Pages

Friday, October 21, 2016

വായനാവികൃതി


കൃതിക്ക് പൂർവനിശ്ചിതവും മാറ്റാൻ പറ്റാത്തതുമായ ഒരർത്ഥവുമില്ല,ഓരോ വായനക്കാരനും/വായനക്കാരിയും കൃതിയിൽ നിന്ന് സ്വന്തമായി അർത്ഥം ഉൽപാദിപ്പിക്കുകയാണ് ചെയ്തുവരുന്നത്, അതുകൊണ്ട് വായനയാണ് യഥാർത്ഥ സർഗവൃത്തി,അത് നിർവഹിക്കുന്നതിനുള്ള വേദിയൊരുക്കുന്ന ആൾ മാത്രമാണ് എഴുത്തുകാരൻ/എഴുത്തുകാരി എന്നിങ്ങനെയുള്ള പറച്ചിലുകൾ ഈയിടെയായി ആവർത്തിച്ചാച്ചവർത്തിച്ച് കേട്ടു വരുന്നുണ്ട്.റൊളാങ് ബാർത്ത് 1967 ൽ എഴുതിയ  The death of the Author എന്ന പ്രബന്ധത്തെ പരാമർശിച്ചും  Reader -response theory അവതരിപ്പിച്ച സൈദ്ധാന്തികന്മാരെ ഉദ്ധരിച്ചും ഉദ്ധരിക്കാതെയുമൊക്കെയാണ് ഈ ആശയങ്ങൾ അവതരിപ്പിച്ചു വരുന്നത്.കൃതി വായനക്കാരിൽ ഉണ്ടാക്കുന്ന ബൗദ്ധികവും വൈകാരികവുമായ പ്രതികരണങ്ങൾ പ്രധാനമാണ്,ഒരു കൃതി എല്ലാ വായനക്കാരിലും ഒരേ അനുഭവം തന്നെ ഉണ്ടാക്കുമെന്ന് കരുതുന്നത് ശരിയല്ല എന്നൊക്കെയുള്ള വളരെ യുക്തിപൂർണമായ വാദങ്ങളിൽ നിന്ന് ബഹുദൂരം അകലേക്ക് പോയി വായനക്കാർ ഉണ്ടാക്കുന്നതിലും കവിഞ്ഞുള്ള ഒരർത്ഥവും കൃതിക്കില്ലെന്നും വായനയിൽ ഗ്രന്ഥകാരന്റെ ഉദ്ദേശ്യങ്ങൾ ഒന്നും തന്നെ വായനക്കാരന്റെ പരിഗണനയിലേ വരേണ്ടതില്ലെന്നും കൃതിയിൽ അങ്ങനെ ഏതെങ്കിലും അർത്ഥമോ ഉദ്ദേശ്യമോ നിക്ഷേപിച്ചു വെക്കാൻ എഴുത്തുകാരൻ/എഴുത്തുകാരി ശ്രമിച്ചിട്ടുണ്ടോ എന്നതിനെ കുറിച്ച് വായനക്കാർ ആലോചിക്കേണ്ടതേയില്ല എന്നും പറയുന്നതിന് എത്രത്തോളം നീതീകരണം സാധ്യമാവും എന്നതിനെ കുറിച്ചുള്ള ഉത്തരവാദിത്വപൂർണമായ ആലോചനകൾ നമ്മുടെ സാഹിത്യനിരൂപണത്തിന്റെ അടിയന്തിരാവശ്യങ്ങളിൽ ഒന്നായിത്തീർന്നിരിക്കയാണ്.
