എന്റെ കവിത കൊട്ടാരമോ
ആപ്പീസോ നൃത്തശാലയോ അല്ല
ആരും എന്നേരവും വന്നുകയറുന്ന
സത്രമാണത്
അതിഥികള്‍ പല പ്രകൃതക്കാരാണ്
മല്ലന്മാരും മെലിഞ്ഞുണങ്ങിയവരുമുണ്ട്
കൊച്ചുസുന്ദരികളുണ്ട്
കുട്ടികളുണ്ട്
ആര്‍ക്കും വേണ്ടാതായ വൃദ്ധജനങ്ങളുണ്ട്
ഇടക്ക് ദൈവം വരും
മറ്റു ചിലപ്പോള്‍ ചെകുത്താനും സന്തതികളും
കള്ളന്മാര്‍
കവികള്‍
ശരീരം വിറ്റ് ജീവിക്കുന്ന പെണ്ണുങ്ങള്‍
പള്ളിപ്പെരുനാളും അമ്പലത്തിലെ ഉത്സവവും നോക്കി-
പ്പോവുന്ന ചെറിയ കച്ചവടക്കാര്‍
എല്ലാവരും വരുന്നു
പണക്കാരും പുരോഹിതന്മാരും ഇങ്ങോട്ട് കണ്ണുപായിക്കില്ല
ആള്‍ദൈവങ്ങളും മതപണ്ഡിതന്മാരും അങ്ങനെ തന്നെ
ഈ സത്രത്തില്‍ അവര്‍ക്ക് പ്രവേശനമില്ല
ജന്മവാസന കൊണ്ടെന്ന പോലെ അവരതറിയുന്നു
വഴിമാറിനടക്കുന്നു
സത്രമാണെങ്കില്‍ അവരെ കണ്ടിട്ടും കാണാത്ത മട്ടില്‍
ഇരിക്കുന്നു
എങ്ങുനിന്നോ വരാനുള്ള ഏതോ തെണ്ടിയെ കാത്ത്
ഒരു പറ്റം കോമാളികളെ കാത്ത്
സ്വര്‍ഗത്തില്‍ നിന്ന് പുറത്തായ മാലാഖമാരെ കാത്ത്
കാറ്റാടിയന്ത്രങ്ങളോട് മല്ലടിക്കുന്ന വിഡ്ഡിയെ കാത്ത്
പിന്നാരെയൊക്കെയോ കാത്ത്
ആവേശത്തോടെ
അതിലേറെ ആശങ്കയോടെ
വഴിയില്‍ കണ്ണും നട്ട്....
വഴിയില്‍ കണ്ണും നട്ട്....
(പ്രസക്തി മാസിക,ഡിസംബര്‍ 2011)
No comments:
Post a Comment