Pages

Thursday, July 26, 2012

സ്വതന്ത്ര കൂട്ടായ്മകളുടെ ശ്രദ്ധക്ക്

ജനാധിപത്യവിശ്വാസികളും സമാധാനകാംക്ഷികളുമായ ജനങ്ങള്‍ ഇപ്പോള്‍ കേരളത്തിലങ്ങോളമിങ്ങോളം മാഫിയാരാഷ്ട്രീയത്തിന്നെതിരായ സ്വതന്ത്രകൂട്ടായ്മകളെ കുറിച്ചുള്ള ആലോചനകളിലും പ്രാരംഭപ്രവര്‍ത്തനങ്ങളിലുമാണ്.ടി.പി.ചന്ദ്രശേഖരന്‍ വധത്തെ തുടര്‍ന്ന് കേരളത്തില്‍ രൂപപ്പെട്ട പുതിയ രാഷ്ട്രീയ കാലാവസ്ഥയാണ് ഇത്തരം കൂടിച്ചേരലുകളിലേക്ക് ജനങ്ങളെ നയിക്കുന്നത്. ഈ കൂട്ടായ്മകളില്‍ ഒത്തുചേരുന്നവര്‍ വ്യത്യസ്ത രാഷ്ട്രീയ നിലപാടുകളുള്ളവരാണ്. സാമൂഹ്യവിശകലനത്തിന് സ്വീകരിക്കുന്ന സങ്കേതങ്ങള്‍,അവയെ നിയന്ത്രിക്കുന്ന അടിസ്ഥാനാശയങ്ങള്‍,പുരോഗതിയെ കുറിച്ചുള്ള സങ്കല്പങ്ങള്‍,വര്‍ത്തമാനത്തിലെ പൊതുജീവിത പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുള്ള മാര്‍ഗങ്ങള്‍ ഇവയെ കുറിച്ചൊക്കെ ഓരോരുത്തരും സ്വരൂപിച്ചിട്ടുള്ള ധാരണകളെ അട്ടിമറിച്ചുകൊണ്ട് സര്‍വസമ്മതമായ പുതിയ ചില തീര്‍പ്പുകളില്‍ എത്തിച്ചേരാനാവുമെന്ന പ്രതീക്ഷയോടെയല്ല ഈ കൂട്ടായ്മകള്‍ പ്രവര്‍ത്തിച്ചുതുടങ്ങേണ്ടത്. നിരന്തരമായ സംവാദങ്ങളിലൂടെ കൈവരുന്ന വീണ്ടുവിചാരങ്ങളിലൂടെ വളരെ സാവകാശത്തിലും വ്യക്തിഗതാനുഭവങ്ങളിലൂടെ ചിലപ്പോള്‍ അതിവേഗത്തിലും ഒരാളുടെ ആശയലോകത്തില്‍ മാറ്റം സംഭവിക്കാം.അത് സംഭവിച്ചുകൊള്ളട്ടെ.
കൊലപാതകരാഷ്ട്രീയത്തിന്നെതിരായും ജനാധിപത്യമൂല്യങ്ങളുടെ പുന:സ്ഥാപനത്തിനുമായി ആരംഭിക്കുന്ന കൂട്ടായ്മകള്‍ അതിലെ അംഗങ്ങളെ മുഴുവന്‍ ഒരേയൊരു രാഷ്ട്രീയാഭിപ്രായത്തിനു കീഴില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയല്ല പ്രവര്‍ത്തിച്ചു തുടങ്ങേണ്ടത്. നമ്മുടെപൊതുജീവി തത്തെയും വ്യക്തിജീവിതത്തെ തന്നെയും വളരെ അപകടകരമായി ബാധിക്കുന്ന അത്യന്തം ഗൌരവപൂര്‍ണമായ ചില രാഷ്ട്രീയ സാംസ്കാരികപ്രശ്നങ്ങള്‍ ബഹുജനശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിന് എന്ത് ചെയ്യാന്‍ സാധിക്കും എന്നതിനെ കുറിച്ചുള്ള ആലോചനകള്‍ പങ്കുവെക്കുന്നതിനും സമാഹരിക്കുന്നതിനും ഏറ്റവും വേഗത്തില്‍ ഏറ്റവും ഫലപ്രദമായ രീതിയില്‍ എന്തൊക്കെ ചെയ്തുതുടങ്ങാനാവും എന്നതിനെ കുറിച്ച് ചുരുക്കും ചില തീര്‍പ്പുകളിലെങ്കിലും എത്തിച്ചേരുന്നതിനാണ് അവ മുന്‍ഗണന നല്‍കേണ്ടത്.
