Pages

Saturday, April 25, 2015

സാംസ്‌കാരിക ഇടതുപക്ഷവും സമകാലിക കേരളവും

സാംസ്‌കാരിക ഇടതുപക്ഷം എന്നത് മലയാളികളെ സംബന്ധിച്ചിടത്തോളം നവോത്ഥാനത്തിന്റെ ചൈതന്യം ഉൾക്കൊണ്ടും യുക്തിവാദപ്രസ്ഥാനം,ജീവത്സാഹിത്യസംഘം,പുരോഗമനസാഹിത്യ സംഘടന,ദേശാഭിമാനി സ്റ്റഡിസർക്കിൾ,പുരോഗമന കലാസാഹിത്യസംഘം എന്നിവയുടെ പ്രവർത്തനങ്ങളിലൂടെയും എഴുത്തുകാർ,ചിത്രകാരന്മാർ,വായനക്കാർ,നാടകപ്രവർത്തകർ എന്നിവരുടെ സംഭാവനകളിലൂടെയും വളർന്നുവന്ന ശക്തമായൊരു സാംസ്‌കാരിക സാന്നിധ്യമായിരുന്നു.ആയിരുന്നു എന്നു പറഞ്ഞത് ഇപ്പോൾ അങ്ങനെയല്ല എന്നതുകൊണ്ടു തന്നെയാണ്.
രൂപഭദ്രതാവാദത്തെ തുടർന്നുണ്ടായ തർക്കങ്ങളുടെ ഫലമായി പരോഗമന സാഹിത്യസംഘടന നിർജീവമായതോടെ തന്നെ സാംസ്‌കാരിക ഇടതുപക്ഷം പരിക്ഷീണമായതാണ്.1940കളുടെ അന്ത്യത്തിലായിരുന്നു അത്.പിന്നീട് എഴുപതുകളിൽ ദേശാഭിമാനി സ്റ്റഡി സർക്കിളിലൂടെ ഒരു പുനരുജ്ജീവനം സാധ്യമാവുകയും പുരോഗമന കലാസാഹിത്യസംഘത്തിന്റെ രൂപീകരണത്തോടെ കാര്യങ്ങൾ കുറേക്കൂടി മെച്ചപ്പെടുകയും ചെയ്തു.പക്ഷേ,എന്നിട്ടും മലയാള സാഹിത്യത്തിൽ ഇടതുപക്ഷത്തിന് നിർണായക സ്വാധീനം സാധ്യമായില്ല.
1.950കളിൽ തന്നെ ഇടതുപക്ഷത്തു നിന്ന് പിന്മാറിത്തുടങ്ങിയ വായനക്കാർ 60കളുടെ അന്ത്യത്തോടെ ആധുനികതയുടെ ആരാധകരായിക്കഴിഞ്ഞിരുന്നു.അവരെ തിരിച്ച് ഇടതുപക്ഷത്തേക്ക് തന്നെ കൊണ്ടുവരാൻ ദേശാഭിമാനി സ്റ്റഡിസർക്കിളും പുരോഗമന കലാസാഹിത്യസംഘവും നടത്തിയ ശ്രമങ്ങൾ ചെറിയ അളവിലേ ഫലം കണ്ടുള്ളൂ. ഇടതുപക്ഷത്തിന് സ്വന്തമായ പ്രസിദ്ധീകരങ്ങളും പ്രസിദ്ധീകരണശാല തന്നെയും ഉണ്ടായിരുന്നെങ്കിലും അവയ്ക്ക് വായനാസമൂഹത്തിന്റെ ഭാഗത്തു നിന്ന് വിപുലമായ പിന്തുണ ലഭിച്ചിരുന്നില്ല. മലയാളത്തിൽ വമ്പിച്ച പൊതുസമ്മതിയുണ്ടായിരുന്ന എഴുത്തുകാരിൽ മഹാഭൂരിപക്ഷവും ഇടതുപക്ഷത്തിന്റെ കൂടെ നിന്നതുമില്ല.
