയ തോതിൽ ഊർജം ചെലവഴിക്കുന്നത്.
 കാലക്രമമനുസരിച്ച് സംഭവങ്ങൾ,അതും രാജാക്കന്മാരും പ്രഭുക്കന്മാരും സാമൂഹ്യജീവിതത്തിനു മേൽ ആധിപത്യം പുലർത്തുന്ന മറ്റുള്ളവരുമായും ബന്ധപ്പെടുന്ന സംഭവങ്ങൾ രേഖപ്പെടുത്തുന്ന ജ്ഞാനമേഖല എന്ന അർത്ഥമാണ് ചരിത്രത്തിന് മുൻകാലങ്ങളിൽ ഇവിടെ ഉണ്ടായിരുന്നത്.വിദേശ മിഷനറിമാരും ഉദ്യോഗസ്ഥ പ്രമുഖന്മാരും ഗവേഷകരും ചരിത്ര നിർമാണത്തിൽ ഏർപ്പെടാൻ തുടങ്ങിയതോടെയാണ് ജനജീവിത വിജ്ഞാനം ചരിത്രത്തിന്റെ ഭാഗമാവാൻ തുടങ്ങിയത്.അപ്പോഴും കീഴാളജീവിതം മിക്കവാറും ചരിത്രത്തിന് പുറത്തായിരുന്നു.ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രത്തിൽ കീഴാളരുടെ ചെറുത്തുനിൽപുകൾക്കും ത്യാഗങ്ങൾക്കും അർഹമായ ഇടം കിട്ടാതെ പോയത് അതുകൊണ്ടാണ്.
ഇപ്പോൾ, ഇന്ത്യയിലെ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ഭരണകൂടം  ജനസംസ്‌കാരത്തിലെ വൈരുദ്ധ്യങ്ങളെയും അടിത്തട്ടിലെ ജനങ്ങൾ കാലാകാലമായി അനുഭവിച്ച നീതിനിഷേധങ്ങളെയും അവരുടെ സാംസ്‌കാരികജീവിതത്തിലെ വൈവിധ്യങ്ങളെയും  മുഴുവൻ മൂടിവെച്ച് ഈ മഹാരാജ്യത്ത് അങ്ങോളമിങ്ങോളം നില നിന്നത് ഒരേ സംസ്‌കാരമായിരുന്നുവെന്നും ഇന്ത്യാചരിത്രമെന്നത് സവർണരുടെ സംഭാവനകളുടെ ചരിത്രമാണെന്നും വരുത്തിത്തീർക്കാനുള്ള നിശ്ചയവുമായി വിദ്യാഭ്യാസം ഉൾപ്പെടെ അറിവിന്റെ വിനിമയം നടക്കുന്ന എല്ലാ മേഖലകളിലേക്കും കടന്നു കയറിക്കൊണ്ടിരിക്കയാണ്. ആധുനികശാസ്ത്രം കൈവരിച്ചതായി അവകാശപ്പെടുന്ന എല്ലാ നേട്ടങ്ങളും ,പ്ലാസ്റ്റിക് സർജറി മുതൽ അതിവേഗ ആകാശവാഹനങ്ങളും അത്യാധുനിക ആയുധങ്ങളും വരെ ഭാരതത്തിന് ഇതിഹാസപുരാണങ്ങളുടെ കാലം മുതൽ പരിചിതമായിരുന്നുവെന്ന്  സ്ഥാപിച്ചെടുക്കാനുള്ള തീവ്രശ്രമത്തിലാണ് രാജ്യത്തെ പല ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മേധാവികൾ പോലും.രാജ്യത്തിന്റെ വിവിധഭാഗങ്ങളുടെ ചരിത്രത്തെയും വിവിധ ജനവിഭാഗങ്ങളുടെ സാംസ്‌കാരികത്തനിമകളെയും രാഷ്ട്രത്തിന്റെ ചരിത്രം,ഭാരതീയ സംസ്‌കാരം എന്നീ ബൃഹദാഖ്യാനങ്ങളിലേക്ക് ഒതുക്കി ഏകരൂപമാക്കിത്തീർക്കാനുള്ള (Homogenization) ഇത്തരം ശ്രമങ്ങളെ ചെറുത്തു തോൽപിക്കാനുള്ള മാർഗം നമ്മുടെ ചരിത്രത്തെയും സംസ്‌കാരപഠനത്തെയും പ്രാദേശിക തലത്തിലേക്ക് കൊണ്ടു വരിക എന്നതു തന്നെയാണ്.