Pages

Saturday, February 12, 2011

മലയാളത്തിന്റെ ഭാവി

‘ആഴങ്ങളും ഉയരങ്ങളും കണ്ട് പേടിക്കയല്ലാതെ അവയെ ആവിഷ്ക്കരിക്കാന്‍ ശേഷിയില്ലാത്ത നിരാലംബ'യായി നമ്മുടെ ഭാഷ അരണ്ടുനില്‍ക്കുന്നതും ചങ്കിന്നുള്ളില്‍ തങ്ങുന്ന ആ ദുരന്തത്തെ ദുര്‍ബലമായ പദങ്ങളില്‍ എങ്ങനെ പുറത്തെടുക്കുമെന്നോര്‍ത്ത് പാവമൊരു ഭാഷാസ്നേഹി ആധിപ്പെടുന്നതുമാണ് പി.പി.രാമചന്ദ്രന്റെ 'കേരളപ്പിറവിനാള്‍'എന്ന കവിതയുടെ വിഷയം.കിണറ്റില്‍ വീണ പൂച്ച തന്നെ രക്ഷിക്കാനെത്തുന്ന വള്ളിക്കൊട്ടയെപ്പോലും ഭയന്ന് കിണറ്റിനുള്ളിലെ പോടിന്നുള്ളില്‍ അള്ളിപ്പിടിച്ചു നില്‍ക്കുന്ന ചിത്രം ഭാഷയുടെ സമകാലികാവസ്ഥയ്ക്ക് സമാന്തരമായി കവിതയില്‍ ഉണ്ട്.മലയാളം ഉള്‍പ്പെടെ ലോകത്തിലെ ആയിരക്കണക്കായ ഭാഷകളുടെ മരണത്തെ കുറിച്ചുള്ള ആശങ്ക അന്തരീക്ഷത്തില്‍ ഘനീഭവിച്ചുനില്‍ക്കുന്ന കാലമാണിത്.അതുകൊണ്ടു തന്നെ രാമചന്ദന്റെ കവിത ഉന്നയിക്കുന്ന പ്രശ്നത്തിലേക്ക് വായനക്കാര്‍ വളരെ പെട്ടെന്ന് കണ്ണുതുറക്കും.മലയാളം നേരിടുന്ന പ്രതിസന്ധി 'കേരളപ്പിറവിനാളി'ല്‍ പറയുന്നതുപോലെ ആഴങ്ങളെയും ഉയരങ്ങളെയും ആവിഷ്ക്കരിക്കാന്‍ അത് ശേഷി നേടിയില്ല എന്നതാണോ?ആണെങ്കില്‍ അതിനുള്ള കാരണങ്ങളെന്തൊക്കെയാണ്?ഈ പ്രശ്നത്തെ വിജയകരമായി നേരിട്ട് നമ്മുടെ ഭാഷയ്ക്ക് മുന്നോട്ടുപോവാനാവുമോ? എന്നിങ്ങനെയുള്ള ചോദ്യങ്ങളെല്ലാം നമ്മുടെ സമകാലിക സാംസ്കാരികചര്‍ച്ചകളില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഇടം നേടിത്തുടങ്ങുന്നുണ്ട്.അവ പക്ഷേ ഹൈസ്കൂള്‍ തലത്തിലും പ്ളസ് ടു തലത്തിലും മലയാളം പഠിപ്പിക്കുന്നവരുടെ മാത്രം പ്രശ്നമാണെന്ന ധാരണയില്‍ നിന്ന് പൊതുസമൂഹം ഇനിയും പൂര്‍ണമായും പുറത്തു കടന്നിട്ടില്ല.
അനുഭവത്തിന്റെയും അറിവിന്റെയും ബാഹ്യതലങ്ങളില്‍ പ്രകടമാവാത്ത ആന്തരികലോകങ്ങളുടെ അനേകം സാധ്യതകളെയാണ് ആഴങ്ങള്‍ എന്നതുകൊണ്ട് നാം അര്‍ത്ഥമാക്കുന്നത്.ഉയരങ്ങള്‍ സാധാരണ ചിന്താവ്യവഹാരങ്ങള്‍ക്ക് സ്പര്‍ശിക്കാനാവാത്തതും നാളിതുവരെ അജ്ഞാതമായിരുന്നതുമായ തലങ്ങളും.മലയാളഭാഷയ്ക്ക് ഇവ രണ്ടും അന്യമാണെന്നതാണോ വാസ്തവം?ഇപ്പോഴത്തെ അവസ്ഥയില്‍ കുറേയൊക്കെ അങ്ങനെ തന്നെയാണെന്നതാണ് പൊതുവായ തോന്നല്‍ . ഈ തോന്നല്‍ ന്യായീകരണം സാധ്യമാവുന്ന ഒന്നാണോ എന്നു നിശ്ചയിക്കേണ്ടത് നമ്മുടെ ഭാഷയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന സര്‍ഗാത്മകരചനകളുടെയും പഠനലേഖനങ്ങളുടെയും ഇതരവിഭാഗങ്ങളില്‍ പെടുന്ന രചനകളുടെയും ഗുണനിലവാരം പരിശോധിച്ചുകൊണ്ടാണ്.അത്തരമൊരു പരിശോധനയ്ക്ക് ഏറ്റവും സ്വാഭാവികമായി നാം സ്വീകരിക്കാനിടയുള്ള മുഖ്യമാര്‍ഗം താരതമ്യത്തിന്റേതാണ്.പല ദശകങ്ങളായുള്ള ശീലം കൊണ്ട് താരതമ്യത്തിന്നായി നാം സ്വീകരിക്കുക ഇംഗ്ളീഷിലും ഇംഗ്ളീഷിലുടെ നമ്മില്‍ എത്തിച്ചേരുന്ന അന്യഭാഷകളിലും ഉള്ള സാഹിത്യകൃതികളെയും വൈജ്ഞാനിക രചനകളെയുമാണ്.സര്‍ഗാത്മകകൃതികളുടെ കാര്യത്തില്‍ താരതമ്യം ഒട്ടും തന്നെ എളുപ്പമല്ല.കുമാരനാശാനെ ഏതെങ്കിലും വൈദേശികകവിയോട് താരതമ്യം ചെയ്ത് ആശാന്‍ കവിതയുടെ പദവിയും ഗുണനിലവാരവും നിശ്ചയിക്കുക അസാധ്യവും അനാവശ്യവുമാണ്.വൈക്കം മുഹമ്മദ് ബഷീറിനെ നുട്ട് ഹാംസനോടോ മോപ്പസാങ്ങിനോടോ ഒക്കെ താരതമ്യം ചെയ്ത് തീര്‍പ്പ് കല്പിക്കുന്നതും അത്രയും തന്നെ വലിയ വിഡ്ഡിത്തമാണ്.എന്നാല്‍ ഇംഗ്ളീഷ്,ഫ്രഞ്ച്,സ്പാനിഷ് തുടങ്ങിയ ഭാഷകളില്‍ ഉണ്ടായ സാഹിത്യത്തെ മൊത്തത്തില്‍ നമ്മുടെ സാഹിത്യവുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു തോന്നലില്‍ നിന്ന് നമുക്ക് രക്ഷപ്പെടാനാവില്ല:നമ്മുടെ സാഹിത്യത്തിന് മനുഷ്യമനസ്സിന്റെ പല ആഴങ്ങളും ദര്‍ശനത്തിന്റെ പല ഉയരങ്ങളും അന്യമാണ്.ഇത് മലയാളത്തിന്റെ മാത്രം പ്രശ്നമല്ല. ഇരുപതാം നൂറ്റാണ്ടിലെ സ്പാനിഷ് സാഹിത്യത്തെ ഇരുപതാം നൂറ്റാണ്ടിലെ ഇംഗ്ളീഷ് സാഹിത്യവുമായി താരതമ്യപ്പെടുത്തിയാല്‍ ഇംഗ്ളീഷുകാര്‍ക്കും ഈ നോന്നലുണ്ടാവാം.ടോള്‍സ്റോയിയെയും ദസ്തയേവ്സ്കിയെയും ആദ്യമായി വായിക്കുമ്പോള്‍ ഫ്രഞ്ചുകാര്‍ക്കും ജപ്പാന്‍കാര്‍ക്കും സമാനമായ അനുഭവത്തെ അഭിമുഖീകരിക്കേണ്ടിവരും.ദേശവും ചരിത്രവും ഓരോ ജനതയെ ഓരോ കാലഘട്ടത്തില്‍ ഓരോതരം അനുഭവങ്ങളുടെ ആവിഷ്ക്കാരത്തിനാണ് പാകപ്പെടുത്തിയെടുക്കുന്നത്.