Pages

Thursday, November 24, 2016

ഒരേയൊരായുധം സാംസ്‌കാരിക പ്രവർത്തനം

കണ്ണൂർ ജില്ലയിൽ കഴിഞ്ഞ നാലര പതിറ്റാണ്ടിലേറെയായി ചെറിയ ചില ഇടവേളകളൊഴിച്ചാൽ എല്ലാ വർഷവും രണ്ടോ മൂന്നോ ചിലപ്പോൾ അതിലധികമോ രാഷ്ട്രീയ കൊലപാതകങ്ങൾ ഉണ്ടായി  ക്കൊണ്ടിരി ക്കുന്നു.സി.പി.ഐ( എം) ന്റെയും ആർ.എസ്.എസ്സിന്റെയും  സാധാരണക്കാരായ സജീവപ്രവർത്തകരാണ് കൊല്ലപ്പെട്ടവരിൽ മഹാഭൂരിപക്ഷവും.ബി.ജെ.പിയും ആർ.എസ്.എസ്സും ജില്ലയിലെ മാർക്‌സിസ്റ്റ് പാർട്ടിയെ  ഭയപ്പെടുത്തി നിർവീര്യമാക്കാനും അതുവഴി സംസ്ഥാനത്താകെ പാർട്ടിയെ നിശ്ചലമാക്കാനും ഉദ്ദേശിച്ച് നടത്തുന്ന ആസൂത്രിതശ്രമങ്ങളിൽ നിന്നാണ് കൊലപാതകങ്ങളിലേക്ക് നയിക്കുന്ന അസ്വാസ്ഥ്യങ്ങളും സംഘട്ടനങ്ങളും ആരംഭിക്കുന്നതെന്ന നിരീക്ഷണം നേരത്തെ എം.എൻ.വിജയനിൽ നിന്നു തന്നെ ഉണ്ടായിട്ടുണ്ടെന്ന കാര്യം  സി.പി.ഐ.( എം) നേതാക്കൾ ഈയിടെയായി പല സന്ദർഭങ്ങളിലും ബഹുജനങ്ങളെ ഓർമിപ്പിച്ചു വരുന്നുണ്ട്. വിജയൻമാഷുടെ നിരീക്ഷണം പൂർണമായും ശരിയാണെന്ന് വാദിക്കുന്നവർ തന്നെയും കടന്നുപോയ ദശകങ്ങളിലെ അനുഭവങ്ങളുടെ വെളിച്ചത്തിൽ ഒരു കാര്യം സമ്മതിക്കുമെന്നാണ് ഞാൻ കരുതുന്നത്: ആയുധം കൊണ്ടുള്ള തിരിച്ചടികളിലൂടെയും കൊലപാതകങ്ങളിലൂടെയുമല്ലാതെ ആർ.എസ്.എസ്സിനെ എങ്ങനെ നേരിടാമെന്ന കാര്യം ഗൗരവമായി ആലോചിച്ച് ഒരു കർമപദ്ധതി രൂപപ്പെടുത്തി മുന്നോട്ടു പോവാനുള്ള തീരുമാനം കൊക്കൊള്ളുന്നത് ഇനിയും വെച്ചുനീട്ടുന്നത് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് ഒട്ടും തന്നെ അഭിമാനകരമല്ല.
