Pages

Friday, April 4, 2014

ഈ തിരഞ്ഞെടുപ്പ്‌ ഒരു തയ്യാറെടുപ്പ്‌ മാത്രം

ബി.ജെ.പിയെ മാറ്റി നിര്‍ത്തിയാല്‍,തിരഞ്ഞെടുപ്പിനു ശേഷംഅധികാരത്തിലേറാന്‍ പോവുന്ന രാഷ്ട്രീയ കക്ഷികളുടെ/ മുന്നണികളുടെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി വന്‍കിട മൂലധന ശക്തികളുടെ(അവയില്‍ പലതും ബഹുരാഷ്ട്ര കുത്തകകള്‍ തന്നെ) നിയന്ത്രണത്തെ എത്രത്തോളം ചെറുക്കാനാവും എന്നതാണ്‌.രാജ്യത്ത്‌ നിലവിലുള്ള നിയമങ്ങളെ പല വിധ തന്ത്രങ്ങളിലൂടെ മറികടന്ന്‌ സ്വന്തം തീരുമാനങ്ങള്‍ നടത്തി മുന്നേറുന്നതില്‍ ദശകങ്ങളുടെ അനുഭവ പരിചയമുള്ള വമ്പന്മാരെ നിലക്കു നിര്‍ത്താന്‍ അസാധാരണമായ നിശ്ചയദാര്‍ഢ്യമുള്ള ഒരു സര്‍ക്കാറിനു മാത്രമേ സാധ്യമാവൂ.പല സമ്പന്നവിദേശരാജ്യങ്ങളിലെയും ഭരണകൂടങ്ങള്‍ക്കു മേല്‍ പോലും സ്വാധീനം ചെലുത്താന്‍ ശേഷിയുള്ള വന്‍കിട സ്വകാര്യമൂലധന
 ശക്തികള്‍ക്ക്‌ രാജ്യത്തിന്റെ ആഭ്യന്തര സാമ്പത്തിക സ്ഥിതിയില്‍ സ്വേച്ഛയനുസരിച്ച്‌ പല കീഴ്‌മേല്‍ മറിച്ചിലുകളും സൃഷ്ടിക്കാന്‍ സാധിക്കും.അവയെയെല്ലാം എങ്ങനെ നേരിടാനാവുമെന്ന്‌ നിശ്ചയിക്കാന്‍ സാമ്പത്തിക കാര്യങ്ങളില്‍ അഗാധവും യാഥാര്‍ത്ഥ്യനിഷ്‌ഠവുമായ അറിവും ഒപ്പം സത്യസന്ധമായ കാഴ്‌ചപ്പാടും സമര്‍പ്പണ ബുദ്ധിയും ഉള്ളവരെ നേതൃത്വത്തിലെ താക്കോല്‍ സ്ഥാനങ്ങളില്‍ ഇരുത്താന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തയ്യാറാവണം.
ഇന്നത്തെ ലോകസാഹചര്യത്തില്‍ സമ്പൂര്‍ണമായ സാമ്പത്തിക സ്വാതന്ത്ര്യമെന്നത്‌ ലോകത്തിലെ ഏത്‌ രാജ്യത്തെ സംബന്ധിച്ചിടത്തോളവും ഒരസാധ്യതയാണ്‌.മറിച്ചുള്ള അവസ്ഥ ഇനിയങ്ങോട്ട്‌ പെട്ടെന്നൊന്നും പ്രതീക്ഷിക്കാനാവില്ല. ദേശീയ ഭരണകൂടങ്ങളുടെ പ്രാഥമികമായ ഉത്തരവാദിത്വം രാജ്യത്തിന്റെ വിഭവശേഷി കൊള്ളയടിക്കപ്പെടുന്നതിനെ പരമാവധി പ്രതിരോധിക്കുക എന്നതാണ്‌.ജലം,ധാതുനിക്ഷേപങ്ങള്‍,മണ്ണ്‌,മരങ്ങള്‍,കാര്‍ഷികോല്‌പന്നങ്ങള്‍ ഇവയില്‍ ഒന്നു പോലും കബളിപ്പിച്ച്‌ കടത്തിക്കൊണ്ടു പോവുകയോ രാജ്യത്തിനകത്തു തന്നെ ജനങ്ങളുടെ സമ്പത്ത്‌ മുഴുവന്‍ ഊറ്റിയെടുക്കും വിധം വിപണനം ചെയ്യപ്പെടുകയോ ചെയ്യുന്ന സ്ഥിതിവിശേഷത്തെ ഒരു തരത്തിലും അനുവദിച്ചു കൊടുക്കരുത്‌.ഭരണം കയ്യാളുന്നവര്‍ ധീരരും സത്യസന്ധരുമാണെങ്കില്‍ വലിയൊരു പരിധി വരെ ഇത്‌ സാധ്യമാവും.