വായനക്കാർക്ക് ഒരു കൃതിയിൽ നിന്ന് യഥേഷ്ടം അർത്ഥോൽപാദനം നടത്താനാവും എന്നത് ഒരു തെറ്റിദ്ധാരണയാണ്.ഒറ്റ വായനയിൽ ഒരു കൃതിയുടെ എല്ലാ അർത്ഥതലങ്ങളിലേക്കും എല്ലാവർക്കും ചെന്നെത്താൻ കഴിയണമെന്നില്ല.ഇക്കാര്യത്തിൽ വായനക്കാർക്കിടയിൽ വലിയ അന്തരമുണ്ടാകും.ഒന്നിലധികം ഭാഷകളിലെ സാഹിത്യരചനകളുമായി നല്ല പരിചയമുള്ളവർക്ക്  ആദ്യവായനയിൽ തന്നെ ഒരു കൃതി എന്തൊക്കെ പറയാൻ ശ്രമിക്കുന്നു,ആ ശ്രമത്തിൽ കൃതി എത്രത്തോളം വിജയം കൈവരിച്ചിരിക്കുന്നു എന്ന് ഏറെക്കുറെ കൃത്യമായി മനസ്സിലാക്കാനാവും.വലിയ വായനാപരിചയം ഇല്ലാത്തവർക്കും മറ്റുള്ളവർ പറഞ്ഞു കേട്ടതു കൊണ്ടു മാത്രം ഒരു പുസ്തകം വായനക്കായി തിരഞ്ഞെടുക്കുന്നവർക്കും ഇത് സാധ്യമാവില്ല.അങ്ങനെയുള്ള ഒരു വായനക്കാരൻ/ വായനക്കാരി തനിക്ക് ഒന്നും മനസ്സിലായില്ല എന്ന് പോലും പറഞ്ഞേക്കും.അതല്ല, 'ഈ പുസ്തകം വളരെ ഗംഭീരമായിരിക്കുന്നു' എന്നാണ് പറയുന്നതെങ്കിൽ തന്നെ അത് ആധികാരികമായ ഒരഭിപ്രായപ്രകടനമാണ് എന്ന് മറ്റൊരാൾക്ക് ഉറപ്പിക്കാനുമാവില്ല.
സാഹിത്യകൃതികളെ വിശ്വസനീയമായ വിധത്തിൽ മൂല്യനിർണയം ചെയ്യും എന്ന് കരുതിപ്പോരുന്ന മാധ്യമങ്ങൾ ,നിരൂപകർ എന്നിവരുടെയും സാഹിത്യസ്ഥാപനങ്ങളുടെയും അവാർഡ് കമ്മറ്റികളുടെയുമൊക്കെ വിലയിരുത്തലുകൾക്ക് പൂർണമായും കീഴടങ്ങിക്കൊണ്ട് കൃതികളെ കുറിച്ച് അഭിപ്രായം പറയുന്ന വായനക്കാരുടെ എണ്ണം മലയാളത്തിൽ കൂടിക്കൂടി വരികയാണ്.അത്തരം വായന കൊണ്ട് വായിക്കുന്ന ആൾക്കോ സമൂഹത്തിനോ കാര്യമായ യാതൊരു പ്രയോജനവും ഉണ്ടാവില്ല.അവർ നിർവഹിക്കുന്നതായി ഭാവിക്കുന്ന അർത്ഥോൽപാദനം പരതന്ത്രമായിരിക്കുമെന്നതിലേറെ കൃത്രിമമായിരിക്കും.
വ്യാഖ്യാനത്തിലൂടെയാണ് എഴുത്തിലൂടെയല്ല ഒരു കൃതി നിർമിക്കപ്പെടുന്നത് എന്നത് ഒരതിവാദമാണ്.വായനക്കാർക്ക് വ്യാഖ്യാനത്തിനുള്ള പ്രേരണ സൃഷ്ടിക്കുന്ന ഒരു കൃതിയെ മാത്രമേ വായനക്കാർ ആ ആവശ്യത്തിന്നായി സമീപിക്കൂ. 'ഇതിൽ വിശേഷിച്ചൊന്നുമില്ലല്ലോ' എന്ന് തോന്നി ഭേദപ്പെട്ട വായനക്കാരിൽത്തന്നെ ബഹുഭൂരിപക്ഷവും ഉപേക്ഷിക്കുന്ന കൃതികളിൽ ചിലത് പിന്നീടൊരിക്കൽ ശ്രദ്ധേയമായ സാഹിത്യരചന എന്ന പരിഗണന നേടുന്ന അവസ്ഥയിലേക്ക് ഉയരാനുള്ള സാധ്യത പൂർണമായും തള്ളിക്കളയാനാവില്ലെന്നത് ശരിയാണ്.പക്ഷേ,അതിന്റെ അർത്ഥം കൃതി സ്വന്തമായി ഒന്നും പറയുന്നില്ല വായനക്കാർ അവയെക്കൊണ്ട് ചിലത് പറയിപ്പിക്കുക മാത്രമാണ് എന്നല്ല.