കൊല്ലപ്പെട്ടയാളുടെ അടുത്ത ബന്ധുക്കളുടെയും ബന്ധുക്കളോളം തന്നെ അടുത്ത സുഹൃത്തുക്കളുടെയും പകയിൽ നിന്നാണ് പകരം വീട്ടിക്കൊണ്ടുള്ള കൊലയ്ക്കുള്ള പ്രേരണയും പ്രാരംഭശ്രമങ്ങളും ഉണ്ടാകുന്നത് എന്നാണ് സാധാരണയായി ആരും ഊഹിക്കുക.ആ ഊഹം തെറ്റാവാൻ സാധ്യതയുമില്ല.എന്നാൽ പകരം വീട്ടുന്നത് നേരിട്ട് ബന്ധുക്കളോ സുഹൃത്തുക്കളോ അല്ല.അതിനു വേണ്ടി ഇരു വശവും ഏതാനും ചിലരെ നിയോഗിക്കുകയാണ് ചെയ്യുന്നത്.ഇവർ പിന്നീട് നോട്ടപ്പുള്ളികളാവുകയും ഏതെങ്കിലുമൊരു ഘട്ടത്തിൽ കൊലക്കത്തിക്ക് ഇരയാവുകയും ചെയ്യുന്നു.ജില്ലയിലെ ഒട്ടുമിക്ക രാഷ്ട്രീയ കൊലപാതകങ്ങളിലെയും ഇര മുമ്പ് ഏതെങ്കിലുമൊരു കൊലപാതകത്തിലെ പ്രതിയായിരുന്നുവെന്നാണ് റിപ്പോർട്ടുകളിൽ കാണാറുള്ളത്.കൊല നടത്തുന്നവർ പണത്തിനു വേണ്ടി ആ പണി ചെയ്യുന്ന ക്വട്ടേഷൻ സംഘക്കാരാവാമെന്ന ഊഹം കണ്ണൂർ ജില്ലയിലെ കൊലപാതകികളുടെ കാര്യത്തിൽ  ശരിയാവുമെന്ന് തോന്നുന്നില്ല.ഏത് പക്ഷത്തായാലും തങ്ങളുടെ രാഷ്ട്രീയ വിശ്വാസവും പാർട്ടിക്കൂറുമാണ് ഒരു മനുഷ്യന് ചെയ്യാനാവുന്നതിൽ വെച്ച് ഏറ്റവും മനുഷ്യത്വരഹിതമായ പ്രവൃത്തി ചെയ്യാനുള്ള ഹൃദയ കാഠിന്യം അവർക്ക് നൽകുന്നത്.
ഇങ്ങോട്ട് വരുന്ന ആക്രമണങ്ങളെ തടയുക,തന്ത്രപരമായി പരാജയപ്പെടുത്തുക എന്നൊക്കെയുള്ളതല്ലാതെ അങ്ങോട്ട് ആക്രമിക്കുക എന്നത് രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമല്ലെന്ന് അണികളെ ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്വം വർഗീയത ദർശനമായിട്ടുള്ള, ഫാസിസ്റ്റ് പ്രവർത്തനശൈലി ഇപ്പോഴും ഉപേക്ഷിച്ചിട്ടില്ലെന്ന് ഇടക്കിടെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒരു പാർട്ടിയിൽ നിന്നും അതിന്റെ ഭാഗമായി പ്രവർത്തിക്കുന്ന സംഘടനയിൽ നിന്നും പ്രതീക്ഷിക്കാനാവില്ല.പക്ഷേ,ഇടതുപക്ഷത്തുള്ളവർ ഈ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറരുത്.
കായികപരിശീലനവും ആയുധപരിശീലനവും നടത്തുന്ന ഒരു സംഘടന ഗ്രാമങ്ങളിലെല്ലാം വേരുപടർത്തുകയും അതിലെ അംഗങ്ങൾ  കൂടെക്കൂടെ പല തരത്തിൽ പ്രകോപനം സൃഷ്ടിച്ചുകൊണ്ടിരിക്കുകയും ചെയ്യുമ്പോൾ അഹിംസാവാദികളായി അടങ്ങിയിരുന്ന് സർവവും സഹിച്ചുകൊള്ളണമെന്ന് പറയുന്നതിൽ എന്താണർത്ഥം എന്ന എതിർവാദം മാർക്‌സിസ്റ്റ് പാർട്ടിയെ അനുകൂലിക്കുന്നവരിൽ നിന്ന് പ്രതീക്ഷിക്കാവു ന്നതാണ്.ആക്രമണങ്ങളി ലൂടെയും പകപോക്കലുകളിലൂടെയും ഒരു പാർട്ടിയെയോ സംഘടനയെയോ ഇല്ലായ്മ ചെയ്യാനോ ദീർഘകാലത്തേക്ക് കീഴ്‌പെടുത്തി വെക്കാൻ പോലുമോ ആവില്ല.മാത്രവുമല്ല ആ മാർഗം ഒരു പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതുമല്ല.
അപ്പോൾപ്പിന്നെ ആർ.എസ്.എസ്സിനെയും മറ്റ് വർഗീയ ശക്തികളെയും എങ്ങനെ നേരിടും? നിർണായക സന്ദർഭങ്ങളിലെല്ലാം അവരോട് ചേർന്നു നിൽക്കുന്ന കോൺഗ്രസ്സിനെയും മറ്റ് പാർട്ടികളെയും എങ്ങനെ നിലയ്ക്ക് നിർത്തും?
