Pages

Friday, August 5, 2016

നമ്മുടെ രാഷ്ട്രീയനാടകവേദിക്ക് എന്ത് സംഭവിച്ചു?


വിദ്വാൻ പി.കേളുനായരുടെ ദേശസ്‌നേഹപ്രചോദകവും സാമൂഹ്യപരിഷ്‌കരണോന്മുഖമായ നാടകങ്ങൾക്കു ശേഷം 1929 ൽ വി.ടി.ഭട്ടതിരിപ്പാടിന്റെ 'അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്' മുതൽ സാമൂഹ്യപരിഷ്‌കരണമെന്ന ലക്ഷ്യം ഉത്തരവാദിത്വബോധത്തോടെ ഏറ്റെടുത്ത നാടകങ്ങളുടെ ഒരു ധാരയും 1937 ൽ 'പാട്ടബാക്കി 'അരങ്ങിലെത്തിയതു  മുതൽ രാഷ്ട്രീയനാടകങ്ങളുടെ മറ്റൊരു ധാരയും മലയാളത്തിൽ ശക്തിപ്പെട്ടു.'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി 'മുതൽ കരിവെള്ളൂർ മുരളി എഴുതി രജിതാമധു 1700 ഓളം വേദികളിൽ അവതരിപ്പിച്ച 'അബൂബക്കറിന്റെ ഉമ്മ പറയുന്നു'വരെയുള്ള വിപുലമായ ജനപ്രീതി നേടിയ അനേകം നാടകങ്ങൾ ഈ ധാരയെ പ്രതിനിധാനം ചെയ്യുന്നവയായി നമ്മുടെ മുന്നിലുണ്ട്.എൻ.എൻ.പിള്ള ,കെ.ടി.മുഹമ്മദ് തുടങ്ങിയ പ്രശസ്തർ തൊട്ട് നാട്ടിൻപുറങ്ങളിലെ കലാസമിതികൾക്കു വേണ്ടി എഴുതിയ വിശേഷാൽ പരിഗണനകളൊന്നും ലഭിക്കാത്തവർ വരെയുള്ള നൂറ് കണക്കിന് നാടകകാരന്മാർ എഴുതിയ സാമൂഹ്യനാടകങ്ങളും തെരുവുനാടകങ്ങളും വേറെയും ഉണ്ട്.എന്നിട്ടും രാഷ്ട്രീയ നാടകവേദി ഏറെ ദുർബലമായിത്തീർന്നതായി ഏറെക്കുറെ എല്ലാവർക്കും അനുഭവപ്പെടുകയും നമ്മുടെ മാനസികജീവിതത്തെ ആഴത്തിൽ സ്പർശിക്കുകയും സാംസ്‌കാരികചർച്ചകളിൽ ആവർത്തിച്ച് ഇടം പിടിക്കുകയും ചെയ്യുന്ന രാഷ്ട്രീയ നാടകങ്ങളൊന്നും ഉണ്ടാവുന്നില്ല എന്ന തോന്നൽ ശക്തിപ്പെട്ടുകൊണ്ടേയിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്?
                                         ആഴങ്ങളോടുള്ള ഭീതി
രാഷ്ട്രീയാനുഭവങ്ങളുടെ പ്രത്യക്ഷതലത്തിന് അപ്പുറം കടക്കാൻ  നമ്മുടെ രാഷ്ട്രീയനാടകകാരന്മാരിൽ ബഹുഭൂരിപക്ഷവും ഭയപ്പെടുന്നുവെന്ന വാസ്തവത്തെയാണ് ഈ ആലോചന നമ്മുടെ മനസ്സിലേക്ക് ആദ്യമായി കൊണ്ടുവരുന്നത്. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ നിന്നാണ് ഏറെപ്പേരും തങ്ങൾക്കാവശ്യമായ ഇതിവൃത്തം കണ്ടെത്തുക.സത്യത്തിൽ അതൊരു സുരക്ഷിതമായ ഇടമാണ്. ചരിത്രത്തിൽ നിന്നുള്ള മുഴങ്ങുന്ന ചോദ്യങ്ങൾ വലിയ രാഷ്ട്രീയജാഗ്രതയൊന്നും പുലർത്താതെ ഇടതുപക്ഷത്തോട് ചേർന്നു നിൽക്കുന്നവരുടെ കാതുകളിൽ വന്നു വീഴുകയില്ല.ആ ചോദ്യങ്ങൾ കേൾക്കാനുള്ള ബൗദ്ധികവും രാഷ്ട്രീയവുമായ ഉണർവ് നാടകകൃത്തിനു തന്നെ ഇല്ലാതെ പോവുമ്പോൾ നാടകത്തിൽ നിന്ന് പതിഞ്ഞ ശബ്ദത്തിലേ അവ ഉയരുകയുള്ളൂ എന്ന പ്രശ്‌നവുമുണ്ട്.മലയാളത്തിലെ പുതിയകാല രാഷ്ട്രീയ നാടകങ്ങളുടെ പൊതുസ്വഭാവം അതാണ്.ചരിത്രത്തെ പുളിപ്പിച്ചെടുത്തുണ്ടാക്കുന്ന രുചികരവും നിരപദ്രവുമായ ലഹരിപാനീയങ്ങൾ മാത്രമാണ് അവയിൽ തൊണ്ണൂറ്റൊമ്പത് ശതമാനവും.