സാംസ്‌കാരിക സ്വാശ്രയത്വം എന്നത്‌ സാമ്പത്തിക സ്വാശ്രയത്വത്തെക്കാള്‍ പല മടങ്ങ്‌ ശ്രമകരമാണ്‌ എന്ന്‌ 
കരുതുന്നവരാണെന്നു
 തോന്നുന്നു നമ്മുടെ യുവജനങ്ങളില്‍ ബഹുഭൂരിപക്ഷവും.ആഹാരശീലങ്ങള്‍,വസ്‌ത്രധാരണരീതികള്‍,കലയും സാഹിത്യവുമായി ബന്ധപ്പെട്ട സൗന്ദര്യസങ്കല്‌പങ്ങള്‍ ഇവയുടെയൊക്കെ കാര്യത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടത്‌ ആവശ്യമോ പ്രായോഗികമോ അല്ല.വിദേശ യാത്രകളും വിദേശത്തുള്ള തൊഴിലും ചെറുതോ വലുതോ ആയ കാലയളവിലുള്ള വിദേശവാസവുമെല്ലാം നാള്‍ക്കുനാള്‍ കൂടുതല്‍ കൂടുതല്‍ സാധാരണമായിക്കൊണ്ടിരിക്കുകയും രാജ്യാതിര്‍ത്തികള്‍ ഭേദിച്ച്‌ സമ്പത്തും വിവരങ്ങളും അനായാസമായി വിനിമയം ചെയ്യപ്പെടുകയും ചെയ്യുന്ന അവസ്ഥ യാഥാര്‍ത്ഥ്യമായി തീര്‍ന്നിരിക്കെ ഭാവുകത്വത്തിന്റെയും അഭിരുചികളുടെയും
കാര്യത്തിലുള്ള കൊള്ളക്കൊടുക്കലുകള്‍ വലിയ തോതില്‍
  സംഭവിച്ചുകൊണ്ടിരിക്കുക തന്നെ ചെയ്യും.അതിനിടയില്‍ നമ്മുടെ ശീലങ്ങളും താല്‌പര്യങ്ങളും കലാസൃഷ്ടികളും അടിച്ചമര്‍ത്തപ്പെടുകയോ ഓരങ്ങളിലേക്ക്‌ തള്ളിമാറ്റപ്പെടുകയോ ചെയ്യുന്നുവെന്നും നമ്മുടെ സാംസ്‌കാരികസ്വാതന്ത്ര്യം കവര്‍ന്നെടുക്കപ്പെടുന്നുവെന്നും ബോധ്യപ്പെടുമ്പോഴാണ്‌ നാം ന്യായമായും അസ്വസ്ഥരാവുകയും പ്രതിരോധത്തെ കുറിച്ച്‌ ആലോചിച്ച്‌ തുടങ്ങുകയും ചെയ്യുന്നത്‌.ഈ മേഖലയിലെ പ്രശ്‌നങ്ങള്‍ വളരെ ആഴത്തില്‍ പഠിക്കപ്പെടേണ്ടവയാണ്‌.പ്രശ്‌നങ്ങള്‍ വളരെ സങ്കീര്‍ണമായതുകൊണ്ടു തന്നെ പരിഹാരനിര്‍ദ്ദേശങ്ങളും എളുപ്പമല്ല.രാജ്യത്ത്‌ സാമ്പത്തികമായി ഏറ്റവും പിന്നോക്കം നില്‍ക്കുന്നവര്‍ക്കും സ്വതന്ത്രമായ ആവിഷ്‌ക്കാരങ്ങള്‍ സാധ്യമാവുകയും അവരുടെ സംസ്‌കാരത്തിലെ പാരമ്പര്യഘടകങ്ങള്‍ അവര്‍ക്ക്‌ ആവശ്യമായി തോന്നുന്ന കാലം വരെ അഭിമാനകരമായ വിധത്തില്‍ നിലനിര്‍ത്താനാവുകയും ചെയ്യുന്ന സാംസ്‌കാരിക പരിതോവസ്ഥ വലിയൊരളവോളം തകര്‍ക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്‌.