Pages

Tuesday, March 6, 2012

അറിഞ്ഞതില്‍ നിന്ന് മോചിതരാവുമ്പോള്‍

എഴുത്തുകാര്‍ക്കും ബുദ്ധിജീവികള്‍ക്കുമിടയില്‍ ഒട്ടുവളരെ ആരാധകരുള്ള ഒരു ചിന്തകനാണ് ജിദ്ദു കൃഷ്ണമൂര്‍ത്തി.കഴിഞ്ഞ നൂറ്റാണ്ടില്‍ ലോകം കണ്ട ഇന്ത്യക്കാരായ ആത്മീയാചാര്യന്മാരില്‍ ഓഷോ കഴിഞ്ഞാല്‍ ഏറ്റവും വിഖ്യാതനായ ആള്‍ കൃഷ്ണമൂര്‍ത്തി തന്നെ.മതം, ദൈവം, വിശ്വാസം,വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളെ കുറിച്ചെല്ലാം ലോകത്തിലെ അനേകം നഗരങ്ങ ളിലായി അദ്ദേഹം നടത്തിയ പ്രഭാഷണങ്ങളും ശ്രോതാക്കളുടെ ചോദ്യങ്ങള്‍ക്ക് നല്‍കിയ ഉത്ത രങ്ങളും അദ്ദേഹം എഴുതിയ കുറിപ്പുകളുമെല്ലാം ഇപ്പോഴും വ്യാപകമായി വായിക്കപ്പെടുന്നുണ്ട്.മ തത്തിനും വ്യവസ്ഥാപിത ജ്ഞാനപദ്ധതികള്‍ക്കും പുറത്തേക്ക് ചിന്തയെ നയിച്ച ധൈഷണിക ലോകത്തിലെ മഹാ വിപ്ളവകാരിയാണ്  ജിദ്ദുകൃഷ്ണമൂര്‍ത്തിയെന്ന് കരുതുന്ന ധാരാളം പേര്‍ കേരളത്തിലെ ചിന്താശീലരായ യുവജനങ്ങള്‍ക്കിടയില്‍ തന്നെ ഉണ്ട്.
കൃഷ്ണമൂര്‍ത്തിയുടെ പ്രഭാഷണങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത ആശയാവതരണത്തിലെ സാരള്യമാണ്.ക്ളിഷ്ടമായ പ്രയോഗങ്ങളോ വളച്ചുകെട്ടുള്ള നീണ്ട വാക്യങ്ങളോ അവയില്‍ ഇല്ലെന്നു തന്നെ പറയാം. വലിയ ദാര്‍ശനിക സമസ്യകളെത്തന്നെ അത്യന്തം ലളിതവല്‍ക്കരിച്ച് തെളിഞ്ഞ ഭാഷയില്‍ വിശേഷിച്ചൊന്നും ഭാവിക്കാത്ത മട്ടില്‍ ജിദ്ദു അവതരിപ്പിക്കുമ്പോള്‍ മനസ്സുകൊണ്ട് അദ്ദേഹത്തെ പിന്തുടരുന്നവര്‍ക്ക് ശാന്തസ്വച്ഛമായ ഒരു ഭൂവിഭാഗത്തിലൂടെ ഏകാന്തയുടെ സുഖം നുണഞ്ഞ് പതുക്ക നടന്നുപോവുന്നതു പോലുള്ള അനുഭവം ഉണ്ടാകാം.പക്ഷേ,സ്വന്തം യുക്തി ബോധത്തെ പ്രവര്‍ത്തനക്ഷമമാക്കി അദ്ദേഹത്തിന്റെ ആശയങ്ങള്‍ക്കു നേരെ പ്രയോഗിക്കുന്ന നിമിഷം തൊട്ട്  ഈ അനുഭവത്തിന് വിള്ളല്‍ വീണ് തുടങ്ങും.അടിസ്ഥാനരഹിതമെന്നും അശാസ്ത്രീയമെന്നും അപ്രായോഗികമെന്നും എത്ര എളുപ്പത്തില്‍ ബോധ്യം വരുന്ന ആശയങ്ങളെയാണ് മനുഷ്യജീവിതത്തിലെ മഹാപ്രശ്നങ്ങള്‍ക്കുള്ള അവസാനത്തെ ഉത്തരങ്ങളെന്ന നിലയില്‍ അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നതെന്നോര്‍ത്ത് അവര്‍ക്ക് തന്നെ ലജ്ജ തോന്നും.
