Pages

Saturday, June 4, 2016

വിദ്യാഭ്യാസത്തെ വിപണിയുടെ വളർത്തുപട്ടിയാക്കരുത്

കേരളത്തിൽ അധികാരമേറ്റിരിക്കുന്ന പുതിയ ഗവണ്മെന്റിന് അടിയന്തിര പ്രാധാന്യം കല്പിച്ച് പരിഗണിക്കേണ്ടുന്ന വിഷയങ്ങൾ പലതു മുണ്ടാ വും. വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെടുന്ന പ്രശ്‌നങ്ങൾ ചെറിയൊരു സമയ പരിധിക്കുള്ളിൽ പരിഹരിക്കേണ്ടുന്നവയാണെന്ന് ഗവണ്മെന്റിന് തോന്നണമെന്നില്ല.തോന്നിയാൽ തന്നെ അവ അത്ര പെട്ടെന്ന് പരിഹാരത്തിന് വഴങ്ങുന്നവയുമല്ല.കഴിഞ്ഞ കാൽനൂറ്റാണ്ട് കാലത്തിനിടയിൽ രൂപപ്പെട്ട് സങ്കീർണമായിത്തീർന്നവയാണ് അവയിൽ പലതും.
വിദ്യാഭ്യാസരംഗത്ത് ഇന്ന് നിലവിലുള്ള പ്രശ്‌നങ്ങളിൽ ഒട്ടുമിക്കവയും ആരംഭിക്കുന്നത് ജ്ഞാനാർജനത്തെയും ബോധനത്തെയും സംബന്ധിച്ച ചില ആശയങ്ങൾ പഠനത്തിന്റെയും അധ്യാപനത്തിന്റെയും സ്വഭാവത്തിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ വരുത്താൻ തുടങ്ങിയതോടെയാണ്.പഠനം പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കി അധ്യാപകന്റെ/അധ്യാപികയുടെ നിയന്ത്രണത്തിൽ നിർവഹിക്കപ്പെടേണ്ടുന്ന ഒന്നാണെന്ന നിലപാടിനെ അട്ടിമറിച്ച് അധ്യാപകർക്ക് ഫെസിലിറ്റേറ്റർമാരുടെ സ്ഥാനം മാത്രമേ ഉള്ളൂ എന്ന ആശയം വിപ്ലവകരമായ ഒന്നെന്ന നിലയിൽ അവതരിപ്പിക്കുയാണ് ആദ്യമായി ചെയ്തത്.അക്ഷരം പഠിപ്പിക്കരുത്,ഗണിതത്തിലെ പ്രാഥമിക ക്രിയകൾ പഠിപ്പിക്കരുത്,ഗുണനപ്പട്ടിക പഠിപ്പിക്കരുത്,കുട്ടികൾ വരുത്തുന്ന അക്ഷരത്തെറ്റ് തിരുത്തി അവരുടെ മനസ്സ് വിഷമിപ്പിക്കരുത്,എന്തിനെയും ചോദ്യം ചെയ്യാനുള്ള അവകാശം കുട്ടികൾക്ക് നൽകണം,അവരെ അതിന് പ്രോത്സാഹിപ്പിക്കണം,പരീക്ഷകളിൽ ആരെയും തോൽപിക്കരുത് എന്നിങ്ങനെയുള്ള ഒരുപാട് 'അരുതുകൾ' പിന്നാലെ വന്നു.കുറച്ചുകൂടി കഴിഞ്ഞാണ് പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കി അധ്യാപകന്റെ സഹായത്തോടെ നിർവഹിക്കുന്നതല്ല വിദ്യാർത്ഥി സ്വന്തമായും സഹപാഠികളുടെ സഹായത്തോടെയും നിർവഹിക്കുന്ന ജ്ഞാനാർജനം തന്നെയാണ് പഠനം എന്ന സിദ്ധാന്തം മറയില്ലാതെ അവതരിപ്പിക്കപ്പെട്ടത്.