ചില പ്രത്യേക ജീവിതമുഹൂര്‍ത്തങ്ങളുടെയും വൈകാരികാനുഭവങ്ങളുടെയും തീക്ഷ്ണാവിഷ്ക്കാരങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ മലയാളിയുടെ ഭാവന മിക്കവാറും സഞ്ചരിച്ചിട്ടുള്ളത് അനുഭവങ്ങളുടെ പരപ്പുകളിലൂടെയാണ്.അത്തരം സഞ്ചാരങ്ങള്‍ക്കുപോലും മലയാളികള്‍ക്കുള്ള കരുത്ത് ഇന്ത്യയില്‍ തന്നെയുള്ള മറ്റു ചില ജനവിഭാഗങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ താരതമ്യേന കുറവാണ്. മനുഷ്യാസ്തിത്വത്തെ ചൂഴ്ന്നുനില്‍ക്കുന്ന സത്താപരമായ വലിയ സംഘര്‍ഷങ്ങളുടെയും സങ്കടങ്ങളുടെയും ആവിഷ്ക്കാരങ്ങള്‍ക്ക് ഒരു കൈവിരലിലെണ്ണാവുന്ന എഴുത്തുകാരുടെ ഏതാനും കൃതികളില്‍ നിന്നു മാത്രമേ നമുക്ക് ഉദാഹരണങ്ങള്‍ കിട്ടൂ. വലിയ വാസ്തുശില്പമാതൃകകളെപ്പോലെ ബ്രഹത്തായ സാഹിത്യരചനകള്‍ നമുക്ക് അന്യമാണ്.ചെറിയ പണികള്‍ സൂക്ഷ്മമായും ഭംഗിയായും ചെയ്യുന്നതിലാണ് ഒരു ജനതയെന്ന നിലയില്‍ നമുക്ക് കൂടുതല്‍ മികവുള്ളതെന്ന് പറയാം.ഇതോടൊപ്പം മറ്റൊരു വസ്തുത കൂടി ഓര്‍മിക്കേണ്ടതുണ്ട്.മലയാളത്തിലെ മൌലികവൈജ്ഞാനിക രചനകളെയും സര്‍ഗാത്മകസാഹിത്യത്തെയും ഇംഗ്ളീഷ് പരിഭാഷയിലൂടെ മലയാളത്തില്‍ എത്തിച്ചേരുന്ന കൃതികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഉണ്ടാവുന്ന മലയാളിയുടെ അമ്പരപ്പിന് പൊതുവേ കരുതിപ്പോരുന്ന അത്രയും വലിയ അടിസ്ഥാനമൊന്നുമില്ല. ആ കൃതികള്‍ അനേകം ഭാഷകളില്‍ വ്യത്യസ്തകാലങ്ങളിലായി ഉണ്ടായതാണെന്ന വാസ്തവം മറന്നാണ് നാം നമ്മുടെ നിലവാരക്കുറവിനെ കുറിച്ച് ദു:ഖിക്കുന്നത്. കുറേക്കൂടി സമചിത്തതയും യുക്തിബോധവും ചരിത്രബോധവും ആര്‍ജിക്കുക തന്നെയാണ് അതില്‍ നിന്ന് രക്ഷപ്പെടാനുള്ള ശരിയായ വഴി.
വൈജ്ഞാനിക സാഹിത്യത്തിന്റെ ഭാഷ
സര്‍ഗാത്മകസാഹിത്യത്തിന്റെ കാര്യം എന്തായാലും വൈജ്ഞാനികസാഹിത്യത്തിന്റെ കാര്യത്തില്‍ മലയാളത്തിന്റെ നില യഥാര്‍ത്ഥമായിത്തന്നെ വളരെ പരുങ്ങലിലാണ് എന്ന് പൊതുവേ ഒരു ധാരണയുണ്ട്.ശാസ്ത്രസാങ്കേതികവിഷയങ്ങള്‍ കൈകാര്യം ചെയ്യാനാവാശ്യമായ പദസഞ്ചയം ഭാഷക്കില്ല,ഈ വിഷയങ്ങള്‍ മലയാളം മാധ്യമത്തില്‍ പഠിക്കുന്നവര്‍ക്ക് അതാത് വിഷയങ്ങളിലെ വളര്‍ച്ചകളെ കുറിച്ച് അപ്പപ്പോള്‍ കൃത്യമായ ധാരണകള്‍ സ്വരൂപിക്കാനാവില്ല,അന്യദേകക്കാരുമായി ആശയ വിനിമയം സാധ്യമാവില്ല,വിദേശരാജ്യങ്ങളില്‍ ഉപരിപഠനത്തിന് പോവാനാവില്ല, വിദേശങ്ങളിലെ തൊഴില്‍മേഖലകളില്‍ എത്തിപ്പെടാനാവില്ല എന്നിങ്ങനെ ഒട്ടുവളരെ ആശങ്കകള്‍ ഇത് സംബന്ധിച്ച് നിലവിലുണ്ട്.വിശദമായ പരിശോധനയും കൃത്യമായ പരിഹാരനിര്‍ദ്ദേശങ്ങളും ആവശ്യപ്പെടുന്ന പ്രശ്നങ്ങള്‍ തന്നെയാണ് അവ.ആ വഴിക്കുള്ള ധാരാളം ശ്രമങ്ങള്‍ ഇതിനകം ഉണ്ടായിക്കഴിഞ്ഞിട്ടുമുണ്ട്.
മലയാളത്തിന്റെ പദസമ്പത്തിന് വലിയ വളര്‍ച്ചയും വാക്യസംരചനയുടെ തലത്തില്‍ ആവശ്യമായ വൈവിധ്യപൂര്‍ണതയും സാധ്യമാവണമെങ്കില്‍ ശാസ്ത്ര സാങ്കേതിക വിഷയങ്ങളില്‍ മൌലികരചനകള്‍ ധാരാളമായി ഉണ്ടാവുകയും അവയ്ക്ക് വിപുലമായ പൊതുജനസമ്മതി കൈവരികയും വേണം.പദങ്ങളുടെ കാര്യത്തില്‍ ഈ രംഗത്ത് പറയത്തക്ക ദാരിദ്യമൊന്നും നമ്മുടെ ഭാഷയ്ക്കില്ല.ചെറിയ അളവില്‍ ഉണ്ടെങ്കില്‍ അത് എളുപ്പത്തില്‍ പരിഹരിക്കാന്‍ നമ്മെ സഹായിക്കുന്ന തരത്തിലുള്ള ധാരാളം മാതൃകകള്‍ നേരത്തേ നിര്‍മിക്കപ്പെട്ടുകഴിഞ്ഞിട്ടുമുണ്ട്.യഥാര്‍ത്ഥ പ്രശ്നം ഈ വിഷയങ്ങളെക്കുറിച്ച് ജനകീയാവബോധം വളര്‍ത്തുന്നതിന് സഹായകമാവുന്ന ലേഖനങ്ങളും പുസ്തകങ്ങളും ആകര്‍ഷകമായ രൂപഭാവങ്ങളോടെ നിര്‍മിക്കപ്പെടുന്നില്ല എന്നതാണ്. ശാസ്ത്രസാങ്കേതിക വിഷയങ്ങളെ യാന്ത്രികമായും വൈദേശിക ആഖ്യാനശൈലി പിന്‍പറ്റിക്കൊണ്ടും മലയാളത്തിലേക്ക് കൊണ്ടുവരുന്നതിനു പകരം നമുക്ക് നമ്മുടേതായ ഒരു ശൈലി രൂപപ്പെടുത്തിയെടുക്കാന്‍ കഴിയണം.ഇന്ദുചൂഡന്റെ 'കേരളത്തിലെ പക്ഷികള്‍',ഇ.ഉണ്ണികൃഷ്ണന്റെ 'ഉത്തരകേരളത്തിലെ വിശുദ്ധവനങ്ങള്‍',ബി.സി.ബാലകൃഷ്ണന്റെ 'കേരളത്തിലെ ഔഷധസസ്യങ്ങള്‍' എന്നിങ്ങനെയുള്ള കൃതികളില്‍ കാണുന്നതു പോലുള്ള ലാളിത്യം ഭൌതികശാസ്ത്രവിഷയങ്ങളുടെ കാര്യത്തില്‍ സാധ്യമാവില്ല.സാധാരണജനങ്ങള്‍ക്ക് അത്തരം വിഷയങ്ങളില്‍ ഒരു പരിധിക്കപ്പുറം തല്പര്യമുണ്ടാവാനും വഴിയില്ല.എങ്കിലും ഉന്നതവിദ്യാഭ്യാസത്തിന്റെ ഏതറ്റം വരെയും പോകാന്‍ പാകത്തില്‍ ഈ വിഷയങ്ങളില്‍ പുസ്തകങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കേണ്ടത് ഭാഷയുടെ പൊതുവായ ആവശ്യമാണ്.
