Pages

Wednesday, February 23, 2011

കാര്‍ട്ടൂണ്‍ കൊണ്ടൊരു കവിത

തീവണ്ടിയില്‍നിന്ന് ഒറ്റക്കയ്യനായ ഒരു കൊടും കുറ്റവാളി പുറത്തേക്ക് തള്ളിയിട്ട് ബലാത്സംഗം ചെയ്ത സൌമ്യ എന്ന പാവം പെണ്‍കുട്ടി നാലഞ്ചുദിവസം അത്യാസന്ന നിലയില്‍ ബോധരഹിതയായി കിടന്ന് 2011 ഫെബ്രുവരി 6ാം തിയതി ഉച്ചക്കു ശേഷം മരണത്തിന് കീഴടങ്ങി.അടുത്ത കാലത്തെങ്ങും ജനമനസ്സിനെ ഇത്രയധികം ഞെട്ടിച്ച ഒരു ദാരുണ സംഭവം കേരളത്തില്‍ ഉണ്ടായിട്ടില്ല.
സ്ത്രീകളെ പീഡിപ്പിച്ച് ലൈംഗികവേഴ്ചയിലേര്‍പ്പെടുന്നതിലും വേഴ്ചയിലൂടെ മരണത്തില്‍ എത്തിക്കുന്നതിലുമെല്ലാം ആഹ്ളാദം കണ്ടെത്തുന്ന മാനസ്സികാവസ്ഥയുള്ളവര്‍ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്.ലോകത്തിലെ എല്ലാ സമൂഹങ്ങളിലും ആ ഗണത്തില്‍ പെടുന്ന ഏതാനും പേര്‍ ഉണ്ടാവുമെന്നു തോന്നുന്നു.ഭരണകൂടത്തിനും സമൂഹത്തിനും ചെയ്യാനാവുന്ന കാര്യം അത്തരം
വൈകൃതങ്ങളുടെ ലാഞ്ഛന ഒരു വ്യക്തിയില്‍ തിരിച്ചറിയാനിടയാകുന്ന ആദ്യസന്ദര്‍ഭത്തില്‍ തന്നെ അയാളെ സുസജ്ജമായ മനോരോഗചികിത്സാലയങ്ങളില്‍ എത്തിക്കുക,അത്തരത്തിലുള്ള വ്യക്തികള്‍ സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കാനുള്ള സാധ്യതകള്‍ പൂര്‍ണമായും ഒഴിവാക്കുന്നതിന് എല്ലാ നിലയിലും ജാഗ്രത പുലര്‍ത്തുക എന്നീ കാര്യങ്ങളാണ്.ഇവയില്‍ ആദ്യം പറഞ്ഞ കാര്യം നാം ആഗ്രഹിക്കുന്ന അത്ര അനായാസമായി നടന്നുകൊള്ളണമെന്നില്ല.രണ്ടാമത്തേത് പക്ഷേ ഒന്നു മനസ്സുവെച്ചാല്‍ തീര്‍ചയായും സാധിക്കാവുന്നതാണ്.സ്ത്രീകളുടെ കംപാര്‍ട്മെന്റ് തീവണ്ടിയുടെ മധ്യഭാഗത്താക്കുക,അവിടെ വനിതാ പോലീസുകാരെ സ്ഥിരമായി ജോലിക്ക് നിയോഗിക്കുക എന്നീ കാര്യങ്ങള്‍ മാത്രം നോക്കുക.രണ്ടും യാതൊരു ബുദ്ധിമുട്ടുമില്ലാതെ ചെയ്യാവുന്നതേയുള്ളൂ.ഇതേ വരെയും അത് ചെയ്യാതിരുന്നതിന് ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നുള്ള കടുത്ത ഉദാസീനതയും ഉത്തരവാദിത്വരാഹിത്യവുമല്ലാതെ മറ്റ് കാരണങ്ങളില്ല.സ്ത്രീകളുടെ സംഘടനകളും മറ്റ് ബഹുജനസംഘടനകളും രാഷ്ട്രീയപ്പാര്‍ട്ടികളും മാധ്യമങ്ങളുമെല്ലാം അധികാരകേന്ദ്രങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തി ഈ കാര്യങ്ങള്‍ എത്രയും വേഗം ചെയ്യിക്കണം.മേലില്‍ രാജ്യത്ത് എവിടെയും ഇതുപൊലൊരു സംഭവം ഉണ്ടാവില്ല എന്ന് ഉറപ്പ് വരുത്താനുള്ള ബാധ്യത എല്ലാവര്‍ക്കും ഉള്ളതാണ്.
