സാഹിത്യകൃതികളെയും സാമൂഹ്യാനുഭവങ്ങളെയും വ്യാഖ്യാനിക്കാന്‍ പുറപ്പെടുന്നവരോട് കടുത്ത ശത്രുതാമനോഭാവം പുലര്‍ത്തുന്ന ഒരു വായനാസമൂഹം മലയാളത്തില്‍ രൂപപ്പെട്ടുകഴിഞ്ഞിട്ടുണ്ട്.'നിങ്ങളുടെ വ്യാഖ്യാനവൈഭവവും ബുദ്ധിജീവിത്തരവുമൊന്നും ഞങ്ങള്‍ക്കാവശ്യമില്ല.ഏത് സംഗതിയെയും അതിന്റെ തനതു രൂപത്തില്‍ സ്വീകരിക്കുന്നതിലേ ഞങ്ങള്‍ക്ക് താല്പര്യമുള്ളൂ'എന്ന മനോഭാവത്തോടെ ധിക്കാരപൂര്‍വം നെഞ്ചുവിടര്‍ത്തി നില്‍ക്കുന്ന വ്യഖ്യാനവിരുദ്ധരുടെ നിലപാടിന് എന്തെങ്കിലും ന്യായീകരണം സാധ്യമാണോ എന്ന സംശയം തീര്‍ച്ചയായും പ്രസക്തമാണ്.
വായനക്കാര്‍ വ്യാഖ്യാനവിരോധികളായി തീരുന്നതിന് പല കാരണങ്ങളുമുണ്ട്.സാഹിത്യകൃതികളെ സംബന്ധിച്ചാണെങ്കില്‍ വ്യാഖ്യാനം കൃതി നല്‍കുന്ന അനുഭവത്തെ വികലമാക്കുകയോ നശിപ്പിക്കുക തന്നെയോ ചെയ്തേക്കും എന്ന ഭീതിയാണ് ആദ്യകാരണം.വ്യാഖ്യാനം ഒട്ടും തന്നെ സര്‍ഗാത്മകവും സത്യസന്ധവും ബുദ്ധിപൂര്‍വകവുമാവാതെ വ്യാഖ്യാതാവിന്റെ സ്വകാര്യലാഭത്തെ മാത്രം ഉന്നംവെച്ചുകൊണ്ടുള്ളതോ കേവലമായ മേനിനടിപ്പില്‍ അവസാനിക്കുന്നതോ ആയിത്തീരുന്നുവെന്ന് തിരിച്ചറിയുമ്പോഴുണ്ടാവുന്ന ഇച്ഛാഭംഗവും പുച്ഛവുമാണ് രണ്ടാമത്തെ കാരണം.സര്‍വകലാശാലകളിലെയും മറ്റും ഗവേഷകരുടെയും പണ്ഡിത•ാരുടെയും ആസ്ഥാനബുദ്ധിജീവികളുടെയും പ്രബന്ധനിര്‍മാണങ്ങളുടെ കാര്യത്തിലാണ് മുഖ്യമായും ഇത് സംഭവിക്കുന്നത്. നമ്മുടെ അക്കാദമിക് സമൂഹത്തെ നയിക്കുന്ന മൂല്യസങ്കല്പങ്ങളിലും ഉന്നതവിദ്യാഭ്യാസത്തിന്റെ നടത്തിപ്പില്‍ തന്നെയും സമൂലമായ മാറ്റം വരാതെ ഈ സ്ഥിതി മാറുമെന്ന് പ്രതീക്ഷിക്കാനാവില്ല.കാര്യങ്ങള്‍ വിപരീതദിശയില്‍ ഒരുപാട് മുന്നോട്ട് പോയ്ക്കഴിഞ്ഞ നിലയ്ക്ക് അത്തരമൊരു മാറ്റം എളുപ്പവുമല്ല.