ഈ രംഗത്ത് ഭാഷാ ഇന്‍സ്റിറ്റ്യൂട്ട് എന്‍.വി.കൃഷ്ണവാരിയരുടെ കാലത്ത് വളരെ ഊര്‍ജ്ജ്യസ്വലമായും പിന്നീടിങ്ങോട്ട് മിക്കവാറും ചട്ടപ്പടിയായിട്ടാണെങ്കിലും കുറേയേറെ കാര്യങ്ങള്‍ ചെയ്തു പോന്നിട്ടുണ്ട്.അതിന്റെ സദ്ഫലങ്ങള്‍ മലയാളം അനുഭവിച്ചുപോരുകയും ചെയ്യുന്നുണ്ട്.എങ്കി ലും ഇന്‍സ്റിറ്റ്യൂട്ട് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍സ്ഥാപനങ്ങള്‍ വഴി നടക്കുന്ന പുസ്തകപ്രസാധനത്തിന് കാര്യമായ പല പരിമിതികളും ഇപ്പോഴുമുണ്ട്.ഒന്നാമത്തെ കാര്യം അവ ബഹുജനങ്ങളുടെ വായനാനുഭവത്തിന്റെ ഭാഗമായിത്തീരുന്നില്ല എന്നതാണ്.വിദ്യാര്‍ത്ഥികളെയും ഗവേഷകരെയും ഓരോ വിഷയത്തിലെയും വിദഗ്ധരെയുമാണ് ഈ സ്ഥാപനങ്ങളുടെ പുസ്തകങ്ങള്‍ പ്രാഥമികമായും അഭിസംബോധന ചെയ്യുന്നത്.അത് അങ്ങനെയാവുക തന്നെയാണ് ശരി.സാധാരണവായനക്കാരെ ഉദ്ദേശിച്ച് ജനപ്രിയശൈലിയിലുള്ള പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിച്ചുള്ള സ്ഥാപനങ്ങളല്ല അവ.എങ്കിലും ശാസ്ത്രത്തിലും ശാസ്ത്രേതരവിഷയങ്ങളിലും ഉണ്ടാവുന്ന പുത്തന്‍ വളര്‍ച്ചകള്‍ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നതിനുള്ള പദ്ധതികള്‍ കൂടി ഇന്നത്തെ സാഹചര്യത്തില്‍ ഈ സ്ഥാപനങ്ങള്‍ ഏറ്റെടുക്കേണ്ടതാണ്.പുതിയ അറിവുകളെ നമ്മുടെ പൊതുബോധത്തിന്റെ ഭാഗമാക്കിത്തീര്‍ക്കുന്നതിനും ഭാഷയുടെ നിത്യവ്യവഹാരത്തിലേക്ക് ധാരാളം പുതിയ പദങ്ങള്‍ കൊണ്ടുവരുന്നതിനും അത് അത്യാവശ്യമാണ്.പോപ്പുലര്‍ സയന്‍സ് വിഭാഗത്തില്‍ പെട്ട പുസ്തകങ്ങള്‍ ചില സര്‍ക്കാര്‍ ഇതര ഏജന്‍സികള്‍ ഇപ്പോള്‍ തന്നെ പ്രസിദ്ധീകരിച്ചുവരുന്നുണ്ട്.സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ പരീ ക്ഷാവശ്യങ്ങള്‍ക്കു വേണ്ടി ഉണ്ടാക്കിയെടുക്കുന്നതും ബൌദ്ധികമായും ഭാവനയുടെ തലത്തിലും വളരെ താഴ്ന്ന നിലവാരം പുലര്‍ത്തുന്നതുമായ അത്തരം പുസ്തകങ്ങള്‍ നമ്മുടെ ഭാഷയുടെ ആന്തരികശേഷിയെ അല്പം പോലും വളര്‍ത്തുകയില്ല.മലയാളത്തെ പറ്റി മതിപ്പ് വളര്‍ത്താനല്ല വില കുറഞ്ഞ ഇംഗ്ളീഷ് പുസ്തകങ്ങളില്‍ നിന്ന് കോപ്പിയടിച്ച് വെക്കാന്‍ മാത്രം പറ്റുന്ന ഒരു ഭാഷയാണ് നമ്മുടേത് എന്ന പ്രതീതിയുണ്ടാക്കാനേ ആ പുസ്തകങ്ങള്‍ സഹായിക്കുകയുള്ളൂ.ഈ അവസ്ഥ മാറ്റിയെടുക്കുന്നതിന് സഹായകമാവുന്ന നടപടികള്‍ സാംസ്കാരിക വകുപ്പിനു കീഴിലുള്ള എല്ലാ സ്ഥാപനങ്ങളുടെയും പ്രസിദ്ധീകരണവിഭാഗങ്ങളില്‍ നിന്ന് ഉണ്ടാവേണ്ടതുണ്ട്.ചരിത്രം മുതല്‍ വൈദ്യശാസ്ത്രത്തിന്റെ വിവിധശാഖകള്‍ വരെയുള്ളവയില്‍ പഠനതാല്പര്യമുള്ള എല്ലാ വായനക്കാര്‍ക്കും സാമാന്യത്തില്‍ കവിഞ്ഞുള്ളതും ആധികാരികവുമായ അറിവ് നല്‍കാന്‍ പര്യാപ്തമാവുന്ന പുസ്തകങ്ങള്‍ മലയാളത്തില്‍ ധാരാളമായി ഉണ്ടാവണം.
മലയാളം സര്‍വകലാശാല
മലയാള ഭാഷയ്ക്ക് ശ്രേഷ്ഠഭാഷാ പദവി കൈവരുന്നതും മലയാളത്തിന് സ്വന്തമായി ഒരു സര്‍വകലാശാല ഉണ്ടാവുന്നതുമെല്ലാം ഭാഷയുടെ സംരക്ഷണത്തിനും പരിപോഷണത്തിനും ആവശ്യമായ ധനം സര്‍ക്കാറില്‍ നിന്ന് ലഭ്യമാക്കുന്നതിന് സഹായകമാവും.കുറേപേര്‍ക്ക് ചെറുതും വലുതുമായ തൊഴിലുകള്‍ ലഭിക്കുകയും ചെയ്യും.അത്രത്തോളം അത് നല്ലതുതന്നെ.പക്ഷേ, ഭാഷ നേരിടുന്ന വെല്ലുവിളികളുടെ സമസ്തതലങ്ങളെയും കുറിച്ചുള്ള അഗാധമായ അന്വേഷണങ്ങളിലൂടെയും അത്തരം അന്വേഷണങ്ങളിലൂടെ കണ്ടെത്തുന്ന പ്രശ്നങ്ങളുടെ പരിഹാരത്തിനായുള്ള പരിശ്രമങ്ങളിലൂടെയും തന്നെയേ ഭാഷയെ രക്ഷിക്കാനാവൂ.