                            
                                    വൃഥാസ്ഥൂലതയും ആവര്‍ത്തനപരതയും
ആദരപൂര്‍വം തന്നെ ശ്രദ്ധിക്കുന്ന ചെറുസദസ്ളുകളെ ലോകമെമ്പാടും സൃഷ്ടിച്ചെടുക്കാന്‍ കഴിഞ്ഞ വലിയൊരു പ്രഭാഷകനാണ് കൃഷ്ണമൂര്‍ത്തി.അദ്ദേഹത്തിന് ലഭിച്ച സദസ്സ് വലിയ ബുദ്ധി ജീവികളുടെതോ ദാര്‍ശനിക കാര്യങ്ങളില്‍ അവഗാഹമുള്ളവരുടേതോ ആയിരുന്നില്ലെന്ന് പ്രഭാഷണങ്ങളില്‍ നിന്ന് വ്യക്തമാവുന്നുണ്ട്.അത്രമേല്‍ ലളിതമായ ഭാഷയില്‍ അങ്ങേയറ്റം സുതാര്യമായ ശൈലിയിലാണ് അദ്ദേഹം സംസാരിച്ചിരുന്നത്.ആ പ്രഭാഷണങ്ങള്‍ക്ക് ശ്രോതാ ക്കളായിരിക്കാന്‍ ധൈഷണികജീവിതത്തിന്റെ മുകള്‍ത്തട്ടുകളില്‍ വ്യാപരിച്ച് ശീലമുള്ളവര്‍ക്ക് വലിയ പ്രയാസം തന്നെയായിരിക്കും.ലാളിത്യം എന്ന ഗുണം മാത്രമല്ല വൃഥാസ്ഥൂലത,ഒരേ കാര്യം തന്നെ പല മട്ടില്‍ ആവര്‍ത്തിച്ചു പറയാനുള്ള താല്പര്യം എന്നീ ദോഷങ്ങള്‍ കൂടിയുണ്ട് കൃഷ്ണ മൂര്‍ത്തിയുടെ പ്രഭാഷണങ്ങള്‍ക്ക്.തന്റെ ആശയങ്ങള്‍ അങ്ങേയറ്റം സുതാര്യമായിരിക്കണമെന്നതു കൊണ്ട് മാത്രമാണ് ചിന്തയുടെ വഴിയില്‍ അദ്ദേഹം ഓരോ ചുവടും വളരെ സാവകാശത്തില്‍ മാത്രം വെച്ചത് എന്ന് ഒരാരാധകന് വാദിക്കാന്‍ കഴിഞ്ഞേക്കും.പക്ഷേ, അല്പമെങ്കിലും വിമര്‍ശന ബുദ്ധി പ്രയോഗിക്കുന്ന ആര്‍ക്കും അദ്ദേഹം തന്റെ മുന്നിലിരുന്നവരെ വിശകലനനബുദ്ധിയും വിവേചനശേഷിയും ഇല്ലാത്തവരെന്ന പോലെയാണ് കണ്ടതെന്ന് ഏത് വിഷയത്തെ പറ്റി അദ്ദേഹം നടത്തിയ പ്രഭാഷണങ്ങളിലൂടെയും കടന്നുപോവുന്നവര്‍ക്ക് വളരെ എളുപ്പത്തില്‍ ബോധ്യപ്പെടും. ഒരാശയം അവതരിപ്പിക്കുന്നതിന് യഥാര്‍ത്ഥത്തില്‍ ആവശ്യമായതിന്റെ പത്തിരട്ടിയെങ്കിലും പദങ്ങള്‍ ഉപയോഗിക്കുക എന്നതാണ് കൃഷ്ണമൂര്‍ത്തി അവലംബിച്ച രീതി.
