Pages

Tuesday, January 24, 2012

കൌമാരവായനയിലെ ബഷീര്‍

ആറാം ക്ളാസ്-ഏഴാം ക്ളാസ് വിദ്യാര്‍ത്ഥിയായിരുന്ന കാലത്താണ് വൈക്കം മുഹമ്മദ് ബഷീറിന്റെ പല കൃതികളും ഞാന്‍ വായിച്ചത്.ആദ്യം ‘ജീവിത നിഴല്‍പ്പാടുകള്‍’,പിന്നെ ‘മരണത്തിന്റെ നിഴലില്‍’,അതു കഴിഞ്ഞ് ‘സ്ഥലത്തെ പ്രധാന ദിവ്യന്‍’.ഇവയില്‍ ആദ്യത്തെ രണ്ടും ആ പ്രായത്തില്‍ വായിച്ച് മനസ്സിലാക്കാവുന്ന കൃതികളല്ല.സ്ഥലത്തെ പ്രധാന ദിവ്യന്‍ പക്ഷേ ഒരു കുട്ടിക്കും വലിയ താല്പര്യത്തോടെ വായിക്കാവുന്ന കഥയാണ്.
‘ജീവിതനിഴല്‍പാടുകള്‍’ രണ്ട് തരത്തിലാണ് എന്നെ സ്പര്‍ശിച്ചത്.ഒന്നാമത്തെ കാര്യം ആ കഥയിലെ ജീവിതദുരന്തം തന്നെ.വസന്തകുമാരിയുടെയും അബ്ബാസിന്റെയും തീക്ഷ്ണമായ ഹൃദയബന്ധത്തിന്റെ ആഴങ്ങളിലേക്കൊന്നും എനിക്ക് പ്രവേശിക്കാന്‍ കഴിഞ്ഞിരിക്കില്ല.എങ്കിലും വസന്തകുമാരിയുടെ മരണം എന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നുവെന്ന് ഇന്നും എനിക്കോര്‍മയുണ്ട്.രണ്ടാമത്തെ കാര്യം കഥ പറച്ചിലിലെ ആ വ്യത്യസ്തതയാണ്.അക്കാലത്ത് വളരെയധികം പുസ്തകങ്ങളൊന്നും ഞാന്‍ വായിച്ചിരുന്നില്ല.എഴുത്തിലെ വ്യത്യസ്തയെ കുറിച്ച് ആലോചിക്കാനുള്ള സാഹിത്യപരിചയം തന്നെ എനിക്കുണ്ടായിരുന്നില്ല.എങ്കിലും ഞാന്‍ വായിച്ച പുസ്തകം എന്തോ പ്രത്യേകതയുള്ള ഒന്നാണെന്ന തോന്നല്‍ എനിക്കുണ്ടായിരുന്നു.മരണത്തിന്റെ നിഴലിലും’ ‘സ്ഥലത്തെ പ്രധാന ദിവ്യനും’ വായിച്ചപ്പോള്‍ അതേ തോന്നല്‍ ഒന്നുകൂടി ശക്തമായി.
‘ജീവിതനിഴല്‍പാടുകളും' ‘ശബ്ദങ്ങളും' പോലുള്ള ചിലത് മാറ്റി നിര്‍ത്തിയാല്‍ ബഷീറിന്റെ മിക്ക കൃതികളും വാസ്തവത്തില്‍ മുതിര്‍ന്ന മനുഷ്യരിലെ കുട്ടികളെ അഭിസംബോധന ചെയ്യുന്നവയാണ്.മുതിര്‍ന്നവരുടെ പല പ്രവൃത്തികളും നമ്മുടെ സാധാരണ കാഴ്ചയുടേതല്ലാത്ത കോണില്‍ നിന്ന് കാണുമ്പോള്‍ യഥാര്‍ത്ഥത്തില്‍ കുട്ടിക്കളികള്‍ മാത്രമാണ് എന്ന ബോധ്യപ്പെടുത്തല്‍ കൂടിയാണ് അവയിലുള്ളതെന്നു പറയാം.ജീവിതത്തെ ആ മട്ടില്‍ സമീപിക്കാനാവുന്ന ഒരു മാനസികാവസ്ഥയില്‍ എത്തിക്കഴിഞ്ഞാല്‍ പിന്നെ എന്തിനെയും നിര്‍മ്മമമായും നേര്‍ത്ത ചിരിയോടെയും നോക്കിക്കാണാനാവും.
