Pages

Monday, January 16, 2012

പ്രതീതികളില്‍ നിന്നുള്ള മോചനം

യാഥാര്‍ത്ഥ്യത്തിന്റെ സ്ഥാനം പ്രതീതികള്‍ കയ്യടക്കുക എന്നത് ആധുനികോത്തരലോകത്തിലെ സാമാന്യാനുഭവങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്.മാങ്കോ ഫ്രൂട്ടി മാങ്ങയെ പുറന്തള്ളുന്ന ലോകം.ആധുനികോത്തരതയെ സൈദ്ധാന്തികമായി എതിര്‍ക്കുന്നു എന്നതുകൊണ്ടു മാത്രം ആര്‍ക്കും  ഈ അനുഭവത്തില്‍ നിന്ന് വിട്ടുനില്‍ക്കാനാവില്ല.അതിന്റെ അര്‍ത്ഥം അനുഭവങ്ങളെല്ലാം ഇല്ലാതായിക്കഴിഞ്ഞുവെന്നോ ജീവിതത്തിന്റെ സമസ്തമേഖലകളിലും ഒരേ അളവിലും രീതിയിലും പ്രതീതികള്‍ യാഥാര്‍ത്ഥ്യത്തെ പുറന്തള്ളി അധികാരം കയ്യടക്കിയിരിക്കുന്നുവെന്നോ അല്ല.വിശപ്പ് ഇപ്പോഴും വിശപ്പ് തന്നെ.പീഡനം ഇപ്പോഴും പീഡനം തന്നെ.ദരിദ്രനായ ഒരു രോഗിയുടെ വേദനയും അനാഥത്വവും വേദനയും അനാഥത്വവും തന്നെ.പ്രതീതികള്‍ അധികാരം നടത്തുന്ന മേഖലകളില്‍ ഏറ്റവും പ്രധാനപ്പെട്ടവ മനുഷ്യന്റെ കേവല നിലനില്‍പുമായി ബന്ധപ്പെട്ട ഭൌതികാവശ്യങ്ങള്‍ക്കപ്പുറത്തുള്ളവയാണ്.അവയില്‍ ഏറ്റവുമധികം പ്രശ്നവല്‍കൃതമായിക്കഴിഞ്ഞ ഇടങ്ങള്‍  സാഹിത്യം,കല,ദര്‍ശനം,പ്രത്യയശാസ്ത്രം എന്നിവയുടെ നിര്‍മാണവും പ്രയോഗവുമായി ബന്ധപ്പെട്ടവയാണ്.
കവിത എന്ന് ഇന്ന് അംഗീകരിക്കപ്പെടുന്നവയെല്ലാം സത്യത്തില്‍ കവിത തന്നെയാണോ?മഹത്തായ കഥ എന്ന് ഏതെങ്കിലും കഥയെ കുറിച്ച് ഒരു പ്രസാധകനോ നിരൂപകനോ നടത്തുന്ന പ്രസ്താവം  വാസ്തവത്തില്‍ വിശ്വസനീയവും അംഗീകാര്യവുമാണോ?ഗംഭീരമായ ചിത്രങ്ങള്‍ എന്ന് കൊണ്ടാടപ്പെടുന്നവയെല്ലാം യഥാര്‍ത്ഥത്തില്‍ അങ്ങനെ തന്നെയാണോ?ഉദാത്തമായ സിനിമ എന്ന് കുറച്ചുപേര്‍ അല്ലെങ്കില്‍ ഒരുപാടുപേര്‍ വാഴ്ത്തിപ്പറയുന്ന സിനിമ സത്യത്തില്‍ അങ്ങനെ തന്നെയാണോ?ദര്‍ശനം എന്ന വകുപ്പില്‍ പെടുത്തി പുറത്തിറക്കപ്പെടുന്ന ചിന്തകളും നിരീക്ഷണങ്ങളും യഥാര്‍ത്ഥത്തില്‍ ദര്‍ശനം തന്നെയാണോ?രാഷ്ട്രീയത്തില്‍ നാം കാണുന്നതും കേള്‍ക്കുന്നതുമായ സംഗതികളെല്ലാം രാഷ്ട്രീയം തന്നെയാണോ?എന്നിങ്ങനെയുള്ള നൂറുനൂറ് സംശയങ്ങളെ പലപ്പോഴായി നാമെല്ലാം അഭിമുഖീകരിക്കുന്നുണ്ട്.