കൊലപാതക രാഷ്ട്രീയത്തിന് അറുതി വരുത്തുന്നതിനും ആർ.എസ്.എസ് ഭീഷണിയെ നേരിടുന്നതിനും സാംസ്‌കാരിക പ്രവർത്തനമല്ലാതെ മറ്റൊരായുധവും ഫലപ്രദമാവുകയില്ല.തിരിച്ചടികളും ഭീഷണികളും താൽക്കാലികമായി ഫലം ചെയ്‌തേക്കും.അതു പോലും അനേകം പേരുടെ ജീവൻ ബലി കൊടുത്തേ യാഥാർത്ഥ്യമായിത്തീരുകയുള്ളൂ.സാംസ്‌കാരിക പ്രവർത്തനത്തിന്റെ വഴി പൂർണാർത്ഥത്തിൽത്തന്നെ വേറിട്ടുള്ള ഒന്നാണ്.എല്ലാ വിഭാഗം ജനങ്ങൾക്കിടയിലും ഉയർന്ന ലോകബോധവും വിശാലമായ താൽപര്യങ്ങളും വളർത്താൻ അതിലൂടെയേ സാധിക്കൂ.ഉപചാരത്തിനു വേണ്ടിയുള്ള കലാസാംസ്‌കാരിക പ്രവർത്തനങ്ങളും പാർട്ടിയുടെ ഘടന അതേ പടി പകർത്തിയെടുത്ത് രൂപപ്പെടുത്തുന്ന സംഘടനയിലൂടെ ചിട്ടപ്പടിയായി നടത്തുന്ന പ്രവർത്തനങ്ങളും ഫലം ചെയ്യില്ല.യുദ്ധകാലത്തെ ചാരപ്രവർത്തനത്തിന്റെ ശൈലിയിൽ ഓരോ എഴുത്തുകാരനെയും /എഴുത്തുകാരിയെയും സൂക്ഷ്മമായി നിരീക്ഷിച്ച് അയാളിൽ/അവളിൽ പാർട്ടി വിരുദ്ധ നിലപാടുകളുടെ നേർത്ത ഛായ പോലും കാണാനില്ലെന്ന് ഉറപ്പ് വരുത്തിക്കൊണ്ടു മാത്രം  സഹകരിപ്പിക്കുക എന്ന നിലപാടും ഇടതുപക്ഷ സാംസ്‌കാരിക പ്രവർത്തനത്തെ എവിടെയും കൊണ്ടു ചെന്നെത്തിക്കില്ല.പല കാരണങ്ങളാൽ മുഖ്യധാരാ മാധ്യമങ്ങൾക്കും സാംസ്‌കാരിക സ്ഥാപനങ്ങൾക്കും പ്രിയംകരരായിത്തീരുന്നവരെ അങ്ങോട്ടു ചെന്ന് വണങ്ങി തങ്ങളുടേതാക്കിത്തീർക്കുന്നതുകൊണ്ടും ഇടതുപക്ഷം കാര്യമായി ഒന്നും നേടാൻ പോവുന്നില്ല.
അന്റോണിയോ ഗ്രാംഷി വ്യക്തമായി വിശദീകരിച്ച സാംസ്‌കാരിക നടുനായകത്വ       ( Cultural hegemony)ത്തിന്റെ കരുത്ത്  നമ്മുടെ  ആശയലോകങ്ങളെയും സൗന്ദര്യസങ്കൽപങ്ങളെയും ഭാവുകത്വത്തെ ആകെത്തന്നെയും  യാഥാസ്ഥിതികവും ജീർണവുമാക്കി നിലനിർത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. സമ്പന്നരും സവർണരും പരിപോഷിപ്പിച്ചതും സാധാരണജനങ്ങളുടെ ജീവിത വേദനകൾക്കും ഹൃദയവികാരങ്ങൾക്കും യാതൊരു പരിഗണനയും നൽകാത്തതുമായ
 മൂല്യസങ്കല്പങ്ങ ളാണ് കാവ്യസൗന്ദര്യത്തെ കുറിച്ചുള്ള നമ്മുടെ ധാരണകളെ നൂറ്റാണ്ടുകളോളം ഭരിച്ചു പോന്നത്. കേരളീയ നവോത്ഥാനം സൃഷ്ടിച്ച പുതിയ മനുഷ്യസങ്കൽപവും പിന്നീട് ദേശീയ പ്രസ്ഥാനവും ഈ ആധിപത്യ ത്തിന്നെതിരായ നിലപാടുകൾക്കും ശക്തമായ ചില ആവിഷ്‌ക്കാരങ്ങൾക്കും വഴി തുറന്നു.പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ സ്വാധീനം വളരെ ശക്തമായിരുന്ന 1930കളുടെ രണ്ടാം പകുതി മുതൽ 1950കളുടെ ആദ്യവർഷങ്ങൾ  വരെയുള്ള കാലത്ത് കാര്യങ്ങൾ വളരെയേറെ മുന്നോട്ടു പോയി.അടിത്തട്ടിലെ മനുഷ്യർ സാഹിത്യത്തിന്റ കേന്ദ്ര സ്ഥാനത്തേക്ക് കടന്നുവരുന്ന അനുഭവങ്ങൾ തുടരെത്തുടരെ ഉണ്ടായി.
