Pages

Thursday, March 22, 2012

ആത്മാവിന്റെ സ്വന്തം നാട്ടില്‍നിന്ന്

48
തികച്ചും വ്യക്തിഗതമായ അനുഭവങ്ങളും ഓര്‍മകളും കുറിച്ചിടുന്നതില്‍ മുമ്പൊക്കെ വലിയ അളവില്‍ ലജ്ജയോ ആത്മനിന്ദയോ ഒക്കെ അനുഭവപ്പെട്ടിരുന്നു.അനുഭവമെഴുത്ത് മലയാളത്തിലെ പൊതുസമ്മതമായ എഴുത്ത് വിഭാഗമായി തീര്‍ന്നതുകൊണ്ടു കൂടിയാകാം ചിലപ്പോഴൊക്കെ ഞാനും ആ വഴിക്ക് തിരിഞ്ഞത്. ഇപ്പോഴിതാ വീണ്ടും ഞാന്‍ പഴയ മാനസികാവസ്ഥയില്‍ തന്നെ എത്തിച്ചേര്‍ന്നിരിക്കുന്നു.പക്ഷേ ഈ പരമ്പരയ്ക്കു നല്‍കിയിരിക്കുന്ന ശീര്‍ഷകത്തിനു ചുവടെയിരുന്നുകൊണ്ട് അവനവനെ മാറ്റിവെച്ച് അത്രയധികമൊന്നും എഴുതാനാവില്ല.അതിന്റെ വിമ്മിട്ടം ഈയിടെയായി വല്ലാതെ അനുഭവപ്പെട്ടുതുടങ്ങിയിരിക്കുന്നു.
യാഥാര്‍ത്ഥ്യത്തിനും യുക്തിക്കും വലിയ അളവില്‍ ഊന്നല്‍ നല്‍കുന്ന എഴുത്തു രീതിയുമായാണ് കുട്ടിക്കാലത്ത് ഞാന്‍ അധികവും പരിചയിച്ചത്.അല്ലെങ്കില്‍ തന്നെ കുട്ടിക്കാലത്ത് ഏത് അത്ഭുത കഥയിലെ എത്ര വിചിത്രമായ സംഭവത്തെയും  യാഥാര്‍ത്ഥ്യമെന്ന മട്ടിലാണല്ലോ ആരും സ്വീകരിക്കുക.അല്പം മുതിര്‍ന്നു കഴിയുമ്പോഴാണ് എഴുത്തിലെ സത്യം മുഖ്യപരിഗണനയായി വരുന്നത്.സത്യം എന്നത് സമൂഹം സത്യവും സുന്ദരവുമായി അംഗീകരിച്ചിരിക്കുന്നവ അല്ലെന്നും അതിന്റെ മറുപുറത്ത് വിചിത്രവും പലപ്പോഴും വിരൂപമായ ഒരുപാട് യാഥാര്‍ത്ഥ്യങ്ങളുണ്ടെന്നുമുള്ള ബോധ്യം ഉള്ളിലുറക്കുന്നതിന് മാര്‍ക്സിയന്‍ സൌന്ദര്യദര്‍ശനവും പുരോഗമന സാഹിത്യവുമായി ചെറുപ്രായത്തില്‍ തന്നെ കൈവന്ന പരിചയം കാരണമായിട്ടുണ്ട്.ആ പരിചയം വലിയ അളവിലുള്ള പഠനഗവേഷണങ്ങളിലേക്കൊന്നും എന്നെ കൊണ്ടുപോയില്ലെങ്കിലും  സാഹിത്യത്തിന്റെ സാമൂഹികതയെ കുറിച്ചുള്ള ധാരണകള്‍ക്ക് ഉള്ളിന്റെയുള്ളില്‍ ആഴത്തില്‍ വേരോട്ടമുണ്ടാക്കാന്‍ അതിന് സാധിച്ചിരുന്നു.എന്നാല്‍ യാഥാര്‍ത്ഥ്യങ്ങളെ എഴുത്തിലേക്ക് കൊണ്ടുവരുമ്പോള്‍ യഥാതഥ വിവരണത്തിന്റെ രീതി മിക്കപ്പോഴും വല്ലാതെ അപര്യാപ്തമാവുന്നുണ്ടെന്ന് അനുഭവത്തില്‍ നിന്ന് വളരെ വേഗം ഞാന്‍ തിരിച്ചറിഞ്ഞു.അപ്പോഴും തികഞ്ഞ അയുക്തികതയിലേക്കും അസംബന്ധത്തിലേക്കും വഴിമാറുന്നതില്‍ നിന്ന് എന്നെ ഞാന്‍ തന്നെ വിലക്കിക്കൊണ്ടിരുന്നു.എന്നിട്ടും യുക്തിയെയും യാഥാര്‍ത്ഥ്യത്തെയും കവിഞ്ഞു നില്‍ക്കും വിധം സ്വപ്നങ്ങളും ഭ്രമകല്പനകളും അനിയന്ത്രിതമായ വിചാരങ്ങളും എന്റെ കഥകളിലും കവിതകളിലും നാടകത്തിലുമെല്ലാം കടന്നുവന്നുകൊണ്ടേയിരുന്നു.എന്റെ എഴുത്തിനെ കൃത്യമായി പിന്തുടര്‍ന്നുകൊണ്ടിരുന്ന വായനക്കാരില്‍ ബഹുഭൂരിപക്ഷവും അത്തരത്തിലുള്ള അംശങ്ങളെയാണ് കൂടുതല്‍ ഇഷ്ടപ്പെട്ടതെന്ന് അവരില്‍ പലരുമായുള്ള ആശയവിനിമയത്തില്‍ നിന്ന് വ്യക്തമായി ബോധ്യപ്പെട്ടിട്ടുണ്ട്.