ചരിത്രത്തിന്റെ അന്തർഗതങ്ങളെ മാത്രമല്ല സമകാലിക രാഷ്ട്രീയത്തിന്റ ഉപരിതലത്തിൽ നിന്ന് ഇത്തിരിയൊന്നു താഴോട്ടിറങ്ങിയാൽ കണ്ടെത്തുന്ന കുഴക്കുന്ന ചോദ്യങ്ങളെയും, എന്തിന്, യഥാർത്ഥരാഷ്ട്രീയപ്രശ്‌നങ്ങളുടെ സൂചനകളെ പോലും നമ്മുടെ രാഷ്ട്രീയവേദി ഭയപ്പെടുന്നതായാണ് കാണുന്നത്.പകരം സാമൂഹ്യജീവിത്തിലെ ശാശ്വത പ്രശ്‌നങ്ങളെന്നപോലെ അവതരിപ്പിക്കാവുന്ന സംഘർഷങ്ങളെ തിരഞ്ഞുപിടിച്ച് വേദിയിലെത്തിക്കുകയാണ് അവർ ചെയ്യുക.അതല്ലെങ്കിൽ മതസാഹോദര്യം ഉയർത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകത പോലെ കടുത്ത വർഗീയവാദികളൊഴിച്ചുള്ള ആർക്കും വിയോജിപ്പില്ലാത്ത വിഷയങ്ങളിലേക്ക് തിരിയും.എന്തായാലും സമകാലിക രാഷ്ട്രീയത്തിലെ യഥാർത്ഥ വൈരുദ്ധ്യങ്ങളിലേക്ക് പ്രേക്ഷകരെ ഉണർത്തുന്ന യാതൊന്നും ഇതിവൃത്തത്തിന്റെ ഭാഗമായി വരാതിരിക്കാൻ അവർ ശ്രദ്ധിക്കും.
വർത്തമാനകാല രാഷ്ട്രീയത്തെ തന്നെയാണ് വിഷയമാക്കുന്നതെങ്കിൽ അത് പ്രത്യക്ഷരാഷ്ട്രീയത്തിൽ ഒതുങ്ങുകയും പ്രതിലോമശക്തികൾ എന്ന് കാലാകാലമായി നിർണയിച്ചുവെക്കപ്പെട്ടിട്ടുള്ളവരുടെ അഴിമതിയുടെയും ഹിംസയുടെയും മറ്റും ചിത്രീകരണത്തിലും അവർക്കെതിരായ മുന്നേറ്റങ്ങളുടെ അതിവൈകാരികമായ അവതരണത്തിലും അവർ സംതൃപ്തിയടയുകയും ചെയ്യും.ഇത്രയും മാത്രമാണ് ചെയ്യുന്നതെങ്കിൽ കേരളത്തിലെ നാടകപ്രേക്ഷകരിൽ ബഹുഭൂരിപക്ഷം വരുന്ന ഇടതുപക്ഷകരുടെ അംഗീകാരവും പിന്തുണയും ഉറപ്പിക്കാം.നമ്മുടെ രാഷ്ട്രീയത്തിന് മൊത്തത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന അർത്ഥവ്യതിയാനത്തെയും അർത്ഥലോപത്തെയും കുറിച്ചുള്ള ഗാഢമൗനമാണ് ആ പ്രേക്ഷകസമൂഹവും ആഗ്രഹിക്കുന്നത്.തങ്ങളുടെ രാഷ്ട്രീയബോധത്തിന് അപകടകരമായ യാതൊന്നും സംഭവിച്ചിട്ടില്ലെന്ന് സ്വയം വിശ്വസിപ്പിക്കുന്നതിലൂടെ കൈവരുന്ന വ്യാജസംതൃപ്തിയെയാണ് അവർ പ്രധാനമായും ഉന്നംവെക്കുന്നത്.കാര്യം ഈ വിധത്തിലായിത്തീർന്നത് വർഗീയശക്തികളെ പിന്തുണക്കുന്നവർ ഒഴിച്ചുള്ള കേരളജനത മൊത്തത്തിൽ വലിയൊരളവുവരെ അരാഷ്ട്രീയവൽക്കരിക്കപ്പെട്ടതുകൊണ്ടാണ്.കക്ഷിരാഷ്ട്രീയബന്ധം ഏതായാലും ഏത് വർഗത്തിൽ പെടുന്ന ആളായാലും അവനവനിൽ കേന്ദ്രീകരിച്ച് ജീവിതവിജയം കൈവരിക്കാനുള്ള വഴി നോക്കുക എന്നതായിത്തീർന്നിരിക്കുന്നു ഓരോരുത്തരുടെയും മനോഭാവം.ബഹുരാഷ്ടമുതലാളിത്തം എല്ലാ അതിർത്തികളും ഭേദിച്ചുള്ള മൂലധനവ്യാപനത്തെ സുഗമമാക്കുന്ന ആത്മനിഷ്ഠ സാഹചര്യത്തിന്റെ നിർമാണത്തിനു വേണ്ടി ലോകവ്യാപകമായി പ്രചരിപ്പിച്ചു വരുന്ന ചരിത്രത്തിന്റെ മരണം,ദർശനത്തിന്റെ മരണം,ബൃഹ്ദാഖ്യാനങ്ങളുടെ പ്രസക്തിയില്ലായ്ക എന്നിങ്ങനെയുള്ള ആശയങ്ങളും പുത്തൻ വിദ്യാഭ്യാസ പദ്ധതിയിലൂടെ സൃഷ്ടിച്ചെടുത്ത ജ്ഞാനവിരോധവും ടെക്‌നോളജിയോടുള്ള ഭക്തിയുമെല്ലാം ഈ മനോഭാവത്തിന്റെ നിർമിതിയിൽ പങ്കു വഹിച്ചിട്ടുണ്ട്.കമ്യൂണിസ്റ്റ് ദർശനത്തിന്റെ പ്രയോഗത്തിന് ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഒരു ഘട്ടം കഴിഞ്ഞപ്പോൾ സംഭവിച്ച കനത്ത തിരിച്ചടികളും തീർച്ചയായും കോടിക്കണക്കിനാളുകളിൽ രാഷ്ട്രീയത്തിലുള്ള താൽപര്യരാഹിത്യവും വിശ്വാസരാഹിത്യം തന്നെയും വളർന്നു വരുന്നതിന് കാരണമായിട്ടുണ്ട്.
