Pages

Thursday, July 21, 2016

വാക്കിലെ സൂര്യനെ വിസ്മൃതമാക്കരുത്

പടിഞ്ഞാറ് എന്ന വാക്കിന് ഞായർ അതായത് സൂര്യൻ പടിയുന്ന ഇടം എന്ന് അർത്ഥമുള്ളതായി ഒട്ടു വളരെ പേർക്കും അറിയില്ല.നമ്മെ സംബന്ധിച്ചിടത്തോളം പടിഞ്ഞാറ് ഒരു ദിക്കാണ്.നിത്യവും സൂര്യൻ അവിടെ അസ്തമിക്കുന്നതായും എല്ലാവർക്കും  അറിയാം.പക്ഷേ,ദിക്കിന്റെ പേരിനു പിന്നിൽ സൂര്യനും സൂര്യന്റെ പടിയലും ഉള്ളതായി നാം പ്രത്യേകം ഓർക്കാറില്ല.വാക്ക്  പ്രകൃതിയിലെ ആ അനുഭവത്തിൽ നിന്ന് വേറിട്ടല്ലെങ്കിലും വേറിട്ടാണ് നിൽക്കുന്നത്.വാക്കിന്റെ നിരുക്തി അറിയാതെ തന്നെ വാക്ക് എന്തിനെ സൂചിപ്പിക്കുന്നു എന്ന് മനസ്സിലാക്കുന്നിടത്തേക്ക്, അതായത് നിരുക്തിയുടെ ഭാരമില്ലാതെ സാധാരണവ്യവഹാരത്തിൽ പെരുമാറാൻ പറ്റുന്ന തലത്തിലേക്ക് അനേകമനേകം വാക്കുകളെ ഉയർത്താനാവുന്ന ഉയർന്ന ഭാഷാബോധത്തിലേക്കും പ്രയോഗശേഷിയിലേക്കും മനുഷ്യരാശിയിൽ ബഹുഭൂരിപക്ഷവും എത്രയോ മുമ്പെ എത്തിയിട്ടുണ്ട്. പുതുതായി സൃഷ്ടിക്കപ്പെടുന്ന ഓരോ വാക്കിനെയും ആയാസരഹിതമായി ആ  ഉയരത്തിലെത്തിക്കാൻ ശീലബലം മനുഷ്യനെ പ്രാപ്തനാക്കുന്നുമുണ്ട്.വാക്കിനെ ഈ രീതിയിൽ പെരുമാറാൻ അനുവദിക്കുന്നത് അമൂർത്താശയങ്ങളെ ഉൾക്കൊള്ളാനുള്ള ശേഷി കൈവരിക്കുന്നതിലേക്കുള്ള ഒരു ചവിട്ടുപടിയാണ്.പല പ്രാകൃത ജനവിഭാഗങ്ങളുടെയും ഭാഷ ഈ ശേഷി കൈവരിച്ചിരുന്നില്ല.വാക്കുകൾ മൂർത്തമായ നേരനുഭവങ്ങൾക്ക് അപ്പുറം പോകാത്തതിനുള്ള ഉദാഹരണങ്ങൾ വിൽഹെം മാക്‌സിമില്ലൻ വുൺഡ്ട് (Wilhem Maximilian Wundt) 'ടോഗോ നീഗ്രോ'കളുടെ ഭാഷയിൽ നിന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്.'പടിഞ്ഞാറ്' എന്ന് പറയാൻ സൂര്യൻ,ഇരിക്കുക സ്ഥലംഎന്നീ മൂന്ന് വാക്കുകൾ അവർക്ക് ഉപയോഗിക്കേണ്ടി വരുന്നു.വാക്കുകൾ അനുഭവങ്ങളുടെ ദൃശ്യതലത്തിന് അപ്പുറം ചെല്ലാതിരിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്‌നമാണിത്.ടോഗോകളുടെ ദേശത്ത് സ്‌കൂളുകൾ വരികയും സ്ലെയിറ്റ്‌പെൻസിലിനെ സൂചിപ്പിക്കുന്ന ഒരു വാക്ക് അവരുടെ ഭാഷയിൽ ആവശ്യമായി വരികയും ചെയ്തപ്പോൾ കല്ല് ,പോറുക,എന്തോ എന്നീ വാക്കുകൾ ഉപയോഗിച്ചാണ് പുതിയ വസ്തുവിന് അവർ പേരിട്ടത്.