പുരോഗമന സാഹിത്യം പരിക്ഷീണമായിത്തുടങ്ങിയതോടെ ഏകാകികളായ വ്യക്തികളുടെ മോഹങ്ങളും വേദനകളും തങ്ങളെ തകർക്കാനായി നിലകൊള്ളുന്നതെന്ന് സ്വജീവിതാനുഭവങ്ങളിലൂടെ അവർക്ക് ബോധ്യപ്പെട്ട യാഥാസ്ഥിതക ശക്തികൾക്കെതിരെ വ്യക്തിഗത വിജയത്തിനു വേണ്ടി അവർ തനിച്ചു നടത്തുന്ന  പോരാട്ടങ്ങളുമൊക്കെയായി നമ്മുടെ സാഹിത്യത്തിലെ പ്രധാനപ്പെട്ട ഉള്ളടക്കം.അതിനു ശേഷമാണ് ആധുനികതയുടെ വരവ്.മലയാള സാഹിത്യം ദർശനതലത്തിൽ ഏറ്റവും പരതന്ത്രമായ കാലമാണത്.ഏത് സാമൂഹ്യപ്രശ്‌നങ്ങളെയും സാമൂഹ്യാവസ്ഥയുടെ ഇടപെടൽ നേരിട്ടനുഭവപ്പെടാത്ത വൈയക്തിക പ്രശ്‌നങ്ങളെയുമെല്ലാം അസ്തിത്വവാദത്തിന്റെ പരിസരത്തിലേക്ക് പ്രവേശിപ്പിച്ച് മറ്റെന്തൊക്കെയോ ആക്കിത്തീർക്കുന്നതിൽ നമ്മുടെ എഴുത്തുകാർ ഈ കാലത്ത് കാണിച്ച അത്യുത്സാഹത്തിന്റെ കാരണം ഇപ്പോഴും പൂർണമായി പിടികിട്ടിയിട്ടില്ല.എഴുപതുകളുടെ അവസാനമാവുമ്പോഴേക്ക് ആധുനികതയുടെ പ്രഭാവത്തിന് മങ്ങലേറ്റു തുടങ്ങുകയും എൺപതുകളുടെ മധ്യത്തോടെ മലയാള സാഹിത്യം ആധുനികോത്തരതയിലേക്ക് പ്രവേശിച്ചതായി വായനക്കാർക്ക് പൊതുവെ അനുഭവപ്പെടുകയും ചെയ്തു.