                                       അയുക്തികതയുടെ ആഘോഷങ്ങള്‍
അറിഞ്ഞതില്‍ നിന്നുള്ള മോചനം എന്നതാണ് ജിദ്ദു കൃഷ്ണമൂര്‍ത്തിയുടെ ചിന്തകളിലെ ആധാരവാക്യം.ജീവിതത്തിലെ ഏത് അനുഭവമേഖലയെ കുറിച്ചും നാം ആര്‍ജ്ജിച്ചുവെച്ചിരിക്കുന്ന അറിവുകളില്‍ നിന്ന് മോചനം നേടുന്നതോടെയേ നമുക്ക് യഥാര്‍ത്ഥമായ അറിവിന്റെയും അനുഭവത്തിന്റെയും ആനന്ദത്തിന്റെയും ലോകത്തിലേക്ക് പ്രവേശിക്കാന്‍ കഴിയൂ എന്ന് ജിദ്ദു പറയുന്നു.ഈ പറയുന്ന മോചനം ഏത് വ്യക്തിയുടെ കാര്യത്തിലായാലും ഏതളവ് വരെ സാധിക്കും? അങ്ങനെ മോചിതരാവാന്‍ ആര്‍ക്കെങ്കിലും കഴിഞ്ഞാല്‍ ശൂന്യതയില്‍ നിന്നുകൊണ്ട് ഓരോ പുതിയ അനുഭവത്തെയും സ്വീകരിക്കുന്ന ആ ആളുടെ മനോനില എത്രമേല്‍ ആരോഗ്യകരമായിരിക്കും?എന്നിങ്ങനെയുള്ള ഒട്ടനേകം സംശയങ്ങളെ മാറ്റിവെക്കാന്‍ തയ്യാറാവുന്ന ഒരാള്‍ക്ക് മാത്രമേ ചിന്ത കൊണ്ട് ജിദ്ദുവിനെ പിന്തുടരാനാവൂ.ജീവിതത്തിന്റെ സമസ്തമേഖലകളിലെയും ആര്‍ജ്ജിത ജ്ഞാനത്തെ ഉപേക്ഷിക്കുന്ന ഒരാളില്‍ പിന്നെ എന്താണ് ബാക്കിയുണ്ടാവുക.?ജ്ഞാനാര്‍ജ്ജനത്തിന്റെ മുഖ്യവാഹകമായ വാക്കുകളില്‍ അനേകം തലമുറകള്‍ സ്വാനുഭവങ്ങളിലൂടെ സമാഹരിച്ചിരിക്കുന്ന അറിവുകളില്‍ പലതും സ്വായത്തമാക്കി ക്കൊണ്ടാണ് ഏത് വ്യക്തിയും മതം,ദൈവം,ലോകം,പരലോകം,ആത്മാവ് തുടങ്ങിയ പ്രശ്നങ്ങ ളെയെല്ലാം സമീപിച്ചുതുടങ്ങുന്നത്.ബൌദ്ധികമായ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ഈ അറിവു കളില്‍ പലതും ഉപേക്ഷിച്ചും പുതിയ ധാരണകള്‍ പലതും സ്വീകരിച്ചുമാണ് വ്യക്തികള്‍ മുന്നോട്ടു പോവുന്നത്.ഏതൊക്കെ മുന്‍ധാരണകളെ ഏതൊക്കെ അളവില്‍ ഉപേക്ഷിക്കണം എന്നതിനെ കുറിച്ച് ഓരോരോ ഘട്ടത്തിലും വ്യക്തി പുതിയ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നുണ്ട്.ഇങ്ങനെ ക്രമമായ ഒരു വളര്‍ച്ചയല്ലാതെ ജിദ്ദു കൃഷ്ണമൂര്‍ത്തിയുടെയോ മറ്റേതെങ്കിലും ഗുരുവിന്റെയോ നിര്‍ദ്ദേശമനുസരിച്ച് ഒരു ദിവസം രാവിലെ അപ്പാടെ ഉപേക്ഷിച്ച് കളയാവുന്ന രീയിയിലല്ല ഒരു വ്യക്തിയുടെ ഉള്ളിലും അറിവുകളും അനുഭൂതികളും സമാഹൃതമാവുന്നത്. താന്‍ ദൈവവിശ്വാ സത്തെ കുറിച്ച് ഇന്നലെ വരെ ധരിച്ചുവെച്ച ധാരണകളെല്ലാം ഉപേക്ഷിച്ച് ദൈവം ആരാണ്, എന്താണ് എന്നൊക്കെ ഇന്ന് ഈ നിമിഷം തൊട്ട് പുതിയ രീതിയില്‍ അന്വേഷിച്ചു കണ്ടെത്തിക്കളയാം എന്ന് ഏത് വ്യക്തി തീരുമാനിച്ചാലും അത് നടപ്പിലാവാന്‍ പോവുന്നില്ല.