അങ്ങനെ ചെയ്യുമ്പോൾ നമ്മുടെ മുന്നിലുണ്ടാവേണ്ട ലക്ഷ്യങ്ങൾ  ജനസംസ്‌കാരത്തിലെ വൈവിധ്യങ്ങളെ സ്വതന്ത്രമായി നിലനിൽക്കാനും പരിണമിക്കാനും അനുവദിക്കുന്ന ജ്ഞാനപരിസരം സൃഷ്ടിക്കുക എന്നതും തമസ്‌കരിക്കപ്പെട്ടതോ അവഗണിക്കപ്പെട്ടതോ ആയ ചരിത്ര വസ്തുതക്കൾക്ക് അർഹിക്കുന്ന പ്രാധാന്യം നേടിക്കൊടുക്കുക എന്നതും മാത്രമായിരിക്കണം.വരേണ്യ ചരിത്രകാരന്മാരെയും സംസ്‌കാര പഠിതാക്കളെയും നയിച്ച താൽപര്യങ്ങൾ തന്നെയാവരുത് നമ്മെയും നയിക്കുന്നത്.ദളിത് ജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും വിശദാംശങ്ങൾ നാം ഊന്നിപ്പറയുന്നത് ദളിതർ ഉയർന്ന ജാതിക്കാരായിരുന്നു എന്നോ ദളിതരുടെ സംസ്‌കാരം സവർണരുടെ സംസ്‌കാരത്തേക്കൾ മികച്ചതായിരുന്നു എന്നോ സ്ഥാപിക്കാൻ വേണ്ടിയാവരുത്.പ്രാന്തവൽകൃതരുടെ ചരിത്രത്തെയും സംസ്‌കാരത്തെയും സമീപിക്കുമ്പോൾ സവർണർ അവരുടെ മഹത്വം സ്ഥാപിക്കാനായി ഉപയോഗിച്ച തന്ത്രങ്ങളുടെ ദളിത് പകർപ്പായിരിക്കരുത് നാം പ്രയോഗിക്കുന്നത് എന്ന് ചുരുക്കം.
 ഒരു പ്രദേശത്തിന്റെ ചരിത്രത്തെ കുറിച്ച് പഠിക്കാൻ പുറപ്പെടുന്ന ആൾ ആദ്യമായി രണ്ട് ചോദ്യങ്ങളെ അഭിമുഖീകരിക്കണം.ഒന്ന്: താൻ ഏറ്റെടുക്കാൻ പോവുന്ന പ്രവൃത്തി എന്താണ് ലക്ഷ്യം വെക്കുന്നത്?  പ്രദേശത്തിന്റെ ചരിത്രത്തിലേക്കുള്ള പ്രവേശനം എവിടെ നിന്ന്, അതായത് ജനസംസ്‌കാരത്തിലോ ജനങ്ങളുടെ ഓർമയിലോ ഇന്നും സജീവമായി നിലനിൽക്കുന്ന ഏത് ഘടകത്തിൽ നിന്ന്,ഏത് യാഥാർത്ഥ്യത്തിൽ നിന്ന് ആരംഭിക്കണം എന്നതാണ് രണ്ടാമത്തെ ചോദ്യം.ദേവാലയങ്ങളിൽ നിന്നും ആചാരാനുഷ്ഠാനങ്ങളിൽ നിന്നും ആണ് പലരും ആരംഭിക്കാറുള്ളത്.ഓരോ പ്രദേശത്തെയും ഏറ്റവും പഴക്കമുള്ള ദേവാലയം/ ദേവാലയങ്ങൾ നൂറ്റാണ്ടുകളോളം ആ പ്രദേശത്തെ എല്ലാ ജീവിതവ്യവഹാരങ്ങൾക്കും മേൽ ആധിപത്യം പലർത്തിയിരുന്നതായി കണക്കാക്കാവുന്നതാണ്.രാജാക്കന്മാരും പ്രഭുക്കന്മാരും മറ്റും അവരുടെ അധികാരവും പ്രഭാവവും സാമാന്യജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനു വേണ്ടി പല തരത്തിൽ അവയെ പ്രയോജനപ്പെടുത്തിയിരുന്നു.ക്ഷേത്രങ്ങൾക്കും പള്ളികൾക്കും നൽകിയ ഭൂമിദാനം മുതൽ ആരംഭിക്കുന്നതാണത്.ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ഉത്സവങ്ങൾ, സവിശേഷാചാരങ്ങൾ, മത/ ആത്മീയപ്രഭാഷണങ്ങൾ, ചന്തകൾ ഇവയെല്ലാം ജനജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുകയും ജനങ്ങളുടെ ജീവിതബോധത്തെ രൂപപ്പെടുത്തുന്നതിൽ പോലും നിർണായകമായിത്തീരുകയും ചെയ്യുന്നുണ്ട്. ഇതെല്ലാം വസ്തുതകളായിരിക്കെ ആരാധനലായങ്ങളുടെ ചരിത്രത്തെ പ്രദേശിക ചരിത്രത്തിലേക്കുള്ള പല വാതിലുകളിൽ പ്രധാനപ്പെട്ട ഒന്നായി കണക്കാക്കുന്നതിൽ അപാകതയൊന്നുമില്ല.പക്ഷേ,ജനജീവിതത്തിന്റെ  മുന്നോട്ടുള്ള ഗതിയിൽ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ആവർത്തന സ്വഭാവമുള്ള സംഗതികൾ വലിയ പങ്കുവഹിക്കുന്നതായി കരുതാനാവില്ല. പ്രദേശത്തെ സാമൂഹ്യജീവിതത്തിൽ പല വ്യക്തികളും പ്രസ്ഥാനങ്ങളും പലപ്പോഴായി നടത്തിയ ഇടപെടലുകൾ, അവയുടെ ഫലങ്ങൾ,  ആധുനിക കാലത്താണെങ്കിൽ രാഷ്ട്രീയപ്പാർട്ടികൾ നടത്തിയ സമരങ്ങൾ,പ്രദേശത്തെ എഴുത്തുകാരും കലാസമിതികളും നൽകിയ സംഭാവനകൾ ഇവയൊക്കെയാണ് പൊതുജീവിതത്തിലെ വലിയ ചാലക ശക്തികളായിത്തീരുന്നത്.
ബൃഹദ് ചരിത്രത്തിൽ ഇത്തരം സംഗതികളൊന്നും സാധാരണഗതിയിൽ ഇടം പിടിക്കാറില്ല.സ്ത്രീകൾ,ദളിതർ,സാമ്പത്തികമായി ഏറ്റവും പിൻനിരയിൽ നിൽക്കുന്ന സാധാരണ തൊഴിലാളികൾ ഇവർക്കും അതിൽ ഇടം ലഭിച്ചിരുന്നില്ല. കാരണം അതിന്റെ പരിഗണനയിൽ വരുന്നത് മറ്റു ചിലരും മറ്റു ചിലതുമാണ്.പ്രദേശിക ചരിത്രത്തിനു മാത്രമേ ഒരു പ്രദേശത്തെ ജനജീവിതം നൂറ്റാണ്ടുകളിലൂടെ,സഹസ്രാബ്ദങ്ങളിലൂടെ തന്നെ എങ്ങനെ പരിണമിച്ചു എന്ന് സൂക്ഷ്മ വിശദാംശങ്ങളിൽ ഊന്നിക്കൊണ്ട് ആഖ്യാനം ചെയ്യാനാവൂ.കേരളത്തിന്റെ വിശാല ചരിത്രം എഴുതുമ്പോൾ മാടായി ഉൾപ്പെടെ വടക്കെ മലബാറിലെ പല ഗ്രാമങ്ങളിലെയും ദളിത് വിഭാഗത്തിൽ പെടുന്ന കുട്ടികൾക്ക് വ്യക്തിനാമങ്ങളായി ഷേണായ് ,നമ്പൂതിരി തുടങ്ങിയ ജാതിപ്പേരുകൾ നൽകിയതിലൂടെ സ്വാമി ആനന്ദതീർത്ഥൻ സവർണമേധാവിത്വത്തിനെതിരെ നടത്തിയ സാംസ്‌കാരികമായ അട്ടിമറി പ്രവർത്തനത്തിന്റെ പ്രാധാന്യം പരാമർശിക്കപ്പെടാതെ പോവാനാണ് സാധ്യത. മാടായിയുടെ പ്രാദേശിക ചരിത്രം എഴുതുന്നയാൾക്ക് പക്ഷേ, കോലത്തിരിമാരുടെ മാഹാത്മ്യമോ  കേരളത്തിലെ ഏറ്റവും പഴയ ഹൈന്ദവ ആരാധനാലയങ്ങളിൽ ഒന്നായ മാടായിക്കാവിന്റെയും സംസ്ഥാനത്തെ ആദ്യത്തെ മുസ്ലീം പള്ളികളിൽ ഒന്നായ മാടായിപ്പള്ളിയുടെയും മാത്രം ചരിത്രമോ എഴുതി അവസാനിപ്പിക്കാൻ ആവില്ല.