രാഷ്ടസേവനം,പ്രസ്ഥാനത്തിനു വേണ്ടിയുള്ള ആത്മസമർപ്പണം,സാമൂഹ്യപ്രവർത്തനങ്ങളിലെ ഊർജ്ജസ്വലമായ പങ്കാളിത്തം,സത്യസന്ധവും ക്ലേശകരവുമായ ജ്ഞാനാന്വേഷണം എന്നിങ്ങനെയുള്ള അനേകം ആദർശങ്ങളെ സ്വജീവിതത്തിന്റെ മുഖ്യചാലകശക്തികളാക്കി മാറ്റിയ എത്രയോ പേർ ഒരു കാലത്ത് നമ്മുടെ സമൂഹത്തിലുണ്ടായിരുന്നു.അവരുടെ എണ്ണം കുറഞ്ഞുകുറഞ്ഞു വരികയും രാഷ്ട്രീയം ഉൾപ്പെടെയുള്ള എല്ലാ മണ്ഡലങ്ങളെയും പ്രൊഫഷനലിസം കീഴടക്കുകയും ചെയ്തിരിക്കുന്നുവെന്നതാണ് സമകാലിക കേരളത്തിലെ അവസ്ഥ.ഈ പരിണാമം വ്യക്തിജീവിതത്തിലും സാമൂഹ്യജീവിതത്തിലും സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സംഘർഷങ്ങളുടെ ആഴങ്ങൾ നമ്മുടെ നാടകങ്ങളിലെ മുഖ്യവിഷയമായിത്തീരേണ്ടതാണ്.പക്ഷേ,അങ്ങനെ സംഭവിക്കുന്നതേയില്ല.ബഹുജനത്തെ പൊതുവായി ബാധിച്ചിരിക്കുന്ന രാഷ്ട്രീയമായ ഉദാസീനത നാടകകാരന്മാരെയും കീഴടക്കിയിരിക്കുന്നുവെന്നേ ഇതിൽ നിന്ന് മനസ്സിലക്കാനാവൂ.
                         രാഷ്ട്രീയതേരമേഖലകളിലെ രാഷ്ട്രീയം
രാഷ്ട്രീയം എന്നു കേൾക്കുമ്പോൾ തിരഞ്ഞെടുപ്പ് രാഷ്ട്രീയം,വിവിധ രാഷ്ട്രീയ കക്ഷികൾ തമ്മിലുള്ള തർക്കങ്ങൾ,ടെലിവിഷൻ ചർച്ചകളിലെ ഏറ്റുമുട്ടലുകൾ,അഴിമതി വിവാദങ്ങൾ എന്നിങ്ങനെയൊക്കെയുള്ള ചില സംഗതികളേ ബഹുഭൂരിപക്ഷത്തിന്റെയും മനസ്സിലേക്ക് കടന്നു വരൂ.വിദ്യാഭ്യാസരംഗത്തെ പുത്തൻ പരിഷ്‌കരണങ്ങൾ വഴി വിദ്യാർത്ഥികളുടെ താൽപര്യങ്ങളെയും ജീവിതസങ്കൽപങ്ങളെ തന്നെയും വിപണിക്ക് അനുകൂലമാക്കി മാറ്റിയതിനു പിന്നിലെ ബുദ്ധിയുടെ പ്രയോഗം,പുത്തൻ തൊഴിലിടങ്ങളിൽ നടന്നു വരുന്ന വമ്പിച്ച ചൂഷണം,അവിടങ്ങളിലെ ലക്ഷക്കണക്കിന് യുവജനങ്ങൾ അനുഭവിക്കുന്ന അരക്ഷിതത്വം, സാഹിത്യവും ഇതര കലകളും ആസ്വാദകരുടെ അപ്പപ്പോഴത്തെ അഭിരുചികളെ മാത്രം അഭിസംബോധന ചെയ്യുന്നതു കാരണം ജനതയുടെ ഭാവുകത്വത്തിന് മൊത്തത്തിൽ സംഭവിക്കുന്ന തകർച്ച എന്നിങ്ങനെയുള്ള ഒരുപാട് സംഗതികളിലെ രാഷ്ട്രീയത്തെ രാഷ്ട്രീയമായി അവർ തിരിച്ചറിയുന്നതേ ഇല്ല.ഇങ്ങനെയൊരു തിരിച്ചറിവ് നമ്മുടെ നാടകകാരന്മാർക്കും കൈവരുന്നതായി കാണുന്നില്ല.
