Pages

Wednesday, February 22, 2012

സാഹിത്യനിരൂപണം ക്ളാസ്മുറിയില്‍

“എങ്ങനെ ഒരധ്യാപകനാകാതിരിക്കാം എന്ന കഠിനമായ പരീക്ഷണത്തിലായിരുന്നു ഇത്രയും കാലം ഞാന്‍. ഇപ്പോള്‍ ശ്രമകരമായ ആ പരീക്ഷണത്തില്‍ നിന്ന് കാലം എന്നെ സ്വതന്ത്രനാക്കുന്നു.” 1985 മാര്‍ച്ച് മാസത്തിലെ ഒരപരാഹ്നത്തില്‍ താന്‍ ഔദ്യോഗികജീവിതത്തില്‍ നിന്ന് വിരമിക്കുന്നതിന്റെ ഭാഗമായി തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളേജില്‍ സംഘടിപ്പിക്കപ്പെട്ട ചെറിയ സമ്മേളനത്തില്‍ ചെയ്ത പ്രസംഗം വിജയന്‍മാഷ് ഇങ്ങനെയാണ് ആരംഭിച്ചത്.പ്രൈമറി ക്ളാസ് മുതല്‍ സര്‍വകലാശാലാ തലം വരെ അധ്യാപകന്‍ എന്ന ജോലിക്കുള്ള അര്‍ത്ഥം സിലബസ്സിനകത്തുനിന്നുകൊണ്ട് വിദ്യാര്‍ത്ഥികളെ പരീക്ഷക്ക് തയ്യാറെടുപ്പിക്കുന്ന ആള്‍ എന്നതാണ്.ഈ തയ്യാറെടുപ്പിക്കലില്‍ അധ്യാപകര്‍ പുലര്‍ത്തുന്ന ശുഷ്ക്കാന്തിക്കനസരിച്ചാണ് ആളുകള്‍ അവരെ വിലയിരുത്തുന്നത്.ഇതില്‍ നിന്ന് വ്യത്യസ്തമായി അധ്യാപകന്‍/അധ്യാപിക ഒരു വിദ്യാര്‍ത്ഥിയുടെ ജീവിതസമീപനത്തെയും ജ്ഞാനതൃഷ്ണയെയും സര്‍ഗാത്മകതയെയും വ്യക്തിത്വത്തിന്റെ മറ്റു തലങ്ങളെയുമെല്ലാം ആഴത്തില്‍ സ്വാധീനിക്കാന്‍ കെല്പുള്ള ഒരാളാണെന്ന വാസ്തവം വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും ഓര്‍ക്കാറേയില്ല.പുതിയ വിദ്യാഭ്യാസസാഹചര്യവും ലോകസാഹചര്യവുമാണെങ്കില്‍ അധ്യാപകരില്‍ നിന്ന് അങ്ങനെയുള്ള യാതൊന്നും ആവശ്യപ്പെടുന്നതേയില്ല.അവര്‍ വിദ്യാര്‍ത്ഥികളുടെ ഒത്താശക്കാര്‍ അല്ലെങ്കില്‍ കയ്യാളന്മാര്‍ മാത്രമായി മാറിനിന്നുകൊള്ളണമെന്നാണ് ഇന്ന് അനുശാസിക്കപ്പെടുന്നത്.