2
ഈ ലേഖനം സൌമ്യയുടെ കൊലപാതകത്തിനു പിന്നിലെ പ്രശ്നങ്ങളെ വിശകലനം ചെയ്യാന്‍ ഉദ്ദേശിച്ചുള്ളതല്ല.സൌമ്യ തീവണ്ടിയില്‍ നിന്ന് തള്ളിയിടപ്പെട്ട സംഭവത്തിന്റെ ആദ്യറിപ്പോര്‍ട്ടുകളില്‍ തന്നെ തൊട്ടടുത്ത കംപാര്‍ട്ട്മെന്റിലെ യാത്രക്കാര്‍ അവളുടെ നിലവിളി കേട്ടിട്ടും അത് ഗൌനിച്ചില്ല എന്ന വിവരവും ഉണ്ടായിരുന്നു.യാത്രക്കാരിലൊരാള്‍ അവള്‍ വീഴുന്നതുകണ്ട കാര്യം മറ്റുള്ളവരെ അറിയിക്കുകയും അപായച്ചങ്ങല വലിക്കാന്‍ തുനിയുകയും ചെയ്തപ്പോള്‍ അയാളോട് തട്ടിക്കയറാനും വേണ്ടാത്ത പണി ചെയ്യരുത് എന്ന് പറയാനും ആളുകളുണ്ടായി.അയാള്‍ക്കാണെങ്കില്‍ ആ എതിര്‍പ്പിനെ മറികടന്ന് വേണ്ടത് ചെയ്യാന്‍ കഴിഞ്ഞതുമില്ല.
കേരളത്തിന്റെ പൊതുബോധം ഇത്തരത്തില്‍ അലസവും അധാര്‍മികവും നിരുത്തരവാദപരവും ആകാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി.അതുകൊണ്ടാണ് റോഡില്‍ വെച്ചും ഓഫീസുകളില്‍ വെച്ചും വ്യാപാരസ്ഥലങ്ങളില്‍ വെച്ചും സാധാരണജനങ്ങള്‍ കടുത്ത തോതില്‍ പീഡനത്തിനും അവമതിക്കും ഇരയാകുന്നത്.എല്ലാവര്‍ക്കും ഒന്നുപോലെ യാത്ര ചെയ്യാന്‍ അവകാശമുള്ള ബസ്സില്‍ കയറിപ്പറ്റാന്‍ ക്ളീനറുടെയും കണ്ടക്ടറുടെയും അനുമതി ലഭിക്കാതെ വിദ്യാര്‍ത്ഥികള്‍ പൊരിവെയിലത്ത് കാത്തുനില്‍ക്കുന്നത് കേരളത്തിലെ പല ബസ് സ്റാന്റുകളിലെയും പതിവുകാഴ്ചയാണ്.റെയില്‍വേ ലവല്‍ക്രോസിംഗുകളില്‍ നേരത്തെ എത്തിയ വാഹനങ്ങള്‍ ഒറ്റവരിയായി നിര്‍ത്തിയിട്ടിരിക്കെ അവശേഷിക്കുന്ന സ്ഥലത്തുകൂടെ തന്റെ വാഹനം ഓടിച്ചുമുന്നില്‍ കയറ്റി ആദ്യവാഹനങ്ങളെ മുഴുവന്‍ പുറകിലാക്കുകയും ഗതാഗതക്കുരുക്കുണ്ടാക്കുകയും ചെയ്യുന്ന സ്വകാര്യബസ്ഡ്രൈവര്‍,യാത്രക്കാരെ യാതൊരു മര്യാദയുമില്ലാതെ ബസ്സിനകത്തേക്ക് തള്ളിക്കയറ്റുകയും ബസ്സില്‍ നിന്ന് തള്ളിയിറക്കുകയും ചെയ്യുന്ന ക്ളീനര്‍,ഏറ്റവും ന്യായമായ ആവശ്യങ്ങള്‍ക്കു വേണ്ടി ചെന്നാല്‍ പോലും ഒന്നു തലയുയര്‍ത്തി നോക്കുക പോലും