Pages

Sunday, August 14, 2016

മുന്താരിയിൽ ഒരു സന്ധ്യ;രാത്രിയും

2012 ഏപ്രിൽ 23. ധർമടത്തുനിന്ന് രാവിലെ ഏഴേകാലിന് ഞാൻ കണ്ണൂർ താവക്കര ബസ്സ്റ്റാന്റിലെത്തുന്നു.പിന്നെ  ബെന്നിസെബാസ്റ്റ്യൻ എന്ന സുഹൃത്തിനോടൊപ്പം തളിപ്പറമ്പ്-ആലക്കോട് വഴി ഉദയഗിരിയിലെത്തുന്നു. അവിടത്തെ പഞ്ചായത്ത് സാംസ്‌കാരിക നിലയത്തിൽ റീഡേഴ്‌സ് ഫോറത്തിന്റെ യോഗത്തിൽ  സാഹിത്യത്തെ കുറിച്ച് പ്രസംഗിക്കാനാണ്  ബെന്നി എന്നെ കൂട്ടിക്കൊണ്ടുപോയത്.ഒന്നാന്തരം വായനക്കാരനും നല്ല കൃഷിക്കാരനുമാണ് കറാത്തേയിൽ ബ്ലാക്‌ബെൽട്ടുള്ള ബെന്നി.ഉദയഗിരിയിൽ ബെന്നിയുടെ കൂടി ഉത്സാഹത്തിൽ രൂപപ്പെട്ട വായനക്കാരുടെ കൂട്ടായ്മ ചെറുതെങ്കിലും വളരെ ആർജവമുള്ള ഒന്നാണെന്ന് തോന്നി.സാഹിത്യം എന്ത്?,എന്തിന്? എന്നീ ചോദ്യങ്ങൾക്ക് ഉത്തരം തിരഞ്ഞ് ഒരു മണിക്കൂർ നേരം അവരോട് സംസാരിച്ചതും പിന്നെ സൗഹൃദം പങ്കിട്ടതും നല്ല അനുഭവമായിരുന്നു.പഴയ ഏജീസ് ഓഫീസ് ജീവനക്കാരനും കഥാകൃത്ത് എം.സുകുമാരന്റെ അടുത്ത സുഹൃത്തുക്കളിലൊരാളുമായ പി.ടി തോമസ്സിനെ ഈ പരിപാടി വഴിയാണ് പരിചയപ്പെട്ടത്.വായനയും വിവർത്തനവുമൊക്കെയായി വർഷങ്ങളായി നാട്ടിൽ ഒതുങ്ങിക്കഴിയുകയാണ് തോമസ്.
ഉച്ചയ്ക്ക് ഉദയഗിരിയിൽ നിന്ന് ഊണുകഴിച്ച് ബെന്നിയും ഞാനും കാനംവയലിലേക്ക് തിരിച്ചു.അവിടെ നിന്ന് ബെന്നി ,ബെന്നിയുടെ സുഹൃത്ത് തോമസ് എന്നിവരോടൊപ്പം ബെന്നി എന്നു തന്നെ പേരായ ഒരാളുടെ ജീപ്പിൽ മുന്താരിയിലേക്ക് പുറപ്പെട്ടു.കർണാടത്തിലെ കുടക് ജില്ലയിൽപ്പെട്ട ഈ സ്ഥലത്തെ പറ്റി ബെന്നി  നേരത്തെ തന്നെ എന്നോട് പറഞ്ഞിരുന്നു.
