Pages

Wednesday, July 6, 2011

ആത്മാവിന്റെ സ്വന്തം നാട്ടില്‍ നിന്ന്

ആത്മാവിന്റെ സ്വന്തം നാട്ടില്‍ നിന്ന്

35
പിണ്ടാണി എന്‍.ബി.പിള്ള എന്ന ബാലസാഹിത്യകാരനെ ഇപ്പോള്‍ വളരെ കുറച്ചാളുകള്‍ മാത്രമേ ഓര്‍മിക്കുന്നുണ്ടാവൂ.കുട്ടിക്കവിതകളാണ് അദ്ദേഹം എഴുതിയിരുന്നത്.ഒരു കാലത്ത് സാഹിത്യപ്രവര്‍ത്തക സഹകരണസംഘം വര്‍ഷം തോറും സമ്മാനപ്പെട്ടി എന്ന പേരില്‍ പന്ത്രണ്ട് ബാലസാഹിത്യകൃതികള്‍ ഒന്നിച്ച് പുറത്തിറക്കിയിരുന്നു.വെങ്ങര കസ്തൂര്‍ബാ സ്മാരകവായനശാലയില്‍ നിന്ന് ഒന്നോ രണ്ടോ സമ്മാനപ്പെട്ടിയിലെ പുസ്തകങ്ങള്‍ അവ പുറത്തിറങ്ങി അധികം വൈകാതെ കാണാന്‍ കഴിഞ്ഞത് എന്റെ കുട്ടിക്കാലത്തെ ഏറ്റവും പ്രകാശപൂര്‍ണമായ ഓര്‍മയാണ്. ആ പുസ്തകങ്ങളുടെ മണം,അവയുടെ തൂവെള്ളക്കടലാസ്,മനോഹരമായ ചിത്രങ്ങള്‍ ഒന്നും മനസ്സില്‍ നിന്ന് മാഞ്ഞുപോവില്ല.പി.നരേന്ദ്രനാഥിന്റെ അന്ധഗായകന്‍,രവീന്ദ്രന്റെ അതിരാണിപ്പൂക്കള്‍,എം.എ.ജോസഫിന്റെ പുള്ളിക്കാള തുടങ്ങിയ പുസ്തകങ്ങളുടെ വായനാനുഭവവും അങ്ങനെ തന്നെ.അക്കാലത്ത് മനസ്സില്‍ പതിഞ്ഞ രണ്ട് പേരുകളാണ് പിണ്ടാണി എന്‍.ബി.പിള്ളയുടേതും ഗോപാലകൃഷ്ണന്‍ കോലഴിയുടേതും.രണ്ടുപേരും കവികള്‍.
പിണ്ടാണി എന്‍.ബി.പിള്ളയെ മുപ്പത്തഞ്ച് വര്‍ഷത്തോളം മുമ്പ് തിരുവനന്തപുരത്തുവെച്ച് യാദൃച്ഛികമായി കണ്ടുമുട്ടിയത് വളരെ വിചിത്രവും മനോഹരവുമായ ഒരോര്‍മയാണ്.സ്കൂള്‍ അധ്യാപകനായിരുന്ന അദ്ദേഹം അവിടെ ഏതോ ഒരു കോഴ്സിന് വന്നതായിരുന്നു.ബ്രണ്ണന്‍ കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴേ എന്റെ അടുത്ത സുഹൃത്തുക്കളിലൊരാളായിരുന്ന എം.പി.ബാലറാമും ഈ കോഴ്സിന് പങ്കെടുക്കാന്‍ എത്തിയിരുന്നു.കേരളായൂനിവേഴ്സിറ്റിയില്‍ അന്ന് ഗവേഷണവിദ്യാര്‍ത്ഥിയായിരുന്ന ഞാന്‍ തമ്പാനൂര്‍ ബസ്സ്റാന്റില്‍ വെച്ച് വളരെ അവിചാരിതമായി ബാലറാമിനെ കണ്ടു.