28
ദര്‍ശനവും ശാസ്ത്രവും ചരിത്രവുമെല്ലാം കവിതയുടെ രൂപത്തില്‍ അവതരിപ്പിക്കുന്ന പഴയകാല രീതി മലയാളിയുടെ പൊതുബോധത്തില്‍ എഴുത്തുകാരുടെ ധര്‍മത്തെ കുറിച്ചുള്ള ചില ധാരണകള്‍ക്ക് ആഴത്തില്‍ വേരോട്ടമുണ്ടാക്കിയിട്ടുണ്ട്.സാഹിത്യത്തിന്റെ മേഖലയില്‍ അംഗീകൃതനാവുന്ന ഏതൊരാളും എല്ലാ സാമൂഹ്യവ്യവഹാരങ്ങളിലും ഇടപെട്ട് അഭിപ്രായം പറഞ്ഞേ പറ്റൂ എന്ന നിലപാട് അതിശക്തമായി നിലനില്‍ക്കുന്ന നാടാണിത്.നവോത്ഥാനകാലം മുതലിങ്ങോട്ട് പൊതുവായ രാഷ്ട്രീയ സാമൂഹ്യപ്രശ്നങ്ങളില്‍ നേരിട്ട് ഇടപെട്ട് ജനങ്ങളുടെ അഭിപ്രായ രൂപീകരണത്തെ നിര്‍ണായകമായി സ്വാധീനിച്ച കവികളുടെയും നാടകകാര•ാരുടെയും മറ്റും ഓര്‍മ നമ്മുടെ സാമൂഹ്യസ്മൃതിയിലെ ഏറ്റവും പ്രകാശപൂര്‍ണമായ ഇടങ്ങളായി ഇന്നും നിലനില്‍ക്കുന്നു എന്നതും അതിനുള്ള കാരണമാണ്.
ഇത് എഴുത്തുകാരെ സംബന്ധിച്ചിടത്തോളം വാസ്തവത്തില്‍ വലിയൊരു വിഷമപ്രശ്നമാണ്. എപ്പോഴും ഏത് കാര്യത്തെ കുറിച്ചും അഭിപ്രായം പറയാന്‍ തയ്യാറായി നില്‍ക്കേണ്ട 'അഭിപ്രായപ്രകടന യന്ത്രം' എന്ന നിലയില്‍ സമൂഹം എഴുത്തുകാരെ കാണുന്നത് കഷ്ടമാണ്.പൊതുജീവിതത്തില്‍ നിത്യേനയെന്നോണം പുതിയ പുതിയ പ്രശ്നങ്ങളും പ്രതിസന്ധികളും ഉണ്ടായിക്കൊണ്ടേയിരിക്കുന്നുണ്ട്.അവയില്‍ ഏതാനും ചിലത് എഴുതുന്ന ആളെ സ്പര്‍ശിക്കുകയും പെട്ടെന്നുള്ള പ്രതികരണത്തിന് പ്രേരിപ്പിക്കുകയും ചെയ്തേക്കാം.തന്നെ വൈകാരികമായോ ബൌദ്ധികമായോ അതിശക്തമായി പിടിച്ചുലക്കുന്ന പ്രശ്നങ്ങളുടെ കാര്യത്തില്‍ മാത്രമേ അത് സംഭവിക്കൂ.അതും തന്റെ പ്രതികരണം കൊണ്ട് എന്തെങ്കിലും ഒരനുകൂലഫലം ഉണ്ടാവും എന്ന തോന്നലിന്റെ പിന്തുണ കൂടി ഉണ്ടെങ്കില്‍ മാത്രം.അങ്ങനെ അല്ലാതുള്ള സംഭവങ്ങളും പ്രശ്നങ്ങളും അയാളുടെ മനസ്സിന്റെ ഏതെങ്കിലും കോണില്‍ ആഴത്തിലോ അല്ലാതെയോ മുദ്രിതമായി എഴുത്തിലെ അനുകൂലസന്ദര്‍ഭത്തെ കാത്ത് ശൈത്യകാല നിദ്രയിലെന്ന പോലെ കിടക്കുകയേ ഉള്ളൂ.പിന്നീടെപ്പോഴെങ്കിലും എഴുത്തില്‍ അത് പ്രത്യക്ഷപ്പെടുമ്പോഴേക്കും എഴുതുന്ന ആള്‍ക്കു തന്നെ തിരിച്ചറിയാനാവാത്ത വിധത്തില്‍ അതിന് ജൈവപരിണാമം സംഭവിക്കുകയും ചെയ്യും.
