Pages

Sunday, July 10, 2011

അബുവിന്റെ ലോകം

'ആദാമിന്റെ മകന്‍ അബു' ഹൃദയസ്പര്‍ശിയായ ഒരു ചലച്ചിത്രമാണ്.സിനിമാനിരൂപണത്തിന്റെ പതിവ്ഭാഷയ്ക്ക് പഴഞ്ചനായി തോന്നാവുന്ന ഒന്നാണ് 'ഹൃദയസ്പര്‍ശി' എന്ന വിശേഷണം.പക്ഷേ,ഈ ചിത്രത്തെ കുറിച്ചുള്ള ഏതാലോചനയും ആ ഒരു ഗുണത്തെ അംഗീകരിച്ചും ആദരിച്ചും കൊണ്ടു മാത്രമേ ആരംഭിക്കാനാവൂ.സിനിമയുടെ മികവിന്റെ മാനദണ്ഡങ്ങളായി സാമ്പ്രദായിക ചലച്ചിത്ര പണ്ഡിതന്മാര്‍ പറഞ്ഞു പോരുന്ന കാര്യങ്ങളെ അവഗണിച്ചു തന്നെ വേണം 'ആദാമിന്റെ മകനെ' സമീപിക്കാന്‍.2010 ല്‍ ഏറ്റവും നല്ല ചിത്രം,ഏറ്റവും നല്ല നടന്‍,ഏറ്റവും നല്ല സിനിമാടാഗ്രോഫി,ഏറ്റവും നല്ല പശ്ചാത്തലസംഗീതം എന്നീ ഇനങ്ങളില്‍ ദേശീയതലത്തില്‍ അഗീകാരം നേടിയ 'ആദാമിന്റെ മകന്‍' ഒരു സംവിധായകന്റെ ആദ്യസിനിമയാണെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്.അത്രയും വ്യത്യസ്തവും ശക്തവുമാണ് ഈ ചിത്രം നല്‍കുന്ന ദൃശ്യാനുഭവം.
പുതിയ ലോകവ്യവസ്ഥയുടെ മുഖമുദ്രയായ കേവലവ്യാപാരപരതയാല്‍ ആക്രമിക്കപ്പെടുന്നതിനു മുമ്പുള്ള ഗ്രാമീണകേരളത്തിലെ ജനമനസ്സിന്റെ സ്പന്ദങ്ങള്‍ അതേ പടി നിലനിര്‍ത്തിക്കൊണ്ടാണ് ഈ ചിത്രത്തില്‍ പ്രകൃതിയുമായുള്ള മനുഷ്യബന്ധത്തിന്റെയും സാധാരണമനുഷ്യരുടെ ദൈനംദിനജീവിതവ്യവഹാരങ്ങളുടെയും ചിത്രീകരണം നിര്‍വഹിച്ചിരിക്കുന്നത്.അതിന്റെ ഭംഗിയും വിശുദ്ധിയും ഏറ്റുവാങ്ങാന്‍ വിദേശചിത്രങ്ങളുമായുള്ള പരിചയത്തില്‍ നിന്ന് രൂപപ്പെടുത്തിയ ചലച്ചിത്രധാരണകള്‍ മാത്രം പോരാ.പശുവും പ്ളാവും സഹജീവികളായ മനുഷ്യരുമെല്ലാമായുള്ള ബന്ധം ഏറ്റവും സംഘര്‍ഷരഹിതമായി നിലനിര്‍ത്തുന്ന വൃദ്ധദമ്പതിമാരാണ് ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങളായ അബൂക്കയും ഭാര്യ ഐശുവും.തങ്ങളുടെ വ്യക്തിത്വത്തിലെ സാരള്യമാണ് അവരെ അതിന് പ്രാപ്തരാക്കുന്നത്.നന്മ നിറഞ്ഞ ഈ മനുഷ്യജീവികള്‍ ആരുമായൊക്കെ ബന്ധപ്പെടുന്നോ അവരില്‍ മഹാഭൂരിപക്ഷവും അവരെപ്പോലെ തന്നെ നന്മയുറ്റവരായിത്തീരുന്നു.
