Pages

Saturday, October 17, 2015

എം.എൻ.വിജയനെ ആദരിക്കേണ്ടതെങ്ങനെ?

എം.എൻ.വിജയന്റെ ചരമവാർഷികം വികാരപൂർണമായ അനേകം ഓർമകളുടെ ആവർത്തനത്തിലും സ്തുതികളിലും മാത്രമായി ഒതുങ്ങിപ്പോവുകയാണെങ്കിൽ അത്  അദ്ദേഹത്തിന്റെ ധൈഷണിക ജീവിതത്തിന്റെ അന്തർധാരായി വർത്തിച്ച ദർശനത്തിന്റെയും നിലപാടുകളുടെയും നിരാകരണമേ ആവുകയുള്ളൂ.സാഹിത്യനിരൂപണം,സംസ്‌കാരപഠനം,വിദ്യാഭ്യാസവിശകലനം,ഫാസിസത്തിന്നെതിരായ ആശയസമരം,മാർക്‌സിസത്തിന്റെ സമകാലിക പ്രയോഗങ്ങളുടെ വിമർശം എന്നീ മേഖലകൾക്കെല്ലാം  എം.എൻ.വിജയൻ നൽകിയ സംഭാവനകൾക്ക് ഒരേ സമയം അത്ഭുതകരമായ ആഴവും ഔന്നത്യവുമുണ്ട്.പക്ഷേ, മലയാളിയുടെ ബൗദ്ധികജീവിതത്തിന്റെ ഭാവി തന്റെ ആശയങ്ങളുടെയും അപഗ്രഥനങ്ങളുടെയും പരിധിക്കുള്ളിൽ ഒതുങ്ങി നിൽക്കണമെന്ന് ആഗ്രഹിക്കുകയോ അങ്ങനെ സംഭവിക്കുമെന്ന് വ്യാമോഹിക്കുകയോ ചെയ്ത ചിന്തകനല്ല എം.എൻ.വിജയൻ.കേസരിബാലകൃഷ്ണപിള്ളയെപ്പോലെ അദ്ദേഹവും കേരളസമൂഹം ചിന്തയുടെ പുതിയ വേഗങ്ങളെ അപ്പപ്പോൾ സ്വന്തമാക്കണമെന്നും വൃദ്ധപൂജയെയും ഭൂതകാലാരാധനയെയും പാടെ ഉപേക്ഷിക്കണമെന്നുമുള്ള പക്ഷക്കാരനായിരുന്നു.
എം.എൻ.വിജയന്റെ ധൈഷണികജീവിതത്തിന്റെ ആദ്യഘട്ടം ബഹുമുഖമായ അന്വേഷണങ്ങളുടെതായിരുന്നു. 1944 മുതൽ ആരംഭിക്കുന്ന ഈ ഘട്ടത്തിന്റെ ആദ്യവർഷങ്ങളിൽ അദ്ദേഹം വിദ്യാർത്ഥി കോൺഗ്രസ്സിന്റെ പ്രവർത്തകനായിരുന്നു. വീറുള്ള പ്രസംഗകനായും സംഘാടകനായും സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിത്തീർന്ന വിജയൻമാഷ് ബ്രിട്ടീഷ് ലിബറലിസത്തോടും നെഹ്‌റുവിയൻ സോഷ്യലിസത്തോടുമെല്ലാം  വലുതായ ആഭിമുഖ്യം പുലർത്തിയിരുന്നു.മാർക്‌സിയൻ സിദ്ധാന്തത്തെയും അതിന്റെ പ്രയോഗത്തെയും കൃത്യമായി മനസ്സിലാക്കാനും ഈ ഘട്ടത്തിൽ തന്നെ അദ്ദേഹം ശ്രമിച്ചിരുന്നു.ഫ്രോയിഡിലുള്ള താൽപര്യവും പതിനെട്ട്-പത്തൊമ്പത് വയസ്സിൽത്തന്നെ ആരംഭിക്കുന്നുണ്ട്.ഈ താൽപര്യം രാഷ്ട്രീയത്തോടും സാമൂഹ്യപ്രശ്‌നങ്ങളോടുമുള്ള ആഭിമുഖ്യത്തെ പുറന്തള്ളി അദ്ദേഹത്തിന്റെ ചിന്താലോകത്തിന്റെ അച്ചുതണ്ടായിത്തീരുന്നതാണ് പിന്നീട് കണ്ടത്.1983 ൽ തലശ്ശേരിയിൽ വെച്ച് ചെയ്ത 'മാർക്‌സും ഫ്രോയ്ഡും' എന്ന പ്രസംഗം വരെ നീളുന്നതാണ് ഈ രണ്ടാം ഘട്ടം.