  അധ്യാപകനെ കുറിച്ചുള്ള പരമ്പരാഗത സങ്കല്പങ്ങള്‍ക്ക് സ്പര്‍ശിക്കാനാവാത്ത ഉയരത്തിലായിരുന്നു എം.എന്‍.വിജയന്‍ എന്ന അധ്യാപകന്‍.അറിവിന്റെ അഗാധതയുടെയും വൈപുല്യത്തിന്റെയും അധ്യാപനത്തിലെ സര്‍ഗാത്മകതയുടെയും കാര്യത്തില്‍ അദ്ദേഹത്തോട് താരതമ്യപ്പെടുത്താവുന്നവരായി ആരും ഉണ്ടായില്ലെന്നു വന്നേക്കാമെങ്കിലും പൊതുവായ ഒരു പരിഗണനയില്‍ അദ്ദേഹത്തിന് സമശീര്‍ഷരായി പരിഗണിക്കപ്പെടാവുന്നവരായി കുറച്ചുപേരെങ്കിലും പഴയകാല കലാശാലകളിലും സര്‍വകലാശാലകളിലുമൊക്കെ ഉണ്ടായിരുന്നു.അവര്‍ക്ക് തുടര്‍ച്ചകളുണ്ടാവാനുള്ള സാധ്യത പുതിയ സാഹചര്യത്തില്‍ മിക്കവാറും ഇല്ലെന്നു തന്നെ പറയാം.ജ്ഞാനത്തിന്റെ സമ്പാദനം,പ്രയോഗം എന്നീ കാര്യങ്ങളിലെല്ലാം വളരെ വ്യത്യസ്തമായ സങ്കല്പം വെച്ചുപുലര്‍ത്തുന്ന വിദ്യാര്‍ത്ഥി സമൂഹവും അധ്യാപക സമൂഹവും ബുദ്ധിജീവികളുമെല്ലാം ലോകമെമ്പാടും ഉണ്ടായിക്കഴിഞ്ഞു.അവനവന് തല്‍ക്കാല സാഹചര്യത്തില്‍ ഏറ്റവും അത്യാവശ്യമുള്ളത് മാത്രം ഏറ്റവും സൌകര്യപ്രദമായ സംവിധാനത്തില്‍ നിന്ന് ഏറ്റവും എളുപ്പത്തില്‍ കൈക്കലാക്കുന്നതിനെയാണ് ആളുകള്‍ ജ്ഞാനസമ്പാദനമായി കണക്കാക്കുന്നത്.അതിനപ്പുറത്തുള്ള അറിവ് അവരെ സംബന്ധിച്ചിടത്തോളം അപ്രസക്തമാണ്.അങ്ങനെയുള്ള അറിവിന്റെ പിന്നാലെ ആരെങ്കിലും പോകുന്നുവെങ്കില്‍ത്തന്നെ അതിനുള്ള പ്രേരണ കേവലമൊരു കൌതുകമോ താല്‍ക്കാലികഭ്രമമോ മാത്രമായിരിക്കും.അധ്യാപനത്തിന്റെയും അറിവ് നേടലിന്റെയുമെല്ലാം അര്‍ത്ഥം ഈ വിധത്തില്‍ മാറിപ്പോയിരിക്കുന്ന സാഹചര്യത്തിലാണ് എം.എന്‍.വിജയന്‍ സാംസ്കാരികവേദി പ്രസിദ്ധീകരിച്ചിരിക്കുന്ന 'മാരാര്‍വിമര്‍ശം' എന്ന കൃതി പ്രത്യേകം പ്രസക്തവും ശ്രദ്ധേയവുമായിത്തീരുന്നത്.
                                            ഉള്ളടക്കത്തിന്റെ അടരുകള്‍
സവിശേഷ പഠനത്തിന്നായി നിര്‍ദ്ദേശിക്കപ്പെട്ട “കുട്ടികൃഷ്ണമാരാരുടെ വിമര്‍ശനം” എന്ന പേപ്പറിനു വേണ്ടി 1978 ജൂണ്‍ 28 മുതല്‍ 1979 ഫെബ്രവരി 29 വരെയുള്ള ദിവസങ്ങളില്‍ ബ്രണ്ണന്‍ കോളേജിലെ മൂന്നാം വര്‍ഷ ബി.എ വിദ്യാര്‍ത്ഥികള്‍ക്ക് വിജയന്‍ മാഷ് എടുത്ത ക്ളാസ്സിന്റെ കുറിപ്പുകളാണ് മാരാര്‍വിമര്‍ശം എന്ന കൃതിയില്‍ സി.കൃഷ്ണദാസ് അവതരിപ്പിച്ചിരിക്കുന്നത്.മാഷുടെ വാക്കുകള്‍ അതേ പടി കുറിച്ചെടുത്ത് സൂക്ഷിച്ചതിന് പുസ്തകരൂപം നല്‍കാന്‍ കഴിഞ്ഞതില്‍ കൃഷ്ണദാസിനും പ്രസാധകര്‍ക്കും തീര്‍ച്ചയായും അഭിമാനിക്കാം.കോളേജ് തലത്തിലും സര്‍വകലാശാലാതലത്തിലും മലയാളസാഹിത്യം പഠിപ്പിക്കുന്ന അധ്യാപകരെ സംബന്ധിച്ചിടത്തോളം ഈ പുസ്തകം നല്‍കുന്ന അധ്യാപന മാതൃക എക്കാലത്തേക്കും വലിയൊരു പ്രചോദനമായിരിക്കും.