ചരിത്രത്തില്‍ നിന്നും എല്ലാതരത്തിലുള്ള പൂര്‍വാര്‍ജിത ജീവിതധാരണകളില്‍ നിന്നും മതവിശ്വാസങ്ങളില്‍ നിന്നും പ്രത്യയശാസ്ത്രങ്ങളില്‍ നിന്നും മോചിതനായി ഏതനുഭവത്തിലൂടെയും വെറുതെ കടന്നു പോവുന്ന വ്യക്തിയാണ് ജിദ്ദുകൃഷ്ണമൂര്‍ത്തിയുടെ സങ്കല്പത്തിലെ സ്വതന്ത്ര മനുഷ്യന്‍.തന്റെ പ്രഭാഷണങ്ങളിലും സംഭാഷണങ്ങളിലും കുറിപ്പുകളിലുമെല്ലാം അദ്ദേഹം ആവര്‍ത്തിച്ചു നിര്‍വഹിക്കുന്നത് ഈയൊരാശയത്തിന്റെ വിപുലനവും വിശദീകരണവുമാണ്.
                                   താല്‍ക്കാലികതയുടെ സ്തുതിപാഠകന്‍
ചരിത്രബോധം കൈമോശം വന്നവര്‍,ഓര്‍മകള്‍ നഷ്ടപ്പെട്ടവര്‍,വര്‍ത്തമാനമൊഴിച്ചുള്ള കാലങ്ങളില്‍ അല്പവും മനസ്സ് ചെല്ലാത്തവര്‍ എന്നൊക്കെ ഏറ്റവും പുതിയ തലമുറ പൊതുവേ കുറ്റപ്പെടു ത്തപ്പെടാറുണ്ട്.ചരിത്രത്തിന്റെ മരണം,ദര്‍ശനത്തിന്റെ മരണം,പ്രത്യയശാസ്ത്രങ്ങളുടെ മരണം എന്നിങ്ങനെ വ്യക്തിയെയും സമൂഹത്തെയും  ഭൂതവും ഭാവിയുമായി ബന്ധപ്പെടുത്തുന്ന ജ്ഞാനരൂപങ്ങളുടെയെല്ലാം മരണം ആഘോഷിക്കപ്പെടുന്ന ബൌദ്ധികപരിസരത്തിലാണ് അവര്‍ ജീവിക്കുന്നത്.ഒരു കാര്യത്തെ കുറിച്ചും ആഴത്തിലുള്ള അറിവ് നേടാതിരിക്കുക,ഒരു താല്പര്യത്തെയും ഏറെനാള്‍ കൊണ്ടു നടക്കാതിരിക്കുക,ഒരു ചിന്താപദ്ധതിയെയും പിന്തുടരാതിരിക്കുക,ഒരു രാഷ്ട്രീയ ദര്‍ശനത്തിനും ഗൌരവം കല്പിക്കാതിരിക്കുക എന്നിവയെല്ലാം പുതുതലമുറക്ക് മാത്രമല്ല അവരുടെ മാതാപിതാക്കളുടെ തലമുറക്കും പൊതുവേ സ്വീകാര്യമായിത്തീര്‍ന്നു കഴിഞ്ഞു.ഒരു പ്രശ്നത്തിലും ഉറച്ച നിലപാട് സ്വീകരിക്കാതെയും ഒന്നിനെയും ആഴത്തില്‍ ഉള്‍ക്കൊള്ളാതെയും ജീവിച്ചുപോവാനുള്ള പരിശീലനമാണ് പുതുതലമുറ നേടിക്കൊണ്ടിരിക്കുന്നത്.