Pages

Wednesday, November 23, 2011

എന്റെ വായന

ആറാം ക്ളാസ് കഴിഞ്ഞുള്ള അവധിക്കാലം മുതല്‍ പ്രീഡിഗ്രിക്ക് കോളേജില്‍ ചേരുന്നതു വരെയുള്ള നാല് വര്‍ഷക്കാലത്തിനിടയിലാണ് ഞാന്‍ ഏറ്റവുമധികം പുസ്തകങ്ങള്‍ വായിച്ചത്.മിക്കവാറും ഓരോ ദിവസവും ഓരോ പുതിയ പുസ്തകം.ഒഴിവുദിവസങ്ങളില്‍ ഈരണ്ടു പുസ്തകം. ഈയൊരളവിലായിരുന്നു അക്കാലത്തെ വായന.പുസ്തകങ്ങളുടെ തിരഞ്ഞെടുപ്പിന് പ്രത്യേക മാനദണ്ഡമൊന്നും സ്വീകരിച്ചിരുന്നില്ല.ഇന്ന് 'സ്ഥലത്തെ പ്രധാനദിവ്യ'നെങ്കില്‍ നാളെ 'പദ്യസാഹിത്യചരിത്രം',മറ്റന്നാള്‍ 'അണുബോംബ് വീണപ്പോള്‍' എന്ന പരിഭാഷാപുസ്തകം,അതിനടുത്ത ദിവസം 'ആരോഗ്യനികേതനം' അല്ലെങ്കില്‍ 'ചണ്ഡാലഭിക്ഷുകി'.ആര്‍ത്തി പിടിച്ച ആ വായന പത്താം ക്ളാസ് കഴിയുമ്പോഴേക്കും എന്റെ ആന്തരികജീവിതത്തിന് നല്ല ആഴവും പരപ്പും ഉണ്ടാക്കിത്തന്നിരുന്നു എന്നാണ് തോന്നല്‍.പക്ഷേ,അതിന് ശരിയായ ഒരു തുടര്‍ച്ചയുണ്ടായില്ല.അത്രയും ആസക്തിയോടും സമര്‍പ്പണബുദ്ധിയോടും കൂടിയ വായന പിന്നെ നാല് പതിറ്റാണ്ടു കാലത്തേക്ക് സാധ്യമായില്ല.
കോളേജില്‍ കയറിയതോടെ എന്റെ വായന വല്ലാതെ കുറഞ്ഞു.പിന്നീട് അധ്യാപകനായതിനു ശേഷവും അതിന് വേണ്ടത്ര ഗതിവേഗം വന്നില്ല.നിയമപ്രകാരം ജോലിയില്‍ നിന്ന് വിരമിക്കേണ്ടതിന് കുറച്ചുമുമ്പേ സ്വമേധയാ അധ്യാപകജോലി ഉപേക്ഷിച്ച് നാലഞ്ച് മാസം കഴിഞ്ഞ് മനസ്സ് ശുദ്ധവും ശാന്തവുമായപ്പോഴാണ് വായനക്ക് പഴയ ആര്‍ജവം വീണ്ടുകിട്ടിയത്.ഇപ്പോള്‍ പുതിയ ഒരു പുസ്തകത്തിന്റെയെങ്കിലും ഏതാനും പേജുകള്‍ മറിക്കാതെ ഒറ്റ ദിവസം പോലും കടന്നുപോവില്ലെന്നായിരിക്കുന്നു.സ്കൂള്‍ജീവിതകാലത്തെ അതേ ആവേശം പത്തുനാല്പത് വര്‍ഷം കഴിഞ്ഞ് തിരിയെ കിട്ടിയിരിക്കുന്നു.
ഏതെങ്കിലും ഒരു സാഹിത്യരൂപത്തിലോ വൈജ്ഞാനിക ഗണത്തിലോ ഒതുങ്ങി നില്‍ക്കുന്നതല്ല എന്റെ വായന.വ്യത്യസ്തമേഖലകളില്‍ നിന്നുള്ള ഒരു പാട് പുസ്തകങ്ങള്‍ ഒരേ സമയം ചുറ്റിലും വേണം.എങ്കിലേ അവയില്‍ നിന്ന് ഒരെണ്ണം കയ്യിലെടുത്ത് മനസ്സമാധാനത്തോടെ വായിച്ചുതുടങ്ങാന്‍ പറ്റൂ.അത് പൂര്‍ത്തിയാക്കിയതിനു ശേഷമേ മറ്റൊന്നിലേക്ക് കടക്കൂ എന്നില്ല.ഒരു ദിവസത്തിനുള്ളില്‍ തന്നെ മിക്കവാറും രണ്ടുമൂന്ന് പുസ്തകങ്ങളിലേക്ക് വായന ചെന്നെത്തുകയാണ് പതിവ്.കുമാരനാശാന്റെ ഒരു സ്തോത്രകൃതി കഴിഞ്ഞ് റോബര്‍ട്ടോ ബൊളാനോവിന്റെ കവിത,പിന്നെ ടാഗോര്‍ കൃതികളുടെ സമാഹാരത്തില്‍ നിന്ന് ഒരു ലേഖനം, ഈ മട്ടിലാണ് വായനയുടെ പോക്ക്.അതിനിടയില്‍ ആനുകാലികങ്ങളുടെ വായനയും മുടക്കം കൂടാതെ നടക്കുന്നു.