നാം ഒരു സ്വതന്ത്രജനതയാണെന്ന് വിശ്വസിക്കുകയും ജനാധിപത്യപ്രക്രിയയില്‍ പങ്കെടുക്കുകയും അതിന്റെ നല്ലതും ചീത്തയുമായ ഫലങ്ങളെല്ലാം അനുഭവിക്കുകയും ചെയ്യുന്നുവെങ്കിലും യഥാര്‍ത്ഥമായ രാഷ്ട്രീയ സ്വാതന്ത്യ്രം ഇനിയും നമുക്ക് കൈവന്നിട്ടില്ല.നമ്മുടെ സ്വാതന്ത്യ്രത്തെ അതിന്റെ പ്രാഥമിക തലത്തില്‍ തന്നെ ഇല്ലായ്മ ചെയ്യുന്നത് ഏതെങ്കിലും വിദേശശക്തിയല്ല.മുന്‍കാലങ്ങളിലെ പോലെ വോട്ടര്‍മാരെ വിലക്കെടുക്കുന്ന വലിയ സാമ്പത്തിക അധികാര കേന്ദ്രങ്ങളുമല്ല. നമ്മുടെ നാട്ടില്‍ നമുക്കു വേണ്ടി പ്രവര്‍ത്തിക്കുന്നതായി ഭാവിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ തന്നെയാണ് അത് ചെയ്യുന്നത്.ഓരോ പാര്‍ട്ടിക്കും അതാതിന്റെതായ പാര്‍ട്ടി ഗ്രാമങ്ങള്‍ ഉള്ള അവസ്ഥ കേരളത്തില്‍ പലേടത്തുമുണ്ട്. കാസര്‍ ഗോഡ്,കണ്ണൂര്‍,കോഴിക്കോട് ജില്ലകളിലാണ് അവ ഏറ്റവും ഭീഷണമായ കരുത്തോടെ നിലനിന്നു വരുന്നത്. സി.പി.ഐ(എം),ബി.ജെ.പി,മുസ്ളീംലീഗ് എന്നീ പാര്‍ട്ടികള്‍ക്കാണ് പാര്‍ട്ടി ഗ്രാമങ്ങളുടെ സൃഷ്ടിയില്‍ മേല്‍ക്കയ്യുള്ളത്. മറ്റ് പാര്‍ട്ടിക്കാരില്‍ നിന്ന് ഉയര്‍ന്നു വരുന്ന സ്വതന്ത്രമായ രാഷ്ട്രീയാഭിപ്രായങ്ങളെ മാനിക്കാതിരിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളും വളരെയൊന്നും പുറകിലല്ല. ആദ്യമായി നാം പരിഹാരം തേടേണ്ടത് ഈയൊരു പ്രശ്നത്തിനാണ്.രാഷ്ട്രീയസ്വാതന്ത്യ്രവും ജനാധിപത്യവും നടപ്പില്‍ വരുത്തുക എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും പ്രാഥമികമായ ഉത്തരവാദിത്വമാണെന്ന് മുഴുവന്‍ രാഷ്ട്രീയ പ്രവര്‍ത്തകരെയും ബോധ്യപ്പെടുത്തുക.ഏത് വിഷയത്തെ പറ്റിയും സ്വതന്ത്രമായി അഭിപ്രായം പറയാന്‍ എല്ലാ വ്യക്തികള്‍ക്കും അവകാശമുണ്ടെന്നും താന്‍ പിന്തുണക്കുന്ന സ്ഥാനാര്‍ത്ഥിക്കു വേണ്ടി പ്രചരണം നടത്തുക,വോട്ട് രേഖപ്പെടുത്തുക,ബൂത്തില്‍ ഏജന്റായി പ്രവര്‍ത്തിക്കുക തുടങ്ങി തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട കാര്യങ്ങളിലെല്ലാം പങ്കെടുക്കാന്‍ രാജ്യത്തെ ഓരോ പൌരനും അവകാശമുണ്ടെന്നുമുള്ള കാര്യം എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളിലുള്ളവരെയും നിരന്തരം ഓര്‍മിപ്പിക്കുക.ഇത് അടിയന്തിര പ്രാധാന്യമുള്ള ഒരു ഉത്തരവാദിത്വമായി ഏറ്റെടുക്കേണ്ട അവസ്ഥയിലാണ് നാം എത്തിച്ചേര്‍ന്നിരിക്കുന്നത്.ജനാധിപത്യാവകാശങ്ങളെ കുറിച്ചുള്ള ഏറ്റവും പ്രാഥമികമായ ധാരണകളില്‍ നിന്നു പോലും നമ്മുടെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ അത്രയധികം അകന്നുപോയിട്ടുണ്ട്.