പ്രശ്നാധിഷ്ഠിത പഠനം എന്ന് വിളിക്കപ്പെടുന്ന പുത്തന്‍ വിദ്യാഭ്യാസപദ്ധതിയുടെ അടിസ്ഥാനപരമായ ഉദ്ദേശവും വിദ്യാര്‍ത്ഥികളെ ജ്ഞാനാര്‍ജ്ജനത്തിന്റെ വഴിയില്‍ നിന്ന് പിന്തിരിപ്പിച്ച് പ്രശ്നങ്ങളെ ഉപരിപ്ളവമായും താല്‍ക്കാലികപരിഹാരം മാത്രം ലക്ഷ്യം വെച്ചും സമീപിക്കുന്ന സ്വഭാവരീതി പരിശീലിപ്പിച്ചെടുക്കുക എന്നതാണ്.ഇത് ഊഹക്കച്ചവടത്തെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ച് മുന്നേറുന്ന പുത്തന്‍ മുതലാളിത്തത്തിന്റെ നടത്തിപ്പുകാരാവാന്‍ പറ്റുന്ന തലമുറകളെ വാര്‍ത്തെടുക്കാന്‍ ഏറ്റവും അനുയോജ്യമായ പദ്ധതിയാണ്.
കൃഷ്ണമൂര്‍ത്തി ലോകം മുഴുക്കെ പ്രസംഗിച്ചു നടന്നതും കേവലവര്‍ത്തമാനത്തില്‍,താല്‍
ക്കാലികതയില്‍ അലോചനാരഹിതമായി മുഴുകാനാണ്.അദ്ദേഹത്തിന്റെ ഏത് പ്രഭാഷണ ത്തിലെയും കേന്ദ്രാശയം ഇതു തന്നെയാണ്.രണ്ട് സന്ദര്‍ഭങ്ങളിലെ പ്രസ്താവങ്ങള്‍ മാത്രം ഉദാഹരിക്കാം.
1. നിങ്ങളുടെ കണ്ണുകള്‍ ഏറ്റവും സമീപസ്ഥമായതിനെ കാണണം.ആ കാണല്‍ അവസാനമില്ലാത്ത ഒരു ചലനമാണ്.താന്‍ അന്വേഷിക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളെ തന്നെ അന്വേഷിച്ചു കൊണ്ടിരിക്കുന്ന ആള്‍ മിഥ്യാലോകത്ത് ജീവിക്കുകയും തന്റെ തന്നെ നിഴലിന്റെ പരിധിക്കുള്ളില്‍ വീര്‍പ്പുമുട്ടുകയുമാണ്.അന്വേഷിക്കാതിരിക്കലാണ് കണ്ടെത്തല്‍.ആ കണ്ടെത്തല്‍ ഭാവിയില്‍ സംഭവിക്കാനിരിക്കുന്ന ഒന്നല്ല-അത് അവിടെ നിങ്ങള്‍ അന്വേഷിക്കാതിരിക്കുന്നിടത്ത് തന്നെയാണുള്ളത്.അന്വേഷിക്കല്‍ എന്നത് എല്ലായ്പ്പോഴും ജീവിതവും അതിലെ എല്ലാ പ്രവര്‍ത്തികളും സംഭവിച്ചുകൊണ്ടിരിക്കുന്ന നിത്യവര്‍ത്തമാനത്തില്‍ നിലകൊള്ളലാണ്.

