മനുഷ്യസംസ്കാരത്തിന്റെ ആദിമനാളുകളോളം ചെന്നെത്തുന്ന കവിതയുടെ അതിദീര്‍ഘമായ ചരിത്രത്തില്‍ വളരെ അടിസ്ഥാനപരമായി രണ്ടോ മൂന്നോ വിഷയങ്ങളുടെ ആവര്‍ത്തനം കാണാം.ഒന്ന്:ജനനം,ശാരീരികവും മാനസി കവുമായ വളര്‍ച്ച, വാര്‍ധക്യം, മരണം എന്നിങ്ങനെ ജീവിതത്തിലെ സ്ഥിത്യാത്മകതകളെ ചൂഴ്ന്നുള്ള അനുഭവ ങ്ങളും വികാരവിചാരങ്ങളും.രണ്ട്:സാമൂഹ്യപ്രശ്നങ്ങളോടുള്ള തുറന്ന പ്രതികരണങ്ങളും .മൂന്ന്:സാമൂഹ്യമാനങ്ങള്‍ പരോക്ഷവും പലപ്പോഴും അപ്രസക്തവുമാവുകയും ചെയ്യുന്ന ജീവിതനിരീക്ഷണങ്ങളും സമരാഹ്വാനങ്ങളും അനുഭ വാവിഷ്ക്കാരങ്ങളും.ഇവയില്‍ രണ്ടാമത്തെ ഗണത്തില്‍ പെടുന്ന വിഷയങ്ങള്‍ അതാതു കാലത്തോട് പുലര്‍ത്തുന്ന നേര്‍ക്കുനേര്‍ ബന്ധം സംശയാതീതമാണ്.മറ്റുള്ളവയുടെ കാര്യത്തില്‍ അവ അത്രത്തോളം പ്രക ടമായിക്കൊള്ളണ മെന്നില്ല.എങ്കിലും ഒരു കാര്യം തീര്‍ച്ചയാണ്.യഥാര്‍ത്ഥത്തില്‍ താന്‍ ജീവിക്കുന്ന കാലവുമായി,സമൂഹവുമായി, ആ കാലത്തെയും സമൂഹത്തെയും രൂപപ്പെടുത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്ന എല്ലാ പ്രത്യയശാസ്ത്ര ഘടകങ്ങ ളുമായി ബന്ധപ്പെടുത്തിയാണ് ഏത് തരം അനുഭവത്തെയും കവി ഉള്‍ക്കൊള്ളുകയും ആവിഷ്ക്കരിക്കുകയും ചെയ്യുന്നത്.അഞ്ചാം നൂറ്റാണ്ടിലെ മരണത്തിനും ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മരണത്തിനും അതിന്റെ വിശദാംശങ്ങളിലും അത് സൃഷ്ടിക്കുന്ന വൈകാരികപ്രതികരണങ്ങളിലും വലിയ വ്യത്യാസമുണ്ട്.രണ്ട് കാലങ്ങളില്‍,രണ്ട് സമൂഹങ്ങളില്‍ ജീവിക്കുന്ന കവികള്‍ മരണം എന്ന അനുഭവത്തെ ഒരേ വികാരങ്ങളോടെ സ്വീകരിക്കുക അസംഭാവ്യമാണ്.എങ്കിലും ജീവിതത്തിലെ സ്ഥിത്യാത്മകതകളുടെ ആവിഷ്ക്കാരം മുതല്‍ വളരെ താല്‍ക്കാലികം എന്നു പറയാവുന്ന അനുഭവങ്ങളുടെ ആവിഷ്ക്കാരത്തില്‍ വരെ തുടര്‍ച്ചയുടെ കണ്ണികളുംകണ്ടെ ത്താനാവും.കടന്നുപോയ ഏത് ചരിത്രഘട്ടത്തിലെ ഏതുതരം അനുഭവങ്ങളുടെയും അന്ത:സത്തയുടെ അവധാരണം ഇന്നത്തെ മനുഷ്യര്‍ക്കും വലിയൊരളവോളം സാധ്യമാവുന്നത് ഈ കണ്ണികള്‍ നിലനില്‍ക്കുന്നതുകൊണ്ടാ ണ്.നാളെത്തെ കവിതയില്‍ ഇടം നേടുന്ന പ്രമേയങ്ങളിലും ഈ തുടര്‍ച്ച നിലനില്‍ക്കും.അതിനു പുറമേ ഏത് കാലത്തെയും കവികളില്‍ ചിലര്‍ കവിത എന്ന മാധ്യമത്തെ നിശ്ചലമാകാതെ സൂക്ഷിക്കുന്നതിനു വേണ്ടി ബോധപൂര്‍വം നടത്തുന്ന അഭ്യാസങ്ങള്‍ക്കും തീര്‍ച്ചയായും തുടര്‍ച്ചയുണ്ടാവും.
അഗാധതലത്തില്‍ ചില പ്രമേയങ്ങളും രീതികള്‍ തന്നെയും ആവര്‍ത്തിക്കുന്നു എന്ന വസ്തുതയല്ല കവിതാവായനയില്‍ കൂടുതല്‍ പ്രസക്തമായി തീരുന്നത്.കവിതയിലൂടെ തെളിഞ്ഞുവരുന്ന അദൃഷ്ടപൂര്‍വമായ അനുഭവങ്ങളും കാഴ്ചകളും ബിംബങ്ങളും നിരീക്ഷണങ്ങളുമൊക്കയാണ് വായനാനുഭവത്തിലെ പുതുമയുടെ തരവും തോതുമെല്ലാം നിര്‍ണയിക്കുന്നത്.