സ്വാനുഭവങ്ങളെ പോലും അവയുമായി ബന്ധപ്പെട്ട് ഉണ്ടാകാനിടയുള്ള മാനസികാനുഭവങ്ങളിൽ നിന്ന് വേർപെടുത്തി മാത്രം മനസ്സിലാക്കാൻ പറ്റുന്ന,അല്ലെങ്കിൽ അനുഭവങ്ങൾ സ്വാഭാവികമായിത്തന്നെ സൃഷ്ടിക്കേണ്ടുന്ന വൈകാരികപ്രതികരണങ്ങൾ പാടെ അന്യമായിപ്പോവുന്ന അവസ്ഥയിലാണ് പല പ്രാകൃതജനവിഭാഗങ്ങളും.അവരുടെ ഭാഷ അനുഭവങ്ങളുടെ പല ആഴങ്ങളിലേക്കും ഉയരങ്ങളിലേക്കും തിരിവുകളിലേക്കും എത്തിച്ചേരാൻ അവരെ പ്രാപ്തരാക്കുന്നില്ല എന്നതാണ് വാസ്തവം.നാം താരതമ്യേന അമൂർത്തമായ പരികല്പനകൾ കൊണ്ട് ആവിഷ്‌കരിക്കുന്ന സംഗതികളെ മുഴുവൻ പ്രാകൃത മനുഷ്യൻ വ്യത്യസ്തമായ പ്രത്യക്ഷ ബിംബങ്ങളാക്കി ചുരുക്കുകയാണ് ചെയ്യുന്നത്.അവന്റെ/അവളുടെ ചിന്ത എല്ലായ്‌പോഴും ഒറ്റയൊറ്റയായ വസ്തുക്കളോട് ബന്ധിതമായാണ് നിൽക്കുക.ആ വസ്തുക്കൾക്ക് അപ്പുറം അവൻ/അവൾ കടക്കുകയില്ല.അങ്ങനെയുള്ളവരുടെ ലോകത്ത് അനുഭവങ്ങൾ  വസ്തുക്കൾക്ക് സമാനമായിരിക്കും.ആഫ്രിക്കയിലെ ബുഷ്‌മെൻ എന്ന് വിളിക്കപ്പെട്ട ഗോത്രവർഗജനത തങ്ങൾക്ക് വെള്ളക്കാരിൽ നിന്ന് ഉണ്ടായ അനുഭവം വിവരിക്കുന്നത് ചൂണ്ടിക്കാണിച്ച് വുണ്ഡ് ഇക്കാര്യം വിശദീകരിക്കുന്നുണ്ട്.
ആരംഭത്തിൽ വെള്ളക്കാർ ബുഷ്‌മെൻ ഗോത്രക്കാരോട് വളരെയേറെ സ്‌നേഹം ഭാവിച്ചാണ് പെരുമാറിയത്.തങ്ങളുടെ ആടുകളെ മേക്കാൻ അവരെ ആവശ്യമുണ്ടായിരുന്നു എന്നതാണ് കാര്യം.പക്ഷേ,പിന്നീട് (അവരെ യഥേഷ്ടം ലഭ്യമാവും എന്ന് ഉറപ്പായതു ഘട്ടം മുതലാവാം)വെള്ളക്കാരുടെ പെരുമാറ്റം മോശമാവാൻ തുടങ്ങി.തന്റെ യജമാനന്റെ പെരുമാറ്റം സഹിക്കാനാവാതെ ഒരു ബുഷ്മാൻ ഓടിപ്പോയാൽ യജമാനനായ വെള്ളക്കാരൻ മറ്റൊരു ബുഷ്മാനെ ജോലിക്ക് വെക്കും.അയാളുടെ അനുഭവവും  മുൻഗാമിയുടെത് തന്നെയായിരിക്കും.വെള്ളക്കാരനിൽ നിന്ന് ഓടിരക്ഷപ്പെട്ട ബുഷ്മാൻ തന്റെ അനുഭവം മറ്റുള്ളവരോട് വിവരിക്കുമ്പോൾ അതിൽ വെള്ളക്കാരനിൽ നിന്ന് സഹിക്കേണ്ടി വന്ന മോശമായ ശാരീരികാനുഭവങ്ങളുടെയെല്ലാം വിവരണമുണ്ടാവാം.പക്ഷേ,തനിക്ക് നേരിടേണ്ടി വന്ന ദയാരഹിതമായ പെരുമാറ്റം,അപമാനം,മനോവേദന ഇവയൊന്നും അതിൽ ഉണ്ടാവില്ല. അനുഭവങ്ങളുടെ മൂർത്ത ചിത്രങ്ങളെല്ലാം തന്റെ ബോധത്തിൽ തെളിയുന്ന മുറക്ക് അയാൾ അവതരിപ്പിക്കും.അതിലപ്പുറം അയാളുടെ ചിന്തയ്ക്ക് പോവാനാവില്ല.ഇത് ബുഷ്‌മെൻ ജനവിഭാഗത്തിന് ചിന്താശേഷി കുറവായതുകൊണ്ടല്ല.മറിച്ച് അവരുടെ ഭാഷ അവികസിതമായതുകൊണ്ടാണ്.അവികസിതമായ ഭാഷ അനുഭവത്തിന്റെ ചില തലങ്ങളെ അവരുടെ ബോധത്തിലേക്ക് പ്രവേശിപ്പിക്കാത്തതുകൊണ്ടാണ്.