2.നമ്മള്‍ ഒരു ദിവസം ജീവിക്കുകയും അന്നത്തെതോടെ ആ ജീവിതം അവസാനിപ്പിക്കുകയും നവ്യവും സംശുദ്ധവുമായ ഒന്നെന്ന പോലെ മറ്റൊരു ദിവസം ആരംഭിക്കുകയും ചെയ്യുകയാണെങ്കില്‍ അവിടെ മരണഭയത്തിന് ഇടമില്ല.നാം ആര്‍ജ്ജിച്ച എല്ലാ വസ്തുക്കള്‍ക്കും എല്ലാ അറിവിനും എല്ലാ ഓര്‍മകള്‍ക്കും എല്ലാ സമരങ്ങള്‍ക്കും അതാത് ദിവസം തന്നെ മരണം നല്‍ക്കുകയും ഒന്നിനെയും അടുത്ത ദിവസത്തേക്ക് കൊണ്ടുപോവാതിരിക്കുകയും ചെയ്യുകയാണെങ്കില്‍ അതില്‍ സൌന്ദര്യമുണ്ട്.അവസാനിക്കലിനൊപ്പം അവിടെ പുതിയ ഒരാരംഭവുമുണ്ട്.
കൃഷ്ണമൂര്‍ത്തിയുടെ ഇത്തരത്തിലുള്ള ഉപദേശങ്ങളെയും നിരീക്ഷണങ്ങളെയുമെല്ലാം ഏറ്റവും സാധാരണമായ യുക്തി ഉപയോഗിച്ചു തന്നെ ചോദ്യം ചെയ്യാം.അങ്ങനെ ചോദ്യം ചെയ്യുന്നവരെ അദ്ദേഹം തര്‍ക്കുത്തരം പറഞ്ഞോ പരിഹസിച്ചോ ദ്വേഷ്യപ്പെട്ടോ അടക്കിയിരുത്തുകയാണ് ചെയ്തത് എന്ന് വ്യക്തമാക്കുന്ന അനേകം സന്ദര്‍ഭങ്ങള്‍ കൃഷ്ണമൂര്‍ത്തിയുടെ സംഭാഷണങ്ങളിലുണ്ട്.
ഇത്രയും ആഴം കുറഞ്ഞ ചിന്തകളുള്ള ഒരു പ്രഭാഷകന് എങ്ങനെ ലോകത്തിലെ അനേകം മഹാനഗരങ്ങളിലായി ലക്ഷക്കണക്കിന് ആരാധകരെ ലഭിച്ചു എന്ന ചോദ്യത്തിന് ഒന്നിലധികം ഉത്തരങ്ങള്‍ സാധ്യമാണ്.ആരംഭത്തില്‍ വ്യക്തമാക്കിയതുപോലെ ആ പ്രഭാഷണങ്ങളിലെ ആശയാവതരണങ്ങള്‍ക്കുള്ള വെടിപ്പും ലാളിത്യവും തന്നെയാണ് ആദ്യത്തെ കാരണം.ഒട്ടും സങ്കീര്‍ണമല്ലാത്തതും എളുപ്പത്തില്‍ വായിച്ചുപോകാവുന്നതും മനസ്സിന് സവിശേഷമായ സ്വാച്ഛന്ദ്യം പകരുന്നതുമായ പുരാതന ചൈനീസ്കവിതകളുടെയും പ്രകൃതി ചിത്രങ്ങളുടെയും  സ്വഭാവമുണ്ട് അവയില്‍ പലതിനും.ജീവിതത്തിന്റെ കേവലനിലനില്‍പ്പുമായി ബന്ധപ്പെട്ട വ്യാകുലതകളൊന്നും അലട്ടാതിരിക്കുന്ന അവസ്ഥയില്‍ ഒരാള്‍ക്ക് ആത്മസുഖത്തിനു വേണ്ടി കേള്‍ക്കാവുന്നവയാണ് അദ്ദേഹത്തിന്റെ വാക്കുകള്‍.