Pages

Tuesday, February 14, 2012

വാക്കുകള്‍ വെറുതെ വേഷംകെട്ടുമ്പോള്‍

കണ്ണൂര്‍ പയ്യാമ്പലത്ത് സുകുമാര്‍ അഴീക്കോടിന്റെ ശവസംസ്കാരച്ചടങ്ങിനു ശേഷം ചേര്‍ന്ന അനുശോചനയോഗത്തെ കുറിച്ച് 2012 ജനവരി 26 ന്റെ മാതൃഭൂമിപത്രത്തില്‍ വന്ന വാര്‍ത്തയുടെ ആദ്യഖണ്ഡിക ഉദ്ധരിക്കാം: " കഷ്ടപ്പെടുന്നവര്‍ക്കും ദുരിതമനുഭവിക്കുന്നവര്‍ക്കുമൊപ്പം ജീവിതാവസാനം വരെ ആത്മാര്‍ത്ഥമായി അടിപതറാതെ ഉറച്ചു നിന്ന വ്യക്തിയാണ് സുകുമാര്‍ അഴീക്കോടെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്ചുതാനന്ദന്‍ പറഞ്ഞു.മാതൃകാപരമായ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ജനങ്ങള്‍ പിന്തുടരണം.സാമ്രാജ്യത്വത്തിനും നാടുവാഴിത്തത്തിനും ചൂഷകവ്യവസ്ഥയ്ക്കുമെതിരെ പോരാടി ജീവന്‍ ത്യജിച്ച ധീരരുറങ്ങുന്ന പയ്യാമ്പലത്തിന്റെ മണ്ണില്‍ വാഗ്ഭടാനന്ദന്റെയും ശ്രീനാരായണഗുരുവിന്റെയും ഗാന്ധിജിയുടെയും ശിഷ്യത്വം സ്വീകരിച്ച് സമൂഹത്തെ പുരോഗതിയിലേക്ക് നയിച്ചും അനീതിക്കെതിരെ ധീരമായി പോരാടിയും ജീവിച്ച അഴീക്കോടും ലയിച്ചുചേര്‍ന്നു- അദ്ദേഹം പറഞ്ഞു.''
ഇനി ദേശാഭിമാനി വാരികയില്‍ 'വാക്കുകള്‍ ചേക്കേറിയ വന്മരം' എന്ന ശീര്‍ഷകത്തില്‍ പത്രാധിപര്‍ കെ.പി.മോഹനന്‍മാഷ് എഴുതിയ 'മുഖമൊഴി'യിലെ ആദ്യവാക്യങ്ങള്‍ നോക്കുക:"വാക്കുകള്‍ ചേക്കേറിയ ഒരു വന്മരം മഹാകാലത്തില്‍ ഒരു ദീപ്തസ്മരണയായി മാറി.നിരാലംബമായ വാക്കുകളുടെ നിശ്ശബ്ദരോദനം മലയാളം അന്തരിന്ദ്രിയങ്ങളാല്‍ അനുഭവിച്ചറിയുകയാണ്.''
