Pages

Saturday, December 17, 2011

സോവിയറ്റെന്നൊരു നാട്

‘യൂറി ഗഗാറിന്‍ ബഹിരാകാശത്തില്‍,യൂറി ഗഗാറിന്‍ ബഹിരാകാശത്തില്‍’ അരനൂറ്റാണ്ടിനപ്പുറത്തുനിന്ന് ഒരു പത്രവില്പനക്കാരന്‍ അത്യാവേശത്തോടെ വിളിച്ചുപറഞ്ഞത് ഇപ്പോഴും എന്റെ കാതില്‍ കിടന്നുമുഴങ്ങുന്നുണ്ട്.നാട്ടിലെ ദേശാഭിമാനി ഏജന്റായ രാമേട്ടന്‍(താടിരാമന്‍ എന്നായിരുന്നു കോണ്‍ഗ്രസ്സുകാര്‍ നല്‍കിയ പരിഹാസം കലര്‍ന്ന വിളിപ്പേര്) തോളിലെ പത്രക്കെട്ട് ഒരു കൈ കൊണ്ട് താങ്ങിപ്പിടിച്ച് മറുകയ്യില്‍ ഉയര്‍ത്തിപ്പിടിച്ച ‘ദേശാഭിമാനി’ യുമായി വിയര്‍ത്തൊലിച്ച് കയറ്റം കയറി വരുന്ന ചിത്രവും മനസ്സില്‍ മായാതെ നില്‍ക്കുന്നു. ‘യൂറി ഗഗാറിന്റെ വിജയം സോവിയറ്റ് യൂനിയന്റെ വിജയമാണ്.സോവിയറ്റ് യൂനിയന്റെ വിജയം ലോകതൊഴിലാളി വര്‍ഗത്തിന്റെ വിജയമാണ് ’;അതായിരുന്നു അധസ്ഥിത ജനകോടികളുടെ അന്നത്തെ വികാരം.1961 ല്‍ വെറും എട്ട് വയസ്സുകാരനായിരുന്ന ഞാനും ഏതോ അളവില്‍ അത് പങ്കുവെച്ചിരുന്നു.ഒരു പക്ഷേ അന്ന് ഞാന്‍ അനുഭവിച്ച അനന്യമായ ആ വികാരം ഓര്‍മയില്‍ അണയാതെ നിന്നതുകൊണ്ടാവാം 1989 ല്‍ സോവിയറ്റ് യൂനിയന്റെ 89,90,91 വര്‍ഷത്തെ കലണ്ടര്‍ ഒന്നിച്ച് ഒറ്റ കലണ്ടറായി കണ്ടപ്പോള്‍ വല്ലാത്തൊരാത്മബന്ധത്തിന്റെ തള്ളിച്ചയില്‍ ഞാനത് വാങ്ങിയതും പിന്നെ 20 വര്‍ഷക്കാലം സൂക്ഷിച്ചുവെച്ചതും.
