Pages

Thursday, March 31, 2011

നിര്‍ലക്ഷ്യം,നീതിപൂര്‍വം

ഗോര്‍ഗ് ലൂയീസ് ബോര്‍ഹസിന്റ 'നീതിമാന്മാര്‍' എന്ന കവിതയില്‍ (ഇംഗ്ളീഷ് പരിഭാഷ:അലസ്റര്‍ റെയ്ഡ്) ഈ ലോകത്തെ സ്വയമറിയാതെ സംരക്ഷിച്ചു നിലനിര്‍ത്തുന്ന പല തരം മനുഷ്യരെ കുറിച്ച് പറയുന്നുണ്ട്.ഒരു പദത്തിന്റെ നിരുക്തിയെ പിന്‍തുടര്‍ന്നുപോകുന്നതില്‍ ആനന്ദം കണ്ടെത്തുന്നയാള്‍,താന്‍ ഉണ്ടാക്കാന്‍ പോവുന്ന പാത്രത്തിന്റെ രൂപത്തെയും നിറത്തെയും ധ്യാനിച്ചുകൊണ്ടിരിക്കുന്നയാള്‍,ഉറങ്ങുന്ന ഒരു മൃഗത്തെ തലോടിക്കൊണ്ടിരിക്കുന്നയാള്‍ അവരൊക്കെ അക്കൂട്ടത്തിലുണ്ട്.ഇമ്മട്ടിലുള്ള പ്രവൃത്തികള്‍ അസാധാരണമല്ലെങ്കിലും യഥാര്‍ത്ഥത്തില്‍ അവയ്ക്ക് ചില അസാധാരണത്വങ്ങള്‍ ഉണ്ട്.ആ പ്രവൃത്തികള്‍ ചെയ്യുന്നവര്‍ ആരും തന്നെ തങ്ങളുടെ സുഖത്തെയോ സല്‍പ്പേരിനെയോ ലാഭത്തെയോ ലക്ഷ്യം വെക്കുന്നില്ല;ലോകം തങ്ങളെ ശ്രദ്ധിക്കണമെന്നോ കൊണ്ടാടണമെന്നോ ആഗ്രഹിക്കുന്നില്ല.അവര്‍ അനുഭവിക്കുന്നത് ആത്മാവിന്റെ ചോദനകളെ പിന്‍പറ്റുന്നതിന്റെ ആനന്ദം മാത്രമാണ്.അതും അബോധമായി മാത്രം.
നിര്‍ലക്ഷ്യമെന്ന് പറയാവുന്ന അനേകം കര്‍മങ്ങള്‍ ഈ ലോകത്ത് നിശ്ശബ്ദമായി നിര്‍വഹിക്കപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്.ആരില്‍ നിന്നും പ്രത്യേകിച്ചൊരു പരിഗണനയോ പ്രതിഫലമോ ലഭിക്കാതെ ചെയ്യപ്പെടുന്ന അത്തരം പ്രവൃത്തികളുടെ നിലനില്‍പ് പൂര്‍ണമായും അസാധ്യമായിത്തീരുന്ന ഒരു ലോകത്ത് എല്ലാവരുടെ ജീവിതവും അസംബന്ധമായിമാറും.അവനവന്റെ ഭദ്രമായ നിലനില്പും അന്തമറ്റ ഭൌതികസുഖങ്ങളും പണവും പ്രശസ്തിയുമൊന്നും ലക്ഷ്യമാക്കിയല്ലാതെയുള്ള പ്രവൃത്തികള്‍ മനുഷ്യസാധ്യമാണ് എന്ന് അംഗീകരിക്കാന്‍ കൂടി ഒരുക്കമല്ലാത്തവര്‍ പോലും അത്തരം പ്രവൃത്തികളില്‍ നിന്ന് ലോകത്തിന് പൊതുവായി ലഭിക്കുന്ന ആനന്ദത്തില്‍ പങ്കുപറ്റുന്നുണ്ട്.
ലോകത്തെ സംരക്ഷിച്ചുനിര്‍ത്തുന്ന നീതിമാന്മാരുടെ കൂട്ടത്തില്‍ തന്നോട് ചെയ്യപ്പെട്ട തെറ്റിന് ന്യായീകരണം കണ്ടെത്തുകയോ അതിനുവേണ്ടി ആഗ്രഹിക്കുകയോ ചെയ്യുന്ന മനുഷ്യനെയും മറ്റുള്ളവരുടെ നിലപാട് തന്റേതിനേക്കാള്‍ ശരിയായിക്കാണാന്‍ ആഗ്രഹിക്കുന്ന മനുഷ്യനെയും ബോര്‍ഹസ് ഉള്‍പ്പെടുത്തുന്നുണ്ട്.അത്തരക്കാര്‍ തീര്‍ച്ചയായും മഹാത്മാഗാന്ധിയെ പോലെ അപൂര്‍വത്തില്‍ അപൂര്‍വമായിരിക്കും.