കൂടെയുള്ള ആളെ "അറിയുമോ ഇദ്ദേഹമാണ് പിണ്ടാണി എന്‍.ബി.പിള്ള ;എഴുതാറുണ്ട്.'' എന്ന് പറഞ്ഞ് ബാലറാം പരിചയപ്പെടുത്തി: "ഓ,എനിക്കറിയാം ,എനിക്കറിയാം'' ആവേശപൂര്‍വം അദ്ദേഹത്തിന്റെ കൈപിടിച്ച് അല്പം മാറ്റി നിര്‍ത്തി അദ്ദേഹം എഴുതിയ ഒരു കവിതയുടെ പേര് പറഞ്ഞ് അതിലെ നാല് വരികള്‍ പതിഞ്ഞ ശബ്ദത്തില്‍ ഞാന്‍ ചൊല്ലിക്കേള്‍പ്പിച്ചു:
മഴ പെയ്തു മുറ്റത്ത് വെള്ളം നിറയുമ്പോള്‍
കടലാസ്സുവഞ്ചികള്‍ ഞാനൊഴുക്കും
ചെറുകാറ്റിലെന്‍ കൊച്ചുവള്ളങ്ങള്‍ നീങ്ങിടും
നിരയായി വെള്ളപ്പിറാക്കള്‍ പോലെ
കുട്ടിക്കവിതയിലേത് എന്ന നിലയില്‍ തന്നെയും ഈ വരികള്‍ അത്ര ഗംഭീരമായ ഒന്നാണെന്ന് മറ്റൊരാള്‍ക്ക് തോന്നണമെന്നില്ല.എങ്കിലും എന്തുകൊണ്ടോ അവ അനേക വര്‍ഷങ്ങളെ അതിജീവിച്ച് എന്റെ മനസ്സില്‍ തങ്ങിനിന്നു.ജീവിതത്തില്‍ ഒരെഴുത്തുകാരന് കൈവരാവുന്ന ഏറ്റവും വലിയ സന്തോഷമാണ് പിണ്ടാണി എന്‍.ബി.പിള്ളയ്ക്ക് അന്ന് ഞാന്‍ നല്‍കിയത്.അതിന്റെ ചാരിതാര്‍ത്ഥ്യം പൂര്‍ണാര്‍ത്ഥത്തില്‍ അനുഭവിക്കുന്നത് ഇപ്പോള്‍ ഈ കുറിപ്പെഴുതുന്ന നിമിഷങ്ങളിലാണ്.
36
പള്ളിപ്പടിക്കല്‍ വെച്ച് ദരിദ്രര്‍ക്ക് ചെമ്പുതുട്ടുകള്‍ ദാനം ചെയ്യുന്ന 'പാവങ്ങളി'ലെ ധനികനെപ്പോലെ അല്ലെങ്കില്‍ ബസ്സില്‍ കൈക്കുഞ്ഞുമായി കയറിയ അമ്മയ്ക്ക് സീറ്റ് നല്‍കി സ്വര്‍ഗത്തില്‍ ഇരിപ്പിടമുറപ്പിക്കുന്ന 'ചേറ്റുപുഴ'(വൈലോപ്പിള്ളി)യിലെ സുന്ദരിയെപ്പോലെ എന്ത് ചെയ്യുമ്പോഴും അവനവനോടുള്ള സ്നേഹവും പരിഗണനയും മുന്നിട്ടു നില്‍ക്കുന്ന അവസ്ഥയിലാണ് ഒട്ടുമിക്ക മനുഷ്യരും.ഞാനും മിക്കവാറും അങ്ങനെ തന്നെ.ഈയൊരറിവ് ഒരു നാള്‍ ഇങ്ങനെ ഒരെഴുത്തായി മാറി.കവിത എന്നു വിളിക്കാം.കവിതയായില്ല എന്ന തോന്നലുള്ളവര്‍ക്ക് മറ്റെന്തെങ്കിലും പേരിട്ട് വിളിക്കാം.
