Pages

Tuesday, February 22, 2011

നാലാമിടം

സച്ചിദാനന്ദന്‍ എഡിറ്റ് ചെയ്ത ബ്ളോഗ് കവിതകളുടെ സമാഹാരമാണ് 'നാലാമിടം'(ഡി.സി.ബുക്സ,് ഡിസംബര്‍-2010).മലയാളത്തിലെ ആദ്യബ്ളോഗ് കവിതാസമാഹാരം.ബ്ളോഗ് വലിയൊരളവോളം പ്രവാസി എഴുത്തുകാരുടെ,വിശേഷിച്ചും പ്രവാസികളായ കവികളുടെ ഇടമാണ്;അല്ലെങ്കില്‍ അവരുടെ ശബ്ദമാണ് ബ്ളോഗില്‍ ഏറ്റവും വ്യത്യസ്തമായി മുഴങ്ങിക്കേള്‍ക്കുന്നത്.കവികള്‍ സ്വയം പ്രവാസികളല്ലെങ്കില്‍ തന്നെയും സൈബര്‍സ്പെയിസില്‍ നിലകൊള്ളുകയും അച്ചടി മാധ്യമങ്ങളും ഇതിനകം അതിപരിചിതമായിക്കഴിഞ്ഞ ടെലിവിഷനും സൃഷ്ടിക്കുന്ന ഭാവുകത്വത്തെ പല തലങ്ങളില്‍ വെല്ലുവിളിക്കുകയും ചെയ്യുന്ന 'ബ്ളോഗെ'ന്ന രൂപത്തിന് ജന്മനാ തന്നെയുള്ള 'അന്യത്വം' ഭാഗികമായെങ്കിലും അവര്‍ക്കും ഒരു തരം പ്രവാസി മനോഭാവം നല്‍കുന്നുണ്ട്. വൈദേശിക ജീവിതസാഹചര്യങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ മലയാളിസ്വത്വം അനുഭവിക്കുന്ന വിങ്ങലുകള്‍,അത് സ്വയം നിര്‍വഹിക്കുന്ന ചോദ്യം ചെയ്യലുകള്‍,പുനരാലോചനകള്‍ ഇവയുടെയൊക്കെ ഏറ്റവും സൂക്ഷ്മമായ ആവിഷ്ക്കാരങ്ങള്‍ ബ്ളോഗ് കവിതകളിലാണ് കണ്ടിട്ടുള്ളത്. രാജ്യാതിര്‍ത്തികള്‍ ഭേദിച്ച് മൂലധനവും സംസ്കാരവും തൊഴിലവസരങ്ങളും വ്യാപിക്കുന്നതിന്റെ ഫലമായി യാഥാര്‍ത്ഥ്യമായിത്തീരുന്ന പുത്തന്‍ ജീവിതമുഹൂര്‍ത്തങ്ങള്‍ക്കും വൈകാരികാനുഭവങ്ങള്‍ക്കും ഏറ്റവും ആധികാരികമായ ആവിഷ്ക്കാരം നല്‍കാന്‍ മലയാളത്തിന്റേതല്ലാത്ത മണ്ണില്‍ വെച്ച് രൂപം കൊള്ളുന്ന പുതിയ ആഖ്യാനഭാഷയ്ക്കും വാങ്മയചിത്രങ്ങള്‍ക്കുമുള്ള വൈഭവം അനന്യം തന്നെയാണ്. 'നാലാമിട'ത്തില്‍ കുഴൂര്‍ വിത്സന്റെ 'നീ വന്ന നാള്‍' നസീര്‍ കടിക്കാടിന്റെ 'മകള്‍'പ്രഭ സക്കറിയാസിന്റെ 'ദാനിയേല്‍ 13','മീന്‍കറി കോട്ടയം സ്റൈല്‍' എന്നീ കവിതകളിലാണ് ഈ ശേഷി ഏറ്റവും മികച്ച സര്‍ഗാത്മകാനുഭവങ്ങളായി തീര്‍ന്നിരിക്കുന്നത്.
മലയാളിയുടെ അനുഭവലോകത്തിന് അതിന്റെ അടിസ്ഥാനഘടനയില്‍ തന്നെ മാറ്റം വന്നിരിക്കുന്നതു പോലുള്ള പ്രതീതിയാണ് പല ബ്ളോഗ്കവിതകളും നല്‍കുന്നത്.പുതിയ ലോകാവസ്ഥയില്‍ വ്യക്തിഗത വിചാരങ്ങള്‍ പോലും സ്വന്തം നാടിന്റേതല്ലാത്ത ഒരു ഭാവസ്ഥലിയുമായി അപ്പപ്പോള്‍ കണ്ണി ചേര്‍ക്കപ്പെടുന്നുണ്ട്.അങ്ങനെയല്ലാതെ തികച്ചും കേരളീയമായ ഭാവപ്പൊലിമകളോടെ അവതരിക്കുമ്പോള്‍ അവയുടെ വാസ്തവികതയ്ക്ക് വലുതായ ശോഷണം സംഭവിക്കുന്നതായാണ് കാണുന്നത്.കാരണം അത്തരമൊരു ശുദ്ധ കേരളീയത മലയാളിയുടെ മാനസ്സികജീവതത്തില്‍ ഇന്ന് നിലവിലില്ല.