മാരാരുടെ സാഹിത്യവിമര്‍ശനത്തിന്റെ എല്ലാ പരിമിതികളെയും കൃത്യമായി തൊട്ടുകാണിക്കുന്ന ഈ ക്ളാസ് സാന്ദര്‍ഭികമായി വിജയന്‍മാഷ് കടന്നു ചെല്ലുന്ന മറ്റനേകം വിഷയങ്ങളിലൂടെയും വിചാരങ്ങളിലൂടെയുമാണ് ഒരു സാധാരണ മലയാളം ക്ളാസ്സിന്റെ യാഥാസ്ഥിതികത്വത്തെയും ജ്ഞാനപരിമിതിയെയും മറികടക്കുന്നത്.തന്റെ മുന്നിലിരിക്കുന്ന വിദ്യാര്‍ത്ഥികളുടെ സാഹിത്യപരിചയവും പൊതുവായ ബോധനിലവാരവും എത്രയോ താഴെയായിരിക്കാമെന്ന കാര്യം അദ്ദേഹം പരിഗണിക്കുന്നതേയില്ല.വിദ്യാര്‍ത്ഥികളുടെ പൊതുനിലവാരത്തിലേക്കും താഴേക്കു ചെന്ന് ക്ളാസ്മുറിയില്‍ ഫലിതം വിതറി രക്ഷപ്പെടുന്ന അധ്യാപകരില്‍ നിന്നും സാഹിത്യം,രാഷ്ട്രീയം തുടങ്ങിയ മേഖലകളിലെ സമകാലികസംഭവങ്ങളെ കുറിച്ചുള്ള പൊതുജനങ്ങളുടെ സാമാന്യധാരണകളെ ഇക്കിളിപ്പെടുത്തിയും അതാത് കാലത്ത് സാമൂഹ്യജീവിതത്തില്‍ അധികാരം കയ്യാളുന്ന ശക്തികളെ പ്രീതിപ്പെടുത്തിയും മുന്നേറുന്ന പ്രശസ്തരായ പ്രസംഗകരില്‍ നിന്നും എത്ര അകലെയായിരുന്നു അധ്യാപകനായ എം.എന്‍,വിജയന്‍ എന്ന് ഈ പുസ്തകം സംശയരഹിതമായി സാക്ഷ്യപ്പെടുത്തുന്നുണ്ട്.കലാനിര്‍മിതിയിലും നിരൂപണത്തിലും മൂല്യനിര്‍ണയനത്തിലും ആസ്വാദനത്തിലുമെല്ലാം പ്രവര്‍ത്തിക്കുന്ന വൈരുദ്ധ്യങ്ങളെപ്പറ്റിയും കാലവും ചരിത്രവും അവയിലെല്ലാം നടത്തുന്ന ഇടപെടലുകളെ കുറിച്ചും എം.എന്‍.വിജയന് ഉണ്ടായിരുന്ന ബോധ്യം അങ്ങേയറ്റം ശാസ്ത്രീയവും നൂതനവുമായിരുന്നു.