ഒരു കലാസൃഷ്ടി സത്യമാണോ അസത്യമാണോ, അത് ആവശ്യമാണോ അനാവശ്യമാണോ,സ്വാഭാവികമാണോ കൃത്രിമമാണോ എന്നൊക്കെ തിരിച്ചറിയാനുള്ള അവകാശം തീര്‍ച്ചയായും ഏത് വ്യക്തിക്കുമുള്ളതാണ്.പക്ഷേ,വ്യക്തികള്‍ക്ക് ഈ അവകാശം സ്വതന്ത്രമായും ആത്മവിശ്വാസപൂര്‍ണ്ണമായും പ്രയോഗിക്കാന്‍ പറ്റുന്ന ഭാവുകത്വപരിസരം തന്നെയായിരിക്കും എല്ലായ്പ്പോഴും ഭാഷയില്‍ നിലനില്‍ക്കുക എന്നു പറയാനാവില്ല. സമ്പത്തിന്റെ ഉല്പാദനത്തിനും വിതരണത്തിനുമുള്ള സംവിധാനത്തെയും അതിന്റെ ഉപോല്പന്നങ്ങളായ മറ്റു ഘടകങ്ങളെയും മറികടന്ന് സ്വതന്ത്രമായ ആസ്വാദനത്തിന്റെയും മൂല്യനിര്‍ണയനത്തിന്റെയും അന്തരീക്ഷം രൂപപ്പെടണമെന്നത് ശുദ്ധാത്മാക്കളുടെ ആഗ്രഹചിന്ത മാത്രമല്ലാതാവുന്ന സന്ദര്‍ഭങ്ങള്‍ വിരളമാണ്.ഇപ്പോഴാണെങ്കില്‍ അത്തരത്തിലുള്ള ശുദ്ധാത്മാക്കള്‍ക്കു തന്നെയും വംശനാശം സംഭവിച്ചുകൊണ്ടിരിക്കയുമാണ്.
അനുഭവസ്വീകരണത്തിന്റെയും സൌന്ദര്യസങ്കല്പങ്ങളുടെയും വൈകാരികപ്രതികരണങ്ങളുടെയുമെല്ലാം ഘടനയില്‍ കാലം വരുത്തുന്ന  മാറ്റങ്ങളെ മുഴുവന്‍  സ്വാഭാവികമെന്നു കരുതി അംഗീകരിക്കുന്നത് അരാഷ്ട്രീയതയോടൊപ്പം സാമ്പത്തികവും സാംസ്കാരികവുമായ അധികാരകേന്ദ്രങ്ങളോടുള്ള രാഷ്ട്രീയ വിധേയത്വം കൂടിയാണ്.മാറ്റങ്ങളില്‍ പലതും അധീശശക്തികള്‍ പ്രത്യക്ഷവും അല്ലാത്തതുമായ പല മാര്‍ഗങ്ങളിലൂടെ ഉല്പാദിപ്പിക്കുന്നവയാണ്.പുതിയ ലോകസാഹചര്യത്തില്‍ ഇങ്ങനെ കൃത്രിമമായി ഉല്പാദിപ്പിക്കപ്പെടുന്ന മാറ്റങ്ങളും താല്പര്യങ്ങളും സൌന്ദര്യസങ്കല്പങ്ങളും സ്വാഭാവികമായുള്ളവയുമായി കൂടിക്കലരുകയും പലപ്പോഴും അവയെ തമ്മില്‍ തിരിച്ചറിയാനാവാത്ത സാഹചര്യം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നുണ്ട്.