Pages

Wednesday, July 1, 2015

പരാതിക്കാർ അറിയുക

കവിത കഥയായിത്തീരുന്നത് രണ്ട് സാഹിത്യസംവർഗങ്ങൾ തമ്മിലുള്ള അകലം ഇല്ലാതായിത്തീരുന്നതിന്റെ അടയാളം മാത്രമല്ല.കവിതയിൽ ആവിഷ്‌കാരയോഗ്യമായ അനുഭവങ്ങളെ കുറിച്ചുള്ള സങ്കൽപത്തിന്റെ തന്നെ മാറ്റത്തെയാണ് അത് കുറിക്കുന്നത്.നഗരജീവികളായ ഇടത്തരക്കാരും സമ്പന്നരും അനുഭവിച്ച അസ്തിത്വവ്യഥകളായിരുന്നു ആധുനികരുടെ പ്രധാനപ്രമേയം.കൂട്ടായ്മകളുടെയും ചരിത്രത്തിന്റെയും ഓർമകൾ കൈമോശം വന്ന ആ മനുഷ്യർ ഏകാകികളും അന്തർമുഖരും അന്യജീവിതങ്ങളെ ആഴത്തിലും പരപ്പിലും നിരീക്ഷിക്കാൻ ശേഷിയില്ലാത്തവരുമായിരുന്നു.വനങ്ങളിൽ,മലയോരങ്ങളിൽ,ദരിദ്രമായ നാട്ടിൻപുറങ്ങളിൽ,തെരുവോരങ്ങളിൽ ജീവിതത്തിന്റെ സത്യം തങ്ങളുടെ പരിഗണനയിലേ വരാത്ത മറ്റുപലതുമാണെന്ന കാര്യം അവർ ഓർമിച്ചതേയില്ല.ഇങ്ങനെ മറവിയിലേക്കും അവഗണനയിലേക്കും തള്ളിമാറ്റപ്പെട്ട അനുഭവലോകങ്ങൾ പുതിയ പല തിരിച്ചറിവുകളുടെയും ഉൽപന്നമായ ഭാവുകത്വപരിണാമത്തിന്റെ ഫലമായി കവിതയിലെ ഏറ്റവും പ്രകാശപൂർണമായ ഇടങ്ങളായി മാറിയതാണ് ആധുനികാനന്തര മലയാളകവിതയിലെ ഏറ്റവും ശ്രദ്ധേയമായ പരിണാമം.പ്രാന്തവൽക്കരിക്കപ്പെട്ട ജീവിതങ്ങൾ മാത്രമല്ല ദാർശനികഗൗരവത്തിന് സാധ്യതയില്ലാത്ത വിചാരങ്ങളും ആധുനികാനന്തരകാലത്ത് മലയാളകവിതയിൽ ശ്രദ്ധേയമായ രീതിയിൽ ഇടംപിടിച്ചിട്ടുണ്ട്.പുതിയ 'കഥാകവിതകൾ' ഇക്കാര്യം കൂടി സാക്ഷ്യപ്പെടുത്തുന്നുണ്ട്.
കവിതയുടെ രൂപം സംബന്ധിച്ച എല്ലാ പഴയ നിബന്ധനകളെയും അവഗണിച്ച് വളരെ സ്വതന്ത്രമായാണ് പുതിയ കവികൾ എഴുതുന്നത്.പിന്നെയും പിന്നെയും നുണച്ചിറക്കാവുന്ന അലങ്കാരങ്ങൾ,പല ജീവിതസന്ദർഭങ്ങളെയും കുറിച്ചുള്ള അസാധാരണത്വം അനുഭവപ്പെടുത്തുന്ന കാച്ചിക്കുറുക്കിയ പ്രസ്താവങ്ങൾ തുടങ്ങിയ പലതും പ്രതീക്ഷിച്ച് പുതുകവിതയിലേക്ക് വരുന്നവർ തീർച്ചയായും നിരാശപ്പെടും.അവരാണ് മലയാളത്തിൽ കവിത മരിച്ചു, ഒ.എൻ.വിയുടെയോ സുഗതകുമാരിയുടെയോ അത്രയും ഭാവനാശേഷിയുള്ള ആരും ഇക്കാലത്തില്ല എന്നൊക്കെ പറയുന്നത്.പുതിയ കവികൾ എഴുത്തിൽ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തെയും അവരുടെ രചനകളിലൂടെ വെളിപ്പെട്ട പ്രകൃതിയെയും അനുഭവലോകങ്ങളെയുമൊന്നും മനസ്സിലാക്കാൻ കഴിയാത്തവരാണ് ഈ പരാതിക്കാർ.ഭാവനയുടെ തുറന്ന പ്രതലങ്ങളിലുള്ള നിർഭയമായ തുറന്നെഴുത്താണ് സമകാലീന കവിത സാധ്യമാക്കുന്നത്.'ഇത് കവിത ആണോ എന്ന തോന്നൽ യാഥാസ്ഥിതിക വായനക്കാരിൽ ഉണ്ടാക്കുക എന്നത് തന്നെയാകാം അതിന്റെ ആദ്യലക്ഷണം.'എന്ന ബിജോയ് ചന്ദ്രന്റെ നിരീക്ഷണം തീർച്ചയായും പ്രസക്തമാണ്.
(ഗ്രന്ഥാലോകം മാസികയുടെ ജൂൺ 2015 ലക്കത്തിൽ പ്രസിദ്ധീകരിച്ച പലതായി മാറുന്ന മലയാള കവിത എന്ന ലേഖനത്തിന്റെ അവസാനഭാഗം

2 comments:

  1. വളരെ ശരിയാണ്. സമ്പന്നമായി കവിതകള്‍ ചൊല്ലിയിരുന്ന വിരലില്‍ എണണാവുന്ന പ്രതിഭകളെ നിഷേധിക്കുന്നില്ല.
    എന്നാല്‍ പാടിയ കവികളില്‍;അധികവും ഒരുകാലത്ത് ഓരിയിട്ട ഊളന്‍മാരായിരുന്നു. അല്ലേ സര്‍ ?

    ReplyDelete
  2. ഒ.എൻ.വിയുടെയോ സുഗതകുമാരിയുടെയോ അത്രയും ഭാവനാശേഷിയുള്ള ആരും ഇക്കാലത്തില്ല എന്നൊക്കെ പറയുന്നത്.പുതിയ കവികൾ എഴുത്തിൽ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തെയും അവരുടെ രചനകളിലൂടെ വെളിപ്പെട്ട പ്രകൃതിയെയും അനുഭവലോകങ്ങളെയുമൊന്നും മനസ്സിലാക്കാൻ കഴിയാത്തവരാണ് ഈ പരാതിക്കാർ>>>>>> എന്ന് മൊത്തത്തിലങ്ങ് പറയാനാവില്ല

    ReplyDelete