കൃതി നല്‍കേണ്ടതായി വായനക്കാര്‍ പ്രതീക്ഷിക്കുന്നതോ ആഗ്രഹിക്കുന്നതോ ആയ അനുഭവത്തെ ചൊല്ലിയുള്ള ആശങ്കയില്‍ നിന്ന് ആരംഭിക്കുന്ന വ്യാഖ്യാനവിരോധത്തിന്റെ അടിസ്ഥാനം മറ്റൊന്നാണ്.സാഹിതീയാനുഭവത്തെ പറ്റി താന്‍ സ്വരൂപിച്ചുവെച്ച ധാരണകള്‍ തകര്‍ന്നുപോവുമ്പോഴുണ്ടാവുന്ന കടുത്ത നഷ്ടബോധമാണ് ഇവിടെ വായനക്കാരെ കുഴക്കുന്നത്.ഈ ധാരണകള്‍ വലിയൊരളവോളം സമൂഹത്തിലെ അധീശശക്തികള്‍ സൃഷ്ടിച്ച് തങ്ങളെ കൊണ്ട് അംഗീകരിപ്പിച്ചതാണെന്ന യാഥാര്‍ത്ഥ്യത്തിലേക്ക് വായനാസമൂഹത്തിലെ ഗണ്യമായൊരു വിഭാഗം സാധാരണഗതിയില്‍ ഉണരാറില്ല. തങ്ങളുടെ സുഖനിദ്ര, അതായത് ആലോചനാരഹിതമായ ആസ്വാദനം തടസ്സപ്പെടുത്തപ്പെടുന്നതിന്റെ ഈര്‍ഷ്യയാണ് അവര്‍ വ്യാഖ്യാനങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും നേരെ കാണിക്കുന്നത്. കൃതിയില്‍ നിന്ന് കൈവരുന്ന രസത്തിന് ചരിത്രപരവും മന:ശാസ്ത്രപരവും സാമൂഹ്യശാസ്ത്രപരവുമായ പൊതുവേ ബാധകമായ ചില അടിസ്ഥാനങ്ങളുണ്ടെന്ന് അംഗീകരിക്കേണ്ടി വരുന്നത് സ്വന്തം ആസ്വാദനവൈഭവത്തിന്റെ ഔന്നത്യത്തെയും അനന്യതയെയും സംബന്ധിച്ച് തങ്ങള്‍ സൂക്ഷിക്കുന്ന അഭിമാനബോധത്തെ തകര്‍ത്തുകളയുന്നതിലുള്ള വിരോധവും ഒപ്പം തന്നെയുണ്ട്.
സാഹിത്യനിരൂപണത്തിന് ഗ്രന്ഥകര്‍ത്താവിനെ സ്തുതിച്ചുള്ള പുസ്തകാഭിപ്രായമെഴുത്ത് എന്നതാണ് മലയാളത്തില്‍ പൊതുസമ്മതി കൈവന്നിരിക്കുന്ന അര്‍ത്ഥം.അക്കാദമിക് ബുദ്ധിജീവിവൃന്ദത്തിനാണെങ്കില്‍ മിക്കവാറും പുതിയ വര്‍ഗീകരണസങ്കേതങ്ങളും സാങ്കേതികസംജ്ഞകളും സൃഷ്ടിച്ച് തങ്ങളുടെ ബൌദ്ധികമേധാവിത്വം സ്ഥാപിച്ചെടുക്കുന്നതിനുള്ള അഭ്യാസമാണത്.സ്തുതിക്കും നിന്ദക്കും അഭ്യാസത്തിനും അപ്പുറത്ത് കൃതിയുടെ സര്‍ഗാത്മകസൌന്ദര്യത്തിന്റെയും സാമൂഹികതയുടെയും തലങ്ങള്‍ തേടിയുള്ള അന്വേഷണം എന്നൊരര്‍ത്ഥം ഈ സാഹിത്യശാഖയ്ക്കുണ്ട് എന്ന് വല്ലപ്പോഴും മാത്രമാണ് ഓര്‍മിപ്പിക്കപ്പെടുന്നത്.നിരൂപണത്തിന് ഇങ്ങനെ അര്‍ത്ഥശോഷണം സംഭവിപ്പിച്ചതില്‍ പ്രഖ്യാതരായ എഴുത്തുകാര്‍ക്കും പ്രസാധകര്‍ക്കുമെല്ലാം പങ്കുണ്ട്.എന്തായാലും അതു കൊണ്ടുണ്ടായ ഫലം ശ്രദ്ധേയമായ സാഹിത്യകൃതികള്‍ പോലും സജീവമായ സാമൂഹ്യാനുഭവങ്ങളായിത്തീരുന്നില്ല എന്നതാണ്.