ഔദ്യോഗികജീവിതത്തില്‍ നിന്ന് വിരമിച്ചതിനു ശേഷം മറ്റൊരു താവളവും അധികാരകേന്ദ്രവും കണ്ടെത്തുക എന്ന ഒരേയൊരു ഉദ്ദേശ്യത്തോടെ പുരോഗമന സാഹിത്യപ്രസ്ഥാനത്തിലേക്ക് കുടിയേറിയ സമര്‍ത്ഥനാണ് എം.എന്‍.വിജയന്‍ എന്ന് പലരും പറഞ്ഞുകേട്ടിട്ടുണ്ട്.കോളേജിന്റെ പടിയിറങ്ങുന്നതുവരെ അദ്ദേഹം പുരോഗന സാഹിത്യത്തിന്റെ ശത്രുപക്ഷത്തായിരുന്നു എന്ന് ധരിച്ചുവെച്ച പലരുമുണ്ട്.വസ്തുത അതല്ലെന്ന് ബോധ്യപ്പെടുത്തുന്നതിന് വേറെയും ഒരുപാട് തെളിവുകളുണെങ്കിലും ഈ ക്ളാസ്നോട്ടുകളുടെ സാക്ഷ്യത്തിന് തീര്‍ച്ചയായും കൂടുതല്‍ തെളിച്ചമുണ്ട്.സാഹിത്യത്തിലെ പുരോഗമന പക്ഷത്തിനു വേണ്ടി ക്ളാസ്മുറിയില്‍ വീറോടെ വാദിക്കുന്ന ഒരു വിമര്‍ശകന്റെ വ്യക്തമായ ചിത്രമാണ് 'മാരാര്‍ വിമര്‍ശം'നമുക്ക് നല്‍കുന്നത്. പുരോഗമന സാഹിത്യത്തെ കുറിച്ച് ഈ നോട്ടുകളില്‍ കാണാനാവുന്ന പ്രസ്താവങ്ങളില്‍ ചിലത് മാത്രം ഉദ്ധരിക്കാം:
1.                                                                                                                                                 സമൂഹത്തിലെ സൂക്ഷ്മസത്യമാണ് സാഹിത്യത്തിലെ സൂക്ഷ്മസത്യമായിത്തീരുന്നത്.ആദ്യത്തേത് അറിഞ്ഞാല്‍ മാത്രമേ രണ്ടാമത്തേത് കാണാന്‍ കഴിയൂ(പേ.29)
2.
ലോകത്തിലെ എല്ലാ മനുഷ്യരെയും പറ്റി പറയാന്‍ പൊന്നാനിക്കാരെ പറ്റി പറഞ്ഞാല്‍ മതിയെന്ന് ഇടശ്ശേരി പറഞ്ഞു.ലോകം പൊന്നാനിയല്ലെങ്കിലും പൊന്നാനിയും ലോകമാണ്.തന്റെ മുരിങ്ങയുടെ ചോട്ടില്‍ നിന്ന് ചെറുകാട് ആകാശം കണ്ടു.വ്യാസന്‍ ധര്‍മപുത്രരെ പറ്റി പറഞ്ഞത് എല്ലാ ധര്‍മഭീരുക്കളെയും പറ്റി പറയാനാണ്.ദ്രൌപതിയെ പറ്റി പറഞ്ഞത് മോഹഭംഗങ്ങളുടെയും പകയുടെയും കഥ പറയാനാണ്.എഴുതുന്നവന്റെ അനുഭൂതസത്യമാകണം കാവ്യം.ഇന്ന് ശകുന്തളയെപറ്റിയല്ല നാണിയെ പറ്റി തന്നെയാണ് എഴുതേണ്ടത്.(പേ 59)
3.
കറുപ്പന്റെ ബാലാകലേശനാടകം നശിച്ചുപോയെങ്കിലും അത് വരുത്തിയ മാറ്റം നിലനില്‍ക്കുന്നു.കഴിക്കുന്ന ആഹാരം നശിച്ചുപോകുന്നുവെങ്കിലും അതില്‍ നിന്നാണ് മാംസവും മജ്ജയും ബുദ്ധിയും ഉണ്ടാകുന്നത്.(പേ.64)
4.