രാഷ്ട്രീയപ്പാര്‍ട്ടികളോടുള്ള വ്യക്തികളുടെ ബന്ധം തികഞ്ഞ വിധേയത്വമായും അടിമത്തമായും മാറുന്ന അവസ്ഥ അതിപരിചിതമായിത്തീര്‍ന്നിരിക്കുന്നു നമ്മുടെ സമൂഹത്തിന്.പാര്‍ട്ടിമെമ്പര്‍മാരുടെയും അനുഭാവികളുടെയും കൂറിന് ഒരു സാഹചര്യത്തിലും ഇളക്കം തട്ടില്ല എന്ന ഉറച്ച വിശ്വാസമാണ് അഴിമതിക്കും കൊലപാതകം വരെയുള്ള എല്ലാ ഹിംസാത്മക പ്രവര്‍ത്തനങ്ങള്‍ക്കും ഉള്ള ധൈര്യം നേതാക്കള്‍ക്ക് നല്‍കുന്നത്.ജനങ്ങള്‍ സ്വയം അവരുടെ ജനാധിപത്യാവകാശങ്ങള്‍ പാര്‍ട്ടിക്കു മുന്നില്‍ അണിയറവെക്കുന്നത് പാര്‍ട്ടിക്കുള്ളില്‍ ജനവിരുദ്ധനേതൃത്വങ്ങള്‍ക്ക് വഴിവെക്കുമെന്നറിയാമായിരുന്നതുകൊണ്ടാണ് ഏകാധിപത്യത്തിന് എല്ലാ സൌകര്യങ്ങളും നിലനില്‍ക്കെത്തന്നെ ചൈനയില്‍ സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങളെ മാവോസേതൂങ് പരസ്യമായി പ്രോത്സാഹിപ്പിച്ചത്.കാര്യങ്ങള്‍ പക്ഷേ അദ്ദേഹം ആഗ്രഹിച്ചതില്‍ നിന്നൊക്കെ എത്രയോ അകന്ന മാര്‍ഗങ്ങളിലും ലക്ഷ്യങ്ങളിലുമാണ് എത്തിച്ചേര്‍ന്നത് എന്നത് മറ്റൊരു കാര്യം.രാജ്യത്തിന്റെ പരമാധികാരം ഒരു നൂറ്റാണ്ട് കഴിഞ്ഞാല്‍ പോലും സ്വപ്നം കാണാനാവാത്ത അവസ്ഥയിലാണെങ്കിലും സി.പി.ഐ(എം)ന് സ്വന്തം അണികള്‍ക്ക് അത്തരം സ്വാതന്ത്യ്രങ്ങള്‍ അനുവദിക്കുന്ന കാര്യം ചിന്തിക്കാന്‍ പോലുമാവാത്തതാണ്.മറ്റ് പാര്‍ട്ടികള്‍ അത്രത്തോളം പോവുന്നില്ലെങ്കിലും തുറന്ന മനസ്സോടെ എതിരഭിപ്രായങ്ങളെ അംഗീകരിക്കുന്ന രീതി അവയ്ക്കും ഏറെക്കുറെ അപരിചിതം തന്നെ.പാര്‍ട്ടിയോ പാര്‍ട്ടി നയിക്കുന്ന മന്ത്രിസഭയോ കൈക്കൊള്ളുന്ന തീരുമാനത്തിനെതിരെ പാര്‍ട്ടിയില്‍ തന്നെ ഉള്ള ഒരാള്‍ ശബ്ദമുയര്‍ത്തുന്നുവെങ്കില്‍ അതിനെ ഗ്രൂപ്പ് വഴക്കിന്റെ ഉല്പന്നമായി മാത്രം മനസ്സിലാക്കുന്നവരാണ് കോണ്‍ഗ്രസ് നേതാക്കള്‍.എതിരഭിപ്രായങ്ങള്‍ പല സന്ദര്‍ഭങ്ങളിലും ഉയര്‍ത്തപ്പെടുന്നത് ഗ്രൂപ്പ് വഴക്കുകളുടെ പശ്ചാത്തിലാണെന്നതും ആ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഒരു വസ്തുതയാണ്. സമീപകാല
ത്തു മാത്രമാണ് അതിന് ചെറിയ തോതില്‍ മാറ്റം വന്നുതുടങ്ങിയത്.