ഫ്യൂഡലിസത്തില്‍ നിന്ന്‌ ആധുനിക കാലഘട്ടത്തിലേക്കുള്ള വളര്‍ച്ചയുടെ ഭാഗമായും പിന്നീട്‌ ആഗോളവല്‍ക്കരണഘട്ടത്തിലെ സാംസ്‌കാരികാധിനിവേശത്തിന്റെ ഭാഗമായും സംഭവിച്ച മാറ്റങ്ങള്‍ അടിത്തട്ടിലുള്ളവരുടെ തനതായ സാംസ്‌കാരിക ഘടകങ്ങളില്‍ പലതിനെയും ഇല്ലായ്‌മ ചെയ്യുകയും ചിലതിനെ തികച്ചും നിര്‍വീര്യമാക്കുകയും മറ്റ്‌ ചിലതിനെ വിപണിയെ ലക്ഷ്യം വെക്കുന്ന ഉല്‌പന്നങ്ങളാക്കി മാറ്റുകയും ചെയ്‌തിട്ടുണ്ട്‌.ഈ മാറ്റത്തില്‍ നിന്ന്‌ അവയെ പഴയ അവസ്ഥയിലേക്ക്‌ തിരിയെ കൊണ്ടുപോവുക അസാധ്യമാണ്‌.ബാഹ്യസമ്മര്‍ദ്ദങ്ങളോട്‌ പ്രതികരിക്കുന്നതിലും സ്വന്തം സാംസ്‌കാരിക വ്യക്തിത്വത്തിന്റെ ഘടകങ്ങളെ പരിവര്‍ത്തിപ്പിക്കുന്നതിലും പരിവര്‍ത്തിപ്പിക്കാതിരിക്കുന്നതിലുമെല്ലാം സ്വയം തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനുള്ള സാമ്പത്തികശേഷിയും ആത്മബലവും ഉണ്ടാക്കിക്കൊടുക്കുന്നതിലാണ്‌ ഭരണകൂടം സാധാരണജനങ്ങളെ സഹായിക്കേണ്ടത്‌.ഇത്‌ വളരെ ഗൗരവവാഹമായ വലിയ ഉത്തരവാദിത്വമാണ്‌.സാംസ്‌കാരികതലത്തില്‍ ആത്മവിശ്വാസം കൈവരിച്ചു കഴിഞ്ഞ ഒരു ജനതയെ ഒരു അധിനവേശശക്തിക്കും എളുപ്പത്തില്‍ കബളിപ്പിക്കാനോ കീഴടക്കാനോ ആവില്ല.
സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ വിവിധ മേഖലകളില്‍ നമ്മുടെ ജനത ഗണ്യമായ പുരോഗതി കൈവരിച്ചു കഴിഞ്ഞിട്ടുണ്ട്‌.കേരളത്തിലാണെങ്കില്‍ ഉയര്‍ന്നതോ ഭേദപ്പെട്ടതോ ആയ ജീവിതനിലവാരം കൈവരിച്ചു കഴിഞ്ഞവരാണ്‌ പാതിയോളം പേരെങ്കിലും.ഉദ്യോഗസ്ഥന്മാര്‍ക്ക്‌ ചെറുതല്ലാത്ത ശമ്പളവും മറ്റ്‌ ആനുകൂല്യങ്ങളുമുണ്ട്‌.കച്ചവടക്കാരില്‍ വലിയൊരു വിഭാഗം മെച്ചപ്പെട്ട വരുമാനമുണ്ടാക്കുന്നുണ്ട്‌.കൂലിപ്പണിക്കാര്‍ക്ക്‌ ഭേദപ്പെട്ട കൂലി കിട്ടുന്നുണ്ട്‌.എല്ലാവരും സാക്ഷരരാണ്‌.ടി.വിയും കംപ്യൂട്ടറും വലിയൊരു വിഭാഗം ജനങ്ങള്‍ക്കും പരിചിതമാണ്‌.വിനോദവ്യവസായം വളര്‍ന്നുകൊണ്ടിരിക്കുന്നുണ്ട്‌.ഒരു പാടാളുകള്‍ രാജ്യത്തിനകത്തും പുറത്തുമൊക്കെയായി സഞ്ചരിക്കുന്നുണ്ട്‌.പുതിയ 
ഷോപ്പിംഗ്‌ മാളുകളും