ആധുനികോത്തരതയുടെ ദർശനത്തെ രൂക്ഷമായി വിമർശിക്കുന്നവർക്കു പോലും ഒരു അവസ്ഥ എന്ന നിലയിൽ ആധുനികോത്തരത വലിയൊരളവോളം കേരളത്തിലും യാഥാർത്ഥ്യമായി തീർന്നു എന്ന വസ്തുത അംഗീകരിക്കാതിരിക്കാനാവില്ല.സാഹിത്യത്തിൽ യൂറോപ്പിലും അമേരിക്കയിലും ഉണ്ടായ ആധുനികോത്തരതയല്ല ഇവിടെ ഉണ്ടായതെന്ന് സ്ഥാപിക്കാനും അതുകൊണ്ടു തന്നെ നമ്മുടെ സാഹിത്യത്തെ ആധുനികോത്തരം എന്ന് വിശേഷിപ്പിക്കാനാവുന്ന സാഹചര്യം ഇന്നേ വരെ ഇവിടെ ഉണ്ടായിട്ടില്ലെന്നും സ്ഥാപിച്ചെടുക്കാൻ ഒരാൾക്ക് ഏറെ വിഷമിക്കേണ്ടി വരില്ല.പക്ഷേ,മലയാളസാഹിത്യം ആധുനികോത്തരതയുടെ യൂറോപ്യൻ/അമേരിക്കൻ ലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചില്ല എന്ന് വാദിച്ചുറപ്പിക്കുന്നതിൽ യാതൊരു കാര്യവുമില്ല.ആഗോളവൽക്കരണത്തിന്റെതായ ഈ കാലത്ത് മൂലധനത്തിന്റെയും ടെക്‌നോളജിയുടെയും  രാജ്യാതിർത്തികൾ ഭേദിച്ചുള്ള വ്യാപനത്തിലൂടെ സൃഷ്ടിക്കപ്പെട്ട ജീവിതാവസ്ഥയും അതിന്റെ ഉൽപന്നമായ മാനസികാവസ്ഥയും ലോകത്തിലെ മിക്ക സമൂഹങ്ങളെയും പോലെ കേരള സമൂഹവും പങ്കുവെക്കുന്നുണ്ടെന്ന യാഥാർത്ഥ്യത്തെ തർക്കിച്ച് ഇല്ലാതാക്കാനാവില്ല.
ബഹുരാഷ്ട്രമുതലാളിത്തത്തിന്റെ രൂപങ്ങൾ തന്നെയായ ഊഹക്കച്ചവട മുതലാളിത്തത്തിന്റെയും ചങ്ങാത്ത മുതലാളിത്തത്തിന്റെയും ഉള്ളുകളികളെ കുറിച്ചും പിൽക്കാല മുതലാളിത്തത്തിന്റെ സാംസ്‌കാരിക യുക്തി എന്ന നിലയ്ക്ക് ആധുനികോത്തരതയുടെ ദർശനം എങ്ങനെ പ്രവർത്തിച്ചു എന്നതിനെ കുറിച്ചുമെല്ലാം സാഹിത്യത്തിന്റെയും ചിത്രകലയുടെയും ചലച്ചിത്രകലയുടെയും രംഗത്ത് പ്രവർത്തിക്കുന്ന ഒട്ടുമിക്ക പേർക്കും ഇന്നിപ്പോൾ വ്യക്തമായ ധാരണയുണ്ട്.ആധുനികോത്തരത ഒരു ദർശനമെന്ന നിലയിൽ തികച്ചും അനാകർഷകമായിത്തീർന്നിരിക്കുന്നു,അത് കാലഹരണപ്പെടുക തന്നെ ചെയ്തിരിക്കുന്നു എന്ന് പറയാൻ അവരാരും മടിച്ചു നിൽക്കുകയില്ല.
ആഗോളവൽക്കരണത്തിനും ഉദാരവൽക്കരണത്തിനും എല്ലാ രംഗങ്ങളിലും വാതിൽ തുറന്നു കൊടുത്തു കഴിഞ്ഞതിനു ശേഷവും ഓരോ രാജ്യത്തും അടിസ്ഥാനപരമായിത്തന്നെ വ്യത്യസ്തമായസാമൂഹ്യസാമ്പത്തിക സാംസ്‌കാരിക യാഥാർത്ഥ്യങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് എല്ലായിടത്തെയും ജനങ്ങൾക്ക്  ബോധ്യം വന്നു.പക്ഷേ,ഈ തിരിച്ചറിവിലൂടെ ഉയർന്നു വരേണ്ട പുതിയൊരു രാഷ്ട്രീയബോധത്തിനു പകരം  അനേകം അവ്യക്തതകൾ നിറഞ്ഞ, ഏറെ കലുഷമായ രാഷ്ട്രീയമാണ് ഇന്ത്യ ഉൾപ്പെടെയുള്ള അനേകം രാജ്യങ്ങളിൽ രൂപപ്പെട്ടിരിക്കുന്നത്.