കണ്ണുരുട്ടുകയും ശിക്ഷിക്കുകയും ചെയ്യുന്ന അധ്യാപകന്റെ സ്ഥാനത്ത് സൗമ്യമായി മാത്രം പെരുമാറുന്ന സഹായിയായ അധ്യാപകൻ/അധ്യാപിക വരുന്നതും കുട്ടികളെ ചുറ്റുപാടുകളിൽ നിന്ന് നേരിട്ട് പഠിക്കാൻ പ്രേരിപ്പിക്കുന്നതും മഴയെ അറിയാനും പുഴയെ അറിയാനുമൊക്കെ അവരെ ക്ലാസിന് പുറത്തേക്ക് കൊണ്ടുപോകുന്നതും നല്ലതല്ലേ?പണ്ടത്തെപ്പോലെ വൃത്തവും അലങ്കാരവും വ്യാകരണവും ഗുണകോഷ്ടവും ഫോർമുലകളും പഠിച്ചുകൂട്ടുന്നതെന്തിന്? കാര്യമെന്തെന്നറിയാതെ മന:പാഠം പഠിച്ച് പരീക്ഷാപേപ്പറിൽ അതുമിതും ചർദ്ദിച്ചുവെക്കുന്ന ഏർപ്പാട് ഇല്ലാതായത് എത്ര നന്നായി?കുട്ടികൾ സിനിമ കാണുന്നതും ബ്ലോഗ് ഉണ്ടാക്കുന്നതും നല്ലതല്ലേ? അവനവൻ നടത്തുന്ന പരീക്ഷണങ്ങളിലൂടെ തന്നെ എല്ലാം പഠിക്കുന്നത് എത്രമേൽ ഗുണകരമാണ്? അശോകനെയും അക്ബറെയും ഒന്നാം സ്വാതന്ത്ര്യസമരത്തെയും മറ്റും കുറിച്ച് ആരോ ഒക്കെ എഴുതിവെച്ചത് പഠിക്കുന്നതിനേക്കാൾ എത്ര നല്ലതാണ് സ്വന്തം നാടിന്റെ ചരിത്രം കുട്ടികൾ തന്നെ എഴുതി ചരിത്രമെന്നാൽ എന്താണെന്ന് പ്രവൃത്തിയിലൂടെ അറിയുന്നത്?എന്നിങ്ങനെ പുതിയ ബോധനരീതിയെ പിന്തുണച്ചുകൊണ്ടുള്ള എത്രയെത്രയോ വാദങ്ങൾ ഒരുവിഭാഗം അധ്യാപകരിൽ നിന്ന് ഉയർന്നുവന്നു.
ഏതാനും വർഷങ്ങൾ കഴിഞ്ഞ് തിരിഞ്ഞു നോക്കിയപ്പോൾ,  വിദ്യാഭ്യാസരംഗത്ത്  ഇവിടെആവേശപൂർവം നടപ്പിലാക്കിയ പരിഷ്‌കരണങ്ങൾ വേണ്ടത്ര ഗുണകരമായില്ലയോ എന്ന സംശയം ആരംഭത്തിൽ അവയ്ക്കു വേണ്ടി ആവേശപൂർവം വാദിച്ചവർക്കു തന്നെ ഉണ്ടായിത്തുടങ്ങി.'അക്ഷരം പഠിപ്പിക്കരുതെന്ന് ആരും പറഞ്ഞില്ലല്ലോ? തെറ്റ് തിരുത്തരുതെന്ന് എവിടെയും എഴുതിവെച്ചിട്ടില്ലല്ലോ?അധ്വാനിക്കാൻ തയ്യാറുള്ള അധ്യാപകർക്ക് പഠനത്തിൽ കുട്ടികളെ പ്രോത്സാഹിപ്പിക്കാൻ എത്രയെങ്കിലും വഴികളുണ്ടല്ലോ?എന്തു തന്നെയായാലും ചൂരലെടുക്കുന്ന അധ്യാപകനെ ആവശ്യമില്ലല്ലോ?'എന്നൊക്കെ അവർ കുറച്ചൊന്ന് മയപ്പെടുത്തി പറഞ്ഞുതുടങ്ങി.എന്നാൽ ഈ വക ന്യായംപറച്ചിലുകൾ കൊണ്ട് മൂടിവെക്കാനാവാത്ത വിധത്തിൽ ദയനീയമാണ് വിദ്യാർത്ഥികളുടെ നിലവാരത്തിന്റെ അവസ്ഥ എന്ന് അവർക്കു തന്നെ ബോധ്യപ്പെട്ടതുകൊണ്ടു തന്നെയാവാം കുറച്ചുകാലത്തേക്ക് ഒരു പതുങ്ങിനില്പ് ഉണ്ടായി.