വാരാദ്യമാധ്യമത്തില്‍ കവി രാവുണ്ണി എഴുതിയ 'ക്ഷുഭിതസാഗരം' എന്ന ലേഖനത്തിന്റെ അവാസാനവാക്യങ്ങള്‍ കൂടി ഇതിന്റെ തുടര്‍ച്ചയായി വായിക്കുക:"സ്നേഹിച്ച് കൊതി തീര്‍ന്നിട്ടില്ല ഞങ്ങള്‍ക്ക്.ആരാധിച്ച് കൊതി തീര്‍ന്നിട്ടില്ല ഞങ്ങള്‍ക്ക്.കണ്ടും കേട്ടും മതിയായില്ല ഞങ്ങള്‍ക്ക്.പഞ്ചഭൂതാത്മകമായ ആ ശരീരത്തെ ഞങ്ങള്‍ മക്കള്‍ കാലത്തിന് തിരിയെ ഏല്പിക്കുന്നു.പകരം ആ വാക്കുകള്‍ ഞങ്ങള്‍ ഏറ്റെടുക്കുന്നു.അവ വിത്തുകളാണ്.ഞങ്ങളുടെ ഭാവികാലത്തിലേക്കുള്ള അന്നം..''ചരമപ്രസംഗത്തിനുള്ള വേദി ആരെക്കുറിച്ചും മോശം പറയാനുള്ളതല്ല എന്ന സാമാന്യമര്യാദയുടെ അടിസ്ഥാനങ്ങള്‍ എന്തുമാകട്ടെ.ആ മര്യാദ എല്ലാ സമൂഹങ്ങളും. നിലനിര്‍ത്തിപ്പോരുന്നതാണ്. എന്നാല്‍ അസത്യത്തിന്റെ വേഷപകര്‍ച്ചകള്‍ മാത്രമായ അത്യുക്തികള്‍ക്ക് അത് ന്യായീകരണമാവുകയില്ല.
സുകുമാര്‍ അഴീക്കോടിനെ വ്യക്തി എന്ന നിലയില്‍ എനിക്ക് അടുത്തറിയില്ല.മൂന്ന് തവണ അദ്ദേഹത്തോടൊപ്പം വേദി പങ്കിട്ടിരുന്നെങ്കിലും അപ്പോഴൊന്നും അദ്ദേഹത്തെ പരിചയപ്പെടണമെന്നോ എന്തെങ്കിലും സംസാരിക്കണമെന്നോ എനിക്ക് തോന്നിയതേയില്ല.അദ്ദേഹത്തെ കുറിച്ച് ഒരുപാട് നല്ല കാര്യങ്ങള്‍ പറയാനുള്ളവരായി വളരെയേറെപ്പേര്‍ ഉണ്ടായേക്കാം.അവരോട് വിയോജിക്കുകയോ തര്‍ക്കിക്കുകയോ ചെയ്യുക എന്ന മഠയത്തരത്തിന് ഞാന്‍ മുതിരില്ല.ഒരു വ്യക്തിയെ കുറിച്ചുള്ള എന്റെ പ്രതീതികള്‍ മറ്റൊരു തരത്തിലാണ് എന്നതുകൊണ്ടു മാത്രം സ്വാനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ കുറിച്ച് നല്ലതു പറയുന്നവര്‍ നുണപറയുകയാവുമെന്ന് പറയുകയോ കരുതുക പോലുമോ ചെയ്യാന്‍ ഞാന്‍ ഒരുമ്പെടില്ല.പക്ഷേ,സുകുമാര്‍ അഴീക്കോടിന്റെ സാഹിത്യസാംസ്ക്കാരിക രാഷ്ട്രീയ സംഭാവനകളെ കുറിച്ച് ആളുകള്‍ അതിവാചാലത കൈക്കൊള്ളുമ്പോള്‍ അതുകേട്ട് തലയാട്ടിയോ അല്ലാതെയോ നിശ്ശബ്ദനായിരിക്കാന്‍ കഴിയില്ല.അതുകൊണ്ട് മാത്രമാണ് ഈ കുറിപ്പ്.