അയാൾക്ക് മാടായിയിലെയും അയൽഗ്രാമങ്ങളിലെയും പാവപ്പെട്ടവർ നാട്ടുരാജാക്കന്മാരുടെയും ഭൂപ്രഭുക്കളുടെയും കീഴിൽ എന്തെന്തൊക്കെ ദുരിതങ്ങൾ തിന്ന് ജീവിതം തള്ളി നീക്കി എന്ന് വാമൊഴി ചരിത്രത്തിൽ നിന്നും നാടൻ പാട്ടുകളിൽ നിന്നുമെല്ലാം കിട്ടുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി വിസ്തരിക്കേണ്ടി വരും. ഇവിടങ്ങളിലെ മുൻകാല സ്ത്രീജീവിതത്തെ കുറിച്ചും ഫോക് കലാകാരന്മാരുടെ ജീവിതത്തെ കുറിച്ചും ആ ചരിത്രകാരൻ/ചരിത്രകാരി ആശ്രയിക്കാവുന്ന സ്രോതസ്സുകളിൽ നിന്നെല്ലാം വിവരങ്ങൾ ശേഖരിച്ച് അവതരിപ്പിക്കും.തെയ്യം കഥകളിൽ നിന്ന് ഒരു കാലഘട്ടത്തിലെ ജനങ്ങളുടെ മാനോലോകത്തെ രൂപപ്പെടുത്തിയ വിശ്വാസങ്ങളെയും ആചാരങ്ങളെയും സദാചാരസങ്കൽപങ്ങളെയും മാത്രമല്ല സാമാന്യജനങ്ങളുടെ ജീവിതസമരങ്ങളുടെ പല അടിയൊഴുക്കുകളെയും അയാൾ കണ്ടെത്തും.അവർണർ ക്ഷേത്ര പ്രവേശനത്തിനുള്ള അവകാശത്തിനുവേണ്ടി സമരം നടത്തിക്കൊണ്ടിരിക്കെത്തന്നെ സവർണരോട് 'നിങ്ങൾ നിങ്ങളുടെ ക്ഷേത്രവുമായി ഇരുന്നുകൊള്ളൂ,ഞങ്ങൾക്ക് ആ ക്ഷേത്രങ്ങളിൽ പ്രവേശനം ആവശ്യമില്ല'എന്ന് പറഞ്ഞ് മാറി നിന്ന ദളിതർ മാടായിയിൽ ഉണ്ടായിരുന്നു എന്ന വസ്തുത പ്രത്യേക പ്രാധാന്യത്തോടെ അയാൾക്ക് അവതരിപ്പിക്കേണ്ടി വരും.അങ്ങനെയൊക്കെ  ചെയ്താലേ മാടായിയുടെ പ്രാദേശിക ചരിത്രം പൂർണമാവുകയുള്ളൂ.
സമൂഹത്തിൽ ഓരോ കാലത്തും നിലനിന്നിരുന്ന വൈരുധ്യങ്ങൾ തമ്മിൽ പല തലങ്ങളിൽ സംഘട്ടനം നടന്നിട്ടുണ്ട്.അധികാരശക്തികളോട് ചേർന്നു നിൽക്കുന്നതിൽ അഭിമാനം കൊണ്ടവരും വ്യവസ്ഥയുടെ നെടുംതൂണുകൾ പിടിച്ചു കുലുക്കുന്നതിന് ധൈര്യം കാണിച്ച ചുരുക്കം ചില ധീരന്മാരും എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്.വ്യവസ്ഥാവിരുദ്ധ സമരങ്ങൾ ഒരിക്കലും ഏകരൂപമായിരുന്നില്ല. അതിന് പല രൂപങ്ങളും പല മാനങ്ങളും ഉണ്ടായിരുന്നു.കണ്ടൽച്ചെടികൾ നട്ടുവളർത്തിയ കല്ലേൻപൊക്കുടൻ പ്രകൃതിസംരക്ഷണത്തിന്റെ പാഠങ്ങൾ സമൂഹത്തെ പഠിപ്പിക്കുക മാത്രമായിരുന്നില്ല.ജാതിയെ അടിസ്ഥാനമാക്കിയുള്ള വേർതിരിവുകൾ പൊതുജീവിതത്തിന്റെ പല തലങ്ങളിലും ഇപ്പോഴും നിലനിൽക്കുന്ന ഒരു സമൂഹത്തെ ദളിതന് ഇങ്ങനെയും ചിലത് ചെയ്യാനാവും എന്ന് ബോധ്യപ്പെടുത്തുക കൂടിയായിരുന്നു അദ്ദേഹം.