കഴിഞ്ഞ കാൽനൂറ്റാണ്ട് കാലത്തിനിടയിൽ തങ്ങൾക്കുമേൽ അടിച്ചേൽപിക്കപ്പെട്ട സിദ്ധാന്തങ്ങളുടെയും തങ്ങൾ അവലംബിക്കേണ്ടതായി നിർദ്ദേശിക്കപ്പെട്ട ബോധനരീതിയുടെയും ഫലമായിട്ടാണോ എന്നറിയില്ല പല അധ്യാപകരിൽ നിന്നും പല കാര്യങ്ങളെ കുറിച്ചും ഉണ്ടാവുന്ന പ്രതികരണങ്ങൾ അവരുടെ സാമൂഹ്യബോധത്തിനും സാഹിത്യബോധത്തിനും രാഷ്ട്രീയബോധത്തിനുമെല്ലാം സംഭവിച്ച തകർച്ചയെയും അവരിൽ വളർന്നു വന്ന തീർത്തും നിഷേധാത്മകമായ മനോഭാവങ്ങളെയും കൃത്യമായി വെളിപ്പെടുത്തുന്നവയാണ്..'ആൾ പാസ്' സിസ്റ്റത്തെ എതിർക്കുന്നത് ദളിത് വിദ്യാർത്ഥികളെ ഉന്നതവിദ്യാഭ്യാസമേഖലയിലേക്ക് പ്രവേശിപ്പിക്കാതിരിക്കുക എന്ന ലക്ഷ്യം വെച്ചാണ്,വിദ്യാർത്ഥിയുടെ നിലവാരം നിശ്ചയിക്കേണ്ടത് അധ്യാപകനല്ല,കഥയും കവിതയും പഠിച്ചിട്ട് എന്തുകാര്യം? ഈ കംപ്യൂട്ടർ യുഗത്തിലും ഫ്യൂഡലിസത്തിന്റെ ചരിത്രം പഠിക്കണമെന്ന് പറയുന്നതിന്റെ യുക്തി എന്താണ്? ഗ്രാമർ പഠിച്ചിട്ട് ഭാവിയിൽ എന്ത് പ്രയോജനം? മൊബൈലിലും ലാപ്‌ടോപ്പിലും കാൽകുലേറ്റർ ഉള്ള കാലത്ത്  എന്തിന് കൂട്ടലും കിഴിക്കലും ഗുണനപ്പട്ടികയും പഠിക്കണം?മന:പാഠം പഠിക്കുന്നത് ഏത് ഘട്ടത്തിലായാലും മോശമല്ലേ?,അക്ഷരമാല പ്രത്യേകമായി പഠിക്കുന്നതെന്തിനാണ്?ചിത്രങ്ങൾ കണ്ടും വാക്കുകളുമായി പരിചയപ്പെട്ടും ക്രമത്തിൽ അക്ഷരങ്ങളിലേക്കെത്തുക എന്നതു തന്നെയല്ലേ ശരി?അധ്യാപകർ കുറേ കാര്യങ്ങൾ സ്വയം പഠിച്ചുവന്ന് അത് കുട്ടികൾക്ക് വിളമ്പിക്കൊടുത്ത് പിന്മാറുന്നതിനേക്കാൾ എത്രയോ ആരോഗ്യകരമാണ് സ്വയം പഠിക്കാൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുക എന്നത്, എന്നിങ്ങനയൊക്കെ പറയുന്ന അധ്യാപകർ വിദ്യാഭ്യാസമേഖലയെ ഏത് വഴിക്കാണ് മുന്നോട്ട് നയിക്കുക എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ.
                             സർഗാത്മകതയോടുള്ള വിരോധം
സാമാന്യജനങ്ങളിൽ ശാസ്ത്രബോധം  വളർത്തുന്നതിന് ഓട്ടൻതുള്ളലും വില്ലടിച്ചാൻപാട്ടുമുൾപ്പെടെ ഏത് കലാരൂപവും ഉപയോഗിക്കാമെന്ന് അനുഭവത്തിലൂടെ നാം നേരത്തെ നസ്സിലാക്കിക്കഴിഞ്ഞതാണെന്നും സ്‌കൂളുകളിൽ ഏത് വിഷയം പഠിപ്പിക്കുന്നതിനും കഥയും കവിതയും നാടകവുമൊക്കെ ഉപയോഗിക്കാമെന്നും അധ്യാപകർ പഴയ രീതിശാസ്ത്രം പാടെ ഉപേക്ഷിച്ച് കുട്ടികളെ ഗണിതം ഉൾപ്പെടെയുള്ള ഏത് വിഷയത്തെ കുറിച്ചും കവിതയെഴുതാനും നാടകമെഴുതാനുമൊക്കെ പ്രേപിപ്പിക്കണമെന്നും ക്ലാസ്മുറികളെ കളികളിലൂടെയും അഭിനയത്തിലൂടെയുമെല്ലാം സദാസമയവും സജീവവും ആഹ്ലാദകരവുമാക്കി നിർത്തണമെന്നുമെല്ലാം വീറോടെ വാദിക്കുന്ന പലരെയും കേരളത്തിലെ അധ്യാപകർക്കിടയിൽ കാണാം.