ചെയ്യാതെ അപേക്ഷകനെ തന്റെ മുന്നില്‍ ഒരുപാട് നേരം വെറുതെ നിര്‍ത്തിക്കുന്ന ക്ളാര്‍ക്കുമാര്‍,ആപ്പീസര്‍മാര്‍,സാധാരണജനങ്ങളോട് ധാര്‍ഷ്ട്യത്തോടെ മാത്രം പെരുമാറുകയും അത് ധാര്‍ഷ്ട്യമാണ് എന്നുള്ള തിരിച്ചറിവ് പോലും നഷ്ടപ്പെടുകയും ചെയ്ത രാഷ്ട്രീയക്കാര്‍,തങ്ങളുടെ പാര്‍ട്ടിയോ സംഘടനയോ ചെയ്യുന്ന ഏത് അനീതിയെയും അട്ടിമറി പ്രവര്‍ത്തനത്തെയും അര്‍ത്ഥശൂന്യമായ സംഘടനാബോധത്തിന്റെ പേരില്‍ പിന്‍തുണക്കുന്ന അനുയായികള്‍,അല്പവും ദയാദാക്ഷിണ്യങ്ങളില്ലാതെ രോഗികളോട് പെരുമാറുന്ന ഡോക്ടര്‍മാര്‍,നേഴ്സുമാര്‍,നോക്കുകൂലി വാങ്ങുന്നതില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് ശഠിക്കുന്ന തൊഴിലാളികള്‍,സ്വന്തം സ്ഥാനമാനങ്ങളെ ചൊല്ലിയുള്ള കലഹത്തില്‍ വിദ്യാര്‍ത്ഥികളെ ബലിയാടുകളാക്കുന്ന ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിലെ അധ്യാപകര്‍ ഇങ്ങനെ സമൂഹത്തിന്റെ ഏതാണ്ട് എല്ലാ വിഭാഗങ്ങളിലും പെട്ട മനുഷ്യരില്‍ തൊണ്ണൂറ് ശതമാനവും എല്ലാവിധ തിന്മകളുടെയും വീരഭടന്മാരായി മാറിയിരിക്കുന്ന സമൂഹമാണ് നമ്മുടേത്.ഇതിനുള്ള അടിസ്ഥാന കാരണം ഈ സമൂഹം വലിയൊരളവോളം അരാഷ്ട്രീയമായിക്കഴിഞ്ഞു എന്നതു തന്നെയാണ്.രാഷ്ട്രീയം പിന്‍വാങ്ങുന്നിടത്ത് പകരം ഇടം നേടുന്ന ഉപഭോഗോന്മാദവും മത്സരാസക്തിയും ഉല്പാദിപ്പിക്കുന്ന തി•കള്‍ തന്നെയാണ് ചുറ്റിലും നാം കാണുന്നത്.
കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനം ഈ വസ്തുതകള്‍ വ്യക്തമായി ഉള്‍ക്കൊള്ളുകയും അത്യന്തം ഭയാനകമായ ഈ ദുരവസ്ഥയില്‍ നിന്ന് സംസ്ഥാനത്തെ രക്ഷിക്കാന്‍ പോന്ന വിധത്തില്‍ അതിന്റെ നയപരിപാടികള്‍ എത്രയും വേഗം പുന:സംവിധാനം ചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍ പൊതുബോധത്തില്‍ അല്പമായി അവശേഷിക്കുന്ന ഇത്തിരി നന്മകളും ഇനിയൊരു വീണ്ടെടുപ്പ് സാധ്യമാവാത്ത വിധം നഷ്ടമാവുന്നതിന് കാലതാമസമുണ്ടാവില്ല.
