Pages

Wednesday, June 15, 2011

ചില അപ്രിയസത്യങ്ങള്‍

നാളിതുവരെയുള്ള സാഹിത്യപ്രവര്‍ത്തനങ്ങളില്‍ നിന്ന് എഴുത്ത്,വായന,ആസ്വാദനം,നിരൂപണം എന്നിവയെ കുറിച്ച് ഒട്ടുവളരെ കാര്യങ്ങള്‍ സ്വയം ബോധ്യപ്പെട്ടിട്ടുണ്ട്.നിഷേധസ്വഭാവമുള്ളവയാണ് അവയില്‍ പലതും എന്നതിന് എന്റെ പ്രകൃതത്തിലെ പല അധീരതകളും അപര്യാപ്തതകളും തന്നെയാവാം കാരണം.അതല്ലാതുള്ള,അതായത് എന്റെ പ്രകൃതവുമായൊന്നും ഒരര്‍ത്ഥത്തിലും ബന്ധപ്പെടാത്ത അസുഖകരമായ ചില യാഥാര്‍ത്ഥ്യങ്ങള്‍ വേറെത്തന്നെ ഉണ്ട്.അവയെ കുറിച്ചുള്ള ചില വിചാരങ്ങളാണ് ഇത്തവണ കുറിച്ചിടുന്നത്.
എഴുത്തുകാരിലും വായനക്കാരിലും വളരെയേറെപ്പേര്‍ തികച്ചും യാദൃച്ഛികമായി ഈ രംഗത്ത് എത്തിപ്പെടുന്നവരാണ്.അവരില്‍ ചിലര്‍ ചുരുങ്ങിയ ഒരു കാലയളവില്‍ തങ്ങളുടെ പ്രവൃത്തികളിലെ വ്യത്യസ്തതയുടെ കരുത്തും സൌന്ദര്യവും കൊണ്ട് നമ്മെ അത്ഭുതപ്പെടുത്തിയേക്കും.പക്ഷേ,എഴുത്തിലേക്കും വായനയിലേക്കും നയിക്കുന്ന വളരെ അടിസ്ഥാനപരമായ ചോദനകളും വികാരങ്ങളും മനസ്സിന്റെ ആവശ്യങ്ങളും തങ്ങളുടെ ആത്മാവിന്റെ ഭാഗമല്ലാത്തതുകൊണ്ടു തന്നെ അധികകാലം അവര്‍ രംഗത്ത് തുടരില്ല.പിന്നെയും തുടരുകയാണെങ്കില്‍ മിക്കവാറും ഉപജാപമോ കൌശലപ്പണികളോ ഒക്കെയാവും അവരുടെ പ്രവൃത്തിമണ്ഡലം.അതിന്റെ ദൂഷ്യഫലങ്ങള്‍ വളരെയേറെപ്പേര്‍ അനുഭവിക്കേണ്ടി വരികയും ചെയ്യും.
കേവലവായനക്കാര്‍ എന്ന നിലയ്ക്കോ ചെറുകിട എഴുത്തുകാരുടെ റോള്‍ കൂടി സ്വീകരിക്കുന്ന വായനക്കാര്‍ എന്ന നിലയ്ക്കോ സാഹിത്യരംഗവുമായി ബന്ധം പുലര്‍ത്തുന്നവരില്‍ ഗണ്യമായ ഒരു വിഭാഗത്തിന് എത്രകാലം കഴിഞ്ഞാലും സാഹിത്യം എന്തുകൊണ്ട്,എങ്ങനെ ഉണ്ടാവുന്നു എന്ന കാര്യത്തെ കുറിച്ച് ഒരെത്തും പിടിയും കിട്ടില്ല.എഴുത്തിനെ ഒരു തരം സൂത്രവിദ്യയായി മാത്രമേ ഇവര്‍ക്ക് മനസ്സിലാക്കാനാവൂ.ആശ്രിതവാത്സല്യം പ്രകടിപ്പിക്കുന്നതില്‍ ഉദാരമതികളായ ഏതെങ്കിലും മുതിര്‍ന്ന എഴുത്തുകാരുടെ പക്ഷം ചേര്‍ന്നുനിന്ന് ആധികാരികത ഭാവിക്കാനാണ് ഇവര്‍ ശ്രമിക്കുക.
എഴുത്തില്‍ കുറേ കാലം ഇടപെട്ടതിനുശേഷവും കാര്യമായ മുന്നേറ്റങ്ങളൊന്നും സാധിക്കാതെ നിരാശപ്പെടുന്നവര്‍ മിക്കവാറും 'എന്തു സാഹിത്യം,ഇതൊക്കെ ഒരു തട്ടിപ്പല്ലേ'എന്ന നിലപാട് സ്വീകരിച്ചുകളയും.ഈസോപ്പ് കഥയിലെ കുറുക്കന്റെ അവസ്ഥയിലുള്ള ഇക്കൂട്ടരെ ഏറെക്കുറെ എല്ലാ സാഹിത്യചര്‍ച്ചാസമ്മേളനങ്ങളിലും കാണാനാവും.