ഒരു കഥയോ കവിതയോ നാടകമോ ഉണ്ടാകുന്നതിനു പിന്നിൽ വലിയ വൈകാരികോർജത്തിന്റെ വിനിയോഗവും ബൗദ്ധിക പ്രവർത്തനവുമൊക്കെ നടക്കുന്നുണ്ട് എന്ന കാര്യത്തെ കുറിച്ച് ഈ അധ്യാപകർ അജ്ഞരാണെന്നേ പറയാനാവൂ.എന്താവശ്യത്തിനും എപ്പോൾ വേണമെങ്കിലും ആർക്കുവേണമെങ്കിലും ഉണ്ടാക്കി ഉപയോഗിക്കാൻ പറ്റുന്നവയല്ല കഥകളും കവിതകളും നാടകങ്ങളും മറ്റും.ചില സാമൂഹ്യപ്രശ്‌നങ്ങൾ ചിലസന്ദർഭങ്ങളിൽ വലിയ മാനസികസമ്മർദ്ദങ്ങളുണ്ടാക്കുമ്പോൾ കലാപരമായ പൂർണത വരുത്തുന്നതിനെപ്പറ്റിയൊന്നും ആലോചിക്കാതെ ചിലർ എഴുതിപ്പോവാറുണ്ട്.അങ്ങനെയുള്ള കൃതികളിൽ ചിലത് സാഹിത്യചരിത്രത്തിൽ പ്രത്യേക പദവി അലങ്കരിക്കാൻ മാത്രം കലാപരമായ മികവോ മറ്റ് പ്രാധാന്യമോ നേടാറുമുണ്ട്.പക്ഷേ,അതിനെ സാഹിത്യരചനയുടെ സാമാന്യനിയമമാക്കി അവതരിപ്പിക്കാനാവില്ല.തൽക്കാലത്തെ ആവശ്യനിർവഹണത്തിനു വേണ്ടി തട്ടിക്കൂട്ടി ഉണ്ടാക്കിയെടുക്കുന്ന നാടകവും പാട്ടും മറ്റും സർഗാത്മക രചനകളുടെ കൂട്ടത്തിൽ പെടില്ല.മാത്രവുമല്ല അധ്യാപനം അത്തരത്തിലുള്ള ചില ഏർപ്പാടുകളിലൂടെയാണ് നടത്തുന്നതെങ്കിൽ വിദ്യാർത്ഥികളിൽ ജ്ഞാനത്തെ കുറിച്ചു തന്നെ പല തെറ്റിദ്ധാരണകളും വളർന്നു വരുന്നതിലാണ് അത് കലാശിക്കുക.നേഴ്‌സറി ക്ലാസുകളിലെയും ഒന്നാം ക്ലാസിലെയുമൊക്കെ കുട്ടികളെ അറിവിന്റെ ലോകത്തിലേക്ക് പ്രവേശിപ്പിക്കുന്നതിനുള്ള ആദ്യപടിയായി 'രണ്ടും രണ്ടും നാലല്ലേ,മേശക്ക് കാലുകൾ നാലല്ലേ' എന്ന മട്ടിൽ പലതും പാടിപ്പഠിപ്പിക്കുന്നത് നല്ലതു തന്നെ.പക്ഷേ,കുട്ടി യു.പി.യിലും ഹൈസ്‌കൂളിലുമൊക്കെ എത്തിയാലും ഇതു തന്നെയാണ് പരിപാടി എന്നു വന്നാൽ ആ പഠനത്തിന്റെ ഫലം എത്ര മോശമായിരിക്കും?
സാഹിത്യവായനയും പഠനവും വളരെ ഗൗരവമായിത്തന്നെ നടത്തേണ്ടുന്ന സംഗതികളാണ്.ബാലസാഹിത്യരചനകൾ മുതൽക്കുള്ള എല്ലാ സാഹിത്യരചനകളും മനുഷ്യൻ എന്ന ജീവിയെ പ്രപഞ്ചവുമായും ഭൂമിയിലെ നാനാതരം അനുഭവങ്ങളുമായും ആരോഗ്യകരമായ ബന്ധം സ്ഥാപിക്കുന്നതിന് സഹായിക്കുന്നുണ്ട്.സങ്കീർണമായ ചരിത്ര സന്ദർഭങ്ങളെ അതിജീവിച്ച്  സമചിത്തതയോടെ മുന്നോട്ടു പോകാനുള്ള ഊർജം മനുഷ്യൻ സാഹിത്യകൃതികളിൽ നിന്ന് സമ്പാദിക്കുന്നുണ്ട്. ഉണ്മയെ കുറിച്ചുള്ള ഉയർന്ന ഒരു ബോധ്യമാണ് സാഹിത്യകൃതികളുമായുള്ള ആത്മബന്ധത്തിലൂടെ മനുഷ്യന് കൈവരുന്നത്.Reading and the Reader എന്ന പുസ്തകത്തിൽ ഫിലിപ് ഡേവിസ്  ചൂണ്ടിക്കാണിച്ചതുപോലെസാഹിത്യകൃതികളിൽ അവയുടെ രചിതപാഠത്തിന് ചുവടെയായി രഹസ്യമായ ഒരു മാനുഷിക ലോകമുണ്ട്.