സുകുമാര്‍ അഴീക്കോട് ഒരു കോണ്‍ഗ്രസ്സുകാരനായിരുന്നു.ഗാന്ധിയന്‍ എന്നോ നെഹ്റൂവിയന്‍ എന്നോ പറയാനാവാത്ത വെറും കോണ്‍ഗ്രസ്സുകാരന്‍. ഒരു കാലത്ത് ജന്മിമാരോ അവരുടെ കയ്യാളന്മാരോ ആയിരുന്നവര്‍ പിന്നീട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്താന്‍ പോവുന്നു എന്നും ഈ രാഷ്ട്രീയപ്പാര്‍ട്ടി ജന്മിത്തത്തിന്റെ താല്പര്യങ്ങളെയും നാട്ടുനടപ്പുകളെയും  തകിടം മറിക്കില്ല എന്നും ഉറപ്പായി തോന്നിത്തുടങ്ങിയതു തൊട്ട് കോണ്‍ഗ്രസ്സുകാരായി വേഷം മാറി രംഗത്തിറങ്ങിയ അനുഭവം കേരളത്തില്‍ അങ്ങോളമിങ്ങോളമുണ്ട്.കോണ്‍ഗ്രസ് രാഷ്ട്രീയം നെഹ്റുവിന്റെ നേതൃത്വത്തിനു കീഴില്‍ ആദ്യകാലത്ത് പ്രകടമാക്കിയ സോഷ്യലിസ്റാശയങ്ങളോടുള്ള ആഭിമുഖ്യമോ വിശാലമായ ജനാധിപത്യബോധമോ സാര്‍വദേശീയബോധമോ ഒന്നുമല്ല പ്രാദേശിക തലത്തില്‍ കമ്യൂണിസ്റുകാരോട് ,വിശേഷിച്ചും അവരുടെ വര്‍ഗപരമായ അടിത്തറയോട് തോന്നിയ വെറുപ്പും പുച്ഛവുമാണ് ഈ കോണ്‍ഗ്രസ്സുകാരെ നയിച്ചത്.അവരും അവരുടെ ഭൃത്യരും ചേര്‍ന്ന് വളര്‍ത്തിയെടുത്ത ഒരു തരം ജീര്‍ണരാഷ്ട്രീയസംസ്കാരം ജ നല്‍കിയ ആയിരക്കണക്കിന് പ്രസംഗകരുടെ വാഗ്വിലാസങ്ങളായിരുന്നു സ്വാതന്ത്യ്രലബ്ധി മുതല്‍ അടിയന്തിരാവസ്ഥ വരെയുള്ള കാലത്ത് കേരളത്തില്‍ കോണ്‍ഗ്രസ്സിന്റെ പ്രധാനപ്പെട്ട സാംസ്കാരിക ആസ്തി.കാര്‍ഷികമേഖലയിലെയും കാര്‍ഷികേതരമേഖലകളിലെയും പാവപ്പെട്ട തൊഴിലാളികളുടെ പാര്‍ട്ടിയെന്ന നിലയില്‍ കമ്യൂണിസ്റ് പാര്‍ട്ടിയോട് മേലാളവര്‍ഗത്തിനും മറ്റ് യാഥാസ്തിതിക വിഭാഗത്തിനും ഉണ്ടായിരുന്ന വെറുപ്പ് ഊതിക്കത്തിച്ചും മഹാത്മാഗാന്ധിയെയും മഹത്തായ ഭാരതസംസ്കാരത്തെയും നെഹ്റു കുടുംബത്തെയും സംസ്ഥാനത്ത് അധികാരം കയ്യാളുന്ന കോണ്‍ഗ്രസ്സുകാരെയും അതിഭാവുകത്വം കൊണ്ട് അലങ്കരിച്ച ഭാഷയില്‍ പേര്‍ത്തും പേര്‍ത്തും വാഴ്ത്തിയുമാണ് ഇവര്‍ സംസാരിച്ചിരുന്നത്.അത്തരത്തില്‍ കോണ്‍ഗ്രസ്സിന് മുതല്‍ക്കൂട്ടിയ പ്രഭാഷകരില്‍ മുമ്പനായിരുന്നു അഴീക്കോട്. ആ പ്രസംഗവൈഭവമാണ് 1962ലെ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ തലശ്ശേരി നിയോജകമണ്ഡലത്തില്‍ എസ്.