സാമൂഹ്യജീവിതത്തിലെ ഒരുപാട് വൈരുദ്ധ്യങ്ങളെ വകഞ്ഞുമാറ്റിയാണ് സലീം അഹമ്മദ് തന്റെ കഥാപാത്രങ്ങള്‍ക്കു ചുറ്റും നന്മയുടെ ഒരു ലോകം പണിതിരിക്കുന്നത്.
അബൂക്കയുടെ മകനാണ് ചിത്രത്തില്‍ ദുഷ്ടകഥാപാത്രത്തിന്റെ സ്ഥാനത്തുള്ളത്.വൃദ്ധരായ ഉമ്മയെയും ബാപ്പയെയും ശ്രദ്ധിക്കാതെ അയാള്‍ ഗള്‍ഫില്‍ ഭാര്യയും മക്കളുമായി സസുഖം കഴിയുന്നു.ചിത്രത്തില്‍ അയാള്‍ക്ക് മുഖം കാണിക്കാനുള്ള ഒരവസരം പോലും തിരക്കഥാകാരന്‍ നല്‍കിയിട്ടില്ല.'ആദാമിന്റെ മകനി'ല്‍ തിന്മയുടെ നിഴല്‍വീണിരിക്കുന്ന മറ്റ് കഥാപാത്രങ്ങള്‍ ചായക്കടയിലിരുന്ന് നേരംകൊല്ലി വര്‍ത്താമാനം പറയുന്ന ഒന്നുരണ്ട് നിസ്സാരന്മാരാണ്.അബൂക്കയില്‍ നിന്ന് കൈക്കൂലി പറ്റുന്ന പോലീസുകാരനോ പോസ്റ്മാഷോ ഒന്നും ചീത്തമനുഷ്യരാണെന്ന തോന്നല്‍ തിരക്കഥാകൃത്തോ സംവിധായകനോ ഉണ്ടാക്കുന്നില്ല.
ഏറെക്കുറെ എല്ലാവരും നന്മയുടെ നിറകുടങ്ങളായിരിക്കുന്ന ലോകത്താണ് അബൂക്ക ജീവിക്കുന്നത്.ഹജ്ജ് കര്‍മം നിര്‍വഹിക്കുക എന്ന അയാളുടെ ഒരേയൊരു മോഹം നിറവേറ്റപ്പെടാതെ പോവുന്നത് ആരെങ്കിലും അയാളെ വഞ്ചിച്ചതുകൊണ്ടല്ല.ഹജ്ജിനുപോകാനുള്ള പണം സ്വരൂപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള മതപരമായ നിബന്ധനകള്‍ പാലിക്കുന്നതില്‍ അബൂക്ക പുലര്‍ത്തുന്ന നിഷ്ഠയും സത്യസന്ധതയുമാണ് ആ മോഹത്തിന്റെ സാക്ഷാത്ക്കാരത്തിന് തടസ്സം നില്‍ക്കുന്നത്.അതുകൊണ്ടു തന്നെ അബൂക്കക്ക് തന്റെ വിശ്വാസം നല്‍കുന്ന മന:സുഖം തുടര്‍ന്നും അനുഭവിക്കാം.താന്‍ ചെയ്തുപോയ തെറ്റായി അയാള്‍ക്ക് സങ്കല്പിക്കാനാവുന്ന ഒരേയൊരു കാര്യം പ്ളാവ് മുറിച്ചുവിറ്റതാണ്.കാര്യസാധ്യത്തിനു വേണ്ടി മറ്റൊരു ജീവനുമേല്‍ താന്‍ കൈവെച്ചു എന്ന കുറ്റബോധം പെരുന്നാള്‍ ദിവസം രാവിലെ തന്നെ ഒരു പ്ളാവിന്‍ തൈ നടുക എന്ന സല്‍ക്കര്‍മത്തില്‍ അയാളെ കൊണ്ടുചെന്നെത്തിക്കുന്നു.അങ്ങനെ പരാജയത്തിലും അബൂക്ക ദൈവസമക്ഷം വിജയിയും നീതിമാനും വിശ്വസ്തനുമായി തുടരുന്നു.