ഏത് രൂപത്തിലുള്ള എഴുത്തിലായാലും എഴുതുന്ന ആളും എഴുത്തും തമ്മിലുള്ള ആത്മബന്ധത്തിന്റെ അകൃത്രിമത്വം വളരെ പ്രധാനമാണെന്ന് ഞാന്‍ കരുതുന്നു.ഭാഷയുടെയോ ഘടനയുടെയോ ആശയത്തിന്റെയോ തലത്തിലുള്ള മേനിനടിപ്പ് എന്നെ വളരെ വേഗം കൃതിയില്‍ നിന്ന് അകറ്റിക്കളയും.അമോസ് ടുട്വോളയുടെ 'കള്ളുകുടിയനി'ലേതുപോലുള്ള ശുദ്ധമായ ഭ്രമാത്കത എനിക്കിഷ്ടമാണ്.പക്ഷേ,വെറുതെ കൌതുകം ജനിപ്പിക്കാനോ യഥാര്‍ത്ഥത്തില്‍ ഇല്ലാത്ത പുതുമയും ഗൌരവം കൃതിക്ക് ഉണ്ടാക്കാനോ ആയി ആഖ്യാനത്തെ വക്രീകരിക്കുന്ന രീതി വായനയില്‍ നിന്ന് പിന്തിരിയാന്‍ എന്നെ പ്രേരിപ്പിക്കും.അനാവശ്യം എന്ന് എനിക്ക് തോന്നിപ്പോവുന്ന വിശദാംശങ്ങളുടെ പെരുപ്പം,വിവരണങ്ങളിലെ ആഴക്കുറവ്,ദര്‍ശനത്തിന്റെ തലത്തില്‍ കൃതി അനുഭവപ്പെടുത്തുന്ന ഉപരിപ്ളവത ഇവയെയൊന്നും ഒരു ചെറിയ പരിധിക്കപ്പുറം സഹിച്ചുകൊടുക്കാന്‍ എനിക്ക് കഴിയാറില്ല.ആത്മീയാന്വേഷണങ്ങളുടെ ഗണത്തില്‍ പെടുന്ന കൃതികളില്‍ സാധാരണയിലും കവിഞ്ഞ ഭ്രമം പുലര്‍ത്തുന്നയാളാണ് ഞാന്‍.വളരെ നേരത്തേ തന്നെ ഈയൊരു താല്പര്യം എനിക്കുണ്ടായിരുന്നു.അത്തരം കൃതികളില്‍ മനുഷ്യജീവിതത്തിലെ ഭൌതിക പ്രശ്നങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ഞാന്‍ അന്വേഷിക്കാറില്ല.പക്ഷേ,സാധാരണ മനുഷ്യരെ അഭിസംബോധന ചെയ്യുന്നതായി ഭാവിക്കുകയും എന്നാല്‍ അവരുടെ ദൈനംദിനജീവിതത്തിലെ സര്‍വസാധാരണമായ പ്രതിസന്ധികളെ കുറിച്ച് അജ്ഞത ഭാവിച്ച് വെറുതെ വാചാലമാവുകയും ചെയ്യുന്ന ഒരു കൃതി എനിക്ക് അസഹനീയമായിത്തന്നെ അനുഭവപ്പെടും.വാചാലതയും രൂപകാത്മപ്രയോഗങ്ങളുടെ ആധിക്യവും ആത്മീയ രചനകളുടെ പൊള്ളത്തരത്തിനും കള്ളത്തരത്തിനുമുള്ള പിഴക്കാത്ത തെളിവാണെന്ന് ഞാന്‍ കരുതുന്നു.