ഒരു ഭാഷ സംസാരിക്കുന്ന ജനത അതിലെ ഓരോ വാക്കിലും സഞ്ചയിച്ചുവെച്ചിരിക്കുന്നത് അനേകം തലമുറകളുടെ അനുഭവമുദ്രകളും ജീവിതബോധവും സാമൂഹ്യസ്മൃതിയും മറ്റുമാണ്. ഒരു വാക്ക് കേൾക്കുന്ന മാത്രയിൽ അവ മുഴുവൻ ഒരാളുടെ മനസ്സിലേക്ക് ഓടിയെത്തണമെന്നില്ല.പക്ഷേ,വാക്കിനെ ആയശവിനിമയത്തിന് ഉപയോഗിക്കുന്ന ശബ്ദസമുച്ചയം എന്ന നിലക്ക് മാത്രമല്ലാതെ മനസ്സിലാക്കാനാവുന്ന തലത്തിലേക്ക് ഉയർന്നു കഴിഞ്ഞവർ ഒരു ഭാഷ സംസാരിക്കുന്നവർക്കിടയിലെ ഭൂരിപക്ഷമല്ലെങ്കിൽ ഗണ്യമായ ഒരു വിഭാഗമെങ്കിലും ആയിത്തീർന്നാൽ അതുകൊണ്ട് ഒരു ജനതയുടെ സാംസ്‌കാരിക ജീവിതത്തിന് ഉണ്ടാവുന്ന നേട്ടം വളരെ വലുതായിരിക്കും. വാക്കുകളുടെയും  പ്രത്യയങ്ങളുടെയും മറ്റും എണ്ണവും ഉപയോഗവും വളരെ പരിമിതമായിരിക്കുന്ന ഒരു ഭാഷ കൊണ്ട് ആശയവിനിമയം നടത്തിപ്പോവുന്ന ഒരു ജനതയ്ക്ക് പല വൈകാരികാനുഭവങ്ങളും അനുഭൂതികളും അന്യമാവുമെന്നു മാത്രമല്ല അവരുടെ ആശയ ഗ്രഹണശേഷി മൊത്തത്തിൽ പരിമിതമായിരിക്കുകയും ചെയ്യും.
എല്ലാ അർത്ഥത്തിലും വികസിതമായ ഒരു ഭാഷ തന്നെയും തെറ്റായ രീതിയിലാണ് പഠിപ്പിക്കുന്നതെങ്കിൽ അത്  ആ ഭാഷ പഠിക്കുന്ന കുട്ടികളുടെ ചിന്താശേഷിയെയും ഭാവനാശേഷിയെയും വളരെ പ്രതികൂലമായി ബാധിക്കും.ഈയൊരു വാസ്തവം മുന്നിലിരിക്കുന്നതു കൊണ്ടാണ് സ്‌കൂളുകളിലെ ഭാഷാധ്യാപനം കുറ്റമറ്റതായിരിക്കണമെന്ന കാര്യത്തിൽ എല്ലാവരും നിർബന്ധം പിടിക്കുന്നത്.പക്ഷേ,കുറ്റമറ്റ ഭാഷാധ്യാപനരീതി ഏതെന്ന കാര്യത്തിൽ അധ്യാപകർ മാത്രമല്ല വിദ്യാഭ്യാസവിചക്ഷണരും ഏകാഭിപ്രായക്കാരല്ല.പഠനം പാൽപായസമാവണമെന്ന് വാദിച്ചവർ വഴി പ്രയോഗത്തിലേക്ക് വന്ന ഭാഷാസമഗ്രതാദർശനത്തെ അടിസ്ഥാനമാക്കിയുള്ള സമീപന(Whole Language Approach)മാണ് ശരിയായ രീതിയിൽ ഭാഷ പഠിപ്പിക്കുന്നതിനുള്ള ഫലപ്രദമായ മാർഗമെന്നും പഴയ  Phonic രീതി വിദ്യാർത്ഥികളെ പീഡിപ്പിക്കുന്നതും അവർക്കും അധ്യാപകർക്കും വലിയ സമയനഷ്ടമുണ്ടാക്കുന്നതുമാണെന്നും ഉറപ്പിച്ചു പറയുന്നവർ നമ്മുടെ അധ്യാപകർക്കിടയിൽ വളരെയേറെപ്പേരുണ്ട്.ഓരോ അക്ഷരവും പ്രത്യേകം പ്രത്യേകമായി എഴുതിയും പറയിച്ചും പഠിപ്പിച്ച്, അക്ഷരങ്ങൾ കൂട്ടിച്ചേർത്ത് വാക്കുകൾ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് ബോധ്യപ്പെടുത്തി, പിന്നെ വാക്യഘടന പരിചയപ്പെടുത്തി പടിപടിയായി വാക്കുകളുടെയും വാക്യങ്ങളുടെയും അനേകംമനേകം സാധ്യതകളിലേക്ക്  വിദ്യാർത്ഥികളെ ആനയിക്കുന്ന  രീതിയാണ് നമ്മുടെ സ്‌കൂളുകളിൽ നേരത്തെ നിലവിലുണ്ടായിരുന്നത്.ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. ഭാഷാസമഗ്രതാദർശനത്തെ അടിസ്ഥാനമാക്കിയുള്ള സമീപനം സ്വീകരിക്കുമ്പോൾ അക്ഷരങ്ങളിൽ നിന്ന് ആരംഭിക്കാതെ ചിത്രങ്ങളുടെ സഹായത്തോടെ വാക്കുകളും വാക്യങ്ങളുമെല്ലാം നേരിട്ടു തന്നെ പഠിപ്പിച്ച് (അതായത് പരിചയിപ്പിച്ച്) ഭാഷ അക്ഷരം മാത്രമായോ വാക്കുകൾ മാത്രമായോ അല്ല നിലനിൽക്കുന്നത് എന്ന ബോധ്യത്തിലേക്ക് ആരംഭഘട്ടത്തിലേ കുട്ടികളെ എത്തിക്കുകയാണ് ചെയ്യുന്നത്.ഇവിടെ അക്ഷരം പഠിപ്പിക്കുന്നതിനോ വാക്കിന്റെ അർത്ഥം പഠിപ്പിക്കുന്നതിനോ വ്യാകരണകാര്യങ്ങൾ പഠിപ്പിക്കുന്നതിനോ ഉള്ള കാര്യമായ യാതൊരു ശ്രമവും അധ്യാപകന്റെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ട കാര്യമില്ല.ഭാഷയെ സമഗ്രമായിത്തന്നെ ഉൾക്കൊള്ളുന്ന കുട്ടി അവയെല്ലാം താനേ പഠിച്ചുകൊള്ളും ; അല്ലെങ്കിൽ ഇടക്കാലത്ത് ഒരു വിദ്യാഭ്യാസവിദഗ്ധൻ പ്രസ്താവിച്ചതുപോലെ അവയെല്ലാം താനേ പഠിയും.അതാണ് സമഗ്രതാദർശനക്കാരുടെ വാദം.
കേരളത്തിലെ അധ്യാപകരിൽ ഗണ്യമായൊരു വിഭാഗം വലിയ ആവേശത്തോടെയാണ് Whole Language Approach നെ അംഗീകരിച്ചത്.അത് വിപ്ലവകരമായ ഒരു കണ്ടെത്തലാണെന്ന് അവർ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു.പുതുമയോടുള്ള ആഭിമുഖ്യമാണ് അവരെ അതിന് പ്രേരിപ്പിച്ചതെന്നു പറയാം.പക്ഷേ,ചെറിയ ക്ലാസ്സുകളിൽ വെച്ചു തന്നെ അക്ഷരങ്ങളും കൂട്ടക്ഷരങ്ങളും അക്ഷരങ്ങളുടെ നീട്ടലും കുറുക്കലുമെല്ലാം എഴുതിപ്പഠിച്ച് ,അക്ഷരത്തെറ്റ് വരുത്തുന്നത് വലിയ നാണക്കേടാണ് എന്ന ധാരണയോടെ വിദ്യാഭ്യാസം തുടർന്നു പോന്ന പഴയ കുട്ടികളുടെ സ്ഥാനത്ത് ഒരു ചെറിയ വാക്യത്തിനകത്തു പോലും മൂന്നും നാലും അക്ഷരത്തെറ്റ് വരുത്തുന്നവരാണ് എസ്.എസ്.എൽ.സി കഴിഞ്ഞ് വരുന്നതെന്നും വാക്യഘടനയെപ്പറ്റി അവരിൽ പലർക്കും യാതൊരു ധാരണയുമില്ലെന്നും അവരുടെ ആശയഗ്രഹണശേഷി വളരെ ദുർബലമാണെന്നും ഒന്നുരണ്ട് ദശകക്കാലത്തെ അനുഭവത്തിൽ നിന്ന് ബോധ്യപ്പെട്ടുകഴിഞ്ഞതിനു ശേഷവും ഭാഷാസമഗ്രതാദർശനത്തെ അടിസ്ഥാനമാക്കിയുള്ള ബോധനരീതി തുടരണം എന്ന് ആവേശത്തോടെ വാദിക്കുന്നവരുടെ താൽപര്യങ്ങളെ സംശയിക്കുകയേ നിവൃത്തിയുള്ളൂ.
