വാക്കുകളായി മാറാന്‍ മടിക്കുന്ന ഓര്‍മ;ഓര്‍മയായിപ്പോലും മാറാനൊരുങ്ങാതെ ഒപ്പം സഞ്ചരിക്കുന്ന കാലം-അവനവന്റെ ആദ്യവിദ്യാലയത്തെ കുറിച്ചുള്ള ഈ തോന്നല്‍ ഏറെക്കുറെ എല്ലാവരുമായി പങ്കുവെക്കാനാവുന്നതാവും.
അരനൂറ്റാണ്ടിലധികം പഴക്കമുണ്ട് 'മാടായി എല്‍.പി.സ്കൂളി'ലെ എന്റെ ആദ്യദിവസങ്ങള്‍ക്ക്. മനസ്സ് കൂടെക്കൂടെ ചെന്നെത്തുന്ന ക്ളാസ് മുറികള്‍ക്കും സ്കൂളിന്റെ ചുറ്റുപാടുകള്‍ക്കും ആ കാലക്കണക്ക് ബാധകമല്ല.'എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ'എന്ന പ്രയോഗം ലോകത്തിലെ എല്ലാ ഭാഷകളിലും പണ്ടുപണ്ടേ ഇടം നേടിയിരിക്കാം.
മാസങ്ങളോളം സ്കൂളിന്റെ മുന്നിലൂടെ ഒഴുകിപ്പോവുന്ന നീര്‍ച്ചാലില്‍ ഇടക്കിടെ വന്നെത്തുന്ന നൊയിച്ചങ്ങകള്‍,പിന്നിലെ കുറ്റിക്കാട്ടില്‍ 'അതാ,അതാ!' എന്ന് ഞങ്ങള്‍ അത്ഭുതം കൊള്ളുമ്പോഴേക്കും ഓടി മറയുന്ന മുയലുകള്‍,മാടായി പാറപ്പുറത്ത് ഓരോ ആണ്‍കുട്ടിയും കല്ലുകൊണ്ട് കുത്തിക്കുത്തി വരഞ്ഞുണ്ടാക്കുന്ന സ്വന്തം മൂത്രച്ചാല്‍,പാറമുള്ള്,പാറക്കുളം,ഇറ്റിറ്റീ,ഇറ്റിറ്റീ എന്ന് കരഞ്ഞ് ഇത്തിരിയിത്തിരിയകലേക്ക് പറന്നകലുന്ന ഇറ്റിറ്റിപ്പുള്ളുകള്‍, 'നിറന്ന പീലികള് നിരക്കവേ കുത്തി' എന്നു തുടങ്ങുന്ന നാല് വരി മാത്രം എത്രയോ ദിവസങ്ങള്‍ ക്ളാസ്സില്‍ വിവരിക്കുകയും ഓരോ ദിവസവും ആ വരികളില്‍ നിന്ന് പുതിയ അര്‍ത്ഥങ്ങളും അനുഭൂതികളും ഖനനം ചെയ്തെടുക്കുകയും ചെയ്യുന്ന സി.സി.കുഞ്ഞിക്കണ്ണന്‍ മാഷ്, എസ്.കെ.മാഷ്,കുമാരന്‍ മാഷ്,കേളുമാഷ്,കോട്ടോളി കണ്ണന്‍ മാഷ്,കാര്‍ത്ത്യായനി ടീച്ചര്‍, എന്നോടൊപ്പം ഒരേ ബെഞ്ചിലിരുന്ന് പഠിക്കുന്ന സുരേശന്‍,പപ്പന്‍,രാമപുരത്തെ സുകുമാരന്‍,പെണ്‍കുട്ടികളുടെ ബെഞ്ചില്‍ വിജയ,ഖദീജ,വിലാസിനി...ആരും ഒന്നും ഓര്‍മയുടെ ആഴത്തില്‍ വീണ് പോവുന്നില്ല.ഈ കുറിപ്പ് യഥാര്‍ത്ഥത്തില്‍ അവസാനിക്കുന്നില്ല.
അനുബന്ധം :
ചുകപ്പ്
മുരിക്കില്‍ പടര്‍ന്ന മുളകുവള്ളിയില്‍ മഞ്ഞയും ചുകപ്പും പച്ചയുമിടകലര്‍ന്ന മണികളുടെ തുത്തല്‍ കണ്ടപ്പോള്‍ മല്ലികയെ ഓര്‍മവന്നു
അവള്‍ കൊണ്ടുതന്ന പഴുത്ത കുരുമുളുകുമണികളില്‍
എന്റെ ചുണ്ടുകള്‍ ചുകപ്പണിഞ്ഞിരുന്നു
'ഓ,എന്തു ചുകപ്പ് !എന്തു ചുകപ്പ്! എന്നവള്‍ സ്വയം ചുവക്കുന്നതുകണ്ട്
ഞാനും ചുവന്നിരുന്നു
ഞങ്ങള്‍ അന്ന് നാലാംക്ളാസ്സിലായിരുന്നു
ആരുടെയും കണ്ണില്‍ പെടാത്ത കുരുന്നുപച്ചകള്‍
ഇപ്പോഴിതാ മൂത്ത് പഴുത്ത് വീഴാറായിരിക്കുന്നു
നാളെയോ മറ്റന്നാളോ തീനാമ്പുകള്‍ തമ്മില്‍തമ്മില്‍ പറയും:
ഹോ,എന്തു ചുകപ്പ്!എന്തു ചുകപ്പ്!
ഹോ എന്തൊരു ചുക ചുകപ്പ്!
ReplyDelete"നിറന്ന പീലികള് നിരക്കവേ കുത്തി"
ReplyDelete