ഒരു പുസ്തകം എന്നെ ആഴത്തില്‍ സ്പര്‍ശിക്കണമെങ്കില്‍ ഒന്നുകില്‍ അതിന്റെ ഉള്ളടക്കം എന്റെ ഉള്ളില്‍ തീക്ഷ്ണമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന താല്പര്യങ്ങളെയോ ജിജ്ഞാസകളെയോ അഭിസംബോധന ചെയ്യുന്നതായിരിക്കണം.(ഓരോ കാലത്തും അവ ഓരോന്നായിരിക്കും.)അല്ലെങ്കില്‍ അതിലെ ഏതെങ്കിലും സന്ദര്‍ഭങ്ങളോടോ മനോനിലകളോടോ അപൂര്‍ണമായെങ്കിലും ചാര്‍ച്ച പുലര്‍ത്തുന്ന എന്തെങ്കിലുമൊക്കെ എന്റെ ജീവിതത്തിലും എപ്പോഴെങ്കിലുമായി ഉണ്ടായിട്ടുണ്ടാവണം.ഈ രണ്ട് സംഗതികളും മുന്നുപാധികളായി വെച്ചുകൊണ്ടല്ല വായന തുടങ്ങുന്നത്.വായനക്കിടയില്‍ അവ ഏറ്റവും സ്വാഭാവികമായി അനുഭവവേദ്യമാവും.അത്ര തന്നെ.അങ്ങനെ സംഭവിക്കാത്ത കൃതികള്‍ക്ക് സാഹിതീയമോ വൈജ്ഞാനികമോ ആയ എന്തൊക്കെ മികവുകളുണ്ടായാലും അവയൊന്നും എന്റെ ആസ്വാദനത്തെയും മൂല്യനിര്‍ണയനത്തെയും അനുകൂലമായി സ്വാധീനിക്കാറില്ല.
കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷത്തിനുള്ളില്‍ ഞാന്‍ വായിച്ച കൃതികളില്‍ എന്നെ ഏറ്റവും അഗാധമായി സ്പര്‍ശിച്ച ഒന്ന് ഫെര്‍നാണ്‍ഡോ പെസ്സാഓവിന്റെ 'The Book of Disquiet' ആണ്.സര്‍ഗാത്മകതയുമായി ബന്ധപ്പെടുന്ന ആത്മരഹസ്യങ്ങളുടെ ഈ സമാഹാരത്തെ ലോകത്തെവിടെയുമുള്ള എഴുത്തുകാര്‍ നെഞ്ചോട് ചേര്‍ത്തുവെക്കുക തന്നെ ചെയ്യും.അലക്സാണ്ടര്‍ കോള്‍മാന്‍ എഡിറ്റ് ചെയ്ത ബോര്‍ഹസ്സിന്റെ തിരഞ്ഞെടുത്ത കവിതകളാണ് ഈ കാലയളവില്‍ വായിച്ച ഏറ്റവും ബ്രഹത്തും ഗംഭീരവുമായ കവിതാപുസ്തകം.ബൊളാനോയുടെ The Romantic Dogs ഉം ജീബാനന്ദദാസിന്റെ തിരഞ്ഞെടുത്ത കവിതകളുടെ സമാഹാരവും(പ്രസാധകര്‍: പെന്‍ഗ്വിന്‍) വലിയ താല്പര്യത്തോടെ വായിക്കാന്‍ കഴിഞ്ഞ പുസ്തകങ്ങളാണ്.പ്രശസ്തരായ പല വിദേശ എഴുത്തുകാരുടെയും നോവലുകള്‍ പിന്നിട്ട രണ്ട് വര്‍ഷത്തിനിടയില്‍ വായിച്ചിട്ടുണ്ട്.പലതും മികച്ച വായനാനുഭവങ്ങള്‍ തന്നെയായിരുന്നു.എന്നാല്‍ കുടകുകാരിയായ സരിതാ മന്തണ്ണയുടെ Tiger Hills തന്ന അനുഭവം വളരെ വ്യത്യസ്തമായ ഒന്നാണ്.Tiger Hills ലൈ എഴുത്ത് പഴയ മട്ടിലുള്ളതാണ്.ഒരു കുടുംബകഥയുടെ നേര്‍രേഖീയമായ പറച്ചില്‍. ഭാഷയുടെയും ദര്‍ശനത്തിന്റെയും തലങ്ങളില്‍ ഔന്നത്യമൊന്നും അവകാശപ്പെടാനില്ല.എങ്കിലും ഈ വലിയ ജീവിതകഥയിലെ അനുഭവചിത്രീകരണങ്ങളില്‍ പലതും വല്ലാത്ത നെഞ്ചിടിപ്പോടെയാണ് ഞാന്‍ വായിച്ചത്.നോവലിലെ പ്രധാന കഥാപാത്രങ്ങളുടെ മനോലോകങ്ങളുടെയും അവര്‍ കടന്നുപോവുന്ന ദുരന്തങ്ങളുടെയും ആവിഷ്ക്കാരത്തില്‍ എഴുത്തുകാരി കാണിച്ചിരിക്കുന്ന സരളമായ ആര്‍ജ്ജവം തിളങ്ങുന്ന അനേകം മുഹൂര്‍ത്തങ്ങള്‍ തീര്‍ത്തിട്ടുണ്ട് ഈ കൃതിയില്‍.കുടക് പശ്ചാത്തലമായി ഇംഗ്ളീഷില്‍ എഴുതപ്പെട്ട രണ്ടാമത്തെ നോവലാണിത്.ആദ്യത്തേത് കാവേരി നമ്പീശന്റെ The Scent of Pepper . വളരെ കുറച്ച് വൈജ്ഞാനികകൃതികളേ സമീപകാലത്തായി വായിച്ചിട്ടുള്ളൂ.അവയില്‍ ഏറ്റവും ശ്രദ്ധേയമായി തോന്നിയത് വിളയന്നൂര്‍ എസ്.രാമചന്ദ്രന്റെ The emerging mind ആണ്.സര്‍ഗാത്മകതയുടെ മസ്തിഷ്കപ്രേരണകളെയും കാരണങ്ങളെയും അന്വേഷിക്കുന്ന ഈ കൃതിയുടെ വായന ഓജസ്സും പ്രസാദവും നിറഞ്ഞ അനുഭവം തന്നെയായിരുന്നു.