കേവലമായ അക്കാദമിക് പാണ്ഡിത്യത്തിന് കൈവരുന്ന മേധാവിത്വം ഭാഷയെ പ്രതികൂലമായി മാത്രമേ ബാധിക്കുകയുള്ളൂ.മലയാളത്തിന് ഒരു സര്‍വകലാശാല ഉണ്ടാക്കുമ്പോള്‍ ബന്ധപ്പെട്ടവര്‍ പ്രത്യേകം ഓര്‍മിക്കേണ്ട കാര്യമാണിത്.നിലവിലുള്ള സര്‍വകലാശാലകളില്‍ പഠനഗവേഷണങ്ങളെ നിര്‍വീര്യമാക്കുന്ന പ്രധാനഘടകങ്ങള്‍ ഉദ്യോഗസ്ഥമേധാവിത്വവും രാഷ്ട്രീയകക്ഷികള്‍ക്ക് അക്കാദമിക് ഭരണനിര്‍വഹണത്തില്‍ കൈവരുന്ന മേധാവിത്വവും പൊതുവേ ഉന്നതവിദ്യാഭ്യാസ മേഖലയെ ബാധിച്ചുകഴിഞ്ഞിട്ടുള്ള കടുത്ത താല്പര്യരാഹിത്യവും ഇവയെല്ലാം ചേര്‍ന്ന് രൂപപ്പെടുന്ന തികച്ചും സര്‍ഗാത്മകതാവിരുദ്ധമായ അന്തരീക്ഷവുമാണ്.പുതിയ ജ്ഞാനത്തിന്റെ ഉല്പാദനം നമ്മുടെ സര്‍വകലാശാലകളില്‍ നടക്കുന്നതേയില്ല എന്നു പറയാനാവില്ല.ഉല്പാദിപ്പിക്കപ്പെടുന്ന ജ്ഞാനത്തെ ആവരണം ചെയ്യുന്ന ദര്‍ശനരാഹിത്യം,ജ്ഞാനത്തിന്റെ ജനകീയമായ വിതരണത്തില്‍ പുലര്‍ത്തുന്ന താല്പര്യരാഹിത്യം,ജ്ഞാനോല്പാദനത്തെ നേരിട്ട് പണവും സ്ഥാനമാനങ്ങളുമായി ബന്ധിപ്പിക്കാനുള്ള ആര്‍ത്തി എന്നിങ്ങനെ പ്രശ്നങ്ങള്‍ പലതാണ്.നരവംശശാസ്ത്രത്തിന്റെ ഏതെങ്കിലുമൊരു ശാഖയില്‍ പഠനം നടത്തുന്ന ഒരാള്‍ ആ മേഖലയുമായി ബന്ധപ്പെട്ട തന്റെ പഠനം തുടര്‍ന്നുകൊണ്ടു പോവാന്‍ സഹായകമാവുന്ന ഒരു ജോലിയില്‍ എത്തിച്ചേരണമെന്ന് ആഗ്രഹിക്കുന്നത് തികച്ചും സ്വാഭാവികവും ന്യായവുമാണ്.പക്ഷേ,അയാളുടെ പഠനം മറ്റേതെങ്കിലും സൌകര്യങ്ങളെയോ അധികാരങ്ങളെയോ ലക്ഷ്യമാക്കിത്തുടങ്ങുന്ന നിമിഷം മുതല്‍ അത് ജ്ഞാനവിരുദ്ധം മാത്രമല്ല ജനവിരുദ്ധവും ആയിത്തുടങ്ങും.കാര്യങ്ങള്‍ ഈ തരത്തില്‍ മാറുന്നത് സ്വാഭാവികത എന്ന പോലെ പരിഗണിക്കപ്പെടുന്ന അവസ്ഥ രാജ്യത്തെ ഏതാണ്ട് എല്ലാ യൂനിവേഴ്സിറ്റികളിലും രൂപപ്പെട്ടുകഴിഞ്ഞിട്ടുണ്ട്.പണവും അധികാരവും അറിവിനുമേല്‍ പ്രതിഷ്ഠിതമാവും വിധത്തില്‍ അറിവിന്റെ ലക്ഷ്യത്തെ കുറിച്ചുള്ള പരികല്പനയില്‍ ആരംഭകാലം മുതല്‍ക്കേ സര്‍വകലാശാലകള്‍ പുലര്‍ ത്തിപ്പോന്ന തെറ്റിദ്ധാരണയില്‍ നിന്നാണ് കാര്യങ്ങള്‍ ഈ തരത്തില്‍ ആയിത്തീര്‍ന്നത്.പുതിയ സാഹചര്യത്തിലാണെങ്കില്‍ ബഹുരാഷ്ട്രമുതലാളിത്തത്തിന്റെ വ്യാപാരയുക്തിയും ദൈനംദിനാവശ്യങ്ങളുമാണ് വിദ്യാഭ്യാസരംഗത്തെ മൂല്യസങ്കല്പങ്ങളെ മുഴുവന്‍ രൂപപ്പെടുത്തുന്നത്.എം.ബി.എ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട കോഴ്സായിത്തീരുന്നത് ഈയൊരു പശ്ചാത്തലത്തിലാണ്.'ജ്ഞാനത്തെ സര്‍ഗാത്മകതയുമായി കണ്ണിചേര്‍ക്കാതിരിക്കുക,സര്‍ഗാത്മകതയെ വ്യാപാരയുക്തിയുമായി കണ്ണിചേര്‍ക്കുക' എന്ന വിധ്വംസകയുക്തിയാണ് ഉന്നതവിദ്യാഭ്യാസരംഗത്തെ നയരൂപീകരണത്തെ നയിക്കുന്നത്.ഈ സമീപനം മലയാളം സര്‍വകലാശാലയെയും ബാധിക്കാം.ഘടനാപരമായിത്തന്നെയുള്ള വ്യത്യാസങ്ങള്‍ ആരംഭഘട്ടത്തിലേ നടപ്പാക്കുന്നില്ലെങ്കില്‍ കേവലമായ വ്യാപാരബുദ്ധിയോടും ആത്മാനുരാഗവ്യഗ്രതയോടും ജനവിരുദ്ധ മനോഭാവത്തോടും കൂടി ഭരണം കയ്യാളുന്ന വൈസ്ചാന്‍സലര്‍,കണ്‍ട്രോളര്‍,രജിസ്റ്രാര്‍,ഉദ്യേഗസ്ഥ വൃന്ദം ഇവരൊക്കെ മലയാളം സര്‍വകലാകാലക്കും ഉണ്ടാകാം.സര്‍വകലാശാലയിലെ പഠനം പതിവ് രീതിയിലുള്ള ഡിഗ്രികളുടെ ഉല്പാദനത്തില്‍ കലാശിക്കുകയും ചെയ്യാം. ഒരു ജനതയെന്ന നിലയില്‍ മലയാളിസമൂഹം രൂപപ്പെട്ടു വന്നതിന്റെ നാനാതലങ്ങളും വര്‍ത്തമാനകാലമലയാളി സമൂഹം ആവിഷ്ക്കാരത്തിന്റെ വിവിധമേഖലകളിലും മറ്റ് വ്യവഹാരങ്ങളിലും അനുഭവിക്കുന്ന പ്രശ്നങ്ങളും അവരുടെ ഭാവിസാധ്യതകളും തികച്ചും സര്‍ഗാത്മകമായി പഠിക്കാന്‍ സഹായകമാവുന്ന പാഠ്യപദ്ധതിയും പഠനരീതിയും മലയാളം സര്‍വകലാശാലയിലെ മലയാളം ഐച്ഛികത്തിനെങ്കിലും അടിസ്ഥാനവിഷയമായി ഉണ്ടാവണം.മലയാളികള്‍ സഹസ്രാബ്ദങ്ങളിലൂടെ വളര്‍ത്തിക്കൊണ്ടു വന്ന കലാരൂപങ്ങള്‍,അവരുടെ ജീവിതത്തെ രൂപപ്പെടുത്തിയ ദര്‍ശനങ്ങള്‍,അവരുടെ ഭൌതികവും ആത്മീയവുമായ പുരോഗതിയെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയവും രാഷ്ട്രീയേതരവുമായ ഇടപെടലുകള്‍ ഇവയെക്കുറിച്ചെല്ലാമുള്ള അറിവിന്റെ ഉല്പാദകരും വിതരണക്കാരമായി മാറാന്‍ അവിടത്തെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കഴിയണം. ബിരുദവും ബിരുദാനന്തരബിരുദവുമൊക്കെ നേടി പുറത്തിറങ്ങുന്നവര്‍ക്ക് കേരളത്തിനകത്തു തന്നെ തൊഴില്‍ ഉറപ്പാക്കാന്‍ പറ്റുന്ന വിധത്തില്‍ പ്രവേശനം പരമാവധി പരമിതപ്പെടുത്തി വൈദ്യശാസ്ത്രം ഉള്‍പ്പെടെയുള്ള മറ്റു വിഷയങ്ങളും ഈ സര്‍വകലാശാലയില്‍ മലയാളം മാധ്യമത്തില്‍ പഠിപ്പിക്കണം.