അബൂക്കയെ പോലെ പാവവും പരിശുദ്ധനുമായ ഒരു മനുഷ്യന്‍,അയാളെ സഹായിക്കാന്‍ സദാ സന്നദ്ധരായിരിക്കുന്ന നല്ലവരായ മറ്റ് മനുഷ്യര്‍ ഇവര്‍ മാത്രം അടങ്ങുന്നതല്ല അബൂക്ക ജീവിക്കുന്ന ലോകം എന്ന് സലീം അഹമ്മദിന് നന്നായി അറിയാം.ഉസ്താദിന്റെ മയ്യത്തുമായി ലോകത്തിന്റെ നെറുകയിലൂടെയെന്ന പോലെ ഓടുന്ന ആര്‍ത്തി പിടിച്ച ഒരു പറ്റം മനുഷ്യരുടെ ഉള്ളുലയ്ക്കുന്ന ദൃശ്യത്തിലൂടെ അദ്ദേഹം അത് വ്യക്തമാക്കിയിട്ടുണ്ട്.
ഇടവേളക്ക് ശേഷം ആ ഓട്ടത്തിന്റെ തുടര്‍ച്ചയായുള്ള സംഘര്‍ഷത്തിലും അതിന്റെ പരിണാമങ്ങളിലും ഊന്നാനുള്ള സ്വാതന്ത്യ്രം ഉപേക്ഷിച്ചതുകൊണ്ടും തന്റെ ജീവിതാഭിലാഷത്തിന്റെ സാക്ഷാത്കാരം എന്ന അബൂക്കയുടെ ഏകലക്ഷ്യത്തിന് പുറത്തേക്ക് മറ്റൊരു വഴിയിലൂടെയും കഥയെ സഞ്ചരിക്കാന്‍ അനുവദിക്കാതിരുന്നതുകൊണ്ടും സംവിധായകന് തന്റെ കഥാവസ്തുവിനുമേല്‍ പൂര്‍ണമായ നിയന്ത്രണവും കയ്യൊതുക്കവും കൈവന്നു.അബൂക്ക ജീവിക്കുന്ന ഗ്രാമത്തിലെ ഒരുപാട് യാഥാര്‍ത്ഥ്യങ്ങളെയും വൈരുദ്ധ്യങ്ങളെയും അതിനു വേണ്ടി അദ്ദേഹം മറച്ചുപിടിച്ചിരിക്കുന്നു എന്നത് സത്യമാണ്.തനിക്ക് പറയാനുള്ള കഥയ്ക്ക് അവയുടെയൊന്നും ആവിഷ്ക്കാരം ആവശ്യമില്ലെന്ന് അദ്ദേഹത്തിന് പറയാം.അത്തരമൊരു ന്യായീകരണത്തിന് എത്രത്തോളം സാധുതയുണ്ട് എന്നതിനെപ്പറ്റി തീര്‍ച്ചയായും വിപരീതാഭിപ്രായങ്ങളുണ്ടാവും.പക്ഷേ, മതവൈരം ബോധപൂര്‍വം വളര്‍ത്തിയെടുത്തു കൊണ്ടുവരപ്പെടുകയും മറ്റെല്ലാ മൂല്യങ്ങള്‍ക്കും മേല്‍ അധികാരവും സമ്പത്തും പ്രതിഷ്ഠിക്കപ്പെടുന്നതിനെ സര്‍വരാഷ്ട്രീയകക്ഷികളും പിന്‍തുണച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന സമകാലിക കേരളീയസാഹചര്യത്തില്‍ മതാതീതമായ മനുഷ്യസ്നേഹത്തിന്റെയും മറ്റ് മഹോന്നത മൂല്യങ്ങളുടെയും സാന്നിധ്യം വഴി ജീവിതത്തിന് കൈവരുന്ന യഥാര്‍ത്ഥമായ ഗരിമയും സൌന്ദര്യവും ചൂണ്ടിക്കാണിക്കുക എന്ന വലിയ ദൌത്യം നിര്‍വഹിക്കാന്‍ ആ തമസ്കരണങ്ങള്‍ തന്നെയാണ് ചിത്രത്തെ സഹായിച്ചത്.