                                പ്രസക്തിയുടെ പ്രശ്‌നം
രണ്ട് സാഹിത്യകൃതികളെ തമ്മിൽ താരതമ്യം ചെയ്ത് അവയിൽ ഏതാണ് മികച്ചത് എന്ന് തീരുമാനിക്കുക വായനക്കാരുടെ ആവശ്യമല്ല, ആ ജോലി വേണമെങ്കിൽ നിരൂപകന്മാർ ചെയ്തു കൊള്ളട്ടെ എന്ന് പറഞ്ഞു കേൾക്കാറുണ്ട്.കൃതികളുടെ താരതമ്യം വാസ്തവത്തിൽ വായനക്കാർ ഒരു ജോലി എന്ന നിലയിൽ ഏറ്റെടുക്കുന്നതല്ല.അത് വായനയുടെ ഭാഗമായി സ്വാഭാവികമായി സംഭവിക്കുന്നതാണ്.ഏത് കൃതിക്കും എന്ത് അർത്ഥവും ഉൽപാദിപ്പിക്കാൻ ശേഷിയുണ്ട്,അതുകൊണ്ട് എല്ലാ കൃതികളും എനിക്ക് ഒരു പോലെയാണ് എന്ന് പറയുന്ന വായനക്കാരനെ സത്യസന്ധനായ ഒരു വായനക്കാരനായി ആരും പരിഗണിക്കുകയില്ല.അത്തരത്തിൽ സമ്പൂർണമായും നിർമമനും നിഷ്പക്ഷനുമായി ഇരുന്നുകൊണ്ട് നിർവഹിക്കാവുന്ന പ്രവൃത്തിയല്ല വായന.ഒരു കൃതി തന്റെ അനുഭവങ്ങളെയും ഓർമകളെയും ആലോചനകളെയും ആഴത്തിൽ സ്പർശിക്കും വിധം എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ തീർച്ചയായും ആ കൃതിയോട് വായിക്കുന്നയാൾക്ക് കൂടുതൽ മമത തോന്നും.തന്റെ ബൗദ്ധിക നിലവാരത്തിന് വളരെ താഴെ നിൽക്കുന്ന ഒരു കൃതിയോട് ഒരു വായനക്കാരനും മതിപ്പ് തോന്നില്ല.എഴുത്തിൽ കടുത്ത കൃത്രിമത്വം പുലർത്തിയിരിക്കുന്ന രചനകൾ,ഒട്ടും തന്നെ ചരിത്രബോധം പുലർത്താത്ത കൃതികൾ,ഏത് ഗണത്തിൽ പെടുന്നുവോ ഭാഷയിൽ ആ പ്രത്യേകഗണം നേടിയിരിക്കുന്ന വളർച്ചയെ കുറിച്ച് അജ്ഞത പുലർത്തുന്ന കൃതികൾ ഇവയെയൊക്കെ പെട്ടെന്ന് തിരിച്ചറിയാൻ കഴിയുന്നവർ തന്നെയാണ് നല്ല വായനക്കാർ.എഴുത്തുകാരൻ/എഴുത്തുകാരി നേടിയിരിക്കുന്ന ചിഹ്നമൂല്യത്തെ അൽപവും പരിഗണിക്കാതെ കൃതിയെ കുറിച്ച് അഭിപ്രായം സ്വരൂപിക്കാൻ അവർക്കു കഴിയും. ഒരു കൃതി എത്രത്തോളം മൗലികമാണ്, സാഹിത്യം എന്ന വ്യവഹാരം എത്തിനിൽക്കുന്ന അവസ്ഥയിൽ അത് അതിന്റെ പ്രത്യേകമായ പ്രസക്തി എത്രത്തോളം ബോധ്യപ്പെടുത്തുന്നുണ്ട് എന്നൊക്കെ അവർ തിരിച്ചറിഞ്ഞു കൊള്ളും.അപ്രസക്തമെന്ന് തങ്ങൾക്കു തോന്നുന്ന ഒരു കൃതിക്കു ചുറ്റം എന്തൊക്ക പരിവേഷങ്ങൾ ആരൊക്കെ ഉണ്ടാക്കിവെച്ചാലും അതിനൊന്നും അവർ ഗൗരവം കൽപിക്കുകയില്ല. ഈ കഴിവുകളൊന്നും വായനക്കാർക്ക് ഉണ്ടാകരുത് ,ഏത് കൃതിയെയും അർത്ഥത്തിന്റെ അനന്തവും വൈവിധ്യപൂർണവുമായ സാധ്യതകളുടെ സംഭരണി എന്ന നിലക്ക് അവർ കണ്ടുകൊള്ളണം എന്ന നിർദ്ദേശം അല്പമെങ്കിലും സാഹിത്യപരിചയവും ആത്മാഭിമാനവുമുള്ള ഒരു വായനക്കാരനും അംഗീകരിച്ചു കൊടുക്കുകയില്ല.  എങ്കിൽ പിന്നെ ഈ കോലാഹലങ്ങളെല്ലാം തികച്ചും നിരർത്ഥവും നിഷ്ഫലവുമാണോ?