ഈ പ്രതികൂല യാഥാർത്ഥ്യങ്ങളെ അവഗണിച്ച്  സ്വന്തം വഴിയിൽ മുന്നേറാനുള്ള ആത്മബലം ഇടതുപക്ഷത്തിന് ഉണ്ടായിരുന്നില്ല.അതു കാരണം,എഴുത്തുകാരന്റെ സാമൂഹ്യപ്രതിബദ്ധതയെ കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കെത്തന്നെ ആ നിലപാടിനോട് നേരിയ അളവിൽ പോലും മമത കാണിക്കാതിരുന്ന എഴുത്തുകാരെ അവർക്ക് പൊതുസമ്മതിയുണ്ട് എന്ന ഒറ്റ കാരണം കൊണ്ടു മാത്രം സ്വന്തം വേദികളിലേക്ക് ആനയിച്ചുകൊണ്ടുവരാൻ ഇടതുപക്ഷം ഉത്സാഹം കാണിച്ചു.വലിയ അവാർഡുകൾ,സാഹിത്യസ്ഥാപനങ്ങളിലെയും യൂനിവേഴ്‌സിറ്റികളിലെയും മറ്റും ഉയർന്ന പദവികൾ,മാധ്യമങ്ങളിൽ ലഭിക്കുന്ന പരിഗണന ഇവയെയൊക്കെ ആദരപൂർവം തന്നെയാണ് ഇടതുപക്ഷവും നോക്കിക്കണ്ടത്.എഴുത്തുകാരന്റെ രാഷ്ട്രീയാവബോധം,സാമൂഹ്യാവബോധം എന്നിവയെ കുറിച്ചുള്ള പ്രഭാഷണങ്ങളും ഈ നിലപാടുകളും തമ്മിലുള്ള പൊരുത്തക്കേട് കേരളത്തിലെ സാംസ്‌കാരിക ഇടതുപക്ഷത്തെ കടുത്ത ആശയക്കുഴപ്പത്തിലാക്കിയിരുന്നു.അതുകൊണ്ടു തന്നെ ഭാവുകത്വനിർമിതിയുടെ കാര്യത്തിൽ ഇടതുപക്ഷത്തിന് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.മാറി വരുന്ന കാലത്തെ അഭിസംബോധന ചെയ്യാൻ പാകത്തിൽ ഇടതുപക്ഷം ആശയപരമായ വളർച്ച നേടുന്നില്ല എന്ന തോന്നൽ പൊതുവെ ഉണ്ടായിവരികയും ചെയ്തു.ആ തോന്നൽ ഇപ്പോഴും തുടരുകയും ചെയ്യുന്നു.
ഇനി മറ്റു ചില വസ്തുതകളിലേക്ക് വരാം. സാഹിത്യത്തിലെ മേൽക്കോയ്മ ഇപ്പോഴും ഇടതുപക്ഷവിരുദ്ധർക്ക് തന്നെയാണെങ്കിലും കഴിഞ്ഞ പല ദശകങ്ങളായി മലയാള സാഹിത്യത്തെ നിലനിർത്തിപ്പോരുന്നത് ഇടതുപക്ഷക്കാരായ വായനക്കാരും ഇടതുപക്ഷക്കാരുടെ നിയന്ത്രണത്തിലുള്ള  വായനശാലകളുമാണ്.വലതുപക്ഷം മിക്കവാറും ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരെ കൊണ്ടുനടക്കുന്നതിൽ മാത്രം ശ്രദ്ധിച്ചു.സാഹിത്യദർശനത്തിലെ പുതിയ പ്രശ്‌നങ്ങളൊന്നും അവരുടെ ആലോചനാവിഷയമായതേയില്ല.അതെല്ലാം ഇടതുപക്ഷത്തിന്റെ ഉത്തരവാദിത്വമാണ് തങ്ങളുടെ ജോലി പ്രമാണിമാരെ കൊണ്ടുനടക്കൽ മാത്രമാണ് എന്ന മട്ടിലാണ് വലതുപക്ഷം പെരുമാറിപ്പോന്നത്.