പ്രതീക്ഷ പുതുതലമുറയില്‍
ജീവിതം പല തലങ്ങളിലും ഒരു തുടര്‍ച്ചയാണെന്നതുകൊണ്ടാണ് നാളെയെ കുറിച്ച് നാം പ്രവചനങ്ങള്‍ക്ക് മുതിരുന്നത്.എന്നാല്‍ നാളെ എന്ന കാലത്തെ എങ്ങനെ എവിടെ വെച്ച് അടയാളപ്പെടുത്തും എന്ന് നിര്‍ണയിക്കാന്‍ പുറപ്പെടുമ്പോള്‍ കാര്യം അത്ര എളുപ്പമല്ലെന്ന് ബോധ്യമാവും.ഇന്നത്തേതില്‍ നിന്ന് തികച്ചും വ്യത്യസ്തമായ അനുഭ വങ്ങള്‍ യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞു എന്ന് ബോധ്യപ്പെടാന്‍ സാധ്യതയുള്ളതായി സങ്കല്പിക്കുന്ന കാലത്തെ ക്കുറിച്ചാണ് ഇന്ന് നാം നാളെ എന്നു പറയുന്നത്.അത് നാം സങ്കല്പിക്കുന്ന കാലയളവിനുള്ളില്‍ തന്നെ സംഭവിച്ചുവോ എന്ന് പിന്നെയും കാലത്തിലൂടെ അല്പമെങ്കിലും മുന്നോട്ടുപോയതിനു ശേഷമുള്ള തിരിഞ്ഞു നോട്ടത്തിലേ മനസ്സിലാവൂ.ചരിത്രം പ്രച്ഛന്ന വേഷത്തിലാണ് പുരോഗമിക്കുന്നത് എന്ന റെജിസ് ദേബ്രെയുടെ വാക്യം നാല് പതിറ്റാണ്ടോളം മുമ്പ് കേരളത്തിലെ കോളേജ് കാമ്പസ്സുകളിലെ രാഷ്ട്രീയ ചര്‍ച്ചകളില്‍ മുഴങ്ങിക്കേട്ടിരുന്ന ഒന്നാണ്.നാം വര്‍ത്തമാനം എന്നു പറയുന്നത് യഥാര്‍ത്തില്‍ വര്‍ത്തമാനമല്ല ഭൂതകാലമാണ് എന്നാണ് റജിസ് ദേബ്രെ പറഞ്ഞത്.ഭൂതകാല ശീലങ്ങളുടെ ഭാരം കൊണ്ട് വര്‍ത്തമാനത്തെ നിയന്ത്രിക്കുന്നവയായിരുന്നു ലോകത്തിലെ ഒട്ടുമിക്ക സമൂഹങ്ങ ളും.നമ്മുടെ നാട്ടിലാണെങ്കില്‍ വൃദ്ധപൂജയുടെ അളവ് വിനാശകരമായ അളവിലുമായിരുന്നു.പക്ഷേ,കാലം മാറിക്കഴിഞ്ഞു.കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യയുടെയും ഇന്റര്‍നെറ്റിന്റെയും വ്യാപനമാണ് അതിനു വഴിവെച്ച സാങ്കേതികമുന്നേറ്റം.ആഗോളവല്‍ക്കരണത്തിന്റെ ഫലമായി ലോകവ്യാപകമായി മാര്‍ക്കറ്റ് തുറന്നു കിട്ടിയ ബഹുരാഷ്ട്രക്കമ്പനികള്‍ ഉത്പാദനരംഗത്ത് പ്രദര്‍ശിപ്പിച്ച അത്യൂത്സാഹവും വിപണിയെ സദാ സജീവമാക്കി നിര്‍ത്തുന്നതിനായി എല്ലാ മേഖലകളിലും ബോധപൂര്‍വം വളര്‍ത്തിയെടുത്ത ഫാഷന്‍ഭ്രമവുമെല്ലാം അഭിരുചികളുടെ നിര്‍ണയനത്തില്‍ കൌമാരപ്രായക്കാര്‍ക്കും യുവജനങ്ങള്‍ക്കും മേല്‍ക്കെ ലഭിക്കുന്നതിനുള്ള സാഹചര്യമൊരുക്കി അതിനെ പിന്തുണക്കുകയും ചെയ്തു. 'നിങ്ങളുടെ കുട്ടികളില്‍ നിന്ന് പഠിക്കുക' (Learn from your children) എന്നത് ആരംഭത്തില്‍ കമ്പ്യൂട്ടര്‍രംഗത്തെ മാത്രം മുദ്രാവാക്യമായിരുന്നെങ്കിലും പിന്നീട് അത് മൊത്തത്തില്‍ എല്ലാ ജീവിതവ്യവഹാരങ്ങളെയും സ്പര്‍ശിക്കുന്ന ഒന്നായി മാറി.