ആനവാരി രാമന്‍ നായര്‍,പൊന്‍കുരിശ് തോമാ,മണ്ടന്‍ മൂത്താപ്പാ,ഒറ്റക്കണ്ണന്‍ പോക്കര്,സൈനബ,കണ്ടമ്പറയന്‍ തുടങ്ങിയ കഥാപാത്രങ്ങളെല്ലാം കുട്ടികളിലും വലിയ കൌതുകം ജനിപ്പിക്കുന്നവരാണ്.പക്ഷേ,ഈ കഥാപാത്രങ്ങളെയും അവരുടെ വാക്കുകളെയും ചെയ്തികളെയുമെല്ലാം പൂര്‍ണമായി മനസ്സിലാക്കാന്‍ അവര്‍ മുതിര്‍ച്ച കൈവരിക്കുക തന്നെ വേണം.ഈ വൈരുദ്ധ്യം ബഷീര്‍ കഥകള്‍ക്ക് വ്യതിരിക്തമായ ഭംഗിയും കരുത്തും കൈവരുത്തുന്ന ഒരു ഘടകമാണ്.കഥാപാത്രങ്ങളെ കുട്ടികളുടെ ലോകത്തിലെന്ന പോലെ അവതരിപ്പിക്കുക,അതേ സമയം അവരിലേക്ക് എത്തിച്ചേരാന്‍ മനസ്സുകൊണ്ട് ഒരുപാട് വളരണമെന്ന അവസ്ഥ സൃഷ്ടിക്കുകയും ചെയ്യുക, ഈയൊരു വിദ്യയാണ് എഴുത്തില്‍ ബഷീര്‍ സൂക്ഷിച്ച മൌലികതയുടെ ഏറ്റവും കാതലായ ഘടകമെന്നു തോന്നുന്നു.
ഞാന്‍ സ്വന്തമായി കഥയും കവിതയുമൊക്കെ എഴുതുകയും സാഹിത്യത്തെ പറ്റി ഗൌരവമായി ആലോചിച്ചുതുടങ്ങുകയും ചെയ്യുന്ന കാലത്ത് കൌമാരപ്രായക്കാര്‍ക്കും യുവജനങ്ങള്‍ക്കും ബഷീര്‍ അത്ര വേണ്ടപ്പെട്ട ഒരെഴുത്തുകാരനായിരുന്നില്ല.തകഴി,ദേവ്,പൊറ്റെക്കാട്ട് എന്നിവരെപ്പോലെ അദ്ദേഹവും പുതിയ സാഹിതീയ ഭാവുകത്വം പങ്കുവെക്കാനാവാത്ത  പഴയ തലമുറയില്‍ പെട്ട ആളായാണ് പൊതുവേ മനസ്സിലാക്കപ്പെട്ടിരുന്നത്.ആധുനികതയുടെ കൊടുങ്കാറ്റും പേമാരിയും കുറച്ചൊന്നടങ്ങിത്തുടങ്ങിയപ്പോഴാണ് വായനക്കാര്‍ക്ക് സ്വബോധം വീണ്ടുകിട്ടിയത്.ആ ഒരു ഘട്ടത്തിലാണ്,അതായത് എണ്‍പതുകളുടെ ആരംഭം മുതല്‍ക്കാണ് ബഷീറിന്റെ വലുപ്പം വായനാസമൂഹം കൃത്യമായി തിരിച്ചറിഞ്ഞ് അംഗീകരിച്ചുതുടങ്ങിയത്.അതിനും രണ്ടുമൂന്നു ദശകങ്ങള്‍ക്കു മുമ്പേ സാധാരണവായനക്കാരും കേസരിയും എം.പി.പോളും അടക്കമുള്ള നിരൂപകരും ബഷീറിനു നല്‍കിയ വലിയ അംഗീകാരത്തിന്റെ കാര്യമൊന്നും ഇടക്കാലത്തെ യുവവായനക്കാരുടെ പൊതുബോധത്തെ കാര്യമായി സ്വാധീനിച്ചിരുന്നില്ല.ഈ പറഞ്ഞ  നിരൂപകരെ പോലും അവര്‍ വേണ്ടത്ര ഗൌനിച്ചിരുന്നില്ല.