പാര്‍ട്ടിപ്രവര്‍ത്തകരും നേതാക്കള്‍ തന്നെയും ഒരു പ്രശ്നത്തെ പറ്റിയും സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തിന് മുതിരാതിരിക്കുന്നത് വ്യക്തിഗതമായ പല നഷ്ടങ്ങളെയും ഭയന്നാണ്.പാര്‍ട്ടി നിയന്ത്രണത്തിലുള്ള ഏതെങ്കിലും സ്ഥാപനത്തിലെ ഉദ്യോഗം മുതല്‍ പാര്‍ട്ടിയുടെ പരമാധികാരക്കമ്മിറ്റിയിലെ അംഗത്വം വരെയുള്ള സകലതിനും പാര്‍ട്ടിക്കൂറ് എന്ന മറുപേരില്‍ അറിയപ്പെടുന്ന ഭയവും സ്വന്തം അഭിപ്രായം മൂടി വെച്ച് 'അടിയന്‍' എന്നു പറയാനുള്ള സന്നദ്ധതയുമാണ് അടിസ്ഥാന യോഗ്യതകള്‍ എന്നു വരുന്നത് അങ്ങേയറ്റം ആപല്‍ക്കരമായ അവസ്ഥയാണ്.പാര്‍ട്ടിയോട് ഈ മട്ടില്‍ ഭയഭക്തികള്‍ കാണിക്കുന്നതിന്റെ ശ്വാസം മുട്ടലിന് ഇക്കൂട്ടര്‍ പരിഹാരം കാണുന്നത് പൊതുസമൂഹത്തിനു നേരെ പ്രയോഗിക്കുന്ന ധാര്‍ഷ്ട്യത്തിലൂടെയാണ്.രാഷ്ട്രീയക്കാരുടെ പെരുമാറ്റത്തിലൂടെ സമൂഹത്തിന് നിത്യപരിചിതമായിത്തീര്‍ന്നിരിക്കുന്ന ഈ ധാര്‍ഷ്ട്യം ജാതിമതവര്‍ഗ വ്യത്യാസമില്ലാതെ ഏതാണ്ട് എല്ലാ വിഭാഗം ജനങ്ങളുടെയും സ്വഭാവത്തിന്റെ ഭാഗമായിത്തീര്‍ന്നതിന്റെ ഫലമായി അനുഭവിക്കേണ്ടി വരുന്ന വീര്‍പ്പുമുട്ടലാണ് ഇപ്പോള്‍ കേരള സമൂഹത്തിന്റെ ഏറ്റവും വലിയ മാനസികയാഥാര്‍ത്ഥ്യം.രാഷ്ട്രീയപ്പാര്‍ട്ടികള്‍ അവയ്ക്കുള്ളിലും പുറത്തും നടത്തിക്കൊണ്ടിരിക്കുന്ന ജനാധിപത്യധ്വംസനത്തെ കുറിച്ചുള്ള നിരന്തര ചര്‍ച്ചകളിലൂടെയും സ്വതന്ത്രമായ മറ്റ് ആശയവിനിമയങ്ങളിലൂടെയും മാത്രമേ ഈ ഭീഷണയാഥാര്‍ത്ഥ്യത്തിന്റെ പിടിയില്‍ നിന്ന് നമ്മുടെ സമൂഹത്തിന് രക്ഷപ്പെടാനാവുകയുള്ളൂ.
