Pages

Wednesday, June 8, 2016

വെളിപാടുകളുടെ വെളിച്ചം

'പ്രജ്ഞാപാരമിതാ സൂത്ര'ത്തിന്റെ വ്യാഖ്യാനത്തിൽ Thich Naht Hanh എന്ന വിയറ്റ്‌നാമീസ് ബുദ്ധസന്യാസി  Interbeing ,Inter-are എന്നീ വാക്കുകൾ ഉപയോഗിക്കുന്നുണ്ട്.സമസ്തജീവിതാനുഭവങ്ങളും പ്രകൃതിപ്രതിഭാസങ്ങളും വൈരുധ്യസമന്വിതമാണെന്ന് വിശദീകരിക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹം അവ ഉപയോഗിച്ചിരിക്കുന്നത്. Interbeing  അഥവാ Inter-are എന്ന പ്രയോഗം ഉൾക്കൊള്ളുന്ന ദർശനത്തെ തന്റെ കാവ്യജീവിതത്തിന്റെ ഭാഗമാക്കിയ കവയിത്രിയാണ് സമകാലിക ഇന്ത്യൻ ഇംഗ്ലീഷ് കവിതയിലെ ഏറ്റവും മുഴക്കമുള്ള ശബ്ദത്തിന്റെ ഉടമയായ അരുന്ധതി സുബ്രഹ്മണ്യം.ഒരു കവിതയ്ക്ക് അന്തിമമായി ഉറപ്പേറിയ,സംശയ നിവൃത്തിയുടെ സൗന്ദര്യമുള്ള എന്തെങ്കിലുമൊന്ന് പറയാനുണ്ടായിരിക്കണം എന്ന നിർബന്ധം അരുന്ധതിക്കില്ല. തീർപ്പില്ലായ്കയുടെ തൽക്കാലവിരാമങ്ങളിൽ നിന്ന് വിടുതി നേടേണ്ടാത്ത, അവയുമായി സൗഹൃദം സ്ഥാപിക്കേണ്ടുന്ന  കലയായിട്ടാണ് കവിതയെ താൻ കാണുന്നതെന്ന് അവർ പ്രസ്താവിച്ചിട്ടുണ്ട്.വൈരുധ്യങ്ങളിൽ അത്ഭുതങ്ങളും ആനന്ദങ്ങളും അനേകമനേകം സാധ്യതകളും കാണുന്ന, അവയെ അതുകൊണ്ടു തന്നെ സ്‌നേഹിക്കുന്ന ഈ കവയിത്രിയുടെ രചനകൾ ശാന്തവും അവധാനതാപൂർണവുമായ വായന ആവശ്യപ്പെടുന്നവയാണ്.'ഇപ്പോഴും ചിലപ്പോൾ ഒരു വെളിപാടിന്റെ മിന്നലൊളിക്കുവേണ്ടി ഞാൻ കാത്തിരിക്കുന്നു.പക്ഷേ,ഏറിയകൂറും കോഴക്ക് വഴിപ്പെടാത്തവൾ തന്നെയാണ് ഞാൻ' എന്ന് വിശുദ്ധവും അമൂർത്തവുമായ അനുഭവങ്ങളുടെ കാര്യത്തിലായാലും അല്പമായിപ്പോലും സ്വയം കബളിപ്പിക്കാൻ താൻ ഒരുക്കമല്ലെന്ന് ആത്മീയതയോട് പ്രകടമായ ആഭിമുഖ്യം പുലർത്തുമ്പോഴും അവർ പറയുന്നുണ്ട്.
അപൂർവമായ ആത്മീയാനുഭൂതികളിലേക്ക് പൊടുന്നനെ വാതിൽ തുറക്കുന്ന ഇമേജുകളാണ് അരുന്ധതിയുടെ കവിതയ്ക്ക് അനന്യമായ കരുത്ത് പകരുന്നത്. അനേകം ഓർമകളെയും വിചാരങ്ങളെയും അവയുടെ സാന്ദ്രരൂപത്തിൽ അനുഭവിപ്പിക്കാനുള്ള അവയുടെ കെൽപ് അസാധാരണം തന്നെയാണ്.
'Trust only the words that begin
their patter
in the rain- shadow valley
of the mind'

എന്നതു പോലുള്ള വരികളിൽ സത്യത്തിന് കൈവരുന്ന രൂപപരിണാമത്തിന്റെ ചാരുത അധികം പേരുടെ രചനകളിൽ നമുക്ക് കാണാനാവാത്തതാണ്.അരുന്ധതിയുടെ പല കവിതകളും ഇത്തരം വിചാരങ്ങളുടെയും നിരീക്ഷണങ്ങളുടെയും സമൃദ്ധിയാലാണ് നമ്മെ മോഹിപ്പിക്കുന്നത്.
'I knew a cat 'എന്ന  കവിതയുടെ പരിഭാഷ കൂടി നോക്കുക:
' അറിഞ്ഞേനൊരു പൂച്ചയെ
അതിൻ മുഖം നക്ഷത്രം പോൽ
കാത്തിരുന്നേനവൾ തൻ മരണം
ഓർത്തു ഹൃദയനൊമ്പരമതിനാലല്പമില്ലാതെയാം.
ഇപ്പോൾ
ഏറെയിരുണ്ടുപോയെന്റെ രാത്രികൾ
ഇത്തിരിയെളുതായ് തീർന്നു ജീവിതം
പുറപ്പെട്ടുപോന്നതാമെന്റെ ഗോത്രത്തിൽ
തിരിയെ പോകയും ചെയ്തു ഞാൻ
അവിടെയുണ്ടല്ലോ
ഞങ്ങടെ
പത്തായങ്ങൾ.
വാക്കുകൾ
സ്‌നഹത്തിന്നില്ലായ്മയും
നിറഞ്ഞു വിങ്ങും
പത്തായങ്ങൾ.'
വാക്കുകളുടെ മാത്രമല്ല സ്‌നേഹരാഹിത്യത്തിന്റെയും ധാരാളിത്തമാണ് താൻ ഉൾപ്പെടുന്ന കവിവർഗത്തിന്റെ സ്വഭാവമെന്ന കഠിനമായ തിരിച്ചറിവാൽ ഇടക്കെങ്കിലും പൊള്ളിപ്പോവുക എന്നത് കവിത്വത്തിന്റെ ജ്വലിക്കുന്ന ലക്ഷണങ്ങളിലൊന്നാണ്.ഇതും ഇതു പോലെ തീവെളിച്ചമുള്ള മറ്റനേകം  അടയാളങ്ങളുമാണ് അരുന്ധതിയുടെ കവിതയുടെ അസാധാരണമായ ആർജവവും സത്യസന്ധതയും നമ്മെ അനുഭവിപ്പിക്കുന്നത്.



No comments:

Post a Comment