ഇനി സാഹിത്യത്തെ വിട്ട് മറ്റ് സാമുഹ്യാനുഭവങ്ങളെയും യാഥാര്‍ത്ഥ്യങ്ങളെയും വ്യാഖ്യാനിക്കുന്നതിലുള്ള എതിര്‍പ്പിലേക്ക് വരാം.സമകാലീന രാഷ്ട്രീയസാമൂഹ്യസംഭവങ്ങളുടെ വ്യാഖ്യാനങ്ങള്‍ ജനങ്ങളുടെ ബൌദ്ധികമോ വൈകാരികമോ ആയ ആവശ്യമെന്നതില്‍ കവിഞ്ഞ് മാധ്യമങ്ങളുടെ നിലനില്പിനുള്ള അനിവാര്യവും എന്നാല്‍ ഉപചാരബദ്ധവുമായ പ്രവൃത്തി എന്ന നിലയിലാണ് മിക്കവാറും നിര്‍വഹിക്കപ്പെട്ടു വരുന്നത്. കേവലം പ്രൊഫഷനലായി നടത്തിപ്പോരുന്ന ഒന്നില്‍ അതിന്റെ നേരിട്ടുള്ള ഗുണഭോക്താക്കളൊഴിച്ചുള്ളവര്‍ക്ക് കാര്യമായ താല്പര്യമുണ്ടാവാന്‍ സാധാരണഗതിയില്‍ സാധ്യതയില്ല.മിക്ക വ്യഖ്യാനങ്ങളും അവ താല്‍ക്കാലികമായി ഉല്പാദിപ്പിക്കുന്ന രസത്തിലും കൌതുകത്തിലും ഒടുങ്ങുന്നു എന്നതാണ് വസ്തുത.ഇവയ്ക്കൊക്കെ അപ്പുറം കടക്കുന്ന വ്യാഖ്യാനം ഉണ്ടാവണമെങ്കില്‍ അതിന് രാഷ്ട്രീയം വേണം.കൃത്യമായ പ്രത്യയശാസ്ത്ര നിലപാടുകള്‍ വേണം.മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തന്നെ അടിസ്ഥാന പ്രശ്നങ്ങളില്‍ അരാഷ്ട്രീയരാവുന്ന സാഹചര്യത്തില്‍ ഏതെങ്കിലും ഒരു ചേരിയില്‍ നിന്ന് അവരെ പിന്‍പറ്റാന്‍ മാത്രം ശീലിച്ചിട്ടുള്ള ഭൂരിപക്ഷ ജനത സ്വന്തമായി രാഷ്ട്രീയവ്യാഖ്യാനങ്ങളുടെ സംസ്കാരം ഉയര്‍ത്തിപ്പിടിക്കുമെന്ന് ആഗ്രഹിക്കുന്നതില്‍ അര്‍ത്ഥമില്ല.
സാമൂഹ്യാനുഭവങ്ങളുടെ രാഷ്ട്രീയവ്യാഖ്യാനങ്ങള്‍ വ്യക്തികളെ എല്ലാ പ്രശ്നങ്ങളിലും ചില നിലപാടുകള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരാക്കും.അത് ചില മൂല്യസങ്കല്പങ്ങള്‍ രൂപപ്പെടുത്താനും അഭിരുചികളെയും അഭിപ്രായങ്ങളെയും ഉത്തരവാദിത്വത്തോടെ നവീകരിച്ചുകൊണ്ടിരിക്കാനും അവരെ നിര്‍ബന്ധിതരാക്കും.ഇതില്‍ നിന്ന് മാനസികമായി രക്ഷപ്പെടാനുള്ള മാര്‍ഗം കൂടിയാണ് വ്യാഖ്യാനവിരോധത്തിന്റെ അനുശീലനം.
'ഗൌരവം ഒരു രോഗമാണ് 'എന്ന രജനീഷിന്റെ മുദ്രാവാക്യം മുതല്‍ 'എന്തിനു വെറുതെ അതുമിതും ആലോചിച്ച് തല പുണ്ണാക്കുന്നു.ഒഴുക്കിനൊത്തു നീന്തി രക്ഷപ്പെടുക,അതേ നിവൃത്തിയുള്ളൂ' എന്ന സാധാരണ പറച്ചില്‍ വരെ ഉള്‍ക്കൊള്ളുന്ന ചിന്താശൂന്യത എന്ന ആദര്‍ശം ശൂന്യതയില്‍ നിന്ന് രൂപപ്പെട്ടതല്ല.കമ്യൂണിസ്റ് പ്രസ്ഥാനത്തെ ആഗോളതലത്തില്‍ തന്നെ ബാധിച്ചിരിക്കുന്ന കടുത്ത ആശയക്കുഴപ്പങ്ങളുടെയും മുതലാളിത്തം ലോകവ്യാപകമായി സാധിച്ചുകൊണ്ടിരിക്കുന്ന പ്രത്യക്ഷവും പരോക്ഷവുമായ ആധിപത്യങ്ങളുടെയും പരിസരമാണ് അതിന്റെ പ്രഭവകേന്ദ്രം.ആ പരിസരം കേരളത്തെ സംബന്ധിച്ചിടത്തോളവും ഒരു യാഥാര്‍ത്ഥ്യമാണ്.എല്ലാ ബൌദ്ധികാന്വേഷണങ്ങളെയും സംഹരിച്ച് മൂലധനശക്തികളുടെ സര്‍വവ്യാപിയായ ആധിപത്യത്തെ ആഘോഷിക്കുക എന്ന നിലപാടിന് വിനീതവിധേയരായി കീഴടങ്ങിക്കൊണ്ടിരിക്കുന്ന ഒരു ജനതയായി മലയാളികള്‍ മാറ്റപ്പെട്ടു കഴിഞ്ഞുവോ എന്ന് ന്യായമായും സംശയിക്കുന്നതിനുള്ള പല തെളിവുകളില്‍ ഒന്നാണ് കേരളസമൂഹത്തെ പൊതുവെയും ഇവിടത്തെ യുവജനങ്ങളെ പ്രത്യേകമായും ബാധിച്ചിരിക്കുന്ന രൂക്ഷമായ വ്യാഖ്യാനവിരോധം.
No comments:
Post a Comment