കാണികളുടെ രാഷ്ട്രീയ ധാരണകൾക്ക് നേരിയ തോതിൽ പോലും ഇളക്കം വരുത്താത്തതും തങ്ങൾ വിധേയത്വം പുലർത്തുന്ന രാഷ്ട്രീയ കക്ഷിയുടെ ഒരു നിലപാടിനെയും പ്രവൃത്തിയെയും ചോദ്യം ചെയ്യാൻ അവരെ പ്രേരിപ്പിക്കാത്തതുമായ ഇതിവൃത്തങ്ങൾ നിർമിച്ചെടുക്കുന്നതിലാണ് നമ്മുടെ നാടകകാരന്മാർ പൊതുവെ ശ്രദ്ധിച്ചു പോരുന്നത്. വലതുപക്ഷ രാഷ്ട്രീയ കക്ഷികളെ അയഞ്ഞ പരിഹാസത്തിലൂടെയും ചിലപ്പോൾ കിടിലൻ ഡയലോഗുകളിലൂടെയും വളരെ സ്ഥൂലമായ രീതിയിൽ വിമർശിക്കുന്നതിന് അവർ മടി കാണിക്കില്ല.എന്നാൽ വിദ്യാർത്ഥികളും വിവിധ മേഖലകളിലെ അസംഘടിതരായ തൊഴിലാളികളും സംഘടനാസ്വാതന്ത്ര്യത്തെ പറ്റി സ്വപ്നം കാണാനേ അനുവാദമില്ലാത്ത ഐ.ടി മേഖലയിലെ യുവജനങ്ങളും അനുഭവിക്കുന്ന പ്രശ്‌നങ്ങളും ചെറുതും വലുതുമായ രാഷ്ട്രീയ കക്ഷികളിൽ ആരിൽ നിന്നും ശ്രദ്ധ കിട്ടാത്തവരുടെ ജീവിതത്തിൽ തേർവാഴ്ച നടത്തുന്ന ബഹുമുഖമായ അനീതികളും ഒന്നും തന്നെ അവരുടെ വിഷയമാകാറില്ല.
ഏതാനും ദശകങ്ങൾക്കു മുമ്പ് വരെ വിവിധ ഇന്ത്യൻ ഭാഷകളിൽ ഉയർന്ന രാഷ്ട്രീയ ബോധമുള്ള നാടകകാരന്മാർ പലരുമുണ്ടായിരുന്നു.നാടകാവതരണത്തിൽ വലിയ പരീക്ഷണങ്ങൾ നടത്താൻ അവർ ധൈര്യം കാണിക്കുകയും ചെയ്തിരുന്നു.1960 നുശേഷമുള്ള കാലം തന്നെ എടുത്താൽ ഉത്പൽദത്ത്,ബാദൽ സർക്കാർ,ജി.പി.ദേശ്പാണ്‌ഡെ,വിജയ് ടെണ്ടുൽക്കർ,ഹബീബ് തൻവീർ,പ്രസന്ന,സഫ്ദർഹാശ്മി എന്നിങ്ങനെ പല പേരുകളും ഓർമയിലെത്തും.ബംഗാളിലും മഹാരാഷ്ടയിലും കേരളത്തിലും രണ്ടു ദശകത്തോളം കാലം ബെർടോൾട് ബ്രെഹ്ത്തിന്റെ നാടക സിദ്ധാന്തത്തെയും  അതിന്റെ പ്രയോഗത്തെയും കുറിച്ചുള്ള ഗൗരവപൂർണമായ ചർച്ചകൾ വലിയൊരു പ്രചോദന മായി പ്രവർത്തിച്ചിരുന്നു.1964 ൽ ഉത്പൽദത്ത് കൽക്കത്തയിൽ 'ഇന്ത്യൻ ബ്രഹ്ത് സൊസൈറ്റി' തന്നെ സ്ഥാപിക്കുകയുണ്ടായി.
ഈ തരത്തിലുള്ള ഉണർവുകളുടെയും ഉത്തരവാദിത്വബോധത്തിന്റെയും തുടർച്ച മലയാള നാടകത്തിൽ കാണാനില്ല.നാടകത്തിന്റെ പ്രമേയം രണ്ടാം സ്ഥാനത്തേക്ക് തള്ളിമാറ്റപ്പെടുകയും അവതരണവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളിൽ നാടകപ്രവർത്തകർ അത്യുത്സാഹം കാണിക്കകയും ചെയ്യുന്ന അവസ്ഥയാണ് ഇന്നുള്ളത്.ഇതിവൃത്തത്തിൽ ഊന്നുന്ന നാടകങ്ങളാണെങ്കിൽ ആരംഭത്തിൽ പറഞ്ഞതുപോലെ പുതിയ കാലത്തേക്ക് വരാൻ അറച്ചറച്ചു നിൽക്കുകയുമാണ്.ഈ വിഷമ സന്ധി തരണം ചെയ്യാതെ നമ്മുടെ നാടകവേദിക്ക് ഇനി മുന്നോട്ടു പോവാൻ ആവില്ല.