കെ.പൊറ്റെക്കാട്ടിനെതിരെ അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കെ.പി.സി.സിയെ പ്രേരിപ്പിച്ചത്.കാലം മാറിയപ്പോള്‍ പതുക്കെപ്പതുക്കെ സുകുമാര്‍ അഴീക്കോട് ഇടതുപക്ഷത്തേക്ക് ചാഞ്ഞു.അപ്പോഴേക്കും ഒരു സാംസ്കാരികപ്രഭാഷകനു വേണ്ടി നൂറുപേരുടെ പോലും സദസ്സിനെ ഉണ്ടാക്കിയെടുക്കാനാവാത്ത വിധം കോണ്‍ഗ്രസ്സ് കേരളത്തിലെ സാംസ്കാരികപ്രവര്‍ത്തനത്തിന്റെ മേഖലയില്‍ നിന്ന് മിക്കവാറും പുറത്താക്കപ്പെടുകയും അങ്ങനെ സംഭവിച്ചതില്‍ നേരിയ മനസ്താപത്തിന്റെ അത്യന്തം ദുര്‍ബലമായ സ്പര്‍ശം പോലും അനുഭവിക്കാനാവാത്ത വിധത്തില്‍ ആ രാഷ്ട്രീയപ്പാര്‍ട്ടി ഒരു തരം സാംസ്കാരിക നിര്‍വികാരതയില്‍ അകപ്പെടുകയും ചെയ്തുകഴിഞ്ഞിരുന്നു.  
സാഹിത്യമായാലും ദൃശ്യകലയായാലും ദര്‍ശനമായാലും ഉള്‍ക്കാമ്പുള്ള നാല് വര്‍ത്തമാനം കേള്‍ക്കണമെങ്കില്‍ വേദിയില്‍ ഏതെങ്കിലും തരത്തില്‍ ഇടതുപക്ഷവുമായി ബന്ധമുള്ള ആളുകളുണ്ടായിരിക്കണം എന്ന ധാരണ കേരളത്തിന്റെ പൊതുബോധത്തില്‍ വേരുപിടിച്ച ഘട്ടത്തിലാണ് സുകുമാര്‍ അഴീക്കോട് പതുക്കെപ്പതുക്കെ കോണ്‍ഗ്രസ് പാളയത്തില്‍ നിന്ന് പുറത്തേക്ക് വന്നുതുടങ്ങിയത്.നിലപാടുകള്‍ പലപ്പോഴും വളരെ വിഭാഗീയവും വികലവുമായിരുന്നെങ്കിലും കലാസാഹിത്യരംഗങ്ങളിലെ ഇടപെടലുകളില്‍  മൌലികമായ താല്പര്യവും ജാഗ്രതയും സൂക്ഷിച്ചിരുന്ന ഇടതുപക്ഷക്കാര്‍ ഈ ഘട്ടമാവുമ്പോഴേക്കും സ്വന്തം സാഹിത്യകലാദര്‍ശനങ്ങളെ കുറിച്ച് വലിയ തോതില്‍ അവമതിപ്പുള്ളവരായിത്തീരുകയും ആ പരവേശത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മറുപക്ഷത്തെ പ്രബലരെ എന്ത് വില കൊടുത്തും സ്വപക്ഷത്തു ചേര്‍ക്കുക എന്നൊരു നയത്തില്‍ എത്തിച്ചേരാന്‍ തുടങ്ങുകയും ചെയ്തിരുന്നു.ഇങ്ങനെ വലതുപക്ഷവും ഇടതുപക്ഷവും ചേര്‍ന്ന് പാകപ്പെടുത്തിക്കൊടുത്ത  രാഷ്ട്രീയസാംസ്കാരിക ദര്‍ശനശൂന്യതയുടെ ചതുപ്പിലാണ് അഴീക്കോട് വാക്കുകളുടെ കൃഷിയിറക്കി പൊതുസമ്മതിയുടെ നൂറ് മേനി കൊയ്തെടുത്തത്.