വിദ്യാര്‍ത്ഥികള്‍ക്ക് സാമൂഹ്യബോധവും ചരിത്രബോധവും ഉറപ്പാക്കും വിധത്തില്‍ സാഹിത്യത്തിന്റെയും മാനവിക വിഷയങ്ങളുടെയും പഠനവും അത്തരം കോഴ്സിന്റെ ഭാഗമാക്കിത്തീര്‍ക്കാന്‍ മലയാളം സര്‍വകലാകാലക്ക് കഴിയണം.രാജ്യത്തെ വിദ്യാഭ്യാസമേഖയിലും രാഷ്ട്രീയത്തിലും പൊതുജീവിതത്തില്‍ ആകെത്തന്നെയും കേവലമായ വ്യാപാരയുക്തിയും ലാഭക്കൊതിയും ഭരണം നടത്തിക്കൊണ്ടിരിക്കുന്ന കാലമാണിത്.ഇതില്‍ നിന്ന് സ്വന്തം വിദ്യാര്‍ത്ഥി സമൂഹത്തെയെങ്കിലും മോചിപ്പിക്കാന്‍ കഴിയുന്ന പാഠ്യപദ്ധതിയും ഭരണസംവിധാനവും വിഭാവനം ചെയ്തുകൊണ്ടു മാത്രമേ മലയാളം സര്‍വകലാശാല എന്ന ആശയത്തെ പ്രവൃത്തിപഥത്തിലെത്തിക്കാവൂ.അല്ലെങ്കില്‍ നിലവില്‍ മറ്റ് സര്‍വകലാകാലകള്‍ നേരിട്ടുകൊണ്ടിരിക്കുന്നതും അപരിഹാര്യം എന്ന് അധികൃതരും അധ്യാപകരും വിദ്യാര്‍ത്ഥികളും ജീവനക്കാരമെല്ലാം വിധിയെഴുതുന്നതുമായ കൊടിയ പ്രശ്നങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടുന്ന മറ്റൊരു സ്ഥാപനം മാത്രമായിരിക്കും ഉണ്ടാവാന്‍ പോവുന്നത്.
ചില വസ്തുതകള്‍
നിത്യജീവിതവ്യവഹാരങ്ങളുടെ മണ്ഡലത്തിലും ഭരണരംഗത്തും മലയാളത്തിന്റെ നില ഇടക്കാലത്തേതിനേക്കാള്‍ വളരെ മെച്ചപ്പെട്ട അവസ്ഥയിലാണ് ഇന്ന്.പൊങ്ങച്ചത്തിന്റെ ഭാഗമായി ഇംഗ്ളീഷ് സംസാരിക്കുന്ന രീതി കേരളത്തിനകത്ത് പൊതുവേ ഇല്ലാതായിട്ടുണ്ട്.70 വകുപ്പുകളില്‍ ഭരണഭാഷ മലയാളമാക്കിയതോടെ സര്‍ക്കാറാപ്പീസുകളിലും ഇംഗ്ളീഷിന്റെ വിനിയോഗം വളരെയറെ കുറഞ്ഞിട്ടുണ്ട്.അതിന്റെയെല്ലാം ഗുണഫലങ്ങള്‍ സാധാരണജനങ്ങള്‍ അനുഭവിക്കുന്നുമുണ്ട്.എന്നിട്ടും നാം നമ്മുടെ ഭാഷയെപ്പററി ആശങ്കപ്പെടുന്നത് അതിന്റെ അതിജീവനശേഷിയില്‍ നമുക്ക് വേണ്ടത്ര വിശ്വാസമില്ലാത്തതുകൊണ്ടാണ്.ഈ വിശ്വാസക്കേടിന്റെ ആദ്യത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ കാരണം നമ്മുടെ കുട്ടികള്‍ ഇനി ലോകത്തിന്റെ പല കോണുകളിലായി ജീവിക്കേണ്ടവരാണെന്നും അവിടെയെല്ലാം അത്യാവശ്യമായി വരുന്ന ഭാഷ ഇംഗ്ളീഷാണ് എന്നുമുള്ള രക്ഷിതാക്കളുടെ ധാരണയാണ്.ഇത് വാസ്തവത്തില്‍ നന്നേ ചെറിയ അളവില്‍ മാത്രം ശരിയാവുന്ന ഒരു ധാരണയാണ്.നമ്മുടെ കുട്ടികള്‍ എല്ലാവരും തന്നെ ഇനി വിദേശങ്ങളിലാണ് ജോലി തേടേണ്ടത് എന്നു കരുതുന്നതില്‍ യാതൊരര്‍ത്ഥവുമില്ല . മൂന്നരക്കോടിയിലധികം വരുന്ന മലയാളികളില്‍ മൂന്നു കോടിയിലധികവും ഇവിടെത്തന്നെയാണ് ജീവിക്കുന്നത്.മൊത്തം മലയാളികളില്‍ ജോലി ചെയ്യാന്‍ ശേഷിയുള്ളവരില്‍ തൊണ്ണൂറുശതമാനവും ഇവിടെത്തന്നെയാണ് ജോലിചെയ്യുന്നത്.തങ്ങളുടെ ജോലിയുടെ ഭാഗമായി അവരില്‍ വളരെ ചെറിയ ഒരു ശതമാനത്തിനു മാത്രമേ,അതും വളരെ കുറഞ്ഞ അളവില്‍ മാത്രമേ ഇംഗ്ളീഷ് ആവശ്യമായി വരുന്നുള്ളൂ.ഭാവിയിലും ഈ സ്ഥിതിക്ക് കാര്യമായ മാറ്റമുണ്ടാവാന്‍ യാതൊരു സാധ്യതയുമില്ല.മലയാളത്തിന് അനുകൂലമായി സര്‍ക്കാര്‍ ഭാഗത്തുനിന്ന് ന്യായമായും സ്വീകരിക്കേണ്ടുന്ന നടപടികള്‍ ഇനിയും സ്വീകരിക്കുകയാണെങ്കില്‍ സ്ഥിതി കുറേക്കൂടി മെച്ചപ്പെടും. ഇനി ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ തൊഴില്‍ തേടിപ്പോവുന്നവരുടെ കാര്യം.അവരില്‍ പലര്‍ക്കും പല സന്ദര്‍ഭങ്ങിലും ഇംഗ്ളീഷിന്റെ ആവശ്യം വരുന്നുണ്ടാവാം.എങ്കിലും അവരിലും വലിയൊരു ശതമാനവും തൊഴിലിടങ്ങളില്‍ ഇംഗ്ളീഷ് ആവശ്യമില്ലാത്ത രാജ്യങ്ങളിലാണ് ജോലി ചെയ്യുന്നത്.ഈ സാഹചര്യത്തിനും സാരമായ ഒരു മാറ്റം സമീപഭാവിയിലെങ്ങും സംഭവിക്കാനിടയില്ല.കാരണം ഇംഗ്ളീഷിനെതിരെ പ്രതിരോധം തന്നെ സൃഷ്ടിച്ച് താന്താങ്ങളുടെ ദേശീയഭാഷയെ സംരക്ഷിക്കുന്നതിലും വളര്‍ത്തുന്നതിലും ഇംഗ്ളീഷുകാരുടെ പഴയ കോളനിരാജ്യങ്ങളൊഴിച്ചുള്ള രാജ്യങ്ങളിലെയെല്ലാം ഭരണകൂടങ്ങള്‍ തീര്‍ത്തും ജാഗരൂകമാണ്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും വിദേശത്തും രാജ്യത്തിനകത്തു തന്നെയുമുള്ള മഹാനഗരങ്ങളിലും തൊഴില്‍ തേടി പോകുന്നവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കയാണെന്നും അവര്‍ക്ക് ഇംഗ്ളീഷ് നന്നായി കൈകാര്യം ചെയ്യുന്നതിനുള്ള ശേഷി പല ഘട്ടങ്ങളിലും ഒരു അനുകൂല ഘടകമായി തീരുന്നുണ്ട് എന്നും ഉള്ള വസ്തുത മറച്ചുവെക്കാവുന്നതല്ല.