എഴുതുന്നതിനു പുറമേ സാഹിത്യവുമായി ബന്ധപ്പെടുന്ന കാര്യങ്ങളെ കുറിച്ച് തരക്കേടില്ലാത്ത രീതിയില്‍ പ്രസംഗിക്കാന്‍ കൂടി പറ്റുന്ന ആള്‍ എന്ന നിലക്ക് വടക്കന്‍ കേരളത്തിലെ ചില ഭാഗങ്ങളില്‍ എനിക്ക് സമ്മതിയുണ്ട്.ഈയൊരു കാര്യം കൊണ്ടും പ്രസംഗകരുടെ എണ്ണം വളരെ കുറവായതുകൊണ്ടും ആഴ്ചയില്‍ ഒരിക്കലെങ്കിലും എനിക്ക് പ്രസംഗത്തിനുള്ള ക്ഷണവും നിര്‍ബന്ധവും ഉണ്ടാവും.ആകാവുന്നിടത്തോളം ഒഴിഞ്ഞുമാറുകയാണ് പതിവ്.ഞാന്‍ നടത്തുന്ന ഒരു പ്രസംഗം എന്നില്‍ ഉണ്ടാക്കുന്ന വിപരീതഫലത്തിന്റെ അളവ് പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്ര വലുതാണ്.പൊതുവേദിയിലെ വാക്കുകളുടെ വിനിയോഗം ആത്മാവിനെ അസഹ്യമാം വിധം ശൂന്യമാക്കിക്കളയും.അങ്ങനെയാണെങ്കില്‍ ഈ പണി പാടേ നിര്‍ത്തിക്കൂടേ എന്ന് ചോദിക്കാം.ഏത് രൂപത്തിലായാലും ഞാന്‍ എനിക്ക് ചുറ്റിലുമുള്ളവരോട് സംസാരിച്ചുകൊണ്ടേയിരിക്കാന്‍ ആഗ്രഹിക്കുന്നു എന്ന സത്യം മറുവശത്തുണ്ട്.ഈ അച്ചടക്കമില്ലായ്മ എന്റെ എഴുത്ത്ജീവിതത്തിന് വരുത്തിയ നഷ്ടത്തിന്റെ വലിപ്പം എനിക്കേ അറിയൂ.കഥ.കവിത,നോവല്‍,നാടകം എന്നിങ്ങനെ എനിക്ക് വ്യവഹരിക്കാന്‍ പറ്റുന്ന ഇടങ്ങള്‍ക്ക് പുറത്തേക്ക് വാക്കുകളിലൂടെ സഞ്ചരിക്കില്ല എന്നൊരു തീരുമാനമെടുത്താല്‍ ഞാന്‍ എത്രയോ നന്നാവും.മനസ്സുകൊണ്ടും വാക്കുകൊണ്ടും കര്‍മം കൊണ്ടും നന്നാവാനുള്ള സാധ്യത ഒരാളുടെ മുന്നില്‍ മരണം വരെയും ഉണ്ട്.