ഉച്ച തിരിഞ്ഞ് മൂന്നേ കാലിന് പുറപ്പെട്ട് ഏകദേശം 4 മണി കഴിഞ്ഞാണ് മുന്താരിയിൽ കൊച്ചേട്ടൻ എന്ന ജോസഫേട്ടന്റെ വീട്ടിലെത്തിയത്.നാട്ടിൽ നിന്ന് ആദ്യം മുന്താരിയിൽ എത്തിയ ആളാണ് കൊച്ചേട്ടൻ.1963-64 കാലത്ത് 12 വയസ്സുള്ളപ്പോഴാണ് കൊച്ചേട്ടൻ ഇവിടെ എത്തുന്നത്.അക്കാലത്ത് മുന്താരിയിൽ മലങ്കുടിയാൻ വിഭാഗത്തിൽ പെട്ട അപ്പണ്ണ എന്ന ആൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.അയാൾ കാട്ടുതേനും മറ്റും വിൽക്കാനായി കാനം വയൽ ഭാഗത്ത് വരുമായിരുന്നു.ഒരു തവണ അങ്ങനെ വന്നപ്പോൾ 'കാട്ടിൽ വരുന്നോ,എറച്ചി പിടിക്കാം' എന്ന് പന്ത്രണ്ടുകാരനായ കൊച്ചേട്ടനോട് അതായത് അന്നത്തെ ജോസഫിനോട് ചോദിച്ചു.നായാട്ടിനെയാണ് കാനംവയൽ ഭാഗത്ത് എറച്ചി പിടിക്കുക എന്ന് പറഞ്ഞിരുന്നത്.കാട്ടിൽ നായാട്ടിന് പോകുന്നതിന്റെ ചിത്രങ്ങൾ മനസ്സിൽ തെളിഞ്ഞുവന്ന ജോസഫ് അതിന്റെ ഹരത്തിൽ അണ്ണനോടൊപ്പം കാട് കയറി.പിന്നെ കാട്കയറ്റം പതിവായി.മുന്താരിയിൽ കൊച്ചേട്ടൻ സ്ഥലം വാങ്ങുന്നത് 1984 ലാണ്.ആദ്യം രണ്ടേക്കർ പത്ത് സെന്റ് സ്ഥലം.ഇപ്പോൾ 6 ഏക്കർ 15 സെന്റ് സ്ഥലം കയ്യിലുണ്ട്.
നടുമുന്താരി (498 ഏക്കർ),കൊടിമുന്താരി (235 ഏക്കർ),ഇടിയങ്കൊല്ലി (215 ഏക്കർ),തേർത്തല്ലി മല( 75 ഏക്കർ) അങ്ങനെ മൊത്തം 1023 ഏക്കർ വനപ്രദേശമാണ് മുന്താരി.ആദ്യകാലത്ത് മുന്താരിയിലെ സ്ഥലം മുഴുവൻ മർക്കാറയിൽ താമസക്കാരനായ ഒരു ജഡ്ജിയുടെതായിരുന്നു. ബ്രാഹ്മണനായ  ജഡ്ജിയുടെ പൂർവികർക്ക് കുടകുരാജാവ് സമ്മാനമായി കൊടുത്ത സ്ഥലമാണ് മുന്താരി എന്നാണ് കേട്ടുകേൾവി.അതല്ല,തുളുനാട്ടുകാരായ ജന്മിമാരിൽ നിന്ന് അദ്ദേഹം വില കൊടുത്ത് വാങ്ങിയതാണ് എന്ന് പറയുന്നവരും ഉണ്ട്.എന്തായാലും ജഡ്ജി മുന്താരിയിൽ നേരിട്ടെത്തി ഒന്നും ചെയ്തില്ല.10 ഏക്കർ സ്ഥലം സ്വന്തമായി കൊടുത്ത് അപ്പണ്ണയെ അവിടത്തെ വനവിഭവങ്ങൾ ശേഖരിക്കാൻ നിയോഗിച്ചു.
കാനം വയലിൽ നിന്ന് കർണാടക ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസുകാർ ചങ്ങലയിട്ട് അടച്ചിരിക്കുന്ന കൂപ്പ് റോഡിലെത്തിയാൽ പിന്നെയും ഏഴര കിലോമീറ്റർ ദൂരെയാണ് മുന്താരി.മുന്താരിക്കാർ ഒരു മണിക്കൂർ കൊണ്ട് ഇങ്ങോട്ട് കയറിയെത്തും.30-40 മിനുട്ടുകൊണ്ട് ഇറങ്ങി താഴെ എത്തും.