ഇത്രയും നാള്‍ ഒട്ടൊക്കെ അബോധമായിത്തന്നെയാണ് എന്റെ എഴുത്ത് സാമാന്യയുക്തിയുടെ അതിരുകള്‍ ലംഘിച്ച് മുന്നോട്ടുപോയത്.ഇപ്പോഴാണെങ്കില്‍ എഴുത്തിനെ കുറിച്ചുള്ള എന്റെ ധാരണ തന്നെ അത്തരം ലംഘനങ്ങള്‍ക്ക് തികച്ചും അനുകൂലമായിത്തീര്‍ന്നിരിക്കുന്നു.ഒരു കേവല റിയലിസ്റിക് കഥ എഴുതുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം മിക്കവാറും അസാധ്യമായിത്തീര്‍ന്നിരിക്കുന്നു.ഈ മാറ്റം വായനയുടെയും പഠനത്തിന്റെയും ഫലമായി സംഭവിച്ചതല്ല.ഞാന്‍ ജീവിക്കുന്ന സമൂഹത്തിലെ പ്രധാനപ്പെട്ട മനുഷ്യവ്യവഹാരങ്ങളെയെല്ലാം നിയന്ത്രിക്കുന്നത് വളരെ അസംബന്ധപൂര്‍ണമായ ചില സങ്കല്പങ്ങളും ആശയങ്ങളുമാണ്.പൊതുജീവിതത്തില്‍ ഇപ്പോഴും നിയാമകമായ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയം എന്ന വ്യവഹാരം തികച്ചും അരാഷ്ട്രീയമായിക്കഴിഞ്ഞു.അതിനെ രൂപപ്പെടുത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് വെറും വ്യാപാരയുക്തികള്‍ മാത്രമാണ്.കലയുടെയും സാഹിത്യത്തിന്റെയും ലോകത്തില്‍ അധികാരം നടത്തുന്നതും മിക്കപ്പോഴും ഇതേ യുക്തികള്‍ തന്നെ.യഥാര്‍ത്ഥമായ കലയും സാഹിത്യവും ഈ യുക്തികള്‍ക്ക് പുറത്ത് ഏകാന്തമായ ഇടങ്ങളിലാണ് അതിന്റെ തെഴുപ്പുകള്‍ സാധിച്ചുകൊണ്ടിരിക്കുന്നത്.അവ പക്ഷേ മിക്കവാറും പൊതുശ്രദ്ധയില്‍ വരുന്നതേയില്ല.അങ്ങനെ വരാതിരിക്കല്‍ തന്നെയാവും അവയ്ക്ക് രക്ഷാകവചമായിത്തീരുന്നതും.യാദൃച്ഛികവും അല്ലാത്തതുമായ പല കാരണങ്ങളാല്‍ കൊണ്ടാടപ്പെടലിന്റെ പ്രകാശവലയത്തില്‍ എത്തപ്പെടുന്ന കൃതികളിലെയും ഏറ്റവും ജൈവികമായ അംശങ്ങള്‍ പൊതുസമൂഹത്തിന് അദൃശ്യമായിത്തന്നെയാവും നിലകൊള്ളുന്നത്.
എഴുത്തിലൂടെ കൈവരാവുന്ന പ്രശസ്തിയും പണവും സാമൂഹ്യാംഗീകാരവും ഏതെങ്കിലും കാലത്ത് എന്റെ പ്രധാന പരിഗണനയായിരുന്നോ എന്ന് സംശയമുണ്ട്.എങ്കിലും ഒരു ഘട്ടം വരെ മറ്റേതൊരാള്‍ക്കുമെന്ന പോലെ എനിക്കും അവയില്‍ താല്പര്യം തോന്നിയിരിക്കാം.ചിലപ്പോഴെങ്കിലും ആ താലപര്യത്തിന് ആര്‍ത്തിയുടെയും അതിമോഹത്തിന്റെയും സ്വഭാവം ഉണ്ടായിരുന്നിരിക്കുകയും ചെയ്യാം.പക്ഷേ,ഇപ്പോഴത്തെ അവസ്ഥയില്‍ അവയൊന്നും എന്നെ പ്രലോഭിപ്പിക്കുന്നില്ലെന്നതാണ് വാസ്തവം.എന്റെ മനോനില അനാസക്തിയുടെയോ നിര്‍വേദത്തിന്റെയോ തലത്തില്‍ എത്തിച്ചേര്‍ന്നതുകൊണ്ടൊന്നുമല്ല ഈയൊരു മാറ്റമുണ്ടായത്.അത് വെറുതെ അങ്ങ് സംഭവിച്ചുപോയതാണ്.
ഇത്രയും എഴുതിയതിന്റെ അടിക്കുറിപ്പെന്ന പോലെ ചെറിയ രണ്ട് കവിതകള്‍ കൂടി കുറിച്ചുവെച്ച് തല്‍ക്കാലം പിന്മാറാം.
അസംബന്ധം
കുന്നിന്‍ മുകളിലെ വിജനതയില്‍ നിവര്‍ന്നുനിന്ന്
'ഞാന്‍ ഏകാകിയാണ്,ഏകാകിയാണ്\'
എന്ന് വിളിച്ചുകൂവിയ ഭ്രാന്തന്‍
പതുക്കെ സമതലത്തിലേക്കിറങ്ങി വന്ന്
ആള്‍ക്കൂട്ടത്തില്‍ ലയിച്ചു
'എന്റെ ഏകാന്തതയെ
അവിടെ ഞാന്‍ സൂക്ഷിച്ചുവെച്ചിരിക്കയാണ്\'
അയാള്‍ പറഞ്ഞു:
'എന്റെ ഏക സമ്പാദ്യം അതാണ്
രാത്രിയായാല്‍ കുറുക്കനോ മറ്റോ വന്ന് അത് തിന്നുകളയും
എനിക്ക് മടങ്ങിപ്പോവണം
എനിക്ക് മടങ്ങിപ്പോവണം'
അയാള്‍ വെപ്രാളപ്പെട്ടു.