ഏതെങ്കിലുമൊരു കൃതിക്ക് ഒന്നോ അതിലധികമോ ജീവിത വ്യാഖ്യാനങ്ങളെയും സന്ദേശങ്ങളെയും വികാരങ്ങളെയും യാതൊരു മാറ്റവും സംഭവിക്കാത്ത വിധം എക്കാലത്തേക്കുമായി അതിൽ സൂക്ഷിച്ചു വെക്കാനാവും എന്ന് കരുതുന്നത് നിസ്സംശയമായും തെറ്റാണ്.കാലം മാറുമ്പോൾ മനുഷ്യരുടെ ലോകബോധത്തിലും മൂല്യസങ്കൽപങ്ങളിലും മാറ്റം വരും. മനുഷ്യനെയും ഇതരജീവജാലങ്ങളെയും കുറിച്ചും നാനാതരം പ്രകൃതിപ്രതിഭാസങ്ങളെ കുറിച്ചും പ്രപഞ്ചത്തെ കുറിച്ച് ആകെത്തന്നെയുമുള്ള അവരുടെ അറിവിൽ വലിയ വർധനവുണ്ടാകും.പുതിയ രാഷ്ട്രീയാശയങ്ങളും ജീവിത ദർശനങ്ങളും അവരെ സ്വാധീനിക്കും.ഇതെല്ലാം പഴയ കൃതികളെ പുതിയ രീതിയിൽ സമീപിക്കാൻ അവരെ പ്രേരിപ്പിക്കും.ആധുനിക കാലത്തെ സാഹിത്യരചനകൾക്കു മാത്രമല്ല,പഴങ്കഥകൾക്കും പുരാവൃത്തങ്ങൾക്കുമെല്ലാം അവർ പുതിയ പാരായണ സാധ്യതകൾ കണ്ടെത്തും.ഒരു കാലത്ത് കൊണ്ടാടപ്പെട്ട കൃതികൾക്ക് സാഹിത്യചരിത്രപരമായ പ്രാധാന്യമൊഴിച്ച് മറ്റൊന്നും അവകാശപ്പെടാനില്ലെന്ന് അവർ കണ്ടെത്തിയേക്കും.ഒരിക്കൽ പുരോഗമനപരമെന്ന് വാഴ്ത്തപ്പെട്ട കൃതി യഥാർത്ഥത്തിൽ യാഥാസ്ഥിതികത്വത്തിന്റെ പക്ഷത്താണ് നിൽക്കുന്നതെന്ന് അവർ തിരിച്ചറിഞ്ഞേക്കും.വായനയിൽ ചരിത്രം ഇടപെടുന്നതു കൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്.കൃതികളുടെ അർത്ഥതലം നിശ്ചലമല്ലെന്നും അവ മാറിക്കൊണ്ടിരിക്കുന്നതാണെന്നും ഈ അർത്ഥത്തിൽ പറയാം.അപ്പോഴും ബാക്കി നിൽക്കുന്ന ഒരു വസ്തുത എല്ലാ കൃതികളുടെ വായനയിലും ചരിത്രം ഒരേ അളവിൽ ഇടപെടുന്നില്ലെന്നതതാണ്.രാമചരിതതത്തിന്റെയോ കൃഷ്ണഗാഥയുടെയോ വായനയെ നവീകരിച്ചെടുക്കുന്നതിൽ വായനക്കാർക്ക് താൽപര്യമുണ്ടാവില്ല.അവയുടെ അർത്ഥതലത്തിന്റെ നവീകരണത്തിനുള്ള സാധ്യത വളരെ പരിമിതമാണ്.ഈഡിപ്പസിന്റെ കഥയ്ക്ക് പല വായനകൾ ഉണ്ടായിക്കഴിഞ്ഞു.വ്യത്യസ്തമായ അർത്ഥതലങ്ങൾ വെളിപ്പെടുത്തിക്കൊണ്ടുള്ള വായനകൾ ഇനിയും ഉണ്ടായേക്കാനുള്ള സാധ്യതയെ സംശയിക്കാനുമില്ല.എന്നാൽ മറ്റു പല പുരാവൃത്തങ്ങളുടെയും പുനർവായനയിൽ ഈ സാധ്യത പ്രതീക്ഷിക്കാനാവില്ല.