കവിതയുടെ ലോകത്തിലും ഏറ്റവും പുതിയ തലമുറയെ നിരീക്ഷിക്കുകയും അവരില്‍ നിന്ന് പഠിക്കുകയും ചെയ്യുക എന്നത് ഒരു പൊതു പ്രവണതയായി മാറിക്കൊണ്ടിരിക്കുന്നുണ്ട്.ലബ്ധപ്രതിഷ്ഠരായ കവികള്‍ എന്തൊക്കെ പറയാനിടയുണ്ട് എന്നതിനെ കുറിച്ച്,അല്ലെങ്കില്‍ കവിത എന്ന മാധ്യമം അവരുടെ കയ്യില്‍ രൂപതലത്തിലും പ്രമേയത്തിലും എത്രയൊക്കെ മാറുകയും വളരുകയും ചെയ്യാം എന്നതിനെ കുറിച്ച് വായനാസമൂഹത്തിന് കൃത്യമായ മുന്‍ധാരണകളുണ്ട്.അതുകൊണ്ടു തന്നെ തങ്ങള്‍ പല കുറി അനുഭവിച്ചറിഞ്ഞതിന്റെ അല്പം വ്യത്യസ്തമായ ആവര്‍ത്തനമേ വായനക്കാര്‍ അവരുടെ ഏത് പുതിയ രചനയില്‍ നിന്നും പ്രതീക്ഷിക്കൂ.തങ്ങളെ ബൌദ്ധികമായും വൈകാരികമായും ഉണര്‍ത്താന്‍ ശേഷിയുള്ള കവിതകള്‍ക്കുവേണ്ടി അവര്‍ പുതുതലമുറയിലെ കവികളെയാണ് ഉറ്റുനോക്കുന്നത്.ആനുകാലികങ്ങള്‍ തന്നെയും ലബ്ധപ്രതിഷ്ഠരുടെ കവിതകള്‍ക്കു വേണ്ടി കാത്തിരിക്കുന്ന ശീലം പാടേ ഉപേക്ഷിച്ചുകഴിഞ്ഞു.
പെരുപ്പത്തിന്റെ കലക്കം
ഭാവുകത്വത്തിലും അഭിരുചികളിലും ഇങ്ങനെ പുതു തലമുറയ്ക്ക് അനുകൂലമായ മാറ്റങ്ങള്‍ സംഭവിച്ചുകഴിഞ്ഞിട്ടുണ്ടെങ്കിലും ഏറ്റവും പുതിയ കവികളുടെ രചനകളെ മുന്‍നിര്‍ത്തി നമ്മുടെ കവിത എങ്ങോട്ടൊക്കെ മുന്നേറിക്കൊണ്ടിരിക്കുന്നു എന്നു നിശ്ചയിക്കുക അല്പം പോലും എളുപ്പമല്ല.അതിനുള്ള കാരണങ്ങള്‍ പലതാണ്.
കവിത എണ്ണത്തിലും വിഷയവൈവിധ്യത്തിലും ഇത്രമേല്‍ പെരുപ്പം കാണിച്ച ഒരു കാലം മുമ്പെ ങ്ങും ഉണ്ടായിട്ടില്ല.കവിതയെപ്പോലെ സ്വതന്ത്രവും സുസാധ്യവുമായ മറ്റൊരു സാഹിത്യമാധ്യവും ഇല്ല എന്ന തോന്നലിന് കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ സാര്‍വത്രികമായ വ്യാപനം സംഭവിച്ചിരിക്കുന്നു.മൊബൈല്‍ഫോണ്‍ മുതല്‍ ഇന്റര്‍നെറ്റിലെ സോഷ്യല്‍നെറ്റ് വര്‍ക്കുകള്‍ വരെ കവിത വായനക്കാരെ തേടി എത്തുന്ന സ്വതന്ത്രമായ അനേകമനേകം ഇടങ്ങള്‍ക്ക് യുവജനങ്ങള്‍ക്കിടയില്‍ വളരെ വ്യാപകമായ സ്വീകാര്യത വന്നുചേര്‍ന്നതിലൂടെയാണ് ഈ മാറ്റം സംഭവിച്ചത്. സര്‍ഗാത്മക രചന പഠിപ്പിക്കാവുന്ന ഒരു വിഷയമാണെന്ന ധാരണയ്ക്ക് പല വിദേശരാജ്യങ്ങളിലും പൊതുവായ അംഗീകാരം കൈവന്നു കഴിഞ്ഞു.അങ്ങനെ പഠിച്ച് കവിതയെഴുതുന്ന പലരും പല വര്‍ഷങ്ങളായി രംഗത്ത് തുടരുന്നുണ്ട്.കവിതയെഴുത്തിനും നിരൂപണത്തിനും അവതരണത്തിനുമൊക്കെയുള്ള പരിശീലനം നമ്മുടെ നാട്ടിലും പാഠ്യപദ്ധതിയുടെ ഒരു ഭാഗമാണിന്ന്.ചെറുപ്രായം മുതലേ കവിതാരചന കുട്ടികള്‍ക്ക് ഒരത്ഭുതമല്ലാതായിത്തീരുന്നു.കവിതയ്ക്കുള്ള വിഷയം സ്വന്തം ജീവിതാനുഭവങ്ങളുടെയും വൈകാരികാഘാതങ്ങളുടെയുമൊക്കെ ഫലമായി രൂപം കൊള്ളേണ്ടതാണെന്ന ധാരണ ഇല്ലാതായിക്കഴിഞ്ഞു.വായനക്കാരുടെ ശ്രദ്ധനേടാന്‍ സാധ്യതയുള്ള വിഷയങ്ങള്‍ കണ്ടെത്തി അവരുടെ ശ്രദ്ധനേടാന്‍ സാധ്യതയുള്ള പദങ്ങളും വാങ്മയചിത്രങ്ങളും ആഖ്യാനരീതിയും ഉപയോഗിച്ച് അവയ്ക്ക് കവിതയുടെ രൂപം നല്‍കുന്ന പ്രവൃത്തി പരിശീലിച്ചെടുക്കാവുന്നതേ ഉള്ളൂ എന്ന നിലവന്നു.ഈ മട്ടില്‍ നിര്‍മിക്കപ്പെടുന്നവയാണ് ബാലപംക്തി കവിതകളിലും കാമ്പസ് കവിതകളിലും തൊണ്ണൂറ് ശതമാനവും.ഇത്തരം കവിതകള്‍ തന്നെയാണ് ബ്ളോഗുകവിതകളിലും ബഹുഭൂരിപക്ഷവും.ഈ മാറ്റം അഭികാമ്യമാണെന്നോ അല്ലെന്നോ ഒന്നും വിധി കല്പിക്കുന്നതില്‍ അര്‍ത്ഥമില്ലാതായിരിക്കുന്നു.കാരണം ലോകത്തെവിടെയും കവിതാനിര്‍മാണത്തിന്റെ ഏറ്റവും പുതിയ ഈ രീതി സ്വാഭാവികരീതി പോലെ തന്നെ അംഗീകൃതമായിത്തുടങ്ങിയിരിക്കുന്നു.