 എല്ലാ മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും മുഴുവന്‍ ശ്രദ്ധയും അധികാരത്തിലും ധനാര്‍ജനത്തിലും കേന്ദ്രീകരിക്കാന്‍ തുടങ്ങിയതോടെ സാംസ്കാരികപ്രവര്‍ത്തനങ്ങളില്‍ നിന്ന് അവ ഏറെക്കുറെ പൂര്‍ണമായിത്തന്നെ ശ്രദ്ധ പിന്‍വലിച്ചു എന്നതാണ് കേരളത്തിലെ പൊതുജീവിതം നേരിടുന്ന മറ്റൊരു മഹാദുരന്തം.സാംസ്കാരിക മേഖലയിലെ പുത്തന്‍ സര്‍ഗാത്മകാവിഷ്ക്കാരങ്ങളും സ്വതന്ത്രമായ ആശയവിനിമയങ്ങളുമാണ് ഏത് സമൂഹത്തെയും മുന്നോട്ടു നയിക്കുന്ന മാനസികോര്‍ജത്തിന്റെ ഏറ്റവും കാതലായ അംശം.വ്യാപാരാടിസ്ഥാനത്തില്‍ വലിയ മുതല്‍മുടക്കോടെ ലാഭം ലക്ഷ്യമാക്കി വ്യക്തികളോ സംഘടനകളോ സ്ഥാപനങ്ങളോ സംഘടിപ്പിക്കുന്നവ അല്ലാതുള്ള എല്ലാ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കും നേരെ മുഖം തിരിഞ്ഞു നില്‍ക്കുക,സാധ്യമാവുമെങ്കില്‍ അവയെ തടസ്സപ്പെടുത്തുക,എങ്ങനെയെങ്കിലും പരാജയപ്പെടുത്തുക ഇതാണ് കേരളത്തിലെ രാഷ്ട്രീയപ്പാര്‍ട്ടികളുടെ  പൊതു സാംസ്കാരികനയം.സ്വാതന്ത്യ്രപൂര്‍വഘട്ടത്തില്‍ സവിശേഷ താല്പര്യത്തോടെയും പിന്നീടുള്ള ഒന്നുരണ്ട് ദശകക്കാലത്തോളം ഒട്ടൊക്കെ ഉദാസീനമായും കലാസാഹിത്യരംഗങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ട പാരമ്പര്യം കോണ്‍ഗ്രസ്സിനുണ്ട്.ഇന്നാണെങ്കില്‍ എന്തെങ്കിലുമൊരു വ്യക്തിഗതനേട്ടം മുന്നില്‍ കണ്ടല്ലാതെ പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ളവരായി ഒരു കൈവിരലിലെണ്ണാവുന്ന അത്രയും പോലും സാംസ്കാരിക പ്രവര്‍ത്തകരെ കോണ്‍ഗ്രസ്സിനോടൊപ്പം നമുക്ക് കാണാനാവില്ല.കമ്യൂണിസ്റ്പാര്‍ട്ടികളുടെ സ്ഥിതിയും ഇപ്പോള്‍ ഏറെക്കുറെ അതു തന്നെയായിരിക്കുന്നു.
സര്‍ഗാത്മകാവിഷ്ക്കാരങ്ങള്‍ക്കും ആശയവിനിമയങ്ങള്‍ക്കും ഉയര്‍ന്ന പരിഗണന ലഭിക്കാത്ത ഏത് സമൂഹത്തിലും മാനവികതയുടെ വേരുകള്‍ വളരെ പെട്ടെന്ന് ചീഞ്ഞുപോവും.രാഷ്ട്രീയം ജനാധിപത്യവിരുദ്ധവും ഹിംസോ•ുഖവുമായിത്തീരുന്നതിനുള്ള പരിസരമൊരുക്കുന്നത് ഈ അവസ്ഥയാണ്.നേരിട്ട് ലാഭം  ജനിപ്പിക്കാത്ത ആശയങ്ങളോടും ആവിഷ്ക്കാരങ്ങളോടും പൊതുവെ കാണുന്ന രൂക്ഷമായ വൈമുഖ്യത്തില്‍ നിന്ന് നമ്മുടെ സമൂഹത്തെ എങ്ങനെ രക്ഷിക്കാനാവും എന്നതിനെ കുറിച്ചുള്ള സ്വതന്ത്രമായ ആലോചനകള്‍ക്ക് വേദിയൊരുക്കുക എന്നതും ഇപ്പോള്‍  ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന സ്വതന്ത്ര ജനകീയ കൂട്ടയ്മകളുടെ അജണ്ടയിലെ മുഖ്യമായ ഇനമായിരിക്കണം.