കണ്ണാടി പ്രതിഷ്ഠ
ഉള്ളിലൊരു കണ്ണാടി പ്രതിഷ്ഠിച്ചിട്ടുണ്ട്
ഇരിക്കുമ്പോഴും നില്‍ക്കുമ്പോഴും നടക്കുമ്പോഴും ഓടുമ്പോഴും
കരയിലോ കടലിലോ ആകാശദേശത്തോ
വാഹനമേറി പോവുമ്പോഴും
ആപ്പീസിരിക്കുമ്പോഴും
അങ്ങാടിയിലായിരിക്കുമ്പോഴും
സമരപ്പന്തലില്‍ മൃദുസ്വരത്തില്‍ മുദ്രാവാക്യം മുഴക്കുമ്പോഴും
വേദിയിലലറുമ്പോഴും
ബന്ധുവീട്ടില്‍ ചെല്ലുമ്പോഴും
മുറിവേറ്റ സുഹൃത്തിനെ ആശുപത്രിയില്‍ സന്ദര്‍ശിക്കുമ്പോഴും
അശരണര്‍ക്കാശ്വാസമേകുമ്പോഴും
സുഹൃത്തിന് കൈകൊടുക്കോമ്പോഴും
ആ കണ്ണാടിയില്‍ തന്നെ നോക്കുന്നു
ഇഷ്ടമൂര്‍ത്തിയെക്കണ്ടാത്മവിസ്മൃതി കൊള്ളുന്നു
കൈവണങ്ങുന്നു
കൊതിയടങ്ങാതെ കാല്‍ക്കല്‍ വീഴുന്നു
ഓം...
37
കള്ള വാര്‍ത്തകള്‍ കുറേയെണ്ണം എഴുതിയുണ്ടാക്കി അവ സമാഹരിച്ച് ഒരു ലഘുനോവലാക്കിയാലോ എന്ന് പത്ത് വര്‍ഷം മുമ്പ് ആലോചിച്ചിരുന്നു.ഏതാനും വാര്‍ത്തകള്‍ എഴുതിക്കഴിഞ്ഞപ്പോഴേക്കു തന്നെ ഭയങ്കരമായ മടുപ്പ് തോന്നി.ആ പണി തുടരേണ്ടെന്ന് തീരുമാനിക്കുകയും ചെയ്തു.അതേതായാലും നന്നായി എന്നേ ഇപ്പോഴും കരുതുന്നുള്ളൂ.
അന്നെഴുതി വെച്ച കള്ളവാര്‍ത്തകളിലൊന്ന് ചുവടെ ചേര്‍ക്കാം:
കൊലക്കത്തിയുമായി പിടിയില്‍
തീയൂര്‍;
തിങ്കളാഴ്ച വൈകുന്നേരം തീയൂരങ്ങാടിയിലെ കുഞ്ഞായന്‍ മുക്കില്‍ കൊലക്കത്തി കാട്ടി വഴിപോക്കരെ വെല്ലുവിളിച്ച് അരമണിക്കൂറോളം പരിഭ്രാന്തി പരത്തിയ എരമ്പന്‍ കിട്ടന്‍ എന്ന എ.കൃഷ്ണനെ(61)തീയൂര്‍ എസ്.ഐ സി.എസ്.ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ്സംഘം കീഴ്പ്പെടുത്തി.മുമ്പ് അങ്ങാടിയിലെയും കണ്ണൂര്‍നഗരത്തിലെയും പല കള്ളപ്പണക്കാരുടെയും വാടകഗുണ്ടയായി പ്രവര്‍ത്തിച്ചിരുന്നുവെന്ന് പറയപ്പെടുന്ന ഇയാള്‍ ഒരു കവര്‍ച്ചക്കേസ്സില്‍ ശിക്ഷിക്കപ്പെട്ട് മൂന്നുവര്‍ഷം ജയിലിലായിരുന്നു.ജയില്‍മോചിതനായതിന്റെ പിറ്റേന്നുതന്നെ മുന്‍വൈരാഗ്യം തീര്‍ക്കാനായി തന്റെ പഴയ സഹപ്രവര്‍ത്തകരിലൊരളാളെ ആക്രമിക്കാന്‍ ശ്രമിച്ച കിട്ടന് തുടയില്‍ കുത്തേറ്റു.