കുമാരാനാശാന്റെ മിക്ക കൃതികളും ഏറ്റവും പുതിയ നിരൂപണസങ്കേതങ്ങളുടെയും വിവിധ ജ്ഞാനമേഖലകളിൽ സംഭവിക്കുന്ന വികാസങ്ങളുടെ ഫലമായി കൈവരുന്ന ഏറ്റവും പുതിയ അറിവുകളുടെയും സഹായത്തോടെ വീണ്ടും വീണ്ടും പഠിക്കപ്പെടുന്നുണ്ട്.ഉള്ളൂരിന്റെയും വള്ളത്തോളിന്റെയും കൃതികളുടെ കാര്യത്തിൽ അത് സംഭവിക്കുന്നില്ല.'ഖസാക്കിന്റെ ഇതിഹാസ'ത്തിന് എത്രയോ വ്യാഖ്യാനങ്ങളും വിമർശനങ്ങളും ഉണ്ടായി. 'മയ്യഴിപ്പുഴയുടെ തീരങ്ങളി'ലും 'സ്മാരകശിലകളു'ം ഇപ്പോഴും നന്നായി വായിക്കപ്പെടുന്നുണ്ടെങ്കിലും നാളിതുവരെയായി പഠനസ്വഭാവമുള്ളതോ വിമർശനാത്മകമോ ആയ വായനകൾ നന്നേ കുറച്ചേ ഉണ്ടായിട്ടുള്ളൂ.കാക്കനാടന്റെ വസൂരി,ഏഴാം മുദ്ര,ഉഷ്ണമേഖല തുടങ്ങിയ കൃതികളാകട്ടെ നിരൂപകരും ഗവേഷകരും മിക്കവാറും മറന്ന മട്ടായി.
എല്ലാ കൃതികളും പുതിയ പുതിയ പാരായണ സാധ്യതകൾ സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നില്ലെന്ന കാര്യം തീർച്ചയാണ്.സാഹിത്യചരിത്രത്തിൽ പ്രത്യേക പ്രാധാന്യത്തോടെ പരാമർശിക്കപ്പെടുന്ന കൃതികളിൽത്തന്നെ പലതും കാലം കഴിയുന്നതോടെ പഠനാവശ്യത്തിനു വേണ്ടി മാത്രം ഉപയോഗിക്കപ്പെടുന്നവയായിത്തീരുന്നുണ്ട്.പുതിയ കാലത്തെ വായനക്കാരുമായി സംവദിക്കാനാവാത്ത വിധത്തിൽ അവയുടെ ഭാഷയും ഇതിവൃത്തവുമെല്ലാം പഴകിപ്പൂതലിച്ചു പോവുന്നുണ്ട്.അങ്ങനെ സംഭവിക്കാതെ അനേകനൂറ്റാണ്ടുകൾക്കു ശേഷവും പുതിയ വായനക്കാരോട് മനുഷ്യാവസ്ഥയെ കുറിച്ച് സംസാരിക്കാൻ ശേഷിയുള്ള കൃതികൾ,അവയെ ആശ്രയിച്ച് പുതിയ പാഠങ്ങൾ ഉൽപാദിപ്പിക്കപ്പെടുന്നതുകൊണ്ടാണ് നിലനിന്നു വരുന്നത് എന്നു പറഞ്ഞ് അവസാനിപ്പിക്കാൻ കഴിയില്ല.അങ്ങനെ പാഠങ്ങൾ ഉൽപാദിപ്പിക്കാൻ പ്രേരണ നൽകുന്ന എന്തൊക്കെ ഘടകങ്ങളാണ് അവയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് എന്ന അന്വേഷണം തികച്ചും പ്രസക്തമാണ്.
