Pages

Friday, October 19, 2012

'പാവങ്ങള്‍' പിന്നെയും വായിച്ചപ്പോള്‍

'പാവങ്ങള്‍' ആദ്യം വായിച്ചത് പത്തുനാല്പത്തഞ്ച് കൊല്ലം മുമ്പാണ്.മൂന്ന് ദിവസം ഏതാണ്ട് മുഴുവനായിത്തന്നെ മിനക്കെട്ടിരുന്ന് ഒരിക്കല്‍ക്കൂടി അത് വായിച്ചുതീര്‍ക്കുന്നതിനിടയില്‍ പല വട്ടം കണ്ണുനനഞ്ഞു,നെഞ്ഞ് വിങ്ങിപ്പൊട്ടി.'ലോകത്തിലെ ഏറ്റവും മഹത്തായ നോവല്‍' എന്ന ടോള്‍സ്റോയിയുടെ വാഴ്ത്ത് എത്രയോ ശരിയാണ്.'പാവങ്ങള്‍' താരതമ്യം സാധ്യമല്ലാത്ത വിധം മഹത്തായ ഒരു സാഹിത്യകൃതിയാണ്.
മനുഷ്യപ്രകൃതത്തിന്റെ പല സാധ്യതകളെ ഗംഭീരമായി ഉദാഹരിക്കുന്ന അസാധാരണ കഥാപാത്രങ്ങള്‍,19 ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലെ ഫ്രഞ്ച് ജീവിതത്തിന്റെ പല തലങ്ങളെ ആഴത്തിലും പരപ്പിലും സ്പര്‍ശിക്കുന്ന കഥാവസ്തുവും ആഖ്യാനവും,മനുഷ്യജീവികളെ നാനാതരം തിന്മന്കളിലേക്ക് തള്ളിവിടുന്ന സാമൂഹ്യസാഹചര്യങ്ങളുടെ വിശദചിത്രീകരണ ത്തിനൊപ്പം നന്മ
യുടെ പ്രകാശഭരിതമായ ദൃശ്യങ്ങള്‍ ഉയര്‍ത്തിക്കാണിക്കാനുള്ള വൈഭവം,ചെറുതും വലുതുമായ എല്ലാ മനുഷ്യാനുഭവങ്ങളെയും ഏറ്റവും മൌലികവും നൂതനവുമായ ആശയങ്ങളുമായി ഏറ്റവും സര്‍ഗാത്മകമായി ബന്ധിപ്പിക്കാനുള്ള ഔത്സുക്യം ഇങ്ങനെ എടുത്തു പറയാവുന്ന പല ഗുണങ്ങളുണ്ട് പാവങ്ങള്‍ക്ക്.അവ ഓരോന്നും ലോകത്തിലെ പല ഭാഷകളിലെ നിരൂപകരും സാഹിത്യവിദ്യാര്‍ത്ഥികളും പല വട്ടം വിശദമായി പഠിച്ചിട്ടുണ്ടാവും.ഈ ചെറുകുറിപ്പ് അത്തരത്തിലുള്ള അന്വേഷണം ലക്ഷ്യമാക്കുന്ന ഒന്നല്ല.
'പാവങ്ങളു'ടെ പുതിയ വായന രണ്ടു മൂന്ന് പുതിയ ആലോചനകളില്‍ എന്നെ കൊണ്ടുചെന്നെത്തിച്ചു.അവ സംഗ്രഹിക്കാനേ ഇവിടെ ഉദ്ദേശിക്കുന്നുള്ളൂ.
ഒന്ന്:
ഇതു പോലൊരു സാഹിത്യകൃതി അതിന്റെ പൂര്‍ണരൂപത്തില്‍ത്തന്നെ വായിക്കാനുള്ള പ്രേരണ പുതിയ തലമുറയില്‍ സൃഷ്ടിക്കാനുള്ള ശ്രമം നമ്മുടെ സാഹിത്യസാംസ്കാരിക സ്ഥാപനങ്ങളുടെ ഭാഗത്തു നിന്ന് എന്തുകൊണ്ടുണ്ടാവുന്നില്ല.അങ്ങനെയൊന്ന് ചെയ്യേണ്ടതുണ്ട് എന്ന കാര്യം പല ദശകങ്ങളായി നമ്മുടെ ഓര്‍മയില്‍ നിന്ന് അകന്നുപോയത് എന്തുകൊണ്ടാണ്?