2012 ൽ കൂലിപ്പണിക്കാരായി രണ്ടുപേരാണ് മുന്താരിയിൽ ഉണ്ടായിരുന്നത്.പാടിച്ചാലുകാരനായ കുഞ്ഞിരാമൻ എന്ന കൃഷ്ണനും കാനം വയലുകാരനായ രാഘവനും.ദിവസവും ഭക്ഷണത്തിനു പുറമെ 250 രൂപയായിരുന്നു അവരുടെ കൂലി.പത്തുനാൽപത് വർഷം മുമ്പ് ഇവിടത്തെ കൂലിപ്പണിക്കാരുടെ കൂലി 25 പൈസയായിരുന്നുവെന്ന് കൊച്ചേട്ടന് ഓർമയുണ്ട്.
മല കയറിയെത്തി പാർപ്പുറപ്പിച്ച പത്തറുപത്തഞ്ച് കുടുംബങ്ങൾ വരെ ഉണ്ടായിരുന്നു ഇടക്കാലത്ത് മുന്താരിയിൽ.അന്ന് ഒരു ചായക്കടയുമുണ്ടായിരുന്നു ഈ കാട്ടിൽ.അടക്ക,കുരുമുളക്,പാവൽ എന്നിവയായിരുന്നു മുന്താരിയിൽ കാട് വെട്ടിത്തെളിച്ചുണ്ടാക്കിയ കൃഷിയിടങ്ങളിൽ നിന്ന് അക്കാലത്ത് പ്രധാനമായും കിട്ടിയിരുന്നത്. അതിനു പുറമെ കാപ്പിയും കപ്പയും വാഴക്കുലയും ഏലവും മറ്റും.ഒന്നാന്തരം വിളവ്.ഒരു മൂട് കപ്പ കിളച്ചാൽ 20-25 കിലോ വരെ കിട്ടുമായിരുന്നു.
പിന്നെപ്പിന്നെ കമുങ്ങും കുരുമുളകുകൊടിയുമൊക്കെ നശിച്ചു.കപ്പകൃഷി തീരെ ഇല്ലാതായി.മണ്ണിൽ നിന്ന് വേണ്ടത്ര പ്രോത്സാഹനം കിട്ടാതായപ്പോൾ ഓരോരുത്തരായി മലയിറങ്ങിത്തുടങ്ങി.ഇന്നിപ്പോൾ മുന്താരിയിൽ അകെ അഞ്ചാറ് കുടുംബങ്ങളേ ഉള്ളൂ.
                                കാട്ടിലെ കാറ്റ്
ആദ്യകാലത്തൊക്കെ മുന്താരിയിൽ ഭയങ്കരമായ കാറ്റ് വീശിയിരുന്നു.അലറി വിളിക്കുന്ന കാറ്റ്. നവംബർ,ഡിസംബർ,ജനുവരി മാസങ്ങളിൽ ആഞ്ഞുവീശുന്ന കാറ്റിൽ മേൽക്കൂരയിലെ ഓട് പറന്നുപോവുന്നത് സാധാരണമായിരുന്നു.ആ മാസങ്ങളിൽ മേഘങ്ങൾ താഴ്ന്നിറങ്ങി അങ്ങോട്ടുമിങ്ങോട്ടും ഓടുന്നത് കാണാമായിരുന്നു.നേരത്തെ ഉണ്ടാക്കി വന്നിരുന്നതോ അതോ ആരോ ഒക്കെ സമീപിച്ച് പുതുതായി ഉണ്ടാക്കിച്ചതോ എന്നറിയില്ല,മംഗലാപുരത്തെ ഓട്ടുകമ്പനികളിൽ നിന്ന് മുന്താരിക്കാർക്ക് ചുവടെ തുളയിട്ട പ്രത്യേകതരം ഓടുകൾ കിട്ടി.തുളയിലൂടെ കമ്പയിട്ട് കഴുക്കോലിനോട് കെട്ടി മേൽക്കൂരയിൽ അവർ ഓടിനെ പിടിച്ചുനിർത്തി.
കുറച്ചുകൊല്ലങ്ങളായി അത്തരം ഓടിന്റെ ആവശ്യം വരുന്നില്ല.കാരണം ആ പഴയ കാറ്റ് ഇപ്പോൾ മുന്താരിയെ പിടിച്ചുകുലുക്കാനും ഓട് പറത്തിക്കളയാനുമൊക്കെയായി എത്താറില്ല.അത് പഴയ ഒരോർമയായി മാറിക്കഴിഞ്ഞു.