അന്തര്‍ദ്ദേശീയ മാര്‍ക്കറ്റിനെ ലക്ഷ്യം വെച്ച് നിര്‍മിക്കപ്പെടുന്ന ഒരു ചലച്ചിത്രം സാങ്കേതിക മികവുകളുടെയും സംവിധായകന്റെ കയ്യൊതുക്കത്തിന്റെയും മറ്റും പേരില്‍ പ്രശംസിക്കപ്പെടാം.പലര്‍ക്കും അത് സുന്ദരമായി അനുഭവപ്പെടുകയും ചെയ്യാം. നിര്‍മിക്കപ്പെട്ട രാജ്യത്തെ ജനങ്ങളുടെ വൈകാരികാവശ്യങ്ങളില്‍ നിന്നും അന്തസ്സംഘര്‍ഷങ്ങളില്‍ നിന്നും ആ ചിത്രം എത്രയോ അകലെയാണെന്ന കാര്യം മിക്കവാറും ആരും ശ്രദ്ധിച്ചേക്കില്ല.ആരെങ്കിലുമൊക്കെ ശ്രദ്ധിച്ചാല്‍ തന്നെ പൊതുചര്‍ച്ചയിലേക്ക് വരും മുമ്പ് അത് അമര്‍ച്ച ചെയ്യപ്പെടും.അത്രയേറെ ഉപരിപ്ളവവും അനുകരണാത്മകവും വിധേയത്വപൂര്‍ണവുമൊക്കെയായിത്തീര്‍ന്നിട്ടുണ്ട് പൊതുവില്‍ നമ്മുടെ കലാസ്വാദനത്തിന്റെ ലോകം.
ഭാവുകത്വത്തെ സ്വാധീനിക്കുന്ന ഭൌതികവും ചരിത്രപരവുമായ യാഥാര്‍ത്ഥ്യങ്ങളുടെ വിവരണവും വിശകലനവും സാഹിത്യനിരൂപണത്തിന്റെ അടിസ്ഥാനഘടകമായി വര്‍ത്തിക്കുക എന്ന ആശയം വലിയ തോതില്‍ അവഗണിക്കപ്പെടുന്ന കാലമാണിത്.ചരിത്രത്തെ അതിലെ വിവരങ്ങളുടെ കൌതുകമൂല്യത്തില്‍ ഊന്നി  വിപണനം ചെയ്യുക എന്നതിലപ്പുറം അതിനെ മനുഷ്യന്റെ മറ്റ് ജീവിതവ്യവഹാരങ്ങളില്‍ ഉള്‍ച്ചേര്‍ത്ത് അവയ്ക്ക് കൂടുതല്‍ അര്‍ത്ഥഗൌരവവും സൌന്ദര്യവും കൈവരുത്തുക എന്ന രീതി സമൂഹത്തിന് പൊതുവേ സ്വീകാര്യമല്ലാതായിത്തീര്‍ന്നിട്ടുണ്ട്.വിനോദസഞ്ചാര വ്യവസായത്തിന് ആവശ്യമായതില്‍ കവിഞ്ഞുള്ള ചരിത്രബോധം ആര്‍ക്കും ആവശ്യമില്ല എന്ന മനോഭാവമാണ് ഉന്നതവിദ്യാഭ്യാസരംഗത്തുപോലും പ്രോത്സാഹിപ്പിക്കപ്പെടുന്നത്.