ഇത് കേരളത്തിലെ രക്ഷിതാക്കളില്‍ ഒരു വിഭാഗത്തിന് വലിയ ഉല്‍ക്കണ്ഠയുണ്ടാക്കുന്നുണ്ട് എന്നതും വാസ്തവമാണ്.ഇക്കാര്യത്തില്‍ പക്ഷേ മലയാളം അധ്യാപകര്‍ക്കോ മലയാളത്തിലെ എഴുത്തുകാര്‍ക്കോ മലയാളത്തിനു വേണ്ടി വാദിക്കുന്നവര്‍ക്കോ വിശേഷിച്ചൊന്നും ചെയ്യാന്‍ സാധ്യമല്ല.മലയാളം മാധ്യമമായുള്ള സ്കൂളുകളിലെ കുട്ടികള്‍ക്ക് മലയാളത്തോടൊപ്പം ഇംഗ്ളീഷും തൃപ്തികരമായ രീതിയില്‍ ഉപയോഗിക്കാനാവും എന്ന് ഉറപ്പ് വരുത്തലാണ് ചെയ്യേണ്ടുന്ന കാര്യം.എല്ലാ സ്കൂളുകളിലെയും ഇംഗ്ളീഷ് അധ്യാപകരെ നിരന്തരപരിശീലനത്തിലൂടെ ഈയൊരു കാര്യം സാധിക്കുന്നതിന് പ്രാപ്തരാക്കുകയാണ് അതിനുള്ള മാര്‍ഗം.പത്തും പന്ത്രണ്ടും വര്‍ഷം ഇംഗ്ളീഷ് പഠിച്ചിട്ടും ആ ഭാഷയില്‍ ആത്മവിശ്വാസത്തോടെ ആശയവിനിമയം നടത്താന്‍ നമ്മുടെ വിദ്യാര്‍ത്ഥികള്‍ പ്രാപ്തരാകുന്നില്ലെന്നതില്‍ നിന്ന് സംശയരഹിതമായി മനസ്സിലാക്കാനാവുന്ന കാര്യം ഇവിടത്തെ ഇംഗ്ളീഷ് അധ്യാപനത്തിന്റെ രീതിശാസ്ത്രത്തിന് കാര്യമായ എന്തോ തരക്കേടുണ്ടെന്നതു തന്നെയാണ്. അത് എത്രയും വേഗം പരിഹരിക്കുക.അത് ചെയ്യുന്നതിനു പകരം മാതൃഭാഷയെ നിന്ദിക്കാനും അവഗണിക്കാനും വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും പ്രേരിപ്പിക്കുന്ന നയം ഇനിയും തടരുന്നതില്‍ യാതൊരര്‍ത്ഥവുമില്ല.
സ്വന്തം കുട്ടി കേരളത്തിലല്ല മറുനാട്ടിലെ നഗരങ്ങളിലോ വിദേശത്തോ ആണ് ജോലി ചെയ്യേണ്ടത് എന്നു തീരുമാനിക്കാനുള്ള അവകാശം ഏതൊരു രക്ഷിതാവിനും ഉണ്ടെന്നു തന്നെ വെക്കുക.ആ അവകാശം സംരക്ഷിക്കുന്നതിന് പക്ഷേ മലയാളത്തെ വിദ്യാഭ്യാസപദ്ധതിയില്‍ നിന്ന് ഒഴിവാക്കുകയോ രണ്ടാം സ്ഥാനത്തേക്ക് തള്ളുകയോ ചെയ്യേണമെന്ന് വാദിക്കുന്നത് ഒന്നിലധികം കാരണങ്ങളാല്‍ വിഡ്ഡിത്തവും അധാര്‍മികവും ആണ്. മലയാളം മാധ്യമത്തില്‍ സ്കൂള്‍ വിദ്യാഭ്യാസം നേടുന്നത് പിന്നീട് ഉന്നതവിദ്യാഭ്യാസത്തിന്റെ ഘട്ടത്തില്‍ വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ഭാവിയിലെ ജീവിതവിജയത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്യുമെന്ന് മലയാളികളുടെ വിദ്യാഭ്യാസത്തിന്റെ ചരിത്രത്തെ മുന്‍നിര്‍ത്തി ആര്‍ക്കും പറയാനാവില്ല.പൂര്‍ണമായും മലയാളം മാധ്യമത്തില്‍ സ്കൂള്‍ വിദ്യാഭ്യാസം നേടി പിന്നീട് കേരളത്തില്‍ നിന്നു തന്നെ കോളേജ് വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി വിദേശസര്‍വകലാശാലകളിലും ശാസ്തഗവേഷണ സ്ഥാപനങ്ങളിലുമൊക്കെ പ്രശസ്തമായ നിലയില്‍ ജോലി ചെയ്ത മലയാളികള്‍ എത്രയെങ്കിലുമുണ്ട്. അമേരിക്കന്‍ ഉച്ചാരണത്തില്‍ ഇംഗ്ളീഷ് പറയാന്‍ പഠിക്കലാണ് വിദ്യാഭ്യാസത്തിന്റെ പരകോടി എന്ന ധാരണ ഐ.ടി.മേഖലകളിലെ ചില ജോലികളെ മുന്‍നിര്‍ത്തി കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടിട്ടുണ്ട്.തീര്‍ത്തും താല്‍ക്കാലികമായ അത്തരം തെറ്റിദ്ധാരണകളുടെ അടിസ്ഥാനത്തിലല്ല ഒരു ജനത മാതൃഭാഷയ്ക്ക് അവരുടെ വിദ്യാഭ്യാസരംഗത്ത് നല്‍കേണ്ടുന്ന സ്ഥാനം നിശ്ചയിക്കേണ്ടത്.
ഭാവുകത്വം മാറണം; ദര്‍ശനവും സ്കൂള്‍ തലത്തിലെയും കോളേജ്തലത്തിലെയും മലയാളം പാഠ്യപദ്ധതിയില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തിയാലും മലയാളത്തിനു വേണ്ടി സര്‍വകലാശാല തന്നെ ഉണ്ടാക്കിയാലും അവയില്‍ നിന്നെല്ലാം ഉണ്ടാവുന്ന പുതിയ ഊര്‍ജം ഭാഷയ്ക്ക് ആരോഗ്യവും ഓജസ്സും പകരുംപടി ആയിത്തീരണമെങ്കില്‍ പ്രധാനമായും രണ്ടുമൂന്നു കാര്യങ്ങള്‍ സംഭവിക്കണം.
1.സര്‍ഗാത്മസാഹിത്യത്തിലും ഇതരകലകളിലും ഉള്ള താല്പര്യം സമൂഹത്തില്‍ സജീവമായി നിലനില്‍ക്കുകയും വളരുകയും ചെയ്യുന്നതിനുള്ള ഭാവുകത്വപരിസരം സൃഷ്ടിക്കപ്പെടണം.ജീവിതം ജീവിതമാവുന്നത് മനുഷ്യനെ ഇതരജീവികളില്‍ നിന്ന് വേര്‍തിരിച്ചു നിര്‍ത്തുന്ന ഭാഷാപ്രയോഗശേഷിയുടെ ഏറ്റവും സര്‍ഗാത്മകമായ വിനിയോഗത്തിലൂടെയാണെന്ന ബോധ്യം സമൂഹത്തിന് കൈമോശം വരുന്ന അവസ്ഥയ്ക്കെതിരെ പൊതുബോധം നിരന്തരമായ ജാഗ്രത പുലര്‍ത്തണം.അതിന് സഹാകമാവുന്ന രാഷ്ട്രീയാന്തരീക്ഷവും വിദ്യാഭ്യാസാന്തരീക്ഷവും വേണം.