സാധാരണസമൂഹം അറിയാൻ അനുവദിക്കുന്നതിനപ്പുറമുള്ള അസ്തിത്വത്തിന്റെ ആന്തരിക യാഥാർത്ഥ്യങ്ങളെ അവിടെ വെച്ചാണ് എഴുത്തുകാരും വായനക്കാരും അറിഞ്ഞനുഭവിക്കുന്നത്.ഒരാശയം അതിന്റെ അഗാധതയിൽ അനക്കമറ്റ് ഉറച്ചു നിൽക്കുന്ന ഒരർത്ഥത്തിനു പകരം അർത്ഥത്തിന്റെയും അനുഭൂതികളുടെയും അനേകം സാധ്യതകളിലക്കുള്ള വഴികളാണ്  കാണിച്ചു തരിക എന്ന  വസ്തുത അനുഭവത്തിന്റെ ഭാഗമായിത്തീരണണമെങ്കിൽ വിദ്യാർത്ഥിജീവിതകാലത്തു തന്നെ അതിനുള്ള പരിശീലനം നേടണം. അത് അനുവദിക്കാതിരിക്കുകയും പാഠപുസ്തകത്തിലുള്ള കഥകളെയും കവിതകളെയും അവ ഉപരിതലത്തിൽ പ്രദർശിപ്പിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പഠിപ്പിക്കുകയും ആ പഠിപ്പിനെ അടിസ്ഥാനമാക്കി പരീക്ഷക്ക് ഒബ്ജക്റ്റീവ് ടൈപ് ചോദ്യങ്ങൾ മാത്രം ചോദിച്ച് തൃപ്തിയടയുകയും ചെയ്യുന്ന ഏർപ്പാട് സാഹിത്യപഠനത്തിന്റെ അന്ത:സത്തയെ തന്നെ ചോദ്യം ചെയ്യുന്നതാണ്. 
ആഗോളവൽക്കരണകാലത്ത് വിദ്യാഭ്യാസമേഖലയിൽ ലോകവ്യാപകമായി സാഹിത്യപഠനത്തിന് ഇങ്ങനെയൊരു അർത്ഥനാശം സംഭവിച്ചിട്ടുണ്ട്.അതുകൊണ്ടാണ് യു.പി.ക്ലാസ്സുകളിലും ഹൈസ്‌കൂൾ ക്‌ളാസ്സുകളിലും ഗണിതം പഠിപ്പിക്കാൻ  പാട്ടും നാടകവും ഉപയോഗിക്കണം എന്ന് അധ്യാപകർക്കുള്ള ക്ലാസ്സുകളിൽ പഠിപ്പിക്കാനെത്തുന്ന വിദഗ്ധന്മാർക്ക് സംശയരഹിതമായി പറയാൻ കഴിയുന്നതും പുറത്തുനിൽക്കുന്ന കുറേ വിദഗ്ധന്മാർക്ക് ആ നിലപാടിനെ ആവേശപൂർവം പിന്തുണക്കാൻ കഴിയുന്നതും.മുമ്പെന്നത്തേക്കാളുകളുമധികം കൂട്ടികൾ സ്‌കൂളിൽ പോവുകയും അവർ പണ്ടത്തേതിനെ അപേക്ഷിച്ച് വളരെ കുറച്ചു മാത്രം പഠിക്കുകയും രാജ്യത്ത് സാക്ഷരരുടെ എണ്ണം പെരുകുമ്പോൾ വായനക്കാരുടെ എണ്ണം ചുരുങ്ങുകയും ചെയ്യുന്ന വൈപരീത്യത്തെ മെക്‌സിക്കോ അഭിമുഖീകരിച്ചുകൊണ്ടിരിക്കയാണെന്ന് പ്രസ്താവിച്ചുകൊണ്ട് എഴുതിയ ഒരു ലേഖനത്തിൽ (The Country That Stopped Reading- The New York Times-March 5,2013) വിഖ്യാത മെക്‌സിക്കൻ നോവലിസ്റ്റായ ഡേവിഡ് ടൊസ്‌കാന സാഹിത്യത്തിനും ആഴത്തിലുള്ള അറിവിനും എതിർനിൽക്കുന്ന പുത്തൻ വിദ്യാഭ്യാസം യഥാർത്ഥത്തിൽ സാധാരണ തൊഴിലിടങ്ങൾക്കും മാർക്കറ്റിനും ആവശ്യമായ ആളുകളെ പടച്ചുവിടുക മാത്രമാണ് ചെയ്യുന്നത് എന്ന് വ്യക്തമാക്കുന്നുണ്ട്.