ദ്രുതഗതിയിലുള്ള മുതലാളിത്ത വികസനവുമായി ബന്ധപ്പെട്ട വ്യവഹാരങ്ങള്‍ക്ക് അതില്‍ കവിഞ്ഞ ഒരു ചരിത്രബോധം ആവശ്യമില്ല.അതുകൊണ്ട് 'എന്ത് ചരിത്രം?അത് ഇത്രയൊക്കെ മതി' എന്ന് ബന്ധപ്പെട്ട അധികാരകേന്ദ്രങ്ങള്‍ തീരുമാനിക്കുന്നു.ചരിത്രത്തോടൊപ്പം ദര്‍ശനവും സാമൂഹ്യബോധവുമെല്ലാം അവമതിക്കപ്പെടുന്നു.ഇതിന് വിപരീതമായ ആശയങ്ങളെ പൊതുബോധത്തില്‍ സജീവമാക്കി നിലനിര്‍ത്തണമെങ്കില്‍  ദീര്‍ഘവീക്ഷണമുള്ള ഇടതുപക്ഷ ബഹുജനപ്രസ്ഥാനങ്ങള്‍ ആ ഉത്തരവാദിത്വം ഏറ്റെടുത്ത് സാംസ്കാരികരംഗത്ത് പ്രവര്‍ത്തിക്കുക തന്നെ വേണം.അതിനു പകരം തികച്ചും അനാത്മാര്‍ത്ഥമായ മേനിനടിപ്പിലും ഭൃത്യമനോഭാവത്തിലും കലാസാഹിത്യരംഗങ്ങളിലെ പ്രവര്‍ത്തനങ്ങളെ ഇടതുപക്ഷം തന്നെ ഒതുക്കിനിര്‍ത്തിയാല്‍ രണ്ട് നഷ്ടങ്ങളാണ് സംഭവിക്കുക
1. ഇത്തരം കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ ഇടതുപക്ഷക്കാര്‍ക്ക് കെല്പില്ല എന്ന് പണ്ടുതൊട്ടെ വലതുപക്ഷക്കാരും ശുദ്ധകലാവാദികളും പറഞ്ഞുനടന്നത് ശരിയാണ് എന്ന് സംശയരഹിതമായി സ്ഥാപിക്കപ്പെടും.
2. ജനതയുടെ ഭാവുകത്വത്തിനുമേല്‍ വ്യാപാരയുക്തികള്‍ക്കുള്ള നിയന്ത്രണവും അധികാരവും ഒന്നുകൂടി ശക്തിപ്പെടും.ജനകീയ കലാചിന്തയും കലാപ്രവര്‍ത്തനങ്ങളും കാലോചിതമായി നേടിയെടുക്കേണ്ടുന്ന വളര്‍ച്ചയും വികാസവും അസാധ്യമാവും.വ്യാജഭാവുകത്വത്തിന്റെ അടിമകളായ ചിലര്‍ ഇടതുപക്ഷം എന്ന ലേബല്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ കലാസാഹിത്യരംഗങ്ങളിലെ കപടവും നിരുത്തരവാദിത്വപൂര്‍ണവും ജനവിരുദ്ധവുമായ വ്യാപാരങ്ങളെ ഉത്സാഹപൂര്‍വം പിന്തുണക്കുന്നതിന് മറ്റുള്ളവര്‍ നിശ്ശബ്ദമായി  സാക്ഷ്യം വഹിക്കേണ്ടിവരും.