കേരളത്തിലെ പരിസ്ഥിതി പ്രവത്തകർക്കെല്ലാം സുപരിചിതമായിക്കഴിഞ്ഞ ഒരു പ്രദേശമാണ് മാടായി;വിശേഷിച്ചും മാടായിപ്പാറ.ഈ പാറപ്പുറത്തെ ജൈവവൈവിധ്യങ്ങളെ കുറിച്ച് പലരും പഠിച്ചു കഴിഞ്ഞു.മാടായിയിലെ ജനജീവിത ചരിത്രത്തിന്റെ പല വശങ്ങളും പല ചരിത്രകൃതികളിലും പഠനങ്ങളിലുമായി ഇതിനകം പുറത്തു വന്നു കഴിഞ്ഞു.എം.എസ്.നായരുടെ മാടായിക്കാവ് : ഒരു പഠനം.കെ.ബാലകൃഷ്ണന്റെ ഏഴിമല,കെ.വി.ബാബുവിന്റെ കോലത്തുനാട് നാൾവഴി ചരിത്രം,അബ്ദുല്ല അഞ്ചില്ലത്തിന്റെ മലബാറിലെ ഇസ്ലാമിന്റെ ആധുനിക പൂർവചരിത്രം എന്നിവ അങ്ങനെയുള്ള ചരിത്രകൃതികളിൽ പ്രധാനപ്പെട്ടവയാണ്.
മാരാഹി,ഹേലി,മാറാവി,മസരി എന്നീ പേരുകളിൽ പല ചരിത്രഘട്ടങ്ങളിലായി അറിയപ്പെട്ടിരുന്ന മാടായി  നൂറ്റാണ്ടുകൾക്കു മുമ്പേ വിവിധ ജനവിഭാഗങ്ങളുടെ സംഗമത്തിലൂടെയും പിന്നീട് പഴയങ്ങായിയായിത്തീർന്ന പാഴി അങ്ങാടിയുടെ വളർച്ചയിലൂടെയും കോലത്തിരിമാരുടെ കുലദേവതയായ തിരുവർകാട്ട് ഭഗവതി കുടികൊള്ളുന്ന മാടായിക്കാവിന്റെയും മാലിക് ഇബ്‌നു ദിനാർ സ്ഥാപിച്ചതായി കരുതപ്പെടുന്ന മാടായിപ്പള്ളിയുടെയും പ്രശസ്തിയിലൂടെയും ഹിന്ദുക്കൾ,ബൗദ്ധർ, മുസ്ലീങ്ങൾ,ജൂതർ,ക്രിസ്ത്യാനികൾ എന്നിവരുടെയെല്ലാം സംഗമത്തിലൂടെയും നൂറ്റാണ്ടുകൾക്കു മുമ്പേ തന്നെ ഉത്തരകേരളത്തിലെ പ്രധാനപ്പെട്ട ഒരു സാംസ്‌കാരിക കേന്ദ്രമായി മാറിയിരുന്നു.എന്നാൽ ഇന്ന് നമുക്ക് ഊഹിച്ചെടുക്കാൻ പോലും പ്രയാസമായ കാരണങ്ങളാൽ മാടായിയുടെ പ്രാധാന്യത്തിന്  പിൽക്കാലത്ത് വലിയ തോതിൽ ഇടിവ് സംഭവിച്ചു.ഇപ്പോൾ കഴിഞ്ഞ ഏതാനും ദശകങ്ങൾക്കുള്ളിൽ മാടായിപ്പാറയുടെ പാരിസ്ഥിതിക പ്രാധാന്യത്തെ കുറിച്ച് പൊതുവായ ഒരവബോധം വളർന്നു വന്നതിനെത്തുടർന്നാണ് മാടായിയുടെ ചരിത്രം ചികഞ്ഞെടുക്കുന്നതിൽ പുതിയ ഉണർവ് പ്രകടമായിത്തുടങ്ങിയത്.