പ്രസംഗകലയില്‍ അദ്വിതീയനാണ് സുകുമാര്‍ അഴീക്കോടെന്നും ഇതുപോലൊരു വാഗ്മിയെ മുമ്പെങ്ങും നാം കണ്ടിട്ടില്ലെന്നും ഭാവിയിലും അതിനുള്ള സാധ്യതയില്ലെന്നും പറയുന്നവര്‍ എത്രയെങ്കിലുമുണ്ട്.പ്രസംഗം എന്നതിന് സമര്‍ത്ഥമായ ശബ്ദനിയന്ത്രണം,മുഴക്കം തോന്നിക്കുന്ന പദങ്ങള്‍ സമൃദ്ധമായുള്ള ദീര്‍ഘവാക്യങ്ങള്‍,സംസ്കൃതത്തിലെയും മലയാളത്തിലെയും ക്ളാസിക്കുകളില്‍ നിന്നുള്ള അപൂര്‍ണമായ ഉദ്ധരണികള്‍, ലഘുഫലിതങ്ങള്‍,ആനുകാലികരാഷ്ട്രീയത്തിന്റെ അമരക്കാരെ സുഖിപ്പിച്ചും കിക്കിളിപ്പെടുത്തിയും ഇടക്കൊന്നു നുള്ളിനോവിച്ചുമുള്ള പ്രസ്താവങ്ങള്‍,കൃത്രിമത്വം കലര്‍ന്ന ക്ഷോഭപ്രകടനം എന്നിവയുടെയെല്ലാം സമ്യക്കായ കൂടിച്ചേരല്‍ വഴിയുള്ള ഒരു തരം കലാപ്രകടനം എന്നാണ് അര്‍ത്ഥമാക്കുന്നതെങ്കില്‍ സുകുമാര്‍ അഴീക്കോടിന്റേത് ഒന്നാംതരം പ്രസംഗമാണ്. ആയിരക്കണക്കിന് വേദികളില്‍  ലക്ഷക്കണക്കിനാളുകള്‍ ആ കലാപ്രകടനം കണ്ടും കേട്ടും ആസ്വദിച്ചിട്ടുണ്ട്.
പ്രസംഗത്തിലെ പ്രകടന ചാരുതയുടെ ഓര്‍മ  മാറ്റിനിര്‍ത്തിയാല്‍ സുകുമാര്‍ അഴീക്കോട് നമ്മുടെ സാംസ്കാരികജീവിതത്തിന് നല്‍കിയ സംഭാവനകള്‍ വാസ്തവത്തില്‍ എത്രയോ ചെറുതാണ്.'ആശാന്റെ സീതാകാവ്യ'മാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സാഹിത്യനിരൂപണകൃതി.'മലയാളവിമര്‍ശനം' മലയാളം ബി.എ,എം.എ ക്ളാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടും.രമണനും മലയാളകവിതയും,ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു,പുരോഗമന സാഹിത്യവും മറ്റും എന്നീ കൃതികള്‍ സാഹിത്യവിദ്യാര്‍ത്ഥികളിലും സാഹിത്യപത്രപ്രവര്‍ത്തകരിലും ഇനിയും കുറച്ചു കാലം കൂടി കൌതുകമുണര്‍ത്തിയേക്കും.അഴീക്കോടിന്റെ ആത്മകഥയുടെ ആദ്യഭാഗങ്ങള്‍ക്ക് നല്ല പരായണക്ഷമതയുണ്ട് എന്ന കാര്യത്തിലും തര്‍ക്കമില്ല.തത്ത്വമസി ഉള്‍പ്പെടെയുള്ള അഴീക്കോടിന്റെ അവശേഷിക്കുന്ന കൃതികളെ ഭാവിയില്‍ ആരെങ്കിലും ഗൌരവത്തിലെടുക്കുമോ എന്ന കാര്യം സംശയമാണ്.