പിന്നീട് രണ്ടുമൂന്ന് വർഷം കഴിയുമ്പോഴേക്കും  അദ്ദേഹം പുരോഗമനകലാസാഹിത്യസംഘത്തിന്റെ വേദികളിലെ പ്രധാനസാന്നിധ്യമായിക്കഴിഞ്ഞിരുന്നു.വളരെ വൈകാതെ അദ്ദേഹം അതിന്റെ അമരക്കാരനായി.1987 ജനുവരി 4ന് കോട്ടയത്തുവെച്ചു നടന്ന സമ്മേളനത്തിൽ വൈസ്പ്രസിഡന്റായതുമുതൽ 2000 ജൂൺ 1 ന് സംഘത്തിന്റെ പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നതുവരെയും പിന്നീടുമായി ഒരു ദശകത്തിലേറെക്കാലത്തോളം സാഹിത്യത്തിലെ പുരോഗമനപക്ഷത്തിന്റെ സൈദ്ധാന്തികനിലപാടുകൾ വിശദീകരിച്ചും മലയാളത്തിലെ ലബ്ധപ്രതിഷ്ഠരും അല്ലാത്തവരുമായ അനേകം എഴുത്തുകാർ  സാധിച്ച സാമൂഹ്യവിമർശനത്തിന്റെ സൂക്ഷ്മാപഗ്രഥനം  നിർവഹിച്ചും ഫാസിസത്തെ അറിയാനും പ്രതിരോധിക്കാനുമുള്ള വഴികൾ ചൂണ്ടിക്കാണിച്ചും ആഗോളവൽക്കരണത്തിന്റെ രാഷ്ട്രീയം  രാജ്യത്തെ പൊതുസമൂഹത്തെയും ഇടതുപക്ഷത്തെയും എങ്ങനെയൊക്കെ ബാധിക്കുന്നുവെന്ന് വ്യക്തമാക്കിയും എഴുത്തും പ്രഭാഷണങ്ങളും വഴി കേരളത്തിന്റെ സാംസ്‌കാരികജീവിതത്തിൽ വിജയൻമാഷ് നിറഞ്ഞു നിന്നു.ഇന്ത്യൻ മനസ്സ്, ഭാരതീയദർശനം,ഫോക്‌ലോറിന്റെ മന:ശാസ്ത്രം,ഫാസിസത്തിന്റെ സിദ്ധാന്തം,പ്രയോഗം,ഫണ്ടിംഗിന്റെ രാഷ്ട്രീയം,ആഗോളവൽക്കരണത്തിന്റെ സാംസ്‌കാരിക പ്രത്യാഘാതങ്ങൾ തുടങ്ങിയ വിഷയങ്ങളെ കുറിച്ചും കുമാരനാശാൻ,വൈലോപ്പിള്ളി,ബഷീർ എന്നിവരുടെ കൃതികളുടെ മന:ശാസ്ത്രപരവും സാമൂഹ്യവുമായ അർത്ഥങ്ങളെ കുറിച്ചും ഭാഷയിൽ ഉണ്ടായ ഏറ്റവും മികച്ച വിശദീകരണങ്ങൾ എം.എൻ.വിജയന്റെതാണ്.അവയെയെല്ലാം നിസ്സാരീകരിച്ച് കാണിക്കാനുള്ള ഏത് ശ്രമവും തികച്ചും യാഥാസ്ഥിതകമായ രാഷ്ട്രീയസാമൂഹ്യസാഹിതീയ നിലപാടുകളിൽ നിന്ന് ഉണ്ടാവുന്നതാണ്. ശ്രദ്ധേയമായ ഒരു സംഭാവനയും ഒരു മണ്ഡലത്തിലും അവകാശപ്പെടാൻ ഇല്ലാത്തപ്പോഴും ഉയർന്ന സാഹിത്യസൈദ്ധാന്തികരെന്ന് ഭാവിക്കുന്നതിൽ യാതൊരു മന:സാക്ഷിക്കുത്തുമില്ലാത്തവരെയും എം.