വായനയില്‍ വന്ന വിദേശഭാഷാ കൃതികളെ കുറിച്ചു മാത്രമാണ് ഇത്രയും പറഞ്ഞത്. ഞാന്‍ കൂടുതല്‍ വായിക്കുന്നത് തീര്‍ച്ചയായും മലയാളകൃതികള്‍ തന്നെയാണ്.നമ്മുടെ കഥകളും നോവലുകളും കവിതകളും വൈദേശികകൃതികളോളം നിലവാരമില്ലാത്തവയാണെന്നോ ഇവിടുത്തെ എഴുത്തുകാര്‍ താരതമ്യേന കുറഞ്ഞ സര്‍ഗാത്മകതയുള്ളവരാണെന്നോ ഞാന്‍ കരുതുന്നില്ല.എന്നാല്‍ നമ്മുടേത് ഇപ്പോഴും പല തലങ്ങളിലും അടഞ്ഞുകിടക്കുന്ന ഒരു സമൂഹമാണ്.അനുഭവങ്ങളുടെ തുറന്നെഴുത്തിന് സര്‍ഗാത്മകസൌന്ദര്യവും ഗാംഭീര്യവും കൈവരുന്ന ഒരു എഴുത്തുരീതി ഇനിയും ഇവിടെ വികസിച്ചുവന്നിട്ടില്ല.മനുഷ്യന്റെ ഏറ്റവും പ്രാഥമികമായ അനുഭവങ്ങളുടെ ആവിഷ്ക്കാരം അശ്ളീലമോ അസുന്ദരമോ ആയി അനുഭവപ്പെടുന്ന ഒരു ഭാഷാസാംസ്കാരിക പരിസരത്താണ് നമ്മുടെ എഴുത്ത് നിലനില്‍ക്കുന്നത്. പുറമെ ഒരുപാട് മാറ്റങ്ങള്‍ സംഭവിക്കുമ്പോഴും അകമേ ആവര്‍ത്തനസ്വഭാവമുള്ള അനുഭവങ്ങളുടെ ഉന്മേഷരഹിതമായൊരു പരമ്പരയാണ് ഇന്നാട്ടിലെ സാധാരണ ജനജീവിതം.എഴുത്തുകാരുടെയും ചിന്തകന്മാരുടെയും ജീവിതവും വളരെയൊന്നും വ്യത്യസ്തമല്ല.ഇതുകൊണ്ടു തന്നെ മലയാളത്തിലെ ബഹുഭൂരിപക്ഷം സാഹിത്യരചനകള്‍ക്കും പല തലങ്ങളിലും ഒരു തരം തെളിച്ചക്കുറവും ചലനശേഷിയില്ലായ്കയും ആഴമില്ലായ്മയുമെല്ലാം വന്നുപോവുന്നുണ്ട്.വളരെ മൌലികവും വിപ്ളവകരവും ഉത്തരവാദിത്വപൂര്‍ണവുമായ പരീക്ഷണങ്ങള്‍ക്കു വേണ്ടി അതിയായി ദാഹിച്ചുകൊണ്ടിരിക്കുന്നുണ്ട് നമ്മുടെ സാഹിത്യം എന്ന തോന്നല്‍ ഓരോ ദിവസം കഴിയുന്തോറും എന്നില്‍ കൂടുതല്‍ കൂടുതല്‍ ശക്തിപ്പെട്ടുവരുന്നുണ്ട്.

(മാതൃകാന്വേഷി മാസിക(ചെന്നൈ),നവംബര്‍ 2011)

No comments:

Post a Comment