ഈ അവസ്ഥയെ കൃത്യമായി വിലയിരുത്താനും അടിയന്തിര പ്രാധാന്യം നൽകി അഭിമുഖീകരിക്കേണ്ടുന്ന പ്രശ്‌നങ്ങൾ ഏതൊക്കെയെന്ന് ജനങ്ങളെ പഠിപ്പിക്കാനും മുന്നോട്ടു വരേണ്ടത് ഇടതുപക്ഷമാണ്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ അടവുകളിലും തന്ത്രങ്ങളിലും നീക്കുപോക്കുകളിലും സർവശ്രദ്ധയും സമർപ്പിക്കുന്ന ഒരു പ്രസ്ഥാനത്തിനും ആ ഉത്തരവാദിത്വം ഏറ്റെടുക്ക3നാവില്ല.'കമ്യൂണിസം അജയ്യമാണ്; കാരണം അത് സത്യമാണ്.നാളിതു വരെയുള്ള മനുഷ്യചരിത്രം വർഗ സമരങ്ങളുടെ ചരിത്രമാണ് ,അന്തിമ വിജയം തൊഴിലാളി വർഗത്തിന്റെതാണ്' എന്നും മറ്റും മതവിശ്വാസികളുടേതിൽ നിന്ന് കാര്യമായ അന്തരമൊന്നുമില്ലാത്ത മനോനില സൂക്ഷിച്ചു കൊണ്ട് ഉരുവിടുന്നവർക്കും പുതിയ രാഷ്ട്രീയയാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കാനാവില്ല.മാർക്‌സിസം മതാനുശാസനം പോലുള്ള ഒന്നല്ലെന്നും മാർക്‌സിന്റെയും ഏംഗത്സിന്റെയും ലെനിന്റെയും വാക്യങ്ങൾ ഉരുവിടുന്നതും കടന്നുപോയ ചരിത്രഘട്ടങ്ങളിലെ രാഷ്ട്രീയാനുഭവങ്ങളുടെ മൂശയിൽ തന്നെ പകർന്നൊഴിക്കപ്പെടുന്നവയാണ് പുതിയ കാലത്തെ അനുഭവങ്ങൾ എന്ന ധാരണയോടെ രാഷ്ട്രീയ വിശകലനം നിർവഹിക്കുന്നതും ജനങ്ങളെ ബൗദ്ധികമായി നിശ്ചലരാക്കാനും രാഷ്ട്രീയമായ ഉണർവുകൾ സ്വന്തമാക്കാൻ പ്രാപ്തരാക്കാതെ മയക്കിക്കിടത്താനും മാത്രമേ സഹായിക്കൂ.
ഉണർന്നിരിക്കുന്നവരായി പുറമേ ഭാവിക്കുമ്പോഴും അകമേ ഉറക്കത്തിലാണ്ടു കിടക്കുന്ന ഒരു ജനതയിൽ നിന്ന് ആശാവഹമായ യാതൊന്നും പ്രതീക്ഷിക്കാനാവില്ല.രാഷ്ട്രീയ ജാഗ്രത മാത്രമല്ല രാഷ്ട്രീയം തന്നെ കൈവിടുകയും കേവലം മേനിനടിപ്പിനു വേണ്ടി  ഇടതുപക്ഷത്തോട് ചേർന്നു നിൽക്കുകയും ചെയ്യുന്നവർ അവരുടെ പ്രവൃത്തികളിൽ ജനവിരുദ്ധരായി മാറാൻ വലിയ കാലതാമസമുണ്ടാവില്ല.കേരളത്തിലെ ജനജീവിതത്തിന്റെ അനേകം തലങ്ങളിൽ ഇത്തരക്കാരുടെ ഇടപെടലുകൾ കടുത്ത അസ്വാസ്ഥ്യങ്ങൾ ഉണ്ടാക്കിത്തുടങ്ങിയിട്ടുണ്ട്.ആർ.എസ്.എസിന്റെ ഭാഗത്തു നിന്നുണ്ടാവുന്ന കടന്നാക്രമണങ്ങളെയും ഒരു രാഷ്ട്രീയപ്പാർട്ടി എന്ന നിലയ്ക്കുള്ള ബി.ജെ.പിയുടെ മുന്നേറ്റത്തെയും  പ്രതിരോധിക്കാനുള്ള ആർജവം സാമാന്യജനങ്ങൾക്ക് ഇല്ലാതാക്കുന്നതിൽ ഈ അരാഷ്ട്രീയക്കാർ വഹിക്കുന്ന പങ്ക് ഒട്ടും തന്നെ ചെറുതല്ല.