കൂടുതല്‍ പ്രധാനപ്പെട്ട മറ്റൊരു കാരണം അദ്ദേഹത്തിന്റെ ശ്രോതാക്കള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന വൈരുദ്ധ്യങ്ങള്‍ക്കും വൈരൂപ്യങ്ങള്‍ക്കും നേരെ കണ്ണടച്ച് അവനവനില്‍,അവനവന്റെ അപ്പപ്പോഴത്തെ ജീവിതവിജയങ്ങളില്‍ കണ്ണും കാതുമുറപ്പിച്ച് ജീവിക്കാനാഗ്രഹിച്ച ഉപരിമധ്യവര്‍ഗജീവികളോ ഉപരിവര്‍ഗജീവികള്‍ തന്നെയോ ആയിരുന്നതാവണം.തൊഴില്‍ കൊണ്ട് അവര്‍ ആര് തന്നെ ആയിരുന്നാലും അവരുടെ ബോധനിലവാരവും മനോഭാവവും  ആധുനികവ്യാപാരി സമൂഹങ്ങളിലെ അരാഷ്ട്രീയരായ ബിസിനസ് എക്സിക്യൂട്ടീവുകളുടേതായിരുന്നിരി ക്കണം.അവര്‍ക്ക് താങ്ങാവുന്നതും സുഖം പകരുന്നതുമായ ലളിതസുന്ദരമായ തത്വജ്ഞാനമാണ് കൃഷ്ണമൂര്‍ത്തി എല്ലാ കാലത്തും പകര്‍ന്നേകിക്കൊണ്ടിരുന്നത്.
(ജനശക്തി വാരിക)   

3 comments:

  1. കൃഷ്ണമൂര്‍ത്തി സാറിന്റെ ഒരു ബുക്ക് മാത്രമേ വായിച്ചിട്ടുള്ളു.അദ്ദേഹത്തിന്റെ എഴുത്തുകള്‍ പ്രത്യേകതലമാണെന്ന് തോന്നിയിട്ടുണ്ട്..

    ReplyDelete
  2. ജിദ്ദു ആദ്യകാലങ്ങളിൽ ഒരു അധ്യാപകനായി സ്വയം അവരോധിച്ചിരുന്നു അതായിരിക്കണം ഈ ലാളിത്യം
    " 'ഉള്ളതി'നെ നിരീക്ഷിക്കുകയെന്നാല്‍ ആ സംഭവത്തെക്കുറിച്ച് മനസ്സിലാക്കുകയെന്നാണ്. 'ഉള്ളതിനെ' നിരീക്ഷിക്കുന്നതിലൂടെയാണ് ധാരണയുണ്ടാകുന്നത്.അതിനെ ദൈനംദിനജീവിതത്തില്‍ പരിശോധിക്കുന്നത്, അനുഭവങ്ങളെക്കുറിച്ചുള്ള ധാരണയിലേക്ക് നയിക്കുന്നു. നമ്മില്‍ പലരും മഹത്തായ അനുഭവങ്ങള്‍ ഉണ്ടാവാന്‍ ആഗ്രഹിക്കുന്നു. കാരണം, നമ്മുടെ ജീവിതം പരിമിതവും അത്യധികം വിരസവുമാണ്. ആഴത്തിലുള്ള, അനശ്വരമായ, സുന്ദരമായ അനുഭവങ്ങള്‍ നാമാഗ്രഹിക്കുന്നു.എന്നാല്‍ 'അനുഭവം' എന്ന വാക്കിന്റെ അര്‍ഥമെന്തെന്നുപോലും നാം മനസ്സിലാക്കിയിട്ടില്ല. കൂടാതെ, അനുഭവം തേടുന്ന മനസ്സ് സത്യമെന്തെന്ന് മനസ്സിലാക്കാന്‍ കഴിവുള്ളതല്ല. നമ്മുടെ ദൈനംദിനജീവിതത്തില്‍ മാറ്റമുണ്ടാവണം. ഉള്ളിലുള്ള വെറുപ്പും അക്രമവാസനയും ഉത്കണ്ഠയും കുറ്റബോധവും നേട്ടങ്ങള്‍ക്കായുള്ള ആവേശവും പ്രമാണി ആകാനുള്ള ആഗ്രഹവും അവസാനിക്കണം ഇവയ്‌ക്കെല്ലാം സമൂലമാറ്റമുണ്ടാകുന്നില്ലെങ്കില്‍, അന്വേഷണം തികച്ചും അര്‍ഥശൂന്യമാണ്. ......"