കഥകളിൽ നിന്നും കവിതകളിൽ നിന്നുമൊക്കെ ആർക്കും യഥേഷ്ടം പാഠങ്ങൾ നിർമിക്കാം,എല്ലാ പാഠങ്ങളും ഒന്നു പോലെ പ്രസക്തമാണ് എന്നുള്ള വാദം നിഷ്‌കളങ്കമോ യുക്തിഭദ്രമോ അല്ലെന്ന് അനായാസമായി സ്ഥാപിക്കാൻ അടുത്ത കാലത്ത് മലയാളത്തിലുണ്ടായ ചില പാഠനിർമിതികളെ മാത്രം ആശ്രയിച്ചാൽ മതി. ഒരു കഥയിലെ കഥാപാത്രങ്ങളുടെ പേരിനെ മുൻനിർത്തി കഥ ഒരു മതത്തെ അനുകൂലിക്കുന്നതും മറ്റൊന്നിനെ നിന്ദിക്കുന്നതുമാണെന്ന് വിധിച്ചുകൊണ്ട് നടത്തുന്ന പാഠനിർമാണം ആശാസ്യമായ വായനയുടെ ഫലമല്ല.അത് അൽപമെങ്കിലും ഭേദപ്പെട്ട ഭാവുകത്വത്തെ അടയാളപ്പെടുത്തുന്നുമില്ല. വായനയെ ആശാസ്യമെന്നും അല്ലാത്തതെന്നും വേർതിരിക്കുന്നതും ഭാവുകത്വത്തിന് നിലവാരം നിശ്ചയിക്കുന്നതുമെല്ലാം അനാവശ്യമാണെന്ന് വീറോടെ വാദിക്കാൻ ആളുകളുണ്ടായേക്കും. തങ്ങളുടെ വാദം സ്ഥാപിച്ചെടുക്കുന്നതിനുള്ള ഉപായങ്ങൾ അവർ സമർത്ഥമായി പ്രയോഗിച്ചെന്നും വരും.പക്ഷേ,ഒരു കഥ ഏത് യാഥാർത്ഥ്യത്തെയാണ് ആവിഷ്‌കരിക്കാൻ ശ്രമിച്ചിരിക്കുന്നതെന്ന് ഒറ്റ വായനയിൽത്തന്നെ തിരിച്ചറിയാമായിരുന്നിട്ടും ആ യാഥാർത്ഥ്യത്തെ പാടെ അവഗണിച്ച് വായനയിൽ കലക്കമുണ്ടാക്കാൻ എളുപ്പമുള്ള ഒന്നിനെ കഥയിൽ നിന്ന് കണ്ടെടുത്ത് അതിൽ ഊന്നിക്കൊണ്ട് നിരൂപണവും സംവാദവും സംഘടിപ്പിക്കാൻ ശ്രമിക്കുന്നത് ഏറ്റവും ലളിതമായി പറഞ്ഞാൽ തെറ്റാണ്. ഒരു കഥ അവസാനിക്കുന്ന ഭാഗത്ത് സാധാരണ ജനങ്ങൾ നിലവിൽ അവരുടെ സ്വഭാവത്തിന്റെ ഭാഗമാക്കിത്തീർത്ത ബഹുമുഖമായ  ഉദാസീനതയെയും നിർമമതയെയും കരകയറേണ്ടതുണ്ട് എന്ന തോന്നലില്ലാതെ ലജ്ജാരഹിതമായി അവർ അനുഭവിച്ചു വരുന്ന നിസ്സഹായതയെയും ന്യായീകരിക്കാനെന്ന ഭാവത്തിൽ  അവരിലൊരാൾ തന്നെയായ കഥാപാത്രം 'അഹം ബ്രഹ്മാസ്മി, തത്വമസി' എന്നൊക്കെ പറഞ്ഞുകൊണ്ട് നടന്നുനീങ്ങുന്നത് വായിച്ച പാടെ 'ദാ,കഥാകൃത്ത് ദൈവവിശ്വാസത്തിലും ഹൈന്ദവദർശനത്തിലും അഭയം തേടുന്നു' എന്ന്  ഒരു നിരൂപകൻ വിളിച്ചു പറയുകയാണെങ്കിൽ അയാളുടെ വായന നിലവാരം കുറഞ്ഞതും ബുദ്ധിശൂന്യവുമാണെന്ന് വിധിക്കാൻ ഒരു വായനാസിദ്ധാന്തവും തടസ്സമാകേണ്ടതില്ല.വലിയ സാഹിത്യപരിചയമൊന്നുമില്ലാത്ത സാധാരണവായനക്കാർ ആ കഥാസന്ദർഭത്തിലെ നർമത്തിലേക്കും സാമൂഹ്യവിമർശനത്തിലേക്കും വളരെ വേഗം എത്തിച്ചേരുകയും നിരൂപകനെന്ന് സ്വയം കരുതുന്ന ഒരാൾ സന്ദർഭം ഒട്ടുമേ അനുവദിക്കാത്ത മറ്റൊരു വഴിയിലേക്ക് ഓടിയിറങ്ങുകയും ചെയ്യുന്നതു കണ്ടാൽ അത് വിവരക്കേടാണെന്നു വിളിച്ചുപറയാൻ അൽപം പോലും സംശയിക്കേണ്ട കാര്യമേ ഇല്ല.