 മാടായിയുടെ  സമഗ്രമായ ചരിത്രം ഇനിയും എഴുതപ്പെടേണ്ടതായിട്ടാണിരിക്കുന്നത്.ചരിത്ര രചനയെ കുറിച്ചുള്ള സങ്കൽപങ്ങളിൽ ഒരുപാട് മാറ്റം വന്നിരിക്കുന്നതുകൊണ്ട് ഏതെങ്കിലുമൊരു വ്യക്തി ഒറ്റയ്ക്കിരുന്ന് അങ്ങനെയൊരു ചരിത്രമെഴുതുന്നതും കാത്ത് ഇനി നമുക്ക് സ്വസ്ഥമായി ഇരിക്കാനാവില്ല. ഈ പ്രദേശത്തിന്റെ ചരിത്രമെഴുതുന്നതിൽ താൽപര്യമുള്ളവർക്ക് ചെയ്യാവുന്നതായി കുറച്ചധികം കാര്യങ്ങളുണ്ട്. ചരിത്ര രേഖകളിൽ മാടായിയെക്കുറിച്ച് ഇതിനകം വന്നു കഴിഞ്ഞ പാരമർശങ്ങൾ സമാഹരിക്കുന്നതിൽ നിന്ന് അവർക്ക് ആരംഭിക്കാം. പിന്നെ ഈ പ്രദേശത്തിന്റെ സമഗ്രമായ ഒരു ഭൂവിജ്ഞാനീയ ചരിത്രം വിദഗ്ധരുടെ സഹായത്തോടെ തയ്യാറാക്കാം.കടൽ പിന്മാറി രൂപപ്പെട്ടുണ്ടായതാണ് അതിവിശാലമായ മാടായിപ്പാറ എന്ന പാറപ്പരപ്പ്  ഉൾപ്പെടെയുള്ള പ്രദേശങ്ങളെല്ലാം എന്ന് കരുതാവുന്നതിനുള്ള പല തെളിവുകളും ഇതിനകം ലഭിച്ചുകഴിഞ്ഞിട്ടുണ്ട്.പുരാവസ്തുവകുപ്പിന് നടത്താവുന്ന ഖനനം ഇതേവരെ നടന്നില്ല എന്നു മാത്രമേയുള്ളൂ.
വളപട്ടണം പുഴക്കും പെരുമ്പപ്പുഴക്കും ഇടയിലുള്ള സ്ഥലമാണ് തെയ്യംകലയുടെ കേന്ദ്രമേഖല എന്നു പറയാം.ഈ പ്രദേശത്ത് കെട്ടിയാടിക്കപ്പെട്ടു വരുന്ന തെയ്യങ്ങളുടെ ജീവിത കഥയും തെയ്യങ്ങളുമായി ബന്ധപ്പെട്ട പ്രാദേശിക സംഭവങ്ങളും പല വ്യക്തികളും നേരത്തെ നൽകിക്കഴിഞ്ഞ അനുഭവവിവരണങ്ങളും അപഗ്രഥനാത്മകമായ പഠനത്തിന് വിധേയമാക്കുകയാണെങ്കിൽ പല ചരിത്ര വസ്തുതകളും പുറത്തെടുക്കാനാവും.മാടായിയിലെയും സമീപഗ്രാമങ്ങളിലെയും സ്ഥലനാമങ്ങൾ,കുടുംബനാമങ്ങൾ എന്നിവയുടെയും പഠനവും പ്രാദേശിക ചരിത്രരചനയെ വലിയ അളവിൽ സഹായിക്കും.മാടായിയുടെ രാഷ്ട്രീയ ചരിത്രം പ്രത്യേകമായ വിശദ പഠനം അർഹിക്കുന്ന ഒന്നാണ്. സ്വാതന്ത്ര്യസമരത്തിലും അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന പല സമരങ്ങളിലും മാടായിക്കാരുടെ സാന്നിധ്യം ശ്രദ്ധേയമാം വിധം തന്നെ ഉണ്ടായിരുന്നു.സംസ്ഥാനരൂപീകരണത്തിനു ശേഷം കേരളത്തിന്റെ രാഷ്ട്രീയത്തിൽ നിർണായകമായ ഇടപെടലുകൾ നടത്തിയ കെ.പി.ആർ.ഗോപാലൻ,മത്തായി മാഞ്ഞൂരാൻ,എം.വി.രാഘവൻ എന്നിവരെ അസംബ്ലിയിലേക്കയച്ച നിയോജക മണ്ഡലമാണ് മാടായി.യുക്തിവാദ പ്രസ്ഥാനത്തിന് ഒരു കാലത്ത് നല്ല വേരോട്ടം ലഭിച്ചിരുന്ന പ്രദേശമാണിത്.ജാതിചിന്തക്കും അന്ധവിശ്വാസങ്ങൾക്കും എതിരായ ആശയങ്ങൾക്ക് വലിയ തോതിൽ ജനപിന്തുണ ലഭിച്ചിരുന്നു.വാമൊഴി ചരിത്രത്തിൽ നിന്ന് ആ വസ്തുത സാക്ഷ്യപ്പെടുത്തുന്ന പല അനുഭവവിരണങ്ങളും ചരിത്രകാരന്മാർക്ക് ലഭിക്കും.