                       അക്ഷരത്തെറ്റുകളുടെ അനന്തരഫലം
ഡി.പി.ഇ.പി കാലം മുതൽ ഇവിടെ നടപ്പിലാക്കിവരുന്ന പരിഷ്‌ക്കരണങ്ങളുടെ ഫലമായി ആരെയും ചോദ്യം ചെയ്യാനും ഏത് കാര്യത്തെ കുറിച്ചും താന്താങ്ങളുടെ അഭിപ്രായം തുറന്നു പറയാനുമുള്ള തന്റേടം കുട്ടികൾ ആർജിക്കുന്നുണ്ടെന്നും അവർ വരുത്തുന്ന ചെറിയ അക്ഷരത്തെറ്റുകളെയും മറ്റ് നിസ്സാര പിഴവുകളെയും പെരുപ്പിച്ചു കാണിക്കുന്നവർ ഈ വസ്തുത കാണാതെ പോവുകയാണെന്നും പല അധ്യാപകരം പറയാറുണ്ട്.ഈ പറച്ചിലിൽ ഒന്നിലധികം തെറ്റുകളുണ്ട്.പുത്തൻ വിദ്യാഭ്യാസരീതിയിലൂടെ കടന്നു വന്ന തലമുറ തങ്ങൾക്ക് എന്തെങ്കിലും നഷ്ടമുണ്ടാക്കിയേക്കും എന്ന് തോന്നുന്ന ഒരു കാര്യത്തെ കുറിച്ചും തുറന്ന് അഭിപ്രായം പറയുകയോ വിമർശനങ്ങൾ ഉന്നയിക്കുകയോ ചെയ്യാറില്ല.അതേ സമയം തങ്ങൾക്ക് ഒരു വിഷമവും വരുത്താത്ത സംഗതികളെ കുറിച്ച് അവർ അത്യധികം വാചാലരാവുകയും ചെയ്യും.ചോദ്യം ചെയ്യാനുള്ള ആർജവമല്ല ഈയൊരു സാമാർത്ഥ്യമാണ് അവർക്ക് കൈവന്നിരിക്കുന്നത്. ആഴത്തിൽ ഒന്നും മനസ്സിലാക്കാതെ തന്നെ ഏത് കാര്യത്തെ കുറിച്ചും ധൈര്യസമേതം വാചകമടിക്കാനുള്ള ചങ്കുറപ്പാണോ സ്‌കൂളിൽ നിന്ന് അവർ നേടിയത് എന്നു തോന്നും പല യുവതീയുവാക്കളുടെയും വാചകമടി കേട്ടാൽ.
അക്ഷരത്തെറ്റുകൾ വരുത്തിയാലും വലിയ പ്രശ്‌നമില്ല,അതൊന്നും പരീക്ഷയിൽ മികച്ച വിജയം നേടുന്നതിന് തടസ്സമാകില്ല എന്ന് അനുഭവത്തിലൂടെ മനസ്സിലാക്കിവെക്കുന്ന കുട്ടി മുതിർന്ന മനുഷ്യനായിക്കഴിഞ്ഞാൽ എന്തിനെയും വളരെ ലാഘവബുദ്ധിയോടെയാണ് സമീപിക്കുക,എന്ത് ചെയ്യുമ്പോഴും അയാൾക്ക്/അവൾക്ക് കാര്യമായ കുറ്റബോധം തോന്നുകയില്ല.അധികാരികൾ നടത്തിയ അഴിമതികളെ കുറിച്ചും കൊടും പാതകങ്ങളെ കുറിച്ചുമെല്ലാം തമാശ കേൾക്കുന്ന ലാഘവത്തോടെ അവർക്ക് കേട്ടുനിൽക്കാൻ കഴിയും.സമൂഹത്തിന് എല്ലാ രാഷ്ട്രീയ ദർശനങ്ങളിലും താൽപര്യം നഷ്ടപ്പെടുന്നതോ മനുഷ്യർ പൊതുവെ സ്‌നേഹശൂന്യരായി മാറുന്നതോ എല്ലാം വ്യാപാരവൽക്കരിക്കപ്പെടുന്നതോ ഒന്നും അവരെ ബാധിക്കില്ല.അക്ഷരത്തെറ്റുകളിൽ നിന്ന് അവർ എത്തിച്ചേരുന്നത് ശരിയെയും തെറ്റിനെയും വേർതിരിച്ചറിയേണ്ടതില്ല എന്ന തീരുമാനത്തിലേക്കായിരിക്കും.വിപണി ജീവിതകേന്ദ്രമായി വരുന്ന സമൂഹത്തിന് അങ്ങനെയുള്ള പൗരന്മാരെയാണ് ആവശ്യം.