കലണ്ടറിലെ അവസാനവര്‍ഷമാവുമ്പോഴേക്കും സോവിയറ്റ് യൂനിയന്‍ തകര്‍ന്നു.യു.എസ്.എസ്.ആറിന്റെ ഭാഗമായിരുന്ന 15 റിപ്പബ്ളിക്കുകളും സ്വതന്ത്രരാജ്യങ്ങളായി.പക്ഷേ,ഓര്‍മകള്‍ ഇപ്പോഴും ഇരമ്പിക്കൊണ്ടിരിക്കുന്നു. തുവെള്ളക്കടലാസ്സില്‍ അവസാനപേജുകളില്‍ കുട്ടികള്‍ക്കുള്ള രചനകളുമായി പുറത്തിറങ്ങിയിരുന്ന സോവിയറ്റ്നാട് എന്ന വലുപ്പം കൂടിയ മാസിക, യു.എസ്.എസ്.ആറിലെ വിവിധ റിപ്പബ്ളിക്കുകളിലെ കവികളും കഥാകാരന്മാരും ലേഖകന്മാരും ചിത്രകാരന്മാരും അണിനിരന്നിരുന്ന സോവിയറ്റ് ലിറ്ററേച്ചര്‍ മാസിക,ഗോപാലകൃഷ്ണനും ഓമനയും പരിഭാഷപ്പെടുത്തി പ്രോഗ്രസ് പബ്ളിഷേഴ്സും റാദുഗ പബ്ളിഷേഴ്സും പ്രസിദ്ധീകരിച്ച സോവിയറ്റ് ബാലസാഹിത്യരചനകള്‍,ഗോര്‍ക്കിയുടെ അമ്മ,ഷൊളോഖോവിന്റെ ഡോണ്‍ ശാന്തമായൊഴുകുന്നു എന്നീ നോവലുകള്‍,ടോള്‍സ്റോയ്,പുഷ്കിന്‍,ഡൊസ്റൊയേവ്സ്കി,മയക്കോവ്സകി തുടങ്ങിയ പേരുകളുടെ മാന്ത്രികപ്രഭാവം,ചെങ്കൊടിയുമായി മുന്നേറുന്ന ലെനിന്റെ വിഖ്യാതമായ ചിത്രം,ജര്‍മന്‍ ഫാസിസ്റുകള്‍ക്കെതിരെ സ്റാലിന്‍ നേടിയ വിജയത്തിന്റെ വീരകഥ.സോവിയറ്റ് യൂനിയന്‍ മഹത്തായ ഒരു സ്വപ്നത്തിന്റെയും ത്രസിപ്പിക്കുന്ന ഓര്‍മകളുടെയും പേരായിരുന്നു ഒരു കാലത്ത്.
“സോവിയറ്റെന്നൊരു നാടുണ്ടത്രെ
പോകാന്‍ കഴിഞ്ഞെങ്കിലെന്തു ഭാഗ്യം!’’
എന്ന വരികളില്‍ കെ.പി.ജി കുറിച്ചുവെച്ചത് നാണിയുടെ സ്വപ്നം മാത്രമല്ല.പുരോഗമനം എന്നതിന് കമ്യൂണിസ്റ് പാര്‍ട്ടിയുടെ കൊടിക്കീഴില്‍ സാര്‍വദേശീയ തൊഴിലാളിവര്‍ഗത്തിന്റെ നേതൃത്വത്തില്‍ സ്ഥിതിസമത്വത്തിലേക്കുള്ള ലോകജനതയുടെ മുന്നേറ്റം എന്ന് അര്‍ത്ഥം കല്പിച്ചിരുന്ന മുഴുവന്‍ മലയാളികളും പങ്കുവെച്ചിരുന്ന ആഗ്രഹത്തിന്റെയും ആവേശത്തിന്റെയും നിരലംകൃതമായ അവിഷ്ക്കാരമാണത്.