സുകുമാര്‍ അഴീക്കോടിന്റെ പ്രസംഗങ്ങള്‍ ധാര്‍മികധീരതയുടെ മഹാവിളംബരങ്ങളായിരുന്നു എന്ന് പറയുന്നത് പൂര്‍ണമായും തെറ്റല്ലാതാവുന്നത് ബാബറിമസ്ജിദ് തകര്‍ക്കപ്പെട്ടപ്പോഴും പ്ളാച്ചിമട പ്രശ്നത്തിലും മറ്റും നടത്തിയതുപോലുള്ള ചുരുക്കം ചില ഇടപെടലുകള്‍ കൊണ്ട് മാത്രമാണ്.മറ്റെല്ലായ്പ്പോഴും വേദികളിലെ അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് ആള്‍ക്കൂട്ടത്തെ രസിപ്പിച്ച ചെറിയ വെടിക്കെട്ടുകള്‍ എന്നതില്‍ കവിഞ്ഞ് പ്രാധാന്യമൊന്നുമില്ല.എല്ലാ ഘട്ടങ്ങളിലും എല്ലാ പ്രശ്നങ്ങളുടെ കാര്യത്തിലും ഒന്നു പോലെ ധീരനാവുക എന്നത് ഏതൊരാളുടെ കാര്യത്തിലും എളുപ്പമുള്ള സംഗതിയല്ല.അടവുകളും തന്ത്രങ്ങളുമല്ലെങ്കില്‍ ചില വിട്ടുവീഴ്ചകളെങ്കിലും ഏത് ജീവിതത്തിലും ഉണ്ടാവും.അഴീക്കോടിന്റെ ഒട്ടുമിക്ക നിലപാടുകളിലും അവസരവാദം മാത്രം കണ്ടെത്തുന്നവര്‍ക്ക് തങ്ങളുടെ നിരീക്ഷണങ്ങളെ തെളിവുകള്‍ നിരത്തി വിശദീകരിക്കാന്‍ കഴിഞ്ഞേക്കും.പക്ഷേ,പ്രേരണകള്‍ എന്തുതന്നെ അയിരുന്നാലും ചില സന്ദര്‍ഭങ്ങളിലെങ്കിലും പൊതുവേദിയിലെ അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍ സാമൂഹ്യമായ ഉണര്‍വുകള്‍ക്ക് കാരണമായിട്ടുണ്ട് എന്നതില്‍ സംശയമില്ല.അതിനെ അനുപാതരഹിതമായ രീതിയില്‍ പെരുപ്പിച്ച് കാണിക്കാനും കേരളത്തിലെ ഇടതുപക്ഷരാഷ്ട്രീയവും സാംസ്കാരിക ഇടതുപക്ഷവും എണ്ണമറ്റ സന്ദര്‍ഭങ്ങളില്‍ നടത്തിയ സാഹസികവും ത്യാഗപൂര്‍ണവുമായ ഇടപെടലുകളെ മുഴുവന്‍ നിസ്സാരീകരിച്ചുകാണിക്കും വിധം അഴീക്കോടിനെ ഊതിവീര്‍പ്പിക്കാനും ഇടതുപക്ഷത്തു തന്നെയുള്ള രാഷ്ട്രീയക്കാരും സാംസ്കാരിക നായകരും കാണിക്കുന്ന അമിതാവേശമാണ് അമ്പരപ്പിച്ചുകളയുന്നത്.