                                          പ്രൊഫഷനലാവുക എന്നാല്‍
നമ്മുടെ എഴുത്തുകാര്‍ വേണ്ടത്ര പ്രൊഫഷനലാവുന്നില്ല എന്നൊരു പരാതി ഇടക്കിടെ പലരില്‍ നിന്നായി കേള്‍ക്കാറുണ്ട്.പ്രൊഫഷനലാവുക ഏന്നതിന് എന്താണര്‍ത്ഥം?തുടര്‍ച്ചയായി എഴുതുക,ധാരാളമായി എഴുതുക,എഴുത്തിനെ ഒരു പ്രൊഫഷന്‍ എന്ന പോലെ സ്വീകരിച്ച് മുഴുവന്‍ സമയ എഴുത്തുകാരായി ജീവിക്കുക,എഴുതാനുള്ള കരുക്കള്‍ നേടിയെടുക്കുന്നതിലും പുതിയ ആഖ്യാനതന്ത്രങ്ങള്‍ വശത്താക്കുന്നതിലും നിരന്തര ജാഗ്രത പുലര്‍ത്തുക എന്നിവയൊക്കെ ഇതുകൊണ്ടര്‍ത്ഥമാക്കാം.പക്ഷേ ഈ പറഞ്ഞവയൊന്നുമല്ല,പുതിയ ലോകം ആവശ്യപ്പെടുന്ന മാനേജ്മെന്റ് തന്ത്രങ്ങളും വിപണന തന്ത്രങ്ങളും മലയാളത്തിലെ പല എഴുത്തുകാരും സ്വായത്തമാക്കുന്നില്ല എന്നതാണ് പ്രൊഫഷണലിസത്തിനു വേണ്ടി വാദിക്കുന്നവര്‍ അര്‍ത്ഥമാക്കുന്ന കാര്യം.അവരുടെ വാദങ്ങളുടെ വിശദാംശങ്ങളെ കുറച്ചൊന്നു പിന്തുടര്‍ന്നാല്‍ ആര്‍ക്കും അത് ബോധ്യമാവും.
‘ഒരു ബിസിനസ് സ്ഥാപനം വിജയിച്ചു മുന്നേറണമെങ്കില്‍ വ്യാപാരലോകത്തെ നിയന്ത്രിക്കുന്ന നിയമങ്ങളെയും യുക്തികളെയും പിന്‍പറ്റിയേ മതിയാവൂ.കവിതയെഴുത്ത് ഉള്‍പ്പെടെയുള്ള സാഹിത്യവ്യവഹാരങ്ങളും ഇങ്ങനെ സ്വന്തം വിജയം ഉറപ്പുവരുത്തുന്ന ചില ബാഹ്യയുക്തികളെ പിന്‍പറ്റണം.വ്യാപാരലോകം രൂപപ്പെടുത്തുന്ന സൌന്ദര്യസങ്കല്പങ്ങളെയും ദര്‍ശനത്തെയും വിപണന തന്ത്രങ്ങളെയും അവ അനുസരിക്കണം.അതിനു തയ്യാറാവാത്ത എല്ലാ എഴുത്തും പിന്‍തള്ളപ്പെടും.അങ്ങനെ പിന്‍തള്ളപ്പെടുന്നവ കാലത്തിന് ആവശ്യമില്ലാത്തവയാണ്. ഈ വസ്തുത തിരിച്ചറിഞ്ഞ് പെരുമാറാന്‍ പറ്റാത്ത ഗതികേടിലാണ് മലയാളത്തിലെ പല എഴുത്തുകാരും അകപ്പെട്ടുപോയിരിക്കുന്നത് ’ - നമ്മുടെ പ്രൊഫഷണല്‍ വാദികളുടെ പറച്ചിലിന്റെ പൊരുള്‍ ഇത്രയുമൊക്കെയാണ്.കഥയെഴുത്തും കവിതയെഴുത്തും ചിത്രം വരയുമെല്ലാം ഈയൊരു സ്പിരിറ്റില്‍ നിര്‍വഹിക്കപ്പെടുന്ന അവസ്ഥ ലോകത്തെമ്പാടും നിലവിലുണ്ട് എന്നത് വാസ്തവമാണ്.