മലയാളം പോലുള്ള ഒരു ഭാഷയില്‍ പോലും ആയിരത്തിലധികം കവിതകള്‍ ഓരോ വര്‍ഷവും ആനുകാലികങ്ങളിലൂടെ പുറത്തുവരുന്നുണ്ട്.ഇന്റര്‍നെറ്റ് മാസികകളിലും ബ്ളോഗുകളിലുമായി വരുന്ന കവിതകള്‍ എണ്ണം കൊണ്ട് അതിന്റെ എത്രയോ മടങ്ങായിരിക്കും.പുസ്തകരൂപത്തില്‍ പുറത്തിറങ്ങുന്ന കവിതകളുടെ എണ്ണത്തിലും പഴയ കാലത്തെ അപേക്ഷിച്ച് വമ്പിച്ച വര്‍ധനവുണ്ടായിരിക്കുന്നു.ഈ പെരുപ്പവും കവിതകള്‍ പ്രമേയതലത്തിലും രൂപതലത്തിലും പുലര്‍ത്തുന്ന വൈവിധ്യവും കൂടിയാവുമ്പോള്‍ ഈ മാധ്യമത്തെ കാലത്തിലൂടെ മുന്നോട്ട് കൊണ്ടുപോവുന്ന രചനകള്‍ മുഴുവന്‍ കണ്ടെത്തി അവയെ ആധാരമാക്കി തന്റെ കാവ്യഭാവുകത്വത്തിന്റെ നിരന്തരനവീകരണം സാധ്യമാക്കുന്ന പ്രക്രിയ ഏത് വ്യക്തിയെ സംബന്ധിച്ചിടത്തോളവും തീര്‍ത്തും വിഷമകരമായിരിക്കും.പണ്ടും എല്ലാവരും എല്ലാ കവിതകളും വായിച്ചല്ല ഭാവുകത്വനവീകരണം സാധിച്ചിരുന്നത് എന്നു പറയാം.കവിതയുടെ ഗുണനിലവാരത്തിന്റെ നിര്‍ണയനം പക്ഷേ പണ്ടത്തേതുപോലെ ലഘുവായ ഒരു പ്രവൃത്തിയല്ല ഇന്ന്.ജീവിതവ്യവഹാരങ്ങള്‍,താത്പര്യങ്ങള്‍,വ്യക്തിക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങള്‍ ഇവയിലെല്ലാറ്റിലുമുള്ള ബഹുസ്വരത അനിഷേധ്യമായൊരു യാഥാര്‍ത്ഥ്യമാണിന്ന്.ആഗോളതലത്തില്‍ വിപണിയെ രൂപപ്പെടുത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ശക്തികള്‍ അവയുടെ നിലനില്‍പിനും വളര്‍ച്ചയ്ക്കും വേണ്ടി കൈക്കൊള്ളുന്ന തന്ത്രങ്ങളും പദ്ധതികളും ഊഹാതീതമാം വിധം സങ്കീര്‍ണവും വൈവിധ്യപൂര്‍ണവുമാണ്.ഇവയെയെല്ലാം ഒരേയൊരുറച്ച നിലപാടില്‍ നിന്നുകൊണ്ട് മനസ്സിലാക്കുക എന്നതോ നേരിടുക എന്നതോ മനുഷ്യസാധ്യമല്ല.
നിരന്തരം മാറാന്‍ നിര്‍ബന്ധിതനാവുന്ന,നിത്യവുമെന്നോണം പുതിയപുതിയ വസ്തുക്കളെയും പ്രശ്നങ്ങളെയും അഭിമുഖീകരിക്കേണ്ടി വരുന്ന,ഇക്കാര്യങ്ങളില്‍ തന്നെ വിശദാംശങ്ങളില്‍ അനന്തമായ വൈഭിന്ന്യം പുലര്‍ത്തേണ്ടി വരുന്ന മനുഷ്യരെല്ലാവരും ഒരേ സ്വരത്തില്‍ ഏതെങ്കിലും കവിതയെ കുറിച്ച് നല്ലതെന്നോ ചീത്തയെന്നോ അഭിപ്രായം പറയുമെന്നു പ്രതീക്ഷിക്കരുത്.മുന്‍കാലങ്ങളിലും കവിതാവായനക്കാര്‍ ഭാവുകത്വത്തിന്റെ പല പടവുകളിലായിരുന്നു.ഇന്ന് പക്ഷേ,പ്രശ്നം കേവലം ഭാവുകത്വ നിലവാരത്തിന്റേതു മാത്രമല്ല.ജീവിതത്തിന്റെ അഭിമുഖീകരണത്തില്‍ തന്നെയുള്ള അന്തരമാണ് പ്രശ്നം.അഭ്യസ്തവിദ്യന്റെ ഭാവുകത്വം/നിരക്ഷരന്റെ ഭാവുകത്വം, തൊഴിലാളി വര്‍ഗഭാവുകത്വം/ഉപരിവര്‍ഗഭാവുകത്വം,കീഴാളഭാവുകത്വം/മേലാളഭാവുകത്വം എന്നിങ്ങനെയുള്ള ദ്വന്ദങ്ങള്‍ കല്പിച്ച് കവിതാസ്വാദനത്തിലെ പ്രശ്നങ്ങളെ മനസ്സിലാക്കുന്നത് പണ്ട് കുറേയൊക്കെ ഫലപ്രദമാവുമായിരുന്നു.ഇന്നാണെങ്കില്‍ അത്തരത്തിലുള്ള ദ്വന്ദകല്പനകളൊന്നും കാര്യമായ അളവില്‍ ഫലവത്താകാത്ത വിധത്തില്‍ കവിതാവായനയുടെ ലോകത്ത് കാര്യങ്ങളെല്ലാം നാനാവിധമായിരിക്കുന്നു.അതുകൊണ്ടാണ് കെ.എ.ജയശീലന്റെ കവിതയെ പ്രകീര്‍ത്തിച്ച് കവിയെന്ന നിലയില്‍ അതിന് നേര്‍വിപരീതമായ ഒരു കാവ്യസങ്കല്പം സൂക്ഷിക്കുന്ന കെ.