1980കളുടെ അന്ത്യം വരെ ഏറെക്കുറെ ഇതായിരുന്നു സ്ഥിതി.പക്ഷേ,ഇടതുപക്ഷത്തിന്റെ ആത്മവിശ്വാസം തകർന്നുകൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.മലയാളിയുടെ സാഹിത്യഭാവുകത്വം തങ്ങൾ മുന്നോട്ടു വെക്കുന്ന സാഹിത്യസങ്കൽപങ്ങളെ പിന്തുടരുന്നതേയില്ല എന്ന ബോധ്യത്തിന്റെയും സാഹിത്യത്തിലെ അധികാരകേന്ദ്രങ്ങളെയും പ്രമാണിമാരെയും തങ്ങൾക്ക് അവഗണിക്കാനാവുന്നില്ല  എന്ന അനുഭവ നിഷ്ഠമായ തിരിച്ചറിവിന്റെയും ഫലമായിരുന്നു അത്.ഈ ഘട്ടത്തിലാണ് ഇ.എം.എസ്സിന്റെ നിർണായകപ്രാധാന്യമുള്ള പ്രസ്താവം വന്നത്.അത് ഇങ്ങനെയായിരുന്നു:
'സാഹിത്യരചനയും ആസ്വാദനവും തികച്ചും വ്യക്തിഗതമായ ഒരു വ്യാപാരമാണ്.സാമൂഹ്യമോ രാഷ്ട്രീയമോ ആയ യാതൊരു ലക്ഷ്യവും സാഹിത്യരചനക്ക് ആവശ്യമില്ല.ആ അർത്ഥത്തിൽ കല കലക്കുവേണ്ടിത്തന്നെയാണ്.ഈ സത്യം കമ്യൂണിസ്റ്റുകാരായ ഞങ്ങൾ വേണ്ടത്ര കണ്ടിരുന്നില്ല.'(ഭാഷാപോഷിണി -1991 ഒക്‌ടോബർ)
ഇ.എം.എസ്സിന്റെ ഈ നിലപാട് പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ പ്രസക്തിയെ തന്നെ ചോദ്യം ചെയ്യുന്നതാണ് എന്ന കാര്യം ആർക്കും ബോധ്യപ്പെടും.ഇ.എം.എസ് സ്വന്തമായി  താൻ ഉദ്ദേശിച്ചത് മറ്റൊന്നാണെന്ന് പിന്നീട് പറയുകയും ബി.രാജീവിനെ പോലുള്ള വ്യാഖ്യാതാക്കൾ  ഇ.എം.എസ്സിന്റെ ഭാഷാപോഷിണി ലേഖനം മലയാളത്തിലെ മാർക്‌സിസ്റ്റ് വിമർശനത്തെ സാമൂഹ്യശാസ്ത്രവാദത്തിന്റെ പിടിയിൽ നിന്ന് മോചിപ്പിക്കുന്ന ഒന്നാണെന്ന് വാദിക്കുകയും അതിനെ വഴിത്തിരിവിന്റെ രേഖ എന്നു വാഴ്ത്തുകയും ചെയ്തു.എന്നാൽ ഇനിയങ്ങോട്ട് സാഹിത്യമേഖലയിൽ ഇടതുപക്ഷ നിലപാടുകൾക്കോ ഒരു ഇടതുപക്ഷസംഘടനയ്‌ക്കോ പ്രസക്തിയില്ല എന്നതു തന്നെയായിരുന്നു ഇ,എം.എസ് പറയാതെ പറഞ്ഞു വെച്ചത്.അദ്ദേഹം പറഞ്ഞതിനെ കേരളത്തിലെ സാസ്‌കാരിക ഇടതുപക്ഷം അംഗീകരിച്ച മട്ടിലായിരുന്നു പിന്നീടുള്ള അനുഭവങ്ങൾ.അതിന്റെ വിശദാംശങ്ങൾ ചിക്കിച്ചികയുന്നതുകൊണ്ട് കാര്യമായ പ്രയോജനമൊന്നും ഉണ്ടാവില്ല എന്നതുകൊണ്ട് ആ വഴിക്ക് ഞാൻ നീങ്ങുന്നില്ല.