വലിയ കൃതികളുണ്ടാക്കുവാനല്ല,വലിയ കൃതികളുണ്ടാകാനുള്ള ഭാവി സൃഷ്ടിക്കുന്നതിനുള്ള ഒരു ഷോക്ട്രീറ്റ്മെന്റ് സമൂഹത്തിനു കൊടുക്കാന്‍ വേണ്ടിയാണ് പുരോഗമന സാഹിത്യത്തിന്റെ ഉദയം.എല്ലാ ഷോക്ട്രീറ്റ്മെന്റും വേദനയാണ്,വേദനയോടെയുള്ള ഞെട്ടലാണ്.(പേ.72)
താന്‍ പുരോഗമന കലാ സാഹിത്യസംഘത്തിന്റെ അമരക്കാരനാവുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിക്കാനിടയില്ലാത്ത കാലത്താണ് വിജയന്‍ മാഷ് ആ പ്രസ്ഥാനത്തിന്റെ കലാസാഹിത്യദര്‍ശനങ്ങളെ പിന്‍തുണച്ച് ശബ്ദമുയര്‍ത്തിയത് എന്ന് പ്രത്യേകം ഓര്‍മിക്കുക.കമ്യൂണിസ്റ് താവളത്തിലേക്ക് എഴുത്തുകാരെ കടത്തിക്കൊണ്ടുപോവാനുള്ള രഹസ്യവഴി എന്ന് എം.ഗോവിന്ദനും സുകുമാര്‍ അഴീക്കോടും പരിഹസിച്ച കേരള സാഹിത്യ സമിതിയുടെ മുഖ്യസംഘാടകരിലൊരാളായിരുന്നു അന്നത്തെ എം.എന്‍.വിജയന്‍.
                                          ആശയങ്ങളുടെ കതിര്‍ക്കനം   
ക്ളാസ്മുറിയില്‍ എം.എന്‍.വിജയന്‍ അവതരിപ്പിച്ചിരിക്കുന്ന ആശയങ്ങളുടെ ഗുരുത്വവും അസാധാരണത്വവും തന്നെയാണ് ഈ കുറിപ്പുകളെ വേറിട്ട അനുഭവമാക്കിത്തീര്‍ക്കുന്നത്.ഭാഷയുടെ ആലങ്കാരികത കൊണ്ട് ആശയങ്ങളുടെ ലഘുത്വത്തെയും വാദങ്ങളുടെ പൊള്ളത്തരത്തത്തെയും സമര്‍ത്ഥമായി ഒളിപ്പിച്ചുവെച്ച് വിദ്യാര്‍ത്ഥികളെ കബളിപ്പിക്കുന്നവരാണ് ഭാഷാധ്യാപകരില്‍ വളരെയേറെപ്പേര്‍.അശ്ളീല സ്പര്‍ശമുള്ള ലഘുഫലിതങ്ങള്‍,പരപുച്ഛം നിറഞ്ഞുകവിയുന്ന പ്രയോഗങ്ങള്‍,തങ്ങളുടെ അജ്ഞതയെയും കഴിവുകേടിനെയും  സര്‍ഗാത്മകതയോടാകെത്തന്നെയുള്ള വെറുപ്പിനെയും മറച്ചുവെക്കുന്നതിന്റെ ഭാഗമായി രൂപംകൊള്ളുന്ന വ്യാജഭാഷയുടെ വെടിക്കെട്ട് ഇങ്ങനെ പലതും കൊണ്ടാണ് അവര്‍ പിടിച്ചു നില്‍ക്കുക.ഇതിനൊന്നും ശേഷിയില്ലാത്തവര്‍ വിദ്യാര്‍ത്ഥികളോട് വിധേയത്വത്തോളമെത്തുന്ന സൌഹൃദം ഭാവിച്ചും രക്ഷപ്പെട്ടു കളയും.പണ്ട് പഠിച്ചുവെച്ച സാഹിത്യസിദ്ധാന്തങ്ങളും വ്യാകരണനിയമങ്ങളും നിരൂപണസങ്കേതങ്ങളും വിദ്യാര്‍ത്ഥികള്‍ക്കുമേല്‍ വാശിയോടെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയും അതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്ന ഏത് വിദ്യാര്‍ത്ഥിയെയും എങ്ങനെയും നശിപ്പിച്ചേ അടങ്ങൂ എന്ന് വാശിപിടിക്കുകയും ചെയ്യുന്നവരായും എത്രയോ അധ്യാപകരുണ്ട്.ഇവര്‍ക്കെല്ലാമിടയില്‍ എം.എന്‍.വിജയന്‍ എന്ന അധ്യാപകന്‍ ക്ളാസ്മുറിയില്‍ എത്രയേറെ വേറിട്ടുനിന്നുവെന്നതിനുള്ള അനിഷേധ്യമായ തെളിവാണ്  കൃഷ്ണദാസ് നമുക്ക് തന്നിരിക്കുന്ന ഈ ക്ളാസ് നോട്ടുകള്‍.