മാടായിയുടെ വ്യാപാര ചരിത്രവും പഠനാർഹമായ ഒരു വിഷയമാണ്.ഒരു കാലത്ത് ജൂതന്മാരും പിന്നീട് മുസ്ലീങ്ങളുമാണ് മാടായിയുടെ വ്യാപാരമേഖലയിൽ മേൽക്കൈ നേടിയവർ.പഴയങ്ങാടി ,പുതിയങ്ങാടി എന്നീ സ്ഥലപ്പേരുകൾ തന്നെ മാടായിയുടെ വ്യാപാരപാരമ്പര്യത്തെ സാക്ഷ്യപ്പെടുത്തുന്നുണ്ട്.ലക്ഷദ്വീപിൽ നിന്നും അറബ് നാടുകളിൽ നിന്നും ചൈനയിൽ നിന്നുമെല്ലാം ഇവിടെ വ്യാപാരികൾ എത്തിയിരുന്നു എന്നതിൽ ചരിത്രകാരന്മാർക്ക് സംശയമില്ല.ഏഴിമലയിൽ നിന്ന് അധികം അകലെയല്ലാത്ത മാടായിയും പഴയങ്ങാടിയും പ്രാചീനകാലത്ത് തിരക്കേറിയ ഒരു വ്യാപാരകേന്ദ്രമായിരുന്നിരിക്കാൻ തന്നെയാണ് സാധ്യത.
കലാസാഹിത്യരംഗങ്ങളിലെ മാടായിയുടെ പാരമ്പര്യത്തെ കുറിച്ച് വരും തലമുറകളെ അറിയിക്കാൻ ഉതുകുന്ന വസ്തുതകളുടെ സമാഹാരണവും ഈ പ്രദേശത്തിന്റെ ചരിതം എഴുതുന്നവരുടെ ഉത്തരവാദിത്വമാണ്.അതുലന്റെ മൂഷകവംശകാവ്യം മുതൽ ആരംഭിക്കുന്നതാണ് ആ പാരമ്പര്യം.ഇങ്ങേയറ്റത്ത് നാടകകാരന്മാരും കവികളും കഥാകൃത്തുക്കളുമായി വളരെയേറെ പേരുണ്ട്.മാടായിയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ പത്തറുപത് വർഷങ്ങൾക്കുള്ളിൽ നാടന്ന നാടകപ്രവർത്തനങ്ങളുടെ ചരിത്രം തന്നെ  എത്രയോ പേജുകളിൽ എഴുതാനുണ്ടാവും.