29
വമ്പിച്ച സാമ്പത്തിക നേട്ടമുണ്ടാവണമെന്നോ വലിയ നിലയിലിത്തെണമെന്നോ വലിയ ആളായിത്തീരണമെന്നോ ലോകം തന്നെ കൊണ്ടാടണമെന്നോ ഒന്നും ആഗ്രഹിച്ചില്ല ഒരാള്‍ സര്‍ഗാത്മകാവിഷ്ക്കാരങ്ങള്‍ക്ക് തുന്നിയുന്നത്.അത്തരം ആഗ്രഹങ്ങളില്‍ ചിലത് പശ്ചാത്തലത്തില്‍ ഉണ്ടാവാം.പക്ഷേ,അവയെയെല്ലാം കവിഞ്ഞു നില്‍ക്കുന്നതും വിവരിക്കാന്‍ എളുപ്പമല്ലാത്തതുമായ ഒരു ചോദനയുടെ സമ്മര്‍ദ്ദമാണ് ഒരാളെ കഥയെഴുത്തിലേക്കോ ചിത്രം വരയിലേക്കോ ഒക്കെ തള്ളിവിടുന്നത്.അതിനപ്പുറത്ത് കണ്ടെത്തപ്പെടുന്ന ഏത് കാരണവും വളരെ ഭാഗികമായേ ശരിയാവൂ. സര്‍ഗചോദനയുടെ മുഖ്യഘടകം പലരെ സംബന്ധിച്ചിടത്തോളവും കടുത്ത ആത്മാനുരാഗം തന്നെയാണെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്.'ഞാന്‍,ഞാന്‍' എന്ന അഹങ്കാരത്തിന്റെ മുഴക്കം അവരെഴുതുന്ന എന്തിലും ഏതിലും എനിക്ക് കേള്‍ക്കാന്‍ കഴിയാറുണ്ട്.ആദ്യമൊക്കെ ആ തിരിച്ചറിവിന്റെ ഫലമായി അവരുടെ രചനകളോട് ഏറിയും കുറഞ്ഞു വെറുപ്പും പുച്ഛവുമൊക്കെ തോന്നുകയും ചെയ്തിരുന്നു.ഇപ്പോള്‍ അത്തരം വികാരങ്ങള്‍ എന്നെ ബാധിക്കാറേ ഇല്ല.കാരണം ആ ആത്മാനുരാഗമില്ലെങ്കില്‍ അവരുടെ എഴുത്ത് തന്നെ ഉണ്ടാവില്ല എന്നും എന്നിലും അത് അല്പം വ്യത്യസ്തമായൊരു ചേരുവയില്‍ പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നുണ്ട് എന്നും ഇന്നു ഞാന്‍ മനസ്സിലാക്കുന്നു.
30
ഒന്നിലധികം കാര്യങ്ങള്‍ ഒരേ സമയം ചെയ്യാന്‍ പുറപ്പെടുന്നയാള്‍ക്ക് ഒന്നും നന്നായി ചെയ്യാനാവില്ല എന്നാണ് പൊതുവേ പറഞ്ഞുവരുന്നത്.'കുയിച്ചെടുത്ത് തന്നെ കുയിക്കാണ്ട് വെള്ളം കാണൂല്ല കുഞ്ഞിരാമാ' എന്ന പഴയ പറച്ചിലില്‍ തീര്‍ച്ചയായും വാസ്തവമുണ്ട്.പക്ഷേ,എഴുത്തിന്റ ലോകത്ത് സംഗതി കുറേ വ്യത്യസ്തമാണ്.ഇവിടെ ഏതെങ്കിലും ഒരു രൂപത്തില്‍ മാത്രമായി ഉറച്ചുനില്‍ക്കുക എന്നത് അസാധ്യം തന്നെയാണെന്നാണ് സ്വന്തം അനുഭവത്തില്‍ നിന്നും ലോകമെമ്പാടുമുള്ള വലിയവരും ചെറിയവരുമായ അനേകായിരം എഴുത്തുകാരുടെ സര്‍ഗാത്മകജീവിതത്തെ കുറിച്ചുള്ള അറിവില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്.എഴുതാനുള്ള സംഗതി ഉള്ളില്‍ വന്നു വീഴുന്ന നിമിഷത്തില്‍ തന്നെ അതിന് ഇണങ്ങുന്ന രൂപത്തെ കുറിച്ചുള്ള തോന്നലും ഉരുവപ്പെട്ടു കഴിയും.