Pages

Monday, July 1, 2019

ഗ്ലോബ്


തിരക്കഥ

ഗ്ലോബ്

1.
പകൽ.
കുന്നിറങ്ങി വരുന്ന കരിയനും അപ്പനും. കരിയൻ നാലാംക്ലാസിൽ പഠിക്കുന്ന മെലിഞ്ഞ് കരുവാളിച്ച ആദിവാസിക്കുട്ടിയാണ്.
നിറം കെട്ട ട്രൗസറും ബനിയനുമാണ് വേഷം. അപ്പൻ അകാലത്തിൽ  വൃദ്ധനായിത്തീർന്ന ആളെപ്പോലെ തോന്നും.തീരെ അവശനാണ്.വേഷം മുറിക്കയ്യൻ ഷർട്ടും മുണ്ടും. കരിയൻ നല്ല ഉത്സാഹത്തിലാണ്.അപ്പൻ അവന്റെ സന്തോഷത്തിൽ പങ്കുചേരുന്നതായി ഭാവിക്കുന്നു.
ഉത്സാഹപൂർവം കുന്നിറങ്ങുന്ന കരിയന്റെ അടുത്ത് ഓടിയെത്താൻ അയാൾ പാടുപെടുന്നുണ്ട്.
2
മലമുകളിലെ ഉറക്കം തൂങ്ങുന്ന ഒരു നഗരത്തിന്റെ ദൃശ്യങ്ങൾ.
3
നഗരത്തിലെ സമ്മേളനഹാൾ -ഒരുക്കങ്ങൾ
ഹാളിൽ കസേരകൾ പിടിച്ചിടുകയും  സ്റ്റേജിൽ മേശകൾ ഒരുക്കുകയും ചെയ്യുന്നതിന്റെ തിരക്ക്.സ്റ്റേജിനു പിന്നിൽ  'ന്യൂ ലൈഫ് റിക്രിയേഷൻ ക്ലബ്ബ് : മൂന്നാം വാർഷികം'
എന്നെഴുതിയ വർണഭംഗിയുള്ള ബാനർ കാണാം.
4
സ്‌റ്റേജിനു പിന്നിൽ സമ്മാനങ്ങൾ അടുക്കിവെച്ചിരിക്കുന്ന മേശ.ചെറിയ നിലവിളക്ക്,കനം കുറഞ്ഞ പിച്ചള ശില്പങ്ങൾ തുടങ്ങിയവ കാണാം.ഇടയിൽ ഒരു ഗ്ലോബും. കുടിച്ച് പൂസ്സായഒരു മധ്യവയസ്‌കൻ വന്ന് ഗ്ലോബെടുത്ത് ഒന്നു കറക്കിനോക്കി വിഡ്ഡിച്ചിരി ചിരിച്ച് മേശപ്പുറത്ത് തിരിയെ  വെക്കുന്നു.
5
ഹാളിൽ വന്നുനിറയുന്ന തടിച്ചു കൊഴുത്ത മധ്യവയസ്‌കകൾ. എല്ലാവരും മുൻ നിരയിൽ സീറ്റ് പിടിക്കാൻ പാടുപെടുന്നു.അവരിലൊരാൾ പ്രസ് എന്നെഴുതിയ ബോർഡ് എടുത്ത് താഴെയിട്ട് പത്രക്കാർക്കുള്ള സീറ്റിൽ തന്നെ ഇരിക്കുന്നു.പിന്നാലെ മറ്റു ചില സ്ത്രീകളും അങ്ങോട്ടെത്തുന്നു. ഹാളിൽ പാട്ടുയരുന്നു.
6
കരിയനും അപ്പനും വളരെ പ്രയാസപ്പെട്ട് കരുതലോടെ റോഡ് മുറിച്ചു കടക്കുന്നു.
7
ഹാളിന് പുറത്ത് കാറുകളിൽ വന്നിറങ്ങുന്ന പ്രമാണിമാർ. അവരെ ക്യാമറയിലാക്കാൻ തിടുക്കപ്പെടുന്ന വീഡിയോഗ്രാഫർമാർ.
8
കരിയനും അപ്പനും ഹാളിന്റെ മുറ്റത്തെത്തുന്നു. അവർ അമ്പരപ്പോടെ ചുറ്റിലും നോക്കുന്നു
9
സംഘാടകർ മറ്റുള്ളവരെ സ്വീകരിക്കുന്ന തിരക്കിലാണ്. കരിയനെയും അപ്പനെയും ആരും ശ്രദ്ധിക്കുന്നില്ല.
10.
നാലഞ്ച് പ്രമാണിമാർ അകമ്പടിയോടെ വേദിയിൽ എത്തുന്നു.ഗൗരവത്തോടെ ഇരിക്കുന്നു. അവരിലൊരാൾ മറ്റുള്ളവരെ തീരെ പരിഗണിക്കാതെ വലിയ ശബ്ദത്തിൽ മൊബൈലിൽ ആരോടോ സംസാരിക്കുന്നു.കൂപ്പിൽ നിന്ന് എത്രയും പെട്ടെന്ന് തടി തന്റെ മില്ലിലെത്തിക്കേണ്ട കാര്യമാണ് പറയുന്നത്.
11
.പ്രാർത്ഥനയുടെ അനൗൺസ്‌മെൻറിനെത്തുടർന്ന് രണ്ട് ചെറിയ പെൺകുട്ടികൾ വേദിയിലെത്തുന്നു.
12
. കുട്ടികൾ മൈക്കിന് മുന്നിലെത്തുന്നതോടെ ഹാളിലുള്ളവർ എഴുന്നേറ്റ് നിൽക്കുന്നു.തുടർന്ന് പ്രാർത്ഥന ആരംഭിക്കുന്നു.
13.
എഴുന്നേറ്റ് നിന്ന് പ്രാർത്ഥനയ്ക്ക് കാതോർക്കുന്നവർക്കിടയിൽ കരിയനും അപ്പനും
14.
ഹാളിനകത്തെ ആളുകളുടെ  ദൃശ്യങ്ങൾ
15