എഴുത്തും വായനയും ഗണിതത്തിലെ പ്രാഥമികക്രിയകളുടെ പഠനവുമെല്ലാം പഴയ മട്ടിൽ നടക്കുന്നില്ലെങ്കിൽ തന്നെ എന്ത്? പഴയ കുട്ടികൾക്ക് കേട്ടറിവ് പോലുമില്ലാത്ത എന്തെല്ലാം കാര്യങ്ങൾ പുതിയ കുട്ടികൾക്കറിയാം,വൃത്തവും അലങ്കാരവും ഗുണനപ്പട്ടികയും വിസ്തൃതമന:പാഠവും പഠിക്കുന്നതിനേക്കാൾ എത്രയോ നല്ലതല്ലേ തിരക്കഥയെഴുതാനും ബ്ലോഗുണ്ടാക്കാനും ഫെയ്‌സ്ബുക്ക് എക്കൗണ്ട് തുടങ്ങാനുമൊക്കെ പഠിക്കുന്നത്? എന്നൊക്കെ ചോദിക്കുന്നവരോടുള്ള മറുപടി ഇത്രയും മാത്രമാണ്: കംപ്യൂട്ടർ പണ്ടുണ്ടായിരുന്നില്ല,സിനിമാ നിർമാണത്തിന്റെ സാങ്കേതിക വശങ്ങളെ കുറിച്ച് വളരെ കുറച്ച് ആളുകൾ മാത്രമേ പണ്ട് ആലോചിച്ചിരുന്നുള്ളൂ.കംപ്യൂട്ടർ മാത്രമല്ല ഇന്നുള്ള പലതും പണ്ട് ഉണ്ടായിരുന്നില്ല.പഴയ കാലത്തെ സ്‌കൂൾ വിദ്യാർത്ഥികളുടെ കയ്യിൽ മൊബൈൽ ഫോണുണ്ടായിരുന്നില്ല.ലാന്റ്‌ഫോൺ തന്നെ നാട്ടിൽ ഒരത്ഭുത വസ്തു പോലെയായിരുന്നു.സാങ്കേതിക വിദ്യ വളർന്നതിന്റെ ഫലമായി ഒരുപാട് പുതിയ വസ്തുക്കളുമായി ആളുകൾ പരിചയപ്പെടുന്നുണ്ട്;നല്ല കാര്യം.പക്ഷേ. കൺസ്ട്രക്റ്റിവിസവും ക്രിറ്റിക്കൽ പെഡഗോജിയും കൊണ്ടാണ് അതൊക്കെ സംഭവിച്ചതെന്ന് പറയുന്നത് ഏറ്റവും ലളിതമായി പറഞ്ഞാൽ വിഡ്ഡിത്തമാണ്.
പരമ്പരാഗത കോഴ്‌സുകൾ വിട്ട് വിദ്യാർത്ഥികളും രക്ഷിതാക്കളും ന്യൂജനറേഷൻ കോഴ്‌സുകൾക്കു പിന്നാലെ ഓടാൻ തുടങ്ങിയത് തൊണ്ണൂറുകളോടു കൂടിയാണ്.ഉദാരവൽക്കരണനയവും അനേകം വ്യാപാരക്കരാറുകളും  വിദേശക്കുത്തകകൾക്ക് ഇന്ത്യയ്ക്കകത്തേക്ക് യഥേഷ്ടം കടന്നുവരാനുള്ള സാധ്യതകളൊരുക്കിയതും രാജ്യത്തിനകത്തു തന്നെയുള്ള വൻകിട വ്യാപാരികളും വ്യവസായികളും വൈവിധ്യവൽക്കരണത്തിലൂടെയും മറ്റും വളരാൻ തുടങ്ങിയതുമാണ് അതിന് വഴിവെച്ചത്.തങ്ങളുടെ തൊഴിൽസ്ഥാപനങ്ങളിൽ കുറഞ്ഞ കൂലിക്ക് ജോലി ചെയ്യാൻ തയ്യാറുള്ള വിദഗ്ധരും അല്ലാത്തവരുമായ തൊഴിലാളികളെയായിരുന്നു കുത്തകകൾക്ക് ആവശ്യം.വിപണിയുടെ സുഗമമായ മുന്നോട്ടുപോക്ക് ഉറപ്പാക്കുന്ന പല തൊഴിൽമേഖലകളിലും ജോലിചെയ്യുന്നതിന് ആവശ്യമായ സാങ്കേതിക പരിശീലനം നേടിയ വിദഗ്ധരെ ആവശ്യമുള്ളതിന്റെ എത്രയോ മടങ്ങ് കൂടുതലായി ഉൽപാദിപ്പിച്ചുവെച്ചാൽ അവരുടെ വിലപേശൽശേഷി ഇല്ലാതാകും.;തൊഴിലാളികൾക്കുള്ള ശമ്പളത്തിന്റെ വകയിൽ നിസ്സാരമായ തുക മാത്രം ചെലവഴിക്കേണ്ടി വരുന്ന സൗകര്യപ്രദമായ സാഹചര്യം അങ്ങനെ ഉണ്ടാക്കിയെടുക്കാം എന്നതായിരുന്നു കുത്തകകളുടെ കണക്കുകൂട്ടൽ.