ചെറുപ്രായം മുതലേ ഉള്ള ശീലം കൊണ്ട് ചിലരുടെ ഉള്ളില്‍ എന്തും ഒരേയൊരു സാഹിത്യരൂപത്തില്‍ മാത്രം വാര്‍ന്നുവീഴാം.ആ ഒരു തടസ്സമില്ലാത്തവരെ സംബന്ധിച്ചിടത്തോളം ചിലത് കവിതയായെഴുതണമെന്നും മറ്റ് ചിലത് കഥയായെഴുതണമെന്നും വേറെ ചിലത് നാടകമായെഴുതണമെന്നുമൊക്കെ തോന്നുന്നതാണ് സ്വാഭാവികം.അത്തരത്തിലുള്ള തോന്നലുകളെ സാഹിത്യമേഖലയില്‍ നിലവിലുള്ള ചില ശാഠ്യങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും പേരില്‍ അടിച്ചമര്‍ത്താന്‍ തുനിയുന്നത് പമ്പരവിഡ്ഡിത്തമാണ്.ഇനി മറ്റൊരു കാര്യം-നോവല്‍ നന്നായി എഴുതണമെന്നു കരുതി കഥയെഴുതാനുള്ള പ്രേരണയേയോ കഥ നന്നായി എഴുതണമെന്നു കരുതി ഒരു പുസ്തകത്തെ കുറിച്ചെഴുതാനുള്ള പ്രേരണയേയോ ഒരാള്‍ക്ക് തടഞ്ഞു നിര്‍ത്താനാവില്ല.ആ മട്ടില്‍ നിയന്ത്രണമേര്‍പ്പെടുത്താവുന്നത്ര ദുര്‍ബലമായല്ല എഴുത്തിനുള്ള പ്രേരണ ഏത് എഴുത്തുകാരനിലും/എഴുത്തുകാരിയിലും പ്രവര്‍ത്തിക്കുന്നത്.
31
ഇനി ഒരു കല്‍ക്കത്താ കുറിപ്പ്
2007 സെപ്റ്റംബര്‍ 22
കല്‍ക്കത്തയിലെ ബെഹാല എന്ന സ്ഥലത്തെ പുരോഗമന കലാസാഹിത്യസംഘം സംഘടിപ്പിച്ച
സമ്മേളനം.ഞാനും സി.ആര്‍.ഓമനക്കുട്ടനുമായിരുന്നു മുഖ്യപ്രസംഗകര്‍.രണ്ട് ദിവസം മുമ്പാണ് ഞാന്‍ കുടുംബസമേതം കല്‍ക്കത്തയിലെത്തിയത്.ഹൌറ റെയില്‍വെ സ്റേഷനില്‍ വണ്ടിയിറങ്ങുമ്പോള്‍ രവി പാലൂര്‍ എന്ന സുഹൃത്തിന്റെ കോളേജ് വിദ്യാര്‍ത്ഥിയായ മകന്‍ ഞങ്ങളെയും കാത്ത് പ്ളാറ്റ്ഫോമിലുണ്ടായിരുന്നു.നേരത്തേ ഫോണിലൂടെ മാത്രം പരിചയപ്പെട്ടിരുന്ന രവിയാണ് ഞങ്ങള്‍ കല്‍ക്കത്തയിലുണ്ടായിരുന്ന ദിവസങ്ങളില്‍ ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തു തന്നത്.ലെയ്ക്ക് മാര്‍ക്കറ്റിലെ പാര്‍ക്ക്സൈഡ് റോഡില്‍ താരാമഹല്‍ എന്ന ഇടത്തരം ഹോട്ടലില്‍ മുറി ബുക് ചെയ്ത് വെച്ചതും രവി തന്നെയായിരുന്നു.അതിന് അടുത്തു തന്നെയായിരുന്നു അദ്ദേഹം നടത്തുന്ന കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ ബ്രാഞ്ച്.തലശ്ശേരിക്കടുത്ത് എരഞ്ഞോളിക്കാരനായ രമേഷ് നാരായണന്റെതാണ് പ്രസിദ്ധമായ താരാമഹല്‍ ഹോട്ടല്‍.കേരളത്തില്‍ നിന്ന് കല്‍ക്കത്തയിലെത്തുന്ന സഞ്ചാരികളുടെയും സിനിമാതാരങ്ങളുടെയും പ്രധാനതാവളമാണിത്.വാസ്തുഹാരയുടെ ഷൂട്ടിംഗിന് വന്നപ്പോള്‍ മോഹന്‍ലാലും മറ്റും ഇവിടെയാണ് താമസിച്ചിരുന്നതെന്ന് മലയാളിയായ റിസപ്ഷനിസ്റ് ജയപാലന്‍ പറഞ്ഞു.