തുടര്‍ന്ന് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തൊഴില്‍രഹിതനായിരുന്ന ഇദ്ദേഹം പല രാഷ്ട്രീയപ്പാര്‍ട്ടികളെയും സമീപിക്കുകയും പല നേതാക്കളുടെയും മുന്നില്‍ തന്റെ പാടവം രഹസ്യമായി പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നുവത്രെ.പക്ഷേ,യുവജനങ്ങള്‍ തന്നെ ധാരാളമായി ഈ തൊഴില്‍മേഖലയിലേക്ക് വന്നുകൊണ്ടിരിക്കുന്നതിനാല്‍ വാര്‍ധക്യത്തിലേക്ക് പ്രവേശിച്ച കിട്ടനെ സ്വീകരിക്കാന്‍ ഒരു പാര്‍ട്ടിയും തയ്യാറായില്ല.അങ്ങനെ സമനില തെറ്റിയ അവസ്ഥയിലാണ് കിട്ടന്‍ കൊലക്കത്തിയുമായി തെരുവിലിറങ്ങി പ്രദര്‍ശനത്തിനൊരുങ്ങിയത്.കണ്ണൂര്‍ സബ്ജയിലില്‍ റിമാന്റില്‍ കഴിയുന്ന എരമ്പന്‍ കിട്ടന് രണ്ട് ഭാര്യമാരിലായി അഞ്ച് കുട്ടികളുണ്ട്.
38
എഴുത്തില്‍ ഭാഷയുടെ നിരന്തരനവീകരണം സംഭവിച്ചുകൊണ്ടേയിരിക്കണം എന്ന് എഴുത്തിനെ ഗൌരവമായി സമീപിച്ചുകൊണ്ടിരിക്കുന്ന എല്ലാവരും പറയാറുണ്ട്.അത് സംഭവിക്കുന്നില്ല എന്നത് മലയാളത്തിലെ എഴുത്തിന്റെ വലിയൊരു പ്രശ്നമായി പലരും നിരീക്ഷിക്കാറുമുണ്ട്.ഏത് പുതിയ അനുഭവത്തെയും വളരെ വേഗം സാധാരണവും പഴഞ്ചനുമാക്കിക്കളയുന്ന ഒരു രസതന്ത്രം ഈ ഭാഷയ്ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ?നമ്മുടെ ജീവിതസങ്കല്പങ്ങളും ലോകവീക്ഷണവും നമുക്ക് ഊഹിക്കാവുന്നതിലേറെ യാഥാസ്ഥിതികമാണോ?എന്നിങ്ങനെയുള്ള സംശങ്ങളും പ്രകടിപ്പിച്ചുകണ്ടിട്ടുണ്ട്.ഇത്തരത്തിലുള്ള ആലോചനകളെല്ലാം ഇടക്കിടെ എന്റെ ഉള്ളിലും സംഭവിക്കാറുണ്ട്.എഴുത്തിനെ സംബന്ധിച്ചുള്ള എല്ലാ ആത്മസംശയങ്ങള്‍ക്കുമുള്ള പരിഹാരം എഴുത്ത് തന്നെയാണ്.പക്ഷേ,കഷ്ടം എത്രകാലം പണിപ്പെട്ടാലും അങ്ങനെ സ്വതന്ത്രമായി,ധീരമായി സമീപിക്കാവുന്ന ഒന്നല്ലല്ലോ ഈ പ്രവൃത്തി.
(പ്ളാവില മാസിക, ജൂണ്‍-ജൂലൈ-2011)

No comments:

Post a Comment