2.സര്‍ഗാത്മകസാഹിത്യത്തിലും കലയുടെ മറ്റ് രൂപങ്ങളിലും ഉണ്ടാവുന്ന ശ്രദ്ധേയമായ എല്ലാ പുതുരചനകളെയും ചനലങ്ങളെയും അപ്പപ്പോള്‍ വിശദമായും ആധികാരികമായും പരിചയപ്പെടുത്താനും പുതിയ ദിശാബോധം നല്‍കാനും പാകത്തിലുള്ള സാഹിത്യനിരൂപണവും കലാനിരൂപണവും മലയാളത്തില്‍ ഉണ്ടായിക്കൊണ്ടേയിരിക്കണം.നിരൂപണം എന്നതിന് എഴുത്തുകാരന്റെ/എഴുത്തുകാരിയുടെ പേര് ആവര്‍ത്തിച്ച് പറയുക,പരസ്യമെഴുത്തിന്റെ ഭാഷയില്‍ പുകഴ്ത്തുക,കഥ പറയുക,നിരുത്തരവാദപരമായി നിന്ദിക്കുക,വെറുതെ സിദ്ധാന്തം പറയുക എന്നിങ്ങനെയൊക്കെയുള്ള അര്‍ത്ഥങ്ങളാണ് ഇന്ന് നിലവിലുള്ളത്.ഈ സ്ഥിതി പാടേ മാറണം.മലയാളിയുടെ പ്രജ്ഞയും ഭാവനയും വിവിധ മേഖലകളില്‍ നടത്തുന്ന ഗൌരവപൂര്‍ണമായ നിര്‍മിതികളുടെയും പരീക്ഷണങ്ങളുടെയും ഫലങ്ങളെ നമ്മുടെ സാംസ്കാരികാവബോധത്തിന്റെ ഭാഗമാക്കിത്തീര്‍ക്കുന്ന ഗംഭീരമായ പ്രവൃത്തിയാണ് നിരൂപണത്തിന് നിര്‍വഹിക്കാനുള്ളത്.ഈയൊരു ധാരണയോടെ നിരൂപണമെന്ന മാധ്യമത്തെ സമീപിക്കുന്ന കുറേ പേരെ മലയാളഭാഷ ആവശ്യപ്പെടുന്നുണ്ട്. 3.ചരിത്രം,സാമൂഹ്യശാസ്ത്രം,ദര്‍ശനം എന്നീ വിഷയങ്ങളില്‍ വിശകലനരീതിയുടെയും ആവിഷ്ക്കാരത്തിന്റെയും തലങ്ങളില്‍ മലയാളിയുടേതായ തനതുശൈലികള്‍ രൂപപ്പെടുത്താനാവുമോ എന്നതിനെ കുറിച്ചുള്ള ഗൌരവപൂര്‍ണമായ അന്വേഷണങ്ങളാണ് നമ്മുടെ മറ്റൊരടിയന്തിരാവശ്യം.വാമൊഴി ചരിത്രത്തെ കുറിച്ച് ഇന്നാട്ടിലെ അക്കാദമിക്ക് പണ്ഡിത•ാര്‍ ആലോചിച്ചു തുടങ്ങുന്നതിനു മുമ്പ് ആ വഴിക്ക് ആണ്ടലാട്ട് നടത്തിയ അന്വേഷണം(രേഖയില്ലാത്ത ചരിത്രം,1986) ഉദിനൂര്‍ വിളകൊയ്ത്ത് സമരത്തിന്റെ അറുപതാം വാര്‍ഷിക (2002)ത്തിന്റ ഭാഗമായി പ്രസിദ്ധീകരിച്ച 'കന്നിക്കൊയ്ത്ത്' എന്ന സോവനീര്‍ (എഡിറ്റര്‍:വാസു ചോറോട്,വര്‍ക്കിംഗ് എഡിറ്റര്‍:ഇ.പി.രാജഗോപാലന്‍)പത്രപ്രവര്‍ത്തകനായ കെ.ബാലകൃഷ്ണന്‍ ഉത്തരകേരളത്തിലെ സാമൂഹ്യജീവിതം,സംസ്കാരം,രാഷ്ട്രീയം,ചരിത്രം എന്നിവയെയെല്ലാം ബന്ധിപ്പിച്ചുകൊണ്ട് നിര്‍വഹിച്ച നിരീക്ഷണങ്ങള്‍ സമാഹരിച്ചവതരിപ്പിച്ച കാസര്‍കോടന്‍ ഗ്രാമങ്ങളിലൂടെ,ഏഴിമല,കണ്ണൂര്‍ക്കോട്ട എന്നീ പുസ്തകങ്ങള്‍ ഇവയൊക്കെ ഉദാഹരണം.അക്കാദമിക് ചരിത്രമെഴുത്തുരീതിക്ക് പുറത്ത് അറിവ് എത്രമേല്‍ ഗഹനവും സര്‍ഗാത്കവും ഊര്‍ജ്ജസ്വലവുമാകുന്നുവെന്ന് ഈ മാതൃകകളില്‍ നിന്ന് വ്യക്തമാവും.മറ്റ് വിഷയങ്ങളുടെ കാര്യത്തിലും ഇത്തരം രചനകള്‍ ധാരാളമായി ഉണ്ടാവുകയും അവ പൊതുസമൂഹത്തിന്റെ വായനയുടെ ഭാഗമായിത്തീരുകയും ചെയ്യേണ്ടതുണ്ട്.
അവസാനമായി പി.പി.രാമചന്ദ്രന്റെ കവിതയിലെ ഉല്‍ക്കണ്ഠയിലേക്കു തന്നെ തിരിച്ചുവരാം.മലയാളഭാഷ വാസ്തവത്തില്‍ അനുഭവങ്ങളുടെയും അറിവിന്റെയും ആഴങ്ങളും ഉയരങ്ങളും കണ്ട് പേടിച്ച് പതുങ്ങി നില്‍ക്കുന്ന അവസ്ഥയില്‍ തന്നെയാണോ?അത്രമേല്‍ ആത്മവിശ്വാസക്കുറവ് തോന്നാന്‍ മാത്രം പദദാരിദ്യ്രവും മറ്റ് പരാധീനതകളുമുള്ള ഒരു ഭാഷയാണോ മലയാളം? നമ്മുടെ പ്രശ്നം നമ്മുടെ ഭാഷയ്ക്കുള്ള ശേഷികളെ വകവെച്ചുകൊടുക്കാന്‍ നമുക്കുതന്നെയുള്ള വൈമനസ്യമാണ്.അത് ഒരു ജനതയെന്ന നിലയില്‍ നമുക്കുള്ള ആത്മവിശ്വാസക്കുറവില്‍ നിന്നും അടിമമനോഭാവത്തില്‍ നിന്നും ഉണ്ടാവുന്നതാണ്.ചരിത്രപരവും സാമൂഹ്യവും രാഷ്ട്രീയവുമൊക്കെയായ പല കാരണങ്ങള്‍ അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടാവും.അവയെക്കുറിച്ചെല്ലാമുള്ള അന്വേഷണങ്ങള്‍ ഭാഷാസംരക്ഷണത്തിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗം തന്നെയാണ്.അതിലും പ്രധാനപ്പെട്ട കാര്യം മലയാളഭാഷയ്ക്ക് യഥാര്‍ത്ഥത്തില്‍ ഇന്ന് നിലവിലുള്ള ശേഷികളെയും സാധ്യതകളെയും കുറിച്ച് നമ്മെ തന്നെ ബോധ്യപ്പെടുത്തുകയും പുതിയ കാലത്തിലെ എല്ലാ അനുഭവങ്ങളെയും ആവിഷ്ക്കരിക്കാന്‍ പാകത്തില്‍ ഭാഷയെ നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുകയും ചെയ്യലാണ്.സാഹിത്യത്തിലെയും രാഷ്ട്രീയത്തിലെയും സംവാദങ്ങള്‍,മറ്റ് വിഷയങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇവയൊക്കെ വളരെ ജനകീയമായ തലത്തില്‍ നടന്നുകൊണ്ടിരുന്ന കാലത്താണ് മലയാളഭാഷ ലോകത്തിലെ ഏത് വികസിതസംസ്കാരത്തിലെയും അനുഭവങ്ങളെ ഉള്‍ക്കൊള്ളാന്‍ പോന്ന സര്‍വതലസ്പര്‍ശിയായ വളര്‍ച്ച നേടിയത്.അത്തരം സംവാദങ്ങളെയെല്ലാം സാധ്യമാക്കിയത് മലയാളികളുടെ ഭാവിയെ കുറിച്ച് മാത്രമല്ല ലോകജനതയുടെ ആകെത്തന്നെ ഭാവിയെ കുറിച്ച് വിശാലവും ഗംഭീരവുമായൊരു ദര്‍ശനം സ്വന്തമായി ഉണ്ടായിരുന്ന ഒരു രാഷ്ട്രീയപ്രസ്ഥാനമാണ്.അതിന്റെ തകര്‍ച്ച സൃഷ്ടിച്ച പല ഉത്കണ്ഠകളില്‍ ഒന്നു തന്നെയാണ് ഭാഷയെ കുറിച്ചുള്ളതും.