കല്‍ക്കത്തയിലെത്തിയതിന്റെ പിറ്റേന്നാണ് വളരെ യാദൃച്ഛികമായി ഓമനക്കുട്ടനെ കണ്ടുമുട്ടിയത്.വെറുതെ ഒരു ചുറ്റിനടപ്പിന് ഭാര്യാസമേതനായി കല്‍ക്കത്തയിലെത്തിയതായിരുന്നു അദ്ദേഹം.(ആശാന്റെ കല്‍ക്കത്താജീവിതം വിഷയമാക്കിയ 'കുമാരു' എന്ന നോവലിനു വേണ്ട വിവരങ്ങള്‍ പുറമെ വളരെ അലസമായി തോന്നിയ ഈ സഞ്ചാരത്തിനിടയിലും ചങ്ങാതി സംഘടിപ്പിക്കുന്നുണ്ടായിരുന്നു എന്ന് പിന്നീടാണ് മനസ്സിലായത്.)അവിചാരിതമായ കണ്ടുമുട്ടല്‍ ഞങ്ങളെ ശരിക്കും ഹരം പിടിപ്പിച്ചു.അടുത്ത ദിവസം ബഹാലയിലേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടുപോയ മലയാളിസുഹൃത്തുക്കളും നിനച്ചിരിക്കാതെ രണ്ട് സാഹിത്യകാര•ാരെ വീണുകിട്ടിയതിന്റെ ഹരത്തിലായിരുന്നു.എഴുത്തുകാരാണ് എന്നതിലപ്പുറം ഞങ്ങളെ കുറിച്ച് അവര്‍ക്ക് ഒന്നും അറിയില്ലായിരുന്നു.സ്വാഗതപ്രസംഗകന്‍ എന്നെ കുറിച്ചുള്ള വിവരങ്ങള്‍ ഓമനക്കുട്ടനോടും ഓമനക്കുട്ടനെ കുറിച്ചുള്ള വിവരങ്ങള്‍ എന്നോടും ചോദിച്ചറിഞ്ഞ് കുറിപ്പെടുത്താണ് ശ്രമകരമായ തന്റെ ജോലി നിര്‍വഹിച്ചത്.
പത്തുനാല്പത് വര്‍ഷം മുമ്പ് വടക്കന്‍ കേരളത്തിലെ ഏതെങ്കിലുമൊരു ഗ്രാമത്തിലെ എല്‍.പി.സ്കൂളില്‍ ഒഴിവുദിവസം നോക്കി നാട്ടിലെ സാഹിത്യപ്രണയികള്‍ സംഘടിപ്പിച്ചിരിക്കാവുന്ന സമ്മേളനത്തിന്റെ പ്രതീതിയാണ് ബഹാലയിലെ സദസ്സ് കണ്ടപ്പോള്‍ ഉണ്ടായത്.അത്തരമൊരു കൂടിച്ചേരലില്‍ ഉണ്ടാകാനിടയില്ലാത്ത അത്രയും സ്ത്രീകളും കൂട്ടികളും ബഹാലയില്‍ ഉണ്ടായിരുന്നു എന്നതു മാത്രമാണ് പറയത്തക്ക വ്യതാസം.
