Pages

Monday, February 14, 2011

നീലക്കുറുക്കന്‍

എ.ശാന്തകുമാറിന്റെ നീലക്കുറുക്കന്‍ എന്ന ഏകപാത്രനാടകം 2011 ഫെബ്രുവരി 9ാം തിയ്യതി കോഴിക്കോട്ടെ ചാവറാഹാളില്‍ അരങ്ങേറി.ശാന്തകുമാര്‍ തന്നെ സംവിധാനം ചെയ്ത നാടകത്തില്‍ നീലക്കുറുക്കനായി സജീവ്.എന്‍.കെ രംഗത്തെത്തി. പാരീസ് ചന്ദ്രനാണ് നാടകത്തിന് സംഗീതം നല്‍കിയത്.ബാംഗ്ളൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വിസില്‍ തിയറ്ററിന്റെ ആദ്യസംരംഭമാണ് നീലക്കുറുക്കന്‍. ചലച്ചിത്ര സംവിധായകന്‍ രഞ്ചിത് കോഴിക്കോട്ടെ പ്രദര്‍ശനത്തിന്റെ ഉത്ഘാടനം നിര്‍വഹിച്ചു.
നിസ്വവര്‍ഗത്തില്‍ നിന്ന് അധികാരത്തിലെത്തുന്നവര്‍ സമൂഹത്തില്‍ നിന്നു പൂര്‍ണമായും അകന്ന് അധികാരപ്രമത്തതയില്‍ സ്വയം മറന്നുപോവുന്നു,അവര്‍ മുഴുവന്‍ ജനങ്ങളുടെയും സ്വാതന്ത്യ്രം കവര്‍ന്നെടുക്കുന്നു, സ്വന്തം വര്‍ഗത്തിലുള്ളവരെ ശത്രുക്കളായി കണ്ട് നിര്‍ദ്ദാക്ഷിണ്യം ഇല്ലായ്മ ചെയ്യുന്നു എന്നിങ്ങനെ സമകാലികകേരളത്തിന് സുപരിചിതമായ അനുഭവസത്യങ്ങള്‍ വളരെ ലളിതമായും കലാത്മകമായും ആവിഷ്ക്കരിക്കുന്ന ശക്തമായൊരു നാടകമാണ് 'നീലക്കുറുക്കന്‍'.നാടകത്തിലെ കുറുക്കന് താന്‍ സ്വന്തം വര്‍ഗത്തെ തന്നെ കൊന്നുതിന്നുന്നവനായി തീര്‍ന്നിരിക്കുന്നു എന്ന തിരിച്ചറിവുണ്ടാകുന്നുണ്ട്.രാഷ്ട്രീയത്തില്‍ പക്ഷേ അത്തരമൊരു തിരിച്ചറിവിലേക്ക് നേതൃത്വമോ പ്രസ്ഥാനങ്ങളോ എത്തിച്ചേരുന്നതായി കാണുന്നില്ല.
വിസില്‍ തിയറ്ററിന്റെ നാടകാവതരണം ശരാശരിയില്‍ നിന്നും ഉയര്‍ന്നു നില്‍ക്കുന്ന ഒന്നാണ്.കഥാപാത്രവും വേദിയുമായി കാണികള്‍ ശരിയാംവണ്ണം ഇണങ്ങിച്ചേരുന്നതിനുമുമ്പുള്ള വലിച്ചില്‍ ആദ്യത്തെ പത്തുപതിനഞ്ചു മിനുട്ടോളം നീണ്ടു നിന്നു.പിന്നെ ഒരേ പിരിമുറുക്കത്തില്‍ നാടകം മുന്നോട്ടുപോയി.നീലക്കുറുക്കന്‍ താന്‍ തന്നെ കഴുത്ത് കടിച്ചുകീറി കൊന്ന കുഞ്ഞിന്റെ ശവം തന്റെ നെഞ്ചത്ത് ആഞ്ഞാഞ്ഞടിച്ച് വിലപിക്കുന്നിടത്താണ് നാടകം അവസാനിക്കുന്നത്.ഭാവതീവ്രമായി ആ പരകോടി എന്ന് നിസ്സംശയം പറയാം.എങ്കിലും അത് അതിന്റെ എല്ലാ ധ്വനികളിലേക്കും കാണികളെ നയിക്കുന്ന അതിശക്തമായ അനുഭവമായി മാറി എന്ന തോന്നലുണ്ടായില്ല.നാടകകൃതിയുടെ ദൌര്‍ബ്യലമോ നടന്റെ ഭാഗത്തുള്ള വീഴ്ചയോ അല്ല നീലക്കുറുക്കനെ ബാധിച്ചത്.