ഏറെ ശ്രമവും കരുതലുമുണ്ടെങ്കിൽ മാത്രം മറി കടന്നു പോവാൻ കഴിയുന്ന രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പ്രശ്‌നങ്ങളാണ് ഇടതുപക്ഷത്തിനു മുന്നിലുള്ളത്.ജനങ്ങളെ ശരിയായ അർത്ഥത്തിൽ രാഷ്ട്രീയവൽക്കരിക്കുക എന്ന ദൗത്യം സത്യസന്ധമായി ഏറ്റെടുക്കാൻ തയ്യാറാവാത്ത പക്ഷം വലതുപക്ഷത്തേക്കാൾ വേഗത്തിലും ഭരണകർത്താക്കൾക്കും ഉദ്യോഗസ്ഥന്മാർക്കും അഴിമതി നടത്താൻ വലുതായ സാധ്യതകളൊന്നും നൽകാതെയും അങ്ങിങ്ങ് ചില വികസനപ്രവർത്തനങ്ങൾ നടത്തി കടന്നു പോയവർ എന്നതിലപ്പുറം അവർക്ക് ഒന്നും അവകാശപ്പെടാൻ കഴിയാതെ വരും.
സ്വന്തം പ്രവർത്തകർക്കും ബഹുജനങ്ങൾക്കും ഉയർന്ന രാഷ്ട്രീട്രീയ വിദ്യാഭ്യാസം നൽകാനും സാഹിത്യവും ഇതരകലകളുമായും നിരന്തരം ബന്ധപ്പെടാനുള്ള സന്നദ്ധത അവരിൽ വളർത്തിയെടുക്കാനും ഉള്ള ഒരു പദ്ധതി ഇടതുപക്ഷം അടിയന്തിരമായി ആസൂത്രണം ചെയ്യണം.രാഷ്ട്രീയപ്പാർട്ടികളുടെ ദൈനംദിന വ്യവഹാരങ്ങളിലും ഭരണകാര്യങ്ങളിലും ഒതുങ്ങുന്നതല്ല രാഷ്ട്രീയം എന്ന ഉറച്ച ബോധ്യത്തിൽ എത്തിച്ചേരുന്ന ഒരു ജനതയെ വർഗീയ ശക്തികൾക്ക് കീഴ്‌പ്പെടുത്താനാവില്ല.ആയുധമെടുക്കാതെ തന്നെ എതിരാളികളെ നിർവീര്യരാക്കാൻ അവർക്ക് കഴിയും.ജീവിതം എന്ന പ്രതിഭാസത്തെയും മനുഷ്യാവസ്ഥയെയും ആഴത്തിലും പരപ്പിലും അറിയാനും സേന്ഹിക്കാനും മനുഷ്യരെ പഠിപ്പിക്കാൻ സാഹിത്യത്തിനും ഇതര കലകൾക്കുമുള്ള ശേഷി പുതിയ തെളിവുകൾ നിരത്തി സ്ഥാപിച്ചെടുക്കേണ്ടുന്ന ഒന്നല്ല.ഉയർന്ന രാഷ്ട്രീയബോധത്തോടൊപ്പം കലാസാംസ്‌കാരിക പ്രവർത്തനങ്ങളിൽ നിർമാതാക്കളായും ആസ്വാദകരുമായി പ്രവർത്തിക്കാനുള്ള താൽപര്യം കൂടി ജനങ്ങളിൽ പൊതുവായി വളർന്നു വരികയാണെങ്കിൽ അത് ഇടതുപക്ഷത്തെ വലിയ തോതിൽ ശക്തിപ്പെടുത്തുമെന്ന് മാത്രമല്ല ഇടതുപക്ഷത്ത് നിലയുറപ്പിക്കുന്നവരെ അഹങ്കാരത്തിലേക്കും ധാർഷ്ട്യത്തിലേക്കും വഴുതി വീഴാതെ രക്ഷിക്കുകയും ചെയ്യും.ഈ വസ്തുതകളിലേക്ക് എത്രയും വേഗം കണ്ണ് തുറക്കാനുള്ള ഉത്തരവാദിത്വം മാർക്‌സിസ്റ്റ് പാർട്ടിക്ക് മാത്രമല്ല,ഒരു പാർട്ടിയുമായും ബന്ധപ്പെടാതെ നിൽക്കുന്ന സ്വതന്ത്ര ഇടതുപക്ഷക്കാർക്കും ഉണ്ട്.


No comments:

Post a Comment