ഇപ്പോൾ സാംസ്‌കാരിക ഇടതുപക്ഷം എന്ന പരികൽപന പ്രസക്തമാണോ എന്ന കാര്യമാണ് നമുക്ക് ആലോചിക്കാനുള്ളത്.കഴിഞ്ഞ രണ്ടുമൂന്നു ദശകക്കാലത്തിനിടയിൽ കേരളത്തിലെ ജനജീവിതത്തിൽ വമ്പിച്ച മാറ്റങ്ങളുണ്ടായിട്ടുണ്ട്.പല വഴികളിലായി വൻതോതിൽ പണം ജനങ്ങളിലെ ഗണ്യമായ ഒരു വിഭാഗത്തിന്റെ കയ്യിൽ എത്തിച്ചേർന്നു,ഭൂമിവില വർധിച്ചതിനെ തുടർന്ന് ഭൂമി കൈമാറ്റത്തിലൂടെ അനകം പേരുടെ കയ്യിൽ ഭീമമായ തുക വന്നു ചേർന്നു,കൂലി വർധിച്ചു,വിദേശത്ത് തൊഴിൽ തേടി പോകുന്ന ചെറുപ്പക്കാരുടെ എണ്ണത്തിൽ വമ്പിച്ച വർധനവുണ്ടായി,വിനോദസഞ്ചാരത്തിനു വേണ്ടി വർഷം തോറും വലിയ തുക ചെലവഴിക്കാൻ തയ്യാറുള്ള ലക്ഷക്കണക്കിനാളുകൾ ഉണ്ടായി ,നഗരങ്ങളിലും ഗ്രാമങ്ങളിലും കാർണിവലുകളും വ്യാപാരമേളകളും സാധാരണമായി ഇങ്ങനെ ഈ മാറ്റങ്ങളെ ഒന്നൊന്നായി എണ്ണിപ്പറയാം.എല്ലാറ്റിനുമുപരിയായി സംഭവിച്ച സംഗതി അനുനിമിഷം വളരുന്ന വിപണിയിൽ വിജയകരമായി വ്യാപരിക്കാൻ ധാരാളം പണം വേണമെന്ന ചിന്ത ഓരോ വ്യക്തിയെയും കീഴടക്കുകയും പണമുണ്ടാക്കാനുള്ള വിവിധ വ്യവഹാരങ്ങളിൽ ആളുകൾ കൂടുതൽ കൂടുതൽ ഉത്സുകരാവുകയും ചെയ്തു എന്നതാണ്.ആ വക കാര്യങ്ങളെ കുറിച്ച് ആലോചിക്കാൻ വലുതായ ശേഷിയില്ലാത്തവർക്കും പുസ്തകവായനയിലേക്കോ കലാസമിതികളുടെ പ്രവർത്തനങ്ങളിലേക്കോ മറ്റെന്തെങ്കിലും സാംസ്‌കാരിക വ്യവഹാരങ്ങളിലേക്കോ  തിരിയാൻ പ്രേരണയുണ്ടാവുന്ന ഒരന്തരീക്ഷം ഇന്ന് നിലവിലില്ല.