'കല അഭൌമമാണ്,കലാനിര്‍മാണ വൈഭവം പ്രതിഭയുടെ ഉല്പന്നമാണ്,സൌന്ദര്യോല്പാദനമാണ് കലയുടെ ഏക ലക്ഷ്യം' എന്നൊക്കെ വലിയ വാചാടോപത്തോടെ ഗംഭീരമായ ശബ്ദത്തില്‍ പ്രസംഗിച്ചു രസിക്കുന്ന ഒരുപാട് പേരുണ്ട്.സാഹിത്യത്തെ ഏതെങ്കിലും സാമൂഹ്യലക്ഷ്യങ്ങളുമായി ബന്ധിപ്പിച്ചാല്‍ അതിന് പരിവേഷനഷ്ടം സംഭവിച്ചേക്കുമെന്നും അത് സാഹിത്യത്തിന്റെ ആളുകളായി നാട്ടുകാര്‍ക്കിടയില്‍ അറിയപ്പെടുന്ന തങ്ങള്‍ക്കും പരിവേഷനഷ്ടം വരുത്തിയേക്കുമെന്നും ഉള്ള ധാരണയിലാണ് ഇവര്‍ ഇങ്ങനെ വാചാലരാവുന്നത്.എഴുത്തുകാര്‍ യഥാര്‍ത്ഥത്തില്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെപ്പറ്റി,അവരുടെ ആധികളെപ്പറ്റി ഒരിക്കല്‍ പോലും ഇക്കൂട്ടര്‍ ഗൌരവമായി ആലോചിച്ചിട്ടുണ്ടാവില്ല.അങ്ങനെ ആലോചിക്കാനുള്ള കെല്പ് തന്നെയും അവര്‍ക്കുണ്ടാവില്ല.ഉള്ള് ശൂന്യമായിരിക്കുമ്പോഴും അതിഭയങ്കരമായി ഒച്ചവെക്കാന്‍ കഴിയുന്ന ചില രാഷ്ട്രീയക്കാരെപ്പോലെയാണ് അവര്‍.
തങ്ങളെ നേരിട്ട് വൈകാരികമായി സ്പര്‍ശിക്കുകയും സുഖകരം കൂടിയായ വേദനയില്‍ എത്തിക്കുകയും ചെയ്യാത്ത എഴുത്തിനെ അംഗീകരിക്കുന്നതില്‍ വളരെ വൈമുഖ്യമുള്ളവരാണ് മലയാളത്തിലെ വായനക്കാരില്‍ വലിയൊരു വിഭാഗവും.(ഇത് മലയാളികളുടെ സാഹിത്യാസ്വാദനത്തിലെ ഒരടിസ്ഥാനസംഗതി തന്നെയാണ്.അതില്‍ കാപട്യത്തിന്റെ പ്രശ്നമൊന്നുമില്ല.)വൈകാരികതയുടെ തലം വിട്ട് അല്പമെങ്കിലും ഉയര്‍ന്നുതുടങ്ങുന്നതോടെ ആ സാഹിത്യത്തിനെതിരെയുള്ള പ്രതിരോധവും ശക്തമായിത്തുടങ്ങും.കാലാന്തരത്തില്‍ ഒരെഴുത്തുകാരന്‍ /എഴുത്തുകാരി മറ്റു പല കോണുകളില്‍ നിന്നുള്ള അംഗീകാരത്തിന്റെ ഫലമായി സര്‍വാദൃതത്വം നേടിത്തുടങ്ങുന്നു എന്ന ഘട്ടം വരുമ്പോള്‍ മാത്രമാണ് ഈ നിലപാടില്‍ മാറ്റം വന്നുതുടങ്ങുന്നത്.
ഉപരിവര്‍ഗജീവിതം,അതിന്റെ ആലസ്യം,സ്വാതന്ത്യ്രം,നിരുത്തരവാദിത്വം എന്നിവയോടെല്ലാം ആസക്തി കലര്‍ന്ന ആദരം മലയാളി ഭാവുകത്വത്തിന്റെ ഭാഗമാക്കി തീര്‍ക്കുന്നതില്‍ ആധുനികതാപ്രസ്ഥാനം വലിയൊരു പങ്കുവഹിച്ചിട്ടുണ്ട്.സാധാരണമനുഷ്യരുടെ എല്ലാ തരം ജീവിതസമരങ്ങളോടുമുള്ള പുച്ഛം അതിന്റെ ഭാഗമാണ്.ആധുനികതയുടെ കാലം കഴിഞ്ഞിട്ട് കാല്‍നൂറ്റാണ്ടോളമായെങ്കിലും ഭാവുകത്വത്തിലെ ഉപരിവര്‍ഗാഭിമുഖ്യത്തിന്റെ ഈ കറ ഇനിയും മാഞ്ഞുപോയിട്ടില്ല.
