Pages

Tuesday, October 1, 2013

ചിറകുകള്‍ മാത്രം പറക്കുമ്പോള്‍

1
ഈയിടെ ഒരു വിചിത്രമനുഷ്യനെ കണ്ടു
'ഞാന്‍ താമസിക്കുന്നത്‌ നക്ഷത്രങ്ങളിലാണ്‌
നിങ്ങളോടൊത്ത്‌ ജീവിക്കാന്‍
എന്റെ നിഴലിനെ ഞാന്‍ അഴിച്ചുവിട്ടിട്ടുണ്ട്‌,കണ്ടുകാണും'
അയാള്‍ പറഞ്ഞു
വെയിലത്ത്‌ തുറസ്സായ സ്ഥലത്തുനിന്നാണ്‌
ഞങ്ങള്‍ സംസാരിച്ചിരുന്നത്‌
അയാള്‍ക്ക്‌ നിഴല്‍ ഇല്ലെന്ന കാര്യം
പെട്ടെന്നെന്റെ ശ്രദ്ധയില്‍ പെട്ടു
കഴുത്തില്‍ പട്ടയുണ്ടെന്നതും.
തിരിച്ചുനടക്കുമ്പോള്‍
സ്വന്തം കഴുത്തില്‍ ഞാന്‍ തടവിനോക്കി
ഉണ്ട്‌;പട്ടയുണ്ട്‌
മുന്നിലും പിന്നിലും വശങ്ങളിലുമൊന്നും
നിഴലിനെ കണ്ടുകിട്ടിയതുമില്ല
ആശിക്കുന്നതിന്‌ നേര്‍വിപരീതമെന്നത്‌
അയാളുടെ മാത്രം അനുഭവമല്ല,അല്ലേ?
2
ഒരു വാക്കിനും അടുത്തതിനുമിടയിലെ
വിള്ളലിന്റെ ആഴം
ഹോ,ഭയങ്കരം തന്നെയാണ്‌!
ഓരോ തവണയും ഞാനതില്‍
നിലതെറ്റിവീണ്‌ നിലവിളിക്കുന്നു
എന്റെ നിലവിളികളെ ചേര്‍ത്തുകെട്ടി
കഥ,കവിത,നാടകം എന്നിങ്ങനെയെല്ലാം
നിര്‍ലജ്ജം പേരിടുന്നു.
3
ഒരുപാട്‌ തിന്നു
കുടിച്ചു
മദിച്ചു
ഒരു മഞ്ഞുതുള്ളിയെ പോലും
മനസ്സറിഞ്ഞ്‌ തൊടാതെയാവുമോ
മഹാശൂന്യതയിലേക്കുള്ള മടക്കം?
4
നെഞ്ചില്‍ ഇനി വായു നിറയില്ല
കണ്ണില്‍ കാഴ്‌ച തെളിയില്ല
എത്തിച്ചേരാത്ത തീരം
സ്വപ്‌നത്തിലും കാണുകയില്ല
ദേശാടനത്തിന്റെ വഴിയിലല്‍
ദിക്കും ദിശയും കണ്‍വിട്ട്‌്‌
ഏതോ ഏകാന്തദ്വീപിലെ
കുഴമഞ്ഞില്‍ വന്നുവീണ
കിഴവന്‍ പക്ഷിയാണ്‌ ഞാന്‍
ചിറകുകള്‍ പക്ഷേ
വാശിയും മോഹവും കൈവിടുന്നില്ല
അവയുടെ തുഴച്ചില്‍
ഇപ്പോഴും ആകാശത്ത്‌ തുടരുന്നു
അതിനാല്‍ ഉള്ളും ഉടലും പൊതിയുന്ന
മഞ്ഞിന്റെ മരണവേഗത്തിലും
മറുവേഗങ്ങളാല്‍ ഞാന്‍ വിങ്ങുന്നു.
5
ഏതോ ദേശത്തെ ഏതോ തെരുവില്‍ എല്ലാ ഭാഷകളിലെയും എല്ലാ വാക്കുകളും
വില്‌പനക്കു വെച്ചിരുന്നു.അന്ധനും ബധിരനും മൂകനുമായ ഒരു കുട്ടിയായിരുന്നു
അവിടത്തെ വില്‌പനക്കാരന്‍.സത്യം,നീതി,സ്‌നേഹം,ദയ,മതം,രാഷ്ട്രീയം,ജനാധിപത്യം,
മതേതരത്വം....ഭാഷയുടെ പേരും വിലക്കുറവിന്റെ വ്യത്യസ്‌ത ശതമാനങ്ങളും
രേഖപ്പെടുത്തിയ ചെറുബോര്‍ഡുകള്‍ക്കു ചുവടെ അപകടഭീതിയിലമര്‍ന്ന അസംഖ്യം
ചെറുജീവികള്‍ പോലെ അന്ധാളിച്ചുനിന്ന വാക്കുകള്‍.സൗജന്യവിലയുടെ സന്തോഷത്തില്‍
സ്വയം മറന്ന്‌ തിക്കിത്തിരക്കുകയായിരുന്നു ആവശ്യക്കാര്‍.ഓരോ ചുവടിലും അവര്‍
എന്നെ പുറകോട്ടുപുറകോട്ട്‌ തള്ളിമാറ്റി.ഒടുവില്‍ ആളും ബഹളവുമകന്ന്‌ ആ ചെറുപയ്യനുമുന്നില്‍
ഞാന്‍ എത്തിച്ചേരുമ്പോഴേക്കും നാലോ അഞ്ചോ ഭാഷകളിലെ അഞ്ചോ ആറോ വാക്ക്‌ മാത്രം
അങ്ങിങ്ങ്‌ വീണുകിടന്നിരുന്നു.മലയാളത്തിലെ 'മരണവും അക്കൂട്ടത്തിലുണ്ടായിരുന്നു.അതിന്റെ
വില ചോദിക്കാന്‍ മുന്നോട്ടായുമ്പോഴേക്കും കൃഷ്‌ണമണിയില്ലാത്ത കണ്ണുകളിലെ വെളുപ്പിന്റെ
വിറയലാല്‍ 'അരുതെ'ന്നു വിലക്കി,ഭാഷയില്‍ വില്‌ക്കപ്പെടാതെ അവശേഷിച്ച ആ ഒരേയൊരു
വാക്ക്‌ അത്യാവശ്യക്കാരന്‌ ജീവന്‍ രക്ഷാമരുന്ന്‌ കൈമാറുന്ന കനിവോടെ,കരുതലോടെ,അതിലേറെ
ആശങ്കയോടെ അവന്‍ എന്റെ നെഞ്ചില്‍ ചേര്‍ത്തുതന്നു.
 

(തോര്‍ച്ച സമാന്തര മാസിക,വാര്‍ഷികപ്പതിപ്പ്‌ 2013).

1 comment:

  1. കുറെ നാളുകള്‍ക്ക് ശേഷം ഒരു കവിത മനസ്സ് നിറച്ചു.തലയും നിറച്ചു.നന്ദി മാഷേ

    ReplyDelete