തന്റെ ജീവിതാനന്ദത്തെ സ്വയം നിര്‍വചിക്കാനും രൂപപ്പെടുത്താനുമുള്ള അവകാശം ആത്മവിശ്വാസത്തോടെ പ്രയോജനപ്പെടുത്തിയ ആളാണ് സുകുമാര്‍ അഴീക്കോട്. നിത്യവും ജനങ്ങളെ അഭിമുഖീകരിച്ച് സംസാരിക്കാനും അങ്ങനെ തന്റെ കാലത്ത് കേരളത്തില്‍ ജീവിച്ച ഏറ്റവും വലിയ സാംസ്കാരികപ്രഭാഷകനായി പൊതുസമ്മതി നേടാനും അഴീക്കോട് തീരുമാനിച്ചു.അതില്‍ അദ്ദേഹം വലിയ അളവില്‍ വിജയിക്കുകയും ചെയ്തു.താന്‍ ആഗ്രഹിച്ചത് നേടിയെടുക്കാന്‍ കഴിഞ്ഞതിലുള്ള സംതൃപ്തി മരണശയ്യയിലും അദ്ദേഹത്തിന് മന:സുഖം പകര്‍ന്നിരിക്കുകയും ചെയ്യാം.ഒരു വ്യക്തി കൈവരിച്ച ജീവിതവിജയമാണത്.ഇങ്ങനെ വിജയിക്കുന്നവര്‍ ഏത് തുറയിലുള്ളവരായാലും അവരെ കൊണ്ടാടുന്ന രീതി നമ്മുടെ മാധ്യമങ്ങള്‍ക്കുണ്ട്.നിത്യവും ബഹുജനസമ്പര്‍ക്കം സാധിക്കുകയും അതുവഴി രാഷ്ട്രീയനേതാക്കളുടെ പോലും സവിശേഷ ശ്രദ്ധയില്‍ വരികയും ചെയ്ത ഒരു പ്രസംഗകന്റെ കാര്യത്തില്‍ അവര്‍ അതിയായ താല്പര്യം കാണിച്ചതില്‍ അത്ഭുതമില്ല.പക്ഷേ,കേരളരാഷ്ട്രീയത്തിലും മലയാളിയുടെ സാംസ്കാരിജീവിതത്തിലും അഴീക്കോട് നടത്തിയ ഇടപെടലുകള്‍ക്ക് ഇടതുപക്ഷം കല്പിക്കുന്ന അമിതപ്രാധാന്യത്തിന്റെ അര്‍ത്ഥമെന്താണ്?പാവപ്പെട്ടവര്‍ക്കായി ഉഴിഞ്ഞുവെക്കപ്പെട്ട  ഒരു മാതുകാജീവിതമാണ് സുകുമാര്‍ അഴീക്കോടിന്റേതെന്ന് വി.എസ്സനെപ്പോലൊരാള്‍ വാഴ്ത്തിപ്പറഞ്ഞതിന് എന്ത് ന്യായീകരണമാണ് സാധ്യമാവുക? സാമ്രാജ്യത്വത്തിനും നാടുവാഴിത്തത്തിനും ചൂഷകവ്യവസ്ഥയ്ക്കുമെതിരെ പോരാടി ജീവന്‍ ത്യജിച്ച ധീരന്മാരുടെ ഗണത്തില്‍ അദ്ദേഹത്തെ എങ്ങനെയാണ് ഉള്‍പ്പെടുത്തുക? അടിയന്തരാവസ്ഥ കഴിഞ്ഞ് പിന്നെയും ചില വര്‍ഷങ്ങള്‍ കഴിയുന്നതുവരെ ഉറച്ച കോണ്‍ഗ്രസ്സുകാരനായി പ്രസംഗവേദികളില്‍ കെ.കരുണാകരനുവേണ്ടി പോലും  ഉറഞ്ഞാടിയ കാര്യം  മറന്നുകളഞ്ഞ് അവസാനഘട്ടത്തില്‍ മാര്‍ക്സിസ്റ് പാര്‍ട്ടിയുടെ സ്വന്തം ആളായി മാറി എന്നതുകൊണ്ടു മാത്രം സുകുമാര്‍ അഴീക്കോടിനെ  പ്രബുദ്ധകേരളം നെഞ്ചിലേറ്റി നടക്കണമെന്ന് പറയുന്നതില്‍ എന്ത് യുക്തിയാണുള്ളത്?