പഴയ സാഹിത്യ സിദ്ധാന്തങ്ങളുടെ വിശദീകരണത്തിന്നായി എം.എന്‍.വിജയന്‍ നിരത്തുന്ന പുതിയ ഉദാഹരണങ്ങള്‍ മുതല്‍ കലാനിര്‍മിതിയിലും കലയും കാലവും തമ്മിലുള്ള ബന്ധത്തിലും ഉള്‍ച്ചേര്‍ന്നിരിക്കുന്ന വാസ്തവങ്ങള്‍ക്ക് അദ്ദേഹം നല്‍കുന്ന വ്യാഖ്യാനങ്ങളിലെ മൌലികത വരെ ഈ നോട്ടുകളെ അസാധാരണമാം വിധം കാതലുറ്റതാക്കിത്തീര്‍ക്കുന്ന ഘടകങ്ങള്‍ പലതാണ്. ഈ പുസ്കത്തിലെ 67 പേജ് മാത്രം വരുന്ന ക്ളാസ്നോട്ടുകള്‍ ഉള്‍ക്കൊള്ളുന്ന ആശയങ്ങളുടെ പത്തിലൊന്നു പോലും  ഇതേ പേപ്പര്‍ ഒരു സാധാരണ സാഹിത്യാധ്യാപകനാണ് കൈകാര്യം ചെയ്തിരുന്നെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കാനിടയില്ല.ഒരു പാട് വെള്ളം കുടിപ്പിച്ച് ഒരു പിടി വറ്റ് തീറ്റിക്കുന്ന ആശയ ദാരിദ്യ്രം കൊണ്ട് എങ്ങനെയൊക്കെയോ പിഴച്ചുപോന്നവരാണ് പഴയ സാഹിത്യാധ്യാപകരില്‍ മഹാഭൂരിപക്ഷവും.ഇപ്പോഴത്തെ സ്ഥിതി ഒരുവേള അതിലും മോശമായിത്തീര്‍ന്നിരിക്കാനാണ് സാധ്യത.മാത്രവുമല്ല അധ്യാപകന്റെ മാനസികോര്‍ജ്ജം മുഴുവന്‍ അധ്യാപനത്തിന് പുറത്തുള്ള വിദ്യാഭ്യാസത്തിന്റെ നടത്തിപ്പിനു വേണ്ടി ഉപയോഗിക്കേണ്ടി വരുന്ന അവസ്ഥയാണ് കലാശാലകളിലും സര്‍വകലാശാലകളിലും സൃഷ്ടിക്കപ്പെട്ടിരിക്കുന്നതും.