എം.പ്രമോദ് ലേഖനമെഴുതുന്നത്.കെ.ആര്‍.ടോണിയുടെ കവിതയും വീരാന്‍കുട്ടിയുടെയോ കല്പറ്റനാരായണന്റെയോ കവിതയും ഒരേ ആള്‍ക്കു തന്നെ ഇഷ്ടകവിതകളായിത്തീരുന്നതും ഇതേ സാഹചര്യത്തിലാണ്.അനില്‍ പനച്ചൂരാന്റെ കവിതയെയും എ.അയ്യപ്പന്റെ കവിതയെയും ഒന്നു പോലെ ഇഷ്ടപ്പെടുന്ന ആളെ കണ്ടെത്തിയാലും അത്ഭുതപ്പെടാനില്ല.അത്രയേറെ വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതായിരിക്കുന്നു കവിതയോടുള്ള നമ്മുടെ സമീപനങ്ങള്‍.
ഈ പശ്ചാത്തല വസ്തുതകളെല്ലാം പരിഗണിച്ചു വേണം മലയാളകവിതയുടെ ഗതി എങ്ങോട്ടാണെന്ന്,അല്ലെങ്കില്‍ എങ്ങോട്ടൊക്കെയാണെന്ന് നിര്‍ണയിക്കാന്‍.
പുതിയ പൊതുമാര്‍ഗം
ആധുനികോത്തരം എന്ന് നാം പറഞ്ഞുകൊണ്ടിരുന്ന കാലത്ത് ദാര്‍ശനികതയുടെ ഭാരം ഇറക്കിവെച്ചും രാഷ്ട്രീയാഭിമുഖ്യങ്ങളുടെ ഉല്‍പന്നമായ നിലപാടുകള്‍ ഉപേക്ഷിച്ചും അനുഭവങ്ങളെ മുഖാമുഖം കാണുന്ന ഒരു രീതി മലയാളകഥയിലും കവിതയിലുമൊക്കെ രൂപപ്പെട്ടു എന്നു പറഞ്ഞാല്‍ അത് കുറേയേറെ സത്യമായിരിക്കും.ആധുനികരില്‍ വലിയൊരു വിഭാഗം ദര്‍ശനതലത്തില്‍ സര്‍വതന്ത്ര സ്വതന്ത്രരായി ഭാവിച്ചിരുന്നെങ്കിലും അവര്‍ അസ്തിത്വവാദത്തിന്റെ ദാര്‍ശനികപരിസരം പൊതുവേ പങ്കുവെച്ചിരുന്നു.അതിന്റെ ഭാഗമായ ഉദ്വിഗ്നതയും അന്യതാബോധവും ശൂന്യതാബോധവുമൊക്കെയാണ് അവരുടെ രചനകളുടെ ഭാവാന്തരീക്ഷത്തെ രൂപപ്പെടുത്തിയത്.മറുവശത്ത് ആധുനികരില്‍ തന്നെയുള്ള ന്യൂനപക്ഷം തീവ്രഇടതുപക്ഷത്തോടുള്ള അതിഭാവുകത്വപരം എന്നുപോലും വിശേഷിപ്പിക്കാവുന്ന വൈകാരികബന്ധത്തില്‍ നിന്നാണ് അവരുടെ സര്‍ഗാത്മകാവിഷ്ക്കാരങ്ങള്‍ക്കുള്ള ഊര്‍ജം നേടിയത്. ഈ രണ്ട് നിലപാടുകളും കാലഹരണപ്പെട്ടിരിക്കുന്നു.അസ്തിത്വവാദം ഒരു ദര്‍ശനമെന്ന നിലയില്‍ ആരെയും പ്രചോദിപ്പിക്കാത്ത ഒന്നായിത്തീര്‍ന്നിരിക്കുന്നു.അത് ഉന്നയിക്കുകയും ഉത്തരം പറയുകയും ചെയ്ത ചോദ്യങ്ങളെല്ലാം പുതിയ ജീവിതപരിസരങ്ങളില്‍ ജീവസ്സറ്റതായിത്തീര്‍ന്നിരിക്കുന്നു.പൂര്‍വനിശ്ചിതമായ ഒരു ദാര്‍ശനികനിലപാടില്‍ നിന്നുകൊണ്ട് സമീപിക്കാനാവാത്ത വിധം അനുഭവങ്ങള്‍ക്ക് വല്ലാത്ത ഒരു തരം താല്‍ക്കാലികതയും അനിശ്ചിതത്വവും ബഹുരൂപിത്വവും വന്നുചേരുകയോ അങ്ങനെ സംഭവിച്ചതായുള്ള പ്രതീതി സൃഷ്ടിക്കപ്പെടുകയോ ചെയ്യുന്നുണ്ട്.ഈ വാസ്തവത്തെ കവികള്‍ അംഗീകരിക്കുകയും അതിനെ നേരിടുന്നതിന് ഒരു പൊതുമാര്‍ഗം സ്വീകരിക്കേണ്ടതില്ല എന്ന പൊതുസമീപനത്തില്‍ എത്തിച്ചേരുകയും ചെയ്തിരിക്കുന്നു. അതുകൊണ്ട് രൂപഭാവതലങ്ങളിലെല്ലാമുള്ള വൈവിധ്യം കവിതയിലെ സ്വാഭാവികനിലയായിരിക്കുന്നു.ഉത്തമമായ മാതൃകാകവിത എന്ന നിലയ്ക്കല്ല പുതിയ കാവിതാപഠനങ്ങളില്‍ ഏതെങ്കിലും കവിത പരാമര്‍ശിക്കപ്പെടുന്നത്.മറിച്ച് വിവിധതലങ്ങളിലുള്ള അതിന്റെ വ്യത്യസ്തതയാണ് ഊന്നല്‍ നല്‍കി പരിഗണിക്കപ്പെടുന്നത്.ഈ നില നാളെത്തെ കവിതയിലും കവിതാപഠനങ്ങളിലും തുടരുക തന്നെ ചെയ്യും.