കാലം മാറി.ജനകോടികളെ ഉത്തേജിപ്പിച്ച സ്വപ്നത്തിന്റെ ചില്ലുകൊട്ടാരം തകര്‍ന്നു.അതിന്റെ അകത്തളത്തില്‍ അസ്ഥികളും തലയോടുകളും കുന്നുകൂടിക്കിടക്കുന്നത് ലോകത്തിന് മുഴുവന്‍ ദൃശ്യമായി.ട്രോട്സ്കിയടക്കമുള്ള സമുന്നത നേതാക്കളുടെ ദുരൂഹസാഹചര്യത്തിലുള്ള മരണം, സൈബീരിയന്‍ തടവറകളിലെ പൈശാചികത, ഇരുമ്പു മറക്കുപിന്നില്‍ ഒരു ജനതയെ മുഴുവന്‍ ഭീരുക്കളും ആത്മവഞ്ചകരുമാക്കിയ പാര്‍ട്ടിഭരണം, എല്ലാം കഴിഞ്ഞ് ഒടുവില്‍ ബ്രഷ്നേവ്, ഗോര്‍ബച്ചേവ്, യെല്‍ട്സിന്‍ എന്നിങ്ങനെ ധൈഷണിക തലത്തിലും ഭരണത്തിന്റെ പ്രായോഗിക രംഗങ്ങളിലും കേവലം കോമാളികളെ പോലെ പെരുമാറിയ നേതാക്കള്‍.സോവിയറ്റ് യൂനിയനിലെയും മറ്റ് കമ്യൂണിസ്റ് രാഷ്ട്രങ്ങളിലെയും കൊടിയ അനീതികളെയും അസ്വാതന്ത്യ്രങ്ങളെയും കുറിച്ചുള്ള വാര്‍ത്തകള്‍ സി.ഐ.എയുടെയും ബൂര്‍ഷ്വാമാധ്യമങ്ങളുടെയും കമ്യൂണിസ്റ് വിരുദ്ധ ബുദ്ധിജീവികളുടെയും കള്ള പ്രചാരണമാണെന്ന് ആത്മാര്‍ത്ഥമായി വിശ്വസിച്ചിരുന്ന എത്രയോ സഖാക്കള്‍ വാസ്തവമറിയാതെ മരിച്ച് മണ്ണടിഞ്ഞു.പക്ഷേ, നീതിക്കും സ്വാതന്ത്യ്രത്തിനും വേണ്ടി നിലകൊള്ളുന്ന ആര്‍ക്കും സ്വയം മറിച്ചൊന്നു ചിന്തിക്കാനാവാത്ത വിധം എണ്ണമറ്റ ക്രൂരസത്യങ്ങള്‍ ഏറ്റവും വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്ന് പിന്നീടെത്രയോ വട്ടം ആവര്‍ത്തിച്ചാവര്‍ത്തിച്ച് വെളിപ്പെടുത്തപ്പെട്ടു.
തങ്ങളുടെ മഹാസ്വപ്നം പെറ്റുകൂട്ടിയ പാതകങ്ങളോര്‍ത്ത് ഏറ്റവുമധികം നടുങ്ങിയിട്ടുണ്ടാവുക അധികാരത്തിന്റെ സുഖസൌകര്യങ്ങളെയും ആജ്ഞാബലത്തെയും കുറിച്ച് തികച്ചും അജ്ഞരായിരുന്ന സാധാരണ കമ്യൂണിസ്റുകാര്‍ തന്നെയായിരിക്കും.ജാതിമതവംശദേശഭേദങ്ങള്‍ക്കതീതമായി മനുഷ്യരാശിയെ മുഴുവന്‍ സ്വാതന്ത്യ്രത്തിലേക്കും സമത്വത്തിലേക്കും മോചിപ്പിക്കാനുദ്ദേശിച്ച ഒരു ദര്‍ശനമായിരുന്നു അവരുടെ ജീവ:ശക്തി. ആ ദര്‍ശനത്തെ പ്രായോഗികമാക്കുന്നതിനുള്ള പ്രാരംഭപരിശ്രമങ്ങളെത്തന്നെ ഇത്രയും ഭീമമായ ഭരണകൂടഭീകരതയും പാര്‍ട്ടിഭീകരതയും പിന്‍പറ്റിയിരുന്നുവെന്ന വാസ്തവം ആദ്യമൊന്നും അവര്‍ക്ക് ഉള്‍ക്കൊള്ളാനേ കഴിഞ്ഞിരിക്കില്ല.