    ReplyDelete
  3. അധ്യാപകനായാൽ കാര്യങ്ങൾ ലളിതമായി പറയും എന്നത് ഒരു മുൻധാരണയാണ്.ചെറിയ ക്ലാസിൽ പഠിപ്പിക്കുന്ന അധ്യാപകൻ കാര്യങ്ങൾ വളരെ ലളിതമായി കുട്ടികൾക്ക് പറഞ്ഞുകൊടുക്കും.കുട്ടികളെ അറിവിന്റെ ലോകത്തിലേക്ക് പ്രവേശിപ്പിച്ചു തുടങ്ങുന്ന ഘട്ടത്തിൽ അങ്ങനെ തന്നെ വേണം ചെയ്യാൻ.എന്നാൽ ബിരുദാനന്തര ക്ലാസിൽ പഠിപ്പിക്കുന്ന ഒരധ്യാപകൻ ലാളിത്യത്തിനു വേണ്ടി ശ്രമിക്കുകയേ ഇല്ല. ജിദ്ദു കൃഷ്ണമൂർത്തി തന്റെ മുന്നിലിരുന്നവരെ മുഴുവൻ എൽ.പി.സ്‌കൂൾ കുട്ടികളെപ്പോലെയാണോ കണ്ടത്? പല ആത്മീയാചാര്യന്മാരുടെയും മതപ്രഭാഷകരുടെയും മനോഭാവം അതാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
    പിന്നെ ,'അനുഭവം എന്ന വാക്കിന്റെ അർത്ഥം പോലും നാം മനസ്സിലാക്കിയിട്ടില്ല.കൂടാതെ,അനുഭവം തേടുന്ന മനസ്സ് സത്യമെന്തെന്ന് മനസ്സിലാക്കാൻ കഴിവുള്ളതല്ല.'എന്നൊക്കെ പറയുമ്പോൾ അനുഭവം എന്ന വാക്കിന്റെ അർത്ഥം ഇന്നതാണ്,അല്ലെങ്കിൽ ഇന്നതു മാത്രമേ ആകാവൂ,മനസ്സിലാക്കേണ്ടുന്നതായി ഒരേയൊരു സത്യമുണ്ട് എന്നൊക്കെയുള്ള തീർപ്പുകൾ അതിനു പിന്നിലുണ്ട്.ഇത്തരം തീർപ്പുകളിൽ നിന്നല്ലേ ആദ്യം മോചനം നേടേണ്ടത്?
    സാഹിത്യരചനയ്‌ക്കോ ചലച്ചിത്ര സംവിധാനത്തിനോ പെയിന്റിംഗിനോ ഒക്കെ പുറപ്പെടുന്നവർ ഇവയെ കുറിച്ചൊക്കെ നേരത്തേ പഠിച്ചുവെച്ചിട്ടുള്ള കാര്യങ്ങളെല്ലാം അൺലേൺ ചെയ്ത് ശുദ്ധമാക്കിയ ,മുൻധാരണകളാൽ അസ്വതന്ത്രമാകാത്ത മനസ്സോടെ വേണം തങ്ങളുടെ ജോലി ചെയ്യാൻ എന്ന് സാധാരണ പറയാറുണ്ട്.ഈ രംഗങ്ങളുമായെല്ലാം ബന്ധപ്പെടുന്നവരുടെ സാമാന്യധാരണയുടെ ഭാഗമായ കാര്യം തന്നെയാണോ ജിദ്ദുകൃഷ്ണ മൂർത്തി പറഞ്ഞത്? അങ്ങനെയാണെങ്കിൽ അതിനെ തികഞ്ഞ മൗലികതയുള്ള,സവിശേഷ ശ്രദ്ധ അർഹിക്കുന്ന ഒരു ചിന്തയോ നിലപാടോ ആയി കാണാനേ പറ്റില്ല.

    ReplyDelete