എൻ.വിജയന്റെ ഏതെങ്കിലുമൊരു ലേഖനത്തിന്റെയോ പ്രഭാഷണത്തിന്റെയോ അകത്തേക്ക് പ്രവേശിക്കാനുള്ള ധൈഷണിക ശേഷിയില്ലാത്തവരെയും അദ്ദേഹത്തിന്റെ വിമർശകർക്കിടയിൽ കാണാം.അവരുടെ വാക്കുകൾക്ക് നാം അൽപമായിപ്പോലും ഗൗരവം കൽപിക്കുന്നത്  സ്വയം നിന്ദിക്കുന്നതിൽ കവിഞ്ഞുള്ള എന്തെങ്കിലും ആവുകയില്ല.
വിജയൻമാഷുടെ ലേഖനങ്ങളും പ്രഭാഷണങ്ങളും വിമർശനാതീതമാണെന്ന് സ്ഥാപിക്കാനല്ല എന്റെ പുറപ്പാട്.അവയിൽ പലതിലും പൂരിപ്പിക്കപ്പെടേണ്ട ഇടങ്ങളും വിമർശിക്കപ്പെടേണ്ട വൈരുധ്യങ്ങളും ഉണ്ടെന്നതിൽ സംശയമില്ല.സാഹിത്യത്തിലെയും രാഷ്ട്രീയത്തിലെയും  ചില ചലനങ്ങളെ കുറിച്ച് അദ്ദേഹം വളരെ വൈകിമാത്രമേ പ്രതികരിച്ചുള്ളുവെന്നും ചിലതിനെ കുറിച്ച് അദ്ദേഹം മൗനം പാലിച്ചുവെന്നും ശരിയായിത്തന്നെ ചൂണ്ടിക്കാണിക്കാനാവും.ചിന്തയുടെ ലോകത്തിൽ ഭാവിതലമുറകൾക്ക് ചോദ്യം ചെയ്യാൻ പാടില്ലാത്തതായി യാതൊന്നും തന്നെയില്ല.
വിജയൻമാഷ്‌ക്കുമേൽ  ഭക്തിതുല്യമായ ആദരവ് ചാർത്തുന്നവർ തൊട്ട് അദ്ദേഹത്തെ മനസ്സിലാക്കാനുള്ള നേരിയ ശ്രമം പോലും തങ്ങളുടെ ഭാഗത്തു നിന്നുണ്ടാവില്ല എന്ന് തീരുമാനിച്ചുറച്ചവർവരെയുള്ളവർ ഓർക്കാതെ പോവുന്ന ഒരു കാര്യമുണ്ട്.വിഷയം സാഹിത്യമായാലും  രാഷ്ട്രീയമായലും സംസ്‌കാരപഠനമായാലും അദ്ദേഹത്തിന്റെ സമീപനം തീർത്തും ഗൗരവപൂർണമാണ്.ആഴമേറിയ പഠനമനനങ്ങളുടെ   സംസ്‌കാരമാണ് എം.എൻ.വിജയന്റെ ധൈഷണികജീവിതത്തിൽ നിന്ന് മലയാളികൾക്ക് സ്വാംശീകരിക്കാനുള്ളത്.അതിനു തയ്യാറുന്നവർ  വിജയൻമാഷുടെ രാഷ്ട്രീയ സാംസ്‌കാരിക നിലപാടുകൾക്കിടയിലെ വിടവുകളുടെ പൂരണവും അദ്ദേഹത്തിന്റെ ചിന്തകളുടെ വിമർശനാത്മകമായ തുടർച്ചയും സാധിക്കും.അതായിരിക്കും വിജയൻമാഷോട് കാണിക്കുന്ന ആദരവിന്റെ ശരിയായ സൂചകം.



1 comment:

  1. വിജയന്മാഷ്ക്ക് നൽകാവുന്ന ആദരവ് വിമര്ശനം തന്നാണ്. വിഗ്രഹമാക്കലല്ല. വിജയന്മഷെപ്പറ്റി എഴുതിക്കണ്ടതിൽ സന്തോഷം.

    ReplyDelete