ഭൂതകാലസ്മരണകളൊന്നും പൊതുബോധത്തില്‍ സജീവമായി നിലനില്‍ക്കാത്ത സാഹര്യത്തില്‍ പോയ കാലത്തെ കുറിച്ച് പല സ്രോതസ്സുകളില്‍ നിന്ന് സ്വരൂപിക്കുന്ന ധാരണകള്‍ കൊണ്ടു നിര്‍മിച്ചെടുക്കുന്ന മൂശയില്‍ വേണം മലയാളിക്ക് ഒരു സാങ്കല്പിക കേരളീയത രൂപപ്പെടുത്തിയെടുക്കാന്‍.ഈ പ്രക്രിയ തന്നെ അതിന് വലിയ തോതില്‍ ഊര്‍ജനഷ്ടം സംഭവിപ്പിക്കും.അങ്ങനെ മിക്കവാറും ജീവസ്സറ്റ് പുറംതോട് മാത്രമായിത്തീരുന്ന കേരളീയതയിലേക്ക് പുതിയകാല ജീവിതസന്ദര്‍ഭങ്ങളെ ഓജസ്സോടെ പ്രവേശിപ്പിക്കാന്‍ കഴിയില്ല.അതുകൊണ്ടു തന്നെ മുക്കുറ്റിയും മന്ദാരവും തെളിയുന്ന,അല്ലെങ്കില്‍ ഭൂതകാലാഭിരതിയില്‍ നിന്ന് പ്രവഹിക്കുന്ന കണ്ണീരില്‍ നനഞ്ഞു കുതിരുന്ന,അതുമല്ലെങ്കില്‍ തൊഴിലാളിവര്‍ഗരാഷ്ടീയത്തിന് ലാഭചിന്ത അപരിചിതമായിരുന്ന ഒരു കാലത്തിന്റെ സ്മരണയില്‍ ജ്വലിച്ചുയരുന്ന ഒരു കാവ്യാനുഭവവും പുതിയ വായനക്കാരുടെ അനുഭവസത്യങ്ങളുടെ ഭാവഘടനയുമായി ഇണങ്ങുകയില്ല.ഇവയില്‍ ഏതിന്റെയും നേരിയ ഛായകള്‍പോലും കവിതയിലെ അനുഭവത്തെ ദുര്‍ബലവും അതിലേറെ കാലഹരണപ്പെട്ടതമാക്കും.അതേ കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണ് ബ്ളോഗ് കവികളില്‍ വലിയൊരു വിഭാഗവും. 'നാട്ടുനടപ്പുള്ള ഗൃഹാതുരതയ്ക്ക് അണച്ചുപിടിക്കാനാവാത്ത'(വീട്ടിലേക്ക്-സുനീത ടി.വി) മനോവ്യാപാരങ്ങളും നിലപാടുകളുമൊക്കെയാണ് ഈ സമാഹാരത്തിലെ ഏതാണ്ട് എല്ലാ കവിതകളിലും ഏറിയും കുറഞ്ഞും ഉള്ളത്.നാസര്‍ കൂടാളിയുടെ 'തുരുമ്പ്' എന്ന അതിലളിതമായ കവിതയില്‍ 'അയാളെ'യും 'എന്നെ'യും നിനച്ചിരിക്കാതെ വിളക്കിച്ചേര്‍ത്തിരിക്കുന്നതില്‍ പോലുമുണ്ട് ഗൃഹാതരതയ്ക്ക് പുറത്തുള്ള ആ മാറിനില്പിലെ വ്യതിരിക്തതയുടെ ശരിയായ രേഖപ്പെടുത്തല്‍.
ആഗോളീകരണത്തിന്റേതായ പുത്തന്‍ സാഹചര്യത്തില്‍ അനുഭവങ്ങള്‍ക്ക് സംഭവിക്കുന്ന രാസപരിണാമം കഥയുടെയും നോവലിന്റെയും ആഖ്യാനഭാഷയില്‍ വരുത്തിയിരിക്കുന്ന വ്യത്യാസം കവിതയുടേതില്‍ നിന്ന് വളരെയേറെ ഭിന്നമാണ്.അനുഭവങ്ങളെ അല്പം അകന്നുമാറി നിരീക്ഷിക്കുന്നതിന്റെ നിര്‍മമതയാണ് അവിടെ മുന്നിട്ട് നില്‍ക്കുന്നത്.കവിതയിലാകട്ടെ ആഖ്യാനം കൂടുതല്‍ വൈകാരിക ദൃഢതയും ബൌദ്ധിക സൂക്ഷ്മതയും സാന്ദ്രതയും കൈവരിച്ച് അനുഭവത്തോട് കൂടുതല്‍ ഒട്ടിച്ചേര്‍ന്നു നില്‍ക്കുകയാണ് ചെയ്യുന്നത്.ഈയൊരു പ്രത്യേകതയുടെ സുവ്യക്തമായ സാക്ഷ്യപ്പെടുത്തലും 'നാലാമിട'ത്തിലെ കവിതകളില്‍ കാണാം.


മാതൃകാന്വേഷി മാസിക,(ചെന്നൈ).2011 ഫെബ്രവരി

1 comment:

  1. നാലാമിടത്തെക്കുറിച്ച് നല്ലകുറിപ്പ്, ഒന്നുകൂടി ഡീറ്റെയിൽഡാകുമെന്ന് തൂലികാനാമം കണ്ട്പ്പോൾ പ്രതീക്ഷിച്ചിരുന്നു. :(

    ReplyDelete