(ജനശക്തി വാരിക)

2 comments:

  1. നമുക്ക് നമ്മുടെ രാഷ്ട്രീയ പാര്‍ടികളെ മാറ്റിതീര്‍ക്കാന്‍ പറ്റുമോ? അതാതു പാര്‍ടികളുടെ അണികളില്‍ നിന്നും അങ്ങിനെ ഒരാവശ്യം ഉയരുമോ?പഴയ അണികളല്ല ഇന്നത്തെ അണികള്‍ എന്നത് ശരി തന്നെ.(മുന്‍പ് ആദര്‍ശ പ്രചോദിതരായ അണികള്‍ ആ ആശയതിനുവേണ്ടി എന്തും,പാര്‍ടിയെ പോലും ത്യജിക്കാന്‍ തയ്യാറായിരുന്നു.ഇന്ന് പാര്‍ടിയില്‍ നില്‍ക്കുന്നവര്‍ക്ക് കാര്യങ്ങള്‍ എല്ലാം അറിയാമെങ്കിലും സ്വന്തം കാര്യസാധ്യങ്ങളുടെയും ഭയതിന്രെയും മുന്നില്‍ മൌനത്തിന്റെ വാത്മീകത്തില്‍ കഴിയാനേ സാധിക്കയുള്ളൂ)
    അപ്പോള്‍ ഈ പാര്‍ടികള്‍ക്ക് പുറത്തു പുതിയൊരു കൂട്ടായ്മ ഉയര്‍ന്നുവരിക മാത്രമാണ് പോംവഴിയെന്ന് തോന്നുന്നു.ദര്‍ശനത്തെ കുറിച്ചും സംഘടനയെ കുറിച്ചും ജനാധിപത്യത്തെ കുറിച്ചും വിത്യസ്ഥാഭിപ്രായങ്ങള്‍ ഉള്ള അനേകം പേര്‍ക്ക് ചില പൊതുവിഷയങ്ങളില്‍ ഒന്നിച്ച്ചുനില്‍ക്കാന്‍ കഴിയുമോ? ശ്രമകരം ആണെങ്കിലും വര്‍ത്തമാന കേരളത്തിന്‌ ആ വഴി മാത്രമേ ഉള്ളൂ എന്ന് തോന്നുന്നു. മാഷ്‌ തലശേരിയിലെ പ്രസംഗത്തില്‍ പറഞ്ഞതുപോലെ നമ്മുടെ മനസ്സിലിലുള്ള സാങ്കല്പിക ഇടതുപക്ഷത്തിനു (ഇടതുപക്ഷം എന്ന പേരുപോലും വേണ്ടെന്നു പറയുന്നവരും ഉണ്ട്)എങ്ങിനെ പ്രായോഗിക രൂപത്തിലേക്ക് ആവിഷ്കരിക്കാന്‍ കഴിയുമെന്ന അന്വേഷണം സജീവമാകട്ടെ.