രണ്ട് : 1925 ല്‍ തന്നെ പാവങ്ങളുടെ പരിഭാഷ മലയാളത്തിലെത്തി.ഇതിഹാസങ്ങളെ സമീപിക്കുന്ന അതേ ആദരവോടെ അക്കാലത്തെ പ്രബുദ്ധരായ വായനക്കാര്‍ ഈ കൃതിയെ സ്വീകരിക്കുകയും ചെയ്തു.പക്ഷേ,പാവങ്ങളെപ്പോലെ ഒരു കാലഘട്ടത്തിലെ ജീവിതത്തെ അതിന്റെ സമഗ്രതയില്‍ വിശദാംശങ്ങള്‍ കൊണ്ട് സമൃദ്ധമായ രീതിയില്‍ സമീപിക്കുന്ന കൃതികള്‍ മലയാളത്തില്‍ ഉണ്ടായില്ല.ഉറൂബിന്റെ 'സുന്ദരികളും സുന്ദരന്മാരു'മാണ് പാവങ്ങളുടെ ആഖ്യാനരീതിയോട് ചെറിയ അളവിലെങ്കിലും ചാര്‍ച്ച പുലര്‍ത്തുന്നതായി പറയാവുന്ന ഒരു കൃതി.വലിയ പ്രമേയങ്ങളും ഇതിവൃത്തങ്ങള്‍ തന്നെയും കഥാപാത്രങ്ങള്‍ക്ക് പുറത്ത് സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളുടെ പല തലങ്ങളിലേക്ക് വളരാതെ പോവുന്ന അവസ്ഥയുണ്ട് മലയാളത്തില്‍.ആത്മാനുരാഗം താരതമ്യേന വളരെ കൂടുതലുള്ള ഒരു ജനത തന്നെയാണ് നമ്മള്‍.മലയാളിയുടെ പ്രകൃതത്തിന്റെ അഞ്ച് അടിസ്ഥാന ഘടകങ്ങളായി കേസരി ചൂണ്ടിക്കാണിച്ചവയില്‍ ക്ഷണിക വികാരപാരമ്യവും നേരിയ വിഷാദാത്മകതയുമാണ് ഏറ്റവും പ്രബലമെന്നു തോന്നുന്നു.അവ മുന്നിട്ടു നില്‍ക്കുന്ന ഒരു ജനതയ്ക്ക് ചരിത്രത്തെ അനായാസമായി കൂടെ കൊണ്ടുപോവുന്ന ആഖ്യാനം അത്ര എളുപ്പമാവില്ല. എന്തായാലും നമ്മുടെ ജീവിതധാരണകളിലും സാഹിത്യസങ്കല്പങ്ങളിലും രാഷ്ട്രീയത്തോടുള്ള സമീപനങ്ങളിലുമെല്ലാം വളരെയേറെ മാറ്റങ്ങള്‍ വന്നുകഴിഞ്ഞിട്ടുണ്ട്.'പാവങ്ങളു'ടെ ജനുസ്സില്‍ പെട്ട നോവലുകള്‍ക്ക് അനുകൂലമായ ധൈഷണികവും വൈകാരികവുമായ പശ്ചാത്തലം സമൂഹത്തില്‍ സൃഷ്ടിക്കാനാവും വിധം കേരളത്തിന്റെ പൊതുബോധം സജീവമായിക്കൊണ്ടിരിക്കയാണ്.