സ്വാനുഭവങ്ങളില്‍ നിന്നും അന്യജീവിതയാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും തന്റെ കലാസൃഷ്ടിക്ക് ആവശ്യമായതു മാത്രമേ ഒരു കലാകാരന്‍/കലാകാരി തിരഞ്ഞെടുക്കേണ്ടതുള്ളൂ.സലീം അഹമ്മദ് 'ആദാമിന്റെ മകനി'ല്‍ ആ തിരഞ്ഞെടുപ്പ് ഏറ്റവും ഭംഗിയായി നിര്‍വഹിച്ചിരിക്കുന്നു.കേരളത്തിലെ ഗ്രാണീണജീവിതത്തില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്നതും ചില ചരിത്രഘട്ടങ്ങളില്‍ ആഴത്തില്‍ മുറിവേല്‍പ്പിക്കപ്പെട്ടതുമായ ഹിന്ദുമുസ്ളീം മൈത്രിയുടെയും ഉയര്‍ന്ന മാനവികതാ ബോധത്തിന്റെയും സ്ഥാപനവല്‍ക്കരണത്തിന് വഴങ്ങാത്ത ആത്മീയതയുടെയും സ്വാച്ഛന്ദ്യത്തിലേക്കാണ് ഈ ചലച്ചിത്രം പ്രേക്ഷകരെ ഉണര്‍ത്തുന്നത്.കേരളത്തിന്റെ പൊതുമനസ്സ് കലാവിരുദ്ധമായ നാനാവ്യഗ്രതകളാല്‍ ശിഥിലമാവുകയും ഭാവുകത്വപരിണാമം വിപണിസൌഹൃദം പുലര്‍ത്തുന്ന താല്‍ക്കാലിതകളുടെ ആഘോഷത്തിന് തികച്ചും അനുകൂലമായി തീര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ 'ആദാമിന്റെ മകന്‍ അബു' നല്‍കുന്ന ആശ്വാസം വളരെ വലുതാണ്.വിശദാംശങ്ങളിലേക്ക് പ്രവേശിച്ച് വാദിക്കാനും എതിര്‍വാദമുയര്‍ത്താനും നമ്മെ അനുവദിക്കാത്ത ചില കലാസൃഷ്ടികളുണ്ട്.ഒരു ചരിത്രഘട്ടത്തില്‍ ഒരു ജനത ആന്തരികമായി അനുഭവിക്കുന്ന ഏറ്റവും വലിയ ഇല്ലായ്മയ്ക്കെതിരെ ആദര്‍ശാത്മകമായ മനുഷ്യബന്ധങ്ങളുടെ ലോകം വിഭാവനം ചെയ്തുയര്‍ത്തിക്കാട്ടിയാണ് അവ ആ ഒരു പദവിയില്‍ എത്തുന്നത്.സലീം അഹമ്മദിന്റെ കന്നിച്ചിത്രം അക്കൂട്ടത്തില്‍ പെടുന്ന ഒന്നാണ്.ഈ ജനുസ്സില്‍ പെടുന്ന ഒരു ചിത്രത്തിനു വേണ്ടി കേരളം കാത്തിരിക്കുകയായിരുന്നോ എന്ന് കാല്പനികാവേശത്തോടെ ചിന്തിച്ചുപോവാന്‍ മാത്രം മനോഹരമായിരിക്കുന്നു 'ആദാമിന്റെ മകന്‍.'