3
കേരളത്തിലെ ജനജീവിതവും ജനമനസ്സും അകപ്പെട്ടിരിക്കുന്ന ഭയാനകമായ അവസ്ഥയുടെ ഏറ്റവും ശക്തമായ ചിത്രീകരണമാണ് കാര്‍ട്ടൂണിസ്റ് ഗോപീകൃഷ്ണന്‍ 2011 ഫെബ്രുവരി 5 ന്റെ മാതൃഭൂമി ദിനപത്രത്തില്‍ നിര്‍വഹിച്ചിരിക്കുന്നത്.'ഒറ്റയ്ക്കയ്യോ!'എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്.സഹായാഭ്യാര്‍ത്ഥനയുമായി അടുത്ത കംപാര്‍ട്ടുമെന്റില്‍ നിന്ന് ഒരു പെണ്‍കുട്ടിയുടെ കൈ നീണ്ടു വരുമ്പോള്‍ അതിനു നേരെ നേരിയ കൌതുകത്തോടെ നോക്കുന്ന ഒരാളെയും ഭയവിഹ്വലനാവുന്ന മറ്റൊരാളെയും വിശേഷിച്ച് ഭാവവ്യത്യാസമില്ലാതെ ഇരിക്കുന്ന രണ്ടുപേരെയും(അവരിലൊരാള്‍ സ്ത്രീയാണ്) കാര്‍ട്ടൂണിന്റെ ഒന്നാം ഖണ്ഡത്തില്‍ കാണാം.അപായച്ചങ്ങലയും അതിനു ചുവടെ എഴുതിയിരിക്കുന്ന TO STOP TRAIN എന്നുള്ള വാക്കുകളും കൂടി ഈ ഖണ്ഡത്തില്‍ ഉണ്ട്. പിന്നെ ഉള്ളത് ഭയന്നിരിക്കുന്ന ആളുടെ സീറ്റിന്റെ കൈത്തണ്ടയില്‍ വെച്ചിരിക്കുന്ന മൊബൈല്‍ ഫോണാണ്.കാര്‍ട്ടൂണിന്റെ രണ്ടാം ഖണ്ഡത്തിന്റെ സ്ഥാനം ഒന്നാം ഖണ്ഡത്തിന് ചുവടെയാണ്.വണ്ടി അല്പം കൂടി മുന്നോട്ട് പോയിരിക്കുന്നു.സഹായത്തിന് അഭ്യര്‍ത്ഥിക്കുന്ന കൈ അല്പം കൂടി പുറകോട്ട് പോയിരിക്കുന്നു.വിരലുകളുടെ ചലനം ദ്രുതഗതിയില്‍ ഉള്ളതും വിറയാര്‍ന്നതുമാണെന്നു കൂടി സൂചിതമായിരിക്കുന്നു. ഇപ്പോള്‍ അപായച്ചങ്ങലയുടെ ചുവട്ടിലെ എഴുത്ത് PULL CHAIN എന്ന് മാത്രമായിരിക്കുന്നു.കൂട്ടിയുടെ നില തീര്‍ത്തും അരക്ഷിതമായിരിക്കുന്നുവെന്ന് ഈ സൂചനകളില്‍ നിന്ന് കൃത്യമായി മനസ്സിലാക്കാം. കംപാര്‍ട്മെന്റിലുള്ള എല്ലാവരും ഇപ്പോള്‍ കുട്ടിയുടെ സഹായാഭ്യര്‍ത്ഥനയ്ക്കു നേരെ ഞെട്ടിയുണര്‍ന്നിരിക്കുന്നു.പക്ഷേ,കഷ്ടം! ചങ്ങല വലിച്ച് വണ്ടി നിര്‍ത്താന്‍ അവര്‍ക്ക് കഴിയില്ല.കാരണം അവര്‍ രണ്ട് കയ്യും അറ്റുപോയവരാണ്.ഒരാള്‍ ചങ്ങലയ്ക്കു നേരെ ഉയര്‍ത്താന്‍ ശ്രമിക്കുന്നത് കയ്യിനു പകരം തന്റെ കാലാണ്.അതിനാണെങ്കില്‍ വിരലുമില്ല.