മൂന്ന്: 'പാവങ്ങളു'ടെ സംസ്കാരം നമ്മുടെ എഴുത്തിലും ചിന്തയിലുമെല്ലാം നേരത്തേ തന്നെ സ്വാംശീകരിക്കപ്പെട്ടു കഴിഞ്ഞിരുന്നെങ്കില്‍,ആദ്യമായി ഭാഷയില്‍ എത്തിയ കാലത്ത് അതിനു ലഭിച്ച സ്വീകാര്യതക്ക് പിന്നീടുള്ള ദശകങ്ങളില്‍  തുടര്‍ച്ച ലഭിച്ചിരുന്നെങ്കില്‍, നമ്മുടെ സാഹിത്യവും സംസ്കാരവും രാഷ്ട്രീയവുമെല്ലാം ഇന്നു നാം കാണുന്നതിനേക്കാള്‍ എത്രയോ വ്യത്യസ്തവും ഉന്നതവുമായ തലങ്ങളില്‍ എത്തിപ്പെടുമായായിരുന്നു.'പാവങ്ങ'ളെ സാംസ്കാരിക ജീവിതത്തിന്റെ ഓരത്തു മാത്രം നിര്‍ത്തുകയോ അതിനെ കുറിച്ച് തികച്ചും അജ്ഞരായിരിക്കുകയോ ചെയ്തതു വഴി കേരള സമൂഹത്തിന് ഉണ്ടായ സാംസ്കാരിക നഷ്ടം അതിഭീമമാണ്.അതിന്റെ ദുരന്ത ഫലങ്ങള്‍ കേരള ജനത ഇതിനകം വേണ്ടുവോളം അനുഭവിച്ചു കഴിഞ്ഞു.
പലതും നമുക്ക് വീണ്ടെടുക്കേണ്ടതുണ്ടെന്നും പലതിനെ കുറിച്ചും വീണ്ടുവിചാരങ്ങള്‍ ആവശ്യമാണെന്നും ഉള്ള തിരിച്ചറിവില്‍ നാം എത്തിക്കഴിഞ്ഞിട്ടുണ്ട്.നമ്മുടെ രാഷ്ട്രീയം തികച്ചും മാനവികമാകണം,പാര്‍ട്ടികളുടെ പ്രവര്‍ത്തനം അങ്ങേയറ്റം ജനാധിപത്യപരമാവണം,നേതാക്കള്‍ക്ക് ബുദ്ധിയും വിവേകവും വായനാശീലവും വേണം,നമ്മെ  വിപണിക്കുവേണ്ടി പാകപ്പെടുത്തുന്ന ദല്ലാള്‍മാരാവരുത് അവര്‍ എന്നൊക്കെ അതിയായി ആഗ്രഹിച്ചുപോവുന്ന ഒരു ചരിത്രസന്ധി യിലാണ് നാം എത്തിച്ചേര്‍ന്നിട്ടുള്ളത്.'പാവങ്ങളു'ടെ വായനയും പുനര്‍വായനയുമെല്ലാം കേരളസമൂഹത്തിന്റെ വലിയൊരു വൈകാരികാവശ്യമാണിന്ന്.1862 ല്‍ പ്രസിദ്ധീകൃതമായ ഈ കൃതിക്ക് 150 വയസ്സു തികയുമ്പോള്‍ വായനയിലൂടെയും ചര്‍ച്ചകളിലൂടെയും അനുബന്ധ പ്രവര്‍ത്തനങ്ങളിലൂടെയുമെല്ലാം വിശ്വവിഖ്യാതമായ ഈ വിശുദ്ധ കൃതിയെ കൊണ്ടാടുക എന്നത് നമ്മുടെ കടമ കൂടിയാണ്.
(മാതൃകാന്വേഷി മാസിക,ചെന്നൈ,ഒക്ടോബര്‍ 2012)

2 comments:

  1. പാവങ്ങള്‍ വായിച്ച അനുഭവം ഇപ്പോഴും ഓര്‍മ്മയില്‍ തെളിഞ്ഞ് നില്‍ക്കുന്നു. അനുപമമായൊരു ക്ലാസിക്

    ReplyDelete
  2. പാവങ്ങള്‍ അതിന്റെ മുഴുവന്‍ സത്ത ഉള്‍കൊണ്ട് ഇത് വരെ പൂര്‍ണ്ണമായി വായിച്ചിട്ടില്ല. വായിക്കട്ടെ..

    ReplyDelete