ജീവിതത്തിന്റെ ഏത് മേഖലയെയും സംബന്ധിക്കുന്ന ചിരപരിചിതമായ ആശയങ്ങള്‍ സംശയരഹിതവും ചോദ്യം ചെയ്യപ്പെട്ടു കൂടാത്തവയുമെന്ന നിലയിലാണ് ക്ളാസ്മുറികളില്‍ സാധാരണയായി അധ്യാപകര്‍ അവതരിപ്പിച്ചു പോരുന്നത്.ഇത്തരം ആശയങ്ങളില്‍ അടങ്ങിയിരിക്കുന്ന അസത്യങ്ങളും വൈരുദ്ധ്യങ്ങളും നിര്‍ഭയം വലിച്ചു പുറത്തിട്ട ഒരു ചിന്തകനാണ് എം.എന്‍.വിജയന്‍.ക്ളാസ്മുറിയിലും ഈ രീതി തന്നെയാണ് അദ്ദേഹം അവലംബിച്ചതെന്നു വ്യക്തമാക്കുന്ന പല സന്ദര്‍ഭങ്ങളും ഈ നോട്ടുകളിലുണ്ട്.അവയില്‍ ഒന്നു മാത്രം ഉദ്ധരിക്കാം: “ ജീവിതം മരണത്തിലാണ് മുന്നേറുന്നത്.അത് ജീവിതത്തിന്റെ ഒരു വലിയ തത്വമാണ്.ഒരാള്‍ മറ്റൊരാളെ കൊല്ലുന്നത് ക്രൂരതയാണ്,കൊലപാതകമാണ്.അതൊരു കൂട്ടക്കൊലയാകുമ്പോള്‍ പട്ടാളക്കാരന് കൊടുക്കുന്നത് വീരചക്രമാണ്.യുദ്ധത്തിലെ കൊല മാന്യമാണ്.ദേശീയത്വമാണ്.ദേശസ്നേഹത്തിന്റെ അര്‍ത്ഥം പലപ്പോഴും അയല്‍നാടിനോടുള്ള വിദ്വേഷമാണ്.ഒരു തത്വം മഹാഭാരതത്തില്‍ മറിച്ചു പറയുന്നു. യതോധര്‍മസ്ഥതോ ജയ-ധര്‍മം ജയിക്കുകയല്ല,ജയിക്കുന്നവന്‍ പറയുന്നത് ധര്‍മമാകുകയാണ് ചെയ്യുന്നത്.ഒരുപയോഗവുമില്ലാത്ത ധര്‍മം കൊണ്ട് യാതൊരു ഗുണവുമില്ല.ധര്‍മത്തിന്റെ ആയുധമായ ചക്രം ഹിംസ ഉരുട്ടിയെടുക്കുന്നതാണ്.കൃഷ്ണനും രാമനും അര്‍ജുനനുമുള്ള മഹത്വം അവരുടെ ഹിംസയാണ്.അധര്‍മമെന്ന സര്‍പ്പത്തിന്റെ പുറത്താണ് ധര്‍മം ഉറങ്ങുന്നത്.’’(പേ.54)
കലാനിര്‍മാണത്തിന്റെ ഏറ്റവും പ്രാഥമികവും എന്നാല്‍ ഒട്ടുവളരെ പേര്‍ക്കും അജ്ഞാതവും മിക്കവാറും പറഞ്ഞാല്‍ മനസ്സിലാകാത്തതുമായ ഒരു സത്യം വിജയന്‍ മാഷ് പറഞ്ഞിരിക്കുന്നത് നോക്കുക: “ചിത്രം നോക്കിയും വസ്തുവെ നോക്കിയും ചിത്രം വരക്കാം.മാധ്യമവും കലാകാരനും തമ്മിലുള്ള മത്സരത്തിന്റെ റിസല്‍ട്ടാണ് കല.ചിത്രകാരനും ചായവും തമ്മിലുള്ള,എഴുത്തുകാരനും ഭാഷയും തമ്മിലുള്ള മത്സരത്തിന്റെ റിസല്‍ട്ടാണ് കല.” (പേ.62)
