കമല്‍ സംവിധാനം ചെയ്ത 'സെല്ലുലോയ്ഡ്' സമീപകാലത്തു കണ്ട മലയാളസിനിമകളില്‍ ഏറ്റവും മികച്ചതായി തോന്നി.തികഞ്ഞ മിതത്വം പാലിച്ച,നാട്യങ്ങളേതുമില്ലാത്ത സംവിധാനം.മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച പൃഥ്വീരാജ്,മമ്താ മോഹന്‍ദാസ്,ചാന്ദ്നി എന്നിവരെല്ലാം നല്ല ഒതുക്കത്തോടെ വളരെ ഭംഗിയായി അഭിനയിച്ചിരിക്കുന്നു.മലയാളത്തിലെ ആദ്യ ചലച്ചിത്രമായ 'വിഗതകുമാര'ന്റെ നിര്‍മാതാവും സംവിധായകനുമായ ജെ.സി.ഡാനിയിലിന്റെ ജീവിതമാണ് സെല്ലുലോയിഡിന്റെ വിഷയം. വിനു അബ്രഹാമിന്റെ 'നഷ്ടനായിക' എന്ന നോവലിനെയും ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ രചിച്ച ജീവിചരിത്രത്തെയും ആധാരമാക്കി കമല്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.റഫീക്ക് അഹമ്മദും ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരനുമാണ് ഗാനരചയിതാക്കള്‍.സംഗീതം എം.ജയചന്ദ്രന്റേത്.
മലയാളത്തിലെ ആദ്യത്തെ സിനിമാനിര്‍മാതാവിന്റെ കഥക്ക് ചലച്ചിത്രാവിഷ്ക്കാരം നല്‍കിയതിനൊപ്പം ഒരു കാലഘട്ടത്തില്‍ കേരളത്തില്‍ നിലനിന്നിരുന്ന സാമൂഹ്യാസമത്വത്തിന്റെയും സംസ്കാരവിരുദ്ധമായ ഫ്യൂഡല്‍ മാടമ്പിത്തത്തിന്റെയും ചിത്രം ഒട്ടും അത്യുക്തിയില്ലാതെ വളരെ ഹൃദയസ്പര്‍ശിയായി ആവിഷ്ക്കരിച്ചിട്ടുമുണ്ട് സംവിധായകന്‍.ഉള്ളടക്കം എന്നതിന് രൂപഭംഗിയും സാങ്കേതിക മികവും പുലര്‍ത്തുന്ന കുറേ ദൃശ്യങ്ങളുടെ അനായാസമായ ഒഴുക്ക് എന്നതിന് അപ്പുറം ഒരര്‍ത്ഥവും കല്പിക്കാത്ത ചലച്ചിത്രങ്ങള്‍ക്കിടയില്‍ ആശ്വാസകരമായ ഒരു വേറിട്ടു നില്പു തന്നെയാണ് 'സെല്ലുലോയ്ഡ്'ന്റേത്.
സിനിമ വിവാദമായേക്കും.
ReplyDeleteവിഗ്രഹങ്ങളെയാണ് ഭഞ്ജിച്ചിട്ടുള്ളത്