സ്വാഗതപ്രസംഗം ആരംഭിക്കുന്നു.ആലങ്കാരികഭാഷയിലുള്ള നീട്ടിവലിച്ച പ്രസംഗമാണ്.ഉത്ഘാടകനായ കലക്ട്ടറുടെ പേര് പറയുമ്പോൾ ദുർബലമായ കയ്യടി ഉയരുന്നതോടെ കലക്ടർ എഴുന്നേറ്റ് നിൽക്കുന്നു.ഭംഗിയായി വസ്ത്രം ധരിച്ച ഒരു കൊച്ചുപെൺകുട്ടി വന്ന് പൂച്ചെണ്ട് നൽകുന്നു.
16.
ഉൽഘാടകനെ ഒരാൾ ഹാരമണിയിക്കുന്നു.
17.
 ഉത്ഘാടന പ്രസംഗം
18
ശ്രോതാക്കൾക്കിടയിലെ കോട്ടുവായിടുന്ന വയസ്സന്മാർ, മൊബൈലിൽ കളിക്കുന്ന യുവതികൾ
19
അനൗൺസ്‌മെന്റ് : മാന്യരേ ന്യൂലൈഫ് ക്ലബ്ബിന്റെ മൂന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടത്തിയ വിവിധ മത്്‌സരങ്ങളിൽ വിജയികളായിത്തീർന്നവർക്കുള്ള സമ്മാനദാനമാണ് അടുത്ത പരിപാടി.സമ്മാനദാനം നിർവഹിക്കുന്നത് ന ബഹുമാനപ്പെട്ട ,നമുക്കെല്ലാം പ്രിയങ്കരനായ കലക്ടർ മുകേഷ് മുകുന്ദ്.
 ആദ്യമായി സമ്മാനം സ്വീകരിക്കാൻ വേദിയിലെത്തുന്നത് പ്രൈമറി വിഭാഗം കുട്ടികൾക്കു വേണ്ടി നടത്തിയ കഥ പറച്ചിൽ പദ്യം ചൊല്ലൽ മത്സരങ്ങളിൽ ഒന്നാം സമ്മാനം നേടിയ കരിയൻ. തിത്തിരിക്കുന്ന് യു.പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ ഈ കൊച്ചുമിടുക്കനെ സമ്മാനം സ്വീകരിക്കാൻ വേദിയിലേക്ക് ക്ഷണിക്കുന്നു.
ഹാളിൽ കയ്യടി ഉയരുന്നു.
20
കരിയൻ അല്പം അമ്പരപ്പോടെ നാലുചുറ്റിലും നോക്കി സ്‌റ്റേജിലെത്തി നിഷ്‌കളങ്കമായ ചിരിയോടെ കലക്ടറെ നോക്കുന്നു. കലക്ടർ അവന്റെ കൈപിടിച്ച് കുലുക്കി ചുമലിൽത്തട്ടി അവന് ഗ്ലോബ് സമ്മാനമായി നൽകുന്നു.
21.
സമ്മാനവുമായി പുറത്തെത്തുന്ന കരിയൻ
22.
വരാന്തയിൽ വെച്ച്  അധ്യാപകനെന്ന് തോന്നിക്കുന്ന ഒരാൾ കരിയനെ ചേർത്തുപിടിക്കുകയും കരിയന്റെ അപ്പന് ഗ്ലോബിനെ കുറിച്ചുള്ള വിവരണം നൽകുകയും ചെയ്യുന്നു.
23
റോഡ് മുറിച്ചു കടക്കുന്ന കരിയനും അപ്പനും.
24.
കരിയന്റെ അപ്പൻ മകനെ റോഡരികിൽ ഒരു മരച്ചോട്ടിൽ നിർത്തി ഒരു കടയുടെ പിന്നിലേക്ക് പോവുന്നു.അവിടെ നിന്ന് മദ്യപിച്ച് ആടിയാടി വരുന്ന ഒരാൾ അയാളുടെ കൈപിടിച്ച് ആവശ്യത്തിലേറെ ശക്തിയിൽ കുലുക്കി ' നിന്റെ മോന് പ്രൈസടിച്ചു അല്ലേടാ' എന്ന് ചോദിക്കുന്നു. മറുപടിയായി കരിയന്റെ അപ്പൻ ചമ്മലോടെ ചിരിക്കുന്നു.
25
. ഗ്ലോബും കയ്യിൽ പിടിച്ച് റോഡിലെ കാഴ്ചകളിലേക്ക് നോക്കി നിൽക്കുന്ന കരിയൻ. അപ്പൻ വരാൻ വൈകുന്നതു കാരണം അവൻ അസ്വസ്ഥനാകുന്നു.
26 കരിയന്റെ അപ്പൻ കടയ്ക്കു പിന്നിൽ നിന്ന് ചുണ്ടും തുടച്ച് പുറത്തേക്ക് വരുന്നു.അയാളുടെ കയ്യിൽ ചെറിയ ഒരു കടലാസ് പൊതിയുണ്ട്. അയാൾ ആ പൊതിയിൽ നിന്ന് ഒരു കായുണ്ട എടുത്ത് കരിയനു നേരെ നീട്ടുന്നു.അവൻ ആഹ്ലാദപൂർവം ഓടിപ്പോയി ഗ്ലോബ് അപ്പന്റെ കയ്യിൽ കൊടുത്ത് ആ കായുണ്ട വാങ്ങി ആർത്തിയോടെ തിന്നാൻ തുടങ്ങുന്നു.അപ്പൻ ഒരു കൈകൊണ്ട് അവന്റെ തലയിൽ വാത്സല്യപൂർവം തടവുന്നു.
27
കുന്നു കയറുന്ന കരിയനും അപ്പനും.