സാഹിത്യരചനയും ആസ്വാദനവും സാമൂഹ്യമായ ജാഗ്രതയോടൊപ്പം തീര്‍ച്ചയായും ഏകാന്തമായ മനനവും അന്വേഷണങ്ങളും ആവശ്യപ്പെടുന്നുണ്ട്.അത് അനുവദിക്കാത്ത ഒരു പൊതുസാഹിത്യപരിസരം കേരളത്തിലുണ്ട്.എഴുതുന്ന ഒരാളുടെ മേല്‍ ഏതുവിധേനയും മറ്റനേകം ഉത്തരവാദിത്വങ്ങള്‍ അടിച്ചേല്പിക്കാനും അയാളെ/അവളെ വളരെ ഔപചാരികം മാത്രമായ വേദികളിലേക്കു പോലും വലിച്ചിഴക്കാനുമുള്ള വ്യഗ്രത സമൂഹത്തിന് പൊതുവേ ഉണ്ട്.എഴുത്തുകാരില്‍ മലയാളിസമൂഹം ഇപ്പോഴും പരിമിതമായ തോതിലെങ്കിലും അര്‍പ്പിക്കുന്ന വിശ്വാസത്തിന്റെ അടയാളം കൂടിയാവാം ഇത്.സംഗതി എന്തായാലും അത് എഴുതുന്ന ആളുടെ സമയം മാത്രമല്ല മാനസ്സികമായ ഊര്‍ജം കൂടി വലിയ അളവില്‍ കവര്‍ന്നെടുക്കുന്ന പരിപാടിയാണ്.ഭാഷയ്ക്കും സാഹിത്യത്തിനും അതുകൊണ്ട് സംഭവിക്കുന്ന നഷ്ടം മറ്റു തരത്തില്‍ നികത്താനാവില്ല.
സാഹിത്യവിമര്‍ശനത്തിന്റെ സ്ഥിതിയും വളരെ പരിതാപകരമാണ് മലയാളത്തില്‍.തങ്ങളെ പുകഴ്ത്താന്‍ ബാധ്യസ്ഥമായ ഒരു സംവിധാനം എന്ന നിലയ്ക്കു മാത്രമാണ് ഒട്ടുമിക്ക എഴുത്തുകാരും അതിനെ മനസ്സിലാക്കുന്നത്.നിരൂപണം വാസ്തവത്തില്‍ ഒരു കൃതി നല്‍കുന്ന അനുഭവത്തിന്റെ സമഗ്രമായ വിശകലനത്തിലൂടെ കൃതിയുടെ സാമൂഹികതയെ ആഴത്തിലും പരപ്പിലും സ്ഥാപിച്ചെടുക്കുന്ന പ്രക്രിയയാണ്.സ്തുതിക്കും നിന്ദയ്ക്കും അപ്പുറത്തുള്ള ഒരു തലത്തിലാണ് അത് പ്രവര്‍ത്തിക്കേണ്ടത്. സ്വയം ഈയൊരു ധര്‍മം ഏറ്റെടുക്കാന്‍ നിരൂപണം പ്രാപ്തമാവണം.എഴുത്തുകാര്‍ അതിനെ ആ തരത്തില്‍ അംഗീകരിക്കുകയും വേണം.ഇല്ലെങ്കില്‍ ഒരു ജനതയുടെ ഭാവുകത്വത്തില്‍ ഫലപ്രദമായ ഒരിടപെടലും നടത്താന്‍ അതിന് സാധ്യമാവില്ല.
എഴുത്തുമായി ബന്ധപ്പെട്ട മുകളില്‍ പറഞ്ഞ കാര്യങ്ങളൊന്നും യഥാര്‍ത്ഥത്തില്‍ വലിയ പ്രശ്നങ്ങളല്ല.ചെറിയ ചെറിയ അലോസരങ്ങളായി മാത്രമേ അവയെ കാണേണ്ടതുള്ളൂ.എഴുത്ത് അതിന്റെ അപ്രതിരോധ്യമായ കരുത്ത് തന്റെ മേല്‍ പ്രയോഗിക്കുന്ന നിമിഷങ്ങളില്‍ എഴുത്തുകാരന്‍/ എഴുത്തുകാരി ഈ വക ശല്യങ്ങള്‍ക്കൊന്നും കണ്ണുചെല്ലാത്ത ഏതോ ഉയരത്തിലാണ്.
(മാതൃകാന്വേഷി മാസിക,ജൂണ്‍2011)

1 comment:

  1. വളരെ ലളിതമായ ശരികള്‍..സര്‍..

    ReplyDelete