                                   പരീക്ഷണങ്ങളിലെ രാഷ്ട്രീയം
അര നൂറ്റാണ്ടുകാലമായി നാടകവേദിയിലെ പരീക്ഷണങ്ങൾക്ക് മലയാളത്തിൽ യാതൊരു പഞ്ഞവുമുണ്ടായിട്ടില്ല.സി.എൻ.ശ്രീകണ്ഠൻ നായർ,രാമാനുജം,ജി.ശങ്കരപ്പിള്ള,കാവാലം നാരായണപ്പണിക്കർ എന്നിങ്ങനെയുള്ള വ്യക്തികളും സ്‌കൂൾ ഓഫ് ഡ്രാമയും അനേകം കലാസമിതികളും ഈ പരീക്ഷണങ്ങൾക്കു വേണ്ടി വലിയ തോതിൽ ഊർജം ചെലവഴിച്ചിരുന്നു.എന്നാൽ ആ പരീക്ഷണങ്ങളുടെ ഉദ്ദേശ്യം,രാഷ്ട്രീയം,ഫലം എന്നിവയെ കുറിച്ചൊന്നും ഗൗരവപൂർണമായ ആലോചനകളുണ്ടായില്ല.ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ അവയുടെ യഥാർത്ഥ ലക്ഷ്യവും ഫലങ്ങളുമെല്ലാം നമുക്ക് വ്യക്തമായി മനസ്സിലാവുന്നുണ്ട്.
നാടകത്തെ സംബന്ധിച്ചിടത്തോളം പരമപ്രധാനമായ ഘടകം സംവിധാനമാണ്,നടീനടന്മാർക്ക് അവരുടെ ശരീരത്തെ,അതായത് ശരീരം വഴി സാധ്യമാവുന്ന ചലനങ്ങളെയും അഭ്യാസങ്ങളെയും പരമാവധി പ്രയോജനപ്പെടുത്താനുള്ള പരിശീലനം നൽകേണ്ടതാണ്,നാടകം കണ്ണിന്റെ കലയാണ്,അതിനാൽ വേദിയിൽ പല തരം കാഴ്ചകൾ ഒരുക്കാൻ സംവിധായകൻ ശ്രദ്ധിക്കണം,സംഭാഷണത്തിന് നാടകത്തിൽ ഊന്നൽ കൈവരരുത്,സ്‌ക്രിപ്റ്റിലൂടെ സാധ്യമാവുന്ന ആശയ പ്രചരണമാവരുത് വേദിയിൽ സൃഷ്ടിക്കുന്ന ചലനങ്ങളും ദൃശ്യങ്ങളും വഴി കാണികൾക്ക് നൽകാനാവുന്ന അനന്യമായ അനുഭവമായിരിക്കണം സംവിധായകന്റെ ലക്ഷ്യം എന്നിവയൊക്കെയാണ് രംഗഗവേദിയിൽ നടന്ന പരീക്ഷണങ്ങളിലൂടെ കേരളത്തിലെ നാടകപ്രവർത്തകർക്കിടയിൽ പ്രചരിച്ചിരിക്കുന്ന ആശയങ്ങൾ.ഈ ആശയങ്ങളുടെ മൊത്തത്തിലുള്ള ഫലം നാടകം എന്ത് പറയുന്നു എന്നതിനെ കുറിച്ചുള്ള ആലോചനയിൽ നിന്ന് കാണികൾ അകറ്റപ്പെട്ടു എന്നതാണ്.വേദിയിൽ നടീനടന്മാർ ശരീരം കൊണ്ടും സംവിധായകൻ പല നൂതനസങ്കേതങ്ങളുപയോഗിച്ചും സൃഷ്ടിക്കുന്ന അത്ഭുതദൃശ്യങ്ങൾ കണ്ട് സംതൃപ്തരാവുക എന്നതായി അവരുടെ രീതി.വന്നുവന്ന് ഒരു നാടകത്തിന്റെ ഗുണമെന്നത് പെർഫോമൻസിൽ സാധിക്കുന്ന മികവ് മാത്രമായി.നടീനടന്മാർ 'അഭിനയിക്കുകയായിരുന്നില്ല,രംഗത്ത് ജീവിക്കുകയായിരുന്നു' എന്ന് പഴയ പ്രേക്ഷകരും പറയാറുണ്ടായിരുന്നു.ഇപ്പോൾ അതും കടന്ന് രംഗത്ത് നേരിട്ട് മഴ പെയ്യുന്നതുപോലെ ഗംഭീരമായി മഴ പെയ്യിച്ചു,അതിനു ശേഷം തീ ആളിപ്പടർന്നു, കഥാപാത്രങ്ങൾ പെട്ടെന്ന് ഭൂമിക്കടിയിലേക്ക് അപ്രത്യക്ഷരാവുന്നത് പെർഫക്ടായി കാണിച്ചു എന്നൊക്കെയുള്ളതായി കാഴ്ചയുടെ ആനന്ദം.ഒരു സംഭവത്തിന്റെ ചിത്രീകരണത്തെ പൂർണതയുള്ള ഒരു ഐന്ദ്രിയാനുഭവമെന്ന പോലെ കാണികളിലേക്ക് പകരാൻ കഴിയുന്നതിൽ അപ്പുറമുള്ള ഒരു മിടുക്കം സംവിധായകനിൽ നിന്ന് മിക്ക പ്രേക്ഷകരും പ്രതീക്ഷിക്കുന്നില്ല.നാടകകൃതിയിൽ എന്തൊക്കെ ഉണ്ടായിരുന്നു, നാടകം വേദിയിൽ എത്തുമ്പോഴേക്കും അതിൽ നിന്ന് എന്തൊക്കെ ഇല്ലാതായി എന്നൊന്നും അവർ ആലോചിക്കുന്നതേയില്ല.