 അപ്പാര്‍ട്ടുമെന്റുകളും സംസ്ഥാനത്തുടനീളം ഉയര്‍ന്നു വരുന്നുണ്ട്‌.ഓരോ ദിവസവും ഈ സംസ്ഥാനം കോടിക്കണക്കിന്‌ രൂപയുടെ മദ്യം കഴിച്ച്‌ രസിക്കുകയും നശിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്‌. എല്ലാം ശരി തന്നെ.പക്ഷേ,ഏറ്റവും സാധാരണക്കാരായ മനുഷ്യര്‍ അവരുടെ ഏറ്റവും ചെറുതും ന്യായവുമായ ആവശ്യങ്ങള്‍ക്കു വേണ്ടി പോലും ഭരണകൂട സ്ഥാപനങ്ങളെ സമീപിച്ചാല്‍ യാതൊരു സഹായവും കിട്ടാതെ വരിക എന്നത്‌ ഇപ്പോഴും ഇവിടെ സര്‍വസാധാരണമാണ്‌.നിര്‍ധനരായ മനുഷ്യര്‍ ഏതെങ്കിലും കേസിലോ കോടതി വ്യവഹാരങ്ങളിലോ ചെന്നു പെട്ടാല്‍ അവര്‍ക്ക്‌ സഹായം നല്‍കാനുള്ള സംവിധാനങ്ങള്‍ ഇന്നും നാമമാത്രമാണ്‌.ജനങ്ങള്‍ക്ക്‌ സൗജന്യവൈദ്യസഹായം നല്‍കാന്‍ ഉദ്ദേശിച്ചുള്ള സര്‍ക്കാര്‍ ആശുപത്രികളുടെ സ്ഥിതി ഇപ്പോഴും ദയനീയമാണ്‌.ജില്ലാ ആശുപത്രികളില്‍ പോലും പല വകുപ്പുകളിലും ചികിത്സാസൗകര്യങ്ങള്‍ പോയിട്ട്‌ ഡോക്ടര്‍മാര്‍ പോലും ഇല്ല.പാവപ്പെട്ടവരില്‍ പലരും വലിയ രോഗങ്ങള്‍ വന്നാല്‍ ചികിത്സാസഹായം തേടാന്‍ നിവൃത്തിയില്ലാതെ അറിഞ്ഞുകൊണ്ട്‌ മരണത്തിലേക്ക്‌ നടന്നു നീങ്ങുന്നുവെന്നത്‌ ദു:ഖകരമായ ഒരു വാസ്‌തവമാണ്‌.
വന്‍കിടക്കാരുടെ കോടിക്കണക്കിനുള്ള വായ്‌പ എഴുതിത്തള്ളുമ്പോള്‍ പാവപ്പെട്ട ഒരാള്‍ സ്വന്തം കുട്ടിയുടെ വിദ്യാഭ്യാസത്തിനു വേണ്ടി എടുത്ത വായ്‌പ തിരിച്ചടക്കാനാവാതെ ജയിലില്‍ പോവേണ്ടി വരുന്നതിനെ നിര്‍വികാരമായി കണ്ടു നില്‍ക്കാന്‍ കഴിയുന്ന സമൂഹമാണ്‌ നമ്മുടേത്‌.വി.സിയും റജിസ്‌ട്രാറും അധ്യാപകരും ജീവനക്കാരുമെല്ലാം നല്ല ശമ്പളം വാങ്ങി ഇരിക്കുന്ന യൂനിവേഴ്‌സിറ്റിയില്‍ നിന്ന്‌ റിസല്‍ട്ട്‌ വന്ന്‌ രണ്ട്‌ വര്‍ഷം കഴിഞ്ഞിട്ടും ഒരു   വിദ്യാര്‍ത്ഥിക്ക്‌ മാര്‍ക്‌ ലിസ്റ്റ്‌ കിട്ടുന്നില്ലെന്നതിലോ,ഗവേഷണത്തിനുള്ള അപേക്ഷ അംഗീകരിക്കപ്പെട്ടതിനു ശേഷം ഒരു വര്‍ഷം കഴിഞ്ഞിട്ടും ഗവേഷണാര്‍ത്ഥിക്ക്‌ റജിസ്‌ട്രേഷന്‍ കിട്ടുന്നില്ലെന്നതിലോ ബന്ധപ്പെട്ടവരാരും ഒരപാകതയും കാണുന്നില്ല.ഒരു വിദ്യാര്‍ത്ഥി സംഘടനയും ഇത്തരം പ്രശ്‌നങ്ങളുടെ പേരില്‍ സമരം ചെയ്യുന്നില്ല.