വൈവിധ്യം മാത്രമല്ല ഏത് തരം അനുഭവങ്ങളോടുമുള്ള സമീപനത്തില്‍ അളവറ്റ ലാഘവവും പുതുകവിതകളുടെ ലോകത്തെ സാമാന്യാനുഭവമാണ്.എന്തിനെയും ഏതിനെയും നര്‍മം കലര്‍ത്തി അവതരിപ്പിക്കുക,എളുപ്പത്തില്‍ സാധ്യമാവുന്ന ഒരു ട്വിസ്റില്‍ കവിതയെ കൊണ്ടുചെന്നെത്തിക്കുക,കേവലം ഒരു വിരുദ്ധോക്തിക്ക് കവിത എന്നു പേരിടുക ഇവയൊക്കെയാണ് കവിതയെഴുത്തിന്റെ ശരിയായ രീതികള്‍ എന്നൊരു പ്രതീതി പോലും സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്.വളരെ കൂടുതല്‍ വായനക്കാരില്‍ വളരെ വേഗം എത്തിച്ചേരാന്‍ ബ്ളോഗ് രചനകളില്‍ സ്വീകരിക്കപ്പെടുന്ന ഇത്തരം മാര്‍ഗങ്ങള്‍ക്ക് ബ്ളോഗിന് പുറത്തുള്ള എഴുത്തിന്റെ ലോകത്തിലും പൊതുവായ സ്വീകാര്യത ലഭിച്ചിരിക്കുന്നു എന്നു പറയാം.ഏതെങ്കിലുമൊരു ദര്‍ശനത്തിന്റെയോ വികാരത്തിന്റെയോ സാന്നിധ്യം നമ്മുടെ സാമൂഹ്യജീവിതത്തിന് ഉള്‍ക്കനം പകരും വരെ ഈ രീതികള്‍ നാളെത്തെ കവിതയിലും മേല്‍ക്കൈ നിലനിര്‍ത്താന്‍ തന്നെയാണ് സാധ്യത.
വലുതും ചെറുതുമായ രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങള്‍ എല്ലാം തന്നെ വളരെ വേഗം സുഗ്രഹമായിത്തീരുന്ന കാലമാണിത്.പ്രസ്ഥാനങ്ങള്‍ക്കും നേതാക്കള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഒന്നും ഏറെക്കാലത്തേക്ക് ഒളിച്ചുവെക്കാനാവില്ല.പക്ഷേ ഒരു രാഷ്ട്രീയ പ്രശ്നത്തിനും സാമൂഹ്യതി•യ്ക്കും നേരിട്ടുള്ള ബഹുജനസമരങ്ങളിലൂടെ പരിഹാരം സാധ്യമാവാത്ത വിധം വ്യവസ്ഥാപിത രാഷ്ട്രീയപ്പാര്‍ട്ടികളും സാമ്പത്തികക്കുത്തകകളും ഉദ്യാഗസ്ഥമേധാവിത്വവും അവിശുദ്ധസ്രോതസ്സുകളില്‍ നിന്ന് പണം പറ്റുന്ന സന്നദ്ധസംഘടനകളും മറ്റ് അധികാരകേന്ദ്രങ്ങളും ചേര്‍ന്നുള്ള അതിശക്തമായ ഒരു കൂട്ടുകെട്ട് രാജ്യത്ത് നിലവില്‍ വന്നു കഴിഞ്ഞിട്ടുണ്ട്.ഈ അവസ്ഥയുടെ എല്ലാ ദുഷ്ഫലങ്ങളും അനുഭവിക്കേണ്ടി വരുന്ന സാധാരണമനുഷ്യര്‍ അത്യന്തം നിസ്സഹായമായ അവസ്ഥയിലാണ് .അവരുടെ ജീവിതസമരങ്ങള്‍ക്ക് പ്രത്യക്ഷമായിത്തന്നെ പിന്തുണ നല്‍കുന്നതും അവരുടെ സംഘടിതമായ ചെറുത്തുനില്പുകള്‍ക്ക് വീര്യം പകരുന്നതുമായ കവിതകളെ സമീപഭാവിയില്‍ തന്നെ നമ്മുടെ സമൂഹം കൂടുതല്‍ കൂടുതല്‍ ആവശ്യപ്പെട്ടേക്കാം.മുദ്രാവാക്യ കവിതകളുടെ ആ ഒരു ധാര നാളെത്തെ മലയാളകവിതയില്‍ കൂടുതല്‍ പ്രസക്തി കൈവരിക്കാന്‍ സാധ്യതയുള്ളതാണ്.പുതിയ കാലം ആവശ്യപ്പെടുന്ന തരത്തില്‍ ഘടനയിലും പ്രവര്‍ത്തനത്തിലും തീര്‍ത്തും ജനാധിപത്യപരവും ദര്‍ശനതലത്തില്‍ പുതിയ വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ മാത്രം പക്വതയും ആര്‍ജ്ജവവും സ്വായത്തമാക്കുന്നതുമായ ഒരു ഇടതുപക്ഷരാഷ്ട്രീയത്തിന് പൊതുജീവിതത്തില്‍ അംഗീകാരം കൈവരുന്നതിലൂടെയേ ആ സാധ്യത പക്ഷേ യാഥാര്‍ത്ഥ്യമായിത്തീരുകയുള്ളൂ.മങ്ങിയ പ്രതീക്ഷയുടെ ഇത്തിരിവട്ടത്തില്‍ നിന്ന് എത്ര ഊര്‍ജസ്വലനായ കവിക്കും ഏറെ നേരം മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിക്കാനാവില്ല.