അത് ശരിയായിരുന്നു എന്ന് തെളിയിക്കുന്നതാണ് പിൽക്കാലത്തെ അനുഭവങ്ങൾ.എഞ്ചിനിയറിംഗ്,ബിസിനസ് മാനേജ്‌മെന്റ്,ബയോടെക്‌നോളജി,എക്കൗണ്ടൻസി,കംപ്യൂട്ടറുമായി ബന്ധപ്പെട്ട വിഷയങ്ങൾ,ജേർണലിസം,ഹോട്ടൽ മാനേജ്‌മെന്റ് എന്നിങ്ങനെയുള്ള എത്രയോ മേഖലകളിലായി എത്ര ലക്ഷം യുവജനങ്ങളാണ് കഷ്ടിച്ച് ജീവിച്ചുപോകാൻ മാത്രം പറ്റുന്ന വേതനം പറ്റി നമ്മുടെ മഹാനഗരങ്ങളിൽ ജോലി ചെയ്യുന്നത് എന്നതിന്റെ കണക്കെടുത്താൽ വിദ്യാഭ്യാസരംഗത്തെ പരിഷ്‌ക്കരണങ്ങളും പരീക്ഷണങ്ങളും വഴി സൃഷ്ടിക്കപ്പെട്ട വ്യാമോഹങ്ങളുടെ ഫലം എത്ര ഞെട്ടിക്കുന്നതാണെന്ന് വ്യക്തമായി ബോധ്യപ്പെടും.
സാങ്കേതികവിദ്യ വളരുകയും പുതിയ ഉൽപാദനമേഖലകൾ രൂപംകൊള്ളുകയും ചെയ്യുമ്പോൾ സ്വാഭാവികമായും പുതിയ വിഷയങ്ങളും തൊഴിലുകളും ഉണ്ടായി വരും.പുതിയ തലമുറ അങ്ങോട്ടേക്ക് ആകർഷിക്കപ്പെടുകയും ചെയ്യും.അതിൽ രോഷം കൊള്ളത്തക്കതായി ഒന്നുമില്ല.പക്ഷേ,ഇവിടെ സംഭവിച്ചത് അതല്ല.വിപണി അതിന്റെ വളർച്ചയ്ക്ക് ആവശ്യമായ ജീവിതബോധവും തൊഴിൽസങ്കൽപവും  സൃഷ്ടിച്ചെടുക്കുന്നതിനുവേണ്ടി വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തിൽ തന്നെ ഇടപെടുകയാണ് ചെയ്തത്.ചെറിയ ക്ലാസ്സുകളിൽ വെച്ചു തന്നെ കുട്ടികളെ പരസ്യമെഴുതാൻ പഠിപ്പിക്കുകയും വിഷയം ഏതായാലും ഉത്തരക്കടലാസിൽ എന്തെങ്കിലുമൊക്കെ എഴുതി വെച്ചാൽത്തന്നെ പരീക്ഷ പാസ്സാവാമെന്ന വിശ്വാസം അവരിൽ വളർത്തുകയും സാഹിത്യവും കലയുമൊക്കെ ആർക്കും എപ്പോൾ വേണമെങ്കിലും ഉണ്ടാക്കാവുന്നതേ ഉള്ളൂ എന്ന തെറ്റിദ്ധാരണ ഉണ്ടാക്കിയെടുക്കുകയുമൊക്കെ ചെയ്തത് സ്വാഭാവികമായി അങ്ങ് സംഭവിച്ചുപോയതാണെന്ന് കരുതാനാവില്ല. വലിയൊരളവോളം ബഹുരാഷ്ട്ര കുത്തകകളാൽ നിയന്ത്രിക്കപ്പെടുന്ന വിപണി വിദ്യാഭ്യാസത്തെ അതിന്റെ വളർത്തുപട്ടിയാക്കി മാറ്റുന്നതിന്റെ ഭാഗമായി ചെയ്തുകൂട്ടിയ കാര്യങ്ങൾ തന്നെയാണ് അവ.ഈ വസ്തുത എത്രയും വേഗം തിരിച്ചറിഞ്ഞ് ഇന്ത്യൻ വിദ്യാഭ്യാസത്തെ ഈ അടിമത്തത്തിൽ നിന്ന് മോചിപ്പിക്കുന്നതിനുള്ള അടിയന്തിര നടപടികൾ കൈക്കൊള്ളുകയാണ് വേണ്ടത്.കേരളത്തിൽ അധികാരമേൽക്കുന്ന പുതിയ ഗവണ്മെന്റ് അതിന്റെ വിദ്യാഭ്യാസനയം രൂപീകരിക്കുമ്പോൾ ഈ വസ്തുതയിലേക്ക് കണ്ണ് തുറക്കുക തന്നെ വേണം.









No comments:

Post a Comment