                                            തനതു നാടകം
തനതുനാടകവേദി എന്ന ആശയം എം.ഗോവിന്ദന്റെ പിന്തുണയോടെ സി.എൻ.ശ്രീകണ്ഠൻ നായർ 1960 കളുടെ ആദ്യപകുതിയിൽ  തന്നെ അവതരിപ്പിച്ചിരുന്നുവെങ്കിലും അതിനെ യാഥാർത്ഥ്യമാക്കി തീർക്കുന്നതിനുള്ള വിജയകരമായ ശ്രമം കാവാലം നാരായണപ്പണിക്കരിൽ നിന്നാണ് ഉണ്ടായത്.ക്ലാസിക്കൽ കലകൾ,അനുഷ്ഠാനകലകൾ,നാടൻകലകൾ എന്നിവയിലെ അംശങ്ങളെ വിളക്കിച്ചേർത്താണ് കാവാലം പുതിയ ഒരവതരണശൈലി രൂപപ്പെടുത്തിയത്. വേദിയിലെ വസ്തുക്കൾക്കും നടീനടന്മാരുടെ വേഷത്തിനും നാടോടിത്തവും അനുഷ്ഠാനപരതയും നൽകിയും നൃത്തഗീതവാദ്യങ്ങളെ ഭംഗിയായി സമന്വയിപ്പിച്ചും നാട്യധർമിയായ അഭിനയശൈലി കൈക്കൊണ്ടും  വേദിയിലെത്തിയ കാവാലത്തിന്റെ നാടകങ്ങൾ ഏത് കേരളീയതക്കാണ് രംഗഭാഷ്യം ചമച്ചത്?,ഏത് തരം പ്രേക്ഷകരോടാണ് സംവദിച്ചത്?,ഏത് വിഷയങ്ങളാണ് അവയിൽ ആവിഷ്‌കൃതമായത്? അവയുടെ രാഷ്ട്രീയം എന്തായിരുന്നു?,ആ നാടകങ്ങൾ കണ്ണിനും കാതിനും അപ്പുറം പ്രേക്ഷകരുടെ മനസ്സിനും ബുദ്ധിക്കും എന്തൊക്കെയാണ് നൽകിയത്? എന്നീ ചോദ്യങ്ങൾക്ക് തീർത്തും നിഷ്പക്ഷമായും തികഞ്ഞ ഉത്തരവാദിത്വബോധത്തോടെയും നടത്തുന്ന അന്വേഷണങ്ങളിലൂടെ കണ്ടെത്താൻ സാധ്യതയുള്ള ഉത്തരങ്ങളുടെ കാതൽ അവ കേരളീയ ജനജീവിതത്തിന്റെ ആഴങ്ങളിലെ യഥാർത്ഥ സംഘർഷങ്ങളെയും ആവശ്യങ്ങളെയും  വേദനകളെയും അവ ആവശ്യപ്പെടുന്ന ഘടനയിൽ വേദിയിലെത്തിച്ചില്ല എന്നതു തന്നെയായിരിക്കും.അക്കാര്യത്തിൽ നേർത്ത സംശയത്തിനു പോലും സാധ്യതയില്ല.ആ നാടകങ്ങളിലൂടെ പലരും മികച്ച നടന്മാരായി,നമ്മുടെ അനുഷ്ഠാനകലകളുടയും നാടൻകലകളുടെയും പല അംശങ്ങളുടെയും ഹൃദയഹാരിയായ സമന്വയം അവയിൽ യാഥാർത്ഥ്യമായി,നാട്യധർമിയായ അഭിനയത്തിന്റെ സാധ്യതകൾ എത്രമേൽ മനോഹരമാണെന്ന് മനസ്സിലാക്കാനുള്ള അവസരം സാധാരണ നാടകപ്രേക്ഷകർക്കും ലഭിച്ചു,അഭിനേതാക്കളുടെ ചലനങ്ങളുടെ താളാത്മകത ഉചിതമായ സംഗീതത്തിന്റെ പിന്തുണയോടെ സൃഷ്ടിച്ച സൗന്ദര്യാനുഭവത്തിന് താരതമ്യമില്ല എന്നീ നിരീക്ഷണങ്ങളൊന്നും മേൽപ്പറഞ്ഞ വസ്തുതയെ ദുർബലമാക്കില്ല.