'മലയാളത്തെ കുറിച്ച് എന്തിന് ഇത്രയേറെ വ്യാകുലപ്പെടണം,അതിജീവനശേഷിയുണ്ടെങ്കില്‍ അത് അതിജീവിക്കട്ടെ;ഇല്ലെങ്കില്‍ നശിച്ചുപോവട്ടെ,ലോകത്തിലെ എത്ര ഭാഷകള്‍ അങ്ങനെ ഇല്ലാതായിക്കഴിഞ്ഞിരിക്കുന്നു' എന്ന് പറയുന്നവരുണ്ട്.അവര്‍ കരുതുന്നതു പോലെ അത്രമേല്‍ സംശുദ്ധവും സംഘര്‍ഷരഹിതവുമായ സാഹചര്യങ്ങളിലല്ല ഭാഷകളുടെ നിലനില്പും നാശവുമൊക്കെ സംഭവിക്കുന്നത്.സാമ്പത്തികശക്തികളുടെയും രാഷ്ട്രീയ അധികാരകേന്ദ്രങ്ങളുടെയും പിന്തുണയോടെയുള്ള കടന്നാക്രമങ്ങളെ നേരിട്ടുകൊണ്ടു വേണം ഏത് ഭാഷയ്ക്കും മുന്നോട്ടു പോവാന്‍.താന്‍ മാതൃഭാഷയായിട്ടുള്ളവരില്‍ നിന്ന് സര്‍വാത്മനാ ഉള്ള പിന്തുണ ലഭിക്കുന്നില്ലെങ്കില്‍ ലോകത്തിലെ ഒരു ഭാഷയ്ക്കും സ്വന്തം നിലക്ക് ഏതോ അത്ഭുതവൈഭവം കൊണ്ടെന്ന പോലെ നിലനില്‍ക്കാനും വളരാനും കഴിയില്ല.
ഭരണരംഗത്തു നിന്നുള്ള അനുകൂലനടപടികള്‍,വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കവും നടത്തിപ്പും ആസൂത്രണം ചെയ്യുന്നവരുടെ പക്ഷത്തു നിന്നുള്ള ഉറച്ച പിന്തുണ,സര്‍ഗാത്മകസാഹിത്യകാര•ാരുടെയും കലാകാര•ാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ബോധപൂര്‍വമായ ഇടപെടലുകള്‍,രാഷ്ട്രീയപ്പാര്‍ട്ടികളും സാംസ്കാരികസംഘടനകളും നടത്തുന്ന ബോധവല്‍ക്കരണം ഇവയെല്ലാം ചേര്‍ന്നാലെ തന്റെ മാതൃഭാഷ കിണറ്റില്‍ വീണ് പേടിച്ചരണ്ടു കിടക്കുന്ന പൂച്ചയുടെ അവസ്ഥയിലല്ലെന്ന് ഓരോ മലയാളിക്കും പൂര്‍ണമായും ബോധ്യം വരികയുള്ളൂ.
ജനശക്തി വാരിക (2011 ഫെബ്രവരി 5-11)

3 comments:

  1. പ്രിയ സാര്‍,
    ബ്ലോഗ് മറ്റൊരു ഇടമാണ്. മറ്റൊരു തരം വായനയും എഴുത്തും സാധ്യമാക്കുന്ന ഇടം. ഇത്ര വലിയ കുറിപ്പുകള്‍ക്കുള്ള ഇടമല്ല നിര്‍ഭാഗ്യവശാല്‍ ബോഗ് ഇടം. അച്ചടിമലയാളത്തില്‍ ഇത് എളുപ്പം വായിക്കുന്നവര്‍ പോലും സൈബര്‍ ഇടത്തിന്റെ സ്വകാര്യതയില്‍ ഇത് വായിക്കാതെ പോയേക്കും. ഇത്തിരി വലിപ്പം കുറച്ച് പോസ്റ്റുകള്‍ ചെയ്താല്‍ അതാവും നന്നാവുക.

    ReplyDelete
  2. വലിയ ചിന്തകൾ ചെറിയ ചിന്തകൾ എന്നൊക്കൊ വേർതിരിക്കണോ ഇലേ.. വരട്ടെ ഗൌരവങ്ങൾ ബ്ലോഗിലും. കല്പറ്റ നാരായണൻ മാതൃഭുമി പത്രത്തിൽ എഴുതിയ ലേഖനം ഇതിനോട് ചേർത്ത് വായിക്കണം.

    ReplyDelete
  3. ആധികാരികമായ എഴുത്ത് .നല്ല ലേഖനം....
    മലയാളം നിര്‍ബന്ധിത ഒന്നാം ഭാഷയും നിലവാരമുള്ള ഇംഗ്ലീഷ് അധ്യാപകരെ മുഴുവന്‍ ക്ലാസിലും വച്ചുകൊണ്ട് പ്രശ്നങ്ങള്‍ ഒരു പരിധിവരെ പരിഹരിക്കാം.ഇംഗ്ലീഷ് ഭാഷ സംസാരിക്കാൻ ,എഴുതാൻ,വായിക്കാൻ അതിനു മലയാളം സംസാരിക്കുന്ന ഒരു ജനതയെയും സംസ്കാരത്തെയും എന്തിനാണ് ഇല്ലാതാക്കുന്നത്?.

    കേരളത്തിൽ മലയാളം ഭാഷ നേരിടുന്ന വിവിധ വെല്ലുവിളികൾ:
    1.ഇംഗ്ലീഷ് ഭാഷയിൽ ഉള്ള വിദ്യാഭ്യാസ സമ്പ്രദായം .
    2.ഭരണ ഭാഷ മലയാളമല്ലാത്ത അവസ്ഥ .
    3.ഭരണാധികരികളുടെ ഭാഷയോടുള്ള നിഷേധാത്മക സമീപനം.
    4.മലയാളികൾ സ്വന്തം ഭാഷയോട് കാണിക്കുന്ന അവഗണന.
    5.ദൃശ്യ- ശ്രവ്യ മാധ്യമങ്ങളിൽ മലയാളം വികലമായി സംസാരിക്കുന്നത്.
    6.മലയാളം ഭാഷ ഓണ്‍ലൈൻ -വിവര വിജ്ഞാന മേഖലയിലെ കാലതാമസം / ഗവേഷണമില്ലായമ.
    7.മലയാളത്തിൽ വിവർത്തന സംവിധാനം ഇല്ലാത്തത് .
    8.നാമഫലങ്ങൾ ഇംഗ്ലീഷിൽ മാത്രം എഴുതി വെയ്ക്കുന്ന പ്രവണത.
    9.മലയാള സംസാര ഭാഷയിലെ ഇംഗ്ലീഷ് പദങ്ങളുടെ അതിപ്രസരം .
    10.മലയാളത്തിൽ പുതിയ എഴുത്തുകാർ വരാത്തത്‌ .
    11.ഇന്റർനെറ്റിൽ മലയാള വിവര -വിജ്ഞാന ശേഖരം ഇല്ലാത്തത്
    12.മലയാളം പഠിക്കാതെ കേരളത്തിൽ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനും ജോലി നേടാനും കഴിയുമെന്ന സ്ഥിതി
    13.മലയാളത്തെ രണ്ടാം തരമായി ചിത്രികരിക്കുന്ന ചില ഇംഗ്ലീഷ് അധിനിവേശ പ്രമാണിമാരുടെ ധാർഷ്ട്യം .

    https://malayalatthanima.blogspot.com

    ReplyDelete