ജീവിതത്തിന് സംഭവിച്ച ഒട്ടൊക്കെ ദുര്‍ഗ്രഹവും ബഹുമുഖവുമായ മാറ്റങ്ങളെ നിര്‍വചിക്കാനും നേരിടാനും പുതിയ കവികള്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങളില്‍ ഒന്നിനു പോലും സമഗ്രത അവകാശപ്പെടാനാവില്ലെങ്കിലും അവയോരോന്നിനും അതാതിന്റേതായ പ്രസക്തിയുണ്ട്.സ്ത്രീപക്ഷ കവിത,ദളിത് കവിത,പരിസ്ഥിതിബോധത്തിന്റെ കവിത എന്നിങ്ങനെയുള്ള ലേബലുകള്‍ക്കു കീഴെനിര്‍ത്തി നാം വായിക്കുന്ന കവിതകളില്‍ പലതും അവ തന്നെ ഉന്നയിക്കുന്ന പ്രശ്നങ്ങളുടെ ഏറ്റവും പ്രസക്തമായ കോണില്‍ നിന്നുള്ള കാഴ്ച തന്നെ ആയിക്കൊള്ളണമെന്നില്ല.അവയ്ക്കു പിന്നില്‍ കാര്യങ്ങളെ കുറിച്ചുള്ള സമഗ്രാവബോധം പ്രവര്‍ത്തിക്കുന്നില്ലെന്ന് ശരിയായിത്തന്നെയുള്ള കുറ്റപ്പെടുത്തല്‍ സാധ്യമായെന്നും വരും.അതേ സമയം അവ അന്യഥാ നമ്മുടെ നിരീക്ഷണത്തിനും അവധാരണത്തിനും അന്യമായിപ്പോവുന്ന ചില പ്രശ്നങ്ങളുടെമേല്‍ കൃത്യമായി വെളിച്ചം വീഴ്ത്തുന്നുമുണ്ട്.ഇതൊരു വിഷമാവസ്ഥയാണ്.രാഷ്ട്രീയമായി വിശദീകരിച്ചാല്‍ ബൃഹദാഖ്യാനങ്ങള്‍ അപ്രസക്തമായി എന്ന ആധുനികോത്തര നിലപാടിനെ ശരിവെക്കുക എന്ന ദൌത്യമാണ് ഈ രചനകള്‍ സാധിക്കുന്നത്.അങ്ങനെയായാല്‍ തന്നെ എന്ത് എന്നൊരു ചോദ്യം ഈ ഘട്ടത്തില്‍ തീര്‍ച്ചയായും സ്വാഭാവികമാണ്.ബൃഹദാഖ്യാനങ്ങളുടെ തകര്‍ച്ച എന്നത് ഒരു വശത്ത് സംഭവിച്ചുകൊണ്ടിരിക്കെ മറുവശത്ത് മറ്റൊരു ബൃഹദാഖ്യാനം, ബഹുരാഷ്ട്ര മുതലാളിത്തം എന്ന ബൃഹദാഖ്യാനം അപ്രതിരോധ്യമാം വിധം വളരുന്നു,ആധിപത്യമുറപ്പിക്കുന്നു എന്ന യാഥാര്‍ത്ഥ്യം മറച്ചുവെക്കുന്നതിനുള്ള ഉപകരണങ്ങളായി ഈ രചനകളും നിലപാടുകളും മാറുന്നു എന്നതാണ് പ്രശ്നം.ആഗോളവല്‍ക്കരണം ഒരു വശത്ത് ദളിത് വിഭാഗങ്ങളെ പല നിലയ്ക്കും മോചിപ്പിക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കുന്നു.മറുവശത്ത് അത് അതിന്റെ താല്പര്യസംരക്ഷണത്തിനായുള്ള നാനാതരം പ്രവര്‍ത്തനങ്ങളിലൂടെ ദളിതരെ ഒരു ജനവംശമെന്ന നിലയ്ക്കു തന്നെ ഇല്ലായ്മ ചെയ്യുന്നുണ്ട്.ദളിതര്‍ തനിച്ച് സ്വന്തം സാംസ്കാരികസ്വത്വത്തിന്റെ അടിസ്ഥാനത്തില്‍ കെട്ടിപ്പടുക്കുന്ന രാഷ്ട്രീയത്തിന് ഈ മഹാവിപത്തിനെ നിസ്സാരമായ അളവില്‍ പോലും നേരിടാന്‍ ആവുകയുമില്ല.ദളിത് കവിത എഴുതുന്നവരില്‍ വളരെയേറെപ്പേരും ഇത്തരം രാഷ്ട്രീയയാഥാര്‍ത്ഥ്യങ്ങളിലേക്ക് ഉണരാന്‍ മടിക്കുന്നവരാണ്. അവര്‍ സമകാലികജീവിതത്തില്‍ നിന്നകലെ വംശസ്മൃതിയുടെയോ സങ്കല്പത്തിന്റെയോ തലത്തില്‍ മാത്രം നിലനില്‍ക്കുന്ന ദളിത് അനുഭവങ്ങളെ അരാഷ്ട്രീയതയില്‍ സ്ഫുടം ചെയ്തെടുക്കുകയോ, സ്വത്വമുദ്രകള്‍ മറപോലെ പ്രവര്‍ത്തിച്ച് കവിതയെ അതാര്യമാക്കും വിധത്തിലുള്ള ആവിഷ്ക്കാരരീതി സ്വീകരിക്കുകയോ ചെയ്ത് സംതൃപ്തിയടയന്നു. ഇത്രയും പറഞ്ഞ് അവസാനിപ്പിക്കാവുന്നതാണോ ദളിത് കവിതയുടെ മുഴുവന്‍ യാഥാര്‍ത്ഥ്യവും ? തീര്‍ച്ചയായും അല്ല.