അദ്ദേഹത്തെ എന്തു കാര്യത്തിലാണ് ജനങ്ങള്‍ മാതൃകയാക്കേണ്ടത്? ഒരിക്കലും ഒരു രാഷ്ട്രീയ കക്ഷിയിലും അംഗമാകാതിരുന്നതിലോ? ഒരു തിരഞ്ഞെടുപ്പിലും വോട്ട് ചെയ്യാതിരുന്നതിലോ?വേദികളില്‍ ഏത് വിഷയത്തേക്കുറിച്ചും ജനങ്ങള്‍ക്ക് പ്രിയംകരമാവും വിധത്തില്‍ പ്രസംഗിച്ചതിലോ?ഞാന്‍ കേട്ട നാലഞ്ച് പ്രസംഗങ്ങളെ അടിസ്ഥാനമാക്കി പറയുകയാണെങ്കില്‍ അഴീക്കോടിന്റെ പതിനായിരക്കണക്കിന് പ്രസംഗങ്ങളില്‍ രാഷ്ട്രീയപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ സാമൂഹ്യജീവിതത്തിലെ സാഹസികമായ ഇടപെടലുകളില്‍ താല്പര്യം പുലര്‍ത്തുന്നവര്‍ക്ക് മാതൃകയാക്കാവുന്നതായി ഏറിയാല്‍ പത്ത് പ്രസംഗങ്ങളിലധികം ഉണ്ടാവാനിടയില്ല. സര്‍ഗാത്മകസാഹിത്യകാരന്മാരില്‍ നന്നേ ചെറിയ ഒരു വിഭാഗം മാത്രമേ അദ്ദേഹത്തിന്റെ സാഹിത്യപ്രസംഗങ്ങളെ  ഗൌരവത്തിലെടുക്കുന്നതായി കണ്ടിട്ടുള്ളൂ.ഭാവിയിലെ എഴുത്തുകാര്‍ക്ക് പ്രചോദനമായിത്തീരാന്‍ ഇടയുള്ള പ്രസംഗങ്ങള്‍ അവയില്‍ എത്രയെണ്ണമുണ്ടാവും എന്ന കാര്യത്തില്‍ തീര്‍ച്ചയായും കടുത്ത സംശയമുണ്ട്.വസ്തുതകള്‍ ഇതൊക്കെയായിരിക്കെ, ഇ.എം.എസ്സിനെയും കെ.ദാമോദരനെയും പോലെ ജനങ്ങള്‍ക്കായി സമര്‍പ്പിച്ച  വലിയ ജീവിതത്തോടൊപ്പം ധൈഷണികരംഗത്ത് വലിയ സംഭാവനകള്‍ കൂടി നല്‍കിയ സമുന്നതരായ രാഷ്ട്രീയ നേതാക്കളുടെ പാരമ്പര്യം അവകാശപ്പെടാനാവുന്ന,പല സന്ദര്‍ഭങ്ങളില്‍ പല തരത്തില്‍ കേസരിയും എം.എന്‍.വിജയനും ഉള്‍പ്പെടെയുള്ള ചിന്തകന്മാരുടെയും ബഷീറും തകഴിയും ചെറുകാടും ചങ്ങമ്പുഴയും ഇടശ്ശേരിയും വൈലോപ്പിള്ളിയും വയലാറും പി.ഭാസ്കരനും ഒ.എന്‍വിയും കടമ്മനിട്ടയും സച്ചിദാനന്ദനും കെ.ജി.ശങ്കരപിള്ളയും ഉള്‍പ്പെടെയുള്ള നൂറ് കണക്കിന് സര്‍ഗാത്മകസാഹിത്യകാരന്മാരുടെയും പിന്തുണ നേടിയ കേരളത്തിലെ കമ്യൂണിസ്റ്പ്രസ്ഥാനം ഒടുവില്‍ സുകുമാര്‍ അഴീക്കോടിനെ നിങ്ങള്‍ മാതൃകയാക്കണം  എന്ന് ജനങ്ങളോട് പറയുന്നത് ഏറ്റവും മിതമായ ഭാഷയില്‍ പറഞ്ഞാല്‍ കഷ്ടമാണ്.
(ജനശക്തി വാരിക 2012 ഫെബ്രവരി 11-17)
    


No comments:

Post a Comment