ആ ഉയരത്തിലൊന്നും എത്തിച്ചേരാതെ ആദ്യം പറഞ്ഞവരുടെ കൂട്ടത്തിലെങ്കിലും ഉള്‍പ്പെടാന്‍ വളരെയേറെപ്പേര്‍ക്ക് കഴിയേണ്ടതാണ്.അതും സാധ്യമാവാത്തവരുടെ എണ്ണം കവികള്‍ക്കും കലാകാരന്മാര്‍ക്കും ഇടയില്‍പ്പോലും പെരുകിപ്പെരുകിപ്പെരുകി വരുന്നു എന്നതാണ് വാസ്തവം.അവനവനില്‍ മാത്രം ഊന്നിയുള്ള എഴുത്തിന്റെയും വായനയുടെയും കലാസ്വാദനത്തിന്റെയും ഉരുക്കുകൂട്ടിലേക്ക് സര്‍ഗാത്മകതയുടെ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെയും ഉന്തിത്തള്ളി എത്തിക്കുന്നിടത്തേക്ക് നമ്മുടെ പൊതുജീവിതബോധം ചെറുതായിച്ചെറുതായി വരികയാണ്. കലയുടെയും സാഹിത്യത്തിന്റെയും നിര്‍മാണത്തില്‍ സംഭവിക്കുന്ന പെരുപ്പത്തിന് അതിന്റെ സാമൂഹികതയുമായി സാധ്യമാവുന്ന അനുപാതം ഭയാനകമാം വിധം ലഘുവായിപ്പോവുന്നത് അതുകൊണ്ടാണ്.
താന്‍ ചെറുതായിപ്പോയാലും സാരമില്ല എന്ന ബോധ്യത്തോടെ, തന്റെ ഭാഷയില്‍ തന്നോടൊപ്പം ജീവിക്കുന്ന ഒരാള്‍ എഴുതിയതും തനിക്ക് യഥാര്‍ത്ഥത്തില്‍ ഇഷ്ടം തോന്നിയതുമായ ഒരു കൃതിയെക്കുറിച്ച് നാലുപേരുടെ മുന്നില്‍ ഉള്ള് തുറക്കാന്‍ കഴിയുന്ന എഴുത്തുകാരന്/എഴുത്തുകാരിക്ക് മാത്രമേ ബോര്‍ഹസ് പറയുന്ന നീതിമാന്മാരുടെ കൂട്ടത്തിലേക്ക് ഉയരാനാവുകയുള്ളൂ.ഒരു പൂര്‍വനിശ്ചിത ലക്ഷ്യമായിത്തീരുന്നതോടെ ആ ഉയര്‍ച്ചയും ഉയര്‍ച്ചയല്ലാതാവും.പ്രത്യേകിച്ച് ഒന്നും ലക്ഷ്യമാക്കാതെ, ഈ ലോകത്ത് സംഗീതം നിലനില്‍ക്കുന്നുവെന്നതില്‍ എന്തിനെന്നില്ലാതെ സംതൃപതിയും ആരോടെന്നില്ലാതെ നന്ദിയും ഉള്ളവനായിരിക്കുന്ന ഒരാളെപോലെ,കൃഷി നല്‍കുന്ന ആനന്ദത്തിന് അതില്‍ നിന്നുള്ള വരുമാനത്തേക്കാള്‍ പരിഗണന നല്‍കി നട്ടുനനക്കുന്ന പഴയ ഗ്രാമീണകര്‍ഷകനെപ്പോലെ,കവികള്‍ക്കും കലാകാരന്മാര്‍ക്കും അവരുടെ സഹജീവികളുടെ പ്രവൃത്തികളെ സമീപിക്കാന്‍ കഴിയേണ്ടതാണ്.അവരുടെ അധ്വാനത്തെയും ജീവിതാന്വേഷണങ്ങളെയും,അവ സത്യസന്ധമാണെന്നും സര്‍ഗാത്മകമായ ഒരു മുന്നോട്ട് പോക്കാണെന്നും സ്വയം ബോധ്യമായിക്കഴിഞ്ഞാലെങ്കിലും കൊണ്ടാടാന്‍കഴിയേണ്ടതുമാണ്.

1 comment:

  1. പലപ്പോഴും തോന്നിയിട്ടുള്ളത്. പക്ഷെ മനോവ്യാപരങ്ങളുടെ സൂക്ഷ്മമായ പിന്തുടരലുകള്‍ ശീലമാക്കിയവര്‍ക്ക്, നന്നെന്നു തോന്നിയ എഴുത്തിന്റെയും പിന്നാമ്പുറങ്ങള്‍ ഊഹിക്കാന്‍ കഴിയുന്നുണ്ടാവണം. അപ്പോള്‍ ഇതെല്ലാം ഞാന്‍ എത്ര മുമ്പേ പറഞ്ഞിട്ടുള്ളതാണ് എന്ന പൊങ്ങച്ചം ഭാരലേശമില്ലാതെ എടുത്തണിയാം.

    ReplyDelete