പക്ഷേ,കമ്യൂണിസ്റ്പാര്‍ട്ടി ഒന്നിനുപുറകെ ഒന്നായി അനേകം രാഷ്ട്രങ്ങളില്‍ ഭരണത്തില്‍ നിന്ന് വലിച്ചെറിയപ്പെട്ടതും ആ രാഷ്ട്രങ്ങളിലെ ബഹുഭൂരിപക്ഷം ജനങ്ങളും പുതിയ സാഹചര്യത്തില്‍ ജീവിതം പല തരത്തിലും പണ്ടത്തേതിനേക്കാള്‍ ക്ളേശപൂര്‍ണമായിരുന്നിട്ടുപോലും പാര്‍ട്ടി വീണ്ടും അധികാരത്തില്‍ വരുന്നതിനെ അനുകൂലിക്കാതിരിക്കുന്നതും കഠിനമായ പല അപ്രിയ സത്യങ്ങളെയും അംഗീകരിക്കാന്‍ തീര്‍ച്ചയായും അവരെയും നിര്‍ബന്ധിതരാക്കിയിട്ടുണ്ടാവും.കമ്യൂണിസ്റുകാര്‍ പക്ഷേ, നിരാശരാവില്ല.ഭാവിലോകത്തിന്റെ നിര്‍മാണത്തില്‍ തങ്ങളുടെ ദര്‍ശനത്തിനുള്ള പങ്കിനെ അവര്‍ അവിശ്വസിക്കില്ല.'അവരുടെ വിശ്വാസം അവരെ രക്ഷിക്കട്ടെ' എന്ന് പുച്ഛിച്ചു തള്ളാവുന്നിടത്തല്ല ലോകം ഇന്നെത്തി നില്‍ക്കുന്നത് എന്ന യാഥാര്‍ത്ഥ്യവും നമ്മുടെ കണ്മുന്നിലുണ്ട്.
സോവിയറ്റ് യൂനിയന്‍ ഉള്‍പ്പെടെയുള്ള പഴയ കമ്യൂണിസ്റ് രാഷ്ട്രങ്ങളിലെ ഭീകരാനുഭവങ്ങളുടെ
ഓര്‍മകളെല്ലാം പച്ചയായി നിലനില്‍ക്കെത്തന്നെ, അമേരിക്കയും യൂറോപ്പും കടുത്ത സാമ്പത്തിക പ്രതിസന്ധികളില്‍ ഉലയുമ്പോള്‍, സമ്പന്ന രാഷ്ട്രങ്ങളില്‍ പോലും കൂടുതല്‍ കൂടുതല്‍ ആളുകള്‍ ദരിദ്രരും ചൂഷിതരുമായി മാറുമ്പോള്‍ മാര്‍ക്സ്,ഏംഗല്‍സ്,ലെനിന്‍ തുടങ്ങിയ പേരുകള്‍ പല കോണുകളില്‍ നിന്ന് പിന്നെയും പിന്നെയും നാം കേട്ടുതുടങ്ങുന്നു.നാളിതുവരെ മാര്‍ക്സിസത്തിന് തങ്ങളുടെ ചിന്താലോകത്തിന്റെ നാലയലത്തുപോലും പ്രവേശനം നല്‍കാതിരുന്നവര്‍ പുതിയൊരാവേശത്തോടെ കമ്യൂണിസ്റ് മാനിഫെസ്റോ വായിക്കുന്നു.മാര്‍ക്സിന്റേതു തന്നെയാണ് ശരിയായ സാമ്പത്തികശാസ്ത്രമെന്ന് പറയുന്നു.കമ്യൂണിസ്റ് പാര്‍ട്ടികളില്‍ അംഗത്വം സ്വീകരിക്കുന്നതിനെ കുറിച്ച് നേരിയ ആലോചന പോലുമില്ലാതെ അവര്‍ സ്വയം കമ്യൂണിസ്റുകാരെന്ന് പ്രഖ്യാപിക്കുന്നു.