ഒരു ഭാഷയുടെ സ്വഭാവത്തെയും പ്രവർത്തനരീതികളെയും ബാഹ്യതലത്തിൽ പരിചയപ്പെട്ട് അത് സമഗ്രമായ മനസ്സിലാക്കലാണ്  എന്നു തെറ്റിദ്ധരിച്ച് ആ ഭാഷ പഠിച്ചുതുടങ്ങുന്നവർ അക്ഷരം,പദവിഭാഗങ്ങൾ,പ്രത്യയങ്ങൾ,വാക്യഘടന എന്നിങ്ങനയുള്ള പ്രാഥമിക കാര്യങ്ങളെപ്പറ്റി കൃത്യമായൊരു ധാരണയുമില്ലാതെയാണ് മുന്നോട്ട് പോവുക.അവരുടെ ആശയാവിഷ്‌കാരം വിൽഹെം വുൺഡ് ഉദാഹരിച്ച 'ടോഗോ നീഗ്രോ'കളുടെതിന് സമാനമായിത്തീർന്നാൽ അത്ഭുതപ്പെടാനില്ല.അമൂർത്താശയങ്ങളുടെ ലോകത്തിലേക്ക് ആത്മവിശ്വാസപൂർവം പ്രവേശിക്കാൻ വ്യക്തിക്ക് പ്രാപ്തി നൽകുന്ന ഭാഷയെപ്പറ്റി മാത്രമെ വളർന്നുപാകമായ ഭാഷ എന്ന് നമുക്ക് പറയാനാവൂ.അങ്ങനെയുള്ള ഭാഷയിലെ ഒരു വാക്ക് സന്ദർഭം ആവശ്യപ്പെടുന്ന പക്ഷം ഓർമകളുടെയും ചിന്തകളുടെയും അനുഭൂതികളുടെയും എത്രയെത്ര കുഞ്ഞുകുഞ്ഞു സൂര്യന്മാരെ വ്യക്തിയുടെ ബോധത്തിന്റെ ആകാശത്തിൽ ഞൊടിയിടയിൽ യാഥാർത്ഥ്യമാക്കിത്തീർക്കുമെന്ന് പറയാനാവില്ല.ഭാഷയിലെ വാക്കുകളെ ആ വിധം പ്രവർത്തിക്കാൻ പരിശീലിപ്പിച്ചിട്ടില്ലാത്തവരുടെ ഭാഷ ഏതായാലും അതിന്റെ നിൽപ് കേവലം ആംഗ്യഭാഷയുടെ വളരെ അടുത്തായിരിക്കും.മലയാളം ആ ഒരിടത്ത് ചെന്നു നിൽക്കേണ്ടുന്ന ഭാഷയല്ല.അതിനെ അങ്ങനെ ആക്കിത്തീർക്കും വിധമാണ് ഭാഷാസമഗ്രതാ ദർശനത്തെ ആധാരമാക്കിയുള്ള ബോധനരീതി പ്രവർത്തിച്ചത് എന്ന് അനുഭവം നമ്മെ ബോധ്യപ്പെടുത്തിക്കഴിഞ്ഞ നിലക്ക് ഇനി എത്രയും വേഗം ഒരു ചുവടുമാറ്റത്തിന് തയ്യാറായേ പറ്റൂ.മിഥ്യാഭിമാനമോ വാശിയോ ഇക്കാര്യത്തിൽ തടസ്സമാവരുത്.No comments:

Post a Comment