ദളിത് കവികളില്‍ ചിലര്‍ അവര്‍ പ്രതിനിധാനം ചെയ്യുന്ന ജനതയുടെ അനുഭവങ്ങള്‍ക്ക് പൊതുസമൂഹമാകെ വേര്‍തിരിച്ചറിയും വിധത്തിലുള്ള ആവിഷ്ക്കാരം നല്‍കിയില്ലായിരുന്നെങ്കില്‍ നമ്മുടെ സാഹിത്യത്തിന്റെ വര്‍ത്തമാനം തന്നെ മറ്റൊരു തരത്തിലാവുമായിരുന്നു.'വികസനം,വികസനം' എന്ന ആര്‍പ്പുവിളിയുമായി മുന്നേറുന്ന ലോകത്തോട് നിങ്ങള്‍ക്ക് വിഭാവനം ചെയ്യാനാവാത്ത,അല്ലെങ്കില്‍ നിങ്ങള്‍ ഒരിക്കലും ശ്രദ്ധിക്കാനിടയില്ലാത്ത എത്രയോ യാഥാര്‍ത്ഥ്യങ്ങള്‍ അടിത്തട്ടിലെ ജീവിതത്തിലുണ്ട് എന്നു വിളിച്ചു പറഞ്ഞതില്‍ ദളിത്സാഹിത്യത്തിന് വലിയൊരു പങ്കുണ്ട്.ആ രാഷ്ട്രീയവശം മറച്ചുവെക്കുകയും ദളിത് സാഹിത്യത്തിന് അതിന്റേതു മാത്രമായ ഒരു പരിവേഷവലയം സൃഷ്ടിച്ചുകൊടുത്ത് അതിനുള്ളില്‍ അതിനെ കുരുക്കിയിടുകയും ചെയ്യുന്നിടത്താണ് അപകടം. അത്തരത്തിലുള്ള ഒരു സൌന്ദര്യശാസ്ത്രത്തിന്റെ നിര്‍മിതിയാണ് ദളിത്കവിത നേരിടുന്ന ഏറ്റവും വലിയ വിപത്ത്. ദളിത് കവിതയെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ അതേ അളവിലല്ലെങ്കിലും,വിശദാംശങ്ങളില്‍ വ്യത്യാസമുണ്ടെങ്കിലും, സ്ത്രീപക്ഷകവിതയ്ക്കും പാരിസ്ഥിതികകവിതയ്ക്കും ബാധകമാണ്.ഇങ്ങനെ പ്രത്യേകമായ ഏതെങ്കിലും ഗണത്തില്‍ പെടുത്താനാവാത്ത കവിതയായാലും അതിന് അര്‍ത്ഥവത്തായ സാമൂഹികത കൈവരണമെങ്കില്‍ ജനങ്ങളുടെ പൊതുബോധം കവിതയ്ക്കു നേരെ ഉണരുന്ന സാമൂഹ്യാന്തരീക്ഷവും സാംസ്കാരികസാഹചര്യങ്ങളും വേണം.സാഹിത്യത്തെ പൊങ്ങച്ചത്തിന്റെയും ഉപചാരത്തിന്റെയും ഭാഗമായല്ലാതെ,ജനതയുടെ ഏറ്റവും വലിയജീവിതാവശ്യങ്ങളിലൊന്നായിത്തന്നെ അംഗീകരിക്കുന്ന രാഷ്ട്രീയം വേണം,സാഹിത്യനിരൂപണം അതിന്റെ ദൌത്യങ്ങള്‍ നിറവേറ്റാന്‍ പാകത്തില്‍ എല്ലാ അര്‍ത്ഥത്തിലും സുസജ്ജമാവുകയും വേണം.ഈ കാര്യങ്ങളെ കുറിച്ച് ശുഭപ്രതീക്ഷയ്ക്ക് വക നല്‍കുന്ന സാഹചര്യമല്ല ഇന്ന് കേരളത്തില്‍ നിലവിലുള്ളത്. അതുകൊണ്ടു തന്നെ കവിത വലിയൊരളവോളം കവിത എഴുതുന്നവരുടെ ലോകത്തില്‍ മാത്രം സാര്‍ത്ഥകമായിത്തീരുന്ന ഒരു ഭാഷാവ്യവഹാരമെന്ന നിലയില്‍ത്തന്നെ കുറച്ചുകാലത്തേക്കു കൂടി തുടരാനാണ് കൂടുതല്‍ സാധ്യത.
ജനശക്തി വാരിക:ജനവരി 15-21,2011
No comments:
Post a Comment