ഇടതുപക്ഷം തികച്ചും അപ്രസക്തമായി എന്ന് ഇതുകൊണ്ട് അർത്ഥമാവുന്നില്ല.ഇപ്പോൾ സന്നദ്ധസംഘടനകൾ കയ്യടക്കിയിരിക്കുന്ന പല മേഖലകളിലും വിശ്വസനീയവും തുടർച്ച സാധ്യമാവുന്നതുമായ പരിണാമങ്ങളും മുന്നേറ്റങ്ങളുമുണ്ടാവണമെങ്കിൽ ഇടതുപക്ഷം തന്നെ വേണം എന്ന തോന്നൽ പൊതുവെ ഉണ്ടാവുന്നുണ്ട്.ഈ തോന്നലിനെ ശക്തിപ്പെടുത്താനും രാഷ്ട്രീയ ഇടതുപക്ഷത്തെ ശുദ്ധീകരിക്കാനും  ശേഷിയുള്ള ഒരു സാംസ്‌കാരിക ഇടതുപക്ഷമാണ് ഇന്ന് കേരളത്തിന് ആവശ്യമായിട്ടുള്ളത്.അങ്ങനെയൊരു തലത്തിലേക്ക് വളരണമെന്നുണ്ടെങ്കിൽ ഇപ്പോൾ മുറുകെ പിടിച്ചിരിക്കുന്ന പല ശാഠ്യങ്ങളും ഉപേക്ഷിക്കണം.
ആദ്യത്തെ കാര്യം മുൻകാലങ്ങളിൽ പ്രത്യയശാസ്ത്രപരമായ കാരണങ്ങളാൽത്തന്നെ ഒഴിവാക്കിയിരുന്ന സ്വത്വവാദം,സ്ത്രീവാദം,പരിസ്ഥിതി രാഷ്ട്രീയം തുടങ്ങിയ മേഖലകളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ചലനങ്ങളിൽ സാംസ്‌കാരിക ഇടതുപക്ഷം ശ്രദ്ധിക്കേണ്ടതായി എന്തെങ്കിലും ഉണ്ടോ എന്ന് ഈ രാജ്യത്തെ മൂർത്തമായ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ പരിശോധിക്കണം.സാഹിത്യാസ്വാദനത്തിലെ സാർവദേശീയ ഘടകങ്ങൾക്കൊപ്പം പ്രാദേശിക ഘടകങ്ങളും പ്രവർത്തിക്കുന്നുണ്ടോ എന്ന് ആഴത്തിൽ അന്വേഷിക്കണം.അങ്ങനെ നിരൂപണത്തെ മാർക്‌സിയൻ സൗന്ദര്യശാസ്ത്രത്തിന്റെ പഴയ അതിരുകൾക്ക് പുറത്തേക്ക് കൊണ്ടുപോവണം.കലാസാംസ്‌കാരികരംഗങ്ങളിൽ തികഞ്ഞ ജനാധിപത്യബോധത്തോടെ ഇടപെടാൻ തയ്യാറാവുകയാണെങ്കിൽ മാത്രമേ ചെറുപ്പക്കാർ ഇടതുപക്ഷത്തോടൊപ്പം നിൽക്കുകയുള്ളൂ.പുതിയ തലമുറയുടെ പൂർണവിശ്വാസം ആർജ്ജിക്കുക വഴിയേ സാംസ്‌കാരിക ഇടതുപക്ഷത്തിന് സജീവമാകാൻ കഴിയൂ.അല്ലാത്ത പക്ഷം കാലഹരണപ്പെട്ട ഭാഷയിൽ സിദ്ധാന്തങ്ങൾ ഉരുവിടുന്നവരുടെ ജീവസ്സറ്റ കൂട്ടായ്മയായി ഒരു രംഗത്തും കാര്യമായ ഇടപെടൽ സാധ്യമാവാതെ അത് വെറുതെ നിലനിന്ന് പോവുകയേ ഉള്ളൂ.

25/4/2015

No comments:

Post a Comment