പീഡിതയായ ഒരു പാവപ്പെട്ട പെണ്‍കുട്ടിക്ക്‌ എത്രയും വേഗം നീതി ലഭ്യമാക്കുക എന്നത്‌ വലിയൊരു സാമൂഹ്യാവശ്യമായി നീതിപീഠങ്ങള്‍ക്കു മുന്നില്‍ ഉന്നയിക്കപ്പെടുന്നത്‌ ദല്‍ഹി പെണ്‍കുട്ടിയുടെ കാര്യത്തിലെന്നതു പോലെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ സന്ദര്‍ഭങ്ങളില്‍ മാത്രമേ നാം കാണുന്നുള്ളൂ.ഉയര്‍ന്ന അധികാരങ്ങള്‍ കയ്യാളുന്നവരും സമ്പന്നരും സമൂഹത്തില്‍ വലിയ സ്വാധീനശക്തിയുള്ളവരും പ്രതിസ്ഥാനത്തു വരുമ്പോള്‍  കാര്യങ്ങള്‍ കുഴഞ്ഞുമറിയുന്നതും നീതിയുടെ നിര്‍വഹണം അനന്തമായിട്ടെന്ന പോലെ നീട്ടിവെക്കപ്പെടുന്നതും നാം കാണുന്നു.പീഡിതര്‍ നിന്ദിക്കപ്പെടുകയും വഞ്ചിക്കപ്പെടുകയും ചെയ്യുന്ന സമാനസന്ദര്‍ഭങ്ങളിലെല്ലാം രാഷ്ട്രീയ പാര്‍ട്ടികള്‍ ഫലപ്രദമായി ഒന്നും ചെയ്യാനാവാതെ രംഗം വിടുകയോ ചിലപ്പോള്‍ തികച്ചും ഉദാസീനരായി അങ്ങോട്ട്‌ തിരിഞ്ഞു നോക്കാതിരിക്കുയോ ചെയ്യുന്നു.സര്‍വമാന രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തുള്ളപ്പോള്‍ തന്നെയാണ്‌ കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ രോഗികളുടെ പ്രശ്‌നം അവിടത്തെ സന്നദ്ധസംഘടനകളും കക്ഷിരാഷ്ട്രീയബന്ധമില്ലാത്ത മനുഷ്യസ്‌നേഹികളും ലോകശ്രദ്ധയിലേക്ക്‌ കൊണ്ടു വന്നത്‌.
മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും അവയുടെ പോഷകസംഘടനകളുമെല്ലാം സ്വന്തം ആസ്‌തിയും ആള്‍ബലവും വര്‍ധിപ്പിക്കാന്‍ സഹായകമാവുന്ന സ്ഥാപനങ്ങള്‍ വളര്‍ത്തിയെടുക്കുന്നതില്‍ മാത്രം ദത്തശ്രദ്ധരായിരിക്കുന്നവരാണ്‌.അവരുടെ കണ്ണില്‍ പെടാത്ത അനുഭവമേഖലകളിലെ മനുഷ്യരാണ്‌ യഥാര്‍ത്ഥ രാഷ്ട്രീയത്തിനു വേണ്ടി നിലവിളിക്കുന്നത്‌.സൈദ്ധാന്തിക സമ്പന്നതയോ
  പാണ്ഡിത്യമോ ഒന്നുമല്ല,ആ നിലവിളി കേള്‍ക്കുന്നതിലുള്ള ജാഗ്രതയും അവരുടെ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണുന്നതിനുള്ള ഇടപെടലുകള്‍ക്കുള്ള സന്നദ്ധതയുമാണ്‌ ജനങ്ങള്‍ 'ആം ആദ്‌മി പാര്‍ട്ടി'യില്‍ നിന്ന്‌ പ്രതീക്ഷിക്കുന്നത്‌.ആ പ്രതീക്ഷക്കൊത്ത്‌ വളരാനുള്ള തയ്യാറെടുപ്പ്‌ മാത്രമായിരിക്കണം കേരളത്തെ സംബന്ധിച്ചിടത്തോളമെങ്കിലും തിരഞ്ഞെടുപ്പിലെ 'ആം ആദ്‌മി' സാന്നിധ്യം.

1 comment:

  1. “ആം ആദ്മി“ക്ക് വേണ്ടി ഒരു ചെറുശബ്ദമെങ്കിലും ഉയര്‍ന്നാല്‍ അതുതന്നെ വലിയ കാര്യം

    ReplyDelete