അന്തരീക്ഷം മൂടിക്കെട്ടിയിരുന്നതുകൊണ്ടു കൂടിയാകാം ഒട്ടും ഉ•ഷവാനായിരുന്നില്ല ഞാന്‍.അതുകൊണ്ടു തന്നെ എന്റെ പ്രസംഗം സാമാന്യത്തിലധികം ബോറായിരുന്നു.ഓമനക്കുട്ടന്‍ സദസ്സിനെ ശരിക്കും രസിപ്പിച്ചു.കമ്പോടുകമ്പ് ഫലിതം.ബഹാലയിലെ മലയാളികുടുംബങ്ങള്‍ കുഞ്ഞുകുട്ടികളടക്കം ചിരിച്ചു മറിഞ്ഞു.ബാംഗ്ളൂരിലെയും മുംബെയിലെയും ഭോപ്പാലിലെയുമെല്ലാം ചില മലയാളിക്കൂട്ടായ്മകളെ ഞാന്‍ നേരത്തെപരിചയപ്പെട്ടിട്ടുണ്ട്.അവരില്‍ നിന്നെല്ലാം വ്യത്യസ്തമായി ബഹാലയിലെ സമ്മേളന സ്ഥലത്തു കണ്ട മലയാളികള്‍ അവരുടെ വേഷവും സംസാരവും മറ്റ് പെരുമാറ്റരീതികളെല്ലാം കൊണ്ട് എന്റെ കുട്ടിക്കാലത്തെ ഒരു ഗ്രാമീണ സദസ്സിനെ ശരിക്കും ഓര്‍മിപ്പിച്ചു.കല്‍ക്കത്താ നഗരത്തിനും ബംഗാളിന് ആകെത്തന്നെയും ഈയൊരു കാലപ്പഴക്കമുണ്ട്.
പതിനായിരക്കണക്കിന് ആളുകളും വാഹനങ്ങളും തിക്കിത്തിരക്കുന്ന തെരുവുകളാണ് എന്റെ സങ്കല്പത്തിലെ കല്‍ക്കത്തയ്ക്ക് ഉണ്ടായിരുന്നത്.പക്ഷേ,ഞാന്‍ നേരില്‍ക്കണ്ട കല്‍ക്കത്തയില്‍ ഹൌറാപാലത്തിനു മുകളിലും സിയാല്‍ദാ സ്റേഷന്റെ പ്ളാറ്റ്ഫോമിലും സാല്‍ക്കിയാഭാഗത്തും മാത്രമാണ് യഥാര്‍ത്ഥമായ തിരക്ക് കണ്ടത്.ലെയ്ക്ക് മാര്‍ക്കറ്റിലും ഞാന്‍ ചുറ്റി നടന്ന മറ്റ് സ്ഥലങ്ങളിലുമെല്ലാം അല്പവും ഭയമോ അപരിചിതത്വമോ അനുഭവപ്പെടുത്താത്ത ഒരു തരം ശാന്തതയാണ് ഉണ്ടായിരുന്നത്.പാര്‍ക്സൈഡില്‍ ഇഷ്ടം പോലെ കാണാമായിരുന്ന പട്ടികളുടെ മുഖത്തുപോലും 'പേടിക്കേണ്ട,ഇവിടെ നമുക്കെല്ലാം സുഖദു:ഖങ്ങള്‍ പങ്കുവെച്ച് ഒന്നിച്ചുകഴിയാം' എന്നൊരു ഭാവമായിരുന്നു.
(പ്ളാവില മാസിക,മാര്‍ച്ച് 2011)
nandi mashe
ReplyDelete