(ജനശക്തി 2011 ജൂലൈ 9-15)

1 comment:

 1. ആദാമിന്റെ മകൻ അബു തിയേറ്ററിൽ പോയി കാണാൻ കഴിഞ്ഞില്ല. ഇന്ന് ടിവിയിൽ കാണാൻ കഴിഞ്ഞു. സലീം കുമാറിനു മികച്ച നടൻ എന്ന അംഗീകാ‍രം കിട്ടിയതുകൊണ്ടു മാത്രമല്ല മറ്റു പലകാരണങ്ങളാലും മലയാളത്തിലെ എറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് അബു എന്ന് വിലയിരുത്താവുന്നതാണ്. വിശ്വാസത്തെ ഒരു മൂല്യവ്യവസ്ഥയായിട്ടാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത് ഒരു ആചാരമോ അനുഷ്ഠാനമോ ആയിട്ടല്ല. ചിത്രത്തിന്റെ ഒരു സന്ദേശം അതാണ്.  വിശ്വാസിയായ ദർദ്രനും ധനികനും തമ്മിൽ ഭൌതിക ജീവിതത്തിൽ മാത്രമല്ല ആത്മീയ ജീവിതത്തിലും വലിയ അസമത്വം നിലനിൽക്കുന്നു എന്നും ചിത്രം ധ്വനിപ്പിക്കുന്നുണ്ട്. ഭൌതിക ജീവിതനേട്ടങ്ങൾ മാത്രമല്ല അത്മീയ അഭിലാഷങ്ങളുടെ സാക്ഷാത്ക്കാരത്തിനും സാമ്പത്തികം ഒരു ഘടകം തന്നെയാണെന്ന് ചിത്രം വ്യക്തമാക്കുന്നു. അസമത്വവും ദാരിദ്ര്യവും അവസാനിപ്പിച്ച് ഭൂമിയിൽ സ്വർഗ്ഗം സൃഷ്ടിച്ചുകൊണ്ടുമാത്രമേ പരലോകത്തിലെ സ്വർഗ്ഗം കാംക്ഷിക്കുന്നവർക്ക് അത് കൈവരിക്കാൻ കഴിയൂ എന്നും വായിച്ചെടുക്കാവുന്നതാണ്.  ചിത്രത്തിന്റെ അവസാനം അബു ഭാര്യയോട് പറയുന്നു “ഒരു പക്ഷേ അല്ലാഹുവിനു നമ്മൾ മരം മുറിച്ചു വിറ്റത് ഇഷ്ടപ്പെട്ടുകാണില്ല. അതിനും ജീവനുണ്ടല്ലോ”. ദൈവഹിതം മനുഷ്യൻ പ്രകൃതിയുമായി ഇണങ്ങി ജീവിക്കാനാണ്. വിറ്റുപോയ പശുവിനേയും കുട്ടിയേയും തിരികെ വാങ്ങാൻ അവർ തീരുമാനിക്കുന്നുണ്ട്. ഒരു പ്ലാവിൻ തൈ നട്ടുകൊണ്ട്, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ജൈവബന്ധത്തെ സൂചിപ്പിച്ചുകൊണ്ട്, ശുഭാപ്തി വിശ്വാസവും പ്രതീക്ഷയും നൽകി ചിത്രം അവസാനിക്കുന്നു. ഈ രംഗം കണ്ടപ്പോൾ എനിക്ക് ബഷീറിന്റെ “ഭൂമിയുടെ അവകാശികൾ” ഓർമ്മവന്നു.

  അക്ബർടൂറുകാർക്ക് കൊടുത്ത ബ്രാൻ ഡ് ഇമേജ് ഒഴിവാക്കേണ്ടതായിരുന്നു. അതുപോലെ ഉസ്താദെന്ന കഥാപാത്രവും ഒരു അധിക പറ്റായി തോന്നി.
  ഡോ.ബി.ഇക്ബാൽ ekbalb@gmail.com

  ReplyDelete