എന്നാൽ മലയാളനാടകങ്ങൾക്ക് അവയുടെതായ സ്വതന്ത്രവും മൗലികവുമായ അവതരണ ശൈലി ആവശ്യമാണെന്ന ആശയത്തിന് ശക്തി പകരാൻ കാവലത്തിന്റെ തനതുനാടകങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെന്ന കാര്യം നിഷേധിക്കാനാവില്ല.പുതിയ സാധ്യതയ്ക്ക് കാവാലം നൽകിയ മാതൃകകളെ മുൻനിർത്തി ആലോചിക്കുമ്പോൾ പക്ഷേ നാം ചെന്നെത്തുന്നത് മറ്റൊരു വസ്തുതയിലായിരിക്കും.കാവലത്തിന്റെ തനതുനാടകങ്ങൾ ആഘോഷിക്കപ്പെട്ടുകൊണ്ടിരിക്കെ തന്നെ തീർത്തും കേരളീയവും കേരളത്തിന്റെ ഫോക്പാരമ്പര്യത്തെ കാലോചിതമായ രീതിയിൽ സർഗാത്മകമായി ഉൾക്കൊണ്ടവയുമായ നാടകങ്ങൾ ഇവിടെ ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു.ആദിവാസി ജീവിതവും ഗ്രാമങ്ങളിലെ ദരിദ്രകർഷകരുടെയും സാധാരണക്കാരുടെയും ജീവിതവും രാഷ്ട്രീയമായ പുതിയ തിരിച്ചറിവുകളിലൂടെ ആവിഷ്‌കരിക്കപ്പെട്ട ആ നാടകങ്ങൾ ഒരേ അളവിൽ സാഹിത്യഭംഗി ഉള്ളവയോ ഒരേ രാഷ്ട്രീയനിലപാട് ഉയർത്തിപ്പിടിച്ചവയോ ,ഒരേ രംഗഭാഷ ആവശ്യപ്പെട്ടവയോ ആയിരുന്നില്ല.എങ്കിലും അവയായിരുന്നു നമ്മുടെ യഥാർത്ഥ തനതുനാടകങ്ങൾ.കെ.ജെ.ബേബിയുടെ നാടുഗദ്ദിക.പി.എം.താജിന്റെ കുടുക്ക,രാവുണ്ണി,മനോജ് കാനയുടെ ഉറാട്ടി എൻ.ശശിധരന്റെ ഹിംസാടനം എന്നിവ ഈ ഗണത്തിൽ പെടുന്ന മികച്ച നാടകങ്ങളായിരുന്നു.സമീപകാലത്ത് വായിച്ചവയിൽ ഇവയോട് ചേർത്തുവെക്കാവുന്നതായി ഒരു നാടകമേ എന്റെ ശ്രദ്ധയിൽ വന്നുള്ളൂ.അത് എ.ശാന്തകുമാറിന്റെ 'നീലക്കുറുക്കൻ' ആണ്.
യഥാർത്ഥ രാഷ്ട്രീയ പ്രശ്‌നങ്ങളോ ആത്മസംശയങ്ങളോ വ്യക്തിയും സമൂഹവും തമ്മിലുള്ള സംഘർഷമോ ആവിഷ്‌ക്കരിക്കുന്ന നാടകങ്ങൾക്ക് അവതരണം സാധ്യമാവുക എളുപ്പമല്ലെന്നതു തന്നെയാണ് കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥ.പല വിധ വിട്ടുവീഴ്ചകൾക്ക് സദാ സന്നദ്ധമായി,ആരുമായും ഒരു സാമൂഹ്യരാഷ്ട്രീയ പ്രസ്ഥാനവുമായും സംഘർഷത്തിനു മുതിരാതെ ജീവിച്ചു പോവുക എന്നതാണ് കുറച്ചു കാലമായി ഇവിടത്തെ സാധാരണജനങ്ങളുടെ പൊതുരീതി.അതുകൊണ്ട് ഏത് തിന്മയെയും കടുത്ത മൗനത്തിലൂടെയും തികഞ്ഞ ഉദാസീനതയിലൂടെയും നേരിട്ട് ,സ്വയം രക്ഷിച്ച് അവർ മുന്നേറുന്നു.ഏറ്റവും പുതിയ തലമുറയിലെ യുവജനങ്ങളാണെങ്കിൽ ,അവരിൽ പ്രൊഫഷണൽ സ്പിരിറ്റോടെ രാഷ്ട്രീയത്തെ സമീപിക്കുന്ന ന്യൂനപക്ഷത്തെ മാറ്റി നിർത്തിയാൽ,രസകരമായ കാഴ്ചക്കും കേൾവിക്കും പറ്റുന്ന സംഗതികളായും ഫെയ്‌സ്ബുക്കിലൂടെയും വാട്‌സ് ആപ്പിലൂടെയും തമാശകൾ പങ്കുവെക്കുന്നതിനുള്ള വിഭവങ്ങളായും മാത്രമേ എല്ലാ രാഷ്ട്രീയ സംഭവങ്ങളെയും കാണുന്നുള്ളൂ.പ്രത്യയശാസ്ത്രം,നിലപാട്,പ്രതിരോധം എന്നൊക്കെ കേൾക്കുമ്പോൾ ചിരിക്കാൻ മാത്രമേ അവർക്ക് കഴിയൂ.ഇങ്ങനെ ഏത് തരത്തിൽ നോക്കിയാലും,ആഴമേറിയതും  സത്യസന്ധവുമായ രാഷ്ട്രീയാന്വേഷണങ്ങളെയും വിശകലനങ്ങളെയും പ്രതികരണങ്ങളെയും വേദിയിലേക്കെത്തിക്കുന്നതിനെ വല്ലാതെ നിരുത്സാഹപ്പെടുത്തുന്ന സാംസ്‌കാരിക രാഷ്ട്രീയ പരിസരത്തിലാണ് മലയാളത്തിലെ നാടകകാരന്മാർ നിലകൊള്ളുന്നത്.ഈ അവസ്ഥയുമായി പൊരുത്തപ്പെടുക എന്നതും മൗനം അവലംബിക്കുന്നതും തമ്മിൽ കാര്യമായ അന്തരമൊന്നുമില്ല.