                    അസ്തിത്വവാദത്തിന്റെ തുടർച്ചയും മറ്റു ചിലതും
കൃതി എന്ന ഒന്നില്ല ,പാഠങ്ങൾ മാത്രമേ ഉള്ളൂ;പാഠങ്ങളുടെ ഉൽപാദനമാണ് കൃതിയെ സൃഷ്ടിക്കുന്നത് എന്ന ആശയം അവതരിപ്പിക്കുന്നവർ മിക്കവാറും ആദ്യം ഉദ്ധരിക്കുന്നത് റൊളാങ് ബാർത്തിനെയും മിഷേൽ ഫൂക്കോവിനെയും ആയിരിക്കും.തൊട്ടു പിന്നാലെ വരും ദെറീദ. 'പാഠത്തിന് ( പിന്നെ ലോകമാകുന്ന പാഠത്തിനും)  'രഹസ്യ'വും അന്തിമവുമായ ഒരർത്ഥം കൽപിച്ചുകൊടുക്കാൻ വിസമ്മതിക്കുന്നതിലൂടെ ദൈവശാസ്ത്രവിരുദ്ധമെന്നു വിളിക്കാവുന്നതും സത്യമായും വിപ്‌ളവകരവുമായ ഒരു പ്രവൃത്തിയെ സ്വതന്ത്രമാക്കി വിടുകയാണ് ചെയ്യുന്നത് 'എന്ന് ബാർത് തന്റെ ഗ്രന്ഥകാരന്റെ മരണം എന്ന ആശയത്തിന്റെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് പറയുന്നുണ്ട്.അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഒരു പാഠത്തിന് ഗ്രന്ഥകാരനെ നൽകുക എന്നതിന്റെ അർത്ഥം ആ പാഠത്തിന്  പരിധി കൽപിക്കുക,അതിന് അന്തിമമായ ഒരു സൂചിതം നൽകുക,ആ എഴുത്തിനെ അടച്ചിടുക എന്നൊക്കെയാണ്.ഓരോ കൃതിയും പാഠങ്ങളുടെ,പാഠനിർമാണത്തിനുള്ള സാധ്യതകളുടെ അനന്തമായ ലീലയാണ് എന്ന് പറയുന്നത് കേൾക്കാൻ ഇമ്പമുണ്ടായേക്കാമെങ്കിലും പറയുന്ന അത്രയും ലാഘവത്തോടെ ഒരു കൃതിയും അങ്ങനെ പാരായണത്തിന് വഴങ്ങിക്കൊടുക്കില്ല എന്നതാണ് വസ്തുത.അവ ഉണ്ടായ കാലത്തെ ജീവിതബോധവും ആ കാലം ആവശ്യപ്പെട്ട ധർമങ്ങളുടെ ഏറ്റെടുപ്പും കൃതി നിർവഹിച്ചിട്ടുണ്ടാവും.അവയെ വിമർനബുദ്ധിയോടെ പരിശോധിക്കാനും അവയ്ക്കു പിന്നിൽ പ്രവർത്തിച്ചിട്ടുള്ള ധാരണകളെയും താൽപര്യങ്ങളെയും വെളിപ്പെടുത്താനും പുതിയ വായനയിലൂടെ സാധിക്കും.അതിനപ്പുറത്ത് കൃതി എന്തെങ്കിലും സാധിക്കുന്നുണ്ടെങ്കിൽ അത് പ്രാഥമികമായും കൃതിയുടെ മികവ് കൊണ്ടു തന്നെയാണ്.
ബാർത്തിന്റെ 'The death of the Author' ലും ഫൂക്കോവിന്റെ    'What is an Author?'