പക്ഷേ,ഉൾക്കാട്ടിൽ പലേടത്തും ഇപ്പോഴും അങ്ങനെയുള്ള കാറ്റ് വീശുന്ന ഇടങ്ങളുണ്ട്.ഒരടി മുന്നോട്ട് വെക്കുന്ന ആളെ രണ്ടടി പുറകോട്ടാക്കുന്ന കാറ്റ്.ബെന്നിക്ക് ഈ ഭാഗത്തുള്ള കാടിനെ ഉള്ളം കയ്യിലെ രേഖകളെന്ന പോലെ അറിയാം.കുടകുകാട്ടിൽ കുറേ ഉള്ളോട്ട് ചെന്നാൽ കറുത്ത കാട് എന്നു പറഞ്ഞു വരുന്ന പ്രത്യേകതരം കാടുകളുണ്ട്.കറുത്ത കാട്ടിൽ ഏത് നേരവും കാറ്റും കൊടുംതണുപ്പും ഇരുളുമായിരിക്കും.അതു കാരണം ശീതക്കൊല്ലി എന്നാണ് ഈ കാടുകളെ പറയുക.ഇവിടെ മരങ്ങൾ ഉയരത്തിൽ വളരില്ല.അവ ഒടിഞ്ഞു മടങ്ങി വളഞ്ഞുപിരിഞ്ഞിരിക്കും.അവയിൽ നിന്ന് തൂങ്ങിക്കിടക്കുന്ന വള്ളികൾക്ക് നല്ല ബലമായിരിക്കും.
മടിക്കേരി താലൂക്കിലെ അയ്യങ്കേരി വില്ലേജിലെ ബാഗമണ്ഡലം പഞ്ചായത്തിലാണ് മുന്താരി.മുന്താരിയിൽ നിന്ന് 22 കിലോമീറ്റർ ദൂരമുണ്ട് മടിക്കേരിയിലേക്ക്.കുരുടി,അയ്യങ്കേരി വഴി പോകാം.ഇടയ്ക്ക് വഴി മാറി വേണമെങ്കിൽ ബാഗമണ്ഡലത്തെത്താം.അപ്പോൾ ദൂരം 16 കിലോമീറ്ററായി  കുറഞ്ഞു കിട്ടും. .വൻകയറ്റങ്ങൾ,കൊല്ലികൾ,കറുത്ത കാടുകൾ അങ്ങോട്ടേക്കുള്ള യാത്ര അങ്ങേയറ്റം വിഷമം പിടിച്ചതാണ്.മലകയറ്റം നന്നായി വശമുള്ളവർക്കു പോലും ആറ് മണിക്കൂറോളം വേണ്ടി വരും.എങ്കിലും  ആവശ്യം ഒഴിവാക്കാനാവാത്തതാണെങ്കിൽ ആളുകൾ ആ വഴിയത്രയും താണ്ടി മടിക്കേരിയിലോ ബാഗമണ്ഡലത്തോ എത്തും.
മുന്താരി എന്നും മുന്താര എന്നും പലരും സ്ഥലപ്പേര് മാറ്റിമാറ്റി പറയുന്നതായി ഞാൻ ശ്രദ്ധിച്ചു.സ്ഥലവാസികളിൽ ചിലർ തന്നെ മുന്താര എന്നാണ് പറഞ്ഞത്.മുൻതറയാണ് മുന്താരയായതെന്ന് കൃഷ്ണൻ എന്നയാൾ സ്ഥലനാമത്തെ വ്യാഖ്യാനിച്ചു തന്നു.മുൻ താര(മുൻപേയുള്ള വഴി)യും ആകാം.ബാഗമണ്ഡലം പഞ്ചായത്തിലെ 90 വോട്ടർമാർ മുന്താരക്കാരാണ്.അവർ വിചാരിച്ചാൽ ഒരു വാർഡിലെ തോൽവിയും ജയവും നിശ്ചയിക്കാം.