നമ്മുടെ സംസ്കാരചരിത്രത്തില്‍ നിന്നും രാഷ്ട്രീയ ചരിത്രത്തില്‍ നിന്നുമെല്ലാമുള്ള അപകടകരമായ ഒരു സമ്പൂര്‍ണവിച്ഛേദമെന്ന പോലെയാണ് നന്നേ ചെറിയ ഒരു കാലയളവിലെങ്കിലും ആധുനികത പ്രവര്‍ത്തിച്ചത്.അതിന്റെ ഭാവുകത്വലഹരി തലയ്ക്കു പിടിച്ചവര്‍ എണ്‍പതുകളുടെ ആരംഭത്തില്‍ പോലും ബഷീറിനെ വേണ്ടത്ര ഗൌരവത്തിലെടുത്തിരുന്നില്ല എന്നതാണ് വാസ്തവം.1980 ല്‍ ഒരു ഗ്രാമീണ സാഹിത്യസദസ്സില്‍ ബഷീറിനെ കുറിച്ചൊരു പ്രബന്ധം അവതരിപ്പിച്ച് സംസാരിച്ച എന്നോട് സദസ്സിലുണ്ടായിരുന്ന ഭേദപ്പെട്ട ഒരു വായനക്കാരന്‍ ചോദിച്ചു:'സത്യത്തില്‍ ഇത്രയ്ക്കൊക്കെ ഉണ്ടോ,എന്തായാലും നമ്മുടെ വി.ക.എന്നിന്റെ അത്രയും വരുമോ?'
  ബഷീറിന്റെ അന്ന് ലഭ്യമായിരുന്ന എല്ലാ കൃതികളും പത്താം ക്ളാസ്സിനുമുമ്പ് ഞാന്‍ വായിച്ചു കഴിഞ്ഞിരുന്നു.അദ്ദേഹം മറ്റെല്ലാ എഴുത്തുകാരില്‍ നിന്നും വേറിട്ടുനില്‍ക്കുന്നു എന്ന് മനസ്സിലാക്കുകയും ചെയ്തിരുന്നു.എങ്കിലും ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നും പാത്തുമ്മയുടെ ആടും ഉള്‍പ്പെടെയുള്ള കൃതികളുടെയെല്ലാം യഥാര്‍ത്ഥമായ വലുപ്പും പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് മനസ്സിലായത്.ഭാഷയുടെ തലത്തില്‍ അങ്ങേയറ്റത്തെ ശുദ്ധിയും ലാളിത്യവും പുലര്‍ത്തുന്ന ആ കൃതികള്‍ എന്തെന്തെല്ലാം വികാരവിചാരങ്ങളുടെ ദൃശ്യവും അദൃശ്യവുമായ ഉറവുകളെയാണ് ഉള്ളില്‍ കൊണ്ടുനടക്കുന്നത് എന്ന് അത്ഭുതാദരങ്ങളോടെയാണ് ഓരോ വായനയിലും പുതുതായി തിരിച്ച
റിഞ്ഞത്.ബഷീര്‍കൃതികള്‍ ഓരോന്നിനും അതാതിന്റെ അകക്കനവും ഭംഗിയുമുണ്ട്.എങ്കിലും ഒരു മുന്‍ഗണനാക്രമത്തിനു ശ്രമിക്കുമ്പോള്‍ എന്റെ മനസ്സില്‍ ഒന്നാമതായി വരുന്നത് ‘ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന് ’ ആണ്.രണ്ടാമത് ‘ പാത്തുമ്മായുടെ ആട് ’. മൂന്നാമത് ആ ആട് നിര്‍ഭയം തിന്നുകളഞ്ഞ ‘ശബ്ദങ്ങള്‍ ’.
(മാതൃകാന്വേഷി മാസിക, ജനവരി 2012)

No comments:

Post a Comment