കാഴ്ച
എന്നില്‍ നിന്നെന്നിലേക്ക് വഴി കാണിക്കാന്‍
പന്തവും പെട്രോമാക്സും ടോര്‍ച്ചും മറ്റുമറ്റുമായി
ഒരുപാട് കവികളും തത്വജ്ഞാനികളുമുണ്ട്
അവരൊരുക്കുന്ന പ്രകാശപ്രളയത്തിലും
മുങ്ങിയമരാത്ത എന്റേതല്ലാത്ത തുരുത്തുകളിലെ
തീവെളിച്ചങ്ങളില്‍ നിന്ന്
എനിക്കു പക്ഷേ പിന്‍വലിക്കാനാവുന്നില്ല
എന്റെ കുരുത്തം കെട്ട കണ്ണുകളെ.
(പ്ളാവില മാസിക,മാര്‍ച്ച് 2012)       

       
   
   

2 comments:

 1. അവരൊരുക്കുന്ന പ്രകാശപ്രളയത്തിലും
  മുങ്ങിയമരാത്ത എന്റേതല്ലാത്ത തുരുത്തുകളിലെ
  തീവെളിച്ചങ്ങളില്‍ നിന്ന്
  എനിക്കു പക്ഷേ പിന്‍വലിക്കാനാവുന്നില്ല
  എന്റെ കുരുത്തം കെട്ട കണ്ണുകളെ.
  മലയാളത്തിന്റെ എഴുത്തുകാരാ,താങ്കള്‍ എഴുതിക്കൊണ്ടിരിക്കുക ,ഞങ്ങള്‍ കണ്ണിമ ചിമ്മാതെ കാവലിരിക്കാം

  ReplyDelete
 2. "യഥാര്‍ത്ഥമായ കലയും സാഹിത്യവും ഈ യുക്തികള്‍ക്ക് പുറത്ത് ഏകാന്തമായ ഇടങ്ങളിലാണ് അതിന്റെ തെഴുപ്പുകള്‍ സാധിച്ചുകൊണ്ടിരിക്കുന്നത്.അവ പക്ഷേ മിക്കവാറും പൊതുശ്രദ്ധയില്‍ വരുന്നതേയില്ല.അങ്ങനെ വരാതിരിക്കല്‍ തന്നെയാവും അവയ്ക്ക് രക്ഷാകവചമായിത്തീരുന്നതും" വാസ്തവം..
  കവിതകള്‍ നന്നായി..

  ReplyDelete