                              കാട്ടിലെ വെളിച്ചങ്ങൾ
കൊച്ചേട്ടന്റെ രണ്ട് ആൺമക്കളിൽ ഒരാൾ എറണാകുളത്തും മറ്റേയാൾക്ക് ചെന്നൈയിലുമാണ്.രണ്ടുപേരും വല്ലപ്പോഴുമേ മുന്താരിയിലെത്തൂ. എങ്കിലും കൊച്ചേട്ടൻ ഇവിടെ തനിച്ചല്ല.വീട്ടിൽ ഭാര്യ ലില്ലിയുണ്ട്.സഹായിയായി അനിയൻ കുഞ്ഞാപ്പ എന്ന മാത്യുവും മുന്താരിയിലുണ്ട്.പിന്നെ,ഈ മലമുകളിലുള്ള എല്ലാവരും നിത്യവും   അടുത്തു ബന്ധപ്പെടുന്നവരുമാണ്.
വലിയ തിടുക്കമോ ഭയമോ പരിഭ്രമമോ ഒന്നുമില്ലാത്ത ശാന്തവും ഏറെക്കുറെ സംതൃപ്തവുമായ ജീവിതമാണ് കൊച്ചേട്ടന്റെത് എന്നു തോന്നി. വീട്ടിൽ ടി.വിയും ഫോണുമൊക്കെ ഉണ്ട്.കാട്ടിൽ ഒരു കിലോമീറ്ററോളം അകലെ നിന്ന് വെള്ളം കൊണ്ടുവന്ന് വീട്ടുമുറ്റത്തെത്തിച്ച് ഡയനാമോ പ്രവർത്തിപ്പിച്ചാണ് അദ്ദേഹം കറന്റുണ്ടാക്കുന്നത്.ഒരു ലക്ഷം രൂപയോളം അതിന് ചെലവായി.എങ്കിലും,വീട്ടിൽ വെളിച്ചമെത്തിയതിന്റെ ആഹ്ലാദം ചെലവായ പണത്തേക്കാൾ എത്രയോ വലുതായിരിക്കുമല്ലോ.രാത്രികളിൽ കാട്ടിനു നടുവിൽ കനം തൂങ്ങുന്ന നിശ്ചലാവസ്ഥയെയും നാട്ടിൽ നിന്ന് അകന്നുള്ള നിൽപിൽ സ്വാഭാവികമായും ഉണ്ടാകാനിടയുള്ള ഒറ്റപ്പെടലിന്റെതായ അനുഭവത്തെയും   ഈ വെളിച്ചം കുറെയൊക്കെ ഇല്ലായ്മ ചെയ്യുന്നുണ്ടാവും. ഒരു പക്ഷേ,കൊച്ചേട്ടനെ പോലുള്ള സാഹസികരായ കർഷകർ കാടിനെ കാണുന്നതും അനുഭവിക്കുന്നതും ഞാൻ വിചാരിക്കുന്ന തരത്തിലൊന്നും ആയിരിക്കില്ല.നിശ്ചലതയും ഏകാന്തതയുമൊന്നും അവരുടെ നിഘണ്ടുവിൽ ഉണ്ടാവണമെന്നില്ല.
'ഈ ഭാഗത്ത് വലിയ വിഷപ്പാമ്പുകളൊക്കെ  ഉണ്ടാവില്ലേ ,രാജവെമ്പാല തന്നെ ഉണ്ടാവാൻ സാധ്യതയില്ലേ ,എപ്പോഴെങ്കിലും അങ്ങനെ ഏതിനെയെങ്കിലും കണ്ടിരുന്നോ?'  രാത്രി ഉറക്കത്തിന് വട്ടം കൂട്ടുന്നതിനിടയിൽ അൽപം ഭയത്തോടെ തന്നെ ഞാൻ ചോദിച്ചപ്പോൾ കൊച്ചേട്ടൻ  വളരെ സാധാരണ മട്ടിൽ പറഞ്ഞു:'ഉണ്ട് ദാ,കുറച്ചപ്പുറം ഒന്ന് മുട്ടയിട്ട് അടയിരിക്കുന്നുണ്ട്. കരിയില അടിച്ചുകൂട്ടിയിരിക്കുന്നത് ഇന്നലെയാണ് ഞാൻ കണ്ടത്.'