നാടകത്തിലെ പ്രധാനപ്പെട്ട സംഭാഷണങ്ങളെല്ലാം മലയാളത്തിനു പുറമേ ഇംഗ്ളീഷില്‍ കൂടി അവതരിപ്പിച്ചുകൊണ്ടാണ് നടന്‍ അഭിനയിക്കുന്നത്.ഇത് തനിക്കുണ്ടാക്കുന്ന അധികഭാരം കാണികള്‍ക്ക് ബോധ്യപ്പെടാതിരിക്കാന്‍ മാത്രം മികവ് പുലര്‍ത്തിക്കൊണ്ടു തന്നെയാണ് നടന്‍ തന്റെ ജോലി നിര്‍വഹിച്ചിട്ടുള്ളത്.എങ്കിലും ഈ ഇംഗ്ളീഷ് 'നീലക്കുറുക്കനെ' ചെറുതായൊന്നുമല്ല ദുര്‍ബലമാക്കിയത്.നാടകം നന്നായി അവതരിപ്പിക്കുക എന്നതുപോലെ പ്രധാനപ്പെട്ടതാണ് അതിനെ വിദേശത്തെ കാണികള്‍ക്കു മുന്നില്‍ എത്തിച്ച് വ്യാപാരവിജയം നേടുക എന്നതും എന്ന നിശ്ചയത്തോടെയാണ് വിസില്‍ തിയറ്റര്‍ നീലക്കുറുക്കനെ രംഗത്തെത്തിച്ചിരിക്കുന്നത് എന്ന് വ്യക്തം.അഭിനയം ഒഴികെ സംഗീതം ഉള്‍പ്പെടെയുള്ള മറ്റ് ഘടകങ്ങളെല്ലാം അതിന് പാകത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.കുറുക്കന്‍ വ്യാപരിക്കുന്ന കാടും മേടുമെല്ലാം കേരളത്തിലേതാണ് എന്ന പ്രതീതി ശബ്ദതലത്തില്‍ കൂടി ഉണ്ടാവണം ഈ നാടകം ഇവിടെ അവതരിപ്പിക്കുമ്പോള്‍.എങ്കില്‍ മാത്രമേ അത് നല്‍കുന്ന വൈകാരികഭാവങ്ങള്‍ പൂര്‍ണമായും കാണികളില്‍ എത്തിച്ചേരുകയുള്ളൂ.അങ്ങനെ സംഭവിക്കാതെ പോയതിന് പാശ്ചാത്യശൈലിയില്‍ ഊന്നിയുള്ള സംഗീതം വലിയൊരളവോളം കാരണമായി.
നീലക്കുറുക്കന്റെ ഈ ആദ്യരംഗാവതരണത്തിന് സംഭവിച്ച ഏറ്റവും വലിയ നഷ്ടം കേരള സാഹചര്യത്തില്‍ സമകാലീന രാഷ്ട്രീയാവസ്ഥയുമായി ബന്ധപ്പെടുത്തി അത് സൃഷ്ടിക്കുന്ന ധ്വനികള്‍ വളരെ പതിഞ്ഞ മട്ടിലായി എന്നതാണ്.പകരം അധികാരവുമായി ബന്ധപ്പെട്ടുള്ള ഒരു ശാശ്വതപ്രശ്നം എന്ന മട്ടിലാണ് നീലക്കുറുക്കന്റെ സ്വഭാവപരിണാമം ഇതില്‍ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്.അങ്ങനെ രാഷ്ട്രീയ അധികാരകേന്ദ്രങ്ങളെ സംബന്ധിച്ചിടത്തോളം ഈ നാടകം ഏറെക്കുറെ നിരുപദ്രവമായി.നീലക്കുറുക്കനെ പോലുള്ള ഒരു നാടകം ഒരു 'സുന്ദരകലാസൃഷ്ടി'യാകുന്നതോടെ അതിന്റെ ഉള്ളടക്കത്തിന്റെ സമകാലികതയാണ് തകര്‍ക്കപ്പെടുന്നത്.വിസില്‍ തിയറ്റര്‍ ഈയൊരു നഷ്ടത്തിനു നേരെ തികച്ചും ഉദാസീനമാണെന്ന് അത് സ്വീകരിച്ച അവതരണശൈലി സംശയരഹിതമായി ബോധ്യപ്പെടുത്തി.

No comments:

Post a Comment