കലയുടെ തത്വം വിശദീകരിക്കെ അദ്ദേഹം പറയുന്നു: “ കഥകളിക്കു വേണ്ടിയും തായമ്പകക്കു വേണ്ടിയും ചെണ്ട കൊട്ടാം.എണ്ണത്തിനു വേണ്ടി മാത്രം കൊട്ടുമ്പോഴാണ് കല കലയ്ക്കുവേണ്ടിയാകുന്നത്.സാഹിത്യം വാക്കുകൊണ്ടുള്ള ശില്പം മാത്രമാകുമ്പോള്‍,രചനയില്‍ നിന്ന് പുറത്ത് ഒരു ലക്ഷ്യമില്ലാതെ ചിത്രകാരന്‍ വര്‍ണങ്ങള്‍ കൊണ്ട് ലയമുണ്ടാക്കുമ്പോള്‍,സംഗീതം നാദലഹരിയുണ്ടാക്കാന്‍ വേണ്ടി മാത്രമാകുമ്പോള്‍ ആ കല കലക്കു വേണ്ടി മാത്രമാകുന്നു(പേ.62)
ഇങ്ങനെ വിദ്യാര്‍ത്ഥിയുടെ ചിന്താലോകത്തെ പഠനവിഷയത്തിന് പുറത്ത് ഒരുപാട് ദിശകളിലേക്കും മേഖലകളിലേക്കും നയിക്കുന്ന സാന്ദ്രമായൊരനുഭവമായിരുന്നു എം.എന്‍.വിജയന്റെ ക്ളാസ്സുകള്‍ എന്ന് ഭംഗിയായി വെളിപ്പെടുത്തുന്ന ചെറുതെങ്കിലും  കനപ്പെട്ട ഈ പുസ്തകത്തെ പറ്റി കാര്യമായി പറയാനുള്ള പരാതി ഇതില്‍ ധാരാളമായുള്ള അച്ചടിത്തെറ്റിനെ കുറിച്ചാണ്.ക്ളാസ്സില്‍ മാഷ് പറഞ്ഞ വാക്യങ്ങള്‍ അതേപടി നിലനിര്‍ത്തിയത് തീര്‍ച്ചയായും നല്ല കാര്യമാണ്.എങ്കിലും അങ്ങിങ്ങായുള്ള ബ്രാക്കറ്റുകള്‍ ഒഴിവാക്കാമായിരുന്നു എന്നും തോന്നി. പൂര്‍ണവാക്യങ്ങള്‍ വരുന്നിടത്ത് ബ്രാക്കറ്റിന്റെ ആവശ്യമില്ല.അല്ലാതുള്ളിടത്തെ അര്‍ധവാക്യങ്ങളെ സന്ദര്‍ഭം അനുവദിക്കുന്ന ഒന്നോ രണ്ടോ വാക്കുകള്‍ ചേര്‍ത്ത് പൂര്‍ണമാക്കാവുന്നതേ ഉള്ളൂ.കേരളത്തിലെ അതിപ്രഗത്ഭനായ ഒരു സാഹിത്യാധ്യാപകന്‍ കൂടിയായിരുന്ന എം.എന്‍.വിജയന്റെ ക്ളാസ്സിലിരുന്ന് അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ കുറിച്ചെടുത്ത് വായനാലോകത്തിന് കൈമാറിയ കൃഷ്ണദാസ് ചെയ്ത പ്രവൃത്തിയുടെ വലുപ്പത്തെ ഈ തെറ്റുകള്‍ അല്പമായിപ്പോലും ബാധിക്കില്ലെങ്കിലും പുസ്തകത്തിന്റെ അടുത്ത പതിപ്പില്‍  അവ തിരുത്തുക തന്നെ വേണം.

1 comment:

  1. വിജയന്മാഷെ വായിച്ച് പറയണത് മുതല്‍ വിജയന്‍ ആകുന്നെനെന്‍ ഭയന്നാണ്‌ വായന നിര്‍ത്തിയത്.
    പിന്നെ അതില്‍ നിന്നും പുറത്തു കടാക്കാന്‍ ചെറ്യൊരു വഴി കണ്ടേത്തിയിട്ടാണ്‌ സമ്പൂര്‍ണ്ണകൃതികള്‍ വായിച്ച് തീര്‍ത്തത്.
    ഈ പുസ്തകത്തെ കുറിച്ച് കേട്ടിരുന്നു. വിശദമാമായി എഴുതിയതിനു നന്ദി. ഇതില്‍ പറയുന്ന പല ആശയങ്ങളും വിജയന്മാഷ് മറ്റ് പലയിടത്തും
    പറഞ്ഞിട്ടുള്ളതാണല്ലോ. പഠിപ്പിക്കലും ആള്‍ക്ക് ഒരു സംസ്കാരിക ഇടപെടല്‍ ആയിരുന്നിരിക്കാം. അല്ലെ.

    ReplyDelete