28.
ആകാശം ഇരുളുന്നു. കുന്നിൽ അങ്ങിങ്ങ് കാണുന്ന ചെറിയ പൊന്തക്കാടുകൾക്ക്  ഇപ്പോൾ കുനിഞ്ഞിരിക്കുന്ന ഭൂതത്താന്മാരുടെ ആകാരമാണ്.
29.
കരിയനും മകനും തിരക്കിട്ട് കുന്നു കയറുന്നു. ആകാശച്ചെരിവിൽ കൂട്ടംകൂട്ടമായി പറന്നകലുന്ന പക്ഷികൾ
30
കരിയനും മകനും മലഞ്ചെരിവിലൂടെ ഇറങ്ങുന്നു
31.
കാറ്റ് ശക്തമാവുന്നു. ആടിയുലയുന്ന മരങ്ങളുടെയും കാറ്റിൽ പറന്നുമറയുന്ന കരിയിലകളുടെയും ദൃശ്യം
32 .
മഴ ആർത്തലച്ച് പെയ്തു തുടങ്ങുന്നു
33
കരിയനും മകനും ഒരു തോട് മുറിച്ചു കടക്കാൻ തുടങ്ങുന്നു
34.
തോട്ടിൽ  വെള്ളം കയറുന്നു
അപ്പൻ  കരിയനെ ചുമലിൽ കയറ്റി ഇരുത്തുന്നു.

35
ഗ്ലോബ് അപ്പന്റെ തലയിൽ വെച്ച് ഇരുകൈകൊണ്ടും അതിൽ മുറുകെ പിടിച്ച്  ചുമൽ കുനിച്ച് താടി അപ്പന്റെ തലയോട് ചേർത്ത് ഇരിക്കുന്ന കരിയൻ
36.
വെള്ളം വളരെ പെട്ടെന്ന് പൊങ്ങിപ്പൊങ്ങി വരുന്നു.
തോടിന്റെ അക്കരെയുള്ള കാട്ടിൽ കാറ്റിന്റെയും പെരുമഴയുടെയും തിമിർപ്പ്.
കരിയന്റെയും അപ്പന്റെയും രൂപങ്ങൾ ഇപ്പോൾ മഴയുടെ ആവരണത്തിനിടയിലൂടെയാണ് ദൃശ്യമാവുന്നത്.
36.
തോട്ടിൽ കരിയന് കാലിടറുന്നു
37.
കരിയന്റെ കയ്യിൽ നിന്ന് ഗ്ലോബ് തെറിച്ചു പോവുന്നു
38.
കലങ്ങി മറഞ്ഞൊഴുകുന്ന തോട്ടിലൂടെ ഒഴുകിപ്പോവുന്ന ഗ്ലോബ്
39.
പാതി തുറന്ന വായുമായി കരിയന്റെ കരയിക്കുന്ന മുഖം
40.
ഒഴുക്കിൽ തിരിഞ്ഞും മറഞ്ഞും പോയി അദൃശ്യമാവുന്ന ഗ്ലോബ്.
വലിയ ആരവത്തോടെ തിമിർത്തു പെയ്യുന്ന മഴ.

No comments:

Post a Comment