തീവണ്ടിയില്‍ വെച്ച് പെണ്‍കുട്ടിയെ ആക്രമിച്ച കുറ്റവാളി ഒറ്റക്കയ്യനായിരുന്നു.ഗോപീകൃഷ്ണന്റെ കാര്‍ട്ടൂണിലെ യാത്രക്കാര്‍ രണ്ട് കയ്യും നഷ്ടപ്പെട്ടവരാണ്.മറ്റുള്ളവരോട് ചെയ്യപ്പെടുന്ന അനീതിക്കും ആക്രണത്തിനും നേരെ ഉദാസീനരാവുന്നവര്‍ കൂടുതല്‍ കടുത്ത കുറ്റം ചെയ്യുന്നവരാണ്.എല്ലാവരും കുറ്റവാളികളാവുന്ന സമൂഹത്തില്‍ നിര്‍ണായകസന്ദര്‍ഭങ്ങളില്‍ എല്ലാവരും ഒററയ്ക്കാണ്.എല്ലാവരും നിസ്സഹായരുമാണ്.അനീതിക്കെതിരെ ഉയര്‍ത്താന്‍ ഒരു കൈ പോലും ഇല്ലാത്തവരുടെ നില യഥാര്‍ത്ഥത്തില്‍ അങ്ങേയറ്റം പരിതാപകരമാണ്.അവരുടെ കെട്ടിപ്പൊക്കി വെച്ച സംതൃപ്തഭാവവും ഗൌരവവുമെല്ലാം തികച്ചും പൊള്ളയാണെന്നും യഥാര്‍ത്ഥത്തില്‍ അവര്‍ തീര്‍ത്തും പരിഹാസ്യരാണെന്നും അപൂര്‍വം ചില സന്ദര്‍ഭങ്ങളില്‍ അപ്പാടെ വെളിപ്പെട്ടുപോവും.
'ഒറ്റയ്ക്കയ്യോ!' പോലെ ഇത്രമേല്‍ അര്‍ത്ഥപൂര്‍ണവും ഹൃദയസ്പര്‍ശിയും ധ്വനിസാന്ദ്രവുമായ മറ്റൊരു കാര്‍ട്ടൂണ്‍ അടുത്തൊന്നും മലയാളത്തിലോ ഇംഗ്ളീഷിലോ ഉള്ള ഒരു പത്രത്തിലും കണ്ടിട്ടില്ല.കാര്‍ട്ടൂണ്‍ അതിന്റെ സാധാരണ ധര്‍മത്തിനപ്പുറം കടന്ന് ഒരു ജനതയ്ക്കാകമാനം തങ്ങളെത്തന്നെ വെളിപ്പെടുത്തിക്കൊടുക്കുന്ന വലിയൊരു കലാരചനയായി വളര്‍ന്നതിന് മലയാളത്തില്‍ ഈ മാധ്യമത്തിന്റെ ചരിത്രത്തില്‍ അധികം ഉദാഹരണങ്ങളുണ്ടാവുമെന്നു തോന്നുന്നില്ല..വളരെ ലളിതമായ ഏതാനും വരകളിലൂടെ മലയാളികളുടെ ഇന്നത്തെ മാനസ്സികജീവിതത്തിലെ ഭയാനകമായ ഇല്ലായ്മയെയും ആ ഒഴിവിടത്തില്‍ അവര്‍ കുടിയിരുത്തിയിരിക്കുന്ന ഇരുതലമൂര്‍ച്ചയുള്ള ക്രൌര്യത്തെയും അതിശക്തമായി ആവിഷ്ക്കരിച്ചിരിക്കുന്ന ഈ രചനയാണ് 2011 ഫെബ്രുവരി ആദ്യവാരത്തില്‍ നമ്മുടെ ഭാഷയില്‍ ഉണ്ടായ ഏറ്റവും ശ്രദ്ധേയമായ കവിത.ഈ ആഴ്ചയിലെ ഏറ്റവും ശ്രദ്ധേയമായ കഥയും നാടകവുമെല്ലാം അതുതന്നെ.

(ജനശക്തി വാരിക-2011 ഫെബ്രവരി 19-25)

1 comment:

  1. ഒരു പക്ഷെ ഒരു ജെനറല്‍ കംപാര്ട്ട്മെന്റ് ആയിരുന്നെങ്കില്‍ സൌമ്യയ്ക് സംഭവിച്ച പോലെ ഒരു സംഭവം ഉണ്ടാവില്ലയ്രുന്നു..

    ReplyDelete