മുകളിൽ നിർദ്ദേശിച്ച തരത്തിലുള്ള ചരിത്ര രചന മാടായിയുടെ കാര്യത്തിൽ മാത്രമല്ല സാധ്യമാവുക.ഏത് പ്രദേശത്തും ഇതേ വരെയായി ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടാതെ കിടക്കുന്നതും എന്നാൽ നിർബന്ധമായും ചരിത്രത്തിൽ ഇടം പിടിക്കേണ്ടുന്നതുമായ ഒരുപാട് വസ്തുതകളും അനുഭവങ്ങളും ഉണ്ടാവും.പല സ്ഥലങ്ങളിലും കുടുംബസംഗമങ്ങൾ നടക്കുകയും കുടുംബചരിത്രം സോവനീറുകളായും പുസ്തകങ്ങളായുമൊക്കെ പുറത്തുവരികയും ചെയ്യുന്ന കാലമാണിത്.ഇത്തരം ചരിത്രങ്ങൾ തറവാടിത്തഘോഷണത്തിൽ ഒതുങ്ങുകയാണ് പതിവ്.പ്രാദേശിക ചരിത്ര രചന ഒരു പ്രദേശത്തപ്പറ്റി ആ പ്രദേശത്തുള്ളവരിൽ അഭിമാനബോധം വളർത്താൻ ഉദ്ദേശിച്ചുള്ളതാവരുത്.മനുഷ്യ ചരിത്രത്തിൽ ഒരു ഗ്രാമത്തിലെയോ നഗരത്തിലെയോ ജനങ്ങൾ നടത്തിയ ഇടപെടലുകളുടെയും അവർ നൽകിയ സംഭാവനകളുടൈയും വസ്തുനിഷ്ഠമായ രേഖപ്പെടുത്തലായിരിക്കണം പ്രാദേശിക ചരിത്ര രചന.ആരംഭത്തിൽ പറഞ്ഞ പോലെ ചരിത്രത്തിന്റെ ആവശ്യകതയും  ചരിത്രത്തിന്റെ വസ്തുനിഷ്ഠത തന്നെയും പല കോണുകളിൽ നിന്നായി ചോദ്യം ചെയ്യപ്പെടുന്ന ഒരു ചരിത്ര സന്ധിയിൽ പ്രാദേശിക ചരിത്ര രചന വലിയൊരു പ്രതിരോധ പ്രവർത്തനവും രാഷ്ട്രീയ പ്രവർത്തനവുമാണ്.മുൻകാലങ്ങളിൽ ഉണ്ടായ ചരിത്രരചനകളുടെ  അവിശ്വാസ്യതയെ കുറിച്ചുള്ള വാദങ്ങളിലെ ശരികൾ അംഗീകരിച്ചുകൊണ്ടു തന്നെ ചരിത്രം എത്ര വലിയ  ജ്ഞാനമേഖലയാണെന്ന് ഊന്നിപ്പറയലും ചരിത്രത്തിന്റെ ബഹുസ്വരത എങ്ങനെ ചരിത്രവിരുദ്ധമാകാതിരിക്കുമെന്ന് ബോധ്യപ്പെടുത്തലും ചരിത്രത്തെ വലിയൊരു സൗന്ദര്യാനുഭവം കൂടിയായി മാറ്റിത്തീർക്കലുമാവണം ഇത്.സാഹിത്യത്തെയും മാനവിക വിഷയങ്ങളെയും വിദ്യാഭ്യാസത്തിന്റെ പല തലങ്ങളിൽ നിന്നും പുറന്തള്ളാനുള്ള ആസൂത്രിത ശ്രമങ്ങൾ നടക്കുകയും ദീർഘകാലം ചരിത്രാധ്യാപകരായിരുന്നവരിൽ ചിലർ പോലും വിദ്യാഭ്യാസത്തിന്റെ മകവ് സാഹിത്യത്തിന്റെയും മാനവിക വിഷയങ്ങളുടെയുമല്ല ഗണിതത്തിന്റെയും മറ്റ് ശാസ്ത്രവിഷയങ്ങളുടെയും ബോധനത്തിലും പഠനത്തിലുമുള്ള മികവിന്റെ അടിസ്ഥാനത്തിലാണ് നിർണയിക്കേണ്ടത് എന്ന് പ്രസംഗിച്ചു തുടങ്ങുകയും ചെയ്യുന്ന കാലത്ത് പ്രാദേശികചരിത്ര രചനയുടെ പ്രാധാന്യം ഊന്നിപ്പറയാൻ ധാരാളം അവസരങ്ങളുണ്ടാവുന്നത് തീർച്ചയായും വളരെ ആഹ്ലാദകരമാണ്.
( മാടായിപ്പാറ പരിസ്ഥിതി സമ്മേളനത്തിന്റെ ഭാഗമായി മാർച്ച് 22 ന് മാടായി കോളേജിൽ നടന്ന ചരിത്ര സെമിനാർ ഉത്ഘാടനം ചെയ്തുകൊണ്ട് നടത്തിയ പ്രസംഗം)

No comments:

Post a Comment