    ReplyDelete
  2. കാലാകാലം പോയി വോട്ടു ചെയ്യുന്നതോടെ തീരുന്നു, നമ്മുടെയെല്ലാം ജനാധിപത്യ സങ്കല്പങള്‍. ആര്‍ഷ ഭാരത സംസ്കാരത്തില്‍ അഹമ്മതി കൊള്ളുന്ന നമ്മുടെയൊക്കെ ഉള്ളിന്റെ ഉള്ളില്‍ നിന്നും അതിന്റെ ഏറ്റവും ശക്തമായ അടയാളമായ മാടംബി-അടിയാള മനോഭാവം മായ്ചു കളയാന്‍ ഇതുവരെ ആര്‍ക്കുമായിട്ടില്ല. അന്നു രാജാക്കന്‍മാരെയും നാടുവാഴികളെയും തൊഴുതു നിന്നു, ഇന്നു നാം തന്നെ വോട്ടു ചെയ്തു കയറ്റി വിട്ട മന്ത്രിമാരെ തൊഴുതു നില്‍ക്കുന്നു. സ്വാതന്ത്ര്യം സമത്വം എന്നൊക്കെ പറയുമെങ്കിലും അവയുടെയെല്ലാം ശരിയായ ഉള്ളടക്കമെന്തെന്നു ഒരു പിടിയുമില്ല നമ്മുടെ പൊതുസമൂഹത്തിന്. പിന്നെ മതേതരരാഷ്ട്രമാണെങ്കിലും മതപരമാണെന്നു പറഞു കൊണ്ട് എന്തു തോന്ന്യാസവുമാകാം. ഒരു കാലത്ത് ഒരു മാറ്റത്തിന്റെ സന്ദേശവാഹകരായ മാധ്യമപ്രമുഖര്‍ പോലും ഇന്നു മതപ്രീണത്തിലേര്‍പ്പെട്ടിരിക്കുന്ന കാഴ്ചയാണ്‌ നമുക്ക് മുന്നില്‍. മൃഗീയമായ ഒരു കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണെങ്കിലും ഇത്തരത്തിലുള്ള വേറിട്ട ശബ്ദങള്‍ സ്വാഗതാര്‍ഹമാണ്. പ്രതീക്ഷകളൊത്തിരിയുണ്ടായിരുന്നു ഇടതുപക്ഷ ചിന്തയില്‍, പക്ഷെ മതവിശ്വാസികളേക്കാള്‍ ഗാഡമായി തങളുടെ പ്രത്യയശാസ്ത്ര വിശുദ്ധപുസ്തകങളെ മുറുകെ പിടിച്ചു നില്‍ക്കുന്നവരില്‍നിന്നു എന്തു പ്രതീക്ഷിക്കാന്‍? പകരം, കൊടിയുടെ നിറം നോക്കാതെ ചൂഷിതന്റെ പക്ഷത്തു നില്‍ക്കുന്ന ഒരു കൂട്ടായ്മ വേണം, കോര്‍പ്പറേറ്റ് മാഫിയകളുടെ കുടിലതയില്‍ ഭൂമി നഷ്ടപ്പെട്ടവരോ, ഭരണവര്‍ഗ്ഗത്തിന്റെ അഹമ്മതിയില്‍ പെട്ട് പീഡനം അനുഭവിക്കുന്നവരോ, ജാതിചിന്തയില്‍ മുഴുകിയ സമൂഹം അവസരങള്‍ നിഷേധിച്ചവരോ, ജന്മനായോ അല്ലാതെയോ അംഗവൈകല്യം സംഭവിച്ചവരോ, അടുക്കളയില്‍ പുരുഷന്റെ ഇംഗിതമനുസരിച്ചു എരിഞൊതുങുന്ന സ്ത്രീ ജന്മങളോ, ചൂഷിതനാരുമാകട്ടെ, അവരുടെ പക്ഷത്തു നില്‍ക്കാന്‍ ഒരു കൂട്ടായ്മ വേണം, കൊടിയുടെ നിറവും കുലവും കുലമഹിമയും ലിംഗഭേദങളും നോക്കാതെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവന്റെ കൂടെ നില്‍ക്കാന്‍ ഒരു കൂട്ടായ്മ, എന്താണു സ്വതന്ത്രചിന്തയെന്നും അഭിപ്രായസ്വാതന്ത്ര്യമെന്നും ഈ സമൂഹത്തെ ബോധ്യപ്പെടുത്താന്‍ ഒരു കൂട്ടായ്മ, മാനവരാശിയുടെ ഇന്നത്തെ പുരോഗതിയുടെ ഭാഗവാക്കായ ശാസ്ത്രപ്രതിഭകളെ പരിചയപ്പെടുത്താന്‍ ഒരു കൂട്ടായ്മ, വികസനമെന്നാല്‍ എക്സ്പ്രസ്സ് വേയും വിമാനത്താവളവും പണിയല്‍ മാത്രമല്ലെന്നും അതു സമൂഹത്തില്‍ ഒരാള്‍ക്ക് സ്വന്തം ഇച്ഛ പ്രകാരം ജീവിക്കാനുള്ള അവകാശം കൂടിയാണെന്നു ബോദ്ധ്യപ്പെടുത്താന്‍ ഒരു കൂട്ടായ്മ.

    ReplyDelete