രാജവെമ്പാല അതിന്റെ ശരീരം ചുഴറ്റി കരിയിലകൾ അടിച്ചുകൂട്ടി അതിനുമേലാണ് മുട്ടയിടുക.ഇങ്ങനെയുള്ള കരിയിലക്കൂമ്പാരം കണ്ടാൽ ആ കൂമ്പാരത്തിനു നടുവിൽ കരിമൂർഖൻ അതായത് രാജവെമ്പാല അടയിരിക്കുന്നുണ്ടാവുമെന്ന് കാടിനെ പരിചയമുള്ളവർ പെട്ടെന്ന് മനസ്സിലാക്കും.അവർ എത്രയും വേഗം വഴിമാറി നടക്കും.ആ കരിയിലക്കൂമ്പാരത്തിലെങ്ങാനും ഒരാൾ അറിയാതെ ചവിട്ടിപ്പോയെങ്കിൽ മിനുട്ടുകൾക്കകം അയാളുടെ കഥ തീർന്നതു തന്നെ.
കൊച്ചേട്ടൻ വളരെ ലാഘവത്തോടെയാണ് രാജവെമ്പാലയുടെ കാര്യം പറഞ്ഞതെങ്കിലും പാമ്പുകളുടെ രാജാവോ റാണിയോ രാത്രിയിൽ എപ്പോഴെങ്കിലും വീട്ടുചുമരിലെ ഏതെങ്കിലും പഴുതിലൂടെ അകത്തെത്തിയേക്കുമോ എന്ന് പേടിച്ചുപേടിച്ച്,അതിന്റെ വരവിനെ പല രൂപത്തിൽ സങ്കൽപിച്ചു വിറച്ച് രാത്രി ഏറെ നേരം ഉറങ്ങാനാവാതെ കിടക്കേണ്ടി വന്നു എനിക്ക്.ആ പഴയ രാത്രിയെ കുറിച്ചുള്ള ഓർമയെ ഞാൻ മൂടുന്നത് മറ്റൊരോർമ കൊണ്ടാണ്.അന്ന് സന്ധ്യ കഴിഞ്ഞ് നേർത്ത ഇരുട്ടുവീണ് ഇത്തിരി  നേരം കൂടി കഴിഞ്ഞപ്പോൾ കൊച്ചേട്ടന്റെ വീടിന്റെ മുറ്റത്തും ഇത്തിരിയകലെ കാടിനു മുകളിലും പരന്നു തുടങ്ങിയ അരണ്ടതെങ്കിലും അസാധാരണമാം വിധം മനോഹരമായ നിലാവിന്റെ ഓർമകൊണ്ട്.
അടുത്ത ദിവസം രാവിലെ ചായകുടി കഴിഞ്ഞ് കൊച്ചേട്ടനോടും ഭാര്യയോടും മറ്റുള്ളവരോടും യാത്ര പറഞ്ഞ് ഞാനും ബെന്നിയും ഏതാനും സുഹൃത്തുക്കളോടൊപ്പം മലയിറങ്ങി.ഈ കാട്ടുപാതയുടെ ഒരു തിരിവിൽ വെച്ച് രണ്ടു വർഷം മുമ്പ് ഒരാളെ കാട്ടാന ഓടിച്ചിട്ട് കുത്തിക്കൊന്ന കാര്യം തലേ ദിവസം തന്നെ കേട്ടിരുന്നതുകൊണ്ട് പേടിച്ചു പേടിച്ചാണ് ഓരോ ചുവടും വെച്ചത്.താഴെ ഫോറസ്റ്റ് റെയിഞ്ച് ഓഫീസിന് അടുത്ത് എത്തിയപ്പോഴാണ് ശ്വാസം നേരെ വീണത്.കൂപ്പ് റോഡിലെ ചങ്ങലക്കരികിൽ എത്തുന്നതിന് ഏതാനും മീറ്റർ ഇപ്പുറം വെച്ച് ഒരു കാട്ടുകോഴിയെ കണ്ടു.മിന്നിൽ പോലെ.ഒരു നിമിഷം കൊണ്ട് കണ്ണിൽ നിന്ന് തെന്നിയകന്ന് കാടിന്റെ മറവിനപ്പുറത്തേക്ക് പാഞ്ഞും പറന്നും പോയ ആ സുന്ദരമായ രൂപം ഇപ്പോഴും അകക്കണ്ണിൽ മായാതെ നിൽക്കുന്നു.




No comments:

Post a Comment