ചുവപ്പ് കൊടിയും വളണ്ടിയര്‍ മാര്‍ച്ചും സഖാവ് എന്ന വിളിയും ഉള്‍പ്പെടെ കമ്യൂണിസത്തിന്റെ ബാഹ്യചിഹ്നങ്ങളെല്ലാം അനതിവിദൂരഭാവിയില്‍ വളരെയേറെ അനാകര്‍ഷകമായിത്തീരാം.പാര്‍ട്ടി ഒരധികാരകേന്ദ്രമായി നിലകൊള്ളുന്നതിനെ ചെറിയ അളവില്‍ പോലും അനുവദിച്ചുകൊടുക്കാത്ത മനോനിലയിലേക്ക് കമ്യൂണിസ്റുകാര്‍ ഉള്‍പ്പെടെ ജനങ്ങള്‍ ഒന്നടങ്കം മാറിയേക്കാം.പക്ഷേ,അപ്പോഴും മനുഷ്യവംശത്തിന്റെ ഭാവിയിലേക്കുള്ള പ്രയാണത്തിനു വേണ്ട ഊര്‍ജത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്രോതസ്സായി മാര്‍ക്സിസം നിലനിന്നേക്കാം.അത് ചരിത്രം ഒരു പാട് മാറ്റിത്തീര്‍ത്ത മാര്‍ക്സിസമായിരിക്കുമെന്നു തീര്‍ച്ച.മാറ്റമില്ലാത്തതായി ഒന്നു മാത്രമേ ഉള്ളൂ അത് മാറ്റമുണ്ട് എന്നതാണെന്ന് അംഗീകരിക്കാന്‍ തയ്യാറല്ലാത്തവര്‍ മാര്‍ക്സിസം ലെനിനിസത്തെ കുറിച്ച് പ്രസംഗിക്കുന്നതിനെ ഭാവിജനത തീര്‍ച്ചയായും അനുവദിച്ചുകൊടുക്കില്ല.ഓരോ മനുഷ്യനില്‍ നിന്നും സമൂഹം അവന്റെ/അവളുടെ കഴിവിനനുസരിച്ച് സ്വീകരിക്കുകയും ഓരോ മനുഷ്യനും സമൂഹം അവന്റ/അവളുടെ ആവശ്യത്തിനനുസരിച്ച് തിരിയെ നല്‍കുകയും ചെയ്യുന്ന ഒരു ലോകത്തിലേക്കുള്ള യാത്രയില്‍ സംഘടനാതത്വത്തിന്റെ കാര്‍ക്കശ്യമോ നിരര്‍ത്ഥമായ മറ്റ് പിടിവാശികളോ അവര്‍ക്ക് തടസ്സം നില്‍ക്കില്ല. സോവിയറ്റ് കവിയായ ആന്ദ്രേവൊസ്നേസന്‍സ്കിയുടെ ഒരു കവിതയിലെ ഏതാനും വരികളുടെ പരിഭാഷയോടെ ഈ കുറിപ്പ് അവസാനിപ്പിക്കാം:
“ഞാന്‍ സ്വപ്നം കാണുന്നു
യുദ്ധത്തിന്റെ കെടുമണമകന്ന്
കിടങ്ങുകളും കാല്‍ച്ചങ്ങലകളും മറവിയിലമര്‍ന്ന്
ചെറുനാരകച്ചെടികളണിഞ്ഞ്
മധുമോഹിനിയായൊരു ലോകം
പ്രഭാമയമായ സ്വപ്നങ്ങളാല്‍
പരിപൂര്‍ണയായൊരു ലോകം
….. ….. .. .. .. .. .. .. .. .. .. .. .. .. .. ..
ചൊവ്വയിവെവിടെയോ ഒരു നാള്‍
ഭൂമിയില്‍ നിന്നൊരു വിരുന്നുകാരന്‍ ചെല്ലും
ഇളംചൂടുള്ള ഒരു പിടി മണ്ണ് വാരിയെടുക്കും
പിന്നെ
ഒരിക്കലും അകലെയല്ലാത്ത
എന്നും അരികെയായ
ഈ നീലഹരിതഗോളത്തെ
അയാള്‍ പ്രണയപൂര്‍വം നോക്കും.’’


മാതൃകാന്വേഷി മാസിക,ഡിസംബര്‍ 2011

No comments:

Post a Comment