നാടകം എന്ന മാധ്യമത്തിലൂടെ മലയാളികളോട് സംവദിക്കാൻ തീവ്രമായി അഭിലഷിക്കുന്ന നാടകകാരന്മാരും സംവിധായകരും പക്ഷേ പ്രാതികൂല്യങ്ങളെപ്പറ്റി പേർത്തും പേർത്തും ആലോചിച്ച് അടങ്ങിയിരിക്കേണ്ട കാര്യമില്ല.അങ്ങനെയുള്ള ഇരിപ്പ് അവർക്ക് സാധ്യമാവുകയുമില്ല. കാണികളുടെ താൽപര്യങ്ങൾക്ക് സംഭവിച്ച നാടകവിരുദ്ധമായ വ്യതിയാനങ്ങളെ അൽപവും ഗൗനിക്കാതെ അവർക്ക് മുന്നോട്ടു പോകാം. ഒരു ജനത അനുഭവിക്കുന്ന ഇച്ഛാഭംഗങ്ങളുടെയും വേദനകളുടെയും ഉദ്വിഗ്നതയുടെയും ആഴങ്ങളെ അവർക്കു തന്നെ ബോധ്യപ്പെടുത്തിക്കൊടുക്കാൻ കഴിയുന്ന നാടകങ്ങൾക്ക്   ദശകങ്ങളായുള്ള പരീക്ഷണങ്ങളിലൂടെ അഭിനയത്തെയും രംഗഭാഷയെയും കുറിച്ച് രൂപപ്പെട്ടിട്ടുള്ള ആശയങ്ങളിൽ ഏറ്റവും അർത്ഥവത്തായവയെ സ്വാംശീകരിച്ചുകൊണ്ടുള്ള ഒരു സംവിധാനശൈലിയിലൂടെ വേദിയിൽ സാക്ഷാത്കാരം നൽകാൻ സാധിക്കുമെങ്കിൽ അവയ്ക്കു നേരെ കണ്ണും കാതും അടച്ചു നിൽക്കാൻ പ്രേക്ഷകർക്കും നാടകനിരൂപകർക്കും സാധ്യമാവില്ല.വസ്തുത ഇതാണെങ്കിലും ഒരു കാര്യം തീർച്ചയാണ്.'പാട്ടിബാക്കി'യെ പോലെ കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ജനങ്ങൾ ഒരു നാടകത്തെ സ്വമേധയാ ഏറ്റെടുത്ത് അത്യാവേശത്തോടെ വീണ്ടും വീണ്ടും വേദിയിൽ എത്തിക്കുന്ന  അനുഭവം ഇനി പ്രതീക്ഷിക്കാനാവില്ല.അങ്ങനെ പ്രതീക്ഷിക്കുന്നതിൽ അർത്ഥവുമില്ല.കാരണം കേരളത്തിന്റെ  രാഷ്ട്രീയത്തിലും വർഗപരമായ യാഥാർത്ഥ്യങ്ങളിലും ജനങ്ങളുടെ അനുഭവങ്ങളിലും അനുഭവങ്ങളെ സ്വീകരിക്കുന്ന രീതിയിലും കലാസ്വാദനശീലങ്ങളിലുമെല്ലാം അടിസ്ഥാനപരമായ ഒട്ടുവളരെ മാറ്റങ്ങൾ വന്നുകഴിഞ്ഞു. അവയെ അപ്പാടെ അട്ടിമറിക്കുന്ന രചനയോ അവതരണമോ തൽക്കാല പരിതസ്ഥിതിയിലെങ്കിലും അസാധ്യമാണ്.അത് പക്ഷേ നിരാശയിലേക്ക് നയിക്കേണ്ടുന്ന സംഗതിയല്ല.മാറിയ കാലത്തോട് മാറിയ ഭാഷയിലൂടെ തന്നെ നാടകത്തിന് സംസാരിക്കാനാവുമെന്ന് തെളിയിക്കാൻ നാടകകൃത്തുക്കൾക്കും സംവിധായകർക്കും കഴിയണം.വെല്ലുവിളികളില്ലാത്ത സർഗാത്മക ജീവിതം കലാകാരന്മാർ ആഗ്രഹിച്ചുകൂടാത്തതാണ്.

No comments:

Post a Comment