ലും ആദ്യവായനയിൽ ഉണ്ടെന്നു തോന്നിയേക്കാവുന്ന സ്‌ഫോടനാത്മകത വാസ്തവത്തിൽ അവയ്ക്ക് അവകാശപ്പെടാനാവില്ല.ജീവിതത്തിന് പൂർവനിശ്ചിതമായ ഒരർത്ഥവുമില്ലെന്ന, മനുഷ്യൻ ജീവിതത്തിലൂടെ എന്തായിരുന്നുവോ അതു തന്നെയാണ് ജീവിതത്തിന്റെ സത്ത,അസ്തിത്വം സത്തയ്ക്ക് മുമ്പേ വരുന്നു (Existence preceeds Essence) എന്ന ആശയം അസ്തിത്വവാദികൾ നേരത്തെ അവതരിപ്പിച്ച് ലോകമെമ്പാടുമുള്ള ബുദ്ധിജീവിലോകത്തിന് അത് അതിപരിചിതമായിത്തീർന്നതിനു ശേഷമാണ് ഗ്രന്ഥകാരന്റെ മരണം ഉൽഘോഷിച്ച്, കൃതിക്ക് അചഞ്ചലവും പൂർവനിശ്ചിതവുമായ ഒരർത്ഥവുമില്ല,വായനയിലൂടെ നിർമിക്കപ്പെടുന്ന പാഠത്തിലൂടെയാണ് കൃതി ഉണ്ടാവുന്നത് എന്ന ആശയം മുന്നോട്ടു വെക്കപ്പെടുന്നത്.ഇതിനു പിന്നിൽ അസ്തിത്വവാദത്തിന്റെ കൂടി സ്വാധീനമുണ്ട് എന്ന് വ്യക്തമാക്കുന്നുണ്ട് 'The author does not precede the works' എന്ന ഫൂക്കോവിന്റെ വാക്യഖണ്ഡം.
കൃതിയുടെ അർത്ഥം ഓരോ വായനയിലും പുനർനിർമിക്കപ്പെട്ടു കൊണ്ടിരിക്കുന്നതു മാത്രമാണ് എന്നു പറയുന്നത് ഏത് ആശയത്തിനും നിലപാടിനും താൽക്കാലികമായ നിലനിൽപ് മാത്രമേ ഉള്ളൂ,അത്രയേ ഉണ്ടാവേണ്ടതുള്ളൂ എന്ന് പറയുന്നതിനോട് ഏറെക്കുറെ തുല്യമാണ്. 'ചരിത്രം എന്ന ഒന്നില്ല,വ്യാഖ്യാനം മാത്രമേ ഉള്ളൂ' എന്ന ആശയം ഇതിന്റെ വകഭേദം മാത്രമാണ്.ചരിത്രം ഇല്ല,എല്ലാ ബ്രഹദാഖ്യാനങ്ങളും അപ്രസക്തമാണ്,ഗ്രന്ഥകാരൻ മരിച്ചു എന്നൊക്കെയുള്ള പ്രസ്താവങ്ങൾ രക്തബന്ധമുള്ളവയാണ്.ഒന്നു കൂടി ചുഴിഞ്ഞുനോക്കിയാൽ ഈ ആശയങ്ങളിൽ നിന്ന് അധ്യാപകർ പഠിപ്പിക്കേണ്ടതില്ല,ജ്ഞാനം വിദ്യാർത്ഥി സ്വന്തമായി നിർമിക്കേണ്ടതാണ്,അതിന് സഹായിയായി നിൽക്കുക എന്നത് മാത്രമാണ് അധ്യാപകന്റെ റോൾ എന്ന നിലപാടിലേക്ക് എത്തിച്ചേരാൻ എളുപ്പമാണ് എന്ന് മനസ്സിലാവും.വ്യത്യസ്ത മേഖലകളിൽ ഒരേ കാലയളവിൽ പ്രചരിപ്പിക്കപ്പെടുന്ന ആശയങ്ങൾക്കു തമ്മിൽ ഇങ്ങനെ സാഹോദര്യമുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നതു പോലും പലർക്കും,വിശേഷിച്ചും വിദ്യാഭ്യാസം ഉൾപ്പെടെയുള്ള എല്ലാ വ്യവഹാരങ്ങളും വിപണിയോട് സൗഹൃദം പുലർത്തുന്നവയായിരിക്കണം എന്ന് വാദിക്കുന്നവർക്ക് തീരെ രസിക്കില്ല.

അടിക്കുറിപ്പ്: മലയാളത്തിലെ ആദ്യചെറുകഥയായ 'വാസനാവികൃതി'യുടെ നൂറ്റിരപത്തഞ്ചാം വാർഷികം ആഘോഷിക്കുന്ന സമയമായതുകൊണ്ടു കൂടിയാവാം ഈ ലേഖനത്തിന് 'വായനാവികൃതി' എന്ന ശീർഷകം നൽകാമെന്നു തോന്നിയത്.
 


No comments:

Post a Comment