കലാസൃഷ്ടികള്‍ സാധ്യമാക്കുന്ന അനുഭൂതികളെയും ആശയങ്ങളെയും  കുറിച്ചുള്ള അന്വേഷണം വിപണി സൃഷ്ടിക്കുന്ന ഭാവുകത്വപരിസരത്തില്‍ വെച്ച് മാത്രം നിര്‍വഹിക്കപ്പെടുകയും കലാസ്വാദനത്തിലെ മറ്റ് സാധ്യതകളെല്ലാം അപരിചിതമായിത്തീരുകയും ചെയ്യുന്ന അവസ്ഥയിലേക്ക്  വലിയരൊളവോളം കേരളവും എത്തിച്ചേര്‍ന്നു കഴിഞ്ഞു.ഇതിനെ പ്രതിരോധിക്കുന്നതിന് ആവശ്യമായ സൈദ്ധാന്തികവും പ്രായോഗികവുമായ അന്വേഷണങ്ങളില്‍ ഇടതുപക്ഷ സാംസ്കാരികപ്രവര്‍ത്തകര്‍ക്കു മാത്രമേ താല്പര്യമുണ്ടാകാനിടയുള്ളു.അവരും ആ താലപര്യം, അല്ലെങ്കില്‍ നിലപാട് ഉപേക്ഷിച്ചു കഴിഞ്ഞാല്‍ സാംസ്കാരിക പ്രവര്‍ത്തനത്തിന്റെ മേഖലയിലുണ്ടാവുന്ന വിടവ് മറ്റൊന്നുകൊണ്ടും നികത്താനാവില്ല.
 കലാബാഹ്യവും വ്യാപാരോന്മുഖവുമായ സ്വാധീനങ്ങള്‍ സര്‍ഗാത്മകപ്രവര്‍ത്തനങ്ങളുടെ മേഖലയെ  ഏതളവ് വരെ,എങ്ങനെയെക്കെ സ്വാധീനിച്ചാലും അവയുടെ നിര്‍ണയനങ്ങളെയെല്ലാം നിസ്സാരമാക്കിക്കൊണ്ട് ജൈവികമായ കരുത്തും സൌന്ദര്യവുമാര്‍ജിച്ച് മുന്നേറുന്ന ഒരു ധാര സാഹിത്യത്തിലും ഇതരകലകളിലും നിലനില്‍ക്കുക തന്നെ ചെയ്യും.സാഹചര്യങ്ങള്‍ തികച്ചും പ്രതികൂലമാവുമ്പോള്‍ ആ ധാര വല്ലാതെ നേര്‍ത്തുപോവാം.ചിലപ്പോള്‍ അത് പൊതുസമ്മതമായ ഭാവുകത്വത്തില്‍ നിന്ന് വളരെ അകലേക്ക് പുതുചാലുകള്‍ കീറി ഒഴുകിനീങ്ങാം.പുതിയ മനസ്സുകളെ നനച്ചും കുളിര്‍പ്പിച്ചും അവ അധീശഭാവുകത്വത്തിന്റെ ധാരകളെ അപ്രസക്തമാക്കാം.ഇത്തരത്തിലുള്ള എല്ലാ സാധ്യതകളെയും ജാഗ്രതയോടെ പിന്തുടരുകയും വ്യാപാരവിരുദ്ധമായ സര്‍ഗാത്മകതയുടെ എല്ലാ കുതിപ്പുകളെയും ജനജീവിതത്തിന്റെ ഹൃല്‍സ്പന്ദങ്ങളുമായി ചേര്‍ത്ത് പുതിയ ആശയലോകങ്ങളും വൈകാരികഘടനകളും സൃഷ്ടിക്കുകയും ചെയ്യുന്ന പ്രവൃത്തി മാത്രമേ ഇടതുപക്ഷ സാംസ്കാരിക പ്രവര്‍ത്തനം എന്ന പേരിന് അര്‍ഹമാവുകയുള്ളൂ.അല്ലാതുള്ള എല്ലാ മേനിനടിപ്പുകളും പരിഹാസ്യമാണെന്ന് നടിപ്പുകാരൊഴിച്